Nov 22, 2012

മിസ്റ്റർ പരേതൻ, ഒരു മെംബർഷിപ്‌ എടുക്കാമോ?സൗഹ്യദങ്ങൾക്കും അയൽപ്പക്ക ബന്ധങ്ങൾക്കുമിടയിൽപ്പോലും ജാതി ബോധത്തിന്റേയും പാർട്ടി ചിന്തയുടേയുമൊക്കെ വകഞ്ഞു മാറ്റലുകളും, വേർതിരിച്ചെടുക്കലുകളുമൊക്കെ നടക്കുന്ന ഇക്കാലത്ത്‌ ഒരു വേറിട്ട്‌ കാഴ്ചയുടെ സരസവും ഒതുക്കവുമുള്ള ചിത്രമാണ്‌ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട കാഴ്ചകളിൽ വ്യത്യസ്തമായതും അൽപം കൗതുകകരവുമായി തോന്നിയത്‌. തികച്ചും സാധാരണക്കാരനായ ഒരാളിന്റെ പെട്ടെന്നുള്ള മരണവാർത്തയറിഞ്ഞ്‌ ഒന്ന് കാണാനായി അവിടം വരെ പോയതായിരുന്നു ഞാൻ. അന്നാട്ടിലെ തികച്ചും സാധാരണക്കാരനാണ്‌ മരിച്ചിരിക്കുന്നത്‌. എടുത്തു പറയത്തക്ക സാമൂഹ്യ ബന്ധങ്ങളോ, ഓർത്തിരിക്കേണ്ട വിധമുള്ള പൊതു സേവയോ, പ്രത്യേകം പരാമർശിക്കേണ്ട വൈശിഷ്ട്യങ്ങൾക്കുടമയോ ഒന്നുമല്ല. ആ ചെറിയ അങ്ങാടിയിലെ ഒരു ചെറിയ സാദാ വ്യാപാരി. വലിയ ബന്ധങ്ങളൊന്നുമില്ലാത്ത, വിവാഹിതരായ രണ്ട്‌ പെണ്മക്കൾ മാത്രമുള്ള ഒരു പിതാവ്‌ അത്രമാത്രം.
റോഡിന്റെ സാമാന്യം വീതിയുള്ള ഓരത്ത്‌ കാർ പാർക്ക്‌ ചെയ്ത്‌ ഞാൻ പുറത്തിറങ്ങുമ്പോൾ പെട്ടെന്ന് ദ്യഷ്ടി പതിഞ്ഞത്‌ ഒരു പോസ്റ്ററിന്മേലാണ്‌. പരേതന്റെ സചിത്ര പോസ്റ്റർ. ഒരു വലിയ 'ആദരാഞ്ജലികളും'. ആരാണ്‌ പ്രസാധകർ എന്ന് രണ്ടാമതൊന്ന് നോക്കേണ്ടതില്ലാത്ത വിധം താഴെ സാമാന്യം മുഴുപ്പുള്ള വെണ്ടക്ക അക്ഷരത്തിൽ ഒരു വിപ്ലവ പാർട്ടിയുടെ പേരും അച്ചടിച്ചിട്ടുണ്ട്‌. സത്യം പറഞ്ഞാൽ ആദ്യമൊന്ന് അദ്ഭുതപ്പെട്ടു. അദ്ദേഹം ആ പാർട്ടിയുടെ പ്രവർത്തകനായിരുന്നോ? അതോ അനുഭാവിയോ? അറിവിന്റേയും ഓർമയുടേയും പഴയ താളുകളൊക്കെ ഒന്നു ക്ടഞ്ഞ്‌ നോക്കി. ങ്‌ഹൂം.. താളുകളിലെവിടെയും അങ്ങനെ കോറിയിട്ടിട്ടില്ല. പണ്ട്‌ കാളവണ്ടി ചിഹ്നത്തിൽ മത്സരിച്ച ഒരു സ്ഥാനാർത്ഥിയുടെ കഥ കേട്ടിട്ടുണ്ട്‌. കാളവണ്ടിയിൽ യാത്ര ചെയ്തിരുന്ന് ആൾക്കാരെയൊക്കെ കക്ഷി തന്റെ പാർട്ടിയിൽ പെടുത്തിക്കളഞ്ഞു. ഇനി ആകണ്ടെത്തൽ പോലെങ്കിലും എന്തെങ്കിലും ബന്ധം പാർട്ടിയോട്‌? ശ്ശെ! അങ്ങനെയൊന്ന് ബന്ധിപ്പിക്കാൻ പോലും ഇല്ല. ചില പാർട്ടികൾ ഈയ്യിടെയായി മറ്റൊരു ഏർപ്പാട്‌ തുടങ്ങിയിട്ടുണ്ട്‌. തങ്ങ്നഗ്ലൂടെ സാന്നിധ്യം വെളിപ്പെടുത്താനും ആരോഗ്യ സ്ഥിതിയ്ക്ക്‌ മറ്റ്‌ തകരാറൊന്നും പറ്റിയിട്ടില്ല എന്നൊക്കെ ആളുകളെ ബോധ്യപ്പെടുത്താനുമായി ചില പൊടിക്കൈകളായി ഇടയ്ക്കിടെ ചില പോസ്റ്ററുകൾ പതിയ്ക്കാറുണ്ട്‌. ഇനി അങ്ങനെയങ്ങാനും പതിച്ചതാകുമോ? (പാർട്ടി അണികളുടെ ഉറക്കച്ചടവ്‌  മാറ്റാനുള്ള സൂത്രപ്പണികളാണ്‌ ഇങ്ങനെ നിശ്ചിത ഇടവേളകളിൽ പശ പതിപ്പിയ്ക്കാനായി അച്ചടിക്കപ്പെടുന്ന പോസ്റ്ററുകൾക്ക്‌ പിന്നിലുള്ളത്‌ എന്നത്‌ വിവരമില്ലാത്ത്‌ അരാഷ്ട്രീയ വാദികൾ പറയുന്നതാകാനേ തരമുള്ളൂ. നമുക്കറിയുന്നതല്ലേ ഇവരെ. പാവങ്ങൾ, രാഷ്ട്ര പുനർ നിർമ്മാണത്തിൽ കയ്‌ മെയ്‌ മറന്ന് അധ്വാനിക്കുന്നവർ)
അല്ലെങ്കിലും നിരുപദ്രവകാരിയായ ഒരാൾക്ക്‌ മരണ ശേഷമെങ്കിലും മെംബർഷിപ്‌ കൊടുത്തുവേന്നതിൽ പ്രത്യേകിച്ച്‌ നഷ്ടമൊന്നുമില്ലല്ലോ? ഞാൻ ചുവടുകൾ മെല്ലെ മുന്നോട്ട്‌ വെച്ചു. തൊട്ടടുത്ത കടയുടെ തടി നിരവുകളിൽ മുഴുവൻ അതാ മറ്റൊരു പോസ്റ്റർ! സംഗതി അതും ആദരാഞ്ജലികൾ തന്നെ. പക്ഷേ ആലുവയും മത്തിക്കറിയുമെന്നതു പോലെ ഒരു കോമ്പിനേഷൻ കുറവ്‌. ഇതിലുമുള്ള ചിത്രം നേരത്തേ കണ്ട അതേ ആളുടേത്‌ തന്നെ. രണ്ട്‌ വ്യത്യാസങ്ങൾ മാത്രം. ഒന്ന്. അത്‌ ഒരു ബഹു വർണ്ണ പോസ്റ്ററാണ്‌. രണ്ട്‌, ഇതിന്റെ പ്രസാധകർ മറ്റൊരു പാർട്ടിയാണ്‌.പ്രദേശത്ത്‌ തമ്മിൽ തല്ലും അടികലശലുകളും പതിവായി നടത്തുന്ന ഈ രണ്ട്‌ പാർട്ടിക്കാർക്കും യോജിക്കാൻ പറ്റിയ മേഖല ഒരു മരണാ വാർത്തയാണ്‌ എന്നതിനേക്കാൾ പരാമർശിക്കേണ്ടത്‌, നല്ലവരായ പരേതർക്ക്‌ മെംബർഷിപ്‌ ഉത്സാഹത്തോടെ കൊടുക്കുന്ന ഏർപ്പാട്‌ നാട്ടുമ്പ്രദേശങ്ങളിലെങ്കിലും വ്യാപകമായി ആരംഭിച്ചിരിക്കുന്നു എന്നതാണ്‌.
