Dec 28, 2013

കുറുവ: നിഗൂഢ സൌന്ദര്യത്തിന്റെ നിശബ്ദ ദ്വീപ്


പ്രക്യതി സ്നേഹികളായ സഞ്ചാരികളുടെ പറുദീസയാണ് വയനാട്‌. പച്ച പുതച്ച സഹ്യന്റെ മാറിടത്തിലൂടെ ഒഴുകിപ്പരക്കുന്ന വയനാടൻ വിസ്മയങ്ങളുടെ കാണാക്കാഴ്ചകൾ തേടിയുള്ള ഒരു സഞ്ചാര കുതൂഹലമാണ് കുറുവ ദ്വീപ്. മാനന്തവാടിയിൽ നിന്നും മൈസൂരേയ്ക്കുള്ള പാതയ്ക്കരികിലായുള്ള പ്രക്യതിദത്തമായ ഈ ദ്വീപും ഇവിടുത്തെ മനം മയക്കുന്ന കാഴ്ചകളും സഞ്ചാര ദാഹികൾക്കായുള്ള വിസ്മയം തുടിക്കുന്ന അ‌മ്യതേത്താണ്. തൊള്ളായിരത്തിയമ്പത് ഏക്കറുകളിലായി പടർന്ന് കിടക്കുന്ന കുറുവ ദ്വീപ്, കബനി നദിയുടെ വഴിച്ചാലുകൾ ജന്മം കൊടുത്ത പ്രക്യതിയുടെ മടിത്തട്ടാണ്. കാഴ്ചകളുടെ നിത്യ വസന്തങ്ങളുമായി, എല്ലാ ചമയങ്ങളോടെയും അണിഞ്ഞൊരുങ്ങി പ്രക്യതിയിവിടെ സഞ്ചാരികളെ സ്വാഗതം ചെയ്യുമ്പോൾ പേരറിയാത്ത ഒരു നൂറ് പക്ഷികൾ സംഗീതത്തിന്റെ സ്വരഭേദങ്ങൾ കൊണ്ട് കാവ്യ ബോധത്തിന്റെ താളഭംഗിയോടെ സ്വാഗതഗീതമുതിർത്ത് കൊണ്ടാണ് നമ്മെ വരവേൽക്കുന്നത്. പച്ചിലച്ചാർത്തുകൾക്കിടയിൽ വ്രീളാവതിയായ നവവധുവിലെപ്പോലെ മുഖമൊളിപ്പിച്ച് നീട്ടിവിളിക്കുന്ന പക്ഷി സുന്ദരികളിൽ പലതും കുറുവയുടെ മാത്രം സ്വന്തമാണ്; പലതും വംശനാശ ഭീഷണി നേരിടുന്ന അപൂർവ്വ ഇനങ്ങളിൽ പെട്ടവയും
അക്ഷരങ്ങളുടെ സ്നിഗ്‌ദധതകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാത്ത സൌന്ദര്യമെന്ന് എന്തിനെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ കുറുവ ദ്വീപിനേയും ദ്വീപിനെച്ചുറ്റിയൊഴുകുന്ന കബനിയുടെ ശാഖകളേയും വിശേഷിപ്പിക്കേണ്ടത് അങ്ങനെ തന്നെയാണ്. കേരള ടൂറിസം വകുപ്പിന്റേയും വനം വകുപ്പിന്റേയും സംയുകത നിയന്ത്രണത്തിലുള്ള കുറുവ ദ്വീപിലേയ്ക്ക് ഒരു യാത്രയാലോചിക്കുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല; അതിത്രമേൽ സുന്ദരമായിരിക്കുമെന്ന്. ക്യത്രിമ സൌന്ദര്യത്തിന്റെ വർണ്ണക്കാഴ്ചകൾക്ക് ചുറ്റുമായി ഉല്ലാസയാത്രകൾ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കുറുവയെക്കുറിച്ചുള്ള കേട്ടറിവുകളും മാത്രമായാണ് ഞങ്ങൾ വയനാടൻ ചുരം കയറിയത്.
മേഘപാളികൾ ഭൂമിയിലേയ്ക്ക് വിരുന്നു വരുന്ന അപൂർവ്വം ചിലയിടങ്ങളിലൊന്നാണ് വയനാടൻ ചുരങ്ങൾ. തണുത്ത കോടമഞ്ഞിന്റെ മേഘപാളികളെയും വകഞ്ഞ് കീറിക്കൊണ്ടാണ് ഞങ്ങളുടെ വാഹനം മുന്നോട്ട് നീങ്ങുന്നത്. ചുരത്തിലൂടെ നിരങ്ങിനീങ്ങുന്ന വാഹനങ്ങൾക്ക് പിന്നാലെ ഓടിയടുക്കുന്ന വാനരക്കൂട്ടം. യാത്രക്കാർ വലിച്ചെറിയുന്ന ഭക്ഷണവസ്തുക്കളും പ്രതീക്ഷിച്ച് ക്ഷമയോടെ കോൺക്രീറ്റ് കല്ലുകൾക്ക് മുകളിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നത് കുടുംബനാഥന്മാരയിരിക്കണം. അരികിലായി അമ്മക്കുരങ്ങുകൾ മക്കളെ ചേർത്തിരുത്തി പേൻ കൊന്ന്കൊടുക്കുന്നു. കുടുംബം എന്ന സങ്കല്പം മനുഷ്യർക്ക് മാത്രമല്ലല്ലോ? വാനരന്മാരും കുടുംബങ്ങളായാണ് കഴിയുന്നത്.  അലക്ഷ്യമായി വാഹനമോടിക്കുന്നവരെ നിറുത്തിത്തിരിപ്പിച്ച് കറക്കി വിടുന്ന ഹെയർപിൻ വളവുകളാണ് ചുരങ്ങളുടെ പ്രത്യേകത. അശ്രദ്ധരായി വാഹനമോടിക്കുന്നവരെ പിടികൂടാൻ പ്രക്യതി നിയോഗിച്ച ട്രാഫിക് പോലിസുകാരാണിവയെന്ന് തോന്നും. വീണ്ടും നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ, ഒരു പക്ഷേ വിചാരണ പോലുമില്ലാതെ ശിക്ഷയുടെ അഗാധ ഗർത്തങ്ങളിലേയ്ക്ക് തള്ളി വിട്ടേക്കാം. ഓരോ വളവുകൾക്കും കീഴെ പേടിപ്പെടുത്തുന്ന അഗാധതയുടെ നീർച്ചുഴികളാണ്. “സൂക്ഷിച്ച്.. സൂക്ഷിച്ച്” ആരോ പിന്നിൽ നിന്നും ഓർമപ്പെടുത്തുണ്ടായിരുന്നു.
ചുരം കയറിക്കഴിഞ്ഞാൽ രണ്ടര മണിക്കൂർ നേരത്തെ യാത്രയാണ് കുറുവയിലേയ്ക്കുള്ളത്. പനമരത്ത് നിന്നും മാനന്തവാടി റൂട്ടിൽ അരമണിക്കൂർ സഞ്ചരിച്ചാൽ കൈതക്കലെത്താം. അവിടെ നിന്നും കൊയിലേരി - കുറുക്കൻ മൂല- പാൽ വെളിച്ചം വഴി കുറുവയിൽ. മാനന്തവാടിയിൽ നിന്നും മൈസൂർ റൂട്ടിൽ വരുന്നവർക്ക് കട്ടിക്കുളത്ത് നിന്ന് തിരിഞ്ഞും കുറുവയിലെത്താം. കബനി നദിയിലൂടെ ചങ്ങാടത്തിലോ വള്ളത്തിലോ വേണം ദ്വീപിലേക്ക് പോകാൻ. ടൂറിസം വകുപ്പിന്റെ ചങ്ങാടങ്ങളും തുഴ ബോട്ടുകളുമുണ്ട്. വൈകിട്ട് മൂന്ന് മണി വരെയാണ് പ്രവേശനം.

ആയിരക്കണക്കിന് സഞ്ചാരികളാണ് സീസണുകളിൽ ദിനേന ഇവിടെ എത്തുന്നത്. കേരളീയർക്ക് ഇന്നും താരത‌മ്യേന അജ്ഞാതമായ ഈ ദ്വീപിലേക്ക് നോർത്തിന്ത്യയിൽ നിന്ന് പോലും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. നിശബ്ദതയുടെ വന ഭൂമിയാണ് കുറുവ. കുറുവ വിഭാഗക്കാരായ ആദിവാസികളാ‍ണ് പണ്ട് ദ്വീപിന്റെ സമീപ പ്രദേശങ്ങളിൽ വസിച്ചിരുന്നത്. അങ്ങനെയാണത്രേ ദ്വീപിന് ഈ പേര് ലഭിച്ചത്. കുറുവ ദ്വീപ് മാലിന്യമുക്തമാണെന്നതാണ് ഒരു വലിയ സവിശേഷത. പാർട്ടികളോ പിക്നികുകളോ ഇവിടെ അനുവദിക്കുന്നില്ല. വനം വകുപ്പിന്റെ പങ്കാളിത്തത്തോടെയുള്ള  ഇക്കോ ടൂറിസം മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ഇത്രയധികം ആളുകൾ വന്നു പോകുന്നിടമായിട്ട് പോലും ഫുഡ് കൌണ്ടറുകളോ പാനീയ ശാലകളോ ദ്വീപിനുള്ളിലില്ല. മലീനികരണം ഭയന്നാണ് ഇവയൊന്നും അനുവദിക്കാത്തത് എന്നാണ് അധിക്യതരുടെ പക്ഷം.
 ദ്വീപിനെ ചുറ്റി കബനിയുടെ സൌന്ദര്യവും ആസ്വദിച്ചുള്ള അലസ സഞ്ചാരമാണ് കുറുവയുടെ അസ്വാദ്യത. അപൂർവ്വങ്ങളായ ഔഷധ സസ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ്വ ചെടികളും ഇവിടെയുണ്ട്. നിശബ്ദമായ ഒരു മഴക്കാടാണ് കൂടിയാണിത്. നിശബ്ദതയെ ഭേദിച്ച്കൊണ്ട് ഉയരങ്ങളിൽ നിന്ന് ഇടയ്ക്കിടെ വിധയിനം പക്ഷികളുടെ, നിശ്ചിത താളത്തിലുള്ള കൂകലും കുറുകലും കേൾക്കാം. സുഖമുള്ള ഒരു തരം അലോസരമാണ് ഈ പക്ഷി നാദങ്ങൾ. ആകാശത്തോളം തലയുരത്തി നിൽക്കുന്ന ഭീമൻ മരങ്ങളാൽ നിബിഡമാണ് ദ്വീപ്. ഇടയ്ക്കിടയ്ക്ക് കൂറ്റൻ മുളങ്കാടുകൾ കാണാം. സഞ്ചാരികൾക്ക് നടന്ന് ക്ഷീണിക്കുമ്പോൾ വിശ്രമിക്കാനായി വില്ലകളും വിശ്രമ കേന്ദ്രങ്ങളും മുളകൾ കൊണ്ട് നിർമ്മിച്ചിട്ടുണ്ട്. മഴക്കാലത്ത് രൂപപ്പെടുന്ന അരുവികൾക്ക് മുകളിലൂടെ നടക്കാൻ മുളകൾ കൊണ്ടുള്ള മേൽ‌പ്പാലങ്ങളുമുണ്ട്. മഴക്കാലത്താണ് കുറുവയുടെ സൌന്ദര്യം വർദ്ധിക്കുന്നത്. നാണം കുണുങ്ങിയായ കബനി രൌദ്രഭാവം പൂകാൻ തുടങ്ങും. ഇളം ഓളങ്ങളുടെ ബാല്യങ്ങൾ തീക്ഷ്ണ യൌവനങ്ങൾക്ക് വഴിമാറും. കരിങ്കല്ലുകൾക്ക് ഇടയിലൂടെ വൈകാരികതയുടെ വേലിയേറ്റങ്ങൾ സ്യഷ്ടിക്കുന്ന കബനി അപ്പോൾ കൂടുതൽ സുന്ദരിയാകും. ആ സൌന്ദര്യത്തെ നുകരാനാണ് കുറുവയും കാത്തിരിക്കുന്നത്. കാല വർഷത്തെ കുത്തൊഴുക്കിൽ സഞ്ചാരികൾക്ക് കുറുവയിലേയ്ക്ക് പ്രവേശനമില്ല. അപ്പോൾ കബനിയുടെ സൌന്ദര്യം കുറുവയ്ക്ക് മാത്രം സ്വന്തം. വിലക്കുകൾ ലംഘിച്ചും പലരും ആ സമയങ്ങളിൽ സാഹസികമായി കുറുവയിൽ പോകാറുണ്ട്. പക്ഷേ ഏറെ അപകടം നിറഞ്ഞ അത്തരം യാത്രകൾ വനം വകുപ്പും ടൂറിസം വകുപ്പും ശക്തമായി വിലക്കിയിരിക്കുകയണ്.

കബനി നദിയുടെ ഏഴു ശാഖകൾ ഒത്തുചേരുന്ന സംഗമ സ്ഥാനമാണ് ദ്വീപിലെ ഏറ്റവും ഹ്യദ്യമായ കാഴ്ച. പരന്നൊഴുകുന്ന കബനിയിൽ മനം നിറയും വരെ മുങ്ങിക്കുളിക്കാം. ഇവിടെയല്ലാതെ നദിയിൽ എവിടെയും ഇറങ്ങുവാൻ പാടില്ല. ശക്തമായ ഒഴുക്കും ചുഴികളുമുണ്ട്. മിനുസമായ ഉരുളൻ കല്ലുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന നദിയിൽ നിരവധി മരങ്ങളുമുണ്ട്. മരക്കൊമ്പുകൾക്കിടയിലൂടെ കുനിഞ്ഞും നിവർന്നും ശിഖരങ്ങളിൽ തൂങ്ങിയാടിയും മുന്നോട്ട് സഞ്ചരിക്കാം. മിനുത്ത പാറക്കെട്ടുകളിൽക്കൂടി ഞെങ്ങി ഞെരുങ്ങിയൊഴുകുന്ന കബനി ഒരു ചെറിയ വെള്ളച്ചാട്ടം കൂടി ഉപഹാരമായി നൽകിയിട്ടാണ് കുറുവയെ വിട്ട് പോകുന്നത്. കബനിയുടെ ഏഴ് മണവാട്ടികൾക്കും പുതുമാരനായ കുറുവ സഞ്ചാരികളെ മാടിവിളിച്ച് കൊണ്ടേയിരിക്കുന്നു

