Mar 23, 2012

ഈ ഫെയ്‌സ്‌ബുക്കൊന്ന്‌ ലോക്ക്‌ ചെയ്യാമോ?



കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വില്‍ക്കുന്ന കടയില്‍ നില്‍ക്കുമ്പോള്‍ ഈ ചോദ്യം കേട്ടാണ്‌ തലയുയര്‍ത്തി നോക്കിയത്‌. ഏകദേശം നാല്‌പത്തിയഞ്ച്‌ വയസ്‌ പ്രായം തോന്നിക്കുന്ന, കാഴ്‌ചയില്‍ മാന്യനായ ഒരാള്‍, രണ്ടാഴ്‌ച മുമ്പ്‌ താന്‍ അവിടെ നിന്നും വാങ്ങിയ ലാപ്‌ ടോപ്പും കൈയ്യില്‍ പിടിച്ച്‌ നില്‌ക്കുകയാണ്‌. അതിശയത്തോടെ സെയില്‍സ്‌മാന്‍ കാര്യമന്വേഷിച്ചു. 
കഴിഞ്ഞ രണ്ടാഴ്‌ചയായി അയാള്‍ക്ക്‌ സ്വാസ്ഥ്യമില്ലായിരുന്നത്രേ. മക്കള്‍ക്ക്‌ ലാപ്‌ ടോപ്പ്‌ വാങ്ങിക്കൊടുത്തതിന്റെയടുത്ത ദിവസം ആരോ പറഞ്ഞാണ്‌ അയാള്‍ ഫേസ്‌ ബുക്കിനെക്കുറിച്ചറിഞ്ഞത്‌. മക്കളെ വഴി തെറ്റിക്കുന്ന അരുതുകള്‍ക്കും അരുതായ്‌മകള്‍ക്കും അതിരുകളോ വിലക്കുകളോ ഇല്ലാത്ത ഇന്റര്‍നെറ്റിന്റെ തുറന്ന പുസ്‌തകമാണത്രേ ഫേസ്‌ബുക്ക്‌. പിന്നെ അതിനെക്കുറിച്ചായി അന്വേഷണം. അനേഷണം മുറുകിയപ്പോള്‍ സംഗതി ഭയങ്കരം തന്നെ. കുട്ടികള്‍ വഴിവിട്ടു പോകാന്‍ പറ്റിയ ലോകത്തെ ഏറ്റവും ഉഗ്രന്‍ സാധനമാണ്‌ ഈ ഫേസ്‌ബുക്ക്‌ എന്നുവരെ അദ്ദേഹം കണ്ടെത്തി. കൂടെ ജോലി ചെയ്യുന്നവരുടേയും സമപ്രായക്കാരായ ചങ്ങാതിമാരുടേയും സൗഹൃദവലയങ്ങളില്‍ നിന്നാണ്‌ ടിയാന്‌ ആധി വളര്‍ത്തുന്ന ഇത്ര വലിയ `വിവരം' കിട്ടിയത്‌. കണക്കിന്‌ ഉപദേശവും കിട്ടി അവരില്‍നിന്നും. അവരില്‍ കൂടുതല്‍ പേരും ഫേസ്‌ ബുക്കെന്ന ഈ `തലതിരിപ്പന്‍ പുസ്‌തകം' കണ്ടിട്ടു കൂടിയില്ലാത്തവരായിരുന്നു എന്നതാണ്‌ രസാവഹം.
കഴിഞ്ഞ പതിനഞ്ച്‌ കൊല്ലം കൊണ്ട്‌ മനുഷ്യ രാശി നേടിയെടുത്ത സാങ്കേതികവും വൈജ്ഞാനികവുമായ പുരോഗതിയുടെ ശരാശരി അളവ്‌ കഴിഞ്ഞ മുന്നൂറ്‌ കൊല്ലം കൊണ്ട്‌ നേടിയതിന്റേയും വളരെ മുകളിലാണ്‌ എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ചിന്തകളേയും ഭാവനകളെയും പോലും വകഞ്ഞു മാറ്റിക്കൊണ്ടും വിസ്‌മയിപ്പിച്ചു കൊണ്ടുമാണ്‌ സാങ്കേതിക വിദ്യയില്‍ ലോകം കുതിച്ചുകൊണ്ടിരിക്കുന്നത്‌. ദിവസങ്ങള്‍പോലും അപ്‌ഡേറ്റ്‌ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും, ജീവിതത്തിന്റെ ഉല്ലാസങ്ങളും സ്വകാര്യതകളുംപോലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പുറം ലോകത്തേക്ക്‌ പടര്‍ന്നുകയറുകയും ചെയ്‌തു കൊണ്ടിരിക്കുന്നു. എല്ലാറ്റിന്റേയും നിര്‍വചനങ്ങളും സമവാക്യങ്ങളും സാങ്കേതിക വിദ്യയുടെ പരിവൃത്തങ്ങളില്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്‌.

ഇതൊന്നും ശീലമോ പരിചയമോ ഇല്ലാത്ത മാതാപിതാക്കള്‍ക്ക്‌ തങ്ങളുടേ മക്കള്‍ വിഹരിച്ചു കൊണ്ടിരിക്കുന്ന സൈബര്‍ ലോകത്തെ തെളിച്ചമില്ലാത്ത കാഴ്‌ചകളെക്കുറിച്ച്‌ അസ്വസ്ഥതകളും ആവലാതികളുമുണ്ടാകുമെന്നത്‌ ഒരു സത്യമാണ്‌. ഭക്ഷണം, പാര്‍പ്പിടം, വസ്‌ത്രം എന്നീ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ത്രയങ്ങളില്‍ നിന്ന്‌ ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സൈബര്‍ ആക്‌സസ്‌ (ഇന്റര്‍നെറ്റ്‌ ലഭ്യമാകുന്നിടം) എന്നതിലേക്ക്‌ പുതു തലമുറ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന അത്ഭുതങ്ങളുടെ ലോകത്താണ്‌ നാം ജീവിക്കുന്നത്‌.
അക്ഷര സാക്ഷരതയെന്നത്‌ അപ്രസക്തവും സൈബര്‍ സാക്ഷരത അതിപ്രധാനവുമാകുന്ന ഇന്റര്‍നെറ്റ്‌ യുഗത്തില്‍, അതിന്റെ സാങ്കേതികതകളെക്കുറിച്ചും അത്‌ വിരിച്ചിട്ടിരിക്കുന്ന അതിബൃഹത്തായ വലക്കണ്ണികളെക്കുറിച്ചും ഏറെ ജാഗ്രതയും ബോധവല്‌ക്കരണവും വേണ്ട ഒരു വിഭാഗമാണ്‌ വര്‍ത്തമാന കാലത്തെ ശരാശരി രക്ഷിതാക്കള്‍. ഇന്റര്‍നെറ്റും അതിന്റെ അനുബന്ധ ഘടകങ്ങളും പറിച്ചു മാറ്റാനാകാത്ത വിധം ഇഴചേര്‍ന്ന ഈ സൈബര്‍ യുഗത്തില്‍ അതിന്റെ സാധ്യതകളേയോ സ്വാധീനത്തേയോ നിഷേധിച്ചിട്ടോ നിരാകരിച്ചിട്ടോ കാര്യമില്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം. പോസിറ്റീവായും ക്രിയാത്മകമായും അതിനോടൊത്ത്‌ ചലിക്കാനുള്ള സാങ്കേതിക ജ്ഞാനത്തിന്റെ മെയ്‌വഴക്കം നാമും നേടുകയെന്നത്‌ മാത്രമാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുളിലൂടെ കുതിച്ച്‌ കൊണ്ടിരിക്കുന്ന കൗമാരങ്ങളില്‍ നിന്ന്‌ ഏറെയകന്ന്‌ പോകാതിരിക്കാനായി ഒന്നാമത്‌ വേണ്ടത്‌.
കമ്പ്യൂട്ടര്‍ കടയില്‍ വിഷണ്ണനായി നിന്ന പിതാവിനെപ്പോലെ ഒരാവേശത്തിന്‌നു കണക്‌ഷനും കമ്പ്യൂട്ടറും വാങ്ങിനല്‌കുകയും, യാഥാര്‍ത്ഥ്യങ്ങളോ വസ്‌തുതകളോ വേണ്ടത്ര മനസിലാക്കാതെയും ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടേയും അപായ ഭീതിയില്‍ ചകിതരായും കണക്ഷന്‍ കട്ട്‌ ചെയ്‌തോ കമ്പ്യൂട്ടര്‍ ലോക്ക്‌ ചെയ്‌തോ കൊണ്ട്‌ മക്കളുമായി പ്രത്യക്ഷത്തില്‍ തന്നെ വൈരാഗ്യ ബുദ്ധിയോടെ അങ്കം കുറിക്കുന്നവരുമാണ്‌ രക്ഷിതാക്കളില്‍ ഏറെയുമുള്ളത്‌. ഇവരുടെ പ്രതിലോമപരമായ ഇടപെടലുകള്‍ കാര്യങ്ങള്‍ ഏറെ അപകടത്തിലാക്കുകയും ചെയ്യുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ പൂട്ടിക്കാനായി താക്കോല്‍ പണിയാനിറങ്ങുന്നവര്‍, ഏതു പൂട്ടും തുറക്കാന്‍ കഴിയുന്ന മാന്ത്രികത്താക്കോലുകളുമായാണ്‌ തങ്ങളുടെ കുട്ടികള്‍ വീട്ടില്‍ കാത്തിരിക്കുന്നത്‌ എന്നറിയാന്‍ വൈകുന്നു.
സൈബര്‍ ലോകത്തെ മാറ്റങ്ങളില്‍നിന്ന്‌ ആറുമാസം അകന്നിരുന്നാല്‍ ആറുവര്‍ഷം കൊണ്ട്‌ പോലും പരിഹരിക്കാനാകാത്തവിധം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സൈബര്‍ ലോകത്ത്‌ ജനറേഷന്‍ ഗ്യാപ്പിന്റെ ന്യായീകരണത്തില്‍ രക്ഷിതാക്കള്‍ക്ക്‌ രക്ഷപ്പെടാനാകില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അടിസ്ഥാനപരമായി നന്മകളും അറിവിന്റെ അന്വേഷണ സാധ്യതകളുമുണ്ട്‌. എന്നാല്‍ ഏതൊരുരുമാധ്യമത്തിലേതും പോലെ ഇതിലും തിന്മകള്‍ പതിയിരിക്കുന്നുണ്ട്‌.
ഒരുരുപ്രത്യേക വിഷയത്തില്‍ താല്‌പര്യമുള്ളവര്‍ക്ക്‌ ഒത്തൂകൂടാനും, സംസാരിക്കാനും, സംവദിക്കാനും അവസരമൊരുക്കിക്കൊണ്ട്‌ ഒരിക്കലും പൂട്ടാതെ തുറന്നുവെച്ചിരിക്കുന്ന ഓണ്‍ലൈന്‍ ക്ലബുകളാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ എന്ന്‌ പറയാം. പഴയ സൗഹൃദങ്ങള്‍ തേടിപ്പിടിക്കാനും, വിട്ടുപോയവ കൂട്ടിയിണക്കാനും പുതിയവ നെയ്‌തു കൂട്ടുന്നതിനുമാണ്‌ മിക്കവാറും ആളുകള്‍ ഫേസ്‌ബുക്കുകള്‍ പോലെയുള്ള സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്‌. അതീവ ഗൗരവമായ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കും, വിജ്ഞാനപ്രദമായ കൂട്ടായ്‌മകള്‍ക്കും, നര്‍മ്മസല്ലാപങ്ങള്‍ക്കുമൊക്കെ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്‌.
ഇത്തരം സൈറ്റുകള്‍ തോറും അലക്ഷ്യമായി ചുറ്റിനടക്കുന്നവരും ഒട്ടും വിരളമല്ല. ഇത്തരക്കാരാണ്‌ പലപ്പോഴും പിടി വിട്ട്‌പോകുന്നത്‌. സാധ്യമാകുന്ന രൂപത്തില്‍ തിന്മകളെ പ്രതിരോധിച്ച്‌ കൊണ്ട്‌ നന്മകളെ സ്വീകരിക്കുകയെന്ന നയതന്ത്ര മാര്‍ഗം സ്വീകരിക്കലാണ്‌ ഏറ്റവും കരണീയമായിട്ടുള്ളത്‌. അതിന്നായുള്ള പ്രായോഗികവും ബോധപൂര്‍വവുമായ ഇടപെടലുകളാണ്‌ പരിഹാരമാര്‍ഗങ്ങളായി തുടങ്ങി വെക്കേണ്ടത്‌.


