Nov 21, 2015

പി കെ ദ ലേറ്റസ്റ്റ്
ബോളിവുഡിന്റെ ബോക്സോഫിസ് ചരിത്രം തിരുത്തിക്കുറിക്കാനായി ചൊവ്വാ ഗ്രഹത്തിൽ നിന്ന് രാം കുമാർ ഹിരണി ഏരിയൽ ഷിപ്പിൽ ഏറെ കഷ്ടപ്പെട്ട് കൊണ്ട് വന്ന അവതാരമാണ് പി കെ. വന്ന ഉദ്ദേശം ഭംഗിയായി നിർവഹിച്ച് പികെ മടങ്ങിപ്പോയി. പെട്ടിക്കണക്കിന് കാശ് സ്വന്തം കൊട്ടയ്ക്കുള്ളിലാക്കിയെന്ന് ചുരുക്കം. പക്ഷേ നമ്മുടെ ഈ പി കെ അതുക്കും മേലെയാണ്. കൊട്ടയ്ക്കുള്ളിൽ എന്തൊക്കെ വീഴുമെന്ന് അറിയാൻ കാത്തിരിക്കുക തന്നെ വേണം. കക്ഷി മറ്റാരുമല്ല; ചരിത്രത്തിൽ ആദ്യമായി കണ്ണൂർ കോർപറേഷൻ ഇടതുപക്ഷത്തിന്റെ ബാലൻസ് ഷീറ്റിൽ വരവ് വെപ്പിച്ച് കൊടുത്ത മൂത്ത കോൺഗ്രസുകാരനാണ് ആള്. കണ്ണൂരിന്റെ സ്വന്തം പി കെ രാഗേഷ്. വരവിന്റെ ഉദ്ദേശം അങ്ങോർക്ക് തന്നെ നല്ല നിശ്ചയം പോരെന്നാണ് അഭിനവ പി കെ ചരിതത്തിലെ പുതിയ അധ്യായങ്ങൾ വിളിച്ചോതുന്നത്. ശർക്കര വരട്ടിക്ക് വേണ്ടി ഉരലിൽ തലയിട്ട മണവാളന്റെ കഥയെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ പി കെ ചരിതം. ഇലക്ഷൻ എന്നാൽ ജനാധിപത്യത്തിലെ ഉത്സവമാണ്. എന്നാൽ സംസ്ഥാന കോൺഗ്രസിന്റെ കാര്യമെടുത്താൽ ഓരോ ഇലക്ഷനും കോണ്രസിലെ ഓരോ കലഹോത്സവങ്ങളാണ്. രാഷ്ട്രീയ മര്യാദയുടെ കൌപീനം പോലും ധരിക്കാതെയുള്ള ചവിട്ടു നാടകങ്ങൾ. എൻ‌ട്രി ലെവൽ നേതാക്കന്മാർ മുതൽ എക്സ്പെയറി ഡേറ്റ് അടുത്ത മൂത്ത നേതാക്കന്മാർ വരെയുള്ള ഖദർ പട്ടാളത്തിന്റെ ആത്മരതിയുടെ ദിനരാത്രങ്ങളാ‍ണ് പിന്നീട് വരുന്നത്.  അത് കാലങ്ങളായി അരക്കിട്ടുറപ്പിച്ച ഒരു പ്രിൻസിപ്പിളാണ്. കെ പി സി സി അല്ല എ ഐ സി സി യോ ഇനി സ്വന്തം തന്തപ്പടി ഹ്യൂം സായ്‌വ് അവതാരപ്പെട്ട് വന്നാൽ പോലുമോ ഈ പ്രിൻസിപ്പിളിനെ പൊളിച്ചെഴുതാൻ സാധിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല.

കോൺഗ്രസിന്റെ കഴിഞ്ഞ കാല ചരിത്രം പരിശോധിച്ചാൽ പി കെ രാഗേഷൊക്കെ വെറും അശുവാണ്. വന്ന വഴിയും ലാൻഡ് ചെയ്ത റൺ‌വേയുമൊക്കെ ഓകെ ആയിരുന്നെങ്കിലും തളികയിറക്കിയ എയർപോർട്ട് മാറിപ്പോയിയെന്ന് മാത്രമേ ഇതിനെപ്പറ്റി പറയാനുള്ളൂ. അഭിനവ പി കെയുടെ തളിക ലാൻഡ് ചെയ്തത് കണ്ണൂർ ശിങ്കം സുധാകരന്റെ സ്വന്തം എയർപോർട്ടിലായിരുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പൊതുസ്വഭാവത്തിൽ നിന്ന് അല്പം ഇടത്തോട്ട് മുഴച്ച് നിക്കുന്ന ക്യാപ്റ്റൻ സുധാകരൻ‌ജിയുടെ സ്വന്തം എയർപോർട്ടിൽ ഇറങ്ങിക്കളിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻ‌കരുതലുകളിൽ അഭിനവ പികെയ്ക്ക് പറ്റിയ പാളിച്ചയാണ് സംഗതി കുളമാക്കിയത്. കോൺഗ്രസിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ജയിച്ചു വന്ന വിമതന്മാരെ പൂമാലയിട്ട് സ്വീകരിച്ച ചരിത്രമാണുള്ളത്. അങ്ങ് തിരുവനന്തപുരത്ത് പത്തിരുപതാണ്ട് മുമ്പ് അത് ബോധ്യപ്പെടുത്തിക്കൊടുത്ത ആളാണ് ശ്രീമാൻ എം എ വാഹിദ്. വാഹിദ് മാത്രമല്ല എണ്ണിയാലൊടുങ്ങാത്ത ഒരു പിടി ഒന്നാന്തരം കോൺഗ്രസുകാർ ഈ വഴിയേ സഞ്ചരിച്ചിട്ടുള്ളവരാണ്. ജയിച്ചു കയറിയാൽ പിന്നെ ഡബിൾ പവറാണെന്നതാണ് പലരേയും ഈ റിസ്ക്കെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. എന്നാൽ ഇതൊക്കെ കോൺഗ്രസിന്റെ പഴയ കഥയാണെന്നും ഈയടുത്തകാലത്തായി കോൺഗ്രസ് ആദർശത്തിന്റെ അരിയുണ്ട രാഷ്ട്രീയ ധാർമികതയുടെ ചെറുതേനിൽ മുക്കി നാലുനേരം സേവിക്കുന്നുണ്ടെന്നും പി കെ രാഗേഷ് മനസിലാക്കിയില്ല. കോൺഗ്രസിന് വേണ്ടി