Nov 30, 2013

വൈരുധ്യാത്മക ദൈവീകവാദ വിപ്ലവം വരുന്നു


വിമോചനത്തിന്റെ പ്രത്യയ ശാസ്ത്രമാണ് കമ്മ്യൂണിസം എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സി പി എം. ആ പാര്‍ട്ടിയുടെ ആധാര ശിലയും കമ്മ്യൂണിസമാണ് എന്നാണ് വെപ്പ്. കമ്മ്യൂണിസം കൊണ്ട് എന്ത് വിമോചനമാണ് സി പി എം നടപ്പാക്കിയത് എന്ന ചോദ്യം അഭിപ്രായാനന്തരം സ്യഷ്ടിക്കുന്ന ഒന്നാണെങ്കിലും വിമോചനം സാധ്യമാക്കാനായി പാര്‍ട്ടി കാലങ്ങളായി അധ്വാനിക്കുന്നുണ്ട് എന്നത് വാസ്തവമാണ്.വൈരുധ്യാത്മക ഭൗതികവാദമാണ് കമ്മ്യൂണിസത്തിന്റെ വേദശാസ്ത്രമെങ്കിലും ആഗോള കമ്മ്യൂണിസ്റ്റ് അണികളില്‍ മഹാഭൂരിപക്ഷത്തിനും എന്താണ് ഈ സംഗതിയെന്ന് ഇപ്പോഴും പിടിയില്ല. സ്വന്തം നയങ്ങളും നിലപാടുകളും അണികളെയും അനുഭാവികളെയും ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിക്കുന്ന പ്രസ്ഥാനമാണ് സി പി എമ്മെങ്കിലും എന്തു കൊണ്ടാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ തന്നെ ഈ വൈരുദ്ധ്യമെന്നത് സാരമായ സംശയമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദമെന്നത് സാധാരണക്കാര്‍ക്ക് പെട്ടെന്ന് കടിച്ച് പൊട്ടിക്കാന്‍ പറ്റാത്ത ഉണക്കക്കുരുവാണെങ്കിലും ദൈവനിഷേധമെന്ന അതിന്റെ പരിപ്പ് വേവുന്നിടങ്ങളും വേവാത്തിടങ്ങളും നോക്കി പാകത്തിന് തീ കൂട്ടാന്‍ എന്നും സി പി എം ഉത്സുകരായിരുന്നു.ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അതിജീവനത്തിന് ചക്രശ്വാസം വലിക്കുകയാണ്. റഷ്യയും ക്യൂബയും വിയറ്റ്‌നാമും മുതല്‍ ഇങ്ങ് പശ്ചിമ ബംഗാള്‍ വരെയുള്ള കമ്മ്യൂണിസത്തിന്റെ മണിയറകളില്‍ നിന്ന് വീശിയടിക്കുന്ന കാറ്റിന് ചാവു ഗന്ധമാണെന്ന് ഏതൊക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മനസിലാക്കിയിട്ടില്ലെങ്കിലും സി പി എം മനസിലാക്കിയിട്ടുണ്ടെന്ന് വേണം ഊഹിക്കാന്‍. ഈയിടെയായി ആ പാര്‍ട്ടി നടത്തുന്ന സാമൂഹിക ഇടപെടലുകളും അനുവര്‍ത്തിക്കുന്ന നയവ്യതിചലനങ്ങളും വിരല്‍ ചൂണ്ടുന്നത് ഈയൊരു തിച്ചറിവിലേക്കാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് സി പി എമ്മും കേരളത്തിലെ ക്രൈസ്തവ മതാധ്യക്ഷരും തമ്മില്‍ നടത്തിയ വാക്‌പോര് മലയാളികള്‍ മറന്ന് കാണില്ല. 'നിക്യഷ്ട ജീവി'യെന്ന പദം നിഘണ്ടുകളില്‍ നിന്നിറങ്ങി സാധാരണക്കാരന്റെ വാമൊഴിയിലും വരമൊഴിയിലും സ്ഥാനം പിടിച്ചത് ആ വിവാദത്തോടെയായിരുന്നു. വയനാട് ബിഷപ്പിനെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അങ്ങനെ വിളിക്കാനുണ്ടായ കാരണം, സി പി എമ്മിന്റെ ഒരംഗം സ്വകാര്യമായി മതാചാരം അനുഷ്ഠിച്ചുവെന്ന ബിഷപ്പിന്റെ വെളിപ്പെടുത്തലായിരുന്നു.പാര്‍ട്ടിയുടെ വൈരുദ്ധ്യാത്മകത്തിന്റെ മര്‍മ്മത്താണ് ബിഷപ്പ് പ്രഹരിച്ചത്. സി പി എമ്മിന്റെ യുവ തുര്‍ക്കിയായിരുന്ന അബ്ദുല്ലക്കുട്ടി, രഹസ്യമായി ഉംറ തീര്‍ഥാടനത്തിന് പോയെന്ന കാരണത്താലാണ് പാര്‍ട്ടി പുറത്തേക്കെടുത്തെറിഞ്ഞത്. മുസ്‌ലിം ലീഗിനോട് തൊട്ടുകൂടായ്മ പുലര്‍ത്തിയിരുന്ന പാര്‍ട്ടി, ലീഗില്‍ നിന്നും വിഘടിച്ച് പോയ നാഷണല്‍ ലീഗ് സ്വന്തം പേരില്‍ നിന്ന് മുസ്‌ലിം എന്ന പദം എടുത്ത് നീക്കിയിട്ട് പകരം ഇന്ത്യന്‍ ചേര്‍ത്തിട്ടും, പൂര്‍വ ബന്ധം അവിഹിതമായിരുന്നുവെന്ന കാരണത്താലാണ് പടിക്ക് പുറത്ത് തന്നെ ഇരുത്തിയത്. ഇതൊക്കെ സി പി എമ്മിന് ഇപ്പോള്‍ പഴയ കഥകളാണ്. ഓര്‍ക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത പഴങ്കഥകള്‍.കളമറിഞ്ഞ് കളിക്കാനല്ല കളത്തിന് മുമ്പെ കളിക്കാനാണ് സി പി എം എക്കാലത്തും താത്പര്യം കാണിച്ചിട്ടുള്ളത്. പലപ്പോഴും കളത്തിന് വെളിയിലായിപ്പോകുന്നതിന്റേയും കളി, പാതിയില്‍ നിര്‍ത്തേണ്ടി വരുന്നതിന്റെയും കാരണങ്ങളും മറ്റൊന്നല്ല. എങ്കിലും പുതിയൊരു കളിയുടെ കളമൊരുക്കിലാണ് പാര്‍ട്ടി ഇപ്പോഴുള്ളത്. ഇത് അതിജീവനത്തിനായുള്ള കളിയാണ്. അതുകൊണ്ട് തന്നെ കളിയില്‍ അല്‍പം കാര്യംകൂടിയുണ്ട്. മതപ്രസ്ഥാനങ്ങള്‍ക്ക് നേരെ കണ്ണ് ചിമ്മിക്കൊണ്ടുള്ള ഒരു മതനിരാസ സമീപനമായിരുന്നു ഇതുവരെ സി പി എം പുലര്‍ത്തിവന്നിരുന്നത്.ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളുമായി കൊമ്പ് കോര്‍ക്കുകയും ഇടയുകയും ചെയ്തിട്ടുള്ള പാര്‍ട്ടി അപ്പോഴൊക്കെ വിട്ടുവീഴ്ചയില്ലാതെ ഉയര്‍ത്തിപ്പിടിച്ചിരുന്ന മതവിരുദ്ധതയെന്ന മേലങ്കി അഴിച്ച് മാറ്റാനും അല്‍പം മതകീയമായി മാറാനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളാണ് അവരുടെ രാഷ്ട്രീയ പരിണാമത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊടുക്കുന്നത്. മത പ്രസ്ഥാനങ്ങള്‍ക്ക് കൂടി ചായയും പരിപ്പ് വടയും നല്‍കാനുള്ള പുതിയ നീക്കം കൗതുകം നിറഞ്ഞതാണ്.

2010ല്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ സി പി എം സംഘടിപ്പിച്ച 'മാര്‍ക്‌സാണ് ശരി'യെന്ന പ്രദര്‍ശനത്തിലൂടെ തങ്ങളുടെ ഗതി മാറ്റത്തിന്റെ ജാലകം അവര്‍ തുറന്ന് വെച്ചു. ലോകത്തെ മികച്ച സോഷ്യലിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത് കാണാനെത്തിയ പാര്‍ട്ടി അണികളും മറ്റുള്ളവരും നന്നായിത്തന്നെ ഞെട്ടി. ചെഗുവേരയെക്കാളും മുമ്പില്‍ യേശു ക്രിസ്തു! ക്രിസ്തുവിനെ സഖാവായിക്കണ്ട അണികളൊക്കെ ഞെട്ടിയെങ്കിലും നേത്യത്വത്തിന് യാതൊരു കുലുക്കവുമില്ലായിരുന്നു. 'മാറുന്ന ലോകത്ത് മാറ്റമില്ലാത്തവര്‍ക്ക് നിലനില്‍പില്ല' എന്ന സിദ്ധാന്തം പാര്‍ട്ടി ഔദ്യോഗികമായിത്തന്നെ അംഗീകരിച്ചിരിക്കുന്നു! പറയുന്നതിനെക്കാള്‍ പ്രാധാന്യം ചെയ്യുന്നതിനാണ് എന്നാണ് സി പി എം വിശ്വസിക്കുന്നത്. എല്ലാവരും ആദ്യം പറയുന്നു പിന്നെ ചെയ്യുന്നു; ഞങ്ങള്‍ ആദ്യം ചെയ്യുന്നു; പിന്നെപ്പറയുന്നു. ഇതാണ് സി പി എമ്മിനെ ഇതര പാര്‍ട്ടികളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്. അത് കൊണ്ട്തന്നെ പാര്‍ട്ടി കൈക്കൊള്ളുന്ന പല നിലപാടുകളും പെട്ടെന്നുള്ളതായി തോന്നുമെങ്കിലും നന്നായി ആലോചിച്ച ശേഷമായിരിക്കും അവ നടപ്പിലാക്കിയിട്ടുള്ളത്. പക്ഷേ മത വിശ്വാസമില്ലാത്തത് കൊണ്ടായിരിക്കണം, ദൗര്‍ഭാഗ്യങ്ങള്‍ ഏറെയുള്ള ഒരു പാര്‍ട്ടിയാണ് സി പി എം. നിലപാടുകള്‍ പലതും തിരിഞ്ഞ് കുത്തുന്നത് പതിവാണ്.പാര്‍ട്ടിയുടെ പല നയങ്ങളും നിലപാടുകളും പരിഷ്‌കരിക്കേണ്ടതുണ്ടെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആഗോള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെല്ലാം നിലനില്‍പിനായുള്ള പോരാട്ടത്തിലാണ് / പരിഷ്‌കരണത്തിലാണ്. മതകീയ ധാരകളോടുള്ള നയങ്ങളാണ് ആദ്യം പരിഷ്‌കരിക്കേണ്ടതെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞ് കഴിഞ്ഞു. രാജ്യത്തെ മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മതത്തെ അധികാരത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. തീവ്ര വലതുപക്ഷമായ ബി ജെ പി മുതല്‍ താഴെ തട്ടിലുള്ള ചെറു പാര്‍ട്ടികള്‍ വരെ ഇതില്‍ നിന്നൊഴിവല്ല. മത സംഘടനകള്‍ രാഷ്ട്രീയം പറയുന്നതും നിലപാട് വ്യക്തമാക്കുന്നതും സി പി എം എക്കാലത്തും ശക്തമായി എതിര്‍ത്ത് പോന്നിരുന്നു. അണികള്‍ മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനെപ്പോലും ഒരുകാലത്ത് ശക്തമായി എതിര്‍ത്തിരുന്ന പാര്‍ട്ടിക്ക് പിന്നീട് നിലപാട് മയപ്പെടുത്തേണ്ടി വന്നുവെങ്കിലും എക്കാലത്തും മതം രാഷ്ട്രിയത്തിന് മുന്നില്‍ തന്നെ നില്‍ക്കുന്നതില്‍ സി പി എമ്മിനുണ്ടായിരുന്ന അസഹിഷ്ണുത ചെറുതൊന്നുമല്ലായിരുന്നു. മതമാണോ രാഷ്ട്രീയമാണോ വലുതെന്ന തെരഞ്ഞെടുപ്പില്‍ മതം തന്നെ വലുതെന്ന നിലപാടായിരിക്കും പാര്‍ട്ടിയുടെ ബഹുഭൂരിപക്ഷം അണികളും സ്വീകരിക്കുകയെന്ന് പാര്‍ട്ടിക്ക് നല്ല നിശ്ചയമുണ്ട്. അതു കൊണ്ട് തന്നെയാണ് മത പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയം പറയുമ്പോള്‍ പാര്‍ട്ടിക്ക് ഹാലിളകുന്നത്. സ്വന്തം അണികളെ വിശ്വാസത്തിലെടുത്ത് മത സംഘടനകളുടെ ആഹ്വാനങ്ങളെ അവഗണിക്കാന്‍ സി പി എമ്മിന് കരളുറപ്പില്ലാതെ പോകുന്നതിന്റെ കാരണമിതാണ്.ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമന്വേഷിക്കാന്‍ പാര്‍ട്ടി ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. മുഖ്യധാരയില്‍ നിന്ന് മാറിനടന്നിരുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളെയും കൂടെ കൂട്ടിയാണ് മുസ്‌ലിം സമുദായത്തിന്റെ സ്വാധീനം നേടാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്. സമുദായം തിരസ്‌കരിച്ചവരെക്കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് ബോധ്യമായപ്പോള്‍, മുസ്‌ലിം ലീഗിനോട് അമര്‍ഷം പുലര്‍ത്തുന്നവരെയെല്ലാം ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാനായിരുന്നു പിന്നീടുള്ള യജ്ഞം. ഒരു പ്രതിസന്ധിയില്‍ ഇവരൊന്നും കൂടെ നില്‍ക്കില്ലയെന്ന് വൈകിയാണ് പാര്‍ട്ടിക്ക് മനസിലായത്.എന്നും വിപ്ലവത്തെ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്ക്, നിലപാടുകളിലുള്ള ഒരു വിപ്ലവത്തിന് സമയമായെന്ന് ബോധോദയം ഉണ്ടായിരിക്കുന്നു. സി പി എമ്മിന് കാര്യമായ സ്വാധീനമില്ലാത്ത രണ്ട് സമുദായങ്ങളാണ് മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ . ആരാധനാലയങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ഈ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന മാര്‍ഗം അല്‍പം കടന്ന കൈയ്യാണെങ്കിലും അതിനു പിന്നിലെ ചങ്കുറപ്പ് അംഗീകരിക്കാതെ തരമില്ല. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കുകയെന്ന പ്രയോഗമാണ് സി പി എം സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് സ്വാധീനമുള്ള മുസ്‌ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ കേരളമെമ്പാടും നിര്‍മിക്കുകയും സി പി എം പ്രാദേശിക ഘടകങ്ങള്‍ വഴി പാര്‍ട്ടി ആസ്ഥാനത്തിരുന്ന് അതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന വലിയ വിപ്ലവ സ്വപ്‌നത്തിന്റെ പുളകത്തിലാണ് ഇപ്പോള്‍ സി പി എം ഉള്ളത്. പാര്‍ട്ടിയുടെ തട്ടകമായ കണ്ണൂരില്‍ തന്നെ ഇതിനുള്ള പരീക്ഷണങ്ങള്‍ തുടങ്ങാനാണ് തീരുമാനം.പാര്‍ട്ടി നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ രൂപീകരിച്ച് നിര്‍മ്മിക്കുന്ന ആരാധനാലയങ്ങള്‍ ഒരു പുതിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. കേരളത്തിലെ മുസ്‌ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ മുഴുവനും അതാതു സമുദായങ്ങളിലെ വിവിധ കക്ഷിത്വങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. വിരളമായവ മാത്രമാണ് ഇതിന്നപവാദം. ആരാധനകളിലും അനുഷ്ഠാനങ്ങളിലും വ്യതിരിക്തതകള്‍ പുലര്‍ത്തുന്ന ഇവയില്‍ ആരോടൊക്കെ എവിടെയൊക്കെ നില്‍ക്കണമെന്നത് അവരെ കുഴപ്പിക്കുന്ന പ്രശ്‌നമായിരിക്കും. പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള വികാരിയും മെത്രാനും ഇമാമും ഖതീബും ആത്മീയതയ്‌ക്കൊപ്പം കമ്മ്യൂണിസവും പ്രസംഗിക്കും. ഇതിന്നെതിരെ പ്രതിഷേധിക്കാമെന്ന പൂതിയൊന്നും ആര്‍ക്കും വേണ്ട. പത്തര മാറ്റ് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മുന്നില്‍ നിര്‍ത്തിയായിരിക്കും ഇതൊക്കെ ചെയ്യുക. അങ്ങനെയെങ്കില്‍ ഇന്നലെ വരെ സി പി എം ഉയര്‍ത്തിയിരുന്ന പരിവേദനം ഇനി നാട്ടിലെ മുസ്‌ലിം ക്രിസ്ത്യന്‍ സംഘടനകളായിരിക്കും ഏറ്റെടുക്കുക. മതം രാഷ്ട്രിയത്തില്‍ ഇടപെടാന്‍ പാടില്ലെന്നതായിരുന്നു ഇതു വരെ പാര്‍ട്ടിയുടെ ആവശ്യം. ഗത്യന്തരമില്ലാതെ സി പി എം രാഷ്ട്രീയത്തെ മതത്തില്‍ ഇറക്കാന്‍ തന്നെ തീരുമാനിക്കുമ്പോള്‍ ഈ സംഘടനകള്‍ എങ്ങനെ ഇതിനെ പ്രതിരോധിക്കുമെന്നതും കൗതുകമുണര്‍ത്തുന്ന കാര്യമാണ്.

