Dec 26, 2015

മഹാനായ കാർന്നോർവയസേറും തോറും അറിവും വെളിവും കൂടണമെന്നത് ഒരു ലോക നിയമമാണ്. എന്നാൽ ഈ നിയമം ഒട്ടും ബാധകമല്ലാത്ത ചില വസ്തുക്കളുണ്ട്.ഒരു പരിധി  കഴിഞ്ഞാൽ ഇവ അഴുകാനും പിന്നെ നാറാനും തുടങ്ങും. അഴുകാച്ചരക്കുകൾ എന്നാണ് ഇവയെ നാട്ടുഭാഷയിൽ വിളിക്കുന്നത്. അകത്തളവും അന്തപുരവും വിട്ട് നാറ്റം പൊതുവഴിയിലേക്ക് വ്യാപിക്കാൻ തുടങ്ങുന്നതോടെ നാട്ടുകാർക്ക് ഇടപെടേണ്ടിയും വരും. തൊട്ടാൽ നാറുമെങ്കിലും നാടിനും നാട്ടാർക്കും വേണ്ടി ആ സേവനം ചെയ്യാൻ ചിലരെങ്കിലുമൊക്കെ എല്ലാ നാട്ടിലും ഉണ്ടാകും. ഉണ്ടാകണമല്ലോ! അത്തരത്തിൽ ഒരു സേവനമാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി സഖാവ് ഏതാനും ദിവസം മുമ്പ് നിർ‌വഹിച്ചത്. സംസ്ഥാന ബിജെപിയുടെ നാഥനായി കേന്ദ്രബിജെപി അവരോധിച്ചിറക്കിയ കുമ്മനം കാർന്നോരുടെ വിവരക്കേടിനുള്ള വായടപ്പൻ മറുപടിയുമായാണ് പിണറായി സഖാവ് തന്റെ നട്ടെല്ല് നിവർത്തിയത്. താടിയും പൂടയും നരച്ച് തുടങ്ങിയാലും അതിനു പറ്റിയ വെളിവും വെള്ളിയാഴ്ചയുമൊന്നും ചിലർക്ക് ഉണ്ടാകാത്തത് അവരുടെ സ്വന്തം കുറ്റം കൊണ്ട് മാത്രമല്ലെന്നാണ് വാത്സ്യായന മഹർഷി പറഞ്ഞിട്ടുള്ളത്. കൂടെ നടക്കുന്നവർക്ക് വേണ്ടത് പോലെ വെളിവുണ്ടായാൽ ഏത് വെളിവ് കെട്ടവനും അൽപസ്വല്പ വെളിവൊക്കെ താനേ വെച്ചോളുമെന്നും ഒരു പഴമൊഴിയുണ്ട്. എന്നാൽ വെളിവില്ലാത്ത അപ്പന്  തെളിവില്ലാത്ത മക്കൾ എന്ന് പറഞ്ഞത് പോലെയാണ് സംസ്ഥാന ബിജെപിയുടെ അവസ്ഥ. ഹിന്ദു ക്ഷേത്രങ്ങൾക്ക് സമീപം കച്ചവടം നടത്തുന്ന ക്യസ്ത്യൻ, മുസ്‌ലിം വ്യാപാരികളെ ഒഴിപ്പിക്കണമെന്ന തികഞ്ഞ വെളിവ്കേടും പറഞ്ഞ് കൊണ്ടാണ് മൂപ്പിൽ‌സ് കഴിഞ്ഞ ആഴ്ച വാർത്ത സ്യഷ്ടിച്ചത്. കുമ്മനം കാർന്നോരുടെ വെളിവ്കേട് മാന്യമായി തിരുത്തിക്കൊടുക്കാൻ പോന്ന വെളിവും നട്ടെല്ലുമുള്ള അങ്കച്ചേകവന്മാർ ആരും മാരാർജി ഭവന്റെ പരിസരത്ത്പോലും ഇല്ലേ ആവോ? പാർട്ടി ബി ജെ പി ആവുമ്പോൾ ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നവരെ വേണം കവുളിമടലിന് തല്ലാൻ! നട്ടെല്ല് ദൈവം തമ്പുരാൻ തന്നത് വളച്ച് വെക്കാനല്ല; നിവർത്തേണ്ടപ്പോൾ അന്തസായി നിവർത്തിപ്പിടിക്കാനാണ് എന്ന തിരിച്ചറിവുള്ള രാഷ്ട്രീയക്കാർ കുറഞ്ഞുവരുന്ന ഇക്കാലത്ത് പിണറായി സഖാവിനും സഖാവിന്റെ നട്ടെല്ലിനും തീരെ കുറവല്ലാത്ത രാഷ്ട്രീയപ്രാധ്യാന്യമുണ്ട്.