Mar 23, 2012

ഈ ഫെയ്‌സ്‌ബുക്കൊന്ന്‌ ലോക്ക്‌ ചെയ്യാമോ?കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വില്‍ക്കുന്ന കടയില്‍ നില്‍ക്കുമ്പോള്‍ ഈ ചോദ്യം കേട്ടാണ്‌ തലയുയര്‍ത്തി നോക്കിയത്‌. ഏകദേശം നാല്‌പത്തിയഞ്ച്‌ വയസ്‌ പ്രായം തോന്നിക്കുന്ന, കാഴ്‌ചയില്‍ മാന്യനായ ഒരാള്‍, രണ്ടാഴ്‌ച മുമ്പ്‌ താന്‍ അവിടെ നിന്നും വാങ്ങിയ ലാപ്‌ ടോപ്പും കൈയ്യില്‍ പിടിച്ച്‌ നില്‌ക്കുകയാണ്‌. അതിശയത്തോടെ സെയില്‍സ്‌മാന്‍ കാര്യമന്വേഷിച്ചു. 
കഴിഞ്ഞ രണ്ടാഴ്‌ചയായി അയാള്‍ക്ക്‌ സ്വാസ്ഥ്യമില്ലായിരുന്നത്രേ. മക്കള്‍ക്ക്‌ ലാപ്‌ ടോപ്പ്‌ വാങ്ങിക്കൊടുത്തതിന്റെയടുത്ത ദിവസം ആരോ പറഞ്ഞാണ്‌ അയാള്‍ ഫേസ്‌ ബുക്കിനെക്കുറിച്ചറിഞ്ഞത്‌. മക്കളെ വഴി തെറ്റിക്കുന്ന അരുതുകള്‍ക്കും അരുതായ്‌മകള്‍ക്കും അതിരുകളോ വിലക്കുകളോ ഇല്ലാത്ത ഇന്റര്‍നെറ്റിന്റെ തുറന്ന പുസ്‌തകമാണത്രേ ഫേസ്‌ബുക്ക്‌. പിന്നെ അതിനെക്കുറിച്ചായി അന്വേഷണം. അനേഷണം മുറുകിയപ്പോള്‍ സംഗതി ഭയങ്കരം തന്നെ. കുട്ടികള്‍ വഴിവിട്ടു പോകാന്‍ പറ്റിയ ലോകത്തെ ഏറ്റവും ഉഗ്രന്‍ സാധനമാണ്‌ ഈ ഫേസ്‌ബുക്ക്‌ എന്നുവരെ അദ്ദേഹം കണ്ടെത്തി. കൂടെ ജോലി ചെയ്യുന്നവരുടേയും സമപ്രായക്കാരായ ചങ്ങാതിമാരുടേയും സൗഹൃദവലയങ്ങളില്‍ നിന്നാണ്‌ ടിയാന്‌ ആധി വളര്‍ത്തുന്ന ഇത്ര വലിയ `വിവരം' കിട്ടിയത്‌. കണക്കിന്‌ ഉപദേശവും കിട്ടി അവരില്‍നിന്നും. അവരില്‍ കൂടുതല്‍ പേരും ഫേസ്‌ ബുക്കെന്ന ഈ `തലതിരിപ്പന്‍ പുസ്‌തകം' കണ്ടിട്ടു കൂടിയില്ലാത്തവരായിരുന്നു എന്നതാണ്‌ രസാവഹം.
കഴിഞ്ഞ പതിനഞ്ച്‌ കൊല്ലം കൊണ്ട്‌ മനുഷ്യ രാശി നേടിയെടുത്ത സാങ്കേതികവും വൈജ്ഞാനികവുമായ പുരോഗതിയുടെ ശരാശരി അളവ്‌ കഴിഞ്ഞ മുന്നൂറ്‌ കൊല്ലം കൊണ്ട്‌ നേടിയതിന്റേയും വളരെ മുകളിലാണ്‌ എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ചിന്തകളേയും ഭാവനകളെയും പോലും വകഞ്ഞു മാറ്റിക്കൊണ്ടും വിസ്‌മയിപ്പിച്ചു കൊണ്ടുമാണ്‌ സാങ്കേതിക വിദ്യയില്‍ ലോകം കുതിച്ചുകൊണ്ടിരിക്കുന്നത്‌. ദിവസങ്ങള്‍പോലും അപ്‌ഡേറ്റ്‌ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും, ജീവിതത്തിന്റെ ഉല്ലാസങ്ങളും സ്വകാര്യതകളുംപോലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പുറം ലോകത്തേക്ക്‌ പടര്‍ന്നുകയറുകയും ചെയ്‌തു കൊണ്ടിരിക്കുന്നു. എല്ലാറ്റിന്റേയും നിര്‍വചനങ്ങളും സമവാക്യങ്ങളും സാങ്കേതിക വിദ്യയുടെ പരിവൃത്തങ്ങളില്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്‌.

