Sep 24, 2011

എന്താണു സാര്‍ ഈ സദാചാരം?


എന്താണു സാര്‍ ഈ സദാചാരം?
എം എസ് ഷൈജു, കൊല്ലം


നമ്മുടെ നാടിന്റെ സാമൂഹ്യ പരിതസ്ഥിതി അനു ദിനം വഷളാകുന്നുവെന്നാണ്‌ സാമൂഹ്യ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഈ വിലയിരുത്തലുകള്‍ക്കും ആശങ്കകള്‍ക്കും പൊതു സമൂഹംഎത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്നറിയാന്‍ ഏതെങ്കിലും വിദഗ്ദ്ധസര്‍‌വ്വേ നടത്തേണ്ടിയിരിക്കുന്നു.. അത്ര മാത്രം പ്രതികരണ രാഹിത്യവും നിസ്സംഗതയുമാണ്‌ പൊതുജനങ്ങളില്‍ നിന്നും യുവജന പ്രസ്ഥാനങ്ങളില്‍ നിന്നും കാണാന്‍ സാധിക്കുന്നത്.സഭ്യത, ധാര്‍മികത എന്നീ പദങ്ങള്‍ നല്‍കുന്ന ആശയ സംജ്ഞകളുടെ പരിവ്യത്തം നന്നേ ചുരുങ്ങിച്ചുരുങ്ങി സൂക്ഷ്മ ദര്‍ശനിയാല്‍ പരതേണ്ട അവസ്ഥയിലായിട്ടുണ്ട്. സമൂഹത്തേയും സംസ്കാരങ്ങളെയും സമചിത്തതയോടെ വീക്ഷിക്കുന്നവര്‍ക്കെങ്കിലും ചില അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടാകണം. ആരെങ്കിലും ഇതിനെക്കുറിച്ച് എഴുതുകയോ പറയുകയ്യോ ചെയ്താല്‍ ഉടന്‍ അത്തരക്കാരെ 'കപട സദാചാരക്കാര്‍'  എന്ന പേരും നല്‍കി പരിഹാസ്യരാക്കി മൂലക്കിരുത്താനുള്ള ഒരു ബോധപൂര്‍‌വമായ നീക്കവും നടന്നു വരുന്നുണ്ട്. എന്താണു ഈ സദാചാരം എന്നാണു ഇവര്‍ ചോദിക്കുന്ന ഒരു ചോദ്യം. സാംസ്കാരിതയുടെ മേലങ്കി ചാര്‍ത്തപ്പെട്ടിരിക്കുന്ന മാധ്യമങ്ങളും, സാംസ്കാരികതയുടെ മൊത്തം നായകത്വം ഏല്പിച്ചു കൊടുത്തിരിക്കുന്ന പൊതുസ്ഥാപനങ്ങളും ഈ വിഷയത്തില്‍  നടത്തുന്ന സേവനങ്ങളിലെ നൈതികത കൂടി ചര്‍ച്ചയാകുമ്പോഴാണ്‌ ഈ അസ്വസ്ഥകളും ഉള്‍ക്കിടിലങ്ങളും പൂര്‍ണ്ണമാകുന്നത്.
ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ജേര്‍ണലില്‍ വന്ന ഒരു എക്സിക്ലൂസീവ് സ്കൂപ് വായിച്ചവരില്‍ ചിലരെങ്കിലും അത് ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും. അത്ര വേഗം മറവി മൂടുന്ന ഒന്നല്ല അതില്‍ നല്‍കുന്ന വിവരങ്ങള്‍. ബാംഗ്ലൂരും ഡല്‍ഹിയുമടക്കമുള്ള ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ നക്ഷത്ര പദവികള്‍ അവകാശപ്പെട്ടു കൊണ്ട്, ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് പ്രചരിപ്പിക്കുന്ന കലാലയങ്ങളുടെ, വിശിഷ്യാ വനിതാ കലാലയങ്ങളുടെ, സമീപ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വലിയ പരസ്യ ബാനറുകളുടെ ചിത്ര സഹിതമുള്ളതായിരുന്നു ആ ലേഖനം. നഗരത്തിലെ അറിയപ്പെടുന്ന ആതുരാലയങ്ങളുടെ ആകര്‍ഷണീയ വിവരങ്ങളോടെയുള്ളതായിരുന്നു ആ പരസ്യങ്ങള്‍. സംസ്കാരത്തിന്റെ വിളനിലമാകേണ്ട കലാലയങ്ങള്‍ക്ക് മുമ്പില്‍ സംസ്കാരത്തിന്റേയും മാനവികതയുടേയുമൊക്കെ മറ്റൊരാണിക്കല്ലായ ആതുരാലയങ്ങളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതില്‍ ഇത്ര അസാംഗത്യമെന്ത് എന്ന് പ്രിയപ്പെട്ട വായനക്കര്‍ സന്ദേഹിക്കാന്‍ സാധ്യതയുണ്ട്.ജീവനേയും ജീവിതത്തേയും പരിപാലിച്ചോ സം‌രക്ഷിച്ചോ അല്ല ഇവ സുപ്രസിദ്ധങ്ങളോ കുപ്രസിദ്ധങ്ങളോ ആകുന്നത്; മറിച്ച് അതിനെ നശിപ്പിക്കുന്നതിന്റേയും സംഹരിക്കുന്നതിന്റേയും വൈദഗ്ദ്ധ്യത്തിലൂടെയാണ്‌! അഥവാ ആ നഗരങ്ങളിലെ കീര്‍ത്തികേട്ട "ഗര്‍ഭമലസല്‍ സ്പെഷ്യല്‍" ഹോസ്പിറ്റലുകളാണവ. ഈ കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളാണ്‌ ഈ മാന്യന്മാരായ ആരോഗ്യ സേവകരുടെ ടാര്‍ഗറ്റ്. വീട്ടില്‍നിന്നും പടികടന്നിറങ്ങുന്ന തന്റെ മകളെ യാതൊരാപത്തും വരുത്താതെ കാത്തുകൊള്ളേണമേ എന്നു പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കളാണ്‌ ഇവരുടെ ഒന്നാം ശത്രു.മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ മക്കള്‍ വഴി പിഴയ്ക്കതിരുന്നല്‍ ഇവരൊക്കെ ആരെയാണു സേവിക്കുക? അപ്പോള്‍ കസ്റ്റമേഴ്സിനെ ഉണ്ടാക്കുവാനും, കണ്ടെത്താനും മറ്റു പല വഴികളും തേടേണ്ടി വരുമായിരിക്കും.ഇതൊക്കെയായിരുന്നു ആ എക്സ്ക്ലൂസീവിലെ വിവരങ്ങളുടെ ആകെത്തുക.