അടിയും വെട്ടും കൊണ്ട് തഴക്കം വന്ന ശരീരമാണ് രാഗേഷിന്റേതെങ്കിലും പാർട്ടിക്ക് വന്ന് ഭവിച്ച സംശുദ്ധമായ ആദർശ ബോധമെന്ന മഹാമാരിയെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന്റെ മനസ് ഇനിയും പാകപ്പെടാഞ്ഞതാണ് കാര്യങ്ങൾ ഇത്രമേൽ വഴളാക്കിയത്. കണ്ണുരിലെ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുത്തതിൽ മുൻ‌നിരയിൽത്തന്നെയുണ്ടായിരുന്ന പി ഗോവിന്ദന്റെ മകനാണ് പി കെ രാഗേഷ്. ഒരാഴ്ച മുമ്പ് കെ പി സി സിയും ഡി സി സിയും ഐയും എ യും ഒക്കെ തോളോട് തോൾ ചേർന്നാണ് പി ഗോവിന്ദന്റെ ചരമ വാർഷികം ആചരിച്ചതും പുഷ്പമാല ചാർത്തിയതും. ആചരണത്തിന്റെ ചൂട് ആറുന്നതിന് മുമ്പ് തന്നെ ആ സ്മ്യതി മണ്ഡപം ഏതോ കശ്മലന്മാർ തൂഫാനാക്കിക്കളഞ്ഞിരിക്കുന്നു. അച്ചന്റെ തഴമ്പ് മകനിൽ തപ്പാൻ പറ്റില്ലയെന്ന് വെളിവാക്കാനാണോ ആവോ ഈ പാതകം ചെയ്തത്? അടിക്കടി ഉദ്ദേശലക്ഷ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഒരു വിചിത്രാവതാരമെന്നാണ് കോൺഗ്രസുകാരിയായ സുമ ബാലക്യഷ്ണൻ ഈ പികെയെക്കുറിച്ച് പ്രസ്താ‍വിച്ചിട്ടുള്ളത്. പ്രസവിച്ച് കിടക്കുന്ന രാഷ്ട്രീയക്കാരോടും.. ശ്ശൊ.. തെറ്റിപ്പോയി, പ്രസവിച്ച് കിടക്കുന്ന പെൺപട്ടിയോടും ഇച്ഛാഭംഗം നേരിട്ടു നിൽക്കുന്ന രാഷ്ട്രീയക്കാരോടും കളിക്കുമ്പോൾ ഒന്നു സൂക്ഷിക്കണമെന്നാണ് കാരണവന്മാർ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. ഇതൊന്നും അറിയാത്ത കോൺഗ്രസുകാരനാണോ പി കെ രാഗേഷ്? എങ്കിൽ കഷ്ടം എന്നു മാത്രമേ പറയുന്നുള്ളൂ. എന്തായാലും കൊട്ടയുടെ കാര്യം മറക്കണ്ട. തിരിച്ചു പോകുമ്പോൾ വല്ല ഒണക്കത്തേങ്ങയോ‍ നെല്ലോ ഒക്കെ വാങ്ങി നിറയ്ക്കാൻ നോക്കൂ. അടുത്ത ഇലക്ഷൻ വരെ ഇനിയും കഴിച്ചു കൂട്ടേണ്ടേ? 

Nov 1, 2015

ബൈത്തുല്‍ മുഖദ്ദസിലേക്ക് നീങ്ങുന്ന ഇസ്‌റാഈല്‍ അധിനിവേശ നീക്കങ്ങള്‍


ഫലസ്തീന്‍ എന്ന പദത്തെ ചെറുത്ത് നില്പിന്റെ പര്യായമായി ലോകം അംഗീകരിക്കാന്‍ തുടങ്ങിയ ഒരു സന്ദര്‍ഭമാണിത്. അവകാശ ധ്വംസനത്തിനെതിരിലുള്ള പോരാട്ടത്തിന്റെ പ്രതീകമായി ഫലസ്തീന്‍ എന്ന ഭൂരഹിത രാജ്യത്തെ അംഗീകരിക്കാനും പരിഗണിക്കാനും ഐക്യരാഷ്ട്ര സഭയും വിവിധ ലോകരാജ്യങ്ങളും സന്നദ്ധമായെന്നതാണ് ഈ ദശകത്തിന്റെ ആഗോള രാഷ്ട്രീയത്തിലെ ഒരു ശ്രദ്ധേയമായ ചുവടുവെപ്പ്. ഫലസ്തീനു മേല്‍ ഇസ്‌റാഈല്‍ എന്ന രാഷ്ട്രം നടത്തുന്ന പതിറ്റാണ്ടുകള്‍ നീണ്ട ക്രൂരമായ അന്യായങ്ങള്‍ക്കും നീചമായ അക്രമങ്ങള്‍ക്കും മറുപടി നല്‍കാനുള്ള രാഷ്ട്രീയമായ തന്റേടവും പ്രത്യുല്‍പാദനശേഷിയും ഐക്യരാഷ്ട്ര സഭയ്ക്കും വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും ഇനിയും കൈവന്നിട്ടില്ലെങ്കിലും, ഇരയുടെ ചെറുത്ത് നില്പ് ഏറ്റവും ചുരുങ്ങിയത് അവരുടെ അവകാശമാണ് എന്നെങ്കിലും അംഗീകരിക്കാന്‍ തയ്യാറായെങ്കില്‍ അത്രയും ആശ്വാസകരമെന്ന് പറയാം. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്‌റാഈല്‍ സ്വീകരിച്ചുവരുന്ന നിലപാട് എക്കാലവും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ ധാര്‍മികതയുടെയും മര്യാദകളുടെയും സകല സീമകളെയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള കടുത്ത നടപടികളിലൂടെ സാഹചര്യങ്ങളെ വഷളാക്കാനും അതിലൂടെ സ്വന്തം താത്പര്യങ്ങളെ സംരക്ഷിക്കാനുമുള്ള ജുഗുപ്‌സാവഹമായ നീക്കങ്ങളാണ് അവര്‍ സാധാരണ നടത്താറുള്ളത്. പതിനായിരക്കണക്കിന് സിവിലിയന്മാരെ ഒരു സാധൂകരണവുമില്ലാതെ അറുകൊല നടത്തിക്കൊണ്ടുള്ള ഈ മാനവിക വിരുദ്ധതയുടെ പിരടിക്ക് പിടിക്കാന്‍ ആരുമില്ലെന്ന ദുഖസത്യം ഇന്നും തുടരുന്നു. ആഗോള തലത്തില്‍ ഫലസ്തീന്‍ വിഷയം പുതിയ ചില പരിപ്രേക്ഷ്യത്തിലേക്ക് നീങ്ങിത്തുടങ്ങിയ സമകാലിക സാഹചര്യത്തില്‍ കൊടിയ ധിക്കാരവും അക്രമവും പുറത്തെടുത്ത് ഇസ്‌റാഈല്‍ കലി തുള്ളുകയാണ്. തങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ചില രാഷ്ട്രീയ നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അതില്‍ നിന്നുള്ള ഒരു ശ്രദ്ധതിരിക്കല്‍ കൂടിയാണ് ഇപ്പോഴത്തെ അക്രമ സംഭവങ്ങളെന്നും ന്യായമായും കരുതാവുന്നതാണ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ ഒട്ടും പരിഹരിക്കപ്പെടാതെ നില നില്‍ക്കുമ്പോഴും താരതമ്യേന ഒരു സമാധാനത്തിന്റെ ഘട്ടമായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി ഫലസ്തീന്‍ ഇസ്‌റാഈല്‍ ബന്ധങ്ങളില്‍ പ്രകടമായിരുന്നത്. പതിറ്റാണ്ടുകളായി ഇസ്‌റാഈല്‍ നടത്തിവരുന്ന കൊലവിളികളും സിവിലിയന്‍ പീഡനങ്ങളും മുറപോലെ നടക്കുമ്പോഴും മേഖല ‘കാര്യമായ പ്രശ്‌നങ്ങളില്ലാതെ’ മുന്നോട്ട് പോകുകയായിരുന്നു. അതിനിടയിലാണ് പൊടുന്നനെ ഇസ്‌റാഈലിന്റെ ഭാവം മാറുന്നതും തങ്ങളുടെ നാലു സൈനികരെ ഫലസ്തീനികള്‍ വധിച്ചുവെന്നാരോപിച്ച് കടുത്ത നടപടികളിലേക്ക് അവര്‍ നീങ്ങുന്നതും. പൊടുന്നനെയുണ്ടായ ഇസ്‌റാഈലിന്റെ രൗദ്ര ഭാവത്തിന്റെ കാരണങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കേണ്ടതുണ്ട്. എപ്പോഴും തങ്ങളുടെ അക്രമണ നിലപാടുകളെ സാധൂകരിക്കാന്‍ കാരണങ്ങളുണ്ടാക്കുന്ന ഇസ്‌റാഈലിന്റെ പുതിയ നീക്കത്തില്‍ ആരും പുതുമ കാണാഞ്ഞതും അക്കാരണങ്ങള്‍ കൊണ്ടുതന്നെയായിരുന്നു. എന്നാല്‍ സിവിലിയന്‍ മേഖലയിലെ അഴിഞ്ഞാട്ടം കൂടാതെ ചില പുതിയ നീക്കങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്, അത് അവരുടെ ഗൂഢമായ ഒളിയജണ്ടയുടെ ഭാഗം തന്നെയാണ്. ഇസ്‌റാഈല്‍ തുടക്കമിട്ട നീക്കങ്ങളെ മറ്റൊരു തരത്തില്‍ നിരീക്ഷിക്കാന്‍ നിര്‍ബന്ധിപ്പിക്കുവാന്‍ സാഹചര്യമൊരുക്കുന്നുണ്ട്. ആഗോള മുസ്‌ലിം സമൂഹത്തിന്റെ പുണ്യ ഗേഹങ്ങളിലൊന്നായ മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ നടത്തുന്നതില്‍ നിന്ന് പ്രദേശത്തെ മുസ്‌ലിംകളെ കര്‍ശനമായി തടയണമെന്നും പ്രതിരോധിക്കുന്നവരെ എന്തു വിലകൊടുത്തും അവസാനിപ്പിക്കുമെന്നുമുള്ള ഉറച്ച നിലപാടുകള്‍ ‘ഇസ്‌റാഈലും ഫലസ്തീനും’ എന്ന വിഷയത്തില്‍ നിന്നും ‘ഇസ്‌റാഈലും ലോക മുസ്‌ലിംകളും’ എന്ന മര്‍മത്തിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുകയാണ്. മസ്ജിദുല്‍ അഖ്‌സയെ എന്നെന്നേക്കുമായി പിടിച്ചെടുക്കാനും ആഗോള മുസ്‌ലിം വികാരത്തെ എല്ലായ്‌പ്പോഴും ഫലസ്തീനികള്‍ക്കനുകൂലമാക്കുന്നതില്‍ കേന്ദ്രബിന്ദുവായി വര്‍ത്തിക്കുന്ന അഖ്‌സക്ക് മേലുള്ള തങ്ങളുടെ അവകാശവാദത്തെ ശാക്തീകരിച്ച് അതിനെ മുസ്‌ലിംകളില്‍ നിന്ന് അടര്‍ത്തിമാറ്റാനുമുള്ള ചില പദ്ധതികളാണ് ഇസ്‌റാഈല്‍ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നത്. ഖുദ്‌സിന്റെ ചരിത്രം മസ്ജിദുല്‍ അഖ്‌സയുടെ ചരിത്രം ആരംഭിക്കുന്നത് പ്രവാചകന്‍ ഇബ്‌റാഹീമില്‍(അ) നിന്നാണെന്നാണ് പ്രബലരായ ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നത്. 