ഇതൊന്നും ശീലമോ പരിചയമോ ഇല്ലാത്ത മാതാപിതാക്കള്‍ക്ക്‌ തങ്ങളുടേ മക്കള്‍ വിഹരിച്ചു കൊണ്ടിരിക്കുന്ന സൈബര്‍ ലോകത്തെ തെളിച്ചമില്ലാത്ത കാഴ്‌ചകളെക്കുറിച്ച്‌ അസ്വസ്ഥതകളും ആവലാതികളുമുണ്ടാകുമെന്നത്‌ ഒരു സത്യമാണ്‌. ഭക്ഷണം, പാര്‍പ്പിടം, വസ്‌ത്രം എന്നീ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ത്രയങ്ങളില്‍ നിന്ന്‌ ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സൈബര്‍ ആക്‌സസ്‌ (ഇന്റര്‍നെറ്റ്‌ ലഭ്യമാകുന്നിടം) എന്നതിലേക്ക്‌ പുതു തലമുറ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന അത്ഭുതങ്ങളുടെ ലോകത്താണ്‌ നാം ജീവിക്കുന്നത്‌.
അക്ഷര സാക്ഷരതയെന്നത്‌ അപ്രസക്തവും സൈബര്‍ സാക്ഷരത അതിപ്രധാനവുമാകുന്ന ഇന്റര്‍നെറ്റ്‌ യുഗത്തില്‍, അതിന്റെ സാങ്കേതികതകളെക്കുറിച്ചും അത്‌ വിരിച്ചിട്ടിരിക്കുന്ന അതിബൃഹത്തായ വലക്കണ്ണികളെക്കുറിച്ചും ഏറെ ജാഗ്രതയും ബോധവല്‌ക്കരണവും വേണ്ട ഒരു വിഭാഗമാണ്‌ വര്‍ത്തമാന കാലത്തെ ശരാശരി രക്ഷിതാക്കള്‍. ഇന്റര്‍നെറ്റും അതിന്റെ അനുബന്ധ ഘടകങ്ങളും പറിച്ചു മാറ്റാനാകാത്ത വിധം ഇഴചേര്‍ന്ന ഈ സൈബര്‍ യുഗത്തില്‍ അതിന്റെ സാധ്യതകളേയോ സ്വാധീനത്തേയോ നിഷേധിച്ചിട്ടോ നിരാകരിച്ചിട്ടോ കാര്യമില്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം. പോസിറ്റീവായും ക്രിയാത്മകമായും അതിനോടൊത്ത്‌ ചലിക്കാനുള്ള സാങ്കേതിക ജ്ഞാനത്തിന്റെ മെയ്‌വഴക്കം നാമും നേടുകയെന്നത്‌ മാത്രമാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുളിലൂടെ കുതിച്ച്‌ കൊണ്ടിരിക്കുന്ന കൗമാരങ്ങളില്‍ നിന്ന്‌ ഏറെയകന്ന്‌ പോകാതിരിക്കാനായി ഒന്നാമത്‌ വേണ്ടത്‌.
കമ്പ്യൂട്ടര്‍ കടയില്‍ വിഷണ്ണനായി നിന്ന പിതാവിനെപ്പോലെ ഒരാവേശത്തിന്‌നു കണക്‌ഷനും കമ്പ്യൂട്ടറും വാങ്ങിനല്‌കുകയും, യാഥാര്‍ത്ഥ്യങ്ങളോ വസ്‌തുതകളോ വേണ്ടത്ര മനസിലാക്കാതെയും ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടേയും അപായ ഭീതിയില്‍ ചകിതരായും കണക്ഷന്‍ കട്ട്‌ ചെയ്‌തോ കമ്പ്യൂട്ടര്‍ ലോക്ക്‌ ചെയ്‌തോ കൊണ്ട്‌ മക്കളുമായി പ്രത്യക്ഷത്തില്‍ തന്നെ വൈരാഗ്യ ബുദ്ധിയോടെ അങ്കം കുറിക്കുന്നവരുമാണ്‌ രക്ഷിതാക്കളില്‍ ഏറെയുമുള്ളത്‌. ഇവരുടെ പ്രതിലോമപരമായ ഇടപെടലുകള്‍ കാര്യങ്ങള്‍ ഏറെ അപകടത്തിലാക്കുകയും ചെയ്യുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ പൂട്ടിക്കാനായി താക്കോല്‍ പണിയാനിറങ്ങുന്നവര്‍, ഏതു പൂട്ടും തുറക്കാന്‍ കഴിയുന്ന മാന്ത്രികത്താക്കോലുകളുമായാണ്‌ തങ്ങളുടെ കുട്ടികള്‍ വീട്ടില്‍ കാത്തിരിക്കുന്നത്‌ എന്നറിയാന്‍ വൈകുന്നു.