എന്തായാലും ഈ സ്കൂപ്പിന്റെ തുടര്‍ച്ചയോ തുടരന്വേഷണമോ എന്തെങ്കിലും നടന്നതായോ, ആ ബോര്‍ഡുകള്‍ അവിടെ നിന്നും എടുത്തു മാറ്റിയതായോ ഈ കുറിപ്പ് എഴുതുന്ന ആളിന്‌ അറിയില്ല. ഒരു കാര്യം ഉറപ്പാണ്‌. കേരളീയര്‍ അദ്ഭുതത്തോടെ വായിച്ചിരുന്ന ഇത്തരം വാര്‍ത്തകളുടെ ഏറ്റവും വലിയ ഉറവിടം ഇന്നു കേരളം തന്നെയായി മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിന്റെ പൊതുവായ ധാര്‍മിക ബോധത്തിന്‌ ഒട്ടും ചെറുതല്ലാത്ത പരിക്ക് പറ്റിയിട്ടുണ്ട്. മലയാളിയുടെ സാമൂഹിക മേഖലയില്‍ സംഭവിക്കുന്ന ഗുരുതരമായ മാറ്റങ്ങളും, ധാര്‍മിക സദാചാര മേഖലകളില്‍ പ്രത്യക്ഷമാകുന്ന ഒട്ടും ക്ഷന്തവ്യമല്ലാത്ത ചിത്രങ്ങളും വാര്‍ത്തകളും ഇതിന്‌ അടിവരയിടുന്നതാണ്‌. ആധിയില്ലാത്ത മനസ്സോടെ ഒരു രക്ഷ കര്‍ത്താവിന്‌ തന്റെ മകനെയോ മകളേയോ വീട്ടില്‍ നിന്നും പുറത്തേയ്ക്ക് വിടാന്‍ കഴിയാത്ത ഒരു അസുരക്ഷിതത്വം സംജാതമാകുകയാണ്‌. യുവസമൂഹത്തെ ലക്ഷ്യബോധമില്ലാത്തവരാക്കുന്നതില്‍ വലിയ പങ്ക് നമ്മുടെ മാധ്യമ സ്ഥാപങ്ങള്‍ക്കുണ്ടെന്ന ഒരു ആരോപണം ശക്തമാണ്‌. കലാലയങ്ങളിലെ ദിശാവ്യതിയാനങ്ങളും പുത്തന്‍ ട്രെന്റുകള്‍ എന്ന ഓമനപ്പേരില്‍ അസ്വസ്ഥത പടര്‍ത്തുന്ന ശീലക്കേടുകള്‍ പോലും ലക്കും ലഗാനുമില്ലതെ മാധ്യമങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണ്‌ എന്നെഴുതിയാല്‍ ദയവായി അതൊരു കേവലമായ മാധ്യമ വിരോധമായി എഴുതിത്തള്ളരുത്. ആളുകള്‍ എന്തു തിന്നണം, എന്ത്‌ കുടിക്കണം, എന്ത്‌ വായിക്കണം, എന്നു തുടങ്ങി നാം എന്തൊക്കെ എപ്പോഴൊക്കെ ഉപയോഗിക്കണമെന്നത് നമ്മുടെ മാധ്യമങ്ങളാണ്‌ ഇന്ന് നമുക്ക് തീരുമാനിച്ച് തരുന്നത്. ആരുടെയൊക്കെയോ വിപണന താല്പര്യങ്ങളും, സ്വന്തം കച്ചവട താല്പര്യങ്ങളും മാത്രമാണ്‌ ഇവര്‍ സം‌രക്ഷിക്കുന്നത്. മുഖ്യ ധാരാ മാധ്യമങ്ങള്‍ പുറത്തിറക്കുന്ന കാമ്പസ് സപ്ലിമെന്റുകളും, യൂത്ത് ചാനലുകളും യുവത്വത്തിന്‌  പുഴുക്കുത്തേല്പ്പിക്കുന്നവ മാത്രമായി തരം താണുപോകുന്നു. മഹത്വ പൂര്‍ണ്ണമായ ഒരു സംസ്കാരത്തെ നിഷേധിക്കുന്ന അഭിശപ്ത യൗവ്വനത്തെ ഇവര്‍ ബോധപൂര്‍‌വം സ്യഷ്ടിച്ചെടുക്കുകയാണ്‌.
റിയാലിറ്റി ഷോകളെന്ന  പേരില്‍ എട്ടും പൊട്ടും തിരിയാത്ത പിഞ്ചു ബാലികമാരെപ്പോലും കാമചേഷ്ടകള്‍ അനുകരിപ്പിച്ച് സഭ്യേതര ന്യത്തം ചവിട്ടിക്കുന്ന ദ്യശ്യ മാധ്യമ മുതലാളിത്തത്തിന്റെ കഴുകന്‍ കണ്ണുകളാണ്‌ കേരളീയ മന:സാക്ഷിയെ ആഞ്ഞു കൊത്തുന്ന കാമവെറിയുടേയും ബാലികാ പീഢനത്തിന്റേയും അഞ്ചാം പത്തികള്‍ എന്നത് നാം തിരിച്ചറിയാന്‍ വൈകുന്ന യാഥാര്‍ത്ഥ്യമാണ്‌. 
തങ്ങളുടെ കച്ചവടം കൊഴുപ്പിക്കാന്‍ ഇവര്‍ വിറ്റു തുലയ്ക്കുന്നത് നൂറ്റാണ്ടുകളായി ഒരു ജനത നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്ന സഭ്യതയും സംസ്കാരവുമാണ്‌ എന്ന് നാം മനപൂര്‍‌വം മറക്കുകയാണോ? റിയാലിറ്റി ഷോകള്‍ക്ക് അടിപ്പെട്ട് തങ്ങളുടെ മക്കളുടെ അശ്ലീലതകളില്‍ മുങ്ങിയ ന്യത്ത പേക്കൂത്തുകള്‍ കണ്ട് ആനന്ദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന രക്ഷകര്‍ത്തക്കളെങ്കിലും ഇതു തിരിച്ചറിഞ്ഞെങ്കില്‍! ഇത്തരം പരിപാടികള്‍ വ്യാപകമായതിനു ശേഷമാണ്‌ ബാലികാപീഢനങ്ങള്‍ വര്‍ദ്ധിച്ചത് എന്ന് സാമൂഹ്യ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വഷളത്തരം കാണിച്ചിട്ട് ശേഷം അതിനെ റിപ്പോര്‍ട്ട് ചെയ്യുന്ന എന്തു നല്ല മാധ്യമ സേവനം. ഇരകള്‍ക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാരനൊപ്പം കുതിക്കുകയുമെന്ന ദ്വിമുഖ തന്ത്രം നന്നായി പയറ്റുന്നവരാണ്‌, ജനാധിപത്യത്തിന്റെ നാലാം തൂണുകളെന്ന് അവകാശപ്പെടുന്ന ഈ സാമൂഹ്യ സേവകര്‍ .
                                                                                              (തുടരും)