അച്ചടി വിദ്യയുടെ ആവിർഭാവം മനുഷ്യകുലത്തിന്‌ ഒരു കുതിച്ച്‌ ചാട്ടം തന്നെയായിരുന്നു. അക്ഷരങ്ങളുടേയും അറിവിന്റേയും ലോകത്ത്‌ വലിയ ബഹിർസ്ഫുരണങ്ങളാണ്‌ അത്‌ ഉയർത്തി വിട്ടത്‌. ഇന്ന് അച്ചടി വിരൽത്തുമ്പിലാണ്‌. ആശയങ്ങൾ നൊടിയിട കൊണ്ട്‌ മഷി പുരണ്ട്‌ മുമ്പിൽ തയാർ. ശരിക്കു പറഞ്ഞാൽ കുതിച്ചു ചാട്ടമെന്നൊക്കെ പറയുന്നതിന്റെ ആശയ പ്രതലത്തിന്റെ നാനാർത്ഥങ്ങൾ ഇപ്പോഴാണ്‌ ആളുകൾ ശരിയാം വണ്ണം മനസ്സിലാക്കിത്തുടങ്ങുന്നത്‌. നാടോട്‌ നാടു മുഴുവൻ ഇന്ന് പോസ്റ്റർ പ്രളയത്തിലാണ്‌. അങ്ങാടികളായ അങ്ങാടികൾ മുഴുവൻ നിരന്ന് പതിയുന്ന പോസ്റ്ററുകളും അത്‌ പതിക്കുന്നവരുടെ പേരുകളും വായിച്ച്‌ ആളുകൾ അന്തം വിടുകയാണ്‌. ഇന്നത്തെ കാലത്ത്‌ പേപ്പർ സംഘടനയെന്നത്‌ ഒരു മാതിരി മാനമുള്ള ഒരു മിനിമം സംഗതിയാണ്‌. ഒരു കഷണാം പേപ്പറിലെങ്കിലും ഔദ്യോഗികമായി അവരുടെ പേരുണ്ടല്ലോ? പേപ്പറിൽ പോലും ഇല്ലാത്ത സംഘടനകളാണ്‌ ഈ പ്രാദേശിക പോസ്റ്റർ വിപ്ലവത്തിന്റെ മുഖ്യ പ്രായോജകർ. ആരൊടെങ്കിലും എന്തെങ്കിലും വിരോധമോ അമർഷമോ തോന്നിയാൽ മതി അന്നു രാത്രി തന്നെ ഒരു സംഘടന പിറക്കുകയായി. രാത്രിയ്ക്ക്‌ രാത്രി ആയിരക്കണക്കിന്‌ പോസ്റ്ററുകൾ. പിറ്റേന്നോടെ സംഘടന ചരമം പ്രാപിച്ചു. ഏതാണ്ട്‌ ഈ കോലത്തിലാണ്‌ ഇന്നത്തെ പോസ്റ്റർ വിപ്ലവം. ഏത്‌ അണ്ടനും അടകോടനും എന്തും അച്ചടിപ്പിക്കാം എവിടെയും പതിപ്പിക്കാം! ജനാധിപത്യത്തിലെ പ്രധിഷേധാവകാശങ്ങളെക്കുറിച്ച്‌ ഒരു ചുക്കും അറിയാത്തവനാണോ ഇവൻ എന്ന് ദയവായി വിചാരിക്കരുത്‌. മാന്യമായി പെയിന്റടിച്ച്‌ വ്യത്തിയാക്കി "ഇവിടെ പരസ്യം പതിയ്ക്കരുത്‌" എന്ന് വിനയത്തോടെ എഴുതി വെച്ചിരിക്കുന്നവന്റെ ഒത്ത നെഞ്ചത്ത്‌ തന്നെ പശ പതിപ്പിക്കുന്നതിനെക്കുറിച്ച്‌, അറിയാതെ പറഞ്ഞ്‌ പോയതാണ്‌.

