Mar 26, 2016

ലളിതേച്ചീ... സി പി എം വിളിക്കുന്നുവിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്ന് പറഞ്ഞാലോ? മാനം മര്യാദക്ക് കിടന്ന് ഉറങ്ങുന്നവരെ ഇങ്ങനെ വിളിച്ചെഴുന്നേൽ‌പ്പിച്ച് പായും വിരിച്ച് പാത്രവും നിരത്തിയിട്ട് ഇന്നിനി ശാപ്പാടില്ല എന്ന് പറയുന്നത് സിമ്പിളായി പറഞ്ഞാൽ തെമ്മാടിത്തരമാണ്. ചെകിടത്ത് അടി കൊടുക്കേണ്ട ശുദ്ധ തെമ്മാടിത്തരം. ഇത് അറിയാത്തവരല്ല സി പി എമ്മുകാർ. അതുകൊണ്ട് തന്നെ ആരൊക്കെ ഈ ഇച്ചീച്ചിപ്പണി ചെയ്താലും സി പി എം അങ്ങനെ ചെയ്യില്ല. അതാണ് സി പി എം. എന്നാൽ കഷ്ടപ്പെട്ട് പായയും വിരിച്ച് പാത്രവും നിരത്തിവെച്ചിട്ട് തങ്ങൾ  വിളീച്ചെഴുന്നേല്പിച്ച ആൾ തന്നെ എനിക്കിനി ശാപ്പാട് വേണ്ടെന്ന് പറഞ്ഞാൽ എന്തു ചെയ്യും. വിളമ്പി വെച്ച ആഹാരത്തോടുള്ള ബഹുമാനക്കുറവല്ലേ ഇത്? ഇതും തല്ലുകൊള്ളിത്തരത്തിൽ പെടുമോ? ഇത്തരമൊരു താത്വിക പ്രതിസന്ധിയുടെ നടുവിൽ എത്തും പിടിയും കിട്ടാതെ നട്ടം തിരിയുകയാണ് സി പി എമ്മിന്റെ നേതാക്കൾ. കഷ്ടപ്പെട്ട് പൊക്കിയെടുത്ത് വടക്കാഞ്ചേരിയിൽ പായും വിരിച്ച് സ്ഥാനാർത്ഥിയാക്കിയിരുത്തി പോസ്റ്ററടിക്കാൻ ഓർഡറും കൊടുത്ത് നിൽക്കുന്ന ഈ സന്ദർഭത്തിൽ തന്നെ കെ പി എ സി ലളിതച്ചേച്ചി ഇങ്ങനെ പുലിവാൽ പിടിപ്പിക്കുമെന്ന് എ കെ ജി സെന്ററിലെ വെല്യ നേതാക്കന്മാർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
കെ പി എ സി ലളിതച്ചേച്ചിയുടെ കമ്മ്യൂണിസ്റ്റ് ബന്ധത്തെക്കുറിച്ച് തർക്കമുള്ളവർ കേരള രാഷ്ട്രീയത്തിൽ കാണുമെന്ന് തോന്നുന്നില്ല. മാത്രവുമല്ല കണ്ണിൽ കണ്ട ചെമ്മാനും ചെരുപ്പ്കുത്തിയും വരെ സ്ഥാനാർത്തിക്കുപ്പായവുമിട്ട് എക്സ്ട്രാഫിറ്റ് ചെയ്ത ഒരു മാതിരി ബോറൻ ചിരിയുമായി മണ്ഡല പര്യടനം അഡ്വാൻസായി നടത്തിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ലളിതച്ചേച്ചി വെറുമൊരു ഏനം കെട്ട സ്ഥാനാർത്ഥിയാണെന്നും ആർക്കും അഭിപ്രായം കാണില്ല. എന്നിട്ടും പണി എവിടെയാണ് പാളിയതെന്ന് സി പി എമ്മിനു ഇനിയും മനസിലായിട്ടില്ലെന്ന് വേണം കരുതാൻ. അതാണ് അവരുടെ പ്രതികരണങ്ങൾ കാണിക്കുന്നത്.
രാഷ്ട്രീയമെന്നത് അഭിനയത്തിന്റെ ഒരു വേർഷൻ മാറ്റം മാത്രമായ ഇക്കാലത്ത് അഭിനേതാക്കൾ രാഷ്ട്രീയക്കാരാകുന്നത് വലിയ പുതുമയൊന്നുമല്ല.. അതുകൊണ്ടു തന്നെയാണ് ഇത്തവണ ചില അഭിനേതാക്കളെ ലാറ്ററൽ എൻ‌ട്രി വഴി രാഷ്ട്രീയത്തിൽ ഇറക്കാൻ സി പി എം തീരുമാനിച്ചത്. മാത്രവുമല്ല എങ്ങനെയൊക്കെ പൊക്കിയിട്ടാലും നാലു കാലിൽ മാത്രം നിലത്ത് വീഴുകയും വീണത് പോലെ എഴുന്നേറ്റ് പോകുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയുടെ കാലാൾപ്പടയെ എതിരിടാൻ പാർട്ടിക്കാരെക്കാൾ മികച്ച പൊതുസമ്മതരെ അത്യാവശ്യവുമാണെന്നും സി പി എം മനസിലാക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി സി പി എം ലോക്കൽ കമ്മിറ്റികളിലൂടെ പ്രധാനമായും നടത്തി വന്നിരുന്ന ഒരു രാഷ്ട്രീയ പ്രവർത്തനം നന്നായി ചിരിക്കാൻ എങ്ങനെ പഠിക്കാം എന്നായിരുന്നുവെന്നും ചില കേട്ട് കേൾവികളുണ്ട്. ജില്ലാ കമ്മിറ്റികൾ വഴി നടത്തിയ ചിരി മത്സരത്തിൽ സംസ്ഥാന നേതാക്കളെ പരാജയപ്പെടുത്തിക്കൊണ്ട് ചില ജില്ലാ നേതാക്കൾ മുന്നേറിയതും പാർട്ടിയെ ആശങ്കയിലാഴ്ത്തിയതായി അറിയുന്നു.