Sep 19, 2011

മനുഷ്യത്വത്തിന്‌ മറയിടുന്ന നിയമത്തിന്റെ നൂലാമാലകള്‍


മനുഷ്യത്വത്തിന്‌ മറയിടുന്ന 
നിയമത്തിന്റെ നൂലാമാലകള്‍

എം എസ് ഷൈജു, കൊല്ലം


നുഷ്യത്വത്തേയും, മാനവികതയേയും സം‌രക്ഷിക്കുന്നതിനാണ്‌ മനുഷ്യര്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ നിയമത്തിന്റെ വലക്കണ്ണികളില്‍ പലപ്പോഴും കുരുങ്ങിപ്പിടയുന്നത് മനുഷ്യത്വവും മനുഷ്യ ജീവനുകളുമാണ്‌. ഇതിന്റെ ഏറ്റവും പുതിയ നൊമ്പരപ്പിക്കുന്ന ഉദാഹരണമാണ്‌ കഴിഞ്ഞയാഴ്ച അധികം ആരും  ശ്രദ്ധിക്കാതെ പോയ ഒരു മരണം. ആരോഗ്യ വകുപ്പിലെ അസിസ്റ്റ്ന്റ് ഡയറക്ടറായിരുന്ന ഡോ. വി കെ സുഭദ്ര കരള്‍ രോഗം ബാധിച്ച് കുറേനാളായി ചികില്‍സയിലായിരുന്നു. സ്വാധീനങ്ങള്‍ നിയമത്തെ മറികടക്കുന്നു എന്ന പ്രചരണത്തിലെ ഒരു വേറിട്ട സംഭവം കൂടിയായിരുന്നു അവരുടെ മരണവാര്‍ത്ത. സുതാര്യമായ സ്വാധീനങ്ങള്‍ക്കു പോലും നിയമത്തിന്റെ നൂലാമാലകളെ എലുപ്പത്തില്‍ വകഞ്ഞുമാറ്റാന്‍ കഴിയില്ലെന്നൊരു ഹ്രസ്വ സന്ദേശം കൂടി ഈ വാര്‍ത്ത വായനക്കാരുമായി പങ്കു വെയ്ക്കുന്നു.
പാരമ്പര്യമായി കരള്‍ രോഗമുള്ള ഒരു കുടുംബത്തിലെ അംഗമാണ്‌ സിനിമാ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ  ടി ജി രവിയുടെ ഭാര്യ ഡോ. സുഭദ്ര. അവര്‍ക്ക് കൂടി പങ്കാളിത്തമുള്ള ഒരു മെഡിക്കല്‍ ബോഡിയുടെ ക്യത്യവിലോപമോ അവരുടെ മനുഷ്യത്വം തീണ്ടാത്ത നിയമാവബോധമോ ആണ്‌ ഡോ. സുഭദ്രയുടെ ചികില്‍സ നിഷേധിച്ചതും മരണത്തിനിടയാക്കിയതും. മനുഷ്യത്വത്തെ സം‌രക്ഷിക്കുവാന്‍ സം‌വിധാനപ്പെടുത്തിയ നിയമങ്ങള്‍ മനുഷ്യ ജീവിതത്തിനു തെല്ലും വില കല്പിക്കാത്തവയാണോ എന്ന് സംശയമുളവാക്കുന്നത് കൂടിയായിപ്പോയി ഡോ. സുഭദ്രയുടെ മരണം.

 കരള്‍മാറ്റിവെച്ച് കൊണ്ടുള്ള് ഒരു അടിയന്തരമായ ശസ്ത്രക്രിയയിലൂടെ മാത്രമേ അവരുടെ ജീവന്‍ നില നിര്‍ത്താനാകൂ എന്നറിഞ്ഞിട്ടും ഡോക്ടര്‍മാരടങ്ങിയ എതിക്സ് പാനല്‍ നിയമക്കുരുക്കുകള്‍ ഉന്നയിച്ച് കൊണ്ട് അതിന്‌ അനുവാദം കൊടുത്തില്ല. മനുഷ്യ നിര്‍മ്മിത നിയമങ്ങളുടെ അപൂര്‍ണ്ണതകളും പരിമിതികളും ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ഈ നീതിനിഷേധത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളറിയുമ്പോള്‍ നമുക്ക് ആത്മരോഷം കൊള്ളാതിരിക്കാന്‍ നിര്‍‌വാഹമില്ല. നിലവിലുള്ള അവയവദാന നിയമമനുസരിച്ച് രക്തബന്ധുക്കളായിരിക്കണം അവയവദാനം നടത്തേണ്ടത്. അല്ലാത്തവ എതിക്സ് കമ്മിറ്റിക്ക് മുന്നില്‍ വരികയും സാമ്പത്തിക ചൂഷണമോ പ്രലോഭനങ്ങളോ ഇല്ലയെന്ന് അവര്‍ക്ക്ബോധ്യപ്പെട്ടും വേണം അനുവാദം നല്‍കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ കരള്‍ രോഗികളുടെ എണ്ണം കൂടുതലുള്ള കുടുംബത്തില്‍ നിന്നുമുള്ള ഡോ. സുഭദ്രക്ക് രക്തബന്ധുവായ ഒരു ദാതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പകരം കണ്ടെത്തിയ ഒരു ദാതാവിനെ എതിക്സ് ബോഡിയിലെ, മനുഷ്യജീവിതം കത്തിമുനയില്‍ നിര്‍ത്തി വിലപേശിക്കളിക്കുന്ന ഭിഷഗ്വര സംഘത്തിന് സ്വീകാര്യമായില്ല. നിസാര കാരണങ്ങള്‍ കൊണ്ട് ദാതാവിനെ നിരാകരിച്ച അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശം അല്പം ക്രൂരമായതായിപ്പോയി. ആരെങ്കിലും അപകടത്തില്‍ മരിച്ചിട്ട് അവരുടെ കരള്‍ കിട്ടുമോ എന്നന്വേഷിക്കാന്‍! അതായിരിക്കുമത്രേ സൗകര്യം.