ഒടുവില്‍ ന്യൂനപക്ഷങ്ങളുടെ മുഖ്യധാരയിലേയ്‌ക്കെത്താതെ രക്ഷയില്ലെന്ന് സി പി എം തിരിച്ചറിഞ്ഞു എന്നു വേണം മനസിലാക്കാന്‍. ഖുത്തബുദ്ദീന്‍ അന്‍സാരിയെന്ന ഗുജറാത്ത് വംശഹത്യയുടെ ഇരയെ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി കേരളത്തില്‍ കൊണ്ട് വരാന്‍ സി പി എം കാണിച്ച കരളുറപ്പ് അംഗീകരിക്കേണ്ടത് തന്നെയാണ്. ലക്ഷ്യം വോട്ടും അധികാരവുമായതിനാല്‍ പാര്‍ട്ടിയുടെ വിപ്ലവം ഇവിടെയൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല. പള്ളികള്‍ക്ക് പുറമെ പാര്‍ട്ടിവക അറബിക് കോളജുകളും മദ്രസകളും ഹജ്ജ് - ഉംറ സര്‍വീസുകളും ഉളുഹിയത്തും സക്കാത്ത് സെല്ലുകളും സജീവമായേക്കും. സെമിനാരിയും കരിസ്മാറ്റിക് ധ്യാനങ്ങളും മാമോദീസ മുക്കലും കുമ്പസാരക്കൂടുമൊക്കെ പാര്‍ട്ടി വകയായി ഉണ്ടായേക്കും. നമസ്‌കാരവും നോമ്പുമൊക്കെയുള്ള സഖാക്കള്‍ ഖുര്‍ആന്‍ ഓതിയും സത്യക്രിസ്ത്യാനികളായ സഖാക്കള്‍ ബൈബിള്‍ വായിച്ചുമായിരിക്കും പാര്‍ട്ടി യോഗങ്ങള്‍ ആരംഭിക്കുക. സി പി എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങളും ഏരിയാ സമ്മേളനങ്ങളും മദ്രസകളിലും സന്‍ഡേ സ്‌കൂളുകളിലും നടന്നേക്കും. കവലകള്‍ തോറും കമ്മ്യൂണിസ്റ്റ് പള്ളികള്‍ വ്യാപകമാകുന്ന കാലമാണ് വരാനിരിക്കുന്നത് എന്ന് സാരം. ചൈനയും ക്യൂബയുമൊക്കെ പോയിതുലയട്ടെ. ഇതാണ് സഖാവെ വിപ്ലവം! വെറും വിപ്ലവമല്ല, വൈരുധ്യാത്മക ദൈവീകവാദ വിപ്ലവം.

Oct 29, 2013

ലോകത്ത് വേണ്ടതിലുമധികം മനുഷ്യരുണ്ടോ?



പാരിസ്ഥിതിക ഭീഷണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മിക്കപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന വാദഗതികളിലൊന്ന് ജനസംഖ്യാ വര്‍ദ്ധനവാണ്. ഉദാര ചിന്താഗതിക്കാരായ പല എഴുത്തുകാരും പ്രാസംഗികരും ജനസംഖ്യയുടെ ഭീതികരമായ വര്‍ദ്ധനവിനെ ഒരു അനിവാര്യമായ ചിന്താവിഷയമായി എടുത്തുകാട്ടുന്നുണ്ട്. അമിത ജനസംഖ്യയെന്ന ആശയത്തെ എതിര്‍ക്കുന്നവരെയും അതിന്റെ സാംഗത്യാടിത്തറയെ ചോദ്യം ചെയ്യുന്നവരെയും മാത്രമല്ല അതിനെ വിമര്‍ശന വിധേയമായി പഠിക്കാന്‍ ശ്രമിക്കുന്നവരെപ്പോലും അതിരു കടന്ന് ആക്രമിക്കുന്ന ഒരു ശൈലിയാണ് ഇവര്‍ സ്വീകരിച്ച് കാണുന്നത്. ജനസംഖ്യാ വര്‍ദ്ധനവാണ് പട്ടിണിയുടെയും പാരിസ്ഥിതിക പ്രശ്‌നങ്ങളുടേയും കാരണമെന്നത് ഒരു പുതിയ കണ്ടെത്തലോ വാദഗതിയോ അല്ല. മാര്‍ക്‌സിനും ഏംഗല്‍സിനും മുമ്പ് തന്നെ ഈ വാദഗതികള്‍ ലോകത്ത് സജീവമായി നിലനിന്നിരുന്നു. ലോകത്തെ ദരിദ്രരാണ് ഇടത്തട്ട്ക്കാര്‍ക്കും സമ്പന്നന്മാര്‍ക്കും ജീവിതത്തെ ആസ്വദിക്കുന്നതിന് തടസമെന്ന ചിന്തയാണ് ഈ വാദഗതിയുടെ മര്‍മ്മം. അതായത് ജനസംഖ്യയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവാണ് ദാരിദ്ര്യമുണ്ടാക്കുന്നതെന്നും, ഇങ്ങനെ ദരിദ്രരുണ്ടാകുന്നത് കൊണ്ടാണ് സാമ്പത്തിക വളച്ചയുണ്ടാകാത്തതെന്നും സിദ്ധാക്കിന്ന ഈ തത്വം ദരിദ്രര്‍ ഒഴിവായാല്‍ ലോകത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലയെന്നും അനുമാനിക്കുന്നു. തോമസ് മാള്‍ത്തൂസെന്ന കോളമിസ്റ്റ് തന്റെ ജനപ്രിയ ്യുലേഖനങ്ങളിലൂടെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ച ഈ ആശയത്തെ മാള്‍ത്തൂസിയന്‍ തിയറിയെന്നാണ് അറിയപ്പെടുന്നത്. മാള്‍ത്തൂസിയന്‍ തിയറി ലോകത്ത് ക്ലച്ച് പിടിക്കാതെ പോയതിന്റെ ഒരു പ്രധാന കാരണം കമ്മ്യൂണിസമായിരുന്നുവെന്ന് വേണമെങ്കില്‍ അനുമാനിക്കാം. മാള്‍ത്തൂസിന് വേണ്ടാത്ത ഒരു വര്‍ഗ്ഗമായിരുന്നെങ്കിലും ദരിദ്രരെ കമ്മ്യൂണിസത്തിന് ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ദരിദ്രരെ നേരിട്ട് ആക്രമിക്കുന്ന തത്വങ്ങള്‍ ഒഴിവാക്കിയാണ് കമ്മ്യൂണിസം ജനസംഖ്യ വര്‍ദ്ധനവെന്ന പ്രശ്‌നത്തെ സമീപിച്ചത്. മാനുഷിക മൂല്യങ്ങളെ നിരാകരിക്കുന്ന ഒരു സിദ്ധാന്തമായിരുന്നു മാള്‍ത്തൂസ് അവതരിപ്പിച്ചതെങ്കില്‍ മാനുഷികതയുടെ മുഖാവരണം നല്‍കി അതേ സിദ്ധാന്തത്തെ പരിവര്‍ത്തിപ്പിക്കലാണ് മാര്‍ക്‌സ് ചെയ്തത്. 
മാള്‍ത്തൂസിന്റെ ഇതേ സിദ്ധാന്തത്തെയാണ് ഇന്നും ആധുനിക ലോകം പൂവിട്ട് പൂജിക്കുന്നത്. ദാരിദ്രത്തെ നിര്‍മാര്‍ജനം ചെയ്യേണ്ട ഫലവത്തായ മാര്‍ഗങ്ങളാരായുന്നതിനു പകരം ദരിദ്രരാണ് ലോകത്തെ പ്രശ്‌നങ്ങളെന്ന് വീക്ഷിക്കുന്ന ഈ തലതിരിഞ്ഞ സിദ്ധാന്തത്തെ എന്തുകൊണ്ടാണ് പാശ്ചാത്യ ലോകം പിന്താങ്ങുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ് പൂച്ച് പുറത്ത് വരുന്നത്. നിര്‍ബന്ധിത ജനന നിയന്ത്രണ രീതികള്‍ അവലംബിച്ചുകൊണ്ടുള്ള മാള്‍ത്തൂസിയന്‍ തിയറി കൊണ്ട് ഇന്ന് ലാക്കാക്കുന്നത് പൊതുവേ രണ്ട് വിഭാഗക്കാരെയാണ്. ഒന്ന് മാനവ വിഭവ ശേഷി കൊണ്ട് ലോക ശക്തിയാകുമെന്ന് ഭയപ്പെടുന്ന രാജ്യങ്ങളിലെ ജനസംഖ്യ നിയന്ത്രിക്കുക. രണ്ട്, ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ദ്ധനവുള്ള സമൂഹത്തിന്റെ വളര്‍ച്ചയെ തടയിടുക. അതിനായി ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്ന ചില തോന്നലുകളാണ് ഈ വാദഗതിക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കൂട്ടത്തോടെയുള്ള പട്ടിണിയ്ക്കും പാരിസ്ഥിതിക നാശങ്ങള്‍ക്കുമുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ ജനസംഖ്യാ വര്‍ദ്ധനവാണെന്ന മിഥ്യാ ധാരണ അക്കാദമിക് തലങ്ങളില്‍ തന്നെ കുട്ടികളില്‍ കുത്തി നിറയ്ക്കാനായി ഫണ്ടിംഗ് നടത്തുന്ന ഏജന്‍സികള്‍ പോലും ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിനെ ന്യായീകരിക്കുന്നവരോട് ഒരു തരം ശത്രുതാ ബോധം കുത്തിവെയ്ക്കുന്ന പാഠ്യരീതികള്‍ ലോകത്ത് പകുത്ത് നല്‍കിക്കൊണ്ട് പാശ്ചാത്യര്‍ തങ്ങളുടെ മേധാവിധ്വം ലോകത്ത് പങ്ക് വെയ്ക്കപ്പെടാതിരിക്കാനായി പരിശ്രമിക്കുകയാണ്. 
മാള്‍ത്തൂസിയന്‍ തിയറിയുടെ ഏറ്റവും വലിയ എതിരാളി ചരിത്രമാണ്. മെച്ചപ്പെട്ട ഒരു ലോകത്തിനു വേണ്ടി പൊരുതുന്നതിന് പ്രതിബദ്ധരായ ആളുകള്‍ എന്നുമുണ്ടായിരുന്നത് സമൂഹത്തിലെ സാമ്പത്തിക ഘടനയിലെ താഴെ തട്ടുകളില്‍ നിന്നായിരുന്നു. ഭക്ഷ്യമേഖലയില്‍ നിര്‍മാണാത്മകമായ അധ്വാനം നടത്തുന്നതും തങ്ങളുടെയും മേല്‍ത്തട്ടുകാരുടേയും ഭക്ഷ്യ വിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്നതും അവയുടെ പ്രാഥമിക വിതരണം നിര്‍വ്വഹിക്കുന്നതും ഇക്കൂട്ടരാണ്. ജനസംഖ്യാ വളര്‍ച്ച ഭക്ഷ്യോല്‍പാദനത്തെ കടത്തി വെട്ടുന്നുവെന്ന ഒരു വാദഗതി ലോകത്ത് ഇന്നു വരെ ആരും മുന്നോട്ട് വെച്ചിട്ടില്ല മറിച്ച് ഭക്ഷ്യ വിഭവങ്ങളുടെ ലഭ്യതക്കുറാവാണ് എപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആ ലഭ്യതക്കുറവാകട്ടെ അടിസ്ഥാനപരമായ ഉല്പാദന മേഖലകളില്‍ ഇടത്തട്ടുകാരും മേല്‍ത്തട്ടുകരും ഇടപെടാത്തത്   കൊണ്ട് സംഭവിക്കുന്നതുമാണ്്. അതിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മേല്‍ത്തട്ടുകാരാണ് ലോകത്തെ ദാരിദ്ര്യത്തിന്റെ മൂലകാരണമെന്ന് അംഗീകരിക്കേണ്ടി വരും. 




ലോകത്താകമാനം ഇന്ന് ജനസംഖ്യ, അതിദ്രുതം വളരുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുസ്ലിം ന്യൂനപക്ഷങ്ങളുള്ളവയാണ്. മുസ്ലിം ജനവിഭാഗത്തിന്റെ ജനസംഖ്യാ വര്‍ദ്ധനവില്‍ ആകാംക്ഷയുള്ളവരും ഭയപ്പാടുള്ളവരുമാണ് ഇന്ന് മാള്‍ത്തൂസിന്റെ അനന്തരവന്മാരായി രംഗ പ്രവേശം ചെയ്യുന്നത്. പടിഞ്ഞാറന്‍ നയങ്ങളോട് വിമുഖതയുള്ളവരുടെ മാത്രം വാദഗതികളല്ല ഇത്. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ലേഖനങ്ങളെഴുതുന്ന പ്രമുഖ എഴുത്തുകാരനായ ജോണ്‍ ഹാരി (ഇന്‍ഡിപെന്‍ഡന്റ് ജേര്‍ണല്‍) അവകാശപ്പെടുന്നത്, മാള്‍ത്തൂസിയന്‍ വാദഗതികള്‍ തുടര്‍ച്ചയായ തെറ്റായിരുന്നുവെന്നും ജനസംഖ്യാ വാദത്തിന്റെ മിക്കവാറും സിദ്ധാന്തങ്ങളും ബോധപൂര്‍വ്വമായ ചില താത്പര്യങ്ങളുടെ വ്യാപനത്തിനായി നിര്‍മ്മിക്കപ്പെട്ടവകളായിരുന്നുവെന്നുമാണ്. ലോകത്തെ പട്ടിണി നിര്‍മ്മിക്കപ്പെടുന്നത് ജനസംഖ്യാ വര്‍ദ്ധനവിലൂടെയല്ല. പ്രക്യതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണങ്ങളില്‍ നിന്നാണ്. ആ ചൂഷണങ്ങളാകട്ടെ സാമ്രാജ്യത്വത്തിന്റെ ഉല്‍പ്പന്നവുമാണ്. ഇന്നത്തെ പട്ടിണി രാജ്യങ്ങളുടെ കണക്കെടുത്താല്‍, അവിടങ്ങളിലെ പ്രക്യതി വിഭവങ്ങളുടെ ലഭ്യതക്കുറവ് കൊണ്ടല്ല അവര്‍ക്ക് പട്ടിണിയെ പേറേണ്ടി വരുന്നതെന്ന് കാണാന്‍ അധികം സിദ്ധാന്തങ്ങള്‍ ആവശ്യമില്ല. അവര്‍ക്കവകാശപ്പെട്ട വിഭവങ്ങള്‍ മറ്റുള്ളവര്‍ അന്യായമായി കടത്തിക്കൊണ്ട് പോകുന്നത് കൊണ്ടാണ് അവര്‍ ദരിദ്രരായി മാറുന്നത്. സാമ്രാജ്യത്വം നടപ്പിലാക്കിയവരാണ് ലോകത്തെ ഏറ്റവും വലിയ പ്രകൃതി ചൂഷകര്‍ അങ്ങനെ വരുമ്പോള്‍ അവര്‍ തന്നെയാണ് ദാരിദ്ര്യത്തിന് കാരണവും.

  
 സമ്പന്നരുടേയും ഇടത്തട്ടുകാരുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ മാത്രമാണ് ജനസംഖ്യാ വാദക്കാര്‍. ആഗോളതലത്തില്‍ സാമ്രാജ്യത്വത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ ദരിദ്രരെ സംരക്ഷിക്കുന്നതിനുള്ള യാതൊരു പദ്ധതിയും ആവിഷ്‌കരിക്കുന്നില്ല. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ദരിദ്രരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്. എന്നിട്ട് പോലും ഈ രാജ്യങ്ങളുടെ വാര്‍ഷിക ബജറ്റുകളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കാര്യമായൊന്നും വകമാറ്റുകയോ അവര്‍ക്കായി എന്തെങ്കിലും പദ്ധതികള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. താരതമ്യേന സ്ഥിരതയുള്ള ഒരു തൊഴിലാളി വര്‍ഗത്തെ ഉറപ്പു വരുത്താനായി അവരില്‍ ജനസംഖ്യാ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയും അവരെ ഇടത്തട്ടുകാരുടേയും മേല്‍ത്തട്ടുകാരുടെയും സേവകരാക്കി നില നിര്‍ത്തുകയുമാണ് ഇവരൊക്കെ ചെയ്തു കൊണ്ടിരിക്കുന്നത്. ദരിദ്രരില്‍ ഒരു തരം അരക്ഷിതബോധം നില നിര്‍ത്തുകയും അവരെ എന്നും സേവകരായും ഉല്പാദകരായും തളച്ചിടുകയെന്നതാണ് ദരിദ്രരാജ്യങ്ങളില്‍ ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കാനുള്ള കാരണങ്ങിലൊന്ന്. 
ലോകത്താകമാനമുള്ള മനുഷ്യരുടെ ഭക്ഷ്യാവശ്യങ്ങള്‍ക്ക് ആവശ്യമായതിലധികം ക്യഷിയിടങ്ങള്‍ ലോകത്തുണ്ട് എന്നാണ് ആഗോള ക്യഷി സംഘടന നല്‍കുന്ന വിവരങ്ങള്‍. ഇവിടങ്ങളില്‍ നിന്ന് വിളയുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കണക്കെടുത്താല്‍ പ്രതിവര്‍ഷം നൂറാളുകള്‍ക്ക് കഴിക്കാനുള്ള ഭക്ഷണമുണ്ടാക്കുന്നുവെങ്കില്‍ അത് അറുപതോ അറുപത്തഞ്ചോ ആളുകള്‍ മാത്രമേ കഴിക്കുന്നുള്ളൂ. നാല്പത് ശതമാനത്തോളം ഭക്ഷണം മലിനമായിപ്പോകുകയോ അനാവശ്യമായി ഉപയോഗിക്കപ്പെടുകയോ പൂഴ്ത്തി വെപ്പിലൂടെ നശിച്ച് പോകുകയോ ചെയ്യുകയാണ്. എന്നാല്‍ ലോകത്ത് കടുത്ത ദാരിദ്ര്യമനുഭവിക്കുന്നവര്‍ ഇരുപത് ശതമാനത്തില്‍ താഴെയും. ഇനി നാം ആലോചിക്കുക. ദാരിദ്ര്യത്തിന് കാരണം ജനസംഖ്യയാണോ? ലോകത്ത് ആവശ്യത്തിലധികം മനുഷ്യരുണ്ടോ?