ഇങ്ങനെയൊക്കെയുള്ള പശ്ചാത്തലത്തിലാണ് ചില തൊലി വെളുപ്പുള്ളവരും വെളുക്കെ ചിരിക്കാനറിയുന്നവരുമായ സി പി എം പൊതു സമ്മതരുടെ കൂട്ടത്തിൽ ലളിതച്ചേച്ചിയും എത്തിപ്പെട്ടത്. സിനിമയിലും പുറത്തുമൊക്കെ അറിയപ്പെടുന്നത് കെ പി എ സി ലളിതയെന്നാണെങ്കിലും മഹേശ്വരിയമ്മയെന്നാണ് ആളിന്റെ ഒറിജിനൽ പേര്. ആ പേരിന്റെ എടുപ്പ് പോരാഞ്ഞ് പത്തമ്പത് കൊല്ലം മുമ്പ് മാറ്റിയിട്ട ഡ്യ്യുപ്ലിക്കേറ്റ് പേരാണ് ലളിത എന്നത് അധികമാർക്കുമറിയാത്ത ഒരു രഹസ്യമാണ്. വടക്കാഞ്ചേരിയിൽ ഒരു പയറ്റ് പയറ്റുന്നതിൽ സഖാവ് മഹേശ്വരിയമ്മയ്ക്ക് കാര്യമായ വൈക്ലബ്യമൊന്നും ഉണ്ടായിരുന്നില്ല. കമ്മ്യുണിസ്റ്റ് പാർട്ടിയെന്നാൽ ചേച്ചിക്ക് ഇപ്പോഴും അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്. പാർട്ടി സഖാക്കളെന്നാൽ രക്തബന്ധുക്കളും. ആ ഒരു വിശ്വാസത്തിലാണ് വടക്കാംചേരിയിൽ ഒരു കൈ പയറ്റാൻ തുനിഞ്ഞത്. പക്ഷേ ഇന്നത്തെപാർട്ടി സഖാക്കൾക്ക് പണ്ടത്തേത് പോലെയുള്ള സത് സ്വഭാവങ്ങളൊന്നും ഇല്ലയെന്ന് അറിഞ്ഞത് വളരെ വൈകിയായിരുന്നു. കടന്നൽക്കൂട്ടിൽ കല്ലെറിഞ്ഞത് പോലെയാണ് കുട്ടി സഖാക്കൾ ഒറ്റക്കും കൂട്ടമായും ലളിതച്ചേച്ചിയെ വളഞ്ഞിട്ടാക്രമിച്ചത്. മണ്ഡലത്തിലാകെ ചേച്ചിക്കെതിരേ പോസ്റ്ററൊട്ടിച്ചും ലഘുലേഖകളിറക്കിയും ദുഷ്ടന്മാർ ആ വലിയ ശരീരത്തിലെ ചെറിയ മനസിനെ തളർത്തിക്കളഞ്ഞു. എന്തായാലും പണ്ടത്തേയും ഇന്നത്തേയും പാർട്ടി സഖാക്കന്മാരുടെ നിറവും ഗുണവും ഇതോടെ ചേച്ചിക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകണം.
കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ മഹേശ്വരി ഒരു പുരോഗമന കലാ കുടുംബത്തിലാണ് ജനിച്ചത്. കെ പി എ സി യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് എത്തി. അരങ്ങിലെ പേരായി ലളിത എന്ന നാമം സ്വീകരിക്കുകയായിരുന്നു. 1978ൽ സം‌വിധായകൻ ഭരതനെ വിവാഹം ചെയ്ത് താത്കാലികമായി സിനിമയോട് വിട പറഞ്ഞ ലളിത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ മടങ്ങിവന്നു. ഭരതന്റെ മരണത്തോടെ അല്പ കാലം സിനിമയിൽ നിന്ന്  മാറി നിന്നിരുന്നു. വീണ്ടും സിനിമകളിൽ സജീവമായ കെ പി എ സി ലളിത ദേശീയ അവാർഡുകളും സംസ്ഥാൻ അവാർഡുകളുമടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. കഥ തുടരും എന്ന പേരിൽ ഒരു ആത്മ കഥയുമെഴുതിയിട്ടുണ്ട്.
 സിനിമാക്കാർ കൂട്ടത്തോടെ രാഷ്ട്രീയത്തിലേക്ക് ഒഴുകുന്ന പ്രതിഭാസം രൂപപ്പെട്ട 2016ൽത്തന്നെ ഒരു മത്സരത്തിന് ഇറങ്ങിത്തിരിച്ചുവെന്ന ഒരു കുറ്റം മാത്രമാണ് ലളിതച്ചേച്ചി ചെയ്തത്. അതിനു ഇത്രമാത്രം സമ്മർദ്ധം സഹിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. സിനിമാക്കാർക്ക് നൽകിയ കോൾ ഷീറ്റ് മടക്കി വാങ്ങുന്ന ലാഘവത്വത്തിൽ ചേച്ചി തന്റെ നിയമസഭാ സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചു സി പി എമ്മിനു മുന്നിൽ സുല്ലിട്ടു. പക്ഷേ കുടുങ്ങിയത് പാർട്ടിയാണല്ലോ? ലളിതച്ചേച്ചി പി‌ൻമാറിയ ശാപം തങ്ങളെ വിടാതെ പിന്തുടരുമെന്ന് അവർ ഭയപ്പെടുന്നുണ്ടെന്ന് തോന്നുന്നു. ചേച്ചിയെ മത്സരിപ്പിച്ചേ അടങ്ങൂവെന്ന് വാശിയിലാണ് പാർട്ടിയുടെ സംസ്ഥാന നേത്യത്വം. അതു കൊണ്ട് ലളിതച്ചേച്ചി പോലുമറിയാതെ ചിലപ്പോൽ സി പി എം ചേച്ചിയെ മത്സരിപ്പിച്ചേക്കും. ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുമ്പോൾ മാത്രമേ കാര്യമറിയുകയുള്ളൂ. കാരണം ഇത് സി പി എമ്മാണ്. ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊക്കെ എന്തറിയാം. കഷ്ടം! കഷ്ടം! പരമ കഷ്ടം!

