Jun 17, 2013

പെറി മേസണ്‍ അഥവാ നിയമക്കുരുക്കിന്റെ ജാലവിദ്യക്കാരന്‍



ഒരു ചലച്ചിത്രം വായിച്ചാസ്വദിക്കുക! അതിലെ വൈകാരികവും വിക്ഷുബ്ധവുമായ രംഗങ്ങള്‍ അക്ഷരങ്ങളുടെ അത്ഭുതകരമായ വിന്യാസത്താല്‍ ചിത്രീകരിക്കുക!ഒട്ടും എളുപ്പമല്ലാത്ത ഈയൊരു ശ്രമമാണ് ‘പെറിമേസണ്‍’ പരമ്പരകളിലൂടെ ഏള്‍  സ്റ്റാന്‍ലി ഗാര്‍ഡനറെന്ന അമേരിക്കന്‍ എഴുത്തുകാരന്‍ സാധ്യമാക്കിയത്. ലോകത്തെ ഏറ്റവും കൂടുതല്‍ വായനക്കാര്‍ ആരാധകരായുള്ള  ചുരുക്കം ചില പ്രതിഭാധനരായ എഴുത്തുകാരില്‍ ഒരാളാണ് ഗാര്‍ഡനര്‍. 120 ല്‍പരം നോവലുകള്‍ രചിച്ച് ചരിത്രം സൃഷ്ടിച്ച ഗാര്‍ഡനര്‍ ലോകത്ത് ഏറ്റവുമധികം കൃതികള്‍ രചിച്ച സാഹിത്യകാരന്മാരുടെ ശ്രേണിയിലാണ് എണ്ണപ്പെടുന്നത്.
പെറിമേസണ്‍ എന്ന അഭിഭാഷകന് കൈകാര്യം ചെയ്യേണ്ടിവന്ന വിവിധ കേസുകളാണ് ഓരോ നോവലുകളുടെയും ഇതിവൃത്തമായി ഗാര്‍ഡനര്‍ അവതരിപ്പിക്കുന്നത്. പെറിമേസണ്‍ പരമ്പരയിലെ ആദ്യത്തേതും കൂടുതല്‍ വായിക്കപ്പെടുന്നതുമായ കൃതിയാണ് ”the case study of the velvet claws’ പട്ടില്‍ പൊതിഞ്ഞ നഖങ്ങളെന്ന പേരില്‍ ഡി സി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍  വിവര്‍ത്തനം ചെയ്തിരിക്കുന്നത് പ്രശസ്ത വിവര്‍ത്തകനായ എം എസ് നായരാണ്.
നിസ്സഹായത മുറ്റി നില്ക്കുന്ന മിഴികളോടെ, തന്നെ മാത്രം ആശ്രയിച്ചെത്തുന്ന കക്ഷികളെ, അവര്‍ ചെന്നു ചാടിയ വലിയ കുഴപ്പങ്ങളില്‍ നിന്ന് അത്ഭുതകരമെന്ന് തോന്നിയിരുന്ന രീതികളില്‍ നിയമത്തിന്റെ വലയെറിഞ്ഞ്, തന്മയത്വത്തോടെ രക്ഷിച്ചെടുക്കുന്ന പെറിമേസണ്‍ സ്വയം വീണുപോയ ഒരു വലക്കുരുക്കിന്റെ കഥ കൂടിയാണിത്.
സരസമായും ഉദ്വേഗജനകമായുമാണ് ഗാര്‍ഡനര്‍ കഥയെഴുത്തിന്റെ ഈണങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഒരേസമയം നിരവധി ധര്‍മങ്ങളാണ് ഗാര്‍ഡനറുടെ നോവലുകളധികവും നിര്‍വഹിക്കുന്നത്. മാനേജ്‌മെന്റും തത്വശാസ്ത്രവും  ഭാവനയുടെ നിമ്‌നോന്നതികളും സ്വാഭാവികതയുടെയും പ്രായോഗികതയുടെയും അങ്ങേ അറ്റങ്ങള്‍ കാല്‍പനികതയുടെ ചക്രവാളവുമായി കൂട്ടിമുട്ടുന്ന വിസ്മയക്കാഴ്ചകളും നയതന്ത്രത്തിന്റെ പുതിയ പാഠഭേദങ്ങളുമൊക്കെയായി വായനക്കാരെ ആസ്വാദ്യതയുടെ പുതിയ ഓളങ്ങളിലൂടെ തുഴഞ്ഞുകൊണ്ട് പോവുകയാണ് ഈ നോവല്‍. നോവലിന്റെ അന്തസിനും ഘടനയ്ക്കും ആവിഷ്‌കാര സവിശേഷതകള്‍ക്കും പരിക്കു പറ്റാത്ത വിധം വിവര്‍ത്തന കലയുടെ ഔന്നത്യവും തന്മയത്വവും നിലനിര്‍ത്തിയ കൃതിയാണിത് എന്നതും  പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്.