ഒരു കാര്യം കൂടി പറയാതെ വയ്യ. തോന്നുന്നവന്‌ തോന്നുന്നത്‌ പോലെ തോന്നുന്നതിന്റെ മുകളിൽ പശതേയ്ക്കാവുന്ന ഈ പോസ്റ്റർ "കുതിച്ചു ചാട്ടത്തിന്‌" ഒരു നിയന്ത്രണം വേണ്ടതില്ലേ? പഞ്ചായത്ത്‌ ആഫീസിന്റെ മതിലിൽ തുടങ്ങി, പത്ത്‌ മിനുട്ട്‌ അനങ്ങാതെ നിൽക്കുന്നവന്റെ പിന്നാം പുറം വരെ പശതേയ്ക്കാനുള്ള വേദിയാക്കിമാറ്റുന്ന ഈ ഏർപ്പാടിന്‌ ഒരു നിയന്ത്രണം ഉണ്ടായേപറ്റൂ. ശബ്ദ മലിനീകരണത്തിന്‌ ഏർപ്പെടുത്തുയതു പോലെയെങ്കിലും ഒരു നിയന്ത്രണം ഈ വിഷയത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. പോസ്റ്റർ പതിക്കുന്നവരോ അതിന്റെ പ്രസാധകരോ എന്തു പോസ്റ്റർ, എവിടെയൊക്കെ എത്ര പതിക്കുന്നു എന്ന വിവരണത്തോടൊപ്പം അതിനുള്ള അനുവാദം കൂടി ബന്ധപ്പെട്ടവരിൽ നിന്നും വാങ്ങുന്ന ഒരു നിയന്ത്രണം അനിവാര്യമായും ഉണ്ടാകേണ്ടതുണ്ട്‌.അല്ലെങ്കിൽ നമ്മുടെ വരും തലമുറ ഈ പോസ്റ്റർ നോട്ടീസ്‌ വിപ്ലവത്തിൽ ശരിക്കും 'കുതിച്ചു ചാടേണ്ടി' വരും.( ഹെർമൻ ഗുണ്ടർട്ട്‌ സാറേ മാപ്പ്‌ ...... വിനാശ കാലേ വിപരീത ബുദ്ധി)

Nov 13, 2012

അമേരിക്കയെ നടുക്കുന്ന കൂട്ടക്കൊലകളും കൂട്ടക്കൊലകൾക്ക്‌ പിന്നിലെ മന:ശാസ്ത്രവുംകൂട്ടക്കൊലകൾ അമേരിക്കയിൽ പതിവ്‌ വാർത്തകളാകുകയാണ്‌.ജനക്കൂട്ടങ്ങൾക്കിടയിലേയ്ക്ക്‌ നിറതോക്കുകളുമായി ചാടി വീണ്‌ പത്തും പതിനഞ്ചും ആളുകളെ, സ്ത്രീകളെന്നോ പിഞ്ചു കുഞ്ഞുങ്ങളെന്നോ വ്യദ്ധരെന്നോ ഭേദമില്ലാതെ കൂട്ടക്കശാപ്പ്‌ നടത്തി, ആത്മഹത്യ ചെയ്യുന്ന അക്രമികളുടെ മന:ശാസ്ത്രത്തെക്കുറിച്ച്‌ അമേരിക്കൻ സർവ്വ്വകലാശാലകളിൽ ഗവേഷണം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യം കൂടിയാണിപ്പോൾ. അമേരിക്കയിലെ സാധാരണാക്കാരെയും ബിസിനസ്‌ കോർപ്പറേറ്റുകളേയുമൊന്നടങ്കം ആശങ്കയുടെയും അരക്ഷിതത്വത്തിന്റേയും മുൾമുനയിൽ നിർത്തുന്ന ഇത്തരം സംഭവങ്ങൾ അമേരിക്കയിലെ ഏതെങ്കിലും ചില മോശം പ്രവിശ്യകളിൽ മാത്രം കാണപ്പെടുന്ന ഒറ്റപ്പെട്ട വാർത്തകളല്ല.
അമേരിക്കയെന്ന വിശാല സ്വാതന്ത്ര്യത്തിന്റെ വിപ്ലവ ഭൂമികയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഇത്തരം സംഭവങ്ങൾ ശക്തി പ്രാപിച്ച്‌ കൊണ്ടിരിക്കുകയാണ്‌. ലോകത്തിന്റെ സങ്കീർണ്ണതകൾക്ക്‌ പരിഹാരം കണ്ടെത്താൻ വ്യഗ്രത കാണിക്കുന്ന അമേരിക്കയ്ക്ക്‌ അഭിമാനക്കേടിന്റെ പുതിയ അധ്യായങ്ങളാണ്‌ ഇത്തരം സംഭവങ്ങൾ സമ്മാനിക്കുന്നത്‌. ഇതര രാജ്യങ്ങളൊക്കെ അതിശയത്തോടെയും അൽപം ഭീതിയോടെയുമാണ്‌ ഈ അക്രമ സംഭവങ്ങളെ നോക്കിക്കാണുന്നത്‌. 