Feb 27, 2016

കൊച്ചിയുടെ സ്വന്തം മാണിക്യം

കേരളത്തിലെ കളക്ടർപ്പണിയിൽ വെച്ച് ഏറ്റവും ഡിമാന്റുള്ളത് കോഴിക്കോട് ജില്ലയ്ക്കാണെന്ന് ഒരു പറച്ചിലുണ്ട്. മമ്മൂട്ടിയുടെ ‘ദി കിംഗ്‘ സിനിമ റിലീസായതിനു ശേഷം ഉണ്ടായി വന്നിട്ടുള്ള ഒരു അഭിപ്രായമാണിതെന്ന് തോന്നുന്നു. ആ പറച്ചിലിന്റെ മേമ്പൊടി കൂട്ടാനായി ഒരു ‘കൊച്ച് ബ്രോ ‘കോഴിക്കോട്ടങ്ങാടിയിൽ ഒരു മാതിരി വിലസലാണ് വിലസിക്കൊണ്ടിരിക്കുന്നത്. ദി കിംഗ് റിലീസായതിന് ശേഷം നടന്നിട്ടുള്ള സംഭവവികാസങ്ങൾ പരിഗണിച്ചും വല്ലാർ പാടംസ്മാർട്ട് സിറ്റിനെടുമ്പാശേരികുസാറ്റ്പിന്നെ നമ്മുടെ സ്വന്തം മെട്രോ റെയിൽ എന്നിവയുടെ കിടപ്പ് വശം പരിഗണിച്ചും അന്നത്തെ കോഴിക്കോടിനെക്കാൾ എന്തുകൊണ്ടും ഇമ്മിണി വല്യ പ്രാധാനം ഇന്നത്തെ എറണാകുളത്തിനുണ്ട് എന്നതിൽ കാര്യമായ അഭിപ്രായ ഭേദം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എറണാകുളം ജില്ല രൂപീകരിക്കപ്പെട്ടതിൽ‌പ്പിന്നെ ജില്ലയുടെ കണവന്മാരായി വാണ സിവിൽ സർ‌വീസുകാരുടെ എണ്ണം ഇരുപത്തിയൊൻപതാണ്. മുള്ള് മുരട് മൂർക്കൻപാമ്പ് മുതൽ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെ എന്നു പറഞ്ഞതുപോലെയുള്ള ഒട്ടു മിക്ക ഐറ്റംസും എറണാകുളം കളക്ട്രാപ്പീസിലെ സിംഹാസനത്തിൽ ത്യപ്പ്യഷ്ഠം പതിപ്പിച്ച് കടന്ന് പോയിട്ടുണ്ട്. അവയുടെ കൂട്ടത്തിൽ എന്തുകൊണ്ടും വേറിട്ട് നിൽക്കുന്ന ഐ എ എസുകാരനാണ് എം ജി രാജമാണിക്കമെന്ന കൊച്ചിയുടെ സ്വന്തം മാണിക്യം. എറണാകുളത്തിന്റെ ഇരുപത്തിയൊൻപതാമത്തെ കളക്ടർ ശിങ്കം. മുൻ‌ഗാമികളിൽ നിന്നും വേറിട്ട് നിൽക്കണം എന്നാഗ്രഹിക്കുന്ന വിനീത വിധേയനായ ഒരു പിൻ‌ഗാമി. കൊച്ചി നഗരത്തിൽ മാണിക്കം സാറും ഐ പി എസുകാരിയായ ഭാര്യ നിശാന്തിനി മേഡവും സിനിമാ സ്റ്റൈൽ ഭരണമാണ് നടത്തിയത്. ഒരു മാപ്പിളൈ പൊണ്ടാട്ടി ഭരണമെന്നൊക്കെ ചില കുശുമ്പുള്ളവർ കുറ്റം പറഞ്ഞെങ്കിലും നാടിനും നാട്ടാർക്കും നല്ലതേ ചെയ്തിട്ടുള്ളെന്നാണ് ഭൂരിപക്ഷാഭിപ്രായം. കാക്കിക്കുള്ളിൽ മേഡവും കളക്ട്രേറ്റിൽ മാണിക്കം സാറും വാണരുളിയ കാലം കൊച്ചീക്കാരുടെ മനോമുകരത്തിൽ നിന്ന് പെട്ടെന്നൊന്നും മായാൻ സാധ്യതയില്ല.                                                             