12 വയസിനും 17 വയസിനുമിടയിലൂള്ള അറുപത്തിയഞ്ച്‌ ശതമാനം കുട്ടികളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സ്വന്തമായി പ്രൊഫൈല്‍ ഉള്ളവരാണ്‌ എന്നാണ്‌ സര്‍വേകള്‍ വെളിപ്പെടുത്തുന്നത്‌. ഇതൊന്നും മാതാപിതാക്കളുമായി പങ്കുവെക്കേണ്ടതില്ലാത്തതോ പങ്കുവെക്കാന്‍ പാടില്ലാത്തതോ ആയ സ്വകാര്യ ഏര്‍പ്പാടാണെന്നാണ്‌ അവരില്‍ ഭൂരിഭാഗവും കരുതുന്നതത്രേ. ആദ്യമായി ആ ധാരണകളാണ്‌ തിരുത്തപ്പെടേണ്ടത്‌.ഫേസ്‌ ബുക്കും ട്വിറ്ററും പോലെയുള്ള സോഷ്യല്‍ സൈറ്റുകളിലെ ഇടപെടലുകള്‍ അപരാധമല്ലയെന്ന ധാരണക്കൊപ്പം ഇതൊക്കെ കുടുംബം കൂടി അറിയേണ്ടതാണെന്നും അങ്ങനെയറിയുന്നതില്‍ സാംഗത്യക്കുറവുകളൊന്നുമില്ലെന്നുമുള്ള വീക്ഷണം പകര്‍ന്നു നല്‌കാന്‍ രക്ഷിതാക്കള്‍ക്ക്‌ സാധിക്കണം. വീട്ടില്‍ കമ്പ്യൂട്ടറും നെറ്റ്‌ കണക്‌ഷനുമുള്ള എല്ലാ രക്ഷിതാക്കളും സ്വന്തമായി ഓരോ പ്രൊഫൈല്‍ ഉണ്ടാക്കുകയും സൗഹൃദത്തിന്റെ ഈ ആഗോള വലയില്‍ സ്വന്തം മക്കളെയും കണ്ണി ചേര്‍ക്കുകയും ചെയ്യുന്നതിലൂടെ തങ്ങളുടെ സാന്നിധ്യം ബോധ്യപ്പെടുത്താനും ഒരു നിയന്ത്രണം സ്വാഭാവികമായി സംജാതമാക്കാനും സാധിക്കും.
പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനായി മക്കളെത്തന്നെ സമീപിക്കുന്നതിനും ജാള്യത കല്‌പിക്കേണ്ടതില്ല. പക്ഷേ ഇതൊരു ഭീഷണിയായി അവരെ തോന്നിപ്പിക്കേണ്ടതുമില്ല. ഒരു പിതാവിന്റെ കേവലസാമീപ്യം തന്നെ കുട്ടികളില്‍ ഒരുജാഗ്രത സൃഷ്‌ടിക്കുമെന്ന രക്ഷാകര്‍തൃത്വത്തിന്റെ ബാലപാഠങ്ങള്‍ തന്നെയാണ്‌ ഇവിടെയും അനുയോജ്യമാകുന്നത്‌. ഒരു പ്ലേ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുമ്പോള്‍ തെറിച്ചു പോകുന്ന പന്തുകള്‍ തട്ടിക്കൊടൂത്തും ഇടയ്‌ക്ക്‌ ഒരോ ഷോട്ടുകളടിച്ചു കൊടുത്തും അവരുടെ കളിയില്‍ വല്ലപ്പോഴും പങ്കുചേരുന്ന ഒരു സഹൃദയനായ പിതാവിന്റെ റോള്‍ തന്നെയായിരിക്കും ഇവിടെയും ഏറ്റവും നല്ലത്‌.
ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്ന കൗമാരക്കാരില്‍ അന്‍പത്തിരണ്ട്‌ ശതമാനം കുട്ടികളും തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കുന്നുണ്ടെന്നും അതില്‍ ഇരുപത്‌ ശതമാനം കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ട്‌ എന്നുമാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും കൗമാരക്കാരുടെ പ്രശ്‌നങ്ങളുമെന്ന വിഷയത്തില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്‌.
മാറുന്ന ലോകത്തിന്റെ ഗതിവേഗങ്ങള്‍ അംഗീകരിക്കുകയും അതിനൊപ്പിച്ച്‌ നടക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ്‌ രക്ഷിതാക്കള്‍ക്ക്‌ ഈ വിഷയത്തില്‍ പ്രാഥമികമായി നിര്‍വ്വഹിക്കാന്‍ സാധിക്കുന്നത്‌. പ്രായപൂര്‍ത്തിയാകുന്നത്‌ വരെ മക്കളുടെ ഇ മെയിലുകളും, മൊബൈല്‍ ഫോണുകളും, ഫേസ്‌ബുക്ക്‌ അക്കൗണ്ടുകളും പരിശോധിക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ ബാധ്യതയുണ്ട്‌ എന്ന്‌ അവരെ ബോധ്യപ്പെടുത്താനാകണം. ഇതെല്ലാം അവരെ ശല്യപ്പെടുത്താനോ മൂക്കുകയറിടാനോ അല്ല എന്ന്‌ അവര്‍ക്ക്‌ തിരിച്ചറിയാനും കഴിയേണ്ടതുണ്ട്‌. ഇവയെയൊക്കെക്കുറിച്ച്‌ ആരോഗ്യകരമായി ചര്‍ച്ച ചെയ്യുകയും വിജ്ഞാനപ്രദമായ വിവരങ്ങളും ചിത്രങ്ങളും പ്രൊഫൈല്‍ വാളുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലേക്ക്‌ രക്ഷിതാക്കളും മക്കളും മാറുമ്പോള്‍ ഫേസ്‌ ബുക്കിനെ പേടിക്കേണ്ടി വരില്ല.
മത സംഘടനകള്‍ അടക്കമുള്ള കേരളത്തിലെ മുഖ്യധാരാ സംഘടനകള്‍പോലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ ഗ്രൂപുകളും ഓണ്‍ലൈന്‍ കാമ്പയ്‌നുകളും നടത്തിത്തുടങ്ങുന്ന ഇക്കാലത്ത്‌ ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ അവബോധം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പകര്‍ന്നു നല്‍കാനായി മാര്‍ഗ രേഖകള്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. രക്ഷിതാക്കള്‍ക്ക്‌ സംവദിക്കാനും ചര്‍ച്ച ചെയ്യാനും സാധിക്കുന്ന ഫേസ്‌ ബുക്ക്‌ ഗ്രൂപ്പുകള്‍ വരെ നിലവിലുണ്ട്‌. ഭയപ്പെട്ട്‌ മാറിനില്‍ക്കാതെ, സര്‍ഗാത്മകമായി ഇടപെടാന്‍ രക്ഷിതാക്കള്‍ തയ്യാറാകട്ടെ.
                                                                                              msshaiju@yahoo.co.in