മുന്നിലിരിക്കുന്ന ഫയലുകള്‍ക്കുള്ളില്‍ പിടയ്ക്കുന്ന മനുഷ്യ ജീവനുകളെക്കാണാന്‍ കഴിയാത്ത ഭിഷഗ്വര സംഘം ഈയ്യൊരു ക്രൂര നിലപാടു സ്വീകരിച്ചത് മറ്റൊരു ഡോക്ടറോടാണെന്നത് അത്യന്തം അപമാനകരമായിപ്പോയി. മുന്നില്‍ കാണുന്ന ആരോഗ്യവാന്മാരാരെങ്കിലും മരിച്ചാലേ ഒരു രോഗി രക്ഷപ്പെടൂ എന്ന നിലപാട് ജുഗുപ്സാവഹം തന്നെയാണ്‌. അന്തിപ്പട്ടിണിക്കാര്‍നില്‍ നിന്ന് കഴുത്തറുപ്പന്‍ കൈക്കൂലി വാങ്ങുന്ന സാമൂഹ്യദ്രോഹികളായ ഏതെങ്കിലും ഡോക്ടര്‍മാരെ എങ്ങാനും അരസ്റ്റ് ചെയ്തുപോയാല്‍ ഘഘോര സമരവുമായി തെരുവിലും ടെലിവിഷനിലും നിറഞ്ഞാടുന്ന ഡോക്ടര്‍ സംഘടന ഇതൊന്നുമറിയാതിരിക്കാന്‍ ശിശിര നിദ്രയിലാണോ ആവോ?

ഈയ്യൊരു സംഭവത്തിന്‌ ചെറിയൊരു ആന്റി ക്ലൈമാക്സ് കൂടിയുണ്ട്. 2002ലെ പ്രമാദമായ അവയവ വിപണന വിവാദം അന്വേഷിച്ചത് ഡോ. സുഭദ്രയായിരുന്നു. ജലദോഷപ്പനിക്ക് പാരസെറ്റാമോള്‍ ചോദിച്ച് വരുന്നവനെ രണ്ടാഴ്ചയെങ്കിലും ഇന്റന്‍സീവ് കെയറിലാക്കുന്ന പുതിയ മെഡിക്കല്‍ വ്യവസായത്തിലെ ഏതൊക്കെയോ വി.ഐ.പി കള്‍ക്ക് കടുത്ത അസ്വസ്ഥകളുണ്ടാക്കുന്ന റിപ്പോര്‍ട്ടണത്രേ ഇവര്‍ ആരോഗ്യ വകുപ്പിന്‌ കൈമാറിയത്.പല സ്വകാര്യ ആശുപത്രികളിലും അപ്പന്റൈറ്റിസിന്‌ ശസ്ത്രക്രിയ നടത്തപ്പെട്ടവരില്‍ പലരുടേയും കിഡ്നികള്‍ മോഷണം പോകുന്നു എന്ന വാര്‍ത്തയുടെ സൂചനയും ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ആതുര സേവന രംഗത്തെ നിസ്വാര്‍ഥസേവനത്തിന്റെ പ്രതിരൂപമായ ഡോ. സുഭദ്രക്ക് സംഭവിച്ച ഈ ദുര്‍ഗതി ഒരു അവിശുദ്ധ ഗൂഢാലോചനയുടെ അനന്തര ഫലമാണെന്നാണ്‌ ഇതിനെക്കുറിച്ച് പലരും സൂചിപ്പിക്കുന്നത്. അധികാരി വര്‍ഗ്ഗങ്ങളും പൊതുജനവും കണ്ണ്‌ തുറക്കേണ്ടുന്ന ഒരു സന്ദര്‍ഭം കൂടിയാണിത്. ബന്ധപ്പെട്ടവര്‍ ഈ വിഷയത്തില്‍ കാണിച്ച അനാസ്ഥ ഗൗരവമായി അന്വേഷിക്കുകയും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം വാര്‍ത്തകള്‍ സ്യഷ്ടിക്കുന്ന ആത്മരോഷവും, നിരാശയുമാണ്‌ പൊതുജനങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന അക്രമവാസനകളുടെ മൂല കാരണങ്ങളിലൊന്ന് എന്നാണ്‌ മനശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്. ഡോ. സുഭദ്ര എഴുതിക്കൊടുത്ത സത്യവാംഗ്മൂലത്തിന്‌ ഒരു കീറക്കടലാസിന്റെ വില പോലും കൊടുത്തില്ലത്രേ. മരണത്തിന്റെ വിറങ്ങലിച്ച നിശബ്ദതയ്ക്കു മുന്നില്‍ ജീവിതത്തെ അടങ്ങാത്ത പ്രതീക്ഷയില്‍ നോക്കിയിരിക്കുന്നവരെ കാണാതെ പോകുന്നവയാകരുത് നിയമങ്ങള്‍. അനീതിക്കും, അധര്‍മത്തിനും കുടപിടികുന്ന നിയമ പരിപാലകരുടെ കാപട്യവും താല്പര്യങ്ങളും വെളിവാക്കപ്പെടുക തന്നെ  വേണം. ഇത് ഒരു ഡോ. സുഭദ്രയുടെ മാത്രം അനുഭവമല്ല. അധികാരം കളിക്കോപ്പുകളാക്കുന്ന അല്പന്മാരുടെ അധീശത്വ ഭാവങ്ങളെയും നിരുത്തരവാദ നയങ്ങളെയും കുടഞ്ഞെറിയേണ്ടതുണ്ട്. പ്രതികരണ ശേഷി നശിച്ചിട്ടില്ലാത്തവരാണ്‌ തങ്ങള്‍ ഇരകളായി കാണുന്നവര്‍ എന്ന തിരിച്ചറിവിനു മാത്രമേ ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കൂ..
                                                                                               