സമ്പന്നന്മരുടേയും സുഖിയന്മാരുടേയും നഗരമായ ഫ്ലോറിഡ പ്രവിശ്യയിലെ കാസൽബെറിയിൽ ഈയ്യിടെ നടന്ന വെടിവെയ്പിന്റേയും കൂട്ടക്കശാപ്പിന്റേയും പശ്ചാത്തലത്തിലാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌. 2011 ഒക്ടോബറിൽ തെക്കൻ കാലിഫോർണ്ണിയയിൽ നടന്ന കൂട്ടക്കൊലയുടെ അതേ മാത്യകയിലാണ്‌ ഇത്തവണ ഫ്ലോറിഡയിൽ മനുഷ്യക്കുരുതി നടന്നത്‌.  തിരക്കേറിയ ഫാഷൻ സെന്ററിനുള്ളിൽ പാഞ്ഞ്കയറിയ അക്രമി നൊടിയിടയിൽ യതൊരു പ്രകോപനവുമില്ലാതെ പിസ്റ്റണെടുത്ത്‌ നിരവധിപേരെ കൊന്നു വീഴ്ത്തി. ശേഷം ധ്യതിയോ തിരക്കുകളോ ഇല്ലാതെ സാവധാനം പുറത്തിറങ്ങി സ്വയം മരണത്തെ വരിച്ചു. ഏതെങ്കിലും പ്രത്യേകമായ വിഘടന വാദത്തിന്റേയോ പ്രത്യയ ശാസ്ത്രങ്ങളുടെയോ പിൻബലത്തിലോ ആവേശത്തിലോ അല്ല ഇവരാരും കൊല്ലാനും മരിക്കാനുമായി തുനിഞ്ഞിറങ്ങുന്നത്‌. സുദീർഘമായി മനസിനെ മഥിച്ചുകൊണ്ടിരിക്കുന്ന ഉഗ്രവും അതി കഠിനവുമായ ജീവിത നൈരാശ്യത്തിന്റേയും ജീവിതത്തെക്കുറിച്ചുള്ളാ തീവ്രമായ അർത്ഥരാഹിത്യ ബോധത്തിന്റേയും സൂപ്പർലേറ്റീവ്‌ മാനസികാവസ്ഥകളിലെത്തുന്നവരാണ്‌ ഇങ്ങനെ അക്രമികളായി പൊതുജന മധ്യേ ഇറങ്ങുന്നതെന്നാണ്‌ മന:ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.


2012 ജൂലായ്‌ 20 ന്‌ അറോറ നഗരത്തിലെ ഒരു ആഡംബര തീയറ്ററിൽ കടന്ന്, ജെയിംസ്‌ ഹോംസ്‌ എന്ന് പേരുള്ള അക്രമി ടിയർ ഗ്യാസ്‌ സിലിണ്ടറുകൾ പൊട്ടിച്ച്‌ ഭീകരാന്തരീക്ഷം സ്യഷ്ടിച്ച്‌ 12 റൗണ്ട്‌ വെടിയുതിർത്തു. 58 പേർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും 12 പേർ തത്ക്ഷണം മരിച്ച്‌ വീഴുകയും ചെയ്ത ഈ സംഭവം എന്തിനു ചെയ്തു എന്ന ചോദ്യത്തിനു ഹോംസ്‌ പറഞ്ഞ മറുപടി" വെറുതേ തോന്നി" എന്നത്‌ മാത്രമായിരുന്നു. അയാൾ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിന്നായുള്ള മുന്നൊരുക്കത്തിലും പരിശീലനത്തിലുമായിരുന്നുവേന്നാണ്‌ പോലീസ്‌ കോടതിയിൽ വാദിച്ചത്‌. ഇന്റർന്നെറ്റ്‌ ഉപയോഗിച്ചാണ്‌ അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും അയാൾ വാങ്ങിക്കൂട്ടിയതത്രേ! 24 ഇന കുറ്റങ്ങൾ ചാർത്തി ഹോംസിനെ അമേരിക്കയിലെ ഫെഡറൽ പോലീസ്‌ തടവിൽ പാർപ്പിച്ചിരിക്കുകയാണ്‌. ഒന്നുകിൽ ആജീവനാന്ത തടവി നായി അല്ലെങ്കിൽ വധശിക്ഷയ്ക്കായി.