വിശുദ്ധഖുര്‍ആനില്‍ നിന്ന് വ്യക്തമാകുന്നത് ഇബ്‌റാഹീമും(അ) മകന്‍ ഇസ്മാഈലും(അ) ചേര്‍ന്നാണ് വിശുദ്ധ കഅ്ബ നിര്‍മിച്ചതെന്നാണ്. മക്കയില്‍ അവര്‍ നിര്‍മിച്ച കഅ്ബയെയാണ് അല്ലാഹുവിനെ ആരാധിക്കാനായി ആദ്യമായി നിര്‍മിക്കപ്പെട്ട ഭവനമെന്ന് ഖുര്‍ആന്‍ വിളിക്കുന്നത്. ഇസ്മാഈലിനെയും മാതാവിനെയും മക്കയില്‍ താമസിപ്പിച്ച് ഇബ്‌റാഹീം(അ) മടങ്ങിപ്പോകുന്നതും പിന്നീട് സ്ഥിരവാസമാക്കുന്നതും ഫലസ്തീനിലേക്കാണ്. മക്കയില്‍ ദേവാലയ നിര്‍മിതി നടത്തി മടങ്ങിവന്ന ഇബ്‌റാഹീം പ്രവാചകന്‍ കഅ്ബയില്‍ നിന്ന് ഏറെ വിദൂരമായ ഫലസ്തീനില്‍ നിര്‍മിച്ച ദേവാലയമാണ് മസ്ജിദുല്‍ അഖ്‌സയെന്നാണ് ഇസ്‌ലാമിക ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നത്. അഖ്‌സയെന്ന പദം അര്‍ഥപ്പെടുത്തുന്ന ആശയം വിദൂരമായ ദേവാലയം എന്നാണെന്നത് ഈ നിരീക്ഷണങ്ങളെ ബലപ്പെടുത്തുന്നതാണ്. ഹിബ്രുവില്‍ അഖ്‌സയുടെ നാമധേയം ബെഥെയേല്‍ എന്നാണ്. അല്ലാഹുവിന്റെ ഭവനം എന്നാണ് ഈ ഹിബ്രു പദത്തിന്റെ അര്‍ഥം. ഇബ്‌റാഹീമി നിര്‍മിതിയാണ് മസ്ജിദുല്‍ അഖ്‌സയെന്ന വാദത്തെ സാധൂകരിക്കുന്നതാണ് ഈ പദനിഷ്പത്തി. ഇബ്‌റാഹീമിന്(അ) ശേഷം മകന്‍ ഇസ്ഹാഖ്(അ) ആയിരുന്നു ഈ ദേവാലയത്തിന്റെ സേവകന്‍. തന്റെ പിതാവും സഹോദരനും ചേര്‍ന്ന് നിര്‍മിച്ച മക്കയിലെ കഅ്ബയില്‍ സന്ദര്‍ശനം നടത്തുകയും ഹജ്ജ് കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്ത ഇസ്ഹാഖും ഒന്നാം ദേവാലയമായി പരിഗണിച്ചിരുന്നത് കഅ്ബയെയായിരുന്നുവെന്ന് വ്യക്തമാണ്. ഇസ്‌റാഈല്‍ ജനതയുടെ പിതാവായി പരിഗണിക്കപ്പെടുന്ന യഅ്ഖൂബ്(അ) ഇസ്ഹാഖിന്റെ(അ) പുത്രനാണ്. ഏകദൈവത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും അഖ്‌സാ ദേവാലയത്തെ തുറന്നു നല്‍കിയത് അദ്ദേഹമാണ്. എസ്രാ പ്രവാചകന്‍ എന്ന് വിളിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ സന്താന പരമ്പരയെയാണ് ഇസ്‌റാഈല്യര്‍ എന്ന് ചരിത്രത്തില്‍ പരാമര്‍ശിക്കുന്നത്. ഇവര്‍ തന്നെയാണ് ക്രിസ്ത്യന്‍, ജൂത വിഭാഗങ്ങളായി പിരിഞ്ഞതും. യഅ്ഖൂബിന്റെ(അ) പുത്രനായ യൂസുഫ്(അ) ഈജിപ്തിലെ ഭരണാധികാരിയായതോടെ തന്റെ പിതാവിനെയും ബന്ധുക്കളെയും തന്റെ രാജ്യമായ ഈജിപ്തില്‍ വസിപ്പിച്ചു. വിശുദ്ധ ഖുര്‍ആനില്‍ വിശദമായി പ്രതിപാദിക്കപ്പെട്ട ഈ ചരിത്ര സംഭവത്തോടെയാണ് ഇസ്‌റാഈല്യര്‍ ഈജിപ്തിലെ ഒരു ജനവിഭാഗമായി മാറുന്നത്. പ്രദേശവാസികളായ പലസ്‌റ്റേന്‍ ഗോത്രത്തിന് ദേവാലയത്തിന്റെ സംരക്ഷണ ചുമതല ഏല്പിച്ചുകൊണ്ടാണ് യഅ്ഖൂബും(അ) സന്താനങ്ങളും ഈജിപ്തിലേക്ക് യാത്രയായത്. ഇതോടെയാണ് മസ്ജിദുല്‍ അഖ്‌സ ഫലസ്തീന്‍ ജനതയുടെ കൈവശത്തിലാകുന്നത്. തലമുറകള്‍ക്ക് ശേഷം ഈജിപ്തിലെ ബനീ ഇസ്‌റാഈല്‍ ജനത രണ്ടാംതരം പൗരന്മാരാക്കപ്പെടുകയും ക്രമേണ കോപ്റ്റിക് വംശജരുടെ അടിമകളാക്കപ്പെടുകയും ചെയ്തു. ഫറോവയില്‍ നിന്ന് രക്ഷപ്പെട്ട്, പൂര്‍വപിതാക്കളുടെ നാടായ ഫലസ്തീനിലേക്ക് മൂസാ(അ)യുടെ നേതൃത്വത്തില്‍ യാത്ര തിരിച്ച ഇസ്‌റാഈല്‍ ജനതക്ക് സംഭവിച്ച ദുര്‍വിധിയും മറ്റ് സംഭവങ്ങളും വിശുദ്ധ ഖുര്‍ആനില്‍ ഒരു താക്കീതും മുന്നറിയിപ്പുമെന്ന വണ്ണം ഓര്‍മിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ തവണ ഉദ്ധരിച്ചതും ഈ ചരിത്രത്തിന്റെ വിവിധ ശകലങ്ങളെയാണ്. വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ അവര്‍ക്ക് സംഭവിച്ച അപഭ്രംശങ്ങളും തുടര്‍ന്ന് മൂസാ(അ)യുടെ മരണശേഷം ദാവൂദിന്റെ(അ) നേതൃത്വത്തില്‍ അവര്‍ നടത്തിയ പട്ടണപ്രവേശവും ഇസ്‌റാഈലീ ചരിത്രങ്ങളില്‍ വിശദമായി വിവരിക്കുന്നുണ്ട്. ദാവൂദ്(അ) പുനര്‍ നിര്‍മിച്ച ദേവാലയത്തില്‍ ഇസ്‌റാഈല്യര്‍ ആരാധന നടത്താനാരംഭിക്കുന്നത് മുതലുള്ള ചരിതം മാത്രമേ ആധുനിക ഇസ്‌റാഈല്‍ രാഷ്ട്രം ഖുദ്‌സിന്റെ ചരിത്രമായി പരിഗണിക്കുന്നുള്ളൂ. ചരിത്രത്തിന്റെ പൂര്‍വ ഭാഗങ്ങളെ തീര്‍ത്തും അവഗണിക്കുകയും ഒരു ദീര്‍ഘമായ സംസ്‌കാരത്തിന്റെ തുടര്‍ച്ചയെ അപനിര്‍മിക്കുകയുമാണ് ഇസ്‌റാഈല്‍ ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്. ദാവൂദ് പ്രവാചകന് ശേഷം നാശോന്മുഖമായ ദേവാലയത്തെ പുനര്‍നിര്‍മിക്കുന്നത് സുലൈമാന്‍(അ) (സോളമന്‍ രാജാവ്) ആണെന്നും ഇത് തദ്ദേശീയരായ ഫലസ്തീന്‍ ജനതയുടെ സമ്പൂര്‍ണ സഹകരണത്തോടെയായിരുന്നെന്നും ഇസ്‌റാഈല്‍ ചരിത്രഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. സുലൈമാന്(അ) ശേഷം രാജ്യത്തെ നാലായി വീതിച്ച അദ്ദേഹത്തിന്റെ പുത്രന്മാര്‍ ദേവാലയത്തിനായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും പിതാക്കന്മാരുടെ അധ്യാപനങ്ങളില്‍ നിന്ന് ബഹുദൂരം അകലുകയും ചെയ്തു. സുദീര്‍ഘമായ പ്രവാചക ശൃംഖലകള്‍ കൊണ്ട് സമ്പന്നമായ ഒരു ചരിത്രമാണ് ഇസ്‌റാഈല്യരുടേതായി ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത്. പ്രവാചകന്മാര്‍ക്ക് ശേഷം വളരെ വേഗത്തില്‍ പ്രവാചകാധ്യാപനങ്ങളില്‍ നിന്ന് വഴുതിമാറുന്ന സ്വഭാവക്കാരായിരുന്നു അവരെന്നാണ് ഈ ചരിത്രങ്ങള്‍ വ്യക്തമാക്കുന്നത്. 


