Aug 30, 2013

പാര്‍ക്ക് സ്ട്രീറ്റെന്ന വേറിട്ട വഴി


വായിച്ചു ശീലിച്ച നോവല്‍ സങ്കല്‍പങ്ങള്‍ക്കൊരു തിരുത്ത്. ഭാഷയെയും ശൈലിയെയും സൃഷ്ടിച്ചെടുക്കുന്ന പരമ്പരാഗത രീതീശാസ്ത്രങ്ങളില്‍ നിന്നൊരു വേറിട്ട സഞ്ചാരശ്രമം. കഥാകൃത്തും മാധ്യമപ്രവര്‍ത്തകനും തിരക്കഥാ കൃത്തുമൊക്കെയായ ശ്രീ സോഹന്‍ലാലിന്റെ ‘പാര്‍ക്ക് സ്ട്രീറ്റെ’ന്ന നോവലില്‍ നിഴലിച്ചു കാണുന്ന പുതുമയുടെ ഭാവങ്ങളാണിവ. ആധുനിക നോവലുകളുടെ പ്രതിപാദ്യങ്ങള്‍ക്കുപയോഗിക്കുന്ന ഘടനയില്‍ നിന്നും ശൈലികളില്‍നിന്നും ഒരുപടി മുന്നിലാണ് സോഹന്‍ലാലിന്റെ പാര്‍ക്ക് സ്ട്രീറ്റ് വൈകാരികതകളുടെ നാനാര്‍ഥങ്ങളെ ഗര്‍ഭം ധരിച്ച് നില്‍ക്കുന്നത്-വെള്ളിത്തിരയില്‍ ന്യൂജനറേഷന്‍ സിനിമകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്, നോവല്‍ പ്രസ്ഥാനത്തിലെ തിരുത്തല്‍വാദിയായി, ന്യൂജനറേഷന്റെ ഭാവഹാവാദികളോടെയാണ് പാര്‍ക്ക് സ്ട്രീറ്റ് വായനക്കാരുമായി സംവദിക്കാന്‍ ശ്രമിക്കുന്നത് എന്ന് പറയുന്നതാകും കൂടുതല്‍ യോജിക്കുന്നത്.
കഥാസന്ദര്‍ഭങ്ങളെ പരിചയപ്പെടുത്തുന്നിടങ്ങളിലും കഥാപാത്രങ്ങളെ  സന്ദര്‍ഭങ്ങളുമായി കൂട്ടിയിണക്കുന്നിടങ്ങളിലും നോവലിസ്റ്റ്, വ്യതിരിക്തതകള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ പുതുമകള്‍ തേടുകയാണ്. എല്ലായിടങ്ങളിലും ഒരു മാറിനടക്കലിനായി ശ്രീ സോഹന്‍ലാല്‍ ശ്രമിച്ചിട്ടുണ്ട്. നോവലിസ്റ്റിനും അനുവാചകര്‍ക്കുമിടയില്‍ അവതാരകനെന്ന മധ്യസ്ഥ പുണ്യാളനെ പ്രതിഷ്ഠിക്കുന്ന പാരമ്പര്യത്തിന്റെ പൂജാവിധികളെ തെല്ലുറക്കെ ചോദ്യം ചെയ്യുന്ന നോവലിസ്റ്റിന്റെ ധൈര്യത്തെ ശ്ലാഘിക്കേണ്ടിയിരിക്കുന്നു. മൂന്നാമന്റെ അവതാരികയെന്ന കാകദൃഷ്ടിയുടെ മേളക്കൊഴുപ്പില്ലാതെ കൃതികള്‍ പ്രകാശിപ്പിക്കുകയെന്നത് അപരാധമായി നോക്കിക്കാണുന്ന ഇക്കാലത്ത്, അതും സാഹിത്യശേഷിയുള്ളവര്‍ പോലും സ്വകൃതികളെ പച്ചക്ക് വായനക്കാരന് നല്‍കാന്‍ മടിച്ചുനില്‍ക്കയും അവതാരികകള്‍ക്കായി വിയര്‍പ്പൊഴുക്കുകയും ചെയ്യേണ്ടിവരുമ്പോള്‍ അവതാരകന്റെ ഓശാരമില്ലാതെ സ്വന്തം നോവലിനെ വായനക്കാര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള നോവലിസ്റ്റിന്റെ ശ്രമം കൗതുകം നിറഞ്ഞതാണ്.