ഇങ്ങനെയൊക്കെയാണ് സംഗതികളുടെ കിടപ്പെങ്കിലും മലയാളീസിന് ഒരു വലിയ കുഴപ്പമുണ്ട്. അഴിമതിയോ അഴിമതിയാരോപണമോ ആർക്കെങ്കിലും നേരെ ഉയർന്നാൽ പിന്നെ കണ്ണും പൂട്ടി താഴേക്ക് ഒറ്റയിടലാണ്. എത്ര കൊമ്പനായാലും ശരിപിന്നെ അങ്ങോരുടെ കാര്യം സ്വാഹ. ഇതിപ്പോ പറയാൻ പ്രത്യേകിച്ച് കാര്യമെന്താന്നല്ലേ? മൂവാറ്റുപുഴ വിജിലൻസ് കോടതി കളക്ടർ സാറിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷയം അല്പം കടുത്തതാണ്. മെട്രോ റെയിലിനായി എറണാകുളം എം ജി റോഡിലെ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ചില ചിന്ന ചിന്നത്തരികിടകൾ നടന്നിട്ടുണ്ടോ എന്നാണ് കോടതിയുടെ സംശയം. മെട്രോ റെയിൽ കോർപറേഷനുമായി കട്ടക്ക് കട്ടക്ക് നിന്ന് പെനാൽട്ടിയടിച്ച് കളിച്ച ശീമാട്ടിയുടെ ബീനാ കണ്ണന്റെ കയ്യിൽ നിന്നും നയത്തിൽ ഭൂമി വാങ്ങി കോർപറേഷന് കൊടുത്തതിലുള്ള മാണിക്കം സാറിന്റെ പങ്കിനെ ആർക്കും നിഷേധിക്കാൻ കഴിയില്ല. പക്ഷേ കലക്ക വെള്ളത്തിൽ ബീന മാഡവുമായി ചേർന്ന് ചേർന്ന് കളക്ടർ സാർ കുറച്ച് മീൻ പിടിച്ചോന്നൊരു ചിന്ന സംശയം ഇപ്പോ ജനത്തിനുണ്ട്. കഴിഞ്ഞ മാർച്ചിൽ മാണിക്കം സാർ മുൻ‌കൈയ്യെടുത്ത് ശീമാട്ടിയുടെ 32 സെന്റ് ഭൂമി 17 കോടി രൂപയ്ക്കാണ് കോർപറേഷനു വേണ്ടി വാങ്ങിയത്. അന്നേ ഈ കച്ചോടത്തെക്കുറിച്ച് ചില പിന്നാമ്പുറ സംസാരങ്ങൾ ഉണ്ടായിരുന്നു. അത് ഇപ്പോ വിജിലൻ കോടതി വഴി ഉമ്മറത്തെത്തി എന്നേ ഉള്ളൂ.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്ന രാജമാണിക്കത്തിന്റെ സ്വപനമായിരുന്നു സിവിൽ സർവ്വീസ്. കടമ്പകളേഴും ചാടിക്കടന്നിട്ടാണെങ്കിലും ലക്ഷ്യം കണ്ടേ ആൾ വിശ്രമിച്ചുള്ളൂ. കേരളം കണ്ട മികച്ച യുവ കളക്ടർമാരിൽ ഒരാളായ ഇദ്ദേഹം 2008ലെ ഐ എ എസ് ബാച്ച് അംഗമാണ്. ഐ എ എസ് സെലക്ഷനിൽ 80ആം റാങ്കിന്റെ തിളക്കത്തോടെയാണ് ഇന്ത്യൻ ഭരണ സർവീസിലേക്ക് കാലെടുത്ത് കുത്തുന്നത്. തമിഴ്നാട്ടിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ അമരക്കാരനായി നാലുവർഷം പ്രവർത്തിച്ച മാണിക്കം നല്ലൊരു സാമൂഹികപ്രവർത്തകൻ കൂടിയാണ്. എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദധാരിയായ മാണിക്കം സാമൂഹ്യപ്രവർത്തനത്തോടുള്ള അഭിവാഞ്ച കൊണ്ട് കൂടിയാണ് സിവിൽ സർവീസ് രംഗത്തേക്ക് തിരിഞ്ഞത്.