ഒരേ സമയം ഒരു ഡിറ്റക്ടീവ് നോവലുപോലെയോ ഉപമകളും അലങ്കാരങ്ങളും കൊണ്ട് അമൂല്യമായ ഒരു സാഹിത്യകൃതിയായോ ഒരു പ്രശ്‌നപരിഹാര പഠനമായോ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാന്‍ കൊതിക്കുന്ന ഒരു ആസ്വാദ്യനോവലായോ ഒക്കെയാണ് പട്ടില്‍ പൊതിഞ്ഞ നഖങ്ങളും ഇതര പെറിമേസണ്‍ പരമ്പരകളും അനുവാചകരില്‍ അത്ഭുതം സൃഷ്ടിക്കുക. സരളവും ഒതുക്കമുള്ളതും എന്നാല്‍ അതിശക്തമായ, ഒഴുക്കുള്ളതുമായ, മൂലഭാഷയെ വിവര്‍ത്തനത്തില്‍ എവ്വിധം വിന്യസിക്കുമെന്നത് ഒരു വെല്ലുവിളി തന്നെയാണ്.
ഭാഷാശാസ്ത്രത്തിലെ നൈപുണ്യത്തെക്കാള്‍ ഒരു നോവലിന് അവശ്യം വേണ്ടത് ലാളിത്യവും ഒഴുക്കുമാണെന്ന നോവലിസ്റ്റിന്റെ വാദം വായനക്കാരന്സ്വീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
തന്റെ പ്രകടനങ്ങളുടെ അത്ഭുതരഹസ്യങ്ങള്‍ കുടഞ്ഞിട്ട് കാണികളില്‍ ആശ്ചര്യത്തിന്റെ ഉള്‍പുളകങ്ങള്‍ തീര്‍ക്കുന്ന മായാജാലക്കാരന്റെ കൗശലസൂത്രങ്ങള്‍ പോലെയാണ് പെറിമേസണെന്ന അഭിഭാഷകന്‍, തന്റെ കുഴഞ്ഞുമറിഞ്ഞ കേസുകളുടെ പര്യവസാനത്തെ രാകിമിനുക്കുന്നത് – ഒരു നോവല്‍ നിര്‍വഹിക്കുന്ന ദൗത്യത്തെക്കാള്‍, ഒരു സോഷ്യല്‍കേസ് സ്റ്റഡിയുടെ നിരീക്ഷണ ഭാവങ്ങള്‍ കൊണ്ട് കൂടി പെറിമേസണ്‍ പരമ്പരകള്‍ വേറിട്ട് നില്ക്കുകയാണ്.
ചിന്തകളും ആശയങ്ങളും ഭ്രാന്തമായി പരക്കം പായുന്നതോ, കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം പോലെ ആഞ്ഞുപതിക്കുന്ന വൈകാരിക മര്‍ദങ്ങള്‍ അകമ്പടി സേവിക്കുന്നതോ അല്ലാത്ത വരികള്‍ക്ക് ചാര്‍ത്തപ്പെടുന്ന സൗന്ദര്യവും താളവും ലയവുമൊക്കെയാണ് ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡനറെന്ന എഴുത്തുകാരനെ ഭാഷയുടെയും സംസ്‌കാരങ്ങളുടെയും സീമകള്‍ക്കപ്പുറത്തേക്ക് പ്രസരിപ്പിക്കുന്നത്.