നിരവധി പ്രവാചകന്മാരെ വധിക്കുകയും ഭര്‍ത്സിക്കുകയും ചെയ്ത് ഇസ്‌റാഈല്‍ ജനത പ്രദേശത്ത് കിരാതവാഴ്ച നടത്തിയിരുന്നുവെന്ന് ബൈബിളിലും പുരാതന ജൂത കൃതികളിലും വായിക്കാവുന്നതാണ്. ഓരോ തര്‍ക്കങ്ങളും കലാപങ്ങളും മസ്ജിദുല്‍ അഖ്‌സയുടെ തകര്‍ക്കലിലേക്കും പുനര്‍നിര്‍മാണത്തിലേക്കും വഴിവെച്ചിരുന്നു. പേര്‍ഷ്യന്‍ രാജാക്കന്മാരും റോമന്‍ ചക്രവര്‍ത്തിമാരും നിരവധി തവണ ഫലസ്തീന്‍ കീഴടക്കുകയും പുണ്യഗേഹത്തെ തകര്‍ച്ചയിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്. ബിസി 587-ല്‍ ബാബിലോണിയന്‍ രാജാവ് നഗരം കീഴടക്കുകയും ദേവാലയത്തെ തകര്‍ക്കുകയും പ്രദേശവാസികളെ ബന്ദികളും അടിമകളുമാക്കുകയും ചെയ്തു. മുഹമ്മദ് നബി(സ)യുടെ ആഗമനത്തോടെ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും തുടര്‍ന്ന് സമീപ പ്രദേശങ്ങളിലും ഇസ്‌ലാമിക സന്ദേശം വ്യാപിക്കുകയും ഹിജ്‌റ 638-ല്‍ ഖലീഫ ഉമറിന്റെ കാലത്ത് ഫലസ്തീനും അനുബന്ധ പ്രദേശങ്ങളും ഇസ്‌ലാമിക വിശ്വാസത്തിന്റെയും വ്യവസ്ഥയുടെയും കീഴിലാവുകയും ചെയ്തു. എഡി 1099-ല്‍ നഗരവും മസ്ജിദും കുരിശ്‌പോരാളികളുടെ അക്രമങ്ങള്‍ക്ക് വിധേയമാകുകയും പ്രതിരോധം സാധ്യമാകാത്ത വിധം ദുര്‍ബലരായ മുസ്‌ലിം ഭരണാധികാരികള്‍ ഒഴിഞ്ഞുപോകുകയും ചെയ്തു. തുടര്‍ന്ന് മസ്ജിദുല്‍ അഖ്‌സയും നഗരഭരണവും മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടു. 88 വര്‍ഷത്തിനു ശേഷം സ്വലാഹുദ്ദീന്‍ അയ്യൂബിയിലൂടെ മുസ്‌ലിംകള്‍ പ്രദേശം തിരിച്ചുപിടിക്കുന്നത് വരെ ക്രിസ്ത്യന്‍ തീവ്രവാദികളുടെ അധീനതയിലായിരുന്നു നഗരവും പള്ളിയും. പാശ്ചാത്യ ഗൂഢാലോചനയുടെ മതവും രാഷ്ട്രീയവും ആഗോള തലത്തിലുള്ള മുസ്‌ലിം ഭരണകൂടങ്ങളുടെ ദൗര്‍ബല്യമാണ് ഇന്ന് കാണുന്ന സാഹചര്യങ്ങളിലേക്ക് പ്രദേശത്തെയും ആരാധനാലയത്തെയും തള്ളിവിട്ടത്. അലസരും ആഡംബര പ്രിയരും മതബോധമില്ലാത്തവരുമായ മുസ്‌ലിം ഭരണാധികാരികളുടെ കയ്യില്‍ നിന്നും അധികാരസ്ഥാനങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുകയും ഫലസ്തീനും അനുബന്ധ പ്രദേശങ്ങളും ബ്രിട്ടന്റെ കയ്യിലാകുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തോടെ രാഷ്ട്രീയമായി തങ്ങളുടെ ബാധ്യതയായി മാറിയ ജൂതന്മാരെ കുടിയിരുത്താനുള്ള പ്രദേശമായി ബ്രിട്ടന്‍ തങ്ങളുടെ കോളനിയായ ഫലസ്തീനെ തെരഞ്ഞെടുക്കുകയാണുണ്ടായത്. നിരന്തരമായ ഗൂഢാലോചനകളുടെയും തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും ഉല്പന്നമായാണ് ഇസ്‌റാഈല്‍ എന്ന രാജ്യം ഫലസ്തീന്‍ രാജ്യത്ത്, പാശ്ചാത്യ രാജ്യങ്ങളുടെ ആശീര്‍വാദത്തോടെ പിറവികൊള്ളുന്നത്. പ്രദേശവാസികളായ ഫലസ്തീനികള്‍ക്ക് മേല്‍ നടത്തിയ, മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പരകള്‍ കൊണ്ടാണ് ഇസ്‌റാഈല്‍ കെട്ടിപ്പടുത്തത്. യൂറോപ്യന്‍ പ്രദേശങ്ങളില്‍ നിന്ന് ജൂതരെ സമ്പൂര്‍ണമായി ഒഴിപ്പിക്കുക, മുസ്‌ലിം രാഷ്ട്രീയത്തിലെ എന്നെന്നേക്കുമുള്ള ഒരു കരടായി നിലവിലെ മുസ്‌ലിം രാജ്യങ്ങളുടെ മൂക്കിനു കീഴില്‍ ഒരു ശത്രുവിനെ സ്ഥാപിക്കുക; ഈ രണ്ട് ലക്ഷ്യങ്ങളാണ് ഇസ്‌റാഈല്‍ രാഷ്ട്ര രൂപീകരണത്തിലൂടെ പാശ്ചാത്യര്‍ ഉന്നമിട്ടത്. ഇത് രണ്ടും ഭംഗിയായി ഇന്നും നടന്നുപോരുന്നു. മുസ്‌ലിം ഭരണാധികാരികളുടെ പിടിപ്പുകേടും കഴിവില്ലായ്മയുമാണ് ഇതിന് കളമൊരുക്കിയത്. കുരിശ് യുദ്ധാനന്തരം പാശ്ചാത്യരും മുസ്‌ലിം ലോകവും തുടര്‍ന്നുപോന്ന അദൃശ്യമായതും എന്നാല്‍ ശക്തമായതുമായ ശീതയുദ്ധത്തില്‍ മുസ്‌ലിം പക്ഷത്തെ എന്നെന്നേക്കുമായി ദുര്‍ബലപ്പെടുത്തുകയെന്ന ഒരു ഗൂഢ അജണ്ട കൂടി ഇതിനു പിന്നിലുണ്ടായിരുന്നു. അമേരിക്കയുടെയും