Sep 12, 2013

അൻസാർ ഇപ്പോൾ എവിടെയായിരിക്കും?






വൈകുന്നേരം ഓഫീസിൽ ഇരിക്കുമ്പോഴാണ് ആ ഫോൺ കോൾ വരുന്നത്. അങ്ങേത്തലയ്ക്കൽ ഒരു സുഹ്യത്താണ്. ജോലി കഴിഞ്ഞ് അത്യാവശ്യമായി ഒന്ന് കാണണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.വിളിച്ചയാൾ അനാവശ്യമായി ഫോൺ കാളുകൾ ചെയ്യുന്ന ആളല്ലാത്തത് കൊണ്ടും  വിളിക്ക് പിന്നിലെ അത്യാവശ്യം ബോധ്യമായത് കൊണ്ടും ജോലി കഴിഞ്ഞ് നേരേ അദ്ദേഹം പറഞ്ഞിടത്തേയ്ക്ക് ഡ്രൈവ് ചെയ്തു.
അൻപത് ഡിഗ്രിയിൽ തിളയ്ക്കുന്ന അറേബ്യൻ ചൂടിന്റ്റെ തീക്ഷ്ണത വിട്ട് മാറാത്ത സായാഹ്നം. വേവിൽ പിഴിഞ്ഞെടുക്കുന്ന നീരാവി അന്തരീക്ഷത്തിൽ ഒരു നീരാ‍ളിയെപ്പോലെ പടർന്ന് നിൽക്കുന്നു. പുറത്തിറങ്ങുമ്പോൾ തന്നെ അസ്വസ്ഥമാക്കിക്കൊണ്ട് മുഖത്തേയ്ക്ക് അടിച്ചു കയറുന്ന ഹ്യുമിഡിറ്റി. പാർക്ക് ബെഞ്ചിൽ എന്നെയും കാത്ത് അദ്ദേഹമിരിക്കുന്നുണ്ടായിരുന്നു.. “സംഗതി നിസാരമെന്ന് തോന്നുമെങ്കിലും അല്പം ഗൌരവമുള്ളതാണ്“ അദ്ദേഹം പറഞ്ഞ് തുടങ്ങി. അയാളുടെ ഒരു പരിചയക്കാരനെക്കുറിച്ചാണ് സംസാരിക്കുന്നത്.
അൻസാർ. അതാണ് അയാളുടെ പേര്. (സ്വകാര്യതയ്ക്കായി പേര് മാറ്റിയിട്ടുണ്ട്) നേരത്തേയുള്ള ഒരു പരിചയക്കാരനാണ്. അറിയപ്പെടുന്ന ഒരു സ്വകാര്യ കമ്പനിയിൽ സെയിത്സ് എക്സിക്യൂട്ടിവായി ജോലി. വീട് മലപ്പുറം ജില്ലയിൽ. വിദ്യാ സമ്പന്നൻ. മറ്റ് അനാവശ്യങ്ങളിലൊന്നും ഇടപെടാറില്ല. ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തുന്നു; കുളി കഴിഞ്ഞ് നേരെ കിടക്കയിൽ വിശ്രമം. വല്ലപ്പോഴും മാത്രം ഏതെങ്കിലും സുഹ്യത്തുക്കളേ കാണാൻ പുറത്ത് പോകുന്ന പ്രക്യതം. മെസ്സിൽ നിന്നുമുള്ള ഭക്ഷണം. ആർക്കും ശല്യക്കാരനല്ല. മാന്യൻ. ഇദ്ദേഹമാണ് കേന്ദ്ര കഥാപാത്രം. ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു.അയാൾ അവസാന വെക്കേഷൻ കഴിഞ്ഞ് വന്നിട്ട് പതിനഞ്ച് മാസമായി. അടുത്ത വെക്കേഷൻ ഡ്യൂ ആയിട്ട് നാലു മാസത്തോളമായി.
കേൾവിക്കാരൻ എന്ന നിലയിലെ എന്റെ ശ്രദ്ധ നിസംഗതയ്ക്ക് വഴിമാറി. ഇതുവരെ കേട്ടതിലൊന്നും ഒരു പുതുമയോ പ്രശ്നമോ എനിക്ക് തോന്നിയില്ല. സാധാരണ ഗതിയിൽ വെക്കേഷനായിട്ടും നാട്ടിൽ പോകാത്തവർ നിരവധിയുണ്ട്. സാമ്പത്തിക പ്രയാസങ്ങളോ കടബാധ്യതയോ ഉള്ളവർ താമസിച്ച് പോകുന്നത് പതിവുള്ള കാര്യവുമാണ്.
“ഇയാൾക്ക് ഇത് രണ്ടുമില്ല. സ്വസ്ഥൻ. വീടുപണി പൂർത്തിയാക്കി. കടങ്ങളൊക്കെ തീർത്തു. എട്ട് മാസങ്ങൾക്ക് മുമ്പ് താമസവുമാക്കി. പുതിയ വീട്ടിലാണേങ്കിൽ ഇതു വരെ പോയിട്ടുമില്ല“
ഞാൻ ആകാംക്ഷയോടെ ഒന്നു നിവർന്നിരുന്നു. സ്വന്തം വീട് എന്നത് എല്ലാ പ്രവാസികളുടേയും ഒരു സ്വപ്നമാണ്. ആ വീട്ടിലേയ്ക്കുള്ള ആദ്യത്തെ യാത്ര ഏറെ ഹരം പകരുന്നതുമാണ്. പിന്നെയും എന്താണ് ഇയാൾ നാട്ടിൽ പോകാത്തത് എന്ന് അന്വേഷിച്ചപ്പോഴാണ് സംഗതിയുടേ ഗൌരവം ബോധ്യമാകുന്നത്. കേൾക്കുന്നവർക്ക് ഒരു പക്ഷേ നിസാരമായി തോന്നിയേക്കാം. 

ഏതാനും മാസങ്ങൾക്ക് മുമ്പ് രണ്ട് മൂന്ന് വിമാനപകടങ്ങൾ അടുത്തടുത്തായി നടന്നിരുന്നു. അതിനിടയിലാണ് എയർ ഇന്ത്യയുടെ ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണ് നിരവധിയാളുകൾക്ക് പരിക്കേറ്റത്. ഈ വാർത്തകൾ അയാളെ ഭയപ്പെടുത്തി. ഒറ്റയ്ക്ക് കിടക്കുമ്പോൾ ആലോചിച്ചതൊക്കെ വിമാന യാത്രയെക്കുറിച്ചാണ്. അനന്തമായിക്കിടക്കുന്ന ആകാശനീലിമയിൽ വെച്ച് വിമാനം തകരാൻ പോകുന്നുവെന്ന വാർത്ത കേൾക്കുന്ന യാത്രികരുടെ മനോവിഭ്രാന്തികളെപ്പറ്റി സങ്കല്പിച്ച് നോക്കി. ചിന്തകൾക്ക് തീ പിടിച്ചു പരിധികൾ ഭേദിച്ച് പാഞ്ഞു. വിമാനമെന്ന വാക്ക്  കേൾക്കുമ്പോൾ പോലും കാലിന്റെ പെരുവിരൽ മുതൽ ഒരു മരവിപ്പും തണുപ്പും പടരുന്നത് അയാളറിഞ്ഞു. രക്തം ഉറഞ്ഞ് കട്ട പിടിക്കുന്നതുപോലെയുള്ള ഒരു തരം മരവിപ്പ്. മനസിനെ നിയന്ത്രിച്ച് നിർത്താൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. താൻ കയറുന്ന വിമാനവും തകരാൻ സാധ്യതയുള്ളതാണെന്ന ചിന്ത ഉള്ളിൽ പിടി മുറുക്കിയിരിക്കുന്നു. വിമാനയാത്ര മാത്രമല്ല എയർ ടിക്കറ്റ് കാണുന്നത് പോലും കാലുകളെ വിറപ്പിക്കുന്നു. രക്ത സമ്മർദ്ദവും നെഞ്ചിടിപ്പും ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ നാലു മാസത്തിനിടയിൽ ആറോളം തവണ നാട്ടിലേയ്ക്ക് പോകാനായി അയാൾ ടിക്കറ്റെടുത്തിരുന്നു. യാത്രാ ദിവസമടുക്കുമ്പോൾ പേടിയും പരിഭ്രമവും വർദ്ധിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്തു കൊണ്ടിരിക്കുകയാണ്. മനസിന് ഒരു ധൈര്യമോ നിയന്ത്രണമോ നൽകാൻ കഴിയാതെ അയാൾ തകർന്ന് കൊണ്ടിരിക്കുകയാണ് .തനിക്ക് ഒരിക്കലും ഇനി നാട്ടിലെത്താൻ കഴിയില്ലെന്ന് അയാൾ ഉറപ്പിച്ചു. ഇത് ആരോടും പങ്ക് വെയ്ക്കാൻ കഴിയാതെ തീവ്രമായ അസ്വസ്ഥതകളോടേ ഇതു വരെ കഴിച്ച് കൂട്ടുകയായിരുന്നു. നാട്ടിൽ നിന്നുമുള്ള നിരന്തരമായ ഫോൺ വിളികൾ അയാളെ കൂടുതൽ തളർത്തി. “എന്നാണ് നാട്ടിൽ വരിക”യെന്ന പ്രിയപ്പെട്ടവളുടെ ഫോൺകോളുകൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് തന്റെ മാനസികാവസ്ഥ വിവരിച്ചപ്പോഴാണ് വീട്ടുകാർക്ക് കാര്യത്തിന്റെ ഗൌരവം ബോധ്യമാകുന്നത്. വീട്ടുകാർ നാട്ടിലെ സൈക്യട്രിസ്റ്റിനെ സമീപിച്ചു. നാട്ടിലെത്തിക്കാതെ ഒരു കൌൺസിലിംഗ് പോലും നടത്താൻ നിർവ്വാഹമില്ല എന്നാണ് സൈക്യാട്രിസ്റ്റിന്റെ മറുപടി. സൈക്യാട്രിസ്റ്റിന്റെ ഫോൺകോളുകൾ അറ്റന്റ് ചെയ്യാൻ പോലും അൻസാറിന് സാധിക്കുന്നില്ല. കൈകൾ വിയർത്ത്, വിറച്ച് ഫോൺ വഴുതി താഴെ വീഴുന്നു. രാത്രയിൽ ഒറ്റക്കിരുന്ന് അൻസാർ വിങ്ങിക്കരയുന്നത് അയാളുടെ കൂട്ടുകാർ പലതവണ കണ്ടിട്ടുണ്ട്. അവരും നിസഹായരാണ്. അയാളെക്കുറിച്ചാണ് സുഹ്യത്ത് എന്നോട് പറയുന്നത്.
ഞാൻ അൻസാറുമായൊന്ന് സംസാരിക്കണം. അതാണ് സുഹ്യത്തിന്റെ ആവശ്യം.പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മാസ് കൌൺസിലിംഗുകൾ നടത്തി പരിചയമുണ്ട് എന്നത് മാത്രമാണ് എനിക്ക് കൌൺസിലിംഗുമായി ആകെയുള്ള ബന്ധം. ഇതാകട്ടെ സങ്കീർണ്ണവും, ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൈകാര്യം ചെയ്യേണ്ട വിഷയവുമാണ്. അത്തരമൊരാളെ അന്വേഷിക്കലായി പിന്നീടുള്ള ഞങ്ങളുടെ പണി. നൂറിലധികം പ്രവാസ സംഘടനകൾ ആ നഗരത്തിൽ മലയാളികളുടേതായുണ്ട്. അധികവും കടലാസ് സംഘടനകളാണ്. പദവിയും അംഗീകാരവും പ്രവാസികളുടെ ദൌർബല്യങ്ങളായി പറയാറുണ്ട്. ഒരു പക്ഷേ ജന്മനാടിൽ അപരിചിതനാകുന്നതിന്റെ സ്വാഭാവിക പ്രതികരണമാകാം. സ്വന്തം ചിലവിൽ പോസ്റ്ററും ബാനറുകളും അച്ചടിപ്പിച്ച് സ്വന്തം ചിത്രം പതിയ്ക്കുന്ന ചെറു നേതാക്കന്മാർ കേരളത്തിലുള്ളത് പോലെയാണ് സ്വന്തമായി സംഘടനകൾ ഉണ്ടാക്കുന്ന ചില പ്രവാസികൾ. വാർത്തകളിലും പ്രസ്താവനകളിലും അകാല ചരമമടയുന്ന ഇത്തരം സംഘടനകൾ ഒഴിവാക്കിയാൽ സാമൂഹ്യ സേവന, ജീവകാരുണ്യ മേഖലകളിൽ ഇടപെടുന്ന നിരവധി സംഘടനകൾ മലയാളികളുടേതായി എല്ലാ ഗൾഫ് നഗരങ്ങളിലുമുണ്ട്. അവരിൽ പലരും ലക്ഷക്കണക്കിന് രൂപയുടെ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നവരാണ്. നിരവധി തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടുകയും അനേകമാളുകൾക്ക് അത്താണിയാവുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇത്തരമൊരു പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് തരാനോ അതിന് കഴിയുന്നവരെ ക്കുറിച്ച് നിർദേശിക്കാനോ അവരും അജ്ഞരാണ്. അന്വേഷണം നിഷ്ഫലമാകുന്നുവെന്ന് കണ്ടപ്പോൾ അൻസാറിനെ ഒന്നു കാണാമെന്ന് ഞാൻ തീർച്ചയാക്കി. ഒരു വൈകുന്നേരം എന്റെ സുഹ്യത്തിന്റെ വീട്ടിൽ അൻസാർ വന്നു. ഞാൻ അയാളുടെ മുഖത്തേക്കൊന്ന് പാളിനോക്കി. വെളുത്ത് സുന്ദരനായ ഒരു ചെറുപ്പക്കാരൻ. വിമാന മാർഗമല്ലാതെ ബസ് മാർഗം നാട്ടിലെത്താൻ കഴിയില്ലേയെന്നാണ് അൻസാർ അന്വേഷിക്കുന്നത്. വിവിധ ഗൾഫ് നാടുകൾ ചുറ്റി ഇറാനിലൂടെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ വഴി ഇന്ത്യയിലെത്താനുള്ള വഴിയാണ് അൻസാർ അന്വേഷിക്കുന്നത്. വിവിധ രാജ്യങ്ങളിലെ വിസപ്രശ്നങ്ങളും നിയമക്കുരുക്കുകളുമൊക്കെയുള്ള ആ മാർഗം നിലവിൽ സാധ്യമല്ലെന്നോ മാസങ്ങൾ അതിനായി വേണ്ടി വരുമെന്നൊ ഞാൻ അൻസാറിനോട് പറഞ്ഞില്ല. തന്റെ പ്രശ്നം സ്വയം ഉൾക്കൊണ്ട്, ദൈന്യതയോടെ അതിന്റെ പരിഹാരമന്വേഷിക്കുന്ന അയാളോട് എനിക്ക് സ്നേഹവും അനുകമ്പയും തോന്നി.
നാളെ എനിക്കും ഇങ്ങനെയൊക്കെ തോന്നാൻ തുടങ്ങിയാൽ ഞാൻ എന്തു ചെയ്യും? ഞാൻ ആലോചിച്ചു. അങ്ങനെ തോന്നാൻ സാധ്യതില്ലെന്ന് പറയാനൊക്കില്ലല്ലോ. ഒരു നൂലിഴ പോലെയാണ് മനസ്. ഏതു നിമിഷവും കൈവിട്ട് വഴുതിപ്പോകാം. എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.