                                                                                                 msshaiju@yahoo.co.in

Sep 15, 2011

എം ബി രാജേഷ് നല്‍കുന്ന ചില തിരിച്ചറിവുകള്‍

എം ബി രാജേഷ് നല്‍കുന്ന ചില തിരിച്ചറിവുകള്‍
എം എസ് ഷൈജു, കൊല്ലം

 
പ്രസംഗിച്ച് പുലിവാലു പിടിക്കുകയെന്നത് ഒരു പുതുമയുള്ള കാര്യമല്ല.മുന്നിലിരിക്കുന്ന ശ്രോതാക്കളുടെ മേല്‍ ആവേശത്തിന്റെ അണ പൊട്ടിക്കുമ്പോള്‍ പ്രസംഗകന് താന്‍ പറഞ്ഞ് കൂട്ടിയതിന്റെ ഒരു സമ്പൂര്‍ണ്ണ ഔ‌ട്ട്‌പുട്ട് പള്‍സ് അറിയാന്‍ കഴിയാതെ പോകാറുണ്ട് എന്നത് പല പ്രമുഖരായ പ്രഭാഷകരും സ്വകാര്യമായി പറയാറുള്ളതാണ്‌. റെക്കോര്‍ഡ് ചെയ്ത സ്വന്തം പ്രാഭാഷണം കേള്‍ക്കുമ്പോഴാണത്രേ ഇതിനിടയ്ക്ക് താനിത്രയൊക്കെ പറഞ്ഞൊപ്പിച്ചോ എന്ന് ആലോചിച്ച് പോകുന്നത്. ഇതിനൊക്കെ ആകെ നല്‍കാവുന്ന പരിഹാരം ഇത്തരം ആവേശക്കാരെ നല്ലു നാലു പ്രസംഗം കുത്തിയിരുത്തിച്ച് കേള്‍പ്പിക്കുക എന്നതാണ്‌. ഇനി  കുഴപ്പം ചില പ്രത്യേക "ബ്രാന്‍ഡ്" മൈക്കുകളാണോ എന്നു കൂടി വേണമെങ്കില്‍ പരിശോധിക്കാവുന്നതാണ്‌. മൈക്കോമാനിയ എന്നു പേരിടാവുന്ന ഇത്തരം രോഗത്തിന്റെ പ്രകടമായ ലക്ഷണം പ്രകടിപ്പിക്കുന്ന ഒരു വിഭാഗമാണ്‌ മത പ്രഭാഷകര്‍.പ്രസംഗിച്ച് ഒരു റൂട്ടിലായിക്കഴിഞ്ഞാല്‍ പിന്നെയെന്തൊക്കെയാണ്‌ തട്ടി വിടുന്നതെന്ന് ഉടയതമ്പുരാനല്ലാതെ മറ്റാര്‍ക്കും പ്രവചിക്കാന്‍ സാധിക്കാറില്ല.
മുന്‍‌കൂട്ടി ധാരണകളില്ലാതെയാണ്‌ പലപ്പോഴും പ്രസംഗ പീoങ്ങള്‍ക്ക് മുമ്പില്‍ ഇത്തരക്കാര്‍ പടനായകന്മാരാകുന്നത്.പാവം ചില ശ്രോതാക്കളുടെ കാര്യം സങ്കടം തന്നെയാണ്‌. കുണ്ടു കിണറ്റിലെ തവളകള്‍ എന്നതു പോലെ ചില ആരാധന പാത്രങ്ങളുടെ പ്രഭാഷണങ്ങള്‍ക്ക് അപ്രമാതിത്വം നല്‍കുന്ന ഇക്കൂട്ടര്‍ പ്രസംഗകനെ ചാണിനു ചാണായി അനുസരിക്കുന്നവര്‍ കൂടിയായിരിക്കും. കടുത്ത വിദ്വേഷ പ്രചാരകരായ പല പ്രഭാഷകരും സ്വകാര്യതകളില്‍ മിത വാദികളും സമന്വയവാദികളുമാണെന്നത് പരിഹാസ്യമായ ഒരു തമാശയാണ്‌. പൊതു വേദികളില്‍ ഇവര്‍ ഉയര്‍ത്തിവിടുന്ന വിദ്വേഷത്തിന്റേയും ചിന്താമുരടിപ്പിന്റേയുന്‍ ഉഗ്ര ബാണങ്ങളേറ്റ് പിടയുന്നവരെക്കുറിച്ച് ഇവ്വര്‍ ബോധവാന്മാരാകാറില്ല.
ഈയ്യടുത്ത് ഒരു സുഹ്യത്ത് പങ്കുവെച്ച ഒരനുഭവം ഓര്‍ക്കുന്നു. തീവ്ര വഭാഷയില്‍ പ്രസംഗകലയുടെ തേരുരുട്ടുന്ന ഒരു സ്റ്റേജ് മത പ്രസംഗകനുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം ഉയര്‍ത്തിവീട്ട ഒരു വിവാദത്തെക്കുറിച്ചന്വേഷിച്ചപ്പോള്‍, ചിരിച്ചുകൊണ്ട് വയറിനിട്ട് ഒരു ഇടി കൊടുത്തു കൊണ്ട് സൂത്രത്തില്‍ ഒഴിഞ്ഞു മാറിയത്രേ! അയാള്‍ അതിനു വലിയ പ്രാധാന്യം കല്പിക്കുന്നില്ല. ഇതൊക്കെ പ്രഭാഷണത്തിന്റെ എരിവിനും പുളിക്കുമായി ചേര്‍ക്കുന്നതോ തനിയേ വന്നു ചേരുന്നതോ ആണത്രേ. ഇതിനൊക്കെ കീ വിളിച്ചോ വിളിക്കാതെയോ പിന്നാലേ കൂടുന്ന മത, രാഷ്ട്രീയ ഭക്തരുടെ കാര്യം തന്നെയാണ്‌ പരമ കഷ്ടം.
ഏന്തായാലും എം ബി രാജേഷ് ചില പാoങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പ്രഭാഷണത്തില്‍ പറയുന്നതും പ്രഖ്യാപിക്കുന്നതും കേട്ട് ആരും പ്രസംഗകനെക്കുറിച്ച് ധാരണ രൂപപ്പെടുത്തേണ്ടതില്ല. അവരുടെ നിലപാടുകള്‍ അവര്‍ സ്വകാര്യമായി അറിയിക്കുമത്രേ. പ്രസംഗത്തിന്റെ അഞ്ചാം ഗിയറില്‍ കത്തിക്കയറി പായുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ മറയിട്ട് സൂക്ഷിച്ചിരുന്നവയൊക്കെ അറിയാതെ പുറത്തു വന്നു പോകും. പിന്നെ രണ്ടേ രണ്ടു മാര്‍ഗങ്ങളേ പരിഹാരമായുള്ളൂ. ഒന്നുകില്‍ പറ്റെ നിഷേധിക്കുക; ഇതിനു അല്പം മോശമല്ലാത്ത തൊലിക്കട്ടീ വേണം. അല്ലെങ്കില്‍ അതു റിപ്പോര്‍ട്ട് ചെയ്തവന്റെ ണെഞ്ചത്ത് കയറുക. ഇതു മാത്രമേ രാജേഷും ചെയ്തിട്ടുള്ളൂ. ഇതെന്തോ ഒരു കൊടിയ അപരാധമായിട്ടാണ്‌ സിന്‍ഡിക്കേറ്റുകളൊക്കെക്കൂടി പൊക്കിക്കാണിക്കുന്നത്. ബഹുമാന്യനായ വി എസ്സിനെതിരില്‍ ഒളിഞ്ഞിരുന്ന് കമ്പിത്തിരികള്‍ കത്തിച്ചപ്പോള്‍ ഇത്രയൊക്കെ പറഞ്ഞുവെച്ചിട്ടുണ്ടെന്ന് അലോചിച്ചിരിക്കില്ല. മഹാനായ പി സി ജോര്‍ജ് പറഞ്ഞത്പോലെ മെക്കിട്ട് കേറാന്‍ വരുന്നവരെയാരെയും"കാര്‍ന്നോര്‍" വെറുതെ വിടില്ലയെന്ന ഒരു ദുശ്ശീലമുണ്ടെന്ന ബോധം പിന്നേടാണ്‌ രാജേഷിന്‌ തിരിച്ചറിവുണ്ടാക്കിയതെന്ന് തോന്നുന്നു. ഈയ്യൊരു തിരിച്ചറിവാണ്‌ പ്രഭാഷണ കല പoക്കാനായി പോകുന്നവര്‍ക്കൊക്കെ പ്രാഥമികമായി വേണ്ടത്. ഇതിക്കെ കണ്‍ടും കേട്ടും പലരും ഉണ്ട് എന്ന തിരിച്ചറിവ്. പ്രത്യേകിച്ച് മതവേദികളിലെ പുലികള്‍ക്ക്; ഒന്നുമല്ലെങ്കിലും രാഷ്ട്രീയക്കാരെപ്പോലെയല്ലല്ലോ അവര്‍. ഒരു പരലോകത്തെക്കുറിച്ച് അറിഞ്ഞോ അറിയാതെയോ ഓര്‍മിപ്പിക്കുന്നവര്‍ കൂടിയണല്ലോ ഇവര്‍. ഇതിനു ഒറ്റമൂലി ഒന്നു മാത്രമാണെന്നു തോന്നുന്നു. ഇവരുടെ പ്രഭാഷണങ്ങ്ലൊക്കെ ഒന്നു റെക്കോര്‍ഡു ചെയ്ത് സ്വസ്ഥമായിരുന്ന് ഒന്നു കേള്‍ക്കാന്‍ ഇവരെ ഒന്നനുവദിക്കുക. എങ്കില്‍ ഇവര്‍ നന്നായേക്കും.
                                                                                           msshaiju@yahoo.co.in