പ്രശ്‌നങ്ങളുടെ അഴിയാക്കുരുക്കുകള്‍ കൊണ്ട് ജീവിതം ദുസ്സഹമായിത്തീരുന്നവരുടെ രക്ഷകനാണ് പെറിമേസണ്‍. കുരുക്കിന്റെ ഒരറ്റം സ്വതന്ത്രവും സത്യസന്ധവുമായിത്തന്നെ ഏല്പിക്കണമെന്നതും തന്റെ ഫീസ്, സൗജന്യങ്ങളില്ലാതെ തന്നു തീര്‍ക്കണമെന്നതുമാണ് പെറിമേസന്റെ ആവശ്യങ്ങള്‍. കുരുക്കിന്റെ ഒരറ്റം മാത്രം കയ്യില്‍ സൂക്ഷിച്ച്, കോടതിമുറികളില്‍ വെച്ച് കൂട്ടലും കിഴിക്കലും നടത്തി, ഒറ്റവലികൊണ്ട് ആ കുരുക്കുകളുടെ നിരവധി കണ്ണികളെ അനായാസം, ഒരു ചെറുപുഞ്ചിരിയോടെ അഴിച്ചെടുക്കുന്ന മേസണ്‍ സ്വയം ചെന്ന് വീണ ഒരു അഴിയാക്കുരുക്കിന്റെ കഥയാണ് ‘പട്ടില്‍ പൊതിഞ്ഞ നഖങ്ങള്‍’ പറയുന്നത്.
അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന വി ഐ പിയോടൊപ്പം രഹസ്യ സല്‍ക്കാരത്തിന് പോയ വിവാഹിതയായ ‘ഇവ’യെന്ന സ്ത്രീയാണ് ഇത്തവണ മേസന്റെ കക്ഷി. വിരുന്നിനിടെ സംഭവിച്ച ‘ചില പ്രത്യേക സംഭവങ്ങള്‍’ പുറത്തറിയാതിരിക്കാനായാണ് ‘ഇവ’ മേസണെ സമീപിക്കുന്നത്. എന്നാല്‍ ഒരു വന്‍ മാധ്യമ മാഫിയയെയാണ് മേസണ് എതിരിടേണ്ടി വന്നത്. ലോകത്തെമ്പാടുമുള്ള അനേകം അഭിഭാഷകര്‍ തങ്ങളുടെ പ്രകടനങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാനും വാദമുനകളെ രാകിക്കൂര്‍പ്പിച്ച് എങ്ങനെയൊക്കെ അവതരിപ്പിക്കണമെന്ന് പഠിക്കാനുമൊക്കെയായി ഇന്നും ഈ നോവല്‍ പരമ്പരയെ ഒരു റഫറന്‍സ് ഗ്രന്ഥം പോലെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത നല്കുന്ന ആശ്ചര്യം തന്നെയാണ് പെറിമേസണും ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡനറിനും ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരവും.
പുസ്തകം
പട്ടില്‍ പൊതിഞ്ഞ നഖങ്ങള്‍
സാഹിത്യം/ഫിക്ഷന്‍
മൂലകൃതി
“the case study of the velvet claws’
ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡ്‌നര്‍
വിവര്‍ത്തനം
എം എസ് നായര്‍
പേജ്: 246  വില: 150രൂപ
പ്രസാധനം
ലിറ്റ്മസ്, ഡി സി ബുക്‌സ്. കോട്ടയം



Jun 15, 2013

ബില്ലീനിലെ ബാല്യക്കാരന്‍