Mar 3, 2012

കൂടം കുളത്തെ അമേരിക്കൻ കണ്ണുകൾ


വ്യവസായ വല്ക്കരണത്തിലൂടെയും ആധുനികവല്ക്കരണത്തിലൂടെയുമുള്ള സാമൂഹ്യ സാമ്പത്തിക വികസനങ്ങൾ എക്കാലത്തും പ്രതിഷേധങ്ങൾക്കും എതിർപ്പുകൾക്കും കാരണമാകുകയും, അവയുടെ സോദ്ദേശ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രാരംഭ ദശയിൽത്തന്നെ ഇന്ത്യയുടെ വികസനത്തിന്റെ രീതിശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരു നയ സ്വീകരണ പ്രതിസന്ധിയെ അതിനു നേരിടേണ്ടിയും വന്നിട്ടുണ്ട്.
ഇന്ത്യയുടേ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി മുന്നോട്ട് വെച്ച വികസനത്തിന്റെ രീതിശാസ്ത്രധാരയും ആധുനിക ഇന്ത്യയുടെ ശില്പിയായ ജവഹർലാൽ നെഹ്റു നടപ്പിലാക്കിയ വികസനധാരയും തമ്മിലുള്ള അന്ത:സംഘർഷങ്ങളായിരുന്നു അത്. പാരമ്പര്യങ്ങൾക്കും സാമ്പ്രദായികതകൾക്കും പ്രാധാന്യം നല്കുന്നതും, സ്വയം പര്യാപ്തതയിലൂന്നിയതുമായ പ്രാദേശിക വികസനത്തിന്റെ വാക്താവായിരുന്നു ഗാന്ധിജി.എന്നാൽ സുദീർഘമായ ഒരു ഭാവിയേയും അതിന്റെ വികസന സാധ്യതകളേയും മുന്നിൽ കണ്ടുകൊണ്ടുള്ളതും ലഭ്യമായ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയും സ്വീകരിക്കാവുന്ന സ്രോതസുകളിൽ നിന്ന് സാധ്യമായവ സ്വീകരിച്ചുമുള്ള ബ്യഹത്തായ ആസൂത്രണത്തിന്റെ വികസന പദ്ധതികളായിരുന്നു നെഹ്റു വിഭാവനം ചെയ്തത്. ഗാന്ധിജിയുടേത് തത്വത്തിന്റേയും നെഹ്റുവിന്റേത് പ്രയോഗത്തിന്റേയുമായിരുന്നു
സ്വാതന്ത്ര്യാനന്തര ഇന്ത്യ എക്കാലത്തും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണ്‌ വികസനവുമായി ബന്ധപ്പെട്ട ഈ രീതിശാസ്ത്ര വൈരുദ്ധ്യതകൾ. ഒരു പക്ഷേ വികസന പദ്ധതികൾ ഏകധ്രുവീക്യതമായിപ്പോകാതെ സന്തുലിതമാക്കുന്നതും ഈ ധാരകൾ തമ്മിലുള്ള ബലാബലമാണ്‌.പ്രതിഷേധങ്ങളോ പ്രക്ഷോഭങ്ങളോ കൂടാതെ നടപ്പിലാക്കിയ വികസന പദ്ധതികൾ ഇന്ത്യയിലുണ്ടായിട്ടില്ല എന്നു തന്നെ പറയാം. അക്കൂട്ടങ്ങളിൽ ഏറെ പ്രക്ഷോഭങ്ങളുയരുകയും തീജ്വാലകൾ പോലെ പ്രതിഷേധം ഉയർന്നു പൊങ്ങുകയും ചെയ്ത ഒന്നാണ്‌ കൂടംകുളം ആണവോർജ പദ്ധതി.തെക്കേ ഇന്ത്യയിലെ കന്യാകുമാരി മുനമ്പിനടുത്തുള്ള കൂടംകുളം എന്ന പ്രദേശത്ത് റഷ്യൻ സഹകരണത്തോടേ നിർമ്മിക്കുന്ന ആണവോർജ നിർമാണ കേന്ദ്രമാണിത്. ഇന്ത്യയും ലോകവും ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഒരു വൈദ്യുതോത്പാദന കേന്ദ്രം കൂടിയാണിത്. 

പ്രപഞ്ചത്തിന്റെ ഓരോ അണുവിന്റെയുള്ളിലും അനന്തവും അജ്ഞാതവുമായ ഊർജത്തിന്റെ മഹാപ്രവാഹമുണ്ടെന്നും നിർമ്മാണത്തിനോ നശീകരണത്തിനോ ഉപയുക്തമാക്കാവുന്ന ഈ വൻ ഊർജ്ജ ശേഖരത്തെ അണു സംയോജനത്തിലൂടെയോ അണു വിഘടനത്തിലൂടെയോ സ്വതന്ത്രമാക്കി ഉപയോഗപ്പെടുത്താമെന്നുമുള്ള കണ്ടെത്തൽ ശാസ്ത്ര ലോകത്തെ ഒരു വിസ്ഫോടനമായിരുന്നു.
ആണവോർജ്ജമെന്നും അണുവിഘടനമെന്നുമൊക്കെയുള്ള പേരുകൾ കേൾക്കുമ്പോൾ ലോകത്തെ ഓരോ  സാധാരണക്കാരന്റേയും മനസിന്റെ തിരശീലകളിൽ തെളിയുന്ന ചിത്രം ദയനീയത മുറ്റിയ ഹിരോഷിമയും, മനുഷ്യത്വം പിടഞ്ഞു വീഴുന്ന നാഗസാക്കിയുമാണ്‌. ഈ ഊർജ പ്രവാഹത്തിന്റെ അനന്ത സാധ്യതകളെ അമേരിക്കയെന്ന രാജ്യം ആദ്യം പ്രയോഗിച്ചതും  ലോകത്തിന്‌ കാണീച്ച് കൊടുത്തതും ഹിരോഷിമയിലും നാഗസാക്കിയിലും പകയുടെ നാഗ നേത്രങ്ങളോടെ വിക്ഷേപിച്ച അണുബോംബുകളിലൂടെയാണ്‌. ആണവോർജമെന്ന വാക്കു തന്നെ ചകിതതയുടെ പര്യായമായി അനുഭവപ്പെടുന്നതിന്റെ ഒരു കാരണവും ഇതു തന്നെയാണ്‌.  
1988ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവും തമ്മിലുണ്ടാക്കിയ അന്തർ സർക്കാർ കരാറിലൂടെയാണ്‌ കൂടം കൂളം ആണവ നിലയത്തിന്റെ പ്രാഥമിക ധാരണകൾ രൂപപ്പെടുന്നത്. നിരവധി കൂടിയാലോചനകൾക്കും ഉദ്യോഗസ്ഥ നയതന്ത്ര തലങ്ങളിലെ ഗഹനമായ ചർച്ചകൾക്കും ശേഷമാണ്‌ ഊർജോത്പാദന നിലയത്തിന്റെ നിർമ്മാണമാരംഭിക്കുന്നത്.  
രണ്ട് കൂറ്റൻ ആണവ റിയാക്ടറുകളിൽ നിന്നായി രണ്ടായിരം  മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയും, അതിലൂടെ കടുത്ത ഊർജ പ്രതിസന്ധി നേരിടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നേരിട്ട് വൈദ്യുതി എത്തിക്കുകയും ചെയ്യാവുന്ന വിധത്തിൽ പുരോഗമിച്ച പദ്ധതിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കടുത്ത പ്രതിഷേധങ്ങളും പ്രതിസന്ധികളുമാണ്‌ പിന്നീട് നേരിടേണ്ടി വന്നത്.
13000കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന ആണവ നിലയത്തിന്റെ ഹോട്ട് റൺ അടുത്തിടെയാണ്‌ ആരംഭിച്ചത്. റിയാക്ടറും അനുബന്ധ ഉപകരണങ്ങളും പൂർണ്ണമായും റഷ്യൻ സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്നതായതിനാൽ ഇന്ധനമുൾപ്പെടെയുള്ള സാങ്കേതിക ക്രയ വൈദഗ്ദ്യത്തിനായി ഒരു  ഉന്നത തല ഇന്തോ റഷ്യൻ സാങ്കേതിക സഹകരണം തുടർന്നു പോകെണ്ടതുണ്ട്. 1990കളിൽ അന്താരാഷ്ടാതലത്തിലെ ശാക്തിക ബലാബല ചേരികളിൽ സംഭവിച്ച വിള്ളലുകളും വിളക്കിച്ചേർക്കലുകളുമാണ്‌ കൂടം കുളം ആണവ പദ്ധതിയുടെ ഭാവിയിലും പ്രതിഫലിച്ചത്.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ലോക ക്രമത്തിന്റെ നായകത്വം സ്വയം ഏറ്റെടുത്ത അമേരിക്ക ഇന്ത്യയുടെ റഷ്യൻ ആണവ പദ്ധതികളെ നിരുൽസാഹപ്പെടുത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ധനമായ ആണവോർജത്തിന്റെ സഹകരണ, വിപണനങ്ങളിലൂടെ ഇന്ത്യയ്യും റഷ്യയും ബന്ധുത്വം ബലപ്പെടുത്തുന്നതിലെ ആശങ്കകളായിരുന്നു അമേരിക്കയുടെ ഈ താല്പര്യമില്ലായ്മയുടേ കാരണം.