ഐ എ എസിനും ഐ പി എസിനുമുള്ള ഫൌണ്ടേഷൻ കോഴ്സ് ഒന്നിച്ചാണ് നടത്താറുള്ളത്. ആ ഫൌണ്ടേഷനിൽ വെച്ചാണ് മാണിക്കം സാറിന്റേയും നിശാന്തിനി മേഡത്തിന്റേയും ജീവിത ഫൌണ്ടേഷന്റെ ബെൽറ്റ് വാർപ്പ് നടക്കുന്നത്. പ്രണയ ജോഡികൾ ഐ പി എസും ഐ എ എസുമായി വഴി പിരിഞ്ഞെങ്കിലും ജീവിതയാത്രയിൽ അവർ വഴിപിരിയാൻ തയാറായില്ല. അതു കൊണ്ട് മാത്രമാണ് കൊച്ചീക്കാർക്ക് നെഞ്ചു വിരിച്ച് പറയാൻ ഒരു മാപ്പിളെയേയും പൊണ്ടാട്ടിയേയും ഭരണ തലപ്പത്ത് കിട്ടിയത്. സ്വന്തം വീട് ഭരിക്കുന്ന ജാഗ്രതയിരും ശുഷ്കാന്തിയിലുമാണ് അവർ എറണാകുളത്തെ നോക്കി നടത്തിയത്. കൊക്കെയ്ൻ കാരുംപീഡന മാഫിയയുമൊക്കെ കൊടുത്ത എട്ടിന്റെ പണിയിലാണ് നിശാന്തിനി മേഡം വീണതെങ്കിൽ ശീമ്മാട്ടി വഴി കിട്ടിയ എട്ടുമെട്ടും പതിനാറിന്റെ പണിയിലാണ് ഇപ്പോ കളക്ടർ സാറുള്ളത്. ഇതിൽ തീയേത് പുകയേത് എന്നറിയാൻ കാലം കുറച്ചെടുക്കുമെങ്കിലും തീയടങ്ങി പുകയൊടുങ്ങി കാര്യങ്ങൾ തെളിയാൻ നമുക്ക് കാത്തിരിക്കാം. അതു വരെ കളക്ടർ സാറേ അങ്ങ് മുമ്പോട്ട് തന്നെ നീങ്ങുക.കോഴി കട്ടവന്മാർ കള്ളന്മാരും കോടി കട്ടവന്മാർ പുണ്യാളന്മാരുമായി വിലസുന്ന നമ്മുടെ നാട്ടിൽ ഇതൊന്നും വല്യ പ്രശ്നമല്ലെന്നേ.. കേസും വഴക്കുമൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെന്നേ... കാര്യങ്ങൾ രണ്ടിലൊന്നാകുന്നത് വരെ, ലക്ഷം ലക്ഷം പിന്നാലെ..... 