സൈബര്‍ ലോകത്തെ മാറ്റങ്ങളില്‍നിന്ന്‌ ആറുമാസം അകന്നിരുന്നാല്‍ ആറുവര്‍ഷം കൊണ്ട്‌ പോലും പരിഹരിക്കാനാകാത്തവിധം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സൈബര്‍ ലോകത്ത്‌ ജനറേഷന്‍ ഗ്യാപ്പിന്റെ ന്യായീകരണത്തില്‍ രക്ഷിതാക്കള്‍ക്ക്‌ രക്ഷപ്പെടാനാകില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അടിസ്ഥാനപരമായി നന്മകളും അറിവിന്റെ അന്വേഷണ സാധ്യതകളുമുണ്ട്‌. എന്നാല്‍ ഏതൊരുരുമാധ്യമത്തിലേതും പോലെ ഇതിലും തിന്മകള്‍ പതിയിരിക്കുന്നുണ്ട്‌.
ഒരുരുപ്രത്യേക വിഷയത്തില്‍ താല്‌പര്യമുള്ളവര്‍ക്ക്‌ ഒത്തൂകൂടാനും, സംസാരിക്കാനും, സംവദിക്കാനും അവസരമൊരുക്കിക്കൊണ്ട്‌ ഒരിക്കലും പൂട്ടാതെ തുറന്നുവെച്ചിരിക്കുന്ന ഓണ്‍ലൈന്‍ ക്ലബുകളാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ എന്ന്‌ പറയാം. പഴയ സൗഹൃദങ്ങള്‍ തേടിപ്പിടിക്കാനും, വിട്ടുപോയവ കൂട്ടിയിണക്കാനും പുതിയവ നെയ്‌തു കൂട്ടുന്നതിനുമാണ്‌ മിക്കവാറും ആളുകള്‍ ഫേസ്‌ബുക്കുകള്‍ പോലെയുള്ള സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്‌. അതീവ ഗൗരവമായ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കും, വിജ്ഞാനപ്രദമായ കൂട്ടായ്‌മകള്‍ക്കും, നര്‍മ്മസല്ലാപങ്ങള്‍ക്കുമൊക്കെ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്‌.
ഇത്തരം സൈറ്റുകള്‍ തോറും അലക്ഷ്യമായി ചുറ്റിനടക്കുന്നവരും ഒട്ടും വിരളമല്ല. ഇത്തരക്കാരാണ്‌ പലപ്പോഴും പിടി വിട്ട്‌പോകുന്നത്‌. സാധ്യമാകുന്ന രൂപത്തില്‍ തിന്മകളെ പ്രതിരോധിച്ച്‌ കൊണ്ട്‌ നന്മകളെ സ്വീകരിക്കുകയെന്ന നയതന്ത്ര മാര്‍ഗം സ്വീകരിക്കലാണ്‌ ഏറ്റവും കരണീയമായിട്ടുള്ളത്‌. അതിന്നായുള്ള പ്രായോഗികവും ബോധപൂര്‍വവുമായ ഇടപെടലുകളാണ്‌ പരിഹാരമാര്‍ഗങ്ങളായി തുടങ്ങി വെക്കേണ്ടത്‌.


12 വയസിനും 17 വയസിനുമിടയിലൂള്ള അറുപത്തിയഞ്ച്‌ ശതമാനം കുട്ടികളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സ്വന്തമായി പ്രൊഫൈല്‍ ഉള്ളവരാണ്‌ എന്നാണ്‌ സര്‍വേകള്‍ വെളിപ്പെടുത്തുന്നത്‌. ഇതൊന്നും മാതാപിതാക്കളുമായി പങ്കുവെക്കേണ്ടതില്ലാത്തതോ പങ്കുവെക്കാന്‍ പാടില്ലാത്തതോ ആയ സ്വകാര്യ ഏര്‍പ്പാടാണെന്നാണ്‌ അവരില്‍ ഭൂരിഭാഗവും കരുതുന്നതത്രേ. ആദ്യമായി ആ ധാരണകളാണ്‌ തിരുത്തപ്പെടേണ്ടത്‌.ഫേസ്‌ ബുക്കും ട്വിറ്ററും പോലെയുള്ള സോഷ്യല്‍ സൈറ്റുകളിലെ ഇടപെടലുകള്‍ അപരാധമല്ലയെന്ന ധാരണക്കൊപ്പം ഇതൊക്കെ കുടുംബം കൂടി അറിയേണ്ടതാണെന്നും അങ്ങനെയറിയുന്നതില്‍ സാംഗത്യക്കുറവുകളൊന്നുമില്ലെന്നുമുള്ള വീക്ഷണം പകര്‍ന്നു നല്‌കാന്‍ രക്ഷിതാക്കള്‍ക്ക്‌ സാധിക്കണം. വീട്ടില്‍ കമ്പ്യൂട്ടറും നെറ്റ്‌ കണക്‌ഷനുമുള്ള എല്ലാ രക്ഷിതാക്കളും സ്വന്തമായി ഓരോ പ്രൊഫൈല്‍ ഉണ്ടാക്കുകയും സൗഹൃദത്തിന്റെ ഈ ആഗോള വലയില്‍ സ്വന്തം മക്കളെയും കണ്ണി ചേര്‍ക്കുകയും ചെയ്യുന്നതിലൂടെ തങ്ങളുടെ സാന്നിധ്യം ബോധ്യപ്പെടുത്താനും ഒരു നിയന്ത്രണം സ്വാഭാവികമായി സംജാതമാക്കാനും സാധിക്കും.
പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനായി മക്കളെത്തന്നെ സമീപിക്കുന്നതിനും ജാള്യത കല്‌പിക്കേണ്ടതില്ല. പക്ഷേ ഇതൊരു ഭീഷണിയായി അവരെ തോന്നിപ്പിക്കേണ്ടതുമില്ല. ഒരു പിതാവിന്റെ കേവലസാമീപ്യം തന്നെ കുട്ടികളില്‍ ഒരുജാഗ്രത സൃഷ്‌ടിക്കുമെന്ന രക്ഷാകര്‍തൃത്വത്തിന്റെ ബാലപാഠങ്ങള്‍ തന്നെയാണ്‌ ഇവിടെയും അനുയോജ്യമാകുന്നത്‌. ഒരു പ്ലേ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുമ്പോള്‍ തെറിച്ചു പോകുന്ന പന്തുകള്‍ തട്ടിക്കൊടൂത്തും ഇടയ്‌ക്ക്‌ ഒരോ ഷോട്ടുകളടിച്ചു കൊടുത്തും അവരുടെ കളിയില്‍ വല്ലപ്പോഴും പങ്കുചേരുന്ന ഒരു സഹൃദയനായ പിതാവിന്റെ റോള്‍ തന്നെയായിരിക്കും ഇവിടെയും ഏറ്റവും നല്ലത്‌.
ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്ന കൗമാരക്കാരില്‍ അന്‍പത്തിരണ്ട്‌ ശതമാനം കുട്ടികളും തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കുന്നുണ്ടെന്നും അതില്‍ ഇരുപത്‌ ശതമാനം കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ട്‌ എന്നുമാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും കൗമാരക്കാരുടെ പ്രശ്‌നങ്ങളുമെന്ന വിഷയത്തില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്‌.
മാറുന്ന ലോകത്തിന്റെ ഗതിവേഗങ്ങള്‍ അംഗീകരിക്കുകയും അതിനൊപ്പിച്ച്‌ നടക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ്‌ രക്ഷിതാക്കള്‍ക്ക്‌ ഈ വിഷയത്തില്‍ പ്രാഥമികമായി നിര്‍വ്വഹിക്കാന്‍ സാധിക്കുന്നത്‌. പ്രായപൂര്‍ത്തിയാകുന്നത്‌ വരെ മക്കളുടെ ഇ മെയിലുകളും, മൊബൈല്‍ ഫോണുകളും, ഫേസ്‌ബുക്ക്‌ അക്കൗണ്ടുകളും പരിശോധിക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ ബാധ്യതയുണ്ട്‌ എന്ന്‌ അവരെ ബോധ്യപ്പെടുത്താനാകണം. ഇതെല്ലാം അവരെ ശല്യപ്പെടുത്താനോ മൂക്കുകയറിടാനോ അല്ല എന്ന്‌ അവര്‍ക്ക്‌ തിരിച്ചറിയാനും കഴിയേണ്ടതുണ്ട്‌. ഇവയെയൊക്കെക്കുറിച്ച്‌ ആരോഗ്യകരമായി ചര്‍ച്ച ചെയ്യുകയും വിജ്ഞാനപ്രദമായ വിവരങ്ങളും ചിത്രങ്ങളും പ്രൊഫൈല്‍ വാളുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലേക്ക്‌ രക്ഷിതാക്കളും മക്കളും മാറുമ്പോള്‍ ഫേസ്‌ ബുക്കിനെ പേടിക്കേണ്ടി വരില്ല.
മത സംഘടനകള്‍ അടക്കമുള്ള കേരളത്തിലെ മുഖ്യധാരാ സംഘടനകള്‍പോലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ ഗ്രൂപുകളും ഓണ്‍ലൈന്‍ കാമ്പയ്‌നുകളും നടത്തിത്തുടങ്ങുന്ന ഇക്കാലത്ത്‌ ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ അവബോധം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പകര്‍ന്നു നല്‍കാനായി മാര്‍ഗ രേഖകള്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. രക്ഷിതാക്കള്‍ക്ക്‌ സംവദിക്കാനും ചര്‍ച്ച ചെയ്യാനും സാധിക്കുന്ന ഫേസ്‌ ബുക്ക്‌ ഗ്രൂപ്പുകള്‍ വരെ നിലവിലുണ്ട്‌. ഭയപ്പെട്ട്‌ മാറിനില്‍ക്കാതെ, സര്‍ഗാത്മകമായി ഇടപെടാന്‍ രക്ഷിതാക്കള്‍ തയ്യാറാകട്ടെ.