ലോകത്തെ ഒരോ വൻ വികസന പദ്ധതികൾക്കും അതിന്റെ പ്രത്യാഘാതങ്ങൾ പകരമായി നല്കേണ്ടി വരുന്നുണ്ട്. ശീഘ്ര ഗതിയിൽ വികസനത്തിന്റെ അനിവാര്യതകളിലേയ്ക്ക് കുതിക്കുന്ന ഇന്ത്യയെപ്പോലെയുള്ള മൂന്നാം ലോക രാജ്യങ്ങളുടേ ഊർജാവശ്യങ്ങൾ ന്യായമാണ്‌ എന്നതു പോലെതന്നെ അതിനായി സ്വീകരിക്കുന്ന മാഗങ്ങളും ന്യായമാണെന്ന് പൗരന്മാരെ ബോധ്യപ്പെടുത്തേണ്ട ഭരണപരവും നയ പരവുമായ ബാധ്യത സർക്കാറുകൾകുണ്ട്. വികസനങ്ങൾക്ക് പകരമായി നല്കേണ്ട അതിന്റെ പ്രത്യാഘാതങ്ങൾ വികസനത്തിന്റെ ഗുണഭോക്താക്കളുടേ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണോ എന്ന അന്വേഷണവും നടക്കേണ്ടതുണ്ട്.
ആയിരത്തോളം ദളിത് കുടുംബങ്ങളുൾപ്പെടെ രണ്ടായിരത്തിയഞ്ഞൂറ്‌ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ്‌ കൂടംകുളം. ആഴക്കടൽ മത്സ്യബന്ധനവും കുടിൽ വ്യവസായങ്ങളും ക്യഷിയുമാണ്‌ അവിടുത്തുകാരുടെ പ്രധാന ജീവിതമാർഗങ്ങൾ. പദ്ധതി ആരംഭിക്കുന്ന കാലത്തു തന്നെ തദ്ദേശിയരുടെ ചെറുത്തുനില്പുകൾ തുടങ്ങിയിട്ടുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കലിൽ തുടങ്ങി, പരിസ്ഥിതി പ്രശ്നങ്ങളും, സാമൂഹിക, ആരോഗ്യ പ്രശ്നങ്ങളുമൊക്കെയായി പ്രക്ഷോഭങ്ങളുടെ അലകൾ ആളിപ്പടർന്നു.തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, ജില്ലകളിലെ ആളുകൾ ചേർന്ന് സംയുക്ത പ്രക്ഷോഭവേദികൾ രൂപപ്പെടുത്തി.
സമീപത്തെ പേപ്പാറാ ഡാമിൽ നിന്ന് ആണവാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി ഒഴുക്കിക്കളയുന്ന ജലത്തിൽ അവശേഷിക്കുന്ന റേഡിയേഷൻ ഘടകങ്ങളും, അത് ഒഴുകി സമുദ്രത്തിലെത്തി അവിടങ്ങളിലെ ആവാസ വ്യവസ്ഥകളിൽ  ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ചർച്ചയാക്കപ്പെട്ടു. കടലിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങളിലൂടെ ഭക്ഷ്യ ശ്യഖലയിൽത്തന്നെ ഈ ആണവ ഘടകങ്ങ്ളും അണുവികിരണങ്ങളും എത്തിപ്പെടുന്നതിനെ നാട്ടുകാർ ഭയപ്പെട്ടു.നാട്ടുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും ആശങ്കകൾ ദൂരീകരിക്കുന്നതിനും അവരെ ആണവ സാക്ഷരരാക്കുന്നതിനുമായി റഷ്യൻ സാങ്കേതികവിദഗ്ദരെക്കൂടി ഉപയോഗപ്പെടുത്തി സർക്കാർ ബോധവല്ക്കരണങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു. പ്രത്യാഘാതങ്ങൾ വിലയിരുത്താൻ പല സമിതികളേയും നിയോഗിക്കുകയും ചെയ്തു. ആണവ നിലയത്തിന്റെ ഇരുപത് കിലോമീറ്റർ പരിധിയിലുള്ള പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിചരണ ഇൻഷുറൻസും ഏർപ്പെടുത്തി
സോവിയറ്റ് യൂണിയന്റേയുൻ ഗോർബച്ചേവിന്റേയും രാഷ്ട്രീയ പതനത്തോടെയും രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെയും വീര്യം ചോർന്നുപോയ കൂടംകുളം പദ്ധതി 1997ൽ അധികാരത്തിൽ വന്ന ദേവഗൗഡ സർക്കാരാണ്‌ പുനരുജ്ജീവിപ്പിച്ചത്.തെക്കേയിന്ത്യക്കാരനായ ഇന്ത്യൻ പ്രധാനമന്ത്രിയും, റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസനും ചേർന്ന് സജീവമാക്കിയ കരാറിലൂടെ ദക്ഷിണേന്ത്യക്കാരുടെ ഊർജ്ജപ്രതിസന്ധിക്ക് മേൽ പ്രത്യാശയുടേ ചിറകുകൾ വീണ്ടും വിടർത്തപ്പെട്ടു. 