റുവയസ്സുകാരന്റെ, കൗതുകച്ചിറകുകള്‍ വിടര്‍ത്തിപ്പിടിച്ച ഓര്‍മകളുടെ നേര്‍ത്ത ഛായച്ചിത്രങ്ങളിന്മേല്‍ ഗൃഹാതുരത്വത്തിന്റെ നിറക്കൂട്ട് ചാലിച്ചെടുക്കാനുള്ള അതിതീവ്രമായ യത്‌നമാണ് 'ഓര്‍മകളുടെ പഗോഡ' എന്ന യു എ ഖാദറിന്റെ പുസ്തകം. അറുപത്തിയെട്ടു കൊല്ലംകൊണ്ട് അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും തീര്‍ത്ത ഗൗരവമുള്ള ജീവിതത്തിന്റെ ഇലപ്പടര്‍പ്പുകളെ വകഞ്ഞുമാറ്റി തന്റെ തന്നെ ബാല്യത്തിലേക്ക് ഒരു പരകായ പ്രവശംപോലെ ഊര്‍ന്നിറങ്ങുന്ന ഈ കൃതി നഷ്ടബാല്യ മനോഹരമായ ഒരു വാങ്മയ ചിത്രമാണ് വായനക്കാരുടെ മുന്നില്‍ വരച്ചിടുന്നത്. പ്രവാസത്തിന്റെ തീക്ഷ്ണമായ കനല്‍പഥങ്ങള്‍ ചവിട്ടിക്കടന്ന് ജീവിതത്തിന്റെ നട്ടെല്ലു നിവര്‍ത്തിപ്പിടിക്കാനായി, കഠിനാധ്വാനം നടത്തിയവരുടെ കൂട്ടത്തിലായിരുന്നു ഖാദറെന്ന ബാല്യക്കാരന്റെ മലബാറുകാരനായ ബാപ്പയും. റങ്കൂണിന്റെ ചുവന്ന മണ്ണില്‍ തന്റെ വിയര്‍പ്പു തുളളികള്‍ ഇറ്റിച്ച ആ പിതാവിന് മാമൈദിയെന്ന ബര്‍മക്കാരിപ്പെണ്ണില്‍ പിറന്നവനായിരുന്നു താനെന്നതു മാത്രമാണ് 'മാതൃരാജ്യ' ത്തെക്കുറിച്ചുള്ള യു എ ഖാദറിന്റെ അറിവിന്റെ അങ്ങേ അറ്റം. 

കൊടുമ്പിരിക്കൊണ്ട യുദ്ധത്തിന്റെ കെടുതികള്‍ക്കിടയിലൂടെ നിഴലുകളുടെ മറപിടിച്ച് പിതാവ് തന്നെയും ചേര്‍ത്തുപിടിച്ച് കിതച്ചുകൊണ്ടോടുമ്പോള്‍ തന്റെ പൗരത്വത്തിന്റെ പറിച്ചുനടലായിരിക്കുമതെന്ന് ചിന്തിക്കാനുള്ള പ്രായമോ പക്വതയോ ആ അഞ്ചുവയസ്സുകാരനുണ്ടായിരുന്നില്
ല. മുഖച്ഛായപോലും മനസ്സില്‍ പതിഞ്ഞിട്ടില്ലാത്ത മാതൃത്വത്തിന്റെ രൂപവും ഭാവവും അന്വേഷിച്ച് നീണ്ട അറുപത് വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ പിതാവ് തന്നെയും ചേര്‍ത്തുപിടിച്ച് ഓടിയ അനാഥത്വത്തിന്റെ പാതകളിലൂടെ തന്റെ ഭാര്യയെയും മകനെയും മകളെയും കൂടെ കൂട്ടി സനാഥനായുള്ള ഒരു മടങ്ങി വരവിന്റെ മഴവില്‍ മനോഹാരിതയുള്ള കഥയാണ് 'ഓര്‍മകളുടെ പഗോഡ' യെന്ന കൃതി. ആത്മകഥയുടെയും യാത്രാവിവരണത്തിന്റെയും പട്ടുനൂലുകള്‍ കൊണ്ട് നെയ്‌തെടുത്ത അഴകുള്ള ഒരു കൃതിയെന്നാവും ഓര്‍മകളുടെ പഗോഡ വിശേഷിപ്പിക്കപ്പെടുന്നത്. അറുപത്തിയെട്ടുകാരനില്‍നിന്ന് ആറുവയസ്സുകാരനിലേക്കുള്ള ദൂരത്തെ എത്ര ഭംഗിയിലും കൗതുകത്തിലുമാണ് യു എ ഖാദര്‍ അളന്നെടുത്തിരിക്കുന്നതെന്ന് നാം അത്ഭുതം കൂറിപ്പോകും. ആ യാത്രക്ക് അത്രക്ക് വേഗതയുണ്ടായിരുന്നു. ആറു