മറ്റ് പാശ്ചാത്യനാടുകളുടെയും അനുഗ്രഹാശിസ്സുകളോടെ ഇസ്‌റാഈല്‍ തേരോട്ടം ആരംഭിക്കുകയായിരുന്നു. അര നൂറ്റാണ്ടിന്റെ തെമ്മാടിത്ത നിലപാടുകളുടെ ചരിത്രം ആ രാജ്യത്തിനുണ്ടായിട്ടും മണി കെട്ടാത്ത പൂച്ചയായി ഇന്നും ഇസ്‌റാഈല്‍ വാഴുന്നതിന്റെ കാരണം മറ്റൊന്നല്ല. പകുത്ത് ലഭിച്ച ഭൂമിക്ക് പുറമെ ആയുധ, സൈനിക ബലങ്ങളുടെ തിണ്ണമിടുക്കില്‍ ഫലസ്തീനികളെ മുഴുവന്‍ തുരത്തി പ്രദേശമൊന്നടങ്കം തങ്ങളുടെ വരുതിയില്‍ ആക്കാനുള്ള ശ്രമമാണ് ഇസ്‌റാഈല്‍ നടത്തുന്നത്. അടിമത്ത വ്യവസ്ഥിതിയുടെ മറ്റൊരു പതിപ്പാണ് അവര്‍ ചെയ്തുകൂട്ടുന്നത്. അടുത്തിടെ, ആഗോളതലത്തില്‍ ഫലസ്തീന് അനുകൂലമായ ചില നീക്കങ്ങളുണ്ടാകുന്നതും ഫലസ്തീന്‍ എന്ന രാജ്യത്തിന്റെ പതാകയെ അംഗീകരിക്കുന്നതിലൂടെ ഐക്യരാഷ്ട്ര സഭ ഫലസ്തീന് ഒരു വിദൂര അംഗീകാരം നല്‍കിയതും ഇസ്‌റാഈലിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുമായി തന്ത്രപ്രധാന ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ശ്രമിക്കുമ്പോഴും അവരൊക്കെ ഫലസ്തീന്‍ വിഷയത്തില്‍ പുലര്‍ത്തുന്ന സമീപനത്തില്‍ ഇസ്‌റാഈല്‍ ഭരണകൂടം ഒട്ടും തൃപ്തരല്ല. സാധ്യമാകുംവിധം ഇത്തരം നിലപാടുകളെ പ്രതിരോധിക്കാന്‍ അവര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. മനുഷ്യക്കൊലയെ അപലപിക്കുമ്പോഴും ഇസ്‌റാഈലിനെ പേരെടുത്ത് വിമര്‍ശിക്കാന്‍ അമേരിക്കയടക്കമുള്ള പല രാജ്യങ്ങളും തയ്യാറായിട്ടില്ല. ഈ കുറിപ്പ് എഴുതുമ്പോള്‍, പുതിയ സംഭവത്തില്‍ ഇതിനകം 42 ഫലസ്തീനികള്‍ വധിക്കപ്പെട്ട് കഴിഞ്ഞു. മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ക്കായി വരുന്നവരെ കര്‍ശനമായി തടയുകയും എതിര്‍ക്കുന്നവരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. മസ്ജിദുല്‍ അഖ്‌സ ഇസ്‌റാഈലിന്റേതാണ് എന്ന അത്യന്തം അപകടകരമായ പ്രസ്താവനയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതായി പുറത്ത് വന്നിരിക്കുന്നത്. 

ചരിത്രത്തെ ചവറ്റുകുട്ടയിലെറിയുകയും മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍ പറത്തുകയും ചെയ്യുന്ന ഇസ്‌റാഈലിനെതിരില്‍ രാഷ്ട്രാന്തരീയതലത്തില്‍ ഉയരുന്ന ചെറുശബ്ദങ്ങളെ ഏകീകരിക്കാനും തങ്ങളുടെ കുറ്റകരമായ നിസംഗത വെടിഞ്ഞ് ശക്തമായി പ്രതികരിക്കാനും വിഷയത്തെ രാഷ്ട്രീയമായും മതപരമായും ഏറ്റെടുക്കാനും അറബ് രാജ്യങ്ങള്‍ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് ഇസ്‌റാഈലി സൈനികര്‍ മരിച്ചതിന്റെ പ്രതികാര നടപടിയായിട്ടാണ് ഇത്തവണത്തെ സിവിലിയന്‍ അക്രമത്തിന് ഇസ്‌റാഈല്‍ തുടക്കം കുറിച്ചത്. സംഭവത്തിന്റെ പേരില്‍ മസ്ജിദുല്‍ അഖ്‌സയില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയത് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടു. സംഘര്‍ഷത്തെ കനപ്പിക്കുന്നതിനുള്ള ഇസ്‌റാഈലിന്റെ ബോധപൂര്‍വമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തുകൊണ്ട് ഇസ്‌റാഈല്‍ സൈന്യവും ജൂതതീവ്രവാദികളും കിഴക്കന്‍ ജറൂസലമിലും വെസ്റ്റ് ബാങ്കിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് ജൂത തിവ്രവാദികളാണ് ജറൂസലം നഗരത്തില്‍ തമ്പടിച്ചിട്ടുള്ളത്. അഭയാര്‍ഥി ക്യാമ്പുകളും ഫലസ്തീന്‍ ഭവനങ്ങളും നിരന്തരമായി അക്രമിക്കപ്പെടുകയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഒരു അന്താരാഷ്ട്ര ഇടപെടലുകളും തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന ഇസ്‌റാഈല്‍ നിലപാട്, വിഷയത്തിലെ അവരുടെ ഗൂഢതാല്‍പര്യങ്ങളെ വെളിവാക്കാന്‍ പര്യാപ്തമായതാണ്. പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അത് ഒരു മൂന്നാം ഇന്‍ത്വിഫാദയിലേക്ക് നയിക്കുമെന്നും ഫലസ്തീന്‍ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജറൂസലമില്‍ മസ്ജിദുല്‍ അഖ്‌സ പരിസരത്ത് ഇസ്‌റാഈല്‍ സൈന്യവും ജൂതതീവ്രവാദികളും ആഴ്ചകളായി തുടരുന്ന ആക്രമണമാണ് സ്ഥിതി വഷളാക്കുന്നത്. പ്രതിഷേധവുമായി ഫലസ്തീന്‍ ബാലന്മാര്‍ ഇസ്‌റാഈല്‍ ചെക്ക്‌പോയിന്റുകളില്‍ കല്ലെറിയുന്ന സംഭവങ്ങള്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തുല്‍കറം ചെക്ക്‌പോയിന്റില്‍ ഹുദൈഫ സുലൈമാന്‍ എന്ന ബാലനെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചുകൊന്ന സംഭവം കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഒരു സ്ത്രീ അടക്കം മൂന്ന് പേരെ കൂടി ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തി. മുസ്‌ലിംകള്‍ക്ക് സ്ഥിരമായ ആരാധനാ വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും നിലവിലെ സാഹചര്യങ്ങളെ നേരിടുന്നതിനാണ് ഇപ്പോഴത്തെ താല്‍ക്കാലിക വിലക്ക് എന്നൊക്കെ ഇസ്‌റാഈല്‍ പറയുന്നുണ്ടെങ്കിലും അവരുടെ അന്തിമ ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ് ഇപ്പോഴത്തെ സാഹചര്യങ്ങളും അതിന്മേലുള്ള അവരുടെ അഭിപ്രായ പ്രകടനങ്ങളുമെന്ന് നിരീക്ഷിക്കുന്നവര്‍ ഏറെയാണ്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി യു എന്‍ അടിയന്തരയോഗം ചേര്‍ന്നിരുന്നു. പക്ഷേ യു എന്‍ ഇടപെടലുകള്‍ ആവശ്യമില്ലെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചത്. അനീതിക്ക് കുടപിടിക്കുന്നവരെന്ന വിമര്‍ശത്തില്‍ നിന്ന് പുറത്തുവരാനും രാഷ്ട്രീയമായി ഐക്യപ്പെടാനും അറബ് രാഷ്ട്രങ്ങള്‍ എത്രസമയം എടുക്കുന്നുവോ അത്രയും വഷളാകുകയായിരിക്കും കാര്യങ്ങള്‍ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇസ്‌റാഈലിന്റെ അഹന്തക്കു മുന്നില്‍ മുട്ട് വിറയ്ക്കാതെ നീതിയും നിയമവും നടപ്പിലാക്കുന്ന ഒരു ലോക നേതൃത്വത്തെക്കുറിച്ചുള്ള പ്രതീക്ഷ നമുക്ക് മുറുകെപിടിക്കാം. പക്ഷേ നാം ഓര്‍ക്കേണ്ടത് ഈ വിശുദ്ധ വചനമാണ്: ”നിശ്ചയം, സ്വയം മാറ്റത്തിനു സജ്ജമാകാത്ത ഒരു ജനതയിലും രക്ഷിതാവ് ഒരു മാറ്റവും വരുത്തുകയില്ല. 

ചെറിയാൻ ഫിലിപ്പ് ഉടുപ്പൂരുന്നു.


പ്രായവും പക്വതയും വെച്ച് നോക്കുമ്പോൾ ഈ പ്രായത്തിൽ അറിയേണ്ടതിനെക്കാളും അല്പം കൂടുതൽ അറിഞ്ഞുപോയിട്ടുണ്ടെന്ന ഒരുകുഴപ്പം മാത്രമേ ചെറിയാൻ ഫിലിപ്പിന് ഉള്ളൂ. പക്ഷേ ഇക്കണ്ട കാലമൊക്കെയെടുത്ത്  അദ്ദേഹം നേടിയെടുത്ത അറിവൊക്കെ ഒരു തിരിച്ചറിവാകാൻ തുടങ്ങിയത് ഏതാണ്ട് ഈ അടുത്ത കാലം മുതൽ മാത്രമാണ്. ക്യത്യമായിപ്പറഞ്ഞാൽ കോൺഗ്രസ് പാർട്ടിയുടെ പൂട്ടും താക്കോലുമില്ലാത്ത വാതിൽ തള്ളിത്തുറന്ന് അദ്ദേഹം പുറത്ത ചാടിയതിനു ശേഷം. വാതിലിലൂടെ ചിലർ ബലമായി തൂക്കി വെളിയിലേക്കെറിഞ്ഞു എന്നൊരു അധിക വായനകൂടി ഇതിലുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ഒരു കാലത്ത് സംസ്ഥാന കോൺഗ്രസ്സിലെ ഒരു ജേഴ്സിപ്പശുവായിരുന്നു ചെറിയാച്ചനെന്നത് ആരൊക്കെ നിഷേധിക്കാൻ ശ്രമിച്ചാലും ഒരു പരമ വാസ്തവമാണ്. കുറച്ച് പുല്ലും അല്പം കഞ്ഞിവെള്ളവും മാത്രം കൊടുത്താൽ നാലു നേരവും പാത്രം നിറച്ച് കറക്കാൻ മാത്രം നല്ല പാലും ചാണകവും ധാരാളം നൽകിയിരുന്ന ഒന്നാന്തരം ജേഴ്സി. കറവക്കാരന്റെ കയ്യിലെ മെനകേട് കൊണ്ട് മാത്രം കയറ് പൊട്ടിച്ചുപോയ പാവം പശു. നാലു നേരം പോരാഞ്ഞിട്ട് പതിനാറു തവണ അകിടിൽ പിടിക്കുകയും പുല്ല് നൽകുന്നതിന് പകരം മുഖത്ത് നോക്കി പുല്ലേ എന്ന് വിളിക്കുകയും ചെയ്താൽ ഈ പശുവല്ല ഏതു പശുവും കയറ് പൊട്ടിക്കുകയുയ്ം കറവക്കാരന്റെ നെഞ്ചിനു നോക്കി തൊഴിക്കുകയും ചെയ്യും.

മധ്യ കേരളത്തിലെ സാമാന്യം പേരും പ്രശസ്തിയുമുള്ള പകലോമറ്റം നസ്രാണി കുടുംബത്തിലായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ ജനനം. തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹൈസ്കൂളിലും മാരിവാനിയോസിലും യൂണിവേഴ്സിറ്റി കോളജിലും ഗവണ്മെന്റ് ലോകോളജിലുമായാണ് പഠനം പൂർത്തിയാക്കിയത്. പഠനത്തിനിടയിലെപ്പോഴോ തലയിൽ കയറിയതാണ് കെ എസ് യു വും രാഷ്ട്രീയവും. തുടക്കം സാക്ഷാൽ ഉമ്മൻ‌ ചാണ്ടിക്കൊപ്പമായിരുന്നു. കെ എസ് യു സ്കൂൾ യൂണിറ്റിന്റെ കണ്വീനറായി തുടക്കം കുറിച്ച രാഷ്ട്രീയ ജീവിതത്തിൽ കർട്ടനു പിന്നിൽ നിൽക്കാനായിരുന്നു ആളിന് യോഗം. 1975മുതൽ 80 വരെ കെ എസ് യുവിന്റെ ജനറൽ സെക്രട്ടറി ആയും തുടർന്ന് കെ എസ്യു പ്രസിഡന്തും യൂത്ത്കോൺഗ്രസ് വൈസ്പ്രസിഡന്റായുമൊക്കെ നിറഞ്ഞ് നിന്നെങ്കിലും തെരഞ്ഞെടുപ്പുകളിലെ സീറ്റ് വീതം വെയ്ക്കലുകളിൽ ‘നായ്ക്കും വേണ്ടാ‍ത്തത് അപ്പന്’ എന്ന പോളിസിപ്രകാരമുള്ള സീറ്റുകളാണ് ആളിന് ലഭിച്ചത്. നിരന്തരം പരാജയപ്പെടുന്ന അളേന്ന ദുഷ് ഖ്യാാതി സമ്പാദിക്കാൻ മാത്രമേ ഈ സീറ്റുകൾ ഉപകരിച്ചുള്ളൂ. ഏ കെ ആന്റണിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ എന്നൊക്കെ അണിയറപ്പേരുകൾ ഉണ്ടായിരുന്നെങ്കിലും ആദർശ ധീരനായ ആന്റണി ചെറിയാൻ ഫിലിപ്പിനെ തഴഞ്ഞുകളഞ്ഞുവെന്ന ഒരു അടക്കം പറച്ചിൽ കോൺഗ്രസ് ക്യാമ്പുകളിൽ ശക്തമായിരുന്നു. തലയിൽ ആളുതാമസമുള്ള ചുരുക്കം ചില കോൺഗ്രസുകാരിൽപ്പെടുത്താവുന്ന ചെറിയാച്ചന് വിനയായതും ഈ ആളനക്കമാണ്.


 സംസ്ഥാന കോൺഗ്രസിലെ ആൻറ്റണി യുഗത്തിലെ പിന്നാമ്പുറ ശക്തിയായിരുന്ന ചെറിയാച്ചനെ അന്തോണിച്ചൻ കറിവേപ്പില ചവച്ച് തുപ്പുന്നത്പോലെ തുപ്പിക്കളഞ്ഞതിലുള്ള മനക്ലേശം കൊണ്ട് മാത്രമാണ് ഇടതുപക്ഷത്തേക്ക് ചേക്കേറിയത്. കോൺഗ്രസ് എന്ന നാടകശാലയുടെ കർട്ടൻ വലിപ്പുകാരൻ എന്ന വിശേഷണം കൊണ്ടു തന്നെയാണ് സി പി എമ്മിന് ചെറിയാൻ ഫിലിപ്പിനോട് മമത തോന്നുന്നതും തോർത്തുമുണ്ട് കൊണ്ട് കൊണ്ട് തോട്ടുമീൻ പിടിക്കുന്ന ലാഘവത്വത്തിൽ ആളിനെ അടിച്ചെടുത്ത് കൂടെയിരുത്തിയതും. കൈരളി ടിവിയുടെ ഉപദേശകറോളിലും കെടിഡിസിയുടെ ചെയർമാൻ റോളിലുമൊക്കെയായി ചെറിയാൻ ഫിലിപ്പിന്റെ ജന്മം ഒതുങ്ങിപ്പോയ്യേക്കുമെന്ന് ദോഷൈകദ്യക്കുകൾ പരഞ്ഞുതുടങ്ങിയ സമയത്താണ് പുതിയ വെടിയുമായി പുള്ളിക്കാരൻ അരങ്നേറുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരൻജ്ഞെടുപ്പുകളിൽ തങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന ചില കോൺഗ്രസ് യൂത്തന്മാരുടെ പ്രതിഷേധ രീതിയാണ് ആളെ ഇളക്കിക്കളഞ്ഞത്. സീറ്റു കിട്ടാത്ത യൂത്തൻ എന്ന് കേൾക്കുമ്പോൾ ചെറിയാച്ചന് ഒരു ഭൂതകാലക്കുളിര് അനുഭവപ്പെടും. ഇത്തവണ യൂത്തന്മാർ തങ്ങളുടെ ഉടുപ്പൂരിയാണ് പ്രതിഷേധം അറിയിച്ചത്. ഈ ഉടുപ്പൂരലിന്റെ പിന്നിലെ പ്രതീകാത്മകത പെട്ടെന്ന് ക്ലിക്കായത് ചെറിയാച്ചനാണ്. സർഗാത്മകമായി അതങ്ങ ഫേസ് ബുക്കിൽ കാച്ചി. കോൺഗ്രസിന്റെ വനിതാ സംവരണ സീറ്റുകൾക്കായി ഇത്തരം പ്രതിഷേധം സ്വകാര്യമായി നടത്തിയ ചില വനിതാ നേതാക്കളെ തനിക്കറിയാമെന്നും ഒരു അമിട്ട് പൊട്ടിച്ചു. ദോഷം പറയരുതല്ലോ നാടും നാട്ടാരും ഇളകിയിട്ടും ഈ പ്രസ്താവനക്കെതിരിൽ കോൺഗ്രസിലെ തലമുതിർന്ന അപ്പന്മാർ ആരും പ്രതികരിച്ഖില്ല. ചിലരുടെയൊക്കെ ഉള്ളിൽ അടപ്രഥമൻ വേവിച്ചെടുക്കാനുള്ള തീയാണെരിഞ്ഞത് അന്ന് തോന്നുന്നു. സംഗതി എന്തായാലും ഏറ്റുവെന്ന് തോന്നുന്നു. കൂടുതൽ പിണക്കാതെ ചെറിയാൻ ഫിലിപ്പിനെ പരിഗണിച്ചേക്കണമെന്നൊരു സൻദേശം ഇതിലൂടെ സി പി എമ്മിന് ലഭിച്ചിട്ടുണ്ടെങ്കിൽ നല്ലത്. അല്ലത് അല്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മേൽമുണ്ട് മാത്രമല്ല, ചിലരുടെയൊക്കെ അടിമുണ്ടും അഴിഞ്ഞു വീഴാൻ സാധ്യതയുണ്ട്. കലികാലം കലികാലം ഈശ്വരോ രക്ഷതു.