Sep 13, 2011

അല്‍ ഹ‌ഗ്‌ല്‍: മനം മയക്കുന്ന അറേബ്യന്‍ വിസ്മയ തീരം

അല്‍ ഹ‌ഗ്‌ല്‍:
മനം മയക്കുന്ന അറേബ്യന്‍ വിസ്മയ തീരം
എം എസ് ഷൈജു, കൊല്ലം

റേബ്യന്‍ മണല്‍ക്കാടുകളിലെ വിജനമായ നിശബ്ദതകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പ്രക്യതി സൗന്ദര്യത്തിന്റെ അനേകായിരം ദ്യശ്യവിസ്മയങ്ങളിലൊന്നു മാത്രമാണ്‌ ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഹഗ്‌ല്‍ ബീച്ച്. നയനാന്ദത്തിന്റെ സ്വര്‍ഗീയനുഭൂതി ചുരത്തുന്ന പ്രക്യതിയുടെ ദൈവീക വരദാനം. വിരസതയുടേയും മടുപ്പിന്റേയും കനല്‍ക്കാറ്റുകള്‍ ആഞ്ഞു വീശുന്ന മരൂഭൂമിയുടെ ആന്തരിക സ്പന്ദനങ്ങള്‍ പലപ്പോഴും പുറം ലോകം അറിയാതെ പോകുന്നവയില്‍ ചിലതു മാത്രമാണ്‌. അറേബ്യന്‍ മണലാരണ്യത്തിന്റെ പുറം ചിത്രങ്ങള്‍ക്കുള്ളില്‍ അനര്‍ഘസൗന്ദര്യത്തിന്റെ ഗൂഢമന്ദസ്മിതം പൊഴിക്കുന്ന ഇത്തരം നിരവധി കാഴ്ചകളെക്കുറിച്ചുള്ള അറിവായിരുന്നു രണ്ടായിരം കിലോമീറ്റര്‍ ദൂരത്തെ അല്‍ ഹഗ്‌ല്‍ ബീച്ചിലേക്കൊരു യാത്ര പോകാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. മരുഭൂമിയുടെ ഉള്ളുണര്‍ത്തുന്ന കാഴ്ചകളുടെ അദ്ഭുത ലോകത്തേക്കാണ്‌ ആ യാത്ര ഞങ്ങളെ നയിച്ചത്.
വിരസമായ മണല്‍ക്കടുകള്‍ക്കുള്ളില്‍ വര്‍ണ്ണിച്ചു തീര്‍ക്കാന്‍ കഴിയാത്ത സൗന്ദര്യത്തിന്റെ നിറക്കൂട്ടുകളാല്‍ ചാലിച്ച പ്രക്യതിയുടെ പ്രസരിപ്പുകള്‍ അനവധിയാണ്‌. അറേബ്യന്‍ സാംസ്കാരികതയില്‍ നിന്നുമുള്ള ഒരു ദിശാവ്യതിയാനം ഭയപ്പെടുന്നതു കൊണ്ട് കൂടിയാകണം ടൂറിസത്തെ ഇവിടങ്ങളില്‍ വേണ്ടത്ര പ്രോസത്സാഹിപ്പിക്കാത്തത്. അല്ലായിരുന്നുവെങ്കില്‍ സഞ്ചാരികളുടെ പറുദീസയായി ഇവിടങ്ങള്‍ മാറുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
ഞങ്ങള്‍ തബൂക്കില്‍ നിന്നും രാവിലെ തന്നെ പുറപ്പെട്ടു. തബൂക്കില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ ദൂരെയാണ്‌ ഹഗ്‌ല്‍ ബീച്ച്.പട്ടാണാതിര്‍ത്തി വിട്ടു കഴിഞ്ഞപ്പോള്‍ തന്നെ മനമുണര്‍ത്തുന്ന പുറം കാഴ്ചകളുടെ ഉറവ വറ്റാത്ത ദ്യശ്യവിരുന്നും ആസ്വദിച്ച് ഞങ്ങളിരുന്നു.മനോഹരമായ പ്രക്യതിയുടെ ശില്പ ചാതുരി. പുറത്തിറങ്ങി നിന്ന് കുറേ ചിത്രങ്ങളെടുക്കണമെന്നു തോന്നി. ആകാശത്തേയ്ക്ക് തലയെടുത്തു നില്‍ക്കുന്ന വ്യതസ്ത ആക്യതിയിലും രൂപത്തിലുമുള്ള മലമടക്കുകള്‍ വിവിധ വര്‍ണരാജികളെ ലയിപ്പിച്ചു ചേര്‍ത്ത ഒരു കൂറ്റന്‍ ക്യാന്‍‌വാസിലെ ചിത്രങ്ങള്‍ പോലെ തോന്നിപ്പിച്ചു.കമ്പ്യൂട്ടറിന്റെ സ്ക്രീനില്‍ അഴകോടെ തെളിയുന്ന വാള്‍ പേപ്പറുകള്‍ പലതും ഇവിടെ നിന്നുമുള്ള ദൂരക്കാഴ്ച്ചകളാണെന്ന് കൂടെയുള്ള സുഹ്യത്ത് വിശദീകരിച്ചു. നാലു ഭാഗവും വിടര്‍ന്നു നില്‍ക്കുന്ന പടു കൂറ്റന്‍ താമരയിതളുകള്‍ പോലെ തോന്നിക്കുന്ന പര്‍വതങ്ങള്‍. അതിനിടയ്ക്കു കൂടി ഒരു തോണി തുഴയുന്നതു പോലെ ഞങ്ങളുടെ കോസ്റ്റര്‍ വാന്‍ മെല്ലെ സഞ്ചരിച്ചു.ആ മല മടക്കുകളില്‍ കയറി നിന്നു ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. "ഹേ സഞ്ചാരികളേ! നിങ്ങളെവിടെയാണ്‌? പ്രക്യതിയുടെ വിരല്‍ പാടുകള്‍ പതിഞ്ഞ്‌ കിടക്കുന്ന ഈ മനോഹാരിതകള്‍ നിങ്ങള്‍ കാണുന്നുല്ലേ"
വളവുകളും തിരിവുകളുമുള്ള സിംഗിള്‍ റോഡിലൂടെ വാന്‍ ചീറിപ്പായുന്നു. ഹഗ്‌ലിന്റെ തീരമണയാനുള്ള ആവേശം വാഹനത്തിനുള്ളതു പോലെ തോന്നി.
 