വയസ്സുകാരന്റെ കൗതുകത്തേക്കാള്‍ അറുപത് കൊല്ലം ഹൃദയത്തില്‍ സൂക്ഷിച്ച മാതൃസ്‌നേഹത്തിന്റെ നിറഭേദങ്ങളാണ് ഓരോ ചലനങ്ങളിലും ഖാദറില്‍ വായനക്കാര്‍ക്ക് കാണാനാകുക. അര നൂറ്റാണ്ടിലേറെക്കാലം കൊണ്ട് അതിദ്രുതം മാറിപ്പോയ ബര്‍മയിലെ ഒരു ഗ്രാമത്തെ കണ്ടെത്തുകയെന്നത് തികച്ചും ക്ലേശകരം തന്നെയായിരുന്നു. ബില്ലീന്‍ എന്നതാണ് തന്റെ ജന്മനാടെന്നതും അതിന്റെ അരികിലൂടെ ഒരു പുഴയൊഴുകുന്നുണ്ടായിരുന്നുവെന്നതുമായിരുന്നു ഖാദറിന് ജന്മനാടിനെക്കുറിച്ചുള്ള ആകെയുള്ള അറിവുകള്‍. ദിവസങ്ങള്‍ മാത്രം ആയുസ്സുള്ള ഒരു സന്ദര്‍ശക വിസയില്‍ ജന്മദേശത്തെത്തപ്പെട്ടവന്റെ വേദനയുടെ വിങ്ങലുകള്‍ വരികളില്‍ തെളിഞ്ഞ് കാണാം. പിതാവും പിതൃവ്യനും വ്യാപാരം നടത്തിയിരുന്ന റങ്കൂണില്‍ (ഇന്നത്തെ യാംഗോന്‍) നിന്ന് തന്റെ ചിതല്‍ തിന്ന ഓര്‍മകളുടെ ശേഖരത്തില്‍ നിന്ന് നിറംമങ്ങി അവ്യക്തമായ ചിത്രങ്ങളിലൂടെ ഖാദര്‍, അവരുടെ കച്ചവട സ്ഥാപനത്തെ കാണുന്നു. കരേന്‍ വംശീയ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് മദിരാശിയില്‍ വെറുംകയ്യോടെ കപ്പലിറങ്ങിയ പിതാവിന്റെ മൂന്നുവയസുകാരനായ, ബര്‍മന്‍ മുഖച്ഛായയുള്ള മകനെ മലബാറുകാരനായ ഭര്‍ത്താവിനെ ഏല്പിച്ചു മരണത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് അകന്നുപോയ മാമൈദിയെന്ന മാതാവിനെ, മലബാറിന്റെ സംസ്‌കാരികത്തനിമയില്‍ തന്നെ ഖാദറിനെ വളര്‍ത്തണമെന്ന് ശാഠ്യം പിടിച്ച പിതൃസഹോദനെ, അങ്ങനെ പലരെയും കാണുന്നു. ബര്‍മന്‍ ഗ്രാമങ്ങളില്‍ വിളയുന്ന ഡന്‍ത്വീ പഴത്തെ സ്‌നേഹിക്കാതെ ഓര്‍മകളുടെ പഗോഡ വായിച്ചു തീര്‍ക്കാന്‍ സാധിക്കില്ല. അത്രമാത്രം സ്വജീവിതത്തിന്റെ ബാല്യസ്മരണകളോട് ചേര്‍ത്തുപിടിക്കപ്പെടുകയാണ് ഈ പഴങ്ങളും അവയുടെ ചുളകളും.

ഓര്‍മകളുടെ പഗോഡ ഒരു യാത്രാവിവരണമോ, ഒരു ആത്മകഥയോ അല്ല. ഒരു സന്ദര്‍ശകന്റെ കാഴ്ചക്കണ്ണുകളില്‍ പതിയുന്ന കേവലകൗതുകങ്ങളാണ് സഞ്ചാരകൃതികളെ വശ്യമാക്കുന്നത്. എന്നാല്‍ തന്റെ മാതൃത്വമെന്ന വൈകാരികബന്ധത്തിന്റെ കാഴ്ചകളും കണ്ണികളും തേടിയാണ് ഖാദര്‍ യാത്രയാകുന്നത്. അതുകൊണ്ട് തന്നെയാകണം ഓര്‍മകളുടെ പഗോഡകളിലെ വരികള്‍ക്കും വാക്കുകള്‍ക്കും ഹൃദയത്തിന്റെ ഗന്ധമുണ്ടായത്.