2011 സെപ്റ്റംബർ 16ന്‌ അമേരിക്കയിലെ തിരക്കേറിയ കഴ്സൺ നഗരത്തിലെ ഒരു എ ക്ലാസ്‌ റസ്റ്റൊറന്റിനുള്ളിൽ ഏകദേശം മുപ്പത്തിരണ്ട്‌ വയസ്‌ തോന്നിക്കുന്ന ഒരു യുവാവ്‌ ബ്രേക്ഫാസ്റ്റ്‌ കഴിക്കാനെന്ന വ്യാജേന വന്നിരിക്കുന്നു. അലക്ഷ്യമായി പോക്കറ്റിനുള്ളിൽ നിന്ന് തോക്കെടുത്ത്‌ തൊട്ട്‌ മുന്നിലെ ടേബിളിൽ സൊറ പറഞ്ഞിരുന്ന അഞ്ച്‌ ആർമി ഉദ്യോഗസ്ഥരെ വെടിവെച്ച്‌ വീഴ്ത്തുന്നു. വെടിയൊച്ച കേട്ട്‌ പ്രാണഭയത്താൽ പരക്കം പായുന്നവർക്കിടയിലേയ്ക്ക്‌ തുരു തുരാ നിറയൊഴിച്ച്‌ അഞ്ച്‌ പേരെക്കൂടി മരണമുഖത്തേയ്ക്ക്‌ നിർവ്വ്വികാരതയോടെ തട്ടിയിട്ട്കൊടുത്ത്‌ മെല്ല പുറത്തിറങ്ങി സ്വന്തം മാറിന്‌ നേരെ തോക്ക്‌ ചൂണ്ടി നിറായൊഴിക്കാൻ ശ്രമിക്കുന്നതിനിടെ മുന്നിൽ വന്നു പെട്ട പേടിച്ചരണ്ട ഒരു സ്റ്റ്രീയെക്കൂടി ക്രൂരമായ പുഞ്ചിരിയോടെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു.
കഴിഞ്ഞ പത്ത്കൊല്ലത്തിനിടെ ഇത്തരം 32 സംഭവങ്ങളെങ്കിലും അമേരിക്കയിൽ ശരാശരി നടന്നിട്ടുണ്ടെന്നാണ്‌ കണക്കുകൾ വെളിവാക്കുന്നത്‌.മന:ശാസ്ത്രജ്ഞരുടെ തിയറികൾക്കൊന്നും വഴങ്ങാത്ത മാനസിക സങ്കീർണ്ണതകളിലേയ്ക്ക്‌ അമേരിക്കൻ പൗരന്മാർ വഴുതി വീഴുന്നുവേന്നാണ്‌ ഇത്തരം സംഭവങ്ങൾ വിളിച്ചോതുന്നത്‌.കാര്യമായ ക്രിമിനൽ പശ്ചാത്തലങ്ങളുള്ളവരോ, എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നവരോ അല്ല ഇത്തരം സംഭവങ്ങളിൽ അക്രമികളായി പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നവരെന്നത്‌ അനേഷണ ഉദ്യോഗസ്ഥരേയും സർക്കാറിനേയും കുഴപ്പിക്കുന്ന പ്രശ്നങ്ങളിൽ ചിലതാണ്‌.
എന്തു കൊണ്ടായിരിക്കും പൗരന്മാർ പൊടുന്നനെ അക്രമികളാകുന്നത്‌? മറ്റുള്ളവരെ ക്രൂരമായി കൂട്ടക്കശാപ്പ്‌ നടത്തുന്നതിലൂടെ എന്ത്‌ മാനസികാനന്ദമായിരിക്കും അവർക്ക്‌ ലഭിക്കുക? ഈ രണ്ട്‌ ചോദ്യങ്ങളാണ്‌ പ്രധാനമായും മന:ശാസ്തജ്ഞർ വിശകലനം ചെയ്യുന്നത്‌. ഇത്തരം ചോദ്യങ്ങൾക്ക്‌ മുമ്പിൽ സമയം ചെലവഴിക്കുന്നതിന്‌ മുമ്പ്‌ അമേരിക്കയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പൊതുവിൽ പരിശോധിക്കുന്നത്‌ നന്നായിരിക്കും.