കുമ്മനം കാർന്നോർ പറഞ്ഞത് ഒന്നാന്തരം വെളിവ്കേടാണെന്ന് വിശ്വസിക്കുന്നവർ കാർന്നോരുടെ പാർട്ടിയിൽ തന്നെ കുറേയൊക്കെ ഉണ്ടെങ്കിലും കാർന്നോരുടെ ഇപ്പോഴത്തെ കണക്ഷൻ അമിത്ഷാ എന്ന ആയിരം മെഗാവാട്ടിന്റെ പവർഹൌസുമായാണ് എന്ന ബോധമാകണം അവരെയൊക്കെ നിശബ്ദമാക്കുന്നത്. കുമ്മനത്തെ ഇരുട്ടടി അടിക്കാൻ ക്വട്ടേഷൻ കൊടുക്കാൻ വരെ ചില ബിജെപി നേതാക്കൾക്ക് തോന്നലുണ്ടായിരുന്നുവെന്നാണ് മാരാർജി ഭവനിൽ നിന്നുള്ള സ്പെഷൽ ന്യൂസ്. അമ്മാതിരി ചെയ്ത്തല്ലേ കാർന്നോര് ഒപ്പിച്ച് കളഞ്ഞത്. കാലമേറെയെടുത്ത് കുപ്പായവും തുന്നി അതിൽ അലുക്കും തൊങ്കലും പിടിപ്പിച്ച് കസേരയും കാത്തിരുന്ന ചീങ്കണ്ണികളെയൊക്കെ ഒറ്റയടിക്ക് മലർത്തിവെട്ടിയല്ലേ മൂപ്പിൽ‌സ് സംസ്ഥാന ബിജെപിയുടെ പ്രസിഡന്റ് സ്ഥാനം അടിച്ചെടുത്തത്. തെക്ക് വടക്ക് രാഷ്ട്രീയ യാത്ര നടത്തിയവരും ചാനൽ ചർച്ചകളിൽ കേന്ദ്ര നേതാക്കൾക്ക് പുറം തടവിക്കൊടുത്ത് കാത്തിരുന്നവരും സ്വാഹ! യോഗം വേണം ചേട്ടന്മാരേ യോഗം.  ഇരുട്ടടിക്ക് പകരം കുമ്മനത്തെ കുമ്മിയടി നടത്തേണ്ട പരിതാപാവസ്ഥയിലാണ് അവരൊക്കെ.

വരൻ മുങ്ങുന്ന കല്യാണവീടുകളിലെ പകരക്കാരനെപ്പോലെ ഓർക്കാപ്പുറത്ത് ലോട്ടറിയടിച്ച് ഭാഗ്യവാനായ ആളാണ് കുമ്മനം. വധുവിന്റെ ആസ്തിയും കൊഴുപ്പും കണ്ട് നല്ല ഒന്നാന്തരം ചൊങ്കൻ ചെക്കന്മാർ നിരനിരയായി വില്ലൊടിച്ച് സ്വയംവരം നടത്താൻ കാത്ത് നിന്നിരുന്നുവെങ്കിലും പെണ്ണിന്റെ തന്തപ്പടി തെരഞ്ഞെടുത്തത് കാർന്നോരെയായിരുന്നു. മുൻ‌പരിചയം അയോഗ്യതയായി കണക്കാക്കുന്നത് വിവാഹത്ത്ന്റെ കാര്യത്തിൽ മാത്രമാണല്ലോ. ബിജെപി കേന്ദ്രനേത്യത്വവും ഇത്തവണ അധികയോഗ്യതായി കണ്ടത് പാർട്ടിയിൽ പഞ്ചായത്ത് തലത്തിൽ പോലും പ്രവർത്തിച്ച് രാഷ്ട്രീയ പരിചയം എന്ന ഏടാകൂടം കാർന്നോർക്ക് ഇല്ലയെന്നത് തന്നെയായിരുന്നു. അല്ലേലും കേരള ബിജെപി കേന്ദ്ര ബിജെപിക്ക് എക്കാലത്തും ഒരു ഏടാകൂടം തന്നെയാണല്ലോ. കല്യാണം കഴിക്കാത്ത ബിജെപിക്കാർ എന്നത് ഒരു ഫാഷനായി വരുന്ന ഇക്കാലത്ത് കുമ്മനം അതിലും ഓകെ. കല്യാണം കഴിച്ചിട്ടില്ലെന്ന് മാത്രമല്ല ആള് കല്യാണാത്തിന് തന്നെ പോകുമോ എന്ന് സംശയമുണ്ട്. അന്യ മതസ്ഥരെ തൊട്ടുരുമ്മിയിരുന്ന് കല്യാണച്ചോറുണ്ണുന്നത് അങ്ങോർക്ക് ആലോചിക്കാനെങ്കിലും ആവുമോയെന്ന് അന്വേഷിച്ച് തന്നെ അറിയേണ്ടതുണ്ട്.ഓരോ നാടിനും ഓരോ യോഗങ്ങളുണ്ട്. കോട്ടയത്തിനടുത്തുള്ള കുമ്മനം എന്ന സ്ഥലത്തിന്റെ യോഗം ഇങ്ങനെയൊക്കെ പ്രശസ്തമാകാനായിരുന്നു. ഓരോ യോഗങ്ങളേ! ഹിന്ദുത്വത്തിന്റെ അന്താരാഷ്ട്രാ അപ്പോസ്തലനായ മൂപ്പരുടെ കയ്യിലുള്ള സസ്യശാസ്ത്രബിരുദം സി എം എസ് കോളെജിലെ നസ്രാണിപുരോഹിതന്മാർ കഷ്ടപ്പെട്ട് പഠിപ്പിച്ചത് കൊണ്ട് കിട്ടിയതാണ്. ഹിന്ദുക്കളുടെ അമ്പലത്തിനടുത്ത് ക്യസ്ത്യാനികളും മുസ്‌ലിംകളും കച്ചവടം നടത്താ‍ൻ പാടില്ലെന്ന് പ്രഖ്യാപിച്ച കാർന്നോർ ഇനി ആ ബിരുദമോ മറ്റോ സി എം എസിന്റെ മുറ്റത്തേക്ക് വലിച്ചെറിയുമോ ആവോ? സംശയിക്കുന്നത് വെറുതേയല്ല; കാലം ഇത്രയൊക്കെ കഴിഞ്ഞാലും ആ സർട്ടിഫിക്കറ്റിൽ ഒരു നസ്രാണി മണം അവശേഷിക്കുമെന്നത് കട്ടായം. നസ്രാണി മണം ഇനിയും ചുമക്കേണ്ടെന്നെങ്ങാനും അങ്ങേർ വിചാരിച്ചാൽ..പഠിച്ചത് സസ്യ ശാസ്തമാണെങ്കിലും ആളിന് കമ്പം കയറിയത് പത്രപ്രവർത്തനത്തിലാണ്. ജേണലിസത്തിൽ ഒരു ഡിപ്ലോമയും തരപ്പെടുത്തി. അവിടെയും ഒരു നസ്രാണി മണമുണ്ട്. ദീപികയുടെ ലേബലിലാണ് പത്രപ്രവർത്തന ജ്ഞാനപീഠം കയറിയത്. തുടർന്ന് കോട്ടയം മുതൽ കോട്ടയം വരെ നീളുന്ന സർക്കുലേഷനുകളുള്ള ഒട്ടുമിക്ക പത്രമാപ്പീസുകളും കയറിയിറങ്ങി ഒടുവിൽ വണ്ടി ലാൻഡ് ചെയ്തത് ജന്മഭൂമിയെന്ന സംഘിതാവളത്തിലാണ്. 1967ൽ ഫുഡ്കോർപറേഷനിൽ ജോലികിട്ടിയെങ്കിലും പത്ത് കൊല്ലം കൊണ്ട് ഫുഡ് കോർപറേഷനിലെ ഫുഡ് അടിച്ച് വയർ നിറഞ്ഞു. 1967ൽ ഫുഡ്കോർപറേഷനിൽ നിന്ന് വിട്ട വണ്ടി പിന്നീട് എത്തിയത് ആർ എസ് എസിന്റെ ആലയിലാണ്. കല്യാണം കഴിക്കാത്ത കുമ്മനത്തെ അന്നത്തെ ആർ എസ് എസുകാർക്കും ആർ എസ് എസുകാരെ കുമ്മനത്തിനും ക്ഷ ബോധിച്ചു. അവിടെ നിന്ന് തുടങ്ങിയ നിക്കർ ബന്ധമാണ് കുമ്മനത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. ഹിന്ദു ഐക്യവേദിജനറൽ സെക്രട്ടറിയായും അയ്യപ്പസേവ സംഘം സെക്രട്ടറിയായുമൊക്കെ പ്രവർത്തിച്ച് കരുത്ത് തെളിയിച്ച കാർന്നോർ വർഗീഷം ചീറ്റുന്നതിൽ താൻ ഒട്ടും മോശക്കാരനല്ലെന്ന് കൂടി ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആർ എസ് എസ് പിന്തുണയെന്ന ഒറ്റ പ്ലസ് പോയിന്റിൽ അടിച്ചു കിട്ടിയ ഈ ലോട്ടറി എത്രനാൾ ഇതേ പ്രഭാവത്തിൽ തുടരും എന്ന് ഒറ്റ സംശയം മാത്രം ബാക്കി വെച്ച് കൊണ്ട് ബാക്കി ഭാഗങ്ങൾ സ്ക്രീനിൽ കാണാമെന്ന് പ്രതീക്ഷയിൽ തത്കാലം വിട.
(വരയ്ക്ക് കടപ്പാട്. സുധി )