തന്റെ ശ്രമങ്ങളിലും സമീപനങ്ങളിലും ഒരു പുതുമയും നവീനതയും പ്രകടിപ്പിക്കാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ആ ശൈലികളുടെ വിന ബാധിച്ചിരിക്കുന്നത് നോവലിന്റെ ആത്മാവിനെ ത്തന്നെയാണ്. ശൈലികളുടെ നവോത്ഥാനത്തിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഒരു നോവലിന്റെ ആസ്വാദ്യതയ്ക്ക് മാറ്റുകൂട്ടുന്ന താളബോധവും ലയഭംഗിയും സൃഷ്ടിച്ചെടുക്കാന്‍ നോവലിസ്റ്റ് ബോധപൂര്‍വം ശ്രമിക്കാഞ്ഞതാണോയെന്ന് ഒരു വായനക്കാരന് സംശയമുണ്ടാകാം. കഥാഗതി ഉദ്വേഗജനകമായ് അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുമ്പോഴും ചില സ്വാഭാവികക്കേടുകളുടെ മുഴപ്പുകളും തടിപ്പുകളും നോവലില്‍ അവിടവിടെയായി ചിതറപ്പെട്ടിരിക്കുന്നത് മറച്ചുവെക്കാനാകില്ല.
ജേര്‍ണലിസ്റ്റ് ട്രെയിനിയായ ഹേമയെന്ന പെണ്‍കുട്ടി ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി ഏല്‍പിക്കപ്പെടുന്ന കോണ്ടസ്റ്റന്റ് അസൈന്‍മെന്റിന്റെ ഭാഗമായാണ് കൊല്‍ക്കത്തയെന്ന മഹാനഗരത്തിലെത്തുന്നത്.  വന്‍ സമ്പത്തും സമ്മാനങ്ങളും മാധ്യമമേഖലയില്‍ ആകര്‍ഷകമായ ഒരു തൊഴിലുമാണ് വിജയിയെ കാത്തിരിക്കുന്നത്.  പ്രൊഫഷനും മത്സരത്തിനും വേണ്ടി തുടങ്ങിയ ഒരു ജീവിതാന്വേഷണം പിരിച്ചുമാറ്റാന്‍ കഴിയാത്തൊരു ആത്മഭാഗമായി ഹേമയ്ക്ക് മാറുകയാണ്. മനുഷ്യര്‍ പുഴുക്കളായി ഇഴഞ്ഞുനീങ്ങുന്ന കല്‍ക്കത്തയെന്ന മഹാനഗരത്തില്‍ നിന്ന് തന്റെ അസൈന്‍മെന്റിന്റെ വിഷയമായി ഹേമ തെരഞ്ഞെടുക്കുന്നത് ഗംഗയെന്ന യുവതിയുടെ ജീവിതകഥയാണ്.