മാതാവിന്റെ ബന്ധുതയുടെ കണ്ണികളിലൊന്നെങ്കിലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഖാദര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകണം. മാതൃഭാഷ പോലും അറിയാത്ത ഖാദറിനു മുന്നില്‍ അതൊക്കെ ദുഷ്‌കരമായിരുന്നു. തന്നെ ബില്ലീനില്‍നിന്ന് അടര്‍ത്തിമാറ്റിയ യുദ്ധസ്മരണകളില്‍ വാചാലനാകുന്ന ഒരു വൃദ്ധനെ മാത്രമാണ് തന്റെ ഓര്‍മച്ചെപ്പിന്റെ ഓരത്ത് വെയ്ക്കാനെങ്കിലും ഖാദറിന് കാണാന്‍ കഴിഞ്ഞത്. പിതാവിന്റെയൊപ്പം നിന്നെടുത്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ മാത്രമായിരുന്നു ഇന്നലെ വരെ ഖാദറിന് മാതൃസ്മരണയും മാതൃരാജ്യവും. ആ ബ്ലാക്ക് ആന്റ് വൈറ്റിന്റെ നിറമടര്‍ന്ന പ്രതലത്തില്‍നിന്ന്, ബുദ്ധന്റെ പഗോഡകളാലും നീണ്ട നദിക്കരകളാലും അവ്യക്തതയുടെ നീരാവിയടരുകള്‍ മാറ്റിത്തെളിയുന്ന പച്ചപ്പിന്റെ നീര്‍ത്തടങ്ങളാലും സമ്പുഷ്ടമായ ബില്ലീനിന്റെ കമനീയ ചാരുതകൡലേക്കുള്ള ഒരു ജീവസ്സുറ്റ യാത്രയാണ് ഈ പുസ്തകം. മനസില്‍ മാത്രം സൂക്ഷിച്ച് വെച്ചിരുന്ന, സ്വന്തം സ്വത്വം തേടിയുള്ള ഒരു അന്വേഷണത്തെ ഈ യാത്രയിലൂടെ യാഥാര്‍ഥ്യമാക്കിയത് പെറ്റമ്മയോടുള്ള സ്‌നേഹവും വാത്സല്യവുമാണ്. മനസ്സിനെ നീറ്റിയിരുന്ന ഒരു സ്മരണയുടെ കണ്ണികളെ തേടിയുള്ള യാത്രയില്‍ ആ കണ്ണികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും, അനുഭവിക്കാനായത് പറഞ്ഞറിയിക്കാനാകാത്ത ആത്മനിര്‍വൃതിയും തീവ്രമായ ആഗ്രഹലബ്ധിയുമാണ്. മലബാറിലെ ഏതൊക്കെയോ  ഇടങ്ങളില്‍നിന്ന് തുടങ്ങിയ ജീവിതത്തിന്റെ തുഴച്ചിലുകളുടെ കിതപ്പിനൊടുവില്‍ ബര്‍മയെന്ന പ്രവാസത്തില്‍ അമര്‍ന്ന് അവിടെത്തന്നെ പെണ്ണും പിടക്കോഴിയുമായി ജീവിച്ചുതീര്‍ത്ത 'കാക്കാ'മാരുടെ ബര്‍മന്‍ അനന്തരവര്‍ക്ക് അന്യമായിപ്പോകുകയാണല്ലോ ഓര്‍മകളുടെ ഈ പഗോഡയെന്നതു മാത്രമായിരിക്കും കൃതിയുടെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടാനുണ്ടാവുക.

പുസ്തകം
ഓര്‍മ്മകളുടെ പഗോഡ
(ഓര്‍മ്മകള്‍))
യു എ ഖാദര്‍
പേജ് 88 വില 65