Jan 23, 2016

കുവൈറ്റിൽ നിന്നൊരു രോഗി

     

'ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ’ ‘രോഗചികിത്സയേക്കാൾ നല്ലത് രോഗപ്രതിരോധമാണ്’ തുടങ്ങിയ ആരോഗ്യചൊല്ലുകൾ മലയാളത്തിൽ കുറേയുണ്ട്. എന്നാൽ കേരളത്തിൽ ആരോഗ്യത്തെക്കുറിച്ചും രോഗചികിത്സയെക്കുറിച്ചും ഏറ്റവും ബോധവാന്മാരായവർ ആരൊക്കെയാണ്? നാട്ടുകാർ അരപ്പട്ടിണികിടന്ന് നൽകുന്ന നികുതിപ്പണം കൊണ്ട് മാത്രം അച്ചിയേയും അമ്മയേയും അമ്മൂമ്മയേയും അമ്മായിയമ്മയേയും പിന്നെ അമ്മൂമ്മയ്യുടെ അമ്മായിയമ്മയുണ്ടെങ്കിൽ അവരേയും ചികിത്സിക്കേണ്ടി വരുന്ന ഹതഭാഗ്യന്മാരായ ദരിദ്രനാരായണന്മാരുടെ ആസ്ഥാനം എവിടെയാണ്? അടുത്ത വർഷം മുതൽ ഇത്തരം ചോദ്യങ്ങൾ പി എസ് സിയിലും ആരോഗ്യ സർവകലാശാലയുടെ വാർഷികപ്പരീക്ഷകളിലും പ്രത്യേകമായി ചേർക്കാൻ സാധ്യത കാണുന്നുണ്ട്. മാത്രമല്ല; സർക്കാർ പരിപാടികളുടെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങളിലും ഇനി മുതൽ ഈ ചോദ്യങ്ങളൊക്കെ ഉണ്ടാകും. ഇതൊന്നും കണ്ട് ആരും കണ്ണ് മിഴിക്കേണ്ടെന്ന് സാരം. ശരിയുത്തരങ്ങൾ ക്രൊണോളജിക്കൽ ഓർഡറിൽ എഴുതുന്നവരെ മാത്രമേ സമ്മാനാർഹരായി പരിഗണിക്കൂ. ഉത്തരം ആലോചിച്ച് തലപുകക്കേണ്ട. കേരളത്തിന്റെ ഭരണമെന്ന തലയിൽപൊറുക്കാത്ത മഹാഭാരം ഏറ്റിയേറ്റി തലച്ചോറും നട്ടെല്ലും തേഞ്ഞ്പോയ നമ്മുടെ സ്വന്തം എം എൽ എ മാർ തന്നെയാണ് ഈ സ്ഥാനത്തിന് അർഹരായിട്ടുള്ളവർ. അവരുടെ ആസ്ഥാനമായ നിയമസഭയാണ് രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം. കഴിഞ്ഞ നാല് നാലരക്കൊല്ലം കൊണ്ട് രണ്ട് കോടിയോളം രൂപയുടെ വരെ ചികിത്സ നടത്തേണ്ടി വന്ന ഹതഭാഗ്യവാന്മാർ വരെ എം എൽ എമാർക്കിടയിൽ ഉണ്ടത്രേ! ഭയങ്കരം തന്നെ! വരട്ട് ചൊറി, പറങ്കിപ്പുണ്ണ്, അർശസ്‌ മുതൽ കുനിയാമാനിയ അഥവാ സ്പീക്കേഴ്സ് ഡിസീസ് വരെയുള്ള ലക്ഷോപലക്ഷം രോഗങ്ങൾ കൊണ്ട് പെടാപ്പാട് പെടുന്ന എം എൽ എ മാരുടെ ആരോഗ്യത്തിനായി ഒരു നിമിഷം മൌനപ്രാർത്ഥനയും അകമ്പടിയായി രണ്ട് തുള്ളി കണ്ണീരും ഇറ്റിച്ച് കൊണ്ട് ആരംഭിക്കുന്നു.

 സർക്കാർ പദ്ധതികൾ പാഴായിപ്പോകുന്നത് കുട്ടനാടിന്റെ സ്വന്തം എം എൽ എയായ തോമസ് ചാണ്ടിക്ക് സഹിക്കാനാകില്ല. അതിൽ കുട്ടനാട് പാക്കേജെന്നോ ഗൾഫിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന്റെ ഫണ്ടെന്നോ എം എൽ മാരുടെ ആരോഗ്യച്ചെലവെന്നോ ഉള്ള വേറുക്യത്യമെന്നും മൂപ്പർക്കില്ല. വേദനിക്കുന്ന കോടീശ്വരനായ രാഷ്ട്രീയക്കാരൻ! പണവും പ്രതാപവും വേണ്ടത്പോലെയുണ്ടെങ്കിലും രാഷ്ട്രസേവനം എന്ന മഹനീയ കർമ്മം അനുഷ്ടിക്കുമ്പോൾ ലഭിക്കുന്ന മനസുഖവും ത്യപ്തിയും മറ്റൊരു ബിസിനസിൽ നിന്നും അനുഭവിക്കാനാവില്ലെന്ന ഒറ്റക്കാരണം കൊണ്ട് ബിസിനസ് മെയിനും രാഷ്ട്രീയം സബ്ബുമാക്കി കാലം കഴിക്കുന്ന ത്യാഗി.  നിയമസഭയും ജനാധിപത്യവുമൊക്കെ നിലനിന്ന് പോകുന്നത്കൊണ്ടാണ് ഹോസ്പിറ്റൽ ബിസിനസിലേക്ക് ഇറങ്ങാത്തത്. 1.9 കോടിയൊക്കെ നാലു വർഷം കൊണ്ട് ആരോഗ്യത്തിനായി ചിലവഴിക്കുന്ന ബിസിനസുകാരൻ എന്തായാലും ഒരു മൾട്ടി സ്പെഷ്യാലിറ്റിയെങ്കിലും സ്വന്തമായി ഉണ്ടാക്കേണ്ടതാണല്ലോ?


തോമസ് ചാണ്ടിയെന്നൊക്കെ പറഞ്ഞാൽ ലോകമറിയണമെന്നില്ല. ആഗോള പൌരത്വത്തിന്റെ പേര് കുവൈത്ത് ചാണ്ടിയെന്നാണ്. കെ കരുണാകരൻ ഡി ഐ സി യുണ്ടാക്കിയത് തോമസ് ചാണ്ടിക്കായാണ് എന്നൊരു ചൊല്ല് തന്നെയുണ്ട്. കാരണം ഡി ഐ സി എന്ന രാഷ്ട്രീയ പ്രസ്ഥാനം വഴി പെരുവഴിയിലായവരാണ് മിക്കവാറും എല്ലാ കോൺഗ്രസ്കാരും. ഡി ഐ സി വഴി കണ്ണ് തെളിഞ്ഞത് ചാണ്ടിയുടെ മാത്രമായിരുന്നു. ഡി ഐ സിക്ക് വേണ്ടി അന്ന് ഒഴുക്കിയ പണത്തിന്റെ അളവ് കുട്ടാനാടോളം വിസ്ത്യതമായതാണ്. ഡീ ഐ സിയുടെ ഒരേ ഒരു എം എൽ എ ആയി കരുണാകരന്റെ മാനം കാത്ത ചാണ്ടിക്ക് യു ഡീ എഫിന്റേയും എൽഡീഫിന്റേയും പന്തിയിലിരുന്ന് ഉണ്ണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഡി ഐ സിയുടെ ശവദാഹവും നടത്തിയിട്ടേ ചാണ്ടി പാർട്ടി വിട്ടുള്ളൂ. അതുവരെ കൂറുള്ള പാർട്ടിക്കാരനായിരുന്നു. ഡി ഐസിക്ക് പരിണാമം വന്ന് രൂപപ്പെട്ട എൻ സി പി ന്യൂ വേർഷനിലും ചാണ്ടി പ്രതാപം നില നിർത്തി.

 നാട്ടുകാരുടെ പണത്തിൽ എം എൽ എമാർ കഴിഞ്ഞ നാലരക്കൊല്ലം കൊണ്ട് ചികിത്സ നടത്തിയത് നാലരക്കോടി രൂപയ്ക്കാണ്. ഇതിൽ മുമ്പൻ കുവൈത്ത് ചാണ്ടിയാണെന്നേയുള്ളൂ. പിന്നിൽ നെട്ടിപ്പട്ടമണിഞ്ഞ കൊമ്പനാനകളെപ്പോലെയുള്ള വമ്പന്മാരൊക്കെയുണ്ട്. കൊമ്പന്മാരുടെ നിരയിൽ വിപ്ലവം ബോധം തുടിക്കുന്ന സഖാക്കന്മാരും കുറവല്ല.  ഇതിനുമാത്രം നിങ്ങൾക്ക് രോഗമെന്താ എന്ന് ചോദിക്കാൻ മനസില്ലാഞ്ഞിട്ടല്ല. ഈ ചോദ്യം ഒരു മൂരാച്ചി ചോദ്യമാകുമോയെന്ന ഒറ്റ സംശയം കൊണ്ട് മാത്രമാണ് ചോദിക്കാത്തത്. ചോദ്യവും പറച്ചിലുമൊന്നും അവർക്ക് ഇഷ്ടമായില്ലെങ്കിലോ?  ദീപ സ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.

കുട്ടനാടിന്റെ മണവും ഗുണവും മുറ്റി നിൽക്കുന്ന നേതാവാണ് ചാണ്ടിയെന്നാണ് അണികളുടെ ഭാഷ്യം. അണികളോ എന്ന് നെറ്റി ചുളിക്കണ്ട. സ്വന്തം പാർട്ടിയിലെ മറ്റ് ഏത് നേതാക്കളെക്കാളും അണികൾ അങ്ങേർക്കുമുണ്ട്. സ്വന്തം സ്ഥാപനങ്ങളിലെ തൊഴിലാളികളൊഴികെയുള്ളവരുടെ കണക്കാണ് മേൽ പറഞ്ഞത്. അവരൊക്കെ എപ്പോഴും പുള്ളിക്കാരന്റെ എതിർപാർട്ടിയിലായിരിക്കും. അതു കൊണ്ട് ചാണ്ടിയെ എതിർ പാർട്ടിയിൽ തന്നെ നിർത്താനാണ് മുന്നണികൾക്കൊക്കെ താത്പര്യം. അങ്ങനെയെങ്കിലും പത്ത് വോട്ട് അധികം കിട്ടുന്നെങ്കിൽ ആയിക്കോട്ടെയെന്നാകും.

ആള് ഇടത് പക്ഷത്താണേങ്കിലും ഒന്നാന്തരം കോൺഗ്രസ് മനസാണ്. കുട്ടനാട്ടിലെ കെ എസ് യുവിന്റെ അമരക്കാരനായിരുന്ന തോമസ് ചാണ്ടി, ഉമ്മൻ ചാണ്ടിയുടെ വലിയ ഭക്തനാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിച്ച് സമരം നടത്തിയ ഇടതുപക്ഷത്തെ വിമർശിച്ച് കൊണ്ട് തന്റെ കൂറ് പ്രകടിപ്പിച്ചിട്ടുമുണ്ട്. രാഷ്ടിയത്തിന്റെ അസ്കിതക്ക് ചെറു ശമനം തോന്നിയപ്പോഴാണ് വണ്ടി ഗൾഫിലേക്ക് പിടിച്ചത്. രാഷ്ട്രീയം പഠിച്ചവർക്ക് നല്ല വിളവ് കിട്ടുന്ന ഭൂമി ഗൾഫാണെന്ന് മനസിലാക്കിയ ചാണ്ടി കുവൈത്ത് ചാണ്ടിയായി വളർന്നു. ഹോട്ടലും വ്യവസായവും സ്കൂൾ ബിസിസ്നസുമൊക്കെ പൊടിപൊടിക്കുമ്പോഴും ഉള്ളിലെ രാഷ്ട്രീയക്കാരൻ ത്യപ്തനായിരുന്നില്ല. ദിർഹവും ദീനാറും വെച്ച് അമ്മാനമാടുന്ന ചാണ്ടിയെ കണ്ടില്ലെന്ന് നടിക്കാൻ മാത്രം വിവരക്കേടുള്ള രാഷ്ട്രീയക്കാർ നമ്മുടെ നാട്ടിൽ ഇല്ലാത്തത് കാരണം തോമസ് ചാണ്ടി എന്ന കുവൈറ്റ് ചാണ്ടി കേരളത്തിന്റെ സ്വന്തം എം എൽ എയുമായി. പണം എറിഞ്ഞ് പണം പിടിക്കുകയെന്നത് ബിസിനസുകാരുടെ പോളിസിയാണ്. തങ്ങൾ മുടക്കിയ പണം തിരികെ പിടിക്കാനുള്ള മാർഗങ്ങൾ തേടിക്കൊണ്ടേയിരിക്കും. ചാണ്ടിയും അത്രയേ ചെയ്തിട്ടുള്ളൂ.. കാട്ടിലെ തടി, തേവരുടെ ആന. വലിയെടാ വലി... വലിയെടാ വലി