ദൂരെ നീലപ്പട്ട് വിരിച്ചതു പോലെ ചെങ്കടലിന്റെ ദ്യശ്യം കാണാം. ഹഗ്‌ലിന്റെ ദൂരക്കാഴ്ച്ചയാണ്‌.തികച്ചും വ്യതസ്തമായ ഭൂപ്രക്യതി. വരികള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കാത്ത ത്രസിപ്പിക്കുന്ന സൗന്ദര്യമാണ്‌ ഹഗ്‌ലിന്റെ വിദൂര വീക്ഷണം. നീലപ്പരവതാനിക്കപ്പുറം ഇളം വെയിലിന്റെ സുവര്‍ണ്ണ രശ്മികളില്‍ തിളങ്ങുന്ന പര്‍‌വത ശിഖരങ്ങള്‍. വ്യത്യസ്ത രൂപങ്ങളില്‍ കൊത്തിവെച്ച ശില്പങ്ങളുടെ ചാതുര്യത്തോടെ ആകാശ നോട്ടം നടത്തുന്ന മല മടക്കുകള്‍ക്കിടയിലേക്ക് കടല്‍ ലോപിച്ച് ചേരുന്നത് ഹഗ്ഗ്‌ലിന്റെ മാത്രം കാവ്യ ഭംഗിയാണ്‌.
വളഞ്ഞു പുളഞ്ഞ് താഴേക്കു നീളുന്ന പാതയ്ക്കിരുവശവും മനോഹരങ്ങളായ ചെടികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു.പാതയുടെ ഒരു വശം പൂര്‍ണ്ണമയും മലകളാണ്‌. മറുഭാഗത്ത് വിവിധ ആക്യതിയിലും വര്‍ണ്ണങ്ങളിലുമുള്ള മനോഹരങ്ങളായ റിസോര്‍ട്ടുകളും ടൂറിസ്റ്റ് ബംഗ്ലാവുകളും നിര നിരയായി കാണുന്നു.കോവളം ബീച്ചിലേക്കുള്ള വഴിയാണ്‌ പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞത്.വിവിധ രാജ്യക്കാരായ സഞ്ചാരികള്‍ ഇവിടെ വരുന്നുണ്ട്.ടൂറിസം ഒരു വരുമാന മാര്‍ഗമല്ലാത്തതു കൊണ്ടാണത്രേ ഈ സ്ഥലങ്ങള്‍ക്കൊന്നും വലിയ പ്രചാരം നല്‍കാത്തത്. റിസോര്‍ട്ടുകളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ക്യത്രിമ വിനോദത്തിനായുള്ള നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും നോക്കിയാല്‍ കടലിലേക്ക് നീണ്ടു കിടക്കുന്ന നീളന്‍ പൂമുഖമുള്ള മനോഹരങ്ങളായ വീടുകളുടെ ഒരു ശ്യംഖല തന്നെ കാണാം. സമ്പന്നരായ സൗദികള്‍ പണികഴിപ്പിച്ചിട്ടിരിക്കുന്ന വിശ്രമ ബംഗ്ലാവുകളാണവ . ഇടയ്ക്ക് ഈ അനര്‍ഘ സൗന്ദര്യം നുകരാന്‍ സകുടുംബം താമസിക്കുന്നതിനാണ്‌ ഈ സ്വപ്ന സൗധങ്ങള്‍ പണി കഴിപ്പിച്ചിട്ടിരിക്കുന്നത്.കൂടെയുള്ള തബൂക്കുകാരന്‍ സുഹ്യത്ത് ഞങ്ങള്‍ക്ക് ഒന്നാന്തരമൊരു ഗൈഡായിരുന്നു. ഞങ്ങള്‍ ഇപ്പൊഴും വാഹനത്തില്‍ തന്നെയാണ്‌. തൊട്ട്മുന്നില്‍ സൗദി അതിര്‍ത്തി അവസാനിക്കുന്നു. ഇനി മുന്നോട്ട് പോകണമെങ്കില്‍ ജോര്‍ദാന്‍ വിസ വേണം. ചെക്ക് പോയന്റിനു തൊട്ടുമുമ്പിലായി ഞങ്ങള്‍ വാഹനം നിര്‍ത്തി. വളരെ തിരക്കു കുറഞ്ഞ അതിര്‍ത്തി ചെക്ക്പോസ്റ്റ്