1776ലെ സുപ്രസിദ്ധമയ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ നിലവിൽ വന്ന ആധുനിക അമേരിക്കയെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരമോന്നത്‌ പീഠമായാണ്‌ ലോകം വിലയിരുത്തുന്നത്‌. മറ്റ്‌ മൂന്നാം ലോക രാജ്യങ്ങൾ വികസനത്തിന്റേയും ആവിഷ്കാരത്തിന്റേയും മാത്യകകളായി മുന്നിൽ കണ്ടതും അനുകരിക്കാൻ ശ്രമിച്ചതും അമേരിക്കയെയായിരുന്നു. സോവിയറ്റ്‌ യൂണിയന്റെ സമ്പൂർണ്ണമായ പതനത്തോടെ ലോക നിയന്ത്രണം കൈക്കലാക്കിയ അമേരിക്ക ലോക പോലീസായി സ്വയം മാറി. ഓരോ ചെറിയ അമേരിക്കളാകാനാണ്‌ ലോകത്തെ ചെറു രാഷ്ട്രങ്ങളൊക്കെ ആഗ്രഹിച്ചത്‌. 
മതാധിഷ്ഠിത രാജ്യമെന്ന് പേരിലുണ്ടെങ്കിലും ക്രൈസ്തവ മത മൂല്യങ്ങളോടോ ധാർമിക ബോധത്തോടോ അത്‌ തെല്ലും നീതി പുലർത്തിയിട്ടില്ല. ലോകത്തെ ഏറ്റവും കൂടുതൽ മനുഷ്യ ദൈവാരാധകരുള്ളാ രാജ്യങ്ങളിലൊന്നാണ്‌ ഇന്ന് അമേരിക്ക. വ്യക്തി സ്വാന്ത്രമെന്ന പേരിൽ അമേരിക്ക നടപ്പിലാക്കി വന്ന നയങ്ങളും നിലപാടുകളും പുനർ വിചിന്തനം നടത്തേണ്ട ഘട്ടത്തിലൂടെയാണ്‌ ഇന്നാ രാജ്യം കടന്നു പോകുന്നത്‌ എന്നാണ്‌ അന്തർദ്ദേശീയ രാഷ്ട്രീയ നിരീക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നത്‌. സ്വാതന്ത്ര്യത്തിന്റെ അതിരുകൾ കൂടുതൽ അടുപ്പിക്കേണ്ടതുണ്ടെന്നും ധാർമികതയും വൈകാരികതയും(Morality and Feeling) വ്യവച്ഛേദിക്കുന്ന പുതിയ കാഴ്ചപ്പാടുകൾ അമേരിക്കയിൽ വളർന്നു വരേണ്ടതുണ്ടെന്നും ആവശ്യപ്പെടുന്നവരുടെ എണ്ണം അമേരിക്കയ്ക്കുള്ളിൽ വർദ്ധിച്ച്‌ വരുന്നുണ്ട്‌. ന്യൂയോർക്ക്‌ ടൈംസിലെ ദേവിഡ്‌ ബ്രൂക്കും അമേരിക്കയിലെ പ്രസിദ്ധ സോഷ്യോളജിസ്റ്റായ ക്രിസ്ത്യൻ സ്മിത്തും ചേർന്ന് നടത്തിയ പഠനത്തിലെ വിഷയം തന്നെ ധാർമികത ചോർന്ന് പോകുന്ന അമേരിക്കൻ യുവത്വം എന്ന തലക്കെട്ടിലുള്ളതായിരുന്നു. എന്താണ്‌ ധാർമികതയെന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ്‌ അമേരിക്കൻ യുവത്വത്തിലെ മൂന്നിൽ രണ്ട്‌ പേരും എന്നാണ്‌ അവർ പുറത്ത്‌ വിട്ട റിപ്പോർട്ട്‌. കഴിഞ്ഞ മൂന്ന് നൂറ്റാണ്ട്‌ കൊണ്ട്‌ കൊണ്ട്‌ അമേരിക്കക്കാരുടെ ധാർമിക ബോധത്തെ അവരുടെ വൈകാരികത കീഴടക്കിക്കളഞ്ഞുവെന്നാണ്‌ ക്രിസ്ത്യൻ സ്മിത്ത്‌ നിരീക്ഷിച്ചത്‌. പ്രഹര ശേഷിയിൽ അമേരിക്ക ലോകത്തെ നായകരാണ്‌. പക്ഷേ അത്‌ സ്വയം ഏറ്റുവാങ്ങുന്ന പ്രഹരങ്ങളുടെ കാരണമറിയുന്നതിൽ അമേരിക്ക സ്ഥിരമായി പരാജയപ്പെട്ടുകൊ\ൻ\ടിരിക്കുന്നു. അമേരിക്കയിലെ ഓരോ നൂറ്‌ ആളുകൾക്കും തൊണ്ണൂറ്‌ തോക്കുകൾ വീതമുണ്ടെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. അനിയന്ത്രിതമായ വ്യക്തി സ്വാതന്ത്ര്യത്തിന്റെ തിക്ത ഫലങ്ങളൊന്നൊന്നായി അനുഭവിക്കുകയാണ്‌ ഇന്നാ രാജ്യം. അന്താരാഷ്ട്രാ സമൂഹത്തിനു മുന്നിൽ ഒരു നിയന്ത്രകന്റേയോ, നേതാവിന്റേയോ റോൾ സ്വയം എടുത്തണിയുമ്പോഴും ആ രാജ്യത്തിന്റെ പൗരന്മാർക്ക്‌ സ്വാഭാവികമായി ലഭിക്കേണ്ട 'തകരാറില്ലാത്ത ഒരു മാനസിക നില' നൽകുന്നതിൽ ആ രാജ്യം പരാജയപ്പെട്ടിരിക്കുന്നു.തോക്കുകൾക്കും നിയമങ്ങൾക്കും മനുഷ്യ ജീവിതത്തിന്റെ സമാധാന പൂർണ്ണമായ നില നിൽപ്പിന്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും മനസിലാക്കുന്നു. കൂട്ടക്കൊലകൾക്ക്‌ ഇരയാകാതിരിക്കാനായി, അല്ലെങ്കിൽ നാളെ താനുമൊരു കൂട്ടക്കശാപ്പുകാരനാകാതിരിക്കാനായി എന്താണു താൻ ചെയ്യേണ്ടതെന്ന അന്വേഷണത്തിലും വേവലാതിയിലുമാണ്‌ അമേരിക്കക്കാരിൽ പലരും. ഗൺ വയലൻസ്‌ എന്നാണു ഈ പുതിയ പ്രതിഭാസത്തെ അമേരിക്ക പേരിട്ട്‌ വിളിക്കുന്നത്‌. അമേരിക്ക പുലർത്തുന്ന അന്തർദ്ദേശീയ രാഷ്ട്രീയത്തിന്റെ വികലവും അവസരവാദ പരവും ന്യായരഹിതവുമായ നിലപാടുകളോടുള്ള പ്രതിഷേധം കൊണ്ടും അമർഷം കൊണ്ടും അമേരിക്കൻ വിരുദ്ധ വിധ്വംശക ശക്തികൾ അമേരിക്കയ്ക്കുള്ളിലും പുറത്തും വെച്ചുമൊക്കെ നടത്തുന്ന അമേരിക്കൻ വിരുദ്ധതയുടെ പ്രത്യയശാസ്ത്ര ബോംബിംഗിന്റേയും വെടിവെയ്പിന്റേയുംകണക്കുകൾക്ക്‌ പുറമേയുള്ളവ മാത്രമാണ്‌ മുകളിൽ പ്രസ്താവിച്ചവയെല്ലാം.എന്തായാലും ലോകത്തിനാകെ സമാധാനം സമ്മാനിക്കാനിറങ്ങിയ വൻശക്തിയായ അമേരിക്കയിൽ നിന്ന് കേട്ട്‌ തുടങ്ങുന്ന വാർത്തകൾ മറ്റ്‌ പാശ്ചാത്യൻ രാജ്യങ്ങളേയും അന്ധവും അനുരാഗാത്മകവുമായ അമേരിക്കൻ ഭ്രമം തലക്കുപിടിച്ചിരിക്കുന്ന വികസ്വര രാജ്യങ്ങളേയും ഒന്നിരുത്തി ചിന്തിപ്പിക്കാൻ പര്യാപ്തമായതാണ്‌.
                                                                                                                            msshaiju@yahoo.co.in