എന്നാൽ വീണ്ടും പദ്ധതിയെ എതിർക്കുന്ന സമീപനം കൈക്കൊണ്ട അമേരിക്ക ഇന്ത്യയുമായി ബോധപൂർവമായ ഒരു സൗഹാർദ്ദത്തിനു മുതിർന്നു. വളർന്നുവരുന്ന മൂന്നാം ലോക രാജ്യങ്ങൾ തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളുമായി ബന്ധുത്വം സ്ഥാപിക്കുന്നതിനെ അമേരിക്ക എതിർക്കുന്നുണ്ട്. ഇന്ത്യയുടെ ഇറാൻ ബന്ധത്തിൽ അമേരിക്ക കൈകടത്തുന്നതും ഇതിനു തെളിവാണ്‌. 
കൂടം കുളത്തെ അതേ സാങ്കേതികവിദ്യയിൽ റഷ്യയിൽ സ്ഥാപിക്കപ്പെട്ട ആണവ പദ്ധതിയാണ്‌ ‘കൊർനോബിൽ’ ആണവ നിലയം. അവിടെ സംഭവിച്ച ദുരന്തവും ഇരമ്പിയാർത്തെത്തിയ സുനാമിത്തിരമാലകൾ നക്കിത്തുടച്ച ജപ്പാനിലെ ‘ഫുക്കുഷിമ’ ആണവനിലയ അപകടവുമാണ്‌ ഇന്ന് കൂടംകുളം ആണവ നിലയത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുഖ്യ വിഷയങ്ങൾ. പ്രക്ഷോഭങ്ങൾ ന്യായമാണെങ്കിലും അത് നടപ്പിലാക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയിലും താത്പര്യങ്ങളിലും സംശയത്തിന്റെ കരിനിഴൽ പടർന്നിരിക്കുകയാണ്‌. കൂടംകുളത്തെ പ്രക്ഷോഭങ്ങളെ അദ്യശ്യമായി സഹായിച്ച്കൊണ്ടിരിക്കുന്നത് അമേരിക്കയാണെന്ന്  ഇന്ത്യൻ പ്രധാനമന്ത്രിയുടേ വെളിപ്പെടുത്തൽ വിഷയത്തിന്‌ ആഗോളശ്രദ്ധ നേടിക്കൊടുത്തുകഴിഞ്ഞു. പ്രധാനമായും ആറ്‌ എൻ ജി ഒ കളാണ്‌ അണുവികിരണ ഭീഷണിയുയർത്തി ആണവ നിലയത്തിന്റെ പ്രവർത്തനത്തിന്‌ തടസ്സം നില്ക്കുന്നതും, പ്രക്ഷോഭങ്ങളുടെ നേത്യത്വം കൈയ്യടക്കിയിരിക്കുന്നതും. ഈ എൻ ജി ഒ കൾക്ക് നിർലോഭമായ അമേരിക്കൻ സാമ്പത്തിക സഹായം ലഭിച്ച്കൊണ്ടിരിക്കുന്നുവെന്നാണ്‌ എൻ ഡി ടി വി യുടേ സയൻസ് എഡിറ്റർ പല്ലവ ബഗ്ലയുമായുള്ള അഭിമുഖത്തിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗ് വെളിപ്പെടുത്തിയത്.
ഹിരോഷിമയിലെയും നാഗസാക്കിയിലേയും അണു വികിരണങ്ങളേക്കാൾ, കൂടംകുളത്തെ അണു വികിരണങ്ങൾ എന്തുകൊണ്ടായിരിക്കും അമേരിക്കയ്ക്ക് കൂടുതൽ അസ്വസ്ഥതകളുണ്ടാക്കുന്നത്? ഇതിന്‌ ഉത്തരം പറയേണ്ടത് അമേരിക്ക തന്നെയാണ്‌? പിന്നെ ഉത്തരം പറയാൻ കഴിയുന്ന മറ്റൊരാൾ ഇന്ത്യൻ പ്രധാന മന്ത്രിയും.
കൂടംകുളത്തെ രണ്ട് ആണവ റിയാക്ടരുകളിൽ തെളിയുന്ന അമേരിക്കൻ കണ്ണുകളൂടെ നോട്ടം എങ്ങോട്ടേയ്ക്കാണെന്ന് എന്തായാലും അമേരിക്കൻ ദാസ്യത പ്രകടിപ്പിക്കുന്ന മന്മോഹൻ സിംഗ് മനസ്സിലാക്കാതിരിക്കാൻ തരമില്ല. ഈ വിഷയത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തറിയേണ്ടതുണ്ട്. വസ്തുതകൾ എന്തായിരുന്നാലും കേവല സൂചനകൾക്കപ്പുറം പൊതുജനങ്ങളുമായും മാധ്യമങ്ങളുമായും പ്രധാനമന്ത്രി തുറന്ന് പ്രതികരിക്കേണ്ടതുണ്ട്; കൂടംകുളത്തെ അമേരിക്കൻ കണ്ണുകളെക്കുറിച്ച്.
                                                                                                                              msshaiju@yahoo.co.in





Feb 25, 2012

മാരുതി സുസുക്കിയുടെ പേരിൽ വീണ്ടും തട്ടിപ്പ്


പ്രൊഫഷണൽ യോഗ്യതയുള്ളവരുടെ ബയോഡാറ്റകൾ തേടിപ്പിടിച്ച്, ഇന്റർനെറ്റിലൂടെയുള്ളാ തട്ടിപ്പുകൾ വ്യാപകമാകുന്നു. മാരുതി സുസുക്കി കമ്പനിയുടെ ന്യൂഡെൽഹി, ഹൈദരാബാദ്, മുംബൈ, ബാഗ്ളൂർ ശാഖകളുടേ പേരിലാണ്‌ തട്ടിപ്പുകൾ നടത്തുന്നത്. മോൺസ്റ്റർ, ഗൾഫ് ജോബ്സ് പോലെയുള്ളാ ഓൺലൈൻ പ്രൊഫഷണൽ റിക്രൂട്ട്മെന്റ് കമ്പനികളുടേ സൈറ്റുകളിൽ ബയോഡാറ്റകൾ സമർപ്പിക്കുന്നവരുടെ മെയിൽ ഐഡികൾ തരപ്പെടുത്തി, കമ്പനികളിൽ നിന്നെന്ന വ്യാജേന ഇ മെയിലുകൾ വഴി ഇന്റർവ്യൂവിനു ക്ഷണിച്ചുകൊണ്ടും രജിസ്ട്രേഷൻ ഫീസുകളും അപ്പോയിന്മെന്റ് ഫീസുകളും വാങ്ങിക്കൊണ്ടാണ്‌ തട്ടിപ്പുകൾ നടത്തുന്നത്. ഇന്റർവ്യൂവിന്റെ വിശദാംശങ്ങൾക്കായി ബന്ധപ്പെടേണ്ടവരുടെ ഒഫീഷ്യൽ മെയിൽ അഡസുകൾ സഹിതമാണ്‌ മെയിലുകൾ വരുന്നത്. കമ്പനിയുടെ പേരിൽ വ്യാജ സൈറ്റുകൾ വരെ നിർമ്മിച്ചുകൊണ്ടാണ്‌ ഈ റാക്കറ്റുകൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്.

ഇൻബോക്സിൽ മാരിതി സുസുക്കി ലിമിറ്റഡ് എന്നു മാത്രമല്ല www.marutisuzuki.in എന്ന സൈറ്റ് അഡ്രസു കൂടി കാണുമ്പോൾ ഇത് വ്യാജമാണെന്ന് പലരും ധരിക്കാറില്ല. എന്നാൽ സൈറ്റ് പരിശോധിച്ചാൽ അത് ശൂന്യമായിരിക്കും. തുച്ഛമായ ചിലവിൽ സൈറ്റുകളുടെ ഡൊമൈൻ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാൺ ഇവർ തട്ടിപ്പുകൾ നടത്തുന്നത്. ലക്ഷക്കണക്കിന്‌ ഇൻ ബോക്സുകളിലേയ്ക്ക് എത്തുന്ന സന്ദേശങ്ങളിൽ നൂറിൽ  ഒരാളെ വെച്ച് വലയിൽ വീഴ്ത്തിയാലും കോടികൾ തട്ടാൻ സാധിക്കുമെന്ന പഴയ സഞ്ജയൻ പറങ്ങോടൻ ടെക്നിക്കുകളാണ്‌ ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലുള്ളത്.
എന്നാൽ ഇത്തരം തട്ടിപ്പുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും www.marutisuzuki.comഎന്നതാണ്‌ തങ്ങളുടെ ഒഫീഷ്യൽ സൈറ്റെന്നും കമ്പനിയുടേ എച്ച് ആർ വിഭാഗം തലവൻ അജോയേന്ദ്ര മുഖർജി വെളിപ്പെടുത്തി. മാരുതി സുസുക്കിക്ക് ഇത്തരത്തിൽ നേരിട്ട് മെയിലുകളയച്ച് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്ന രീതികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വ്യാജ സൈറ്റുകളെക്കുറിച്ച് നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസ് കമ്പനീസിന്‌(നാസ്കോമിന്‌) അറിയിപ്പ് നല്കിയിട്ടുണ്ടെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.