നീണ്ട് ഉയരമുള്ള ഒരു കടല്‍ത്തിട്ടയിലാണ്‌ ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.താഴേക്ക് ഇറങ്ങിപ്പോകാനുള്ള മനോഹരങ്ങളായ പടവുകളുണ്ട്.നീലക്കടലിന്റെ വിദൂരതയില്‍ ഒരു പരവതാനി പോലെ കാണുന്നത് ഇസ്രായേലാണെന്ന് സുഹ്യത്ത് വിശദീകരിച്ചു.രാത്രിയില്‍ അവിടെ തെളിയുന്ന വെളിച്ചം കടലിനെ കൂടുതല്‍ മനോഹരിയാക്കുന്നുണ്ട്. മൂന്നു രാജ്യങ്ങള്‍ കാഴ്ചയുടെ വിദൂര വിരുന്നൊരുക്കി കാത്തിരിക്കുന്നുവെന്നതാണ്‌ ഹഗ്‌ലിന്റെ ഒരു സവിശേഷത.ജോര്‍ദാന്‍, ഇസ്റായേല്‍, ഈജിപ്ത് എന്നിവയാണവ. ഒരു രാജ്യത്തു നിന്നും മറ്റു മൂന്നു രാജ്യങ്ങള്‍ വീക്ഷിക്കുക! ഇതൊരു അനല്പമായ ആശ്ചര്യം തന്നെ. രാത്രിയില്‍ നിലാവു ചൊരിയുന്ന ചന്ദ്രക്കീറു പോലെ ഈജിപ്തും മനോഹരമായി കാണാം. വ്യത്തിയായി സം‌രക്ഷിച്ചിരിക്കുന്ന ഹഗ്‌ലിന്റെ തീരവും ഏറെ മനോഹരമാണ്‌. കുസ്യതിയുടെ താളത്തില്‍ കരയോട് കിന്നാരം പറഞ്ഞടുക്കുന്ന തിരകളുടെ ലവണ സൗന്ദര്യമാണ്‌ ബീച്ചുകളെ മനോഹരമാക്കുന്നത്. തിരയൊഴിഞ്ഞ അലസമായ അറേബ്യന്‍ ബീച്ചുകളില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്‌ ഹഗ്‌ല്‍. സാമാന്യം ശക്തമായ തിരകളാണ്‌ ഹഗ്‌ലിനെ വ്യതസ്തയാക്കുന്നത്. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കിന്നാര മൊഴികളുടെ മഞ്ചാടിച്ചെപ്പ് തുറന്നു വെയ്ക്കുന്ന കാമുകീ ഭാവമാണ്‌ ഹഗ്‌ലിന്റെ തീരങ്ങള്‍ക്കുള്ളത്. ഈന്തപ്പനകളുംനിരവധി വ്യത്യസ്തങ്ങളായ വ്യക്ഷങ്ങളും കൊണ്ട് നിബിഢമായ ഒരു മനോഹര തോട്ടമാണു ബീച്ചിലേക്ക് നമ്മെ സ്വാഗതം ചെയ്ത് നില്‍ക്കുന്നത്. ഹഗ്‌ലിന്റെ മനോഹര തീരത്തെ അണിയിച്ചൊരുക്കിയിരിക്കുകയാണ് ഈ തോട്ടം.ചലിക്കുന്ന വീടുമായി ഒരു സൗദി കുടുംബം അവിടെ തമ്പടിച്ചിരിക്കുന്നു.ജനറേറ്ററും, ലൈറ്റിംഗ് സിസ്റ്റവും, എയര്‍ കൂളറും, ടി.വി ആന്റിനയുമൊക്കെയായി ഒരു ഡൈനകാരിയറും കൂടെയുണ്ട്. ക്യാമ്പ് ചെയ്യുന്നിടത്ത് സുഖമായി തങ്ങാനുള്ള മുഴുവന്‍ സം‌വിധാനവും ആ ട്രക്കിലുണ്ട്. ഇത് അറബികളുടെ ഒരു പൊതു സ്വഭാവമാണ്‌. സകുടുംബ സഞ്ചാരങ്ങളില്‍ അവശ്യം വേണ്ട് മുഴുവന്‍ സൗകര്യങ്ങളും അവര്‍ കരുതിയിരിക്കും.
ചെങ്കടലിലെ സൂര്യാസ്തമയം ഒരു വിസ്മയക്കാഴ്ചയാണ്‌. അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങളില്‍ കടല്‍ കുങ്കുമപ്പൊട്ട് വിതറിയതു പോലെ ചുവക്കും. ചെങ്കടലില്‍ ധാരാളമായി കാണപ്പെടുന്ന വ്യതസ്തങ്ങളായ പവിഴപ്പുറ്റുകളാണ്‌ കടലിനെ ഇത്രയധികം ചുവപ്പിക്കുന്നത്. അതു കൊണ്ടാണത്രേ ചെങ്കടല്‍ എന്ന പേരു വന്നത് തന്നെ.
കടലിനെ ചുംബിച്ച് നില്‍ക്കുന്ന മനോഹരമായ മലയില്‍ നീന്തിക്കയറണമെന്ന് തോന്നി.പക്ഷേ ശക്തമായ വലകള്‍ കൊണ്ട് ബീച്ച് സുരക്ഷിതമാകിയിട്ടുണ്ട്. ഒരു പരിധിക്കപ്പുറത്തേക്ക് നീന്താന്‍ കഴിയില്ല. സുരക്ഷിതത്വത്തിന്‌ വലിയ പ്രാധാന്യമാണ്‌ സൗദി സര്‍ക്കാര്‍ കൊടുക്കുന്നത്.ബീച്ചിന്റെ മറു ഭാഗത്തായി മനോഹരമായ ഒരു ഹാര്‍ബര്‍ കാണാം. ചെറിയ കപ്പലുകളും ബോട്ടുകളും വരികയും പോകുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് മടങ്ങേണ്ട സമയമായി.ഓര്‍മക്കളുടെ നിറക്കൂട്ടില്‍ ഓര്‍ക്കാന്‍ സുഖവും മണവുമുള്ള നിറങ്ങളും ചാലിച്ച് ഞങ്ങള്‍ ഹഗ്‌ലിനോടു വിട പറഞ്ഞു.പിന്നില്‍ അക്ഷരങ്ങളുടെ വളവുകളിലും തിരിവുകളിലും ഒതുങ്ങാത്ത സ്നിഗ്ദ്ധസൗന്ദര്യവുമായി ഹഗ്‌ല്‍ സഞ്ചാരികളെ മാടിവിളിക്കുന്നു.
msshaiju@yahoo.co.in