                                                                                              msshaiju@yahoo.co.in

Mar 3, 2012

കൂടം കുളത്തെ അമേരിക്കൻ കണ്ണുകൾ


വ്യവസായ വല്ക്കരണത്തിലൂടെയും ആധുനികവല്ക്കരണത്തിലൂടെയുമുള്ള സാമൂഹ്യ സാമ്പത്തിക വികസനങ്ങൾ എക്കാലത്തും പ്രതിഷേധങ്ങൾക്കും എതിർപ്പുകൾക്കും കാരണമാകുകയും, അവയുടെ സോദ്ദേശ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രാരംഭ ദശയിൽത്തന്നെ ഇന്ത്യയുടെ വികസനത്തിന്റെ രീതിശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരു നയ സ്വീകരണ പ്രതിസന്ധിയെ അതിനു നേരിടേണ്ടിയും വന്നിട്ടുണ്ട്.
ഇന്ത്യയുടേ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി മുന്നോട്ട് വെച്ച വികസനത്തിന്റെ രീതിശാസ്ത്രധാരയും ആധുനിക ഇന്ത്യയുടെ ശില്പിയായ ജവഹർലാൽ നെഹ്റു നടപ്പിലാക്കിയ വികസനധാരയും തമ്മിലുള്ള അന്ത:സംഘർഷങ്ങളായിരുന്നു അത്. പാരമ്പര്യങ്ങൾക്കും സാമ്പ്രദായികതകൾക്കും പ്രാധാന്യം നല്കുന്നതും, സ്വയം പര്യാപ്തതയിലൂന്നിയതുമായ പ്രാദേശിക വികസനത്തിന്റെ വാക്താവായിരുന്നു ഗാന്ധിജി.എന്നാൽ സുദീർഘമായ ഒരു ഭാവിയേയും അതിന്റെ വികസന സാധ്യതകളേയും മുന്നിൽ കണ്ടുകൊണ്ടുള്ളതും ലഭ്യമായ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയും സ്വീകരിക്കാവുന്ന സ്രോതസുകളിൽ നിന്ന് സാധ്യമായവ സ്വീകരിച്ചുമുള്ള ബ്യഹത്തായ ആസൂത്രണത്തിന്റെ വികസന പദ്ധതികളായിരുന്നു നെഹ്റു വിഭാവനം ചെയ്തത്. ഗാന്ധിജിയുടേത് തത്വത്തിന്റേയും നെഹ്റുവിന്റേത് പ്രയോഗത്തിന്റേയുമായിരുന്നു
സ്വാതന്ത്ര്യാനന്തര ഇന്ത്യ എക്കാലത്തും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണ്‌ വികസനവുമായി ബന്ധപ്പെട്ട ഈ രീതിശാസ്ത്ര വൈരുദ്ധ്യതകൾ. ഒരു പക്ഷേ വികസന പദ്ധതികൾ ഏകധ്രുവീക്യതമായിപ്പോകാതെ സന്തുലിതമാക്കുന്നതും ഈ ധാരകൾ തമ്മിലുള്ള ബലാബലമാണ്‌.പ്രതിഷേധങ്ങളോ പ്രക്ഷോഭങ്ങളോ കൂടാതെ നടപ്പിലാക്കിയ വികസന പദ്ധതികൾ ഇന്ത്യയിലുണ്ടായിട്ടില്ല എന്നു തന്നെ പറയാം. അക്കൂട്ടങ്ങളിൽ ഏറെ പ്രക്ഷോഭങ്ങളുയരുകയും തീജ്വാലകൾ പോലെ പ്രതിഷേധം ഉയർന്നു പൊങ്ങുകയും ചെയ്ത ഒന്നാണ്‌ കൂടംകുളം ആണവോർജ പദ്ധതി.തെക്കേ ഇന്ത്യയിലെ കന്യാകുമാരി മുനമ്പിനടുത്തുള്ള കൂടംകുളം എന്ന പ്രദേശത്ത് റഷ്യൻ സഹകരണത്തോടേ നിർമ്മിക്കുന്ന ആണവോർജ നിർമാണ കേന്ദ്രമാണിത്. ഇന്ത്യയും ലോകവും ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഒരു വൈദ്യുതോത്പാദന കേന്ദ്രം കൂടിയാണിത്. 

പ്രപഞ്ചത്തിന്റെ ഓരോ അണുവിന്റെയുള്ളിലും അനന്തവും അജ്ഞാതവുമായ ഊർജത്തിന്റെ മഹാപ്രവാഹമുണ്ടെന്നും നിർമ്മാണത്തിനോ നശീകരണത്തിനോ ഉപയുക്തമാക്കാവുന്ന ഈ വൻ ഊർജ്ജ ശേഖരത്തെ അണു സംയോജനത്തിലൂടെയോ അണു വിഘടനത്തിലൂടെയോ സ്വതന്ത്രമാക്കി ഉപയോഗപ്പെടുത്താമെന്നുമുള്ള കണ്ടെത്തൽ ശാസ്ത്ര ലോകത്തെ ഒരു വിസ്ഫോടനമായിരുന്നു.