Feb 17, 2012

ഹോര്‍മുസ്‌ കടലിടുക്കില്‍ വീണ്ടും തിരയിളകുന്നു


ഇറാന്റെയും അറേബ്യന്‍ മുനമ്പിന്റെയും മധ്യത്തിലുള്ള, പേര്‍ഷ്യന്‍ ഗള്‍ഫിന്റെയും ഒമാന്‍ ഗള്‍ഫിന്റെയും ഇടയിലുള്ളതും ലോകത്തെ ക്രൂഡോയിലിന്റെ അഞ്ചിലൊന്നു ഭാഗം കടന്നുപോകുന്നതുമായ അതിപ്രധാനമായ കടല്‍പാതയാണ്‌ ഹോര്‍മുസ്‌ കടലിടുക്ക്‌. 
അമേരിക്കയുടെ ആഗോള ഊര്‍ജ വിതരണ വകുപ്പിന്റെ വിശദാംശങ്ങള്‍ പ്രകാരം ഓരോ മണിക്കൂറിലും പന്ത്രണ്ട്‌ മില്യണ്‍ ബാരല്‍ ക്രൂഡോയില്‍ വീതം ഹോര്‍മുസ്‌ കടലിടുക്കിലൂടെ പുറംലോകത്തേക്ക്‌ എത്തുന്നു. എണ്ണയുടെ സ്വര്‍ഗീയ ഭൂമിയായ ഗള്‍ഫുമായി ലോകത്തെ ബന്ധിപ്പിക്കുന്ന ഒരേയൊരു ചരക്കു ഗതാഗത ജലപാതയാണ്‌ ഹോര്‍മുസ്‌.
അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും അവരോടൊപ്പം മാര്‍ച്ച്‌ ചെയ്യുന്ന മറ്റ്‌ രാജ്യങ്ങളുടെയും ഒന്നാം നമ്പര്‍ ശത്രുവാകുമ്പോഴും ഇറാനെ ഭയപ്പെടേണ്ടതോ ഇറാനെതിരെയുള്ള ഏതെങ്കിലും ലഘുസൈനിക നീക്കങ്ങള്‍ പോലും അതീവ ജാഗ്രതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടതോ ആയ ഒരു ഗതികേടിന്റെ പ്രശ്‌നമായി ഇന്നും നിലനില്‍ക്കുന്നത്‌ ഇറാനു ഹോര്‍മുസ്‌ കടലിടുക്കിലുള്ള സമ്പൂര്‍ണാധിപത്യവും സ്വാധീനവും കൊണ്ടാണ്‌. പ്രകൃതി കനിഞ്ഞു നല്‍കുന്ന ഭൂമിശാസ്‌ത്രപരമായ ആനുകൂല്യം ഇവ്വിഷയത്തില്‍ ഇറാന്‌ മാത്രമാണ്‌. മൂന്ന്‌ കിലോമീറ്റര്‍ വീതിയുള്ള രണ്ട്‌ ഇരട്ട സാങ്കല്‌പിക ജലപാതകളെ മൂന്ന്‌ കിലോമീറ്റര്‍ വീതിയുള്ള മറ്റൊരു സാങ്കല്‌പിക ജല ഡിവൈഡര്‍കൊണ്ട്‌ വേര്‍തിരിച്ചിട്ടുണ്ട്‌. മാത്രമല്ല, ഈ പാതകള്‍ ഇറാന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുമാണ്‌.

അമേരിക്കയും ഇസ്‌റാഈലും ഇറാനെതിരെ സ്വീകരിക്കുന്ന ഏതൊരു നടപടിയും ഹോര്‍മുസ്‌ കടലിടുക്കിലേക്കാണ്‌ നീണ്ടുപോകുന്നതെന്ന്‌ അമേരിക്കയ്‌ക്ക്‌ നല്ലവണ്ണം അറിയാം. അമേരിക്കയുടെ സാമ്പത്തിക ക്രമീകരണങ്ങള്‍ പോലും എണ്ണയില്‍ ഊന്നി നിന്നുകൊണ്ടുള്ളതാണെന്നിരിക്കെ അമേരിക്കയ്‌ക്ക്‌ അതില്‍ ചെറുതല്ലാത്ത ആശങ്കയുണ്ടുതാനും. മാത്രമല്ല, ഇറാന്റെ ആയുധ സംഭരണശേഷിയെക്കുറിച്ച്‌ അമേരിക്കയ്‌ക്കോ ഇസ്‌റാഈലിനോ വേണ്ട തിട്ടമില്ല എന്നൊരു പരിമിതിയുമുണ്ട്‌. ഇറാന്‍ പുലര്‍ത്തുന്ന നിലപാടുകളിലെ ചങ്കുറപ്പ്‌ തന്നെയാണ്‌ ഇവരെ ആശങ്കയിലാഴ്‌ത്തുന്നത്‌.
ഇന്ന്‌ വീണ്ടും ഇറാനും ഹോര്‍മുസും ആഗോള രാഷ്‌ട്രീയത്തിലെ പ്രധാന വിഷയമാകുകയാണ്‌. ഇറാന്റെ ആണവ പദ്ധതികള്‍ക്കെതിരെ അമേരിക്കയും ഇസ്‌റാഈലും മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയും അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കണ്‍ സര്‍വ സന്നാഹങ്ങളോടെ ഗള്‍ഫ്‌ കടലില്‍ നങ്കൂരമിടുകയും ചെയ്‌തിരിക്കുകയാണ്‌. തങ്ങളല്ലാത്ത ഒരു ആണവശക്തിയും ലോകത്തിന്‌ ആവശ്യമില്ല എന്ന പ്രഖ്യാപനത്തില്‍ തന്നെയാണ്‌ അമേരിക്കയും ഇസ്‌റാഈലും. വരുന്ന മാര്‍ച്ച്‌-ഏപ്രിലോടെ ഇസ്‌റാഈല്‍ ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ അമേരിക്കന്‍ പ്രതിരോധ വകുപ്പ്‌ സെക്രട്ടറി ലോയാണ്‍ പനേറ്റ ഇക്കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചത്‌. ഇതിന്റെ മറുപടിയെന്നോണം ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍ ഹോര്‍മൂസിലേയ്‌ക്ക്‌ നീങ്ങിത്തുടങ്ങിയിട്ടുണ്ട്‌. ഇറാനെതിരെ സംഭവിക്കുന്ന ഏതൊരു സൈനിക നടപടിയുടെയും തൊട്ടടുത്ത അനന്തരഫലം ഹോര്‍മുസില്‍ പ്രകടമാകുമെന്ന്‌ ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ദൈവം ഇറാന്‌ നല്‍കിയ സ്വാഭാവിക പ്രതിരോധ സംവിധാനം ഇറാന്റെ മുഴുവന്‍ ശത്രുക്കളെയും വിഷമ വൃത്തത്തിലാക്കുകയാണ്‌. 
അറബ്‌ വസന്തമെന്ന പേരില്‍ അറബ്‌ നാടുകളില്‍ നടന്നുവന്ന ജനകീയ വിപ്ലവങ്ങളെ അമേരിക്ക ഏറെ പ്രതീക്ഷയോടെയാണ്‌ നോക്കിക്കണ്ടത്‌. എന്നാല്‍ ഇവ തങ്ങളുടെ താല്‌പര്യങ്ങളുടെ സഞ്ചാരഗതിയില്‍ നിന്നും വ്യക്തമായ ഒരു മാറ്റം പ്രകടിപ്പിച്ച്‌ തുടങ്ങുന്നത്‌ അമേരിക്കയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌. തകര്‍ത്തെറിഞ്ഞ ഭരണകൂടങ്ങള്‍ക്ക്‌ പകരം തങ്ങളുടെ താല്‌പര്യങ്ങളും നയങ്ങളും ലയിപ്പിച്ചുചേര്‍ത്ത ഭരണ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കപ്പെടുന്ന യു എസ്‌ പ്രതീക്ഷകള്‍ക്ക്‌ മങ്ങലേറ്റിരിക്കുന്നു. തീവ്രവാദികളെന്നും ജനാധിപത്യ വിരുദ്ധരെന്നുമൊക്കെ പുറംലോകത്തെ വിശ്വസിപ്പിച്ച്‌ വെച്ചിരുന്ന ഇസ്‌ലാമിക ജാഗരണ പ്രസ്ഥാനങ്ങളും ഗ്രൂപ്പുകളും ജനാധിപത്യത്തിന്റെ നയതന്ത്രങ്ങളെ മെയ്‌വഴക്കത്തോടെ പുണരുന്നതും, ബഹുസ്വരതയുടെ പ്രായോഗികതകളെ അടിസ്ഥാനപരമായിത്തന്നെ സമീപക്കുന്നതും അമേരിക്കയുടെ വിദേശതാല്‌പര്യങ്ങള്‍ക്ക്‌ ചെറുതല്ലാത്ത ഭീഷണിയുയര്‍ത്തുന്നുണ്ട്‌. അതുകൊണ്ടു തന്നെ അറബ്‌ വസന്തം ഒരു ഗ്രീഷ്‌മത്തിന്‌ വഴിമാറണമെന്നാണ്‌ അമേരിക്ക ഇപ്പോള്‍ ആഗ്രഹിക്കുന്നത്‌.
ഗള്‍ഫ്‌ മേഖലയിലെ പുതുചലനങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാനും ഇറാനുമായി മറ്റ്‌ ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ പുലര്‍ത്തുന്ന നിലപാടുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ അറബ്‌ വസന്തത്തിനു ഒരു തടയിടാനും ഏറ്റവും പറ്റിയ വിഷയമാണ്‌ ഇറാന്‍ എന്നും യു എസ്‌ മനസ്സിലാക്കുന്നുണ്ട്‌. വിഷയത്തിന്‌ കൂടുതല്‍ ചൂട്‌ പകര്‍ന്നുകൊണ്ട്‌ അമേരിക്ക ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു. ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതികളുടെ പുരോഗതിയില്‍ അമേരിക്കയ്‌ക്ക്‌ വ്യക്തമായ കണക്കു കൂട്ടലുകളുണ്ടെങ്കിലും അതിന്റെ നേതാക്കളുടെ നിലപാടുകളിലും രാഷ്‌ട്രീയ നീക്കങ്ങളിലും യു എസിന്‌ ഉത്‌കണ്‌ഠയുണ്ടെന്നാണ്‌ എന്‍ ബി സിയുടെ മാറ്റ്‌ ല്യൂയറുമായുള്ള അഭിമുഖത്തില്‍ ഒബാമ പ്രതികരിച്ചത്‌. ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും ക്യാമ്പുകളില്‍ നിന്നും പിന്‍വലിച്ച പട്ടാളക്കാരെ പുനര്‍വിന്യസിക്കാന്‍ ഇറാന്റെ മേഖല തന്നെ തെരഞ്ഞെടുക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചതിനു പിന്നില്‍ മറ്റു ചില താല്‌പര്യങ്ങള്‍ കൂടിയുണ്ട്‌.