Jan 23, 2016

കുവൈറ്റിൽ നിന്നൊരു രോഗി

     

'ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ’ ‘രോഗചികിത്സയേക്കാൾ നല്ലത് രോഗപ്രതിരോധമാണ്’ തുടങ്ങിയ ആരോഗ്യചൊല്ലുകൾ മലയാളത്തിൽ കുറേയുണ്ട്. എന്നാൽ കേരളത്തിൽ ആരോഗ്യത്തെക്കുറിച്ചും രോഗചികിത്സയെക്കുറിച്ചും ഏറ്റവും ബോധവാന്മാരായവർ ആരൊക്കെയാണ്? നാട്ടുകാർ അരപ്പട്ടിണികിടന്ന് നൽകുന്ന നികുതിപ്പണം കൊണ്ട് മാത്രം അച്ചിയേയും അമ്മയേയും അമ്മൂമ്മയേയും അമ്മായിയമ്മയേയും പിന്നെ അമ്മൂമ്മയ്യുടെ അമ്മായിയമ്മയുണ്ടെങ്കിൽ അവരേയും ചികിത്സിക്കേണ്ടി വരുന്ന ഹതഭാഗ്യന്മാരായ ദരിദ്രനാരായണന്മാരുടെ ആസ്ഥാനം എവിടെയാണ്? അടുത്ത വർഷം മുതൽ ഇത്തരം ചോദ്യങ്ങൾ പി എസ് സിയിലും ആരോഗ്യ സർവകലാശാലയുടെ വാർഷികപ്പരീക്ഷകളിലും പ്രത്യേകമായി ചേർക്കാൻ സാധ്യത കാണുന്നുണ്ട്. മാത്രമല്ല; സർക്കാർ പരിപാടികളുടെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങളിലും ഇനി മുതൽ ഈ ചോദ്യങ്ങളൊക്കെ ഉണ്ടാകും. ഇതൊന്നും കണ്ട് ആരും കണ്ണ് മിഴിക്കേണ്ടെന്ന് സാരം. ശരിയുത്തരങ്ങൾ ക്രൊണോളജിക്കൽ ഓർഡറിൽ എഴുതുന്നവരെ മാത്രമേ സമ്മാനാർഹരായി പരിഗണിക്കൂ. ഉത്തരം ആലോചിച്ച് തലപുകക്കേണ്ട. കേരളത്തിന്റെ ഭരണമെന്ന തലയിൽപൊറുക്കാത്ത മഹാഭാരം ഏറ്റിയേറ്റി തലച്ചോറും നട്ടെല്ലും തേഞ്ഞ്പോയ നമ്മുടെ സ്വന്തം എം എൽ എ മാർ തന്നെയാണ് ഈ സ്ഥാനത്തിന് അർഹരായിട്ടുള്ളവർ. അവരുടെ ആസ്ഥാനമായ നിയമസഭയാണ് രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം. കഴിഞ്ഞ നാല് നാലരക്കൊല്ലം കൊണ്ട് രണ്ട് കോടിയോളം രൂപയുടെ വരെ ചികിത്സ നടത്തേണ്ടി വന്ന ഹതഭാഗ്യവാന്മാർ വരെ എം എൽ എമാർക്കിടയിൽ ഉണ്ടത്രേ! ഭയങ്കരം തന്നെ! വരട്ട് ചൊറി, പറങ്കിപ്പുണ്ണ്, അർശസ്‌ മുതൽ കുനിയാമാനിയ അഥവാ സ്പീക്കേഴ്സ് ഡിസീസ് വരെയുള്ള ലക്ഷോപലക്ഷം രോഗങ്ങൾ കൊണ്ട് പെടാപ്പാട് പെടുന്ന എം എൽ എ മാരുടെ ആരോഗ്യത്തിനായി ഒരു നിമിഷം മൌനപ്രാർത്ഥനയും അകമ്പടിയായി രണ്ട് തുള്ളി കണ്ണീരും ഇറ്റിച്ച് കൊണ്ട് ആരംഭിക്കുന്നു.