ആണവോർജ്ജമെന്നും അണുവിഘടനമെന്നുമൊക്കെയുള്ള പേരുകൾ കേൾക്കുമ്പോൾ ലോകത്തെ ഓരോ  സാധാരണക്കാരന്റേയും മനസിന്റെ തിരശീലകളിൽ തെളിയുന്ന ചിത്രം ദയനീയത മുറ്റിയ ഹിരോഷിമയും, മനുഷ്യത്വം പിടഞ്ഞു വീഴുന്ന നാഗസാക്കിയുമാണ്‌. ഈ ഊർജ പ്രവാഹത്തിന്റെ അനന്ത സാധ്യതകളെ അമേരിക്കയെന്ന രാജ്യം ആദ്യം പ്രയോഗിച്ചതും  ലോകത്തിന്‌ കാണീച്ച് കൊടുത്തതും ഹിരോഷിമയിലും നാഗസാക്കിയിലും പകയുടെ നാഗ നേത്രങ്ങളോടെ വിക്ഷേപിച്ച അണുബോംബുകളിലൂടെയാണ്‌. ആണവോർജമെന്ന വാക്കു തന്നെ ചകിതതയുടെ പര്യായമായി അനുഭവപ്പെടുന്നതിന്റെ ഒരു കാരണവും ഇതു തന്നെയാണ്‌.  
1988ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവും തമ്മിലുണ്ടാക്കിയ അന്തർ സർക്കാർ കരാറിലൂടെയാണ്‌ കൂടം കൂളം ആണവ നിലയത്തിന്റെ പ്രാഥമിക ധാരണകൾ രൂപപ്പെടുന്നത്. നിരവധി കൂടിയാലോചനകൾക്കും ഉദ്യോഗസ്ഥ നയതന്ത്ര തലങ്ങളിലെ ഗഹനമായ ചർച്ചകൾക്കും ശേഷമാണ്‌ ഊർജോത്പാദന നിലയത്തിന്റെ നിർമ്മാണമാരംഭിക്കുന്നത്.  
രണ്ട് കൂറ്റൻ ആണവ റിയാക്ടറുകളിൽ നിന്നായി രണ്ടായിരം  മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയും, അതിലൂടെ കടുത്ത ഊർജ പ്രതിസന്ധി നേരിടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നേരിട്ട് വൈദ്യുതി എത്തിക്കുകയും ചെയ്യാവുന്ന വിധത്തിൽ പുരോഗമിച്ച പദ്ധതിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കടുത്ത പ്രതിഷേധങ്ങളും പ്രതിസന്ധികളുമാണ്‌ പിന്നീട് നേരിടേണ്ടി വന്നത്.
13000കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന ആണവ നിലയത്തിന്റെ ഹോട്ട് റൺ അടുത്തിടെയാണ്‌ ആരംഭിച്ചത്. റിയാക്ടറും അനുബന്ധ ഉപകരണങ്ങളും പൂർണ്ണമായും റഷ്യൻ സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്നതായതിനാൽ ഇന്ധനമുൾപ്പെടെയുള്ള സാങ്കേതിക ക്രയ വൈദഗ്ദ്യത്തിനായി ഒരു  ഉന്നത തല ഇന്തോ റഷ്യൻ സാങ്കേതിക സഹകരണം തുടർന്നു പോകെണ്ടതുണ്ട്. 1990കളിൽ അന്താരാഷ്ടാതലത്തിലെ ശാക്തിക ബലാബല ചേരികളിൽ സംഭവിച്ച വിള്ളലുകളും വിളക്കിച്ചേർക്കലുകളുമാണ്‌ കൂടം കുളം ആണവ പദ്ധതിയുടെ ഭാവിയിലും പ്രതിഫലിച്ചത്.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ലോക ക്രമത്തിന്റെ നായകത്വം സ്വയം ഏറ്റെടുത്ത അമേരിക്ക ഇന്ത്യയുടെ റഷ്യൻ ആണവ പദ്ധതികളെ നിരുൽസാഹപ്പെടുത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ധനമായ ആണവോർജത്തിന്റെ സഹകരണ, വിപണനങ്ങളിലൂടെ ഇന്ത്യയ്യും റഷ്യയും ബന്ധുത്വം ബലപ്പെടുത്തുന്നതിലെ ആശങ്കകളായിരുന്നു അമേരിക്കയുടെ ഈ താല്പര്യമില്ലായ്മയുടേ കാരണം.

ലോകത്തെ ഒരോ വൻ വികസന പദ്ധതികൾക്കും അതിന്റെ പ്രത്യാഘാതങ്ങൾ പകരമായി നല്കേണ്ടി വരുന്നുണ്ട്. ശീഘ്ര ഗതിയിൽ വികസനത്തിന്റെ അനിവാര്യതകളിലേയ്ക്ക് കുതിക്കുന്ന ഇന്ത്യയെപ്പോലെയുള്ള മൂന്നാം ലോക രാജ്യങ്ങളുടേ ഊർജാവശ്യങ്ങൾ ന്യായമാണ്‌ എന്നതു പോലെതന്നെ അതിനായി സ്വീകരിക്കുന്ന മാഗങ്ങളും ന്യായമാണെന്ന് പൗരന്മാരെ ബോധ്യപ്പെടുത്തേണ്ട ഭരണപരവും നയ പരവുമായ ബാധ്യത സർക്കാറുകൾകുണ്ട്. വികസനങ്ങൾക്ക് പകരമായി നല്കേണ്ട അതിന്റെ പ്രത്യാഘാതങ്ങൾ വികസനത്തിന്റെ ഗുണഭോക്താക്കളുടേ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണോ എന്ന അന്വേഷണവും നടക്കേണ്ടതുണ്ട്.
ആയിരത്തോളം ദളിത് കുടുംബങ്ങളുൾപ്പെടെ രണ്ടായിരത്തിയഞ്ഞൂറ്‌ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ്‌ കൂടംകുളം. ആഴക്കടൽ മത്സ്യബന്ധനവും കുടിൽ വ്യവസായങ്ങളും ക്യഷിയുമാണ്‌ അവിടുത്തുകാരുടെ പ്രധാന ജീവിതമാർഗങ്ങൾ. പദ്ധതി ആരംഭിക്കുന്ന കാലത്തു തന്നെ തദ്ദേശിയരുടെ ചെറുത്തുനില്പുകൾ തുടങ്ങിയിട്ടുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കലിൽ തുടങ്ങി, പരിസ്ഥിതി പ്രശ്നങ്ങളും, സാമൂഹിക, ആരോഗ്യ പ്രശ്നങ്ങളുമൊക്കെയായി പ്രക്ഷോഭങ്ങളുടെ അലകൾ ആളിപ്പടർന്നു.തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, ജില്ലകളിലെ ആളുകൾ ചേർന്ന് സംയുക്ത പ്രക്ഷോഭവേദികൾ രൂപപ്പെടുത്തി.
സമീപത്തെ പേപ്പാറാ ഡാമിൽ നിന്ന് ആണവാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി ഒഴുക്കിക്കളയുന്ന ജലത്തിൽ അവശേഷിക്കുന്ന റേഡിയേഷൻ ഘടകങ്ങളും, അത് ഒഴുകി സമുദ്രത്തിലെത്തി അവിടങ്ങളിലെ ആവാസ വ്യവസ്ഥകളിൽ  ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ചർച്ചയാക്കപ്പെട്ടു. കടലിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങളിലൂടെ ഭക്ഷ്യ ശ്യഖലയിൽത്തന്നെ ഈ ആണവ ഘടകങ്ങ്ളും അണുവികിരണങ്ങളും എത്തിപ്പെടുന്നതിനെ നാട്ടുകാർ ഭയപ്പെട്ടു.നാട്ടുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും ആശങ്കകൾ ദൂരീകരിക്കുന്നതിനും അവരെ ആണവ സാക്ഷരരാക്കുന്നതിനുമായി റഷ്യൻ സാങ്കേതികവിദഗ്ദരെക്കൂടി ഉപയോഗപ്പെടുത്തി സർക്കാർ ബോധവല്ക്കരണങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു. പ്രത്യാഘാതങ്ങൾ വിലയിരുത്താൻ പല സമിതികളേയും നിയോഗിക്കുകയും ചെയ്തു. ആണവ നിലയത്തിന്റെ ഇരുപത് കിലോമീറ്റർ പരിധിയിലുള്ള പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിചരണ ഇൻഷുറൻസും ഏർപ്പെടുത്തി
സോവിയറ്റ് യൂണിയന്റേയുൻ ഗോർബച്ചേവിന്റേയും രാഷ്ട്രീയ പതനത്തോടെയും രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെയും വീര്യം ചോർന്നുപോയ കൂടംകുളം പദ്ധതി 1997ൽ അധികാരത്തിൽ വന്ന ദേവഗൗഡ സർക്കാരാണ്‌ പുനരുജ്ജീവിപ്പിച്ചത്.തെക്കേയിന്ത്യക്കാരനായ ഇന്ത്യൻ പ്രധാനമന്ത്രിയും, റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസനും ചേർന്ന് സജീവമാക്കിയ കരാറിലൂടെ ദക്ഷിണേന്ത്യക്കാരുടെ ഊർജ്ജപ്രതിസന്ധിക്ക് മേൽ പ്രത്യാശയുടേ ചിറകുകൾ വീണ്ടും വിടർത്തപ്പെട്ടു. 

എന്നാൽ വീണ്ടും പദ്ധതിയെ എതിർക്കുന്ന സമീപനം കൈക്കൊണ്ട അമേരിക്ക ഇന്ത്യയുമായി ബോധപൂർവമായ ഒരു സൗഹാർദ്ദത്തിനു മുതിർന്നു. വളർന്നുവരുന്ന മൂന്നാം ലോക രാജ്യങ്ങൾ തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളുമായി ബന്ധുത്വം സ്ഥാപിക്കുന്നതിനെ അമേരിക്ക എതിർക്കുന്നുണ്ട്. ഇന്ത്യയുടെ ഇറാൻ ബന്ധത്തിൽ അമേരിക്ക കൈകടത്തുന്നതും ഇതിനു തെളിവാണ്‌. 
കൂടം കുളത്തെ അതേ സാങ്കേതികവിദ്യയിൽ റഷ്യയിൽ സ്ഥാപിക്കപ്പെട്ട ആണവ പദ്ധതിയാണ്‌ ‘കൊർനോബിൽ’ ആണവ നിലയം. അവിടെ സംഭവിച്ച ദുരന്തവും ഇരമ്പിയാർത്തെത്തിയ സുനാമിത്തിരമാലകൾ നക്കിത്തുടച്ച ജപ്പാനിലെ ‘ഫുക്കുഷിമ’ ആണവനിലയ അപകടവുമാണ്‌ ഇന്ന് കൂടംകുളം ആണവ നിലയത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുഖ്യ വിഷയങ്ങൾ. പ്രക്ഷോഭങ്ങൾ ന്യായമാണെങ്കിലും അത് നടപ്പിലാക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയിലും താത്പര്യങ്ങളിലും സംശയത്തിന്റെ കരിനിഴൽ പടർന്നിരിക്കുകയാണ്‌. കൂടംകുളത്തെ പ്രക്ഷോഭങ്ങളെ അദ്യശ്യമായി സഹായിച്ച്കൊണ്ടിരിക്കുന്നത് അമേരിക്കയാണെന്ന്  ഇന്ത്യൻ പ്രധാനമന്ത്രിയുടേ വെളിപ്പെടുത്തൽ വിഷയത്തിന്‌ ആഗോളശ്രദ്ധ നേടിക്കൊടുത്തുകഴിഞ്ഞു. പ്രധാനമായും ആറ്‌ എൻ ജി ഒ കളാണ്‌ അണുവികിരണ ഭീഷണിയുയർത്തി ആണവ നിലയത്തിന്റെ പ്രവർത്തനത്തിന്‌ തടസ്സം നില്ക്കുന്നതും, പ്രക്ഷോഭങ്ങളുടെ നേത്യത്വം കൈയ്യടക്കിയിരിക്കുന്നതും. ഈ എൻ ജി ഒ കൾക്ക് നിർലോഭമായ അമേരിക്കൻ സാമ്പത്തിക സഹായം ലഭിച്ച്കൊണ്ടിരിക്കുന്നുവെന്നാണ്‌ എൻ ഡി ടി വി യുടേ സയൻസ് എഡിറ്റർ പല്ലവ ബഗ്ലയുമായുള്ള അഭിമുഖത്തിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗ് വെളിപ്പെടുത്തിയത്.
ഹിരോഷിമയിലെയും നാഗസാക്കിയിലേയും അണു വികിരണങ്ങളേക്കാൾ, കൂടംകുളത്തെ അണു വികിരണങ്ങൾ എന്തുകൊണ്ടായിരിക്കും അമേരിക്കയ്ക്ക് കൂടുതൽ അസ്വസ്ഥതകളുണ്ടാക്കുന്നത്? ഇതിന്‌ ഉത്തരം പറയേണ്ടത് അമേരിക്ക തന്നെയാണ്‌? പിന്നെ ഉത്തരം പറയാൻ കഴിയുന്ന മറ്റൊരാൾ ഇന്ത്യൻ പ്രധാന മന്ത്രിയും.
കൂടംകുളത്തെ രണ്ട് ആണവ റിയാക്ടരുകളിൽ തെളിയുന്ന അമേരിക്കൻ കണ്ണുകളൂടെ നോട്ടം എങ്ങോട്ടേയ്ക്കാണെന്ന് എന്തായാലും അമേരിക്കൻ ദാസ്യത പ്രകടിപ്പിക്കുന്ന മന്മോഹൻ സിംഗ് മനസ്സിലാക്കാതിരിക്കാൻ തരമില്ല. ഈ വിഷയത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തറിയേണ്ടതുണ്ട്. വസ്തുതകൾ എന്തായിരുന്നാലും കേവല സൂചനകൾക്കപ്പുറം പൊതുജനങ്ങളുമായും മാധ്യമങ്ങളുമായും പ്രധാനമന്ത്രി തുറന്ന് പ്രതികരിക്കേണ്ടതുണ്ട്; കൂടംകുളത്തെ അമേരിക്കൻ കണ്ണുകളെക്കുറിച്ച്.
                                                                                                                              msshaiju@yahoo.co.in