വാചാലതകള്‍ക്ക്‌ യാഥാര്‍ഥ്യത്തിന്റെ ചിറകുകള്‍ വിരിക്കാന്‍ കഴിയില്ലെന്ന്‌ തെളിയിച്ചുകൊണ്ടിരിക്കുന്ന ഒബാമയ്‌ക്ക്‌ ഇത്‌ പ്രതിസന്ധിയുടെ കാലമാണ്‌. ഒബാമക്കെതിരെ അമേരിക്കയില്‍ ഉയരുന്ന ഭരണവിരുദ്ധവികാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മുതലാക്കാതിരിക്കണമെങ്കില്‍ ചില പൊടിക്കൈകളൊക്കെ പയറ്റണം. അടുത്ത പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായി രംഗമൊരുക്കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ തന്റെ നഷ്‌പ്പെട്ട ഇമേജുയര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ നീക്കമാണ്‌ ഒബാമ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ലോകത്ത്‌ എവിടെയെങ്കിലും സൈനികമായ ഒരു ഇടപെടല്‍ നടത്തിയല്ലാതെ അമേരിക്കയ്‌ക്ക്‌ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലായെന്ന യു എസ്‌ വിമര്‍ശകരുടെ ആരോപണങ്ങളെ ശരിവെയ്‌ക്കുന്നതാണ്‌ ഇപ്പോള്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍. ഇസ്‌റാഈലിനെ മുന്നില്‍ നിര്‍ത്തിയുള്ള അതിബുദ്ധിയുടെ ഒരു സമ്മര്‍ദതന്ത്രം കൂടിയാണിത്‌.
ഇറാന്‍ വിഷയത്തില്‍ ഇപ്പോള്‍ ഇസ്‌റാഈല്‍ പ്രകടിപ്പിക്കുന്ന അതിവ്യഗ്രതയ്‌ക്കും ഒരു കാരണമുണ്ട്‌. ആറായിരം മൈല്‍ പ്രഹരശേഷിയുള്ള ആണവമിസൈലിന്റെ നിര്‍മാണത്തിലാണ്‌ ഇറാനെന്നാണ്‌ ഇസ്‌റാഈല്‍ ഉപപ്രധാനമന്ത്രി മോഷേ യാലോണ്‍ ആരോപിക്കുന്നത്‌. ആരോപണം വാസ്‌തവമാണെങ്കില്‍ യൂറോപ്പും അമേരിക്കയുമടക്കം ഇറാന്റെ പ്രത്യക്ഷ ശത്രുക്കള്‍ക്കും ഭീതിയുടെ ഒരു ആന്തലുണ്ടാക്കാന്‍ പര്യാപ്‌തമാണിത്‌. കാരണം ഇവരൊക്കെ ഈ ആറായിരം മൈലിന്റെ പരിധിയില്‍ വരും. എന്നാല്‍ ഇറാന്റെ മിസൈലിന്‌ കേവലം ആയിരത്തിയഞ്ഞൂറ്‌ മൈലിന്റെ ദൂരപരിധിയേ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്നാണ്‌ ആയുധ നിര്‍മാണ മേഖലയിലെ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌. എങ്കില്‍ പോലും ഇസ്‌റാഈല്‍ സുരക്ഷിതരല്ല. ഇതാണ്‌ ഈ വിഷയത്തില്‍ ഇസ്‌റാഈല്‍ പ്രകടിപ്പിക്കുന്ന വെപ്രാളത്തിന്റെ കാരണം.

അമേരിക്കയെ കൂടുതല്‍ പ്രകോപിപ്പിച്ച്‌ മുമ്പില്‍ നിര്‍ത്താനുള്ള തന്ത്രങ്ങളൊക്കെ ഇസ്‌റാഈല്‍ കിണഞ്ഞ്‌ പയറ്റുന്നുണ്ട്‌. സ്വതന്ത്ര ലോകത്തിന്‌ മുഴുവന്‍ പേടിസ്വപ്‌നമാണ്‌ ഇറാനെന്നാണ്‌ യാലോണ്‍ പ്രഖ്യാപിച്ചത്‌. ഞങ്ങള്‍ ഇറാന്‌ ചെറിയ സാത്താന്‍ മാത്രമാണെന്നും വലിയ സാത്താന്‍ അമേരിക്കയാണെന്നും ഓര്‍മിപ്പിക്കാനും യാലോണ്‍ മറന്നില്ല. ഹോര്‍മുസില്‍ സംഭവിക്കുന്ന ചെറിയ നിയന്ത്രണങ്ങള്‍ പോലും ആഗോള ഊര്‍ജരംഗത്ത്‌ വന്‍പ്രത്യാഘാതങ്ങളുണ്ടാക്കും. എണ്ണയുടെ വന്‍കിട ഗുണഭോക്താക്കളായ അമേരിക്കയെപ്പോലും നിലംപരിശാക്കാന്‍ തക്കവണ്ണം ഉഗ്രശേഷിയുള്ളതാണ്‌ ഇറാന്റെ ഹോര്‍മുസ്‌ ആയുധമെന്ന്‌ അമേരിക്കയ്‌ക്ക്‌ നന്നായി അറിയാം. ഒരു ആഗോള സൈനിക സഹായമില്ലാതെ ഹോര്‍മുസില്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്കയ്‌ക്ക്‌ അറിയാം. അതുകൊണ്ട്‌ തന്നെ ഇത്തരം സൈനിക നീക്കങ്ങള്‍ക്കോ യുദ്ധ പ്രഖ്യാപനങ്ങള്‍ക്കോ ഇന്നത്തെ സാഹചര്യത്തില്‍ ഒരു ശൈശവ ദശയില്‍ കൂടിയ ആയുസ്സുണ്ടാകില്ല. മേഖലയില്‍ ഒരു ആകാംക്ഷയുടെ സാഹചര്യം സൃഷ്‌ടിക്കാനും, തങ്ങളുടെ വിപണന താല്‌പര്യങ്ങള്‍ക്ക്‌ ആക്കംകൂട്ടാനും കൂട്ടത്തില്‍ ഇറാനെ ഒന്നു ഭയപ്പെടുത്താനും സാധിക്കുമെങ്കില്‍ അത്ര തന്നെയേ അമേരിക്ക പ്രതീക്ഷിക്കുന്നുമുണ്ടാകുന്നുള്ളൂ.
                                                                                              msshaiju@yahoo.co.in

Feb 3, 2012

ക്വട്ടേഷനില്‍ കുരുങ്ങി കേരളം


മലയാളം ന്യൂസ് സണ്‍‌ഡേ പ്ലസില്‍ പ്രിസിദ്ധീകരിച്ച ലേഖനം സമകാലിക സാഹചര്യത്തില്‍ ചില മാറ്റങ്ങളോടെ ഇവിടെ ബ്ലോഗില്‍ നല്‍കുന്നു.