ജീവിക്കാനായി സ്വജീവിതത്തെതന്നെ പണയം നല്‍കേണ്ടിവന്ന ഒരു ലൈംഗിക തൊഴിലാളിയാണ് ഗംഗ. അവളുടെ മരണത്തില്‍പോലും ഒരു അള്‍ട്രാ മോഡേണ്‍ സാഹിത്യമനോധാരയുടെ സാന്നിധ്യമുണ്ടാക്കുവാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. കൊല്‍ക്കത്താ നഗരത്തിന്റെ തിരക്കുകളിലൂടെ, ഗംഗയെ കൊല്ലാനായി തക്കംപാര്‍ത്ത് നടക്കുന്ന അവളുടെ പഴയ ഭര്‍ത്താവ് കൊണ്ടുനടക്കുന്നത് കത്തിയും തോക്കുമൊന്നുമല്ല, ഉഗ്രവിഷമുള്ള ഒരു കരിനാഗത്തെയാണ്. കരിനാഗത്തെക്കൊണ്ട് ആഞ്ഞുകൊത്തിച്ച് അര്‍ധപ്രാണയായ ഗംഗയെ കൊല്‍ക്കത്തയുടെ തെരുവീഥികളിലൂടെ, അവളുടെ ഭര്‍ത്താവ് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ‘ഭീകര ദൃശ്യത്തെ’ മുംബൈയിലെയും ഡല്‍ഹിയിലെയും തെരുവുകളില്‍ ഇടയ്ക്കിടെ നടക്കുന്ന ബോംബ് സ്‌ഫോടനങ്ങള്‍ കാണുന്ന വൈകാരിക വിക്ഷുബ്ധതകളോടെ ആളുകള്‍ കണ്ടുമാത്രം നിന്നുവെന്ന നോവലിസ്റ്റിന്റെ കാഴ്ചപ്പാട് വായനക്കാരുടെ സാമാന്യ യുക്തിക്കുമേലുള്ള ഒരു അമര്‍ത്തിത്തലോടലാണ്.
ഹേമയും പിതാവും തമ്മിലുള്ള ന്യൂജനറേഷന്‍ സൗഹൃദബന്ധത്തിന്റെയും റിലേഷണല്‍ സോഷ്യലിസത്തിന്റെയും വിപ്ലവ ശീതളിമയെ അനുവാചകര്‍ക്ക് ബോധ്യമാക്കിക്കൊടുക്കാനായി നോവലിസ്റ്റ് അസ്ഥാനത്ത് നടത്തുന്ന ചില പരാമര്‍ശങ്ങള്‍ നോവലിന്റെ വീക്ഷണലക്ഷ്യങ്ങള്‍ക്ക് പരിക്കുകള്‍ പറ്റിക്കുന്നുണ്ട്. നാലു വിരലുകള്‍ ഉയര്‍ത്തിക്കാണിച്ച് തന്റെ ഇടപാടുകാരുമായി സംസാരിക്കുന്ന അഭിസാരികയുടെ രംഗചിത്രത്തിന് ശബ്ദഭാവം നല്‍കുന്ന ഹേമയുടെ പിതാവ്, അവള്‍ രതിക്രീഡകള്‍ക്കായി നിശ്ചയിക്കുന്ന വില നാനൂറ് രൂപയാണെന്ന് മകള്‍ക്ക് ബോധ്യപ്പെടുത്തുന്നു. പിതൃപുത്രീ ബന്ധത്തിന്റെ സ്വാതന്ത്ര്യവും  ഉയര്‍ന്ന ചിന്തയും പ്രകടിപ്പിക്കാനാണോ നോവലിസ്റ്റ് ഒരു പിതാവിനെക്കൊണ്ട് ഇത്തരത്തില്‍ ശ്ലീലമില്ലാതെ സംസാരിപ്പിക്കുന്നത്? ഇത് ഇവിടെ അവസാനിക്കുന്നില്ല. പിതാവിന്റെ നിഗമനത്തില്‍ സംശയിച്ച് ‘സാമൂഹ്യബോധമുള്ള’ ജേര്‍ണലിസ്റ്റായ മകള്‍ അത്ഭുതത്തോടെ ‘അത്രേയുള്ളൂ?’