മലയാളിയുടെ പ്രവാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വടക്കേ ഇന്ത്യയും, സിലോണും, ബിലാത്തിയും, റങ്കൂണും, മലേഷ്യയും പിന്നിട്ട് അത് ഗൾഫിലെത്തി നിൽക്കുകയാണ്. പണം ചുരത്തുന്ന കാമധേനുവാണ് പ്രവാസം. പ്രവാസമൊഴുക്കിയ പണത്തിലൂടെ കേരളം സാമ്പത്തികമായി ഏറെ മുന്നേറിയിട്ടുണ്ട്. പക്ഷേ പ്രവാസം സമ്മാനിക്കുന്ന സംഘർഷങ്ങളുടെ വിവിധത്വങ്ങൾ ജീവിതത്തിന്റെ സ്വാഭാവികമായ ആസ്വാദ്യതയ്ക്ക് കുറുകേ കിടക്കുന്നുണ്ട്. ബാച്ചിലേഴ്സായി ജീവിക്കുന്ന വിവാഹിതർ (മാര്യീഡുകൾ) എന്ന സാംസ്കാരിക വൈകല്യത്തെ ഉൾക്കൊള്ളുന്നവരാണ് പ്രവാസികൾ. സമ്പാദിക്കാനായി ജീവിതത്തിന്റെ വൈകാരികതകളെ മയക്കിക്കിടത്താനായി ശ്രമിക്കുമ്പോഴും സദാ ഉണർന്നിരിക്കുന്ന നഷ്ടബോധം പ്രവാസികളെ ചെറുതല്ലാത്ത മാനസിക സംഘർഷങ്ങളിലേയ്ക്കും ചിലരെയെങ്കിലും മാനസിക വ്യതിയാനങ്ങളിലേയ്ക്കും നയിക്കുന്നുണ്ടെന്നാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൌൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് (ഐ സി എസ് എസ് ആർ) ന്റെ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പ്രവാസത്തിന്റെ ശീതളിമയിലും ജന്മനാട് നൽകുന്ന സ്വാസ്ഥ്യവും സ്വാതന്ത്ര്യവും അനുഭവിക്കാൻ സാധിക്കാതെ പ്രവാസികളായി ജീവിക്കുന്ന യുവാക്കൾക്കിടയിൽ ഒരുതരം മാനസിക മരവിപ്പ് പടരുന്നുവെന്നാണ് ഇവർ നിരീക്ഷിക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങളെന്ന മഞ്ഞുമലയുടെ അദ്യശ്യ ഭാഗങ്ങളാണിവ. ഇതൊക്കെ പ്രവാസ സംഘടനകൾ അടിയന്തരമായി ശ്രദ്ധിക്കേണ്ടതും കൂടുതൽ ജാഗ്രത്തോടെ കൈകാര്യം ചെയ്യേണ്ടതുമായ വിഷയ്ങ്ങൾ കൂടിയാണ്.
അൻസാറുമാർ ഒട്ടപ്പെട്ട സംഭവങ്ങളല്ല. പ്രശ്നങ്ങൾ മാത്രമേ മാറുന്നുള്ളൂ. അൻസാറുമാർ ഇല്ലാതെയാകുന്നില്ല. ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ പുതുതായി ജോലിക്ക് വന്ന ‘സെൽ‌വനെ’ ഞാനിപ്പോൾ ഓർക്കുന്നു. മിടുക്കനായ ഒരു അക്കൌണ്ടന്റ്. തമിഴ്നാട്ടുകാരൻ. വന്നിട്ട് മൂന്നുമാസം തികഞ്ഞിട്ടില്ല. പെട്ടെന്ന് ഒരു ദിവസം ഒരു ആവശ്യവുമായി മുറിയിലേയ്ക്ക് വന്നു
“ സർ, എനിക്ക് നാളെ നാട്ടിൽ പോകണം” ഇതായിരുന്നു സെൽ‌വന്റെ ആവശ്യം. ആദ്യം ഞാനൊന്ന് അമ്പരന്നു. ഇന്നലെ വരെ ഞാൻ കണ്ട സെൽ‌വന്റെ മുഖമായിരുന്നില്ല ഇപ്പോൾ അയാൾക്ക്. കരുവാളിച്ച മുഖം. അനന്തതയിഉലേയ്ക്ക് നോക്കി നിർന്നിമേഷനായുള്ള ആവശ്യം. മൂന്നു മാസം പൂർത്തിയാകാതെ ലീവ് അനുവദിക്കാൻ കമ്പനി തയ്യാറാകില്ലയെന്ന് പലരുടേയും മുൻ അനുഭവങ്ങളിൽ നിന്ന് എനിക്ക് നന്നായി അറിയാം. സ്വകാര്യമായി സംസാരിച്ചപ്പോൾ സെൽ‌വൻ എന്നെ ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു. “നാട്ടിൽ പോയില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും സർ” വീണ്ടും സെല്വൻ പുലമ്പിക്കൊണ്ടിരുന്നു. പിറ്റേന്ന് തന്നെ സൽ‌വനുമായി ഞാൻ ദമ്മാമിലെ ഒരു പ്രമുഖ ആശുപത്രിയിലെ മനോരോഗ വിദഗ്ദ്ധനെ കണ്ടു. ഭാഷയറിയാത്ത ആ ഈജിപ്ഷ്യൻ ഡോക്ടർ ഏതാനും ഗുളികകൾ മാത്രം തന്ന് ഞങ്ങളെ മടക്കി വിട്ടു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരാൻ നിർദേശിച്ചു. പക്ഷേ ഒരാഴ്ച കാത്തുനിൽക്കാൻ ശെൽ‌വൻ മനസുണ്ടായില്ല. പിറ്റേന്ന് ഞാൻ അറിഞ്ഞ വാർത്ത, ബാച്ചിലർ ക്യാമ്പിന്റെ രണ്ടാം നിലയിൽ നിന്നും ചാടി നട്ടെല്ലും കൈകാലുകളുമൊടിഞ്ഞ ശെൽ‌വൻ ഒരാശുപത്രിയുടെ അത്യാഹിത വിഭാഗത്തിലുണ്ട് എന്നതായിരുന്നു. ഒരു കുപ്പി പൊട്ടിച്ച് അതിന്റെ ചില്ലും അയാൽ ഉള്ളിലാക്കിയത്രേ!  നാട്ടിലെ കാമുകിയുടെ വിവാഹം ഉറപ്പിച്ച വാർത്തയാണ് അയാളുടെ മനോനില തെറ്റിച്ചതെന്ന് പിന്നീടറിഞ്ഞു. നട്ടെല്ല് പൊട്ടിയ ആ ചെറുപ്പക്കാരനെ സ്ട്രക്ചറിൽ, ഒരു മേജർ സർജറിക്കായി നാട്ടിലേക്കയക്കുമ്പോൾ കൺ കോണുകളിൽ പൊടിഞ്ഞ നീർച്ചാലുകൾക്ക് കുറ്റബോധത്തിന്റേയും നഷ്ട ബോധത്തിന്റേയും ഗന്ധമുണ്ടെന്ന് എനിക്ക് തോന്നി. നന്നായൊന്ന് സംസാരിക്കാനും അയാളെ കേൾക്കാനും ഒരാളുണ്ടായിരുന്നെങ്കിൽ സെൽ‌വൻ ഒരു പക്ഷേ ഇങ്ങനെയൊന്നും ചെയ്യുകയില്ലായിരുന്നിരിക്കാം.
ശെല്വന്റെ ഓർമകൾ നൽകിയ കരുത്തിലാണ് ഞാൻ അൻസാറുമായി സംസാരിച്ചത്. നന്നേ ചെറുപ്പത്തിലേ ഗൾഫിലെത്തിയ ആളാണു അൻസാർ. തന്റെ യുവത്വവും ജീവിതവും ഗൾഫ് തിന്നു തീർക്കുകയാണേന്ന നഷ്ടബോധം അയാളുടെ ഉള്ളിൽ തളം കെട്ടി നിന്നിരുന്നു. എപ്പോഴും പൊട്ടാൻ പാകത്തിൽ നിന്ന നഷ്ടബോധത്തിന്റെ തന്ത്രികളിൽ വന്ന് വീണ ഒരു ആഘാതം മാത്രമായിരുന്നു ആ വിമാനവാർത്ത. കുറേ ദിവസങ്ങളിൽ അൻസാറിനെ ഞങ്ങൾ കൂടെ കൂട്ടി. കുറേയധികം സംസാരിച്ചു. നല്ല സൌഹ്യദങ്ങളില്ലാത്തതും സാമൂഹികബന്ധങ്ങളില്ലാത്തതുമാണ് അൻസാറിന്റെ പ്രശ്നങ്ങളെന്ന് അനുമാനിക്കുന്നു. സുഹ്യത്തും ഞാനും അൻസാറിനെ ബോധപൂർവ്വം പരിഗണിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അൻസാർ നല്ലൊരു ചങ്ങാതിയായി മാറി. പിന്നീട് ഒരിക്കൽ വിളിച്ചത് മറ്റന്നാൾ നാട്ടിലേയ്ക്ക് പോകുന്നുവെന്ന് വാർത്ത പങ്ക് വെച്ച് കൊണ്ടായിരുന്നു. നാട്ടിൽ നിന്ന് അയാളുടെ ഭാര്യയും മക്കളും വിളിച്ചു. അവരുടെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല. ഒരു ഉപദേശം മാത്രമേ ഞാൻ അൻസാറിന് നൽകിയുള്ളൂ. സാധ്യമെങ്കിൽ നാട്ടിൽ തന്നെ നിൽക്കുക. രക്ഷയില്ലെങ്കിൽ മാത്രമേ മടങ്ങിവരാവൂ. ഇന്ന് ഞാനും ഒരു മുൻപ്രവാസിയാണ്. പ്രവാസജീവിതം കുടുംബ സമേതമായിരുന്നെങ്കിലും വീണ്ടുമൊരു പ്രവാസം ഞാനും ഇഷ്ടപ്പെടുന്നില്ല; ഇഷ്ടപ്പെടാത്ത രാഗങ്ങളാണ് ജീവിതത്തിന്റെ സംഗീതം എന്ന് തിരിച്ചറിയുമ്പോഴും. എങ്കിലും ഞാൻ ഇപ്പോഴും അൻസാറിനെ ഓർക്കാറുണ്ട്. അൻസാർ ഇപ്പോൾ എവിടെയായിരിക്കും?


Sep 9, 2013

ഒരു പൂച്ചപ്പുരാണം അഥവാ മലയാളിയുടെ തെക്ക് വടക്ക് ചിന്തകള്‍


കരിയിലകള്‍ മൂടിക്കിടക്കുന്ന വഴിയിലൂടെയാണ് ഞങ്ങള്‍ നടക്കുന്നത്. ദമാം നഗരത്തിലെ ഒരു ഹൗസിംഗ് കോമ്പൗണ്ടിനുള്ളിലെ ഒരു വില്ലയിലേക്കുള്ള വഴിയാണ്. വല്ലപ്പോഴും മാത്രം തുറക്കാറുള്ള വലിയ ഗേറ്റ് തള്ളിത്തുറന്ന് ഞങ്ങള്‍ അകത്തു കടന്നു. കോഴിക്കോട്ടുകാരന്‍ ഉബൈദും മലപ്പുറത്തുകാരന്‍ ഷബീറും തൃശൂരുകാരന്‍ നാസറുമാണ് കൂടെയുള്ളത്. ഒരു പഴയ വില്ലയാണത്. എങ്കിലും പഴമയുടെ വൈരൂപ്യങ്ങളൊന്നുമില്ലാത്ത ഒരു മനോഹരമായ വില്ല. രോഗിയായ വീട്ടുകാരനെ കാണലാണ് വരവിന്റെ ഉദ്ദേശ്യം.
മുറ്റത്ത് നിറയെ ഉണക്കാനിട്ടിരിക്കുന്ന തുണികള്‍ ചിതറിക്കിടക്കുന്നു. മുറ്റത്തിന്റെ ഒരു മൂലയില്‍ അധികം ഉയരമില്ലാത്ത ഒരു ഈന്തപ്പന. കഴിഞ്ഞ സീസണില്‍ കുലച്ച ഈത്തപ്പഴങ്ങള്‍ ഉണങ്ങി ചുക്കിച്ചുളിഞ്ഞ് താഴെ വീണ് കിടക്കുന്നുണ്ട് ഈന്തപ്പനയുടെ ചുവട്ടില്‍ രണ്ട് പൂച്ചകള്‍ ആലസ്യത്തോടെ കിടക്കുകയാണ്. ഞങ്ങളെ കണ്ടിട്ടായിരിക്കണം ‘ആരെടാ ഇവരൊക്കെ’ എന്ന മട്ടില്‍ അവറ്റകള്‍ മെല്ലെയെഴുന്നേറ്റു. അവിടെത്തന്നെ നിന്ന് ഒന്ന് മൂരിനിവര്‍ന്നു. രണ്ടാമത്തേത് ഈന്തപ്പനക്ക് ചുറ്റും മെല്ലെയൊന്ന് വലംവെച്ച് ഞങ്ങള്‍ മൂന്നുപേരെയും കണ്ണുകള്‍ കൊണ്ടൊന്നുഴിഞ്ഞ്  ടാബ്ലോ മോഡലില്‍ നില്‍ക്കുകയാണ്.
സൗദിയിലെ പൊലീസുകാരെപ്പോലെയാണ് അവിടുത്തെ പൂച്ചകളും. കസര്‍ത്തുകള്‍ കാണിക്കാന്‍ ബഹുമിടുക്കരാണ് രണ്ട് കൂട്ടരും. തുടക്കത്തിലെ കസര്‍ത്തുകള്‍ മാത്രമേയുള്ളൂ. പിന്നെ ശാന്തമാണ്. ഇപ്പോള്‍ പൂച്ചകളുടെ രണ്ടിന്റെയും നോട്ടം എന്നെയാണ്. സൂക്ഷ്മമായി നോക്കി വിലയിരുത്തുകയാണ്. ഞാന്‍ ഒരു കൊല്ലത്തുകാരനാണെന്ന് അവറ്റകള്‍ക്ക് മനസ്സിലായോ ആവോ? കൊല്ലത്തുകാര്‍ക്ക് ഗള്‍ഫില്‍ പൊതുവേ ഡിമാന്റ് കുറവാണ്. കുഴപ്പക്കാരാണ് എന്നാണ് സാമാന്യമായ ധാരണ. അധികം അടുക്കാന്‍ പോകണ്ട. കൊല്ലക്കാരനാ സൂക്ഷിച്ചോ എന്ന് ചിലരെക്കുറിച്ച് പറയുന്ന രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്.
മിണ്ടാതെ, ഐഡന്റിറ്റി വെളിപ്പെടുത്താതെ, മാന്യമായി രക്ഷപ്പെട്ട നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഈ ‘കൊല്ലം’ ഇത്ര മോശം സ്ഥലമാണോ? ഗള്‍ഫിലെത്തുന്നതുവരെ കൊല്ലമാണ് കേരളത്തിലെ ഏറ്റവും നല്ല സ്ഥലമെന്നും കൊല്ലക്കാരാണ് കേരളത്തിലെ  ഏറ്റവും വലിയ മാന്യന്മാരെന്നും കൊല്ലം ഭാഷയാണ് ശരിയായ മലയാളമെന്നും സത്യസന്ധമായിത്തന്നെ വിശ്വസിച്ചിരുന്നു. ഒരൊറ്റ ഗള്‍ഫ് യാത്രതന്നെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. സ്ഥലത്തെക്കുറിച്ച് ഇന്നും എനിക്ക് സാരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമുണ്ടായിട്ടില്ല. പക്ഷേ കൊല്ലക്കാരുടെ മാന്യത മറ്റ് പ്രദേശങ്ങളിലെ പല മാന്യന്മാരുടെയും ‘മാന്യത’യെക്കാളും ഒട്ടും പിന്നിലല്ലെന്നും കൊല്ലത്തെ പല ‘ഫാ’ര്യമാരും ‘ഫ’ര്‍ത്താക്കന്മാരും ‘ഫ’യങ്കരമായി ‘ഫാ’ഷ പഠിക്കേണ്ടവരാണെന്നും എനിക്ക് ബോധ്യമായി.
ഭാഷയുടെ കാര്യത്തില്‍ കൊല്ലക്കാരേക്കാള്‍ രണ്ട് കൊല്ലംകൂടി അധികം പഠിക്കേണ്ടവരാണ് തിരുവനന്തപുരംകാര്‍. ‘എന്നരെടേ ഈ ഫാഷേലൊക്കെ ഇരിക്കണത്. കാര്യങ്ങള് പറേണതങ്ങ് മനസിലായാ മതിയല്ല്’ എന്നാണ് ഇതിനെക്കുറിച്ച് തിരുവനന്തപുരത്തുകാരനായ ഒരു സുഹൃത്തിന്റെ അഭിപ്രായം. ഒരു വിധത്തില്‍ പറഞ്ഞാല്‍ ശരിയാണ്. ഞങ്ങളാണ് മാതൃകാ മലയാളത്തിന്റെ സ്വന്തം ആള്‍ക്കാര്‍ എന്ന് പറയാനുള്ള ധൈര്യം ഒറ്റ ജില്ലക്കാരനും കാണില്ല. ചില പ്രദേശങ്ങളില്‍ മാന്യമായി പറയുന്ന പല പദങ്ങളും മറ്റു ചിലയിടങ്ങളില്‍ മുട്ടന്‍ തെറികളാണ്. മലപ്പുറത്തെ ചില ഉള്‍പ്രദേശങ്ങളിലെ നാലു ‘കാക്കമാരെ’ കൊല്ലത്തെങ്ങാനും കൊണ്ടുപോയി താമസിപ്പിച്ചാല്‍  രണ്ടാഴ്ച ചിരിച്ച് വശാകാനുള്ള മരുന്ന് കൂടെ കിട്ടുമെന്ന് ഉറപ്പ്. അവര്‍ വളരെ കാര്യമായി പറയുന്ന പല വാക്കുകളും ഞങ്ങളുടെ നാട്ടില്‍ സുന്ദരമായ തെറികളാണ്. തിരുവിതാംകൂറുകാരനായ ഒരു ഡോക്ടര്‍ കോഴിക്കോട്ടെ ഒരാശുപത്രിയില്‍ നിന്ന് ഇറങ്ങിയോടിയ ഒരു കഥ കേള്‍ക്കാറുണ്ട്. പരിശോധനയ്‌ക്കെത്തിയ രോഗി ഡോക്‌റോട് രോഗലക്ഷണം പറഞ്ഞത് ‘രണ്ടാഴ്ചയായി കുരയാണ് ഡോക്ടറെ. കുരക്ക് ഒരു കുറവുമില്ല’ എന്നാണ്. ഡോക്ടര്‍ക്ക് കുരയെന്നുവെച്ചാല്‍ നായ്ക്കുര മാത്രമേ അറിയൂ. ഈ ‘കുര’ ശരിക്കുള്ള ചുമയാണെന്നറിയാത്ത ഡോക്ടര്‍ ഭയന്നു. രോഗി, പേപ്പട്ടി കടിച്ച് പേയിളകി കുരച്ച് വന്നിരിക്കുകയാണെന്ന് ഭയപ്പെട്ട് അദ്ദേഹം ഇറങ്ങിയോടിക്കളഞ്ഞത്രേ.
തെക്കനും വടക്കനും തമ്മിലുള്ള ഈ പഴിചാരല്‍ ഭാഷയില്‍ മാത്രമല്ല; ശീലങ്ങളിലും സ്വഭാവങ്ങളിലുമെല്ലാം കാണാന്‍ കഴിയും.  ഭാഷയും ശീലങ്ങളുമെന്തൊക്കെയായാലും ഒരു കാര്യം ഉറപ്പ്. നാടിനെയും നാട്ടാരയും വെച്ചുള്ള ഈ വിഭജനം വെറുമൊരു വിഭജനം മാത്രമാണ്. എവിടത്തുകാരനായാലും ആള് നന്നാകണം. എന്നാലേ ഗുണമുള്ളൂ. ലോകാടിസ്ഥാനത്തില്‍ തന്നെയുള്ള ഒരു വിഭജനമാണ് തെക്കും വടക്കുമെന്നത്. വടക്കര്‍ യോഗ്യരും തെക്കര്‍ അത്ര യോഗ്യരല്ലാത്തവരുമെന്ന കാഴ്ചപ്പാട് നാസിസത്തിന്റെ ഒരു ‘ലൈക് വേര്‍ഷനാണ്’. ആര്യന്മാര്‍ വന്ദ്യരും ജൂതന്മാര്‍ നിന്ദ്യരുമെന്ന നാസി സങ്കല്‍പത്തിന്റെ മറ്റൊരു രൂപഭേദമാണ് ഈ പ്രാദേശിക വിഭജനവും.