 സർക്കാർ പദ്ധതികൾ പാഴായിപ്പോകുന്നത് കുട്ടനാടിന്റെ സ്വന്തം എം എൽ എയായ തോമസ് ചാണ്ടിക്ക് സഹിക്കാനാകില്ല. അതിൽ കുട്ടനാട് പാക്കേജെന്നോ ഗൾഫിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന്റെ ഫണ്ടെന്നോ എം എൽ മാരുടെ ആരോഗ്യച്ചെലവെന്നോ ഉള്ള വേറുക്യത്യമെന്നും മൂപ്പർക്കില്ല. വേദനിക്കുന്ന കോടീശ്വരനായ രാഷ്ട്രീയക്കാരൻ! പണവും പ്രതാപവും വേണ്ടത്പോലെയുണ്ടെങ്കിലും രാഷ്ട്രസേവനം എന്ന മഹനീയ കർമ്മം അനുഷ്ടിക്കുമ്പോൾ ലഭിക്കുന്ന മനസുഖവും ത്യപ്തിയും മറ്റൊരു ബിസിനസിൽ നിന്നും അനുഭവിക്കാനാവില്ലെന്ന ഒറ്റക്കാരണം കൊണ്ട് ബിസിനസ് മെയിനും രാഷ്ട്രീയം സബ്ബുമാക്കി കാലം കഴിക്കുന്ന ത്യാഗി.  നിയമസഭയും ജനാധിപത്യവുമൊക്കെ നിലനിന്ന് പോകുന്നത്കൊണ്ടാണ് ഹോസ്പിറ്റൽ ബിസിനസിലേക്ക് ഇറങ്ങാത്തത്. 1.9 കോടിയൊക്കെ നാലു വർഷം കൊണ്ട് ആരോഗ്യത്തിനായി ചിലവഴിക്കുന്ന ബിസിനസുകാരൻ എന്തായാലും ഒരു മൾട്ടി സ്പെഷ്യാലിറ്റിയെങ്കിലും സ്വന്തമായി ഉണ്ടാക്കേണ്ടതാണല്ലോ?


തോമസ് ചാണ്ടിയെന്നൊക്കെ പറഞ്ഞാൽ ലോകമറിയണമെന്നില്ല. ആഗോള പൌരത്വത്തിന്റെ പേര് കുവൈത്ത് ചാണ്ടിയെന്നാണ്. കെ കരുണാകരൻ ഡി ഐ സി യുണ്ടാക്കിയത് തോമസ് ചാണ്ടിക്കായാണ് എന്നൊരു ചൊല്ല് തന്നെയുണ്ട്. കാരണം ഡി ഐ സി എന്ന രാഷ്ട്രീയ പ്രസ്ഥാനം വഴി പെരുവഴിയിലായവരാണ് മിക്കവാറും എല്ലാ കോൺഗ്രസ്കാരും. ഡി ഐ സി വഴി കണ്ണ് തെളിഞ്ഞത് ചാണ്ടിയുടെ മാത്രമായിരുന്നു. ഡി ഐ സിക്ക് വേണ്ടി അന്ന് ഒഴുക്കിയ പണത്തിന്റെ അളവ് കുട്ടാനാടോളം വിസ്ത്യതമായതാണ്. ഡീ ഐ സിയുടെ ഒരേ ഒരു എം എൽ എ ആയി കരുണാകരന്റെ മാനം കാത്ത ചാണ്ടിക്ക് യു ഡീ എഫിന്റേയും എൽഡീഫിന്റേയും പന്തിയിലിരുന്ന് ഉണ്ണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഡി ഐ സിയുടെ ശവദാഹവും നടത്തിയിട്ടേ ചാണ്ടി പാർട്ടി വിട്ടുള്ളൂ. അതുവരെ കൂറുള്ള പാർട്ടിക്കാരനായിരുന്നു. ഡി ഐസിക്ക് പരിണാമം വന്ന് രൂപപ്പെട്ട എൻ സി പി ന്യൂ വേർഷനിലും ചാണ്ടി പ്രതാപം നില നിർത്തി.