പിതാവ്: സോറി, മോളേ കൊല്‍ക്കത്തയിലെ സെക്‌സ് വര്‍ക്കേഴ്‌സിന്റെ താരിഫ് എന്റെ കയ്യിലില്ല(പേജ് 13) എന്ന ജാള്യതയുടെ ലാഞ്ചനയേതുമില്ലാതെ മകളോട് തിരുത്തിപ്പറയുന്ന രംഗങ്ങളില്‍ നോവലിന്റെ മൂല്യങ്ങള്‍ ഇടിഞ്ഞ് വീഴുകയാണ്. മൂല്യങ്ങളെന്നും സദാചാരങ്ങളെന്നും പരാതി പറയുന്നവരെ മൂലക്കിരുത്തുന്ന, ഉത്തരവാദിത്തങ്ങളെയും കടമകളെയും കാപട്യങ്ങളാക്കുന്ന നിഷേധപക്ഷത്തെയാണോ നോവലിസ്റ്റ് പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് വായനക്കാര്‍ സംശയിക്കാന്‍ ഇടയുണ്ട്. ഒരച്ഛനും മകളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ അനാവൃതമാക്കാനായിരിക്കണം ഒരുപക്ഷേ നോവലിസ്റ്റ് ശ്രമിച്ചത്.
ഇടപാടുകാരനുമായി പ്രണയബദ്ധയാകുന്ന റോസ് എന്ന അഭിസാരിക കാമുകന്റെ നിര്‍ദേശപ്രകാരം ‘വീണ്ടുമൊരു കന്യകയാകാനുള്ള ശ്രമങ്ങള്‍’ നിഷ്‌കളങ്കതയോടെ ആരംഭിക്കുന്നുണ്ട്. നഷ്ടമായ കന്യകാത്വം വീണ്ടും നേടിയെടുക്കാനാകുമെന്നത് അവള്‍ക്ക് പുതിയൊരറിവായിരുന്നു. നിഷ്‌കളങ്കമായ തിരിഞ്ഞുനടക്കലുകള്‍ക്ക് വിശുദ്ധിയുടെ മേഘങ്ങള്‍ തണല്‍ വിരിച്ചുകൊടുക്കുമെന്ന് അവളെ ബോധ്യപ്പെടുത്തിയ കാമുകന്‍ മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ് ആത്മാഹുതി ചെയ്യുന്ന റോസ് വീണ്ടുമൊരു കന്യകയായിട്ടുണ്ടാവണം. ചെറിയ വാചകങ്ങളില്‍ വലിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്ന നോവലിസ്റ്റ് എവിടെയൊക്കെയോ ചില കൂട്ടിയിണക്കലുകള്‍ നോവലില്‍ അനാവശ്യമായി സൃഷ്ടിച്ചത് ഒഴിവാക്കിയാല്‍ സാമൂഹികമായ നേര്‍ക്കാഴ്ചകളുടെ ചിത്രവൈജാത്യങ്ങളെ പുത്തന്‍ ട്രെന്‍ഡുകളുടെ മൂശയില്‍ വാര്‍ത്തെടുക്കാന്‍ നടത്തിയ യത്‌നമാണ് പാര്‍ക്ക് സ്ട്രീറ്റ് എന്ന നോവലിലുള്ളത് എന്ന് കാണാന്‍ സാധിക്കും. വായനാസുഖത്തിന്റെ ഉദ്വേഗജനകങ്ങളായ സന്ദര്‍ഭങ്ങളെ മനോഹരമാക്കാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.
ആംഗലേയ പദങ്ങളെ മൂലഭാഷയുടെ ലിപിയില്‍ത്തന്നെയാണ് നോവലില്‍ അച്ചടിച്ചിരിക്കുന്നത്. സാന്ദര്‍ഭികമായ വിവിധത്വം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള നോവലിനെയും നോവലിസ്റ്റിനെയും വിമര്‍ശനത്തിന്റെ മാപിനിയിലൂടെ നോക്കിക്കാണുന്നവര്‍ക്ക് ഏറെ പറയാനുണ്ടായേക്കും. എന്നിരുന്നാലും പാര്‍ക്ക് സ്ട്രീറ്റിന്റെ ധമനികളിലൂടെ ഒഴുകുന്നത് നന്മയുടെ ശുദ്ധരക്തം തന്നെയാണ്.