കേരളത്തിലെ ഈ തെക്ക് വടക്ക് വിഭജനം ശക്തമായത് ഗള്‍ഫ് പ്രവാസത്തിന്റെ നാളുകളിലാണ്. ഗള്‍ഫ് മേഖലയുടെ ആദ്യകാല ഗുണഭോക്താക്കള്‍ മലബാറുകാരായിരുന്നു. മലബാറിന്റെ പൊതുവായ ഭാഷയിലും സംസ്‌കാരത്തിലും തുടര്‍ന്നുവന്ന അവരുടെ പ്രവാസ ജീവിതത്തിനിടയിലേക്ക്  കടന്നുവന്ന സാംസ്‌കാരികാപരിചിതരായിരുന്നു തിരുവിതാംകൂര്‍കാര്‍. രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതകളാണ് തിരുവിതാംകൂര്‍കാര്‍ക്ക് മലബാറുകാരെപ്പറ്റിയും മലബാറുകാര്‍ക്ക് തിരിച്ചുമുള്ള അസ്‌കിതകള്‍ക്ക് കാരണമായി ഭവിച്ചത്. മലബാറുകാര്‍ തെക്കരെ കണ്ടിരുന്ന അതേ കാഴ്ചപ്പാടില്‍ തന്നെയാണ് തെക്കര്‍ തിരിച്ചും കണ്ടിരുന്നത്.
അവരുടേതായ സ്വകാര്യ ഇടങ്ങളില്‍ അവര്‍ മലബാറുകാരെ പരിഹസിച്ചു. ഉച്ചാരണ വൈകല്യങ്ങളിലും പദഭേദങ്ങളിലും മലബാറുകാരെ തക്കംകിട്ടുന്നിടങ്ങളില്‍ കൊച്ചാക്കാനും ഇവര്‍ മറന്നില്ല. ചതിയും വഞ്ചനയും തെക്കരുടെ മേല്‍ ചാര്‍ത്തിയാണ് മലബാറുകാര്‍ ഇതിനു പകരം വീട്ടിയത്. വിദ്യാഭ്യാസം കൊണ്ട് മേല്‍ക്കൈ നേടിയിരുന്ന തിരുവിതാംകൂറുകാര്‍ക്ക് മലബാറുകാരുടെ നിഷ്‌കളങ്കതയോ നിഷ്‌കാപട്യമോ ഇല്ലായിരുന്നുവെന്നത് വാസ്തവമായിരുന്നു. നിഷ്‌കളങ്കതകള്‍ ചൂഷണം ചെയ്യപ്പെട്ട നിരവധി സംഭവങ്ങള്‍ പലരും പറയാറുണ്ട്.
ഇന്ന് ഇതൊക്കെ പഴങ്കഥകള്‍. പരിഷ്‌കാരത്തിന്റെയും ടെക്‌നോളജിയുടെയും ഈ കാലത്ത് തെക്കനും വടക്കനും  തുല്യര്‍. സാംസ്‌കാരികവും മതപരവുമായ സംഘടനകള്‍ തെക്കനെയും വടക്കനെയും യോജിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മലബാറുകാരനെന്നും തിരുവിതാംകൂറുകാരനെന്നും ഭേദമില്ലാതെ മലയാളിയെന്ന വിളിപ്പേരില്‍ അവന്‍ അറിയപ്പെട്ടു. ഭാഷാശുദ്ധിയും ഉച്ചാരണ ഭേദങ്ങളും പരസ്പരം  കൈമാറി. ചതിയും വഞ്ചനയും പങ്കുവെച്ചു. നിഷ്‌കളങ്കതയെയും  നിഷ്‌കാപട്യത്തെയും പടിക്കു പുറത്തു വെക്കാനുള്ളതായിരുന്നുവെന്ന് വടക്കനും  തെക്കനും മനസ്സിലക്കി. സ്ത്രീപീഡനത്തിന്റെയും  തട്ടിപ്പിന്റെയും കാലത്ത് അവര്‍ പരസ്പരം മത്സരിച്ചു. വടക്കന്‍ വടക്കനെയും തെക്കന്‍ തെക്കനെയും പറ്റിക്കാനും തട്ടിക്കാനും                                                                      ശീലിച്ചു.
ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ജനിക്കുന്ന ജീനുകള്‍ തെക്കരെപ്പോലെ വടക്കര്‍ക്കും ലഭിച്ചു. പക്ഷേ ഇവരും കഴുത്തറപ്പന്‍ ഡോക്ടര്‍മാരും പാലംവീഴ്ത്തി എന്‍ജിനീയര്‍മാരുമായി. ‘പഴയ വടക്കന്‍ ഇങ്ങനെയൊന്നുമല്ലായിരുന്നു കേട്ടോ’ എന്ന് പല പഴയ തെക്കന്മാരും പറയാന്‍ തുടങ്ങി. ചുരുക്കത്തില്‍ വടക്കനും തെക്കനും വെറും ‘വെടക്കന്‍ മലയാളി’കള്‍ മാത്രമായി. ഈ വസ്തുതകളൊന്നും അറിയാത്തത് കൊണ്ടായിരിക്കണം ഈ പൂച്ച കൊല്ലക്കാരനായ എന്നെയിങ്ങനെ ‘ഒരു മാതിരി നോട്ടം’  നോക്കി നില്‍ക്കുന്നത്. അല്ലെങ്കിലും അതെന്ത് പിഴച്ചു അതിങ്ങ് ഗള്‍ഫിലല്ലേ? ഇതൊക്കെ എങ്ങനെ അറിയാന്‍? പാവം. ഞാനെന്തായാലും പൂച്ചയെ തിരിച്ചുമൊന്ന് സൂക്ഷിച്ചു നോക്കി. ‘ഏയ്, ഞാന്‍ നീയുദ്ദേശിക്കുന്ന ആ ടൈപ്പല്ല’ എന്നാണ് എന്റെ നോട്ടംകൊണ്ട് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

Sep 6, 2013

വിലാപങ്ങളില്‍ വിറങ്ങലിച്ച്‌ സിറിയ


പ്രൗഢമായ രാഷ്‌ട്രീയ ചരിത്രവും ദീപ്‌തമായ സാംസ്‌കാരിക പാരമ്പര്യവുമുള്ള രാജ്യമാണ്‌ സിറിയ. നിരവധി ചക്രവര്‍ത്തിമാരും, അവരുടെ പ്രതിപുരുഷന്മാരും സിറിയയുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്‌. റോമക്കാരും ഗ്രീക്കുകാരും ക്രൈസ്‌തവരും മുസ്‌ലിംകളുമൊക്കെ കൈയ്യാളിയിട്ടുള്ള സിറിയയുടെ ചരിത്രം മുമ്പുണ്ടായിട്ടില്ലാത്ത വിധം കലുഷിതമാണ്‌ ഇപ്പോള്‍.
പ്രമുഖ സ്വഹാബിയും സൈനിക തന്ത്രജ്ഞനുമായിരുന്ന ഖാലിദ്‌ബ്‌നു വലീദ്(റ) നേതൃത്വം നല്‌കിയ `റാശിദൂന്‍ സേനയുടെ' ആഗമനത്തോടെയാണ്‌ സിറിയ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാകുന്നത്‌. ഫലസ്‌തീനും ജോര്‍ദാനമുള്‍പ്പെടുന്നതാണ്‌ പ്രാചീന സിറിയ.
ഓട്ടോമന്‍ തുര്‍ക്കികളുടെ പതനത്തിനുശേഷം ഫ്രഞ്ച്‌ അധീനതയിലായ സിറിയയുടെ ആധുനിക രാഷ്‌ട്രീയ ചരിത്രം തുടങ്ങുന്നത്‌ 1946 ലെ സ്വാതന്ത്ര്യ ലബ്‌ധിയോടെയാണ്‌. സ്വതന്ത്ര സിറിയയുടെ ആദ്യ പത്ത്‌ വര്‍ഷക്കാലം നിരന്തരമായ രാഷ്‌ട്രീയ അസ്ഥിരതകളുടേതായിരുന്നു. ഇക്കാലയളവില്‍ ഇരുപത്‌ മന്ത്രിസഭകളും നാലു ഭരണഘടനകളും രാജ്യത്തെ പരീക്ഷണ വിധേയമാക്കി. ഇക്കാലഘട്ടത്തിലാണ്‌ സിറിയന്‍ രാഷ്‌ട്രത്തിനു മേല്‍ യു എസിന്റെ കണ്ണുകള്‍ പതിയുന്നത്‌. രാഷ്‌ട്രീയ അസ്ഥിരതകള്‍ മുതലെടുത്ത്‌ ഫലസ്‌ത്വീന്‍ പ്രശ്‌നത്തിലും തങ്ങളുടെ എണ്ണ രാഷ്‌ട്രീയത്തിലും സിറിയയെ ഒരു ഉപകരണമാക്കുകയും പട്ടാള അട്ടിമറിക്ക്‌ കളമൊരുക്കുകയുമാണ്‌ യു എസ്‌ ചെയ്‌തത്‌. അറബ്‌ രാഷ്‌ട്രീയത്തിലെ സുപ്രധാനമായ സ്ഥാനം സിറിയക്ക്‌ ലഭിക്കുന്നത്‌ 1970 മുതല്‍ 2000 വരെ ഹാഫിദുല്‍ അസദ്‌ ഭരണം കൈയാളിയ കാലത്താണ്‌
മൂന്ന്‌ ദശകങ്ങള്‍ നീണ്ട സുദീര്‍ഘമായ കാലയളവ്‌കൊണ്ട്‌ ഹാഫിദുല്‍ അസദ്‌ ഭരണ സംവിധാനത്തെ തന്റെ കൈപ്പിടിയില്‍ ഒതുക്കി. ഇറാന്‍ ബന്ധമുള്ള അലവി വിഭാഗം ശിയാക്കളില്‍ ഉള്‍പ്പെടുന്നവരാണ്‌ അസദ്‌ കുടുംബം. ന്യൂനപക്ഷമായ അലവികളെ സിറിയന്‍ ഭരണത്തിലും സൈനിക നിരയിലും പ്രതിഷ്‌ഠിച്ചത്‌ ഫ്രഞ്ചുകാരാണ്‌. ഭൂരിപക്ഷം വരുന്ന സുന്നികളെ അടിച്ചമര്‍ത്താനുള്ള ആയുധവും മാധ്യമവുമായി ഫ്രഞ്ചുകാര്‍ അവരെ യഥേഷ്‌ടം ഉപയോഗപ്പെടുത്തി. അന്നു മുതല്‍ അവര്‍ നുകരാന്‍ തുടങ്ങിയ അധികാരത്തിന്റെ മധു നിലനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്നെയാണ്‌ സമകാലിക സിറിയന്‍ രാഷ്‌ട്രീയത്തിലെ കാലുഷ്യങ്ങളുടെ മര്‍മബിന്ദു.
ഹാഫിദുല്‍ അസദിന്റെ മരണശേഷമാണ്‌ ബശ്ശാറുല്‍ അസദ്‌ സിറിയന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്‌. പ്രസിഡന്റ്‌ എന്ന പദം ജനാധിപത്യത്തിന്റെ പദാവലിയില്‍ പെട്ടതാണെങ്കിലും രാജ ഭരണത്തിന്റെ പിന്തുടര്‍ച്ചപോലെയാണ്‌ ബശ്ശാര്‍ അതു പ്രയോഗിച്ചത്‌. അലവികളുടെ സമ്പൂര്‍ണ പിന്തുണ ബശ്ശാര്‍ നേടിയെടുത്തിരുന്നു. ഭൂരിപക്ഷം വരുന്ന സുന്നികളെ ഓരത്തുതള്ളി ബശ്ശാര്‍ ഭരണം ഭദ്രമാക്കി. എതിര്‍ ശബ്‌ദങ്ങളെ അദ്ദേഹം അമര്‍ച്ച ചെയ്‌തു. ഇക്കാലയളവിലാണ്‌ അറേബ്യന്‍ യുവത ജനാധിപത്യത്തിനുവേണ്ടി തെരുവിലിറങ്ങുന്നതും അറബ്‌ മേഖലയൊന്നാകെ വിപ്ലവ തരംഗം പടരുന്നതും. അറബ്‌ വസന്തമെന്ന പേരില്‍ പടര്‍ന്നുപിടിച്ച ഭരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സിറിയന്‍ പതിപ്പ്‌ അതിന്റെ പൂര്‍വ മാതൃകകളില്‍ നിന്നും വേറിട്ടതായിരുന്നു. മാറിയ കാലാവസ്ഥയ്‌ക്കനുസരിച്ച്‌ ചലിക്കാനുള്ള മെയ്‌വഴക്കമില്ലാത്തതാണ്‌ ബശ്ശാറിന്റെ നില വഷളാക്കിയത്‌.
ആദ്യഘട്ടത്തില്‍, സുതാര്യമായ ഭരണപുനക്രമീകരണത്തോടെ പരിഹരിക്കാമായിരുന്ന പ്രശ്‌നങ്ങള്‍ ബശ്ശാറിന്റെ കടുംപിടുത്തത്തിലൂടെ കൂടുതല്‍ വഷളായി. തോക്കുകളും ബോംബുകളും കൊണ്ടാണ്‌ ബശ്ശാര്‍ പ്രക്ഷോഭങ്ങള്‍ക്ക്‌ മറുപടി നല്‌കാന്‍ ശ്രമിച്ചത്‌. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ തുടങ്ങുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. പ്രക്ഷോഭകരുടെ ജനപിന്തുണ കൂടുകയും തുനീഷ്യ, ഈജിപ്‌ത്‌, ലിബിയ എന്നിവിടങ്ങളില്‍ നടന്ന വിപ്ലവങ്ങളില്‍ നിന്ന്‌ ആവേശം നേടിയ പ്രക്ഷോഭകര്‍ `ബശ്ശാര്‍ അധികാരമൊഴിയുക' എന്ന വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിലേക്ക്‌ എത്തുകയും ചെയ്‌തു.
ബശ്ശാര്‍ അധികാരമൊഴിയുകയെന്നത്‌ അലവികള്‍ക്ക്‌ അചിന്ത്യമാണ്‌. ബശ്ശാറാനന്തരമുള്ള സിറിയയില്‍ തങ്ങളെയും കാത്തിരിക്കുന്ന `വിധി'യെക്കുറിച്ച്‌ പൂര്‍ണ ബോധ്യമുള്ളവരാണവര്‍. വിപ്ലവത്തിന്‌ മുന്നില്‍ നില്‌ക്കുന്നവരും, അതിന്‌ സമ്പൂര്‍ണ പിന്തുണ നല്‌കുന്ന രാഷ്‌ട്രങ്ങളും സുന്നി താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ്‌. മറുവശത്ത്‌ ഇറാന്‌ സിറിയന്‍ പ്രശ്‌നത്തില്‍ പ്രത്യേക താല്‌പര്യമുണ്ട്‌. ഇതാണ്‌ രണ്ടും കല്‌പിച്ച്‌ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ബശ്ശാറിന്‌ എല്ലാ പിന്തുണയും നല്‌കാന്‍ ശീഅകളെ പ്രേരിപ്പിച്ചത്‌. ബശ്ശാറിനെക്കാളും ഇറാന്റെയും സിറിയയിലെ ശിയാക്കളുടെയും ആവശ്യമായി മാറിക്കഴിഞ്ഞു, ഇപ്പോള്‍ ബശ്ശാര്‍ ഭരണം നിലനിര്‍ത്തുകയെന്നത്‌.
സിറിയയില്‍ അസദിനെയും അലവികളെയും നിലനിര്‍ത്താന്‍ ഇറാന്‍ ശ്രമിക്കുന്നത്‌ മേഖലയിലെ തങ്ങളുടെ സവിശേഷ രാഷ്‌ട്രീയ താല്‌പര്യത്തിന്റെ ഭാഗമായാണ്‌. ഇഥ്‌നാ അശ്‌രികളായ ഇറാന്‍ ശിയാക്കളില്‍ നിന്ന്‌ ആശയഗതിയില്‍ ബഹുദൂരം തെറ്റിപ്പിരിഞ്ഞവരാണ്‌ സിറിയന്‍ അലവികള്‍. മതപരമായ കോണിലൂടെ നോക്കിയാല്‍ ഇറാന്‍ ശിയാക്കള്‍ സുന്നി വിഭാഗങ്ങളോടുള്ള അകല്‍ച്ചയോളം തന്നെയുള്ള അകല്‍ച്ച അലവികളോടും പുലര്‍ത്തുന്നവരാണ്‌. ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളെപ്പോലും നിഷേധിക്കുകയും മതപരമായ മൂല്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന അലവികള്‍ ഒരു തരം `നിഷേധി' കളാണ്‌. തങ്ങളുടെ രാഷ്‌ട്രീയ താല്‌പര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ്‌ ഇറാന്‍ ഇവരെ പിന്തുണയ്‌ക്കുന്നത്‌. ഈ പിന്താങ്ങലിന്റെ വിടവുകളിലൂടെ ഉള്ളില്‍ കയറുവാനാണ്‌ യു എസിന്റെയും ശ്രമം, ഒപ്പം മേഖലയില്‍ നിലനില്‌ക്കുന്ന ധ്രുവീകരണങ്ങളും സംഘര്‍ഷങ്ങളും തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കുകയും.
2011 മുതലാണ്‌ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക്‌ തുടക്കമാകുന്നത്‌. പ്രക്ഷോഭ കാലയളവില്‍ ഇതുവരെയായി ഒരു ലക്ഷമാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്‌ വിവിധ കണക്കുകള്‍ വെളിപ്പെടുത്തുന്നത്‌. അയ്യായിരം ആളുകളെ വീതം ഓരോ മാസവും കൊലപ്പെടുത്തിയിരിക്കുന്നുവെന്നര്‍ഥം!
ജനാധിപത്യത്തിന്റെ അന്തര്‍ധമനികളെപ്പോലും നിശ്ചേഷ്‌ടമാക്കുകയും വിറങ്ങലിപ്പിക്കുകയും ചെയ്യുന്ന ഈ കൊന്നുതള്ളലിന്റെ കണക്കുകളെ പിടിച്ചുനിര്‍ത്താനോ പരിഹരിക്കാനോ യു എന്നോ ആഗോള `പൊലീസാ'യ അമേരിക്കയോ ശ്രമിച്ചില്ലയെന്നത്‌ ദുരുപദിഷ്‌ടമാണ്‌. എന്തുകൊണ്ടാണ്‌ ഇതിനെ ചോദ്യം ചെയ്യാന്‍ അന്താരാഷ്‌ട്ര സംവിധാനങ്ങള്‍ക്കും അറബ്‌ രാഷ്‌ട്രങ്ങള്‍ക്കും സാധിക്കാതെ പോകുന്നതെന്ന ചോദ്യം ശേഷിക്കുന്നുണ്ട്‌. സിറിയന്‍ തെരുവുകള്‍ ചോരച്ചാലുകളായി മാറിക്കൊണ്ടിരിക്കുന്നു. ബശ്ശാറുല്‍ അസദും സൈന്യവും കൊലവിളി മുഴക്കിക്കൊണ്ട്‌ സിറിയയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ മനുഷ്യമേധം നടത്തിക്കൊണ്ടിരിക്കുകയാണ്‌. അരിഞ്ഞ്‌ വീഴ്‌ത്തപ്പെടുന്ന കബന്ധങ്ങള്‍ ബുള്‍ഡോസറുകള്‍കൊണ്ട്‌ ചതച്ച്‌ വാരുന്നചിത്രങ്ങള്‍ ലോകമനസ്സാക്ഷിയെ വിറങ്ങലിപ്പിച്ചുകൊണ്ടിരിക്കുന്നു.
കൊല ചെയ്യപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സിവിലിയന്മാരാണ്‌. 47 ശതമാനം സിവിലിയന്മാരും 12 ശതമാനം പോരാളികളും 27 ശതമാനം സൈനികരും 7 ശതമാനം സ്‌ത്രീകളും 7 ശതമാനം കുട്ടികളുമാണ്‌ കൊല്ലപ്പെട്ടതെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു.
സിറിയന്‍ പ്രശ്‌നം ഇത്രമേല്‍ വഷളാകാന്‍ കാത്തിരുന്നത്‌ പോലെയാണ്‌ യു എസിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍. സിറിയന്‍ പ്രശ്‌നത്തെ അറബ്‌ രാഷ്‌ട്രീയത്തിന്റെ മര്‍മമാക്കി മാറ്റാന്‍ അര്‍ഥഗര്‍ഭമായ ഈ കാത്തിരിപ്പിലൂടെ അമേരിക്കക്ക്‌ സാധിച്ചിട്ടുണ്ട്‌. യു എന്‍, അമേരിക്കന്‍ താല്‌പര്യങ്ങളുടെ അതിര്‍ത്തി രേഖകള്‍ക്കപ്പുറം പറക്കാന്‍ കഴിയാത്ത ചിറകുവെട്ടിയ പക്ഷിമാത്രമാണെന്ന്‌ സ്വയം തെളിയിച്ചു കഴിഞ്ഞു. ഒരു ഭാഗത്ത്‌ സുഊദി കേന്ദ്രീകൃത നിലപാടും മറുവശത്ത്‌ ഇറാന്‍ കേന്ദ്രീകൃത നിലപാടുമായി സിറിയന്‍ പ്രശ്‌നം മാറിയിട്ടുണ്ട്‌. പല രാഷ്‌ട്രങ്ങളും നിലപാട്‌ വ്യക്തമാക്കാന്‍ മടിച്ചുനില്‌ക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലാണ്‌ അമേരിക്ക സിറിയയില്‍ സൈനിക ഇടപെടലിലൂടെ മാനവികതയുടെ സംരക്ഷണത്തിനു(!) തുനിഞ്ഞിറങ്ങുന്നത്‌. അമേരിക്ക ഉന്നംവെയ്‌ക്കുന്നത്‌ സിറിയയുടെ ആഭ്യന്തര കലാപത്തിലെ പ്രശ്‌നപരിഹാരമോ സംയമനമോ അല്ലയെന്നത്‌ പകല്‍ പോലെ വ്യക്തമാണ്‌. മറിച്ച്‌, തന്ത്രപരമായി അവസരം ഉപയോഗിക്കുകയാണവര്‍. ഇറാനെതിരായ രാഷ്‌ട്രീയ, സൈനിക നീക്കത്തിന്‌ മുസ്‌ലിം കക്ഷിത്വത്തെ ആയുധമാക്കുകയും അറബ്‌ രാഷ്‌ട്രീയം മറയാക്കി ഇസ്‌റാഈലിന്‌ തണലൊരുക്കുകയുമാണ്‌ അമേരിക്കയുടെ സൃഗാല തന്ത്രം

ഇതിനോട്‌ ഇറാന്‍ എപ്രകാരം പ്രതികരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും വരും നാളുകളില്‍ രൂപപ്പെടുന്ന അറബ്‌ രാഷ്‌ട്രീയത്തിന്റെ ഗതി. പ്രലോഭനത്തിന്റെയും പ്രകോപനത്തിന്റെയും സര്‍വ മാര്‍ഗങ്ങളുമുപയോഗിച്ച്‌ സിറിയയെയും ഇറാനെയും കുത്തിനോവിക്കാന്‍ അമേരിക്കയും മടിക്കില്ല.
സുന്നി ശിയാ സംജ്ഞകള്‍ ഇസ്‌ലാമിക ചരിത്രത്തിലെ ആദര്‍ശ, വീക്ഷണ വൈജാത്യത്തിന്റെ സൃഷ്‌ടിയായിരുന്നുവെങ്കിലും അത്‌ സമര്‍ഥമായി ഉപയോഗിക്കപ്പെട്ടത്‌ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കായിരുന്നു. അസ്‌പൃശ്യതകളുടെ ഭിന്ന ധ്രുവങ്ങളില്‍ ഈ വീക്ഷണ വൈജാത്യത്തിന്റെ ഇരുപുറങ്ങളെ വലിച്ചുകെട്ടുന്നതില്‍ ആദ്യം വിജയിച്ചത്‌ ജൂതവിഭാഗങ്ങളായിരുന്നുവെങ്കില്‍ ഇന്ന്‌ അത്‌ സമര്‍ഥമായി ഏറ്റെടുത്തിരിക്കുന്നത്‌ അമേരിക്കയാണ്‌. രാഷ്‌ട്രീയവും മതപരവുമായി മുസ്‌ലിംകളെ വിഭജിക്കാനുള്ള സമകാലിക സാധ്യതകളില്‍ സുപ്രധാനമായ സ്ഥാനം സുന്നി-ശിആ തര്‍ക്കങ്ങള്‍ക്കാണെന്ന്‌ ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇത്‌ മനസ്സിലാക്കാനുള്ള നിരവധി സന്ദര്‍ഭങ്ങള്‍ സ്വയം പാഴാക്കിയതാണ്‌ മുസ്‌ലിം ലോകത്തിന്റെ ദൗര്‍ഭാഗ്യം.
തങ്ങളെ വേര്‍തിരിക്കുന്ന അദൃശ്യശക്തികള്‍ക്കെതിരെ പ്രതികരിക്കാനാകാതെ നിസ്സഹായരാകുകയാണ്‌ മുസ്‌ലിം രാഷ്‌ട്രങ്ങള്‍. തങ്ങളെ ദുര്‍ബലരാക്കുന്ന ഈ ദുഷ്‌ട അച്ചുതണ്ടിനെ എതിരിടാന്‍ മുസ്‌ലിംകള്‍ക്ക്‌ സാധ്യമാകാത്തിടത്തോളം കാലം സുന്നി-ശിയാ വേര്‍തിരിവിന്റെ രാഷ്‌ട്രീയ സാധ്യതകളെ ഇസ്‌ലാം വിരോധികള്‍ ഉപയോഗിച്ചു കൊണ്ടേയിരിക്കും.
ഇന്നല്ലെങ്കില്‍ നാളെ ബശ്ശാര്‍ ഭരണകൂടം വീഴുകതന്നെ ചെയ്യുമെന്ന ഘട്ടത്തിലാണ്‌ യൂ എസിന്റെ രംഗപ്രവേശം. തങ്ങളുടെ സാന്നിധ്യമില്ലാത്ത വിപ്ലവം തങ്ങളുടെ സാമ്രാജ്യത്വ താല്‌പര്യങ്ങള്‍ക്ക്‌ ക്ഷീണം ചെയ്യുമെന്ന്‌, ഈജിപ്‌തും തുനീഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കക്ക്‌ ബോധ്യമാക്കിക്കൊടുത്തിട്ടുണ്ട്‌. ബശ്ശാറിന്റെ എതിര്‍ പക്ഷത്ത്‌ നിലയുറപ്പിച്ച വിവിധ ഇസ്‌ലാമിക ഗ്രൂപ്പുകളെ, സിറിയന്‍ ഇടപെടലിലൂടെ ബശ്ശാര്‍ പക്ഷപാതികളാക്കി മാറ്റാമെന്നും അമേരിക്ക കണക്കുകൂട്ടുന്നു. `മറുപക്ഷത്ത്‌ അമേരിക്കയെങ്കില്‍ ബശ്ശാറിനെ പിന്തുണയ്‌ക്കുന്നു'വെന്ന നിലപാടിലേക്ക്‌ മുസ്‌ലിം ഗ്രൂപ്പുകളെ മാറ്റുകവഴി മുസ്‌ലിം ലോകത്ത്‌, വിശിഷ്യാ അറബ്‌ ലോകത്ത്‌ ധ്രുവീകരണം സാധ്യമാക്കാന്‍ അമേരിക്കക്ക്‌ എളുപ്പത്തില്‍ കഴിഞ്ഞേക്കും. അതിന്റെ ലാഞ്‌ജനകള്‍ വെളിവാകുകയും ചെയ്‌തിട്ടുണ്ട്‌. അങ്ങനെയെങ്കില്‍ സിറിയയെ കാത്തിരിക്കുന്നത്‌ കൂടുതല്‍ ഭീകരമായ ദിനരാത്രങ്ങളായിരിക്കും. മാത്രമല്ല, ഈജിപ്‌തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ പുന:സ്ഥാപന പ്രക്ഷോഭത്തില്‍ ഇടപെടല്‍ നടത്താന്‍ തങ്ങള്‍ക്കിതൊരു നല്ല അവസരമാണെന്നും അവര്‍ക്കറിയാം. ചുരുക്കത്തില്‍ ഒരു വെടിക്ക്‌ ഒരുപാട്‌ പക്ഷികളെ സിറിയയില്‍ നിന്ന്‌ പിടിച്ച അര നൂറ്റാണ്ട്‌ മുമ്പത്തെ ചരിത്രം ഒന്നുകൂടി ആവര്‍ത്തിക്കാന്‍ പുതിയ സംഭവങ്ങളെ വേദിയാക്കാമെന്ന്‌ യു എസ്‌ മനസ്സിലാക്കുന്നു.
ഇതിനിടയിലാണ്‌ ബശ്ശാറുല്‍ അസദ്‌ പ്രക്ഷോഭകാരികള്‍ക്കെതിരെ രാസായുധം പ്രയോഗിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്‌. രാസായുധം പ്രയോഗിച്ചത്‌ വിമതരാണെന്ന വാദഗതികളും അമേരിക്കന്‍ സാന്നിധ്യം സ്ഥാപിക്കാനുള്ള ഗൂഢാലോചനാവെടിയാണെന്ന വാദഗതികളും ചിലയിടങ്ങളില്‍ നിന്ന്‌ ഉയര്‍ന്നുവരുന്നുണ്ട്‌. എന്തൊക്കെയായാലും ഒരു ജനത നിരാകരിക്കുന്ന ഭരണാധികാരികളും ഭരണസംവിധാനങ്ങളും മാറുകതന്നെ വേണം. സ്വന്തം ജനതയെ അക്രമണത്തിലൂടെ ചതച്ചരയ്‌ക്കുകയും തീമഴയായ്‌ അവര്‍ക്ക്‌മീതെ പെയ്‌തിറങ്ങുകയും അവരെ കശാപ്പ്‌ നടത്തുകയും ചെയ്യുന്നവര്‍ എന്തിന്റെ പേരിലായിരുന്നാലും തുടരാന്‍ പാടില്ല. തങ്ങളുടെ മതകീയ വീക്ഷണങ്ങളുടെ വിടവിനിടയില്‍ പറ്റിപ്പിടിച്ച്‌ വളരുന്ന ഇത്തിള്‍ ഭീമന്മാരെയും അവരുടെ താല്‌പര്യങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം കാലം ഇവരൊക്കെ തീര്‍ക്കുന്ന വലയങ്ങള്‍ക്കുള്ളില്‍ ഭ്രമണം ചെയ്യാനായിരിക്കും മുസ്‌ലിം ജനതയുടെ വിധി.

Aug 30, 2013

പാര്‍ക്ക് സ്ട്രീറ്റെന്ന വേറിട്ട വഴി


വായിച്ചു ശീലിച്ച നോവല്‍ സങ്കല്‍പങ്ങള്‍ക്കൊരു തിരുത്ത്. ഭാഷയെയും ശൈലിയെയും സൃഷ്ടിച്ചെടുക്കുന്ന പരമ്പരാഗത രീതീശാസ്ത്രങ്ങളില്‍ നിന്നൊരു വേറിട്ട സഞ്ചാരശ്രമം. കഥാകൃത്തും മാധ്യമപ്രവര്‍ത്തകനും തിരക്കഥാ കൃത്തുമൊക്കെയായ ശ്രീ സോഹന്‍ലാലിന്റെ ‘പാര്‍ക്ക് സ്ട്രീറ്റെ’ന്ന നോവലില്‍ നിഴലിച്ചു കാണുന്ന പുതുമയുടെ ഭാവങ്ങളാണിവ. ആധുനിക നോവലുകളുടെ പ്രതിപാദ്യങ്ങള്‍ക്കുപയോഗിക്കുന്ന ഘടനയില്‍ നിന്നും ശൈലികളില്‍നിന്നും ഒരുപടി മുന്നിലാണ് സോഹന്‍ലാലിന്റെ പാര്‍ക്ക് സ്ട്രീറ്റ് വൈകാരികതകളുടെ നാനാര്‍ഥങ്ങളെ ഗര്‍ഭം ധരിച്ച് നില്‍ക്കുന്നത്-വെള്ളിത്തിരയില്‍ ന്യൂജനറേഷന്‍ സിനിമകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്, നോവല്‍ പ്രസ്ഥാനത്തിലെ തിരുത്തല്‍വാദിയായി, ന്യൂജനറേഷന്റെ ഭാവഹാവാദികളോടെയാണ് പാര്‍ക്ക് സ്ട്രീറ്റ് വായനക്കാരുമായി സംവദിക്കാന്‍ ശ്രമിക്കുന്നത് എന്ന് പറയുന്നതാകും കൂടുതല്‍ യോജിക്കുന്നത്.
കഥാസന്ദര്‍ഭങ്ങളെ പരിചയപ്പെടുത്തുന്നിടങ്ങളിലും കഥാപാത്രങ്ങളെ  സന്ദര്‍ഭങ്ങളുമായി കൂട്ടിയിണക്കുന്നിടങ്ങളിലും നോവലിസ്റ്റ്, വ്യതിരിക്തതകള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ പുതുമകള്‍ തേടുകയാണ്. എല്ലായിടങ്ങളിലും ഒരു മാറിനടക്കലിനായി ശ്രീ സോഹന്‍ലാല്‍ ശ്രമിച്ചിട്ടുണ്ട്. നോവലിസ്റ്റിനും അനുവാചകര്‍ക്കുമിടയില്‍ അവതാരകനെന്ന മധ്യസ്ഥ പുണ്യാളനെ പ്രതിഷ്ഠിക്കുന്ന പാരമ്പര്യത്തിന്റെ പൂജാവിധികളെ തെല്ലുറക്കെ ചോദ്യം ചെയ്യുന്ന നോവലിസ്റ്റിന്റെ ധൈര്യത്തെ ശ്ലാഘിക്കേണ്ടിയിരിക്കുന്നു. മൂന്നാമന്റെ അവതാരികയെന്ന കാകദൃഷ്ടിയുടെ മേളക്കൊഴുപ്പില്ലാതെ കൃതികള്‍ പ്രകാശിപ്പിക്കുകയെന്നത് അപരാധമായി നോക്കിക്കാണുന്ന ഇക്കാലത്ത്, അതും സാഹിത്യശേഷിയുള്ളവര്‍ പോലും സ്വകൃതികളെ പച്ചക്ക് വായനക്കാരന് നല്‍കാന്‍ മടിച്ചുനില്‍ക്കയും അവതാരികകള്‍ക്കായി വിയര്‍പ്പൊഴുക്കുകയും ചെയ്യേണ്ടിവരുമ്പോള്‍ അവതാരകന്റെ ഓശാരമില്ലാതെ സ്വന്തം നോവലിനെ വായനക്കാര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള നോവലിസ്റ്റിന്റെ ശ്രമം കൗതുകം നിറഞ്ഞതാണ്.
തന്റെ ശ്രമങ്ങളിലും സമീപനങ്ങളിലും ഒരു പുതുമയും നവീനതയും പ്രകടിപ്പിക്കാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ആ ശൈലികളുടെ വിന ബാധിച്ചിരിക്കുന്നത് നോവലിന്റെ ആത്മാവിനെ ത്തന്നെയാണ്. ശൈലികളുടെ നവോത്ഥാനത്തിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഒരു നോവലിന്റെ ആസ്വാദ്യതയ്ക്ക് മാറ്റുകൂട്ടുന്ന താളബോധവും ലയഭംഗിയും സൃഷ്ടിച്ചെടുക്കാന്‍ നോവലിസ്റ്റ് ബോധപൂര്‍വം ശ്രമിക്കാഞ്ഞതാണോയെന്ന് ഒരു വായനക്കാരന് സംശയമുണ്ടാകാം. കഥാഗതി ഉദ്വേഗജനകമായ് അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുമ്പോഴും ചില സ്വാഭാവികക്കേടുകളുടെ മുഴപ്പുകളും തടിപ്പുകളും നോവലില്‍ അവിടവിടെയായി ചിതറപ്പെട്ടിരിക്കുന്നത് മറച്ചുവെക്കാനാകില്ല.
ജേര്‍ണലിസ്റ്റ് ട്രെയിനിയായ ഹേമയെന്ന പെണ്‍കുട്ടി ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി ഏല്‍പിക്കപ്പെടുന്ന കോണ്ടസ്റ്റന്റ് അസൈന്‍മെന്റിന്റെ ഭാഗമായാണ് കൊല്‍ക്കത്തയെന്ന മഹാനഗരത്തിലെത്തുന്നത്.  വന്‍ സമ്പത്തും സമ്മാനങ്ങളും മാധ്യമമേഖലയില്‍ ആകര്‍ഷകമായ ഒരു തൊഴിലുമാണ് വിജയിയെ കാത്തിരിക്കുന്നത്.  പ്രൊഫഷനും മത്സരത്തിനും വേണ്ടി തുടങ്ങിയ ഒരു ജീവിതാന്വേഷണം പിരിച്ചുമാറ്റാന്‍ കഴിയാത്തൊരു ആത്മഭാഗമായി ഹേമയ്ക്ക് മാറുകയാണ്. മനുഷ്യര്‍ പുഴുക്കളായി ഇഴഞ്ഞുനീങ്ങുന്ന കല്‍ക്കത്തയെന്ന മഹാനഗരത്തില്‍ നിന്ന് തന്റെ അസൈന്‍മെന്റിന്റെ വിഷയമായി ഹേമ തെരഞ്ഞെടുക്കുന്നത് ഗംഗയെന്ന യുവതിയുടെ ജീവിതകഥയാണ്.
ജീവിക്കാനായി സ്വജീവിതത്തെതന്നെ പണയം നല്‍കേണ്ടിവന്ന ഒരു ലൈംഗിക തൊഴിലാളിയാണ് ഗംഗ. അവളുടെ മരണത്തില്‍പോലും ഒരു അള്‍ട്രാ മോഡേണ്‍ സാഹിത്യമനോധാരയുടെ സാന്നിധ്യമുണ്ടാക്കുവാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. കൊല്‍ക്കത്താ നഗരത്തിന്റെ തിരക്കുകളിലൂടെ, ഗംഗയെ കൊല്ലാനായി തക്കംപാര്‍ത്ത് നടക്കുന്ന അവളുടെ പഴയ ഭര്‍ത്താവ് കൊണ്ടുനടക്കുന്നത് കത്തിയും തോക്കുമൊന്നുമല്ല, ഉഗ്രവിഷമുള്ള ഒരു കരിനാഗത്തെയാണ്. കരിനാഗത്തെക്കൊണ്ട് ആഞ്ഞുകൊത്തിച്ച് അര്‍ധപ്രാണയായ ഗംഗയെ കൊല്‍ക്കത്തയുടെ തെരുവീഥികളിലൂടെ, അവളുടെ ഭര്‍ത്താവ് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ‘ഭീകര ദൃശ്യത്തെ’ മുംബൈയിലെയും ഡല്‍ഹിയിലെയും തെരുവുകളില്‍ ഇടയ്ക്കിടെ നടക്കുന്ന ബോംബ് സ്‌ഫോടനങ്ങള്‍ കാണുന്ന വൈകാരിക വിക്ഷുബ്ധതകളോടെ ആളുകള്‍ കണ്ടുമാത്രം നിന്നുവെന്ന നോവലിസ്റ്റിന്റെ കാഴ്ചപ്പാട് വായനക്കാരുടെ സാമാന്യ യുക്തിക്കുമേലുള്ള ഒരു അമര്‍ത്തിത്തലോടലാണ്.
ഹേമയും പിതാവും തമ്മിലുള്ള ന്യൂജനറേഷന്‍ സൗഹൃദബന്ധത്തിന്റെയും റിലേഷണല്‍ സോഷ്യലിസത്തിന്റെയും വിപ്ലവ ശീതളിമയെ അനുവാചകര്‍ക്ക് ബോധ്യമാക്കിക്കൊടുക്കാനായി നോവലിസ്റ്റ് അസ്ഥാനത്ത് നടത്തുന്ന ചില പരാമര്‍ശങ്ങള്‍ നോവലിന്റെ വീക്ഷണലക്ഷ്യങ്ങള്‍ക്ക് പരിക്കുകള്‍ പറ്റിക്കുന്നുണ്ട്. നാലു വിരലുകള്‍ ഉയര്‍ത്തിക്കാണിച്ച് തന്റെ ഇടപാടുകാരുമായി സംസാരിക്കുന്ന അഭിസാരികയുടെ രംഗചിത്രത്തിന് ശബ്ദഭാവം നല്‍കുന്ന ഹേമയുടെ പിതാവ്, അവള്‍ രതിക്രീഡകള്‍ക്കായി നിശ്ചയിക്കുന്ന വില നാനൂറ് രൂപയാണെന്ന് മകള്‍ക്ക് ബോധ്യപ്പെടുത്തുന്നു. പിതൃപുത്രീ ബന്ധത്തിന്റെ സ്വാതന്ത്ര്യവും  ഉയര്‍ന്ന ചിന്തയും പ്രകടിപ്പിക്കാനാണോ നോവലിസ്റ്റ് ഒരു പിതാവിനെക്കൊണ്ട് ഇത്തരത്തില്‍ ശ്ലീലമില്ലാതെ സംസാരിപ്പിക്കുന്നത്? ഇത് ഇവിടെ അവസാനിക്കുന്നില്ല. പിതാവിന്റെ നിഗമനത്തില്‍ സംശയിച്ച് ‘സാമൂഹ്യബോധമുള്ള’ ജേര്‍ണലിസ്റ്റായ മകള്‍ അത്ഭുതത്തോടെ ‘അത്രേയുള്ളൂ?’
പിതാവ്: സോറി, മോളേ കൊല്‍ക്കത്തയിലെ സെക്‌സ് വര്‍ക്കേഴ്‌സിന്റെ താരിഫ് എന്റെ കയ്യിലില്ല(പേജ് 13) എന്ന ജാള്യതയുടെ ലാഞ്ചനയേതുമില്ലാതെ മകളോട് തിരുത്തിപ്പറയുന്ന രംഗങ്ങളില്‍ നോവലിന്റെ മൂല്യങ്ങള്‍ ഇടിഞ്ഞ് വീഴുകയാണ്. മൂല്യങ്ങളെന്നും സദാചാരങ്ങളെന്നും പരാതി പറയുന്നവരെ മൂലക്കിരുത്തുന്ന, ഉത്തരവാദിത്തങ്ങളെയും കടമകളെയും കാപട്യങ്ങളാക്കുന്ന നിഷേധപക്ഷത്തെയാണോ നോവലിസ്റ്റ് പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് വായനക്കാര്‍ സംശയിക്കാന്‍ ഇടയുണ്ട്. ഒരച്ഛനും മകളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ അനാവൃതമാക്കാനായിരിക്കണം ഒരുപക്ഷേ നോവലിസ്റ്റ് ശ്രമിച്ചത്.
ഇടപാടുകാരനുമായി പ്രണയബദ്ധയാകുന്ന റോസ് എന്ന അഭിസാരിക കാമുകന്റെ നിര്‍ദേശപ്രകാരം ‘വീണ്ടുമൊരു കന്യകയാകാനുള്ള ശ്രമങ്ങള്‍’ നിഷ്‌കളങ്കതയോടെ ആരംഭിക്കുന്നുണ്ട്. നഷ്ടമായ കന്യകാത്വം വീണ്ടും നേടിയെടുക്കാനാകുമെന്നത് അവള്‍ക്ക് പുതിയൊരറിവായിരുന്നു. നിഷ്‌കളങ്കമായ തിരിഞ്ഞുനടക്കലുകള്‍ക്ക് വിശുദ്ധിയുടെ മേഘങ്ങള്‍ തണല്‍ വിരിച്ചുകൊടുക്കുമെന്ന് അവളെ ബോധ്യപ്പെടുത്തിയ കാമുകന്‍ മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ് ആത്മാഹുതി ചെയ്യുന്ന റോസ് വീണ്ടുമൊരു കന്യകയായിട്ടുണ്ടാവണം. ചെറിയ വാചകങ്ങളില്‍ വലിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്ന നോവലിസ്റ്റ് എവിടെയൊക്കെയോ ചില കൂട്ടിയിണക്കലുകള്‍ നോവലില്‍ അനാവശ്യമായി സൃഷ്ടിച്ചത് ഒഴിവാക്കിയാല്‍ സാമൂഹികമായ നേര്‍ക്കാഴ്ചകളുടെ ചിത്രവൈജാത്യങ്ങളെ പുത്തന്‍ ട്രെന്‍ഡുകളുടെ മൂശയില്‍ വാര്‍ത്തെടുക്കാന്‍ നടത്തിയ യത്‌നമാണ് പാര്‍ക്ക് സ്ട്രീറ്റ് എന്ന നോവലിലുള്ളത് എന്ന് കാണാന്‍ സാധിക്കും. വായനാസുഖത്തിന്റെ ഉദ്വേഗജനകങ്ങളായ സന്ദര്‍ഭങ്ങളെ മനോഹരമാക്കാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.
ആംഗലേയ പദങ്ങളെ മൂലഭാഷയുടെ ലിപിയില്‍ത്തന്നെയാണ് നോവലില്‍ അച്ചടിച്ചിരിക്കുന്നത്. സാന്ദര്‍ഭികമായ വിവിധത്വം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള നോവലിനെയും നോവലിസ്റ്റിനെയും വിമര്‍ശനത്തിന്റെ മാപിനിയിലൂടെ നോക്കിക്കാണുന്നവര്‍ക്ക് ഏറെ പറയാനുണ്ടായേക്കും. എന്നിരുന്നാലും പാര്‍ക്ക് സ്ട്രീറ്റിന്റെ ധമനികളിലൂടെ ഒഴുകുന്നത് നന്മയുടെ ശുദ്ധരക്തം തന്നെയാണ്.