ക്വട്ട്വേഷൻ എന്ന ഇംഗ്ളീഷ് പദം മലയാളത്തിന്റെ പദ സൻചികയിൽ അസ്ഥാനത്ത് സ്ഥാനം പിടിച്ച ഒരു കുപ്രസിദ്ധ വാക്കാണു.പത്ത് വർഷങ്ങൾക്കു മുമ്പ് കല്പിച്ചു കൊടുത്തിരുന്ന അർത്ഥമോ ആശയമോ അല്ല ഇന്ന് ആ വാക്ക് കേൾക്കുന്ന മാത്രയിൽ നമ്മിൽ അംഗുരിക്കുന്നത്. ചില പദങ്ങൾ അങ്ങനെയാണു. സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് അവ ദ്യോതിപ്പിക്കുന്ന ആശയങ്ങൾക്ക് പ്രകടമായ മാറ്റമുണ്ടാകും
എതിരാളിയായി കാണുന്ന വ്യക്തിയെയോ സംഘങ്ങളെയൊ കായികമായി ആക്രമിച്ചു “പാഠം പഠിപ്പിക്കുകയോ” വധിക്കുകയോ ചെയ്യുന്നതിനായുള്ള റെന്റൽ സംവിധാനത്തെയാൺ‌‍‍‍‍‍‍‍‍‍‍‌ ഇന്ന് ഈ വാക്ക് പ്രാഥമികമായി സൂചിപ്പിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ വ്യാപനവുമായി ബന്ധ്പ്പെട്ട് ഈയ്യടുത്ത് കേരള ഹൈക്കോടതി നടത്തിയ ഉത്ക്കണ്ഠ, ഒരു പക്ഷേ ഇതിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടതു കൊണ്ടു കൂടിയായിരിക്കും.എന്തായാലും ചെറുതല്ലാത്ത ആധിയോടെയാകണം പൊതുജനം ഈ വാർത്ത വായിച്ചത്.
ഉത്തരേന്ത്യൻ സിനിമകളിൽ നിന്ന്, പ്രത്യേകിച്ച് ബോളിവുഡിൽ നിന്നാണെന്നു തോന്നുന്നു, എതിരാളികളെ കായികമായി ശരിപ്പെടുത്താനും വേണ്ടിവന്നാൽ വധിക്കാനും വരെ സംഘങ്ങളെ എല്പ്പിച്ച് കൊടുക്കുന്ന പ്രവണതയുടെ സാധ്യതകൾ നമ്മുടെ നാട്ടിലെക്കു വേരോട്ടം നടത്തുന്നത്.പണ്ട് കാലങ്ങളിൽ ഇത് പലപ്പോഴും സിനിമകൾക്ക് വിഷയമാകാറുണ്ടെൻകിലും നാടിന്റെ സാമൂഹ്യ സ്ഥിതിക്ക് ഗണ്യമായ ഒരു ഭീഷണിയുയർത്തിയിരുന്നില്ല, അഥവാ അത്തരം സംഘങ്ങൾക്ക് നമ്മുടെ സാമൂഹ്യ പരിതസ്ഥിതിയിൽ സാധ്യതയുണ്ടായിരുന്നില്ല.തല്ലും കൊലയും ഒരു തൊഴിലായി സ്വീകരിച്ചു പോന്നിരുന്ന സാമൂഹ്യവിരുദ്ധരും വിരോധികളും എല്ലാ കാലത്തും സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്.അനാവശ്യമായ അതിഭാവുകത്വം നല്കി പിന്നെയെന്തിനാണു ഇത്തരം വിഷയങ്ങൾ സാമൂഹ്യ ചർച്ചക്ക് വിഷയീഭവിപ്പിക്കുന്നത് എന്ന് ചിന്തിക്കുന്നവരുടെ ഒരു പക്ഷവും ഇവിടെയുണ്ട്.ഇതിനെയൊക്കെ സഗൌരവം ചർച്ചയാക്കി ആളുകളിൽ ഭീതി ജനിപ്പിച്ച്, കാടടച്ച് വെടിവെച്ചു പോകലാണു ഇത്തരം ശ്രമങ്ങളെന്നാണു ഇവർ ആരോപിക്കുന്നത്.
നേരത്തേ സൂചിപ്പിച്ചതു പോലെ ഇതിന്റെ സാമൂഹ്യവിരുദ്ധതയല്ല ഈ കുറിപ്പിലൂടെ ചർച്ചയാക്കുന്നത്. അത് കാലങ്ങളായി ആളുകൾ തിരിച്ചറിയുന്നത് തന്നെയാണു.ഗുണ്ടകളെന്നോ റൌഡികളെന്നോ ഒക്കെ അറിയപ്പെട്ടിരുന്നവർ പണ്ടും സമ്പന്നന്മാരുടെ ചട്ടുകമായി അവരുടെ എതിരാളികളെ തല്ലാനോ കൊല്ലാനോ തുനിഞ്ഞിറങ്ങിയിരുന്നവരാണു.ഈ തല്ലലും കൊല്ലലും ഒരു പുതുമയുള്ള കാര്യമല്ലെൻകിലും ഇന്ന് ഈ സംഘങ്ങൾക്കും അവർ ചെയ്യുന്ന ജോലിക്കും കാലാനുസ്യതമായ മാറ്റങ്ങളും പുരോഗതിയും കൈവന്നിട്ടുണ്ട്. ഇതിനു ഒരു മാന്യതയും സരവ്വ സ്വീകര്യതയും ക്രമാനുഗതമായി കൈവരുന്നു എന്നതാണു ചർച്ചയുടെ മർമ്മം.
                               
നന്നായി പഠിച്ച് നല്ല കലാലയങ്ങളിൽ ഉന്നതപഠനത്തിനായി പോകുന്ന, മാന്യമായി ജീവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾ മുതൽ എം ബി എ യും എൽ എൽ ബി യൂം ഒക്കെ പഠിച്ചു നില്ക്കുന്ന അഭ്യസ്തവിദ്യർ വരെയുള്ളവരാണു മാന്യതയുടെ മുഖം മൂടിയണിഞ്ഞ് ഇത്തരം ക്വട്ടേഷൻ സംഘങ്ങളിൽ സജീവരാകുന്നത് എന്ന വാർത്തകൾ എന്തിന്റെയൊക്കെയോ അപകടമണികളാണു മുഴക്കിക്കൊണ്ടിരിക്കുന്നത്.ഒരു കാലത്ത് റൌഡികളെന്നോ ഗുണ്ടകളെന്നോ ഒക്കെ വിളിച്ച് സാമൂഹ്യഘടനയിൽ തരം തിരിച്ച് അകറ്റി നിർത്തപ്പെട്ടിരുന്നവരുടെ സംസ്കാരവും തൊഴിൽ പൈത്യകവും നിലനിർത്തുന്നവർ കൂടിയാണു ഇക്കൂട്ടർ എന്നതാണു ഈ വാർത്തകളിലെ ചകിതമായ തീവ്രത. ഒറ്റയ്ക്കാകുമ്പോൾ എറെ മാന്യന്മാരും സംസ്കാരസമ്പന്നന്മാരുമാകുന്ന ഇവർ സ്വന്തം തട്ടകങ്ങളിലും, “തൊഴിലിടങ്ങളിലുമാണു” ചില ചുരുക്കപ്പേരുകളിൽ (കു) പ്രസിദ്ധരാകുന്നത്.എറ്റെടുക്കുന്ന ക്വട്ടേഷനുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന അഭ്യസ്ത വിദ്യരായ താത്കാലിക റൌഡികളാണു ഈ സംഘങ്ങളിലൂടെ ഉണ്ടായി വരുന്നത്.
രണ്ടായിരത്തി അഞ്ഞൂറു രൂപമാത്രം മുടക്കിയാൽ പരമാവധി കൈ കാൽ ഒടിപ്പു വരെ മാത്രം എറ്റെടുക്കുന്ന മാന്യന്മാരായ കാമ്പസ് ക്വട്ടേഷൻ സംഘത്തിലെ കണ്ണിയെ ഈ കുറിപ്പ് എഴുതുന്ന ആളിനു നേരിട്ടറിയാം.സമൂഹത്തിൽ മാന്യതയുടേയും, വിനയത്തിന്റേയും, മേൽവസ്ത്രങ്ങളിൽ ജീവിക്കുന്ന ഇവരെ ആരും തിരിച്ചറിയാതെ പോകുന്നു. നിസാരമായ ആയിരങ്ങൾ മുടക്കിയാൽ ശത്രുവിനെ ഒന്നാന്തരമായി ഒരു പറ്റ് പറ്റിക്കാനും അതിലൂടെ പ്രതികാരത്തിന്റെ ഒരു സന്തോഷാനുഭൂതി നേടാനും കഴിയുമെൻകിൽ, പണം മുടക്കാൻ ആരാണു തയ്യാറാകാത്തത്? കലാലയങ്ങൾ കേന്ദ്രീകരിച്ചാണു ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ മുളപൊട്ടുന്നത് എന്നും, പിന്നീട് ആ സംഘങ്ങൾ വളർന്ന് മൂപ്പെത്തുകയുമാണെന്ന തിരിച്ചറിവിൽ നിന്നുമാകണം കോടതിക്ക് ഈ വൈകിയ വേളയിലെൻകിലും ഒരു ബോധോദയമുണ്ടാകുന്നത്.
                                 
കുട്ടി രാഷ്ട്രീയക്കാർ കളമൊഴിഞ്ഞ കാമ്പസുകൾ ഇന്ന് എറെ പേടിപ്പെടുത്തുകയാണു. ആർപ്പും ആരവവുമായി കലാലയങ്ങളിൽ നിന്നു രാഷ്ട്രീയത്തെ പുറത്താക്കി പടിയടