Dec 31, 2017

മന്ത്രിക്കുണ്ടൊരു കണ്ണട



കണ്ണട കൊണ്ട് പലതുണ്ട് കാര്യം. കാ‍ഴ്ച കൂട്ടാൻ മാത്രമല്ല, ചിലർ വെറുമൊരു ഫാഷനായും കണ്ണട വെയ്ക്കാറുണ്ട്. എന്നാൽ പൊല്ലാപ്പ് പിടിക്കാനായി കണ്ണട വെക്കുന്നവർ വളരെ വിരളമായിരിക്കും. ഒരു കണ്ണട വാങ്ങി വെച്ചതിന്റെ പൊല്ലാപ്പ് ആവോളം നുകരുകയാണ് ആരോഗ്യ, സാമൂഹ്യ ക്ഷേമ വകുപ്പുകൾ ഒന്നിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിയായ ശ്രീമതി കെ കെ ശൈലജ ടീച്ചർ. ടീച്ചർക്ക് കണ്ണ് കടിയുണ്ടെന്ന് കണ്ടാൽ പറയില്ലെങ്കിലും ഈയിടെയായി കണ്ണ് കടിയുടെ അസുഖം തനിക്ക് തുടങ്ങിയിട്ടുള്ളതായി ടീച്ചർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്നെക്കാണുമ്പോൾ പാർട്ടിക്ക് വെളിയിൽ ഉള്ളവരെക്കാൾ പാർട്ടിക്ക് അകത്തുള്ളവർക്കാണ് കണ്ണ് കടി ഏറെയുള്ളത് എന്ന് ടീച്ചർക്കറിയുമായിരുന്നെങ്കിലും തന്റെ സ്വന്തം കണ്ണ് കടിയുടെ കാര്യം ഈയടുത്താണ് ടീച്ചർ മനസിലാക്കിയത്. സംശയം തോന്നിയ പാടെ നേരെ പോയി കണ്ണ് ഡോക്ടറെ കണ്ടു. സംഗതി സത്യമാണ്. ഹ്രസ്വ ദ്യഷ്ടിയുടെ അസ്കിതയാണത്രേ. ടീച്ചർക്ക് ഈയിടെയായി ഹ്രസ്വ ദ്യഷ്ടിയാണെന്ന് കൂത്തുപറമ്പിലെ ഡിഫിക്കാർക്കും മറ്റ് ചില സഖാക്കൾക്കും നേരത്തെ തന്നെ മനസിലായിരുന്നു. അടുത്തുള്ളതിനെ കാണാൻ പറ്റാത്ത അസുഖമാണല്ലോ ഈ ഹ്രസ്വ ദ്യഷ്ടി. ടീച്ചറുടെ സ്വന്തം  മണ്ഢലമായ കൂത്തുപറമ്പിലെ ചില നേതാക്കൾ ഈയിടെയായി ടീച്ചറുടെ ദ്യഷ്ടിയിൽ തീരെ പതിയുന്നില്ലെന്നാണ് സഖാക്കൾ കണ്ടെത്തിയത്. 
ഏതായാലും ഒരു കണ്ണട വെക്കാൻ ടീച്ചർ തീരുമാനിച്ചു. ഇതിനു മുന്നേ ടീച്ചർക്ക് കണ്ണടയുണ്ടായിരുന്നില്ലേ എന്ന് നിങ്ങൾ സംശയിച്ചേക്കാം. ഉവ്വ്, ഒരു ഉഗ്രൻ കണ്ണട നേരത്തെ തന്നെയുണ്ടായിരുന്നു. അപ്പോ പിന്നെ പുതിയ കണ്ണടക്കെന്താ ഇത്ര പ്രത്യേകതയെന്നല്ലേ? അത് ടീച്ചറെ ഏതോ ഉപദേശി ഉപദേശിച്ച് വെട്ടിൽ വീഴ്ത്തിയതാണ്. ഹ്രസ്വ ദ്യഷ്ടിക്ക് വേറെ കണ്ണട തന്നെ വേണമെന്ന് ടീച്ചർക്കും അറിയാം. എന്നാൽ മന്ത്രിയായത് കൊണ്ടും കൂടുതൽ പണികൾ കണ്ണട വെച്ച് ചെയ്യാനുണ്ടാകുമെന്നത് കൊണ്ടും കൂടുതൽ കാശുള്ള ഒരു കണ്ണട തന്നെ വേണമെന്നാണ് ആ പരമദ്രോഹിയായ ഉപദേശകൻ ടീച്ചറെ ഉപദേശിച്ചത്. പാവം ടീച്ചർ. ടീച്ചർക്കിത് പുതിയ അറിവായിരുന്നു. ഇതുവരെ ആയിരം രൂപക്ക് മുകളിൽ കണ്ണട വാങ്ങിയിട്ടില്ലാത്ത ടീച്ചർ ഉപദേശകനെ വിശ്വസിച്ച് ഇരുപത്തിയൊൻപതിനായിരം രൂപയുടെ ഒരു കണ്ണട വാങ്ങി കണ്ണിൽ വെച്ചു. അതും സർക്കാർ ചിലവിൽ! അതോടെ കാഴ്ചയും തെളിഞ്ഞു. ഭാഗ്യം! കാര്യങ്ങളെല്ലാം അങ്ങനെ ശുഭകരമായെന്ന് കരുതിയിരിക്കുമ്പോഴാണ് ഇരുപത്തിയൊൻപതിനായിരത്തിന്റെ കണ്ണട പുതിയ വിവാദമാകുന്നത്. സത്യം പറയാമല്ലോ ടീച്ചർക്ക് ഈ വിവാദങ്ങളുടെ കാരണങ്ങൾ ഇതുവരെ പിടി കിട്ടിയിട്ടില്ല. ഹ്രസ്വ ദ്യഷ്ടിയാണോ തന്റെ കണ്ണടയാണോ ഇരുപത്തിയൊൻപതിനായിരമാണോ  അതോ താൻ കണ്ട ഡോക്ടറാണോ അതുമല്ല തന്റെ ഉപദേശകനാണോ ഈ വിവാദത്തിനൊക്കെ കാരണമെന്ന് ടീച്ചർക്കിനിയും മനസിലായിട്ടില്ല. എന്തൊരു നിഷ്കളങ്കത! സെക്രട്ടറിയേറ്റിലെ എല്ലാവർക്കും ടീച്ചറുടെ നിഷ്കളങ്കതയെപ്പറ്റി മൂന്ന് നേരമെങ്കിലും മുടങ്ങാതെ പറഞ്ഞില്ലെങ്കിൽ ഉച്ചക്ക് ഊൺ കഴിക്കാൻ പറ്റാത്ത ഒരവസ്ഥയിൽ എത്തി നിൽക്കുകയാണ്.
അൻപത്തിയൊൻപത് വയസുള്ള ശൈലജ ടീച്ചർ പിണറായി മന്ത്രി സഭയിലെ രണ്ടേ രണ്ട് വനിതാ മന്ത്രിമാരിൽ ഒരാളും സി പി എമ്മിനെ സംബന്ധിച്ചേടത്തോളം പാർട്ടിക്കൂറുള്ള ഒരു വനിതാ നേതാവുമാണ്. പാർട്ടിയിലെ പല വമ്പത്തികളേയും കറിക്കത്തി കൊണ്ട് വാഴയില വെട്ടുന്ന ലാഘവത്തിൽ വെട്ടി വെടിപ്പാക്കിയാണ് ടീച്ചർക്കായി മന്ത്രിക്കസേര ഒരുക്കിക്കൊടുത്തത്. 1956 നവംബർ 20ന് കെ.കുണ്ടന്റെയും കെ.കെ.ശാന്തയുടെയും മകളായി കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള മടത്തിലാണ് കെ.കെ.ശൈലജ ജനിച്ചത്. മട്ടന്നൂർ കോളേജിൽ നിന്ന് ബിരുദവും വിശേശ്വരയ്യ കോളേജിൽ നിന്ന് അധ്യാപക യോഗ്യതയുംനേടി.  തുടർന്ന് ശിവപുരം ഹൈസ്‌കൂളിൽ അധ്യാപികയായി ജോലിയാരംഭിച്ചു. ഭർത്താവ് കെ. ഭാസ്കരനും അദ്ധ്യാപകനായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായും സി.പി.ഐ. (എം) സംസ്ഥാനകമ്മറ്റി അംഗമായും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹിളാ അസോസിയേഷന്റെ സ്ത്രീ ശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഏഴ് വർഷത്തെ സർവീസ് ബാക്കി നിൽക്കുമ്പോഴാണ് സി പി എം രാഷ്ട്രീയത്തിലെ സ്ത്രീ സാധ്യത ബോധ്യമായത്. അതോടെ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി 2004 ൽ സ്വയം വിരമിച്ചു.
മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ടീച്ചറുടെ തലയിൽ രാഷ്ട്രീയം വാസമുറപ്പിക്കുന്നത്.  എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ ടീച്ചർക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 1996 ൽ പഴയ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്നും 2006 ൽ പേരാവൂർ മണ്ഡലത്തിൽനിന്നും നിയമസഭാംഗമായിട്ടുള്ള ടീച്ചർ സി പി എമ്മിന്റെ ഇപ്പോഴത്തെ ഉരുക്കുവനിതകളിൽ ഒരാളാണ് എന്നാണ് പാർട്ടി പ്രവർത്തകർ വിശ്വസിക്കുന്നത്.

ഏതായാലും ഇരുപത്തിയൊൻപതിനായിരത്തിന്റെ പുതിയ കണ്ണട ടീച്ചറുടെ മുഖത്ത് അധികം വാഴുമെന്ന് തോന്നുന്നില്ല. മുണ്ട് മുറുക്കിയുടുത്ത് ത്യാഗം ചെയ്യാൻ പിണറായി സഖാവും കോടിയേരി സഖാവും മാറി മാറി പാർട്ടി സഖാക്കളോട് ആഹ്വാനം നടത്തുന്നതിനിടെയാണ് ടീച്ചർ ഇങ്ങനെയൊരു കുരുത്തക്കേട് ഒപ്പിച്ചിരിക്കുന്നത്. ഡിസംബർ മാസത്തിൽ സംസ്ഥാന ഖജനാവിൽ വലിയ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമെന്ന് തോമസ് ഐസക്ക് സഖാവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ ഇരുപത്തിയൊൻപതിന്റെ കാര്യം മണത്തറിഞ്ഞാണോ സഖാവ് അങ്ങനെ നിരീക്ഷിച്ചതെന്നറിയില്ല. അല്ലെങ്കിൽ ആ ഞെരുക്കത്തിൽ ഈ ഇരുപത്തിയൊൻപത് കൂടി വരവ് വെക്കണമെന്ന് ഐസക്ക് സഖാവിനോട് അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ കണക്കിൽ ഒരു ഇരുപത്തിയൊൻപതിനായിരത്തിന്റെ പിഴവ് വന്നേക്കുമോ എന്ന് ആശങ്കിച്ച് മാത്രമാണ് ഈ അഭ്യർത്ഥന.