 നാട്ടുകാരുടെ പണത്തിൽ എം എൽ എമാർ കഴിഞ്ഞ നാലരക്കൊല്ലം കൊണ്ട് ചികിത്സ നടത്തിയത് നാലരക്കോടി രൂപയ്ക്കാണ്. ഇതിൽ മുമ്പൻ കുവൈത്ത് ചാണ്ടിയാണെന്നേയുള്ളൂ. പിന്നിൽ നെട്ടിപ്പട്ടമണിഞ്ഞ കൊമ്പനാനകളെപ്പോലെയുള്ള വമ്പന്മാരൊക്കെയുണ്ട്. കൊമ്പന്മാരുടെ നിരയിൽ വിപ്ലവം ബോധം തുടിക്കുന്ന സഖാക്കന്മാരും കുറവല്ല.  ഇതിനുമാത്രം നിങ്ങൾക്ക് രോഗമെന്താ എന്ന് ചോദിക്കാൻ മനസില്ലാഞ്ഞിട്ടല്ല. ഈ ചോദ്യം ഒരു മൂരാച്ചി ചോദ്യമാകുമോയെന്ന ഒറ്റ സംശയം കൊണ്ട് മാത്രമാണ് ചോദിക്കാത്തത്. ചോദ്യവും പറച്ചിലുമൊന്നും അവർക്ക് ഇഷ്ടമായില്ലെങ്കിലോ?  ദീപ സ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.

കുട്ടനാടിന്റെ മണവും ഗുണവും മുറ്റി നിൽക്കുന്ന നേതാവാണ് ചാണ്ടിയെന്നാണ് അണികളുടെ ഭാഷ്യം. അണികളോ എന്ന് നെറ്റി ചുളിക്കണ്ട. സ്വന്തം പാർട്ടിയിലെ മറ്റ് ഏത് നേതാക്കളെക്കാളും അണികൾ അങ്ങേർക്കുമുണ്ട്. സ്വന്തം സ്ഥാപനങ്ങളിലെ തൊഴിലാളികളൊഴികെയുള്ളവരുടെ കണക്കാണ് മേൽ പറഞ്ഞത്. അവരൊക്കെ എപ്പോഴും പുള്ളിക്കാരന്റെ എതിർപാർട്ടിയിലായിരിക്കും. അതു കൊണ്ട് ചാണ്ടിയെ എതിർ പാർട്ടിയിൽ തന്നെ നിർത്താനാണ് മുന്നണികൾക്കൊക്കെ താത്പര്യം. അങ്ങനെയെങ്കിലും പത്ത് വോട്ട് അധികം കിട്ടുന്നെങ്കിൽ ആയിക്കോട്ടെയെന്നാകും.

ആള് ഇടത് പക്ഷത്താണേങ്കിലും ഒന്നാന്തരം കോൺഗ്രസ് മനസാണ്. കുട്ടനാട്ടിലെ കെ എസ് യുവിന്റെ അമരക്കാരനായിരുന്ന തോമസ് ചാണ്ടി, ഉമ്മൻ ചാണ്ടിയുടെ വലിയ ഭക്തനാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിച്ച് സമരം നടത്തിയ ഇടതുപക്ഷത്തെ വിമർശിച്ച് കൊണ്ട് തന്റെ കൂറ് പ്രകടിപ്പിച്ചിട്ടുമുണ്ട്. രാഷ്ടിയത്തിന്റെ അസ്കിതക്ക് ചെറു ശമനം തോന്നിയപ്പോഴാണ് വണ്ടി ഗൾഫിലേക്ക് പിടിച്ചത്. രാഷ്ട്രീയം പഠിച്ചവർക്ക് നല്ല വിളവ് കിട്ടുന്ന ഭൂമി ഗൾഫാണെന്ന് മനസിലാക്കിയ ചാണ്ടി കുവൈത്ത് ചാണ്ടിയായി വളർന്നു. ഹോട്ടലും വ്യവസായവും സ്കൂൾ ബിസിസ്നസുമൊക്കെ പൊടിപൊടിക്കുമ്പോഴും ഉള്ളിലെ രാഷ്ട്രീയക്കാരൻ ത്യപ്തനായിരുന്നില്ല. ദിർഹവും ദീനാറും വെച്ച് അമ്മാനമാടുന്ന ചാണ്ടിയെ കണ്ടില്ലെന്ന് നടിക്കാൻ മാത്രം വിവരക്കേടുള്ള രാഷ്ട്രീയക്കാർ നമ്മുടെ നാട്ടിൽ ഇല്ലാത്തത് കാരണം തോമസ് ചാണ്ടി എന്ന കുവൈറ്റ് ചാണ്ടി കേരളത്തിന്റെ സ്വന്തം എം എൽ എയുമായി. പണം എറിഞ്ഞ് പണം പിടിക്കുകയെന്നത് ബിസിനസുകാരുടെ പോളിസിയാണ്. തങ്ങൾ മുടക്കിയ പണം തിരികെ പിടിക്കാനുള്ള മാർഗങ്ങൾ തേടിക്കൊണ്ടേയിരിക്കും. ചാണ്ടിയും അത്രയേ ചെയ്തിട്ടുള്ളൂ.. കാട്ടിലെ തടി, തേവരുടെ ആന. വലിയെടാ വലി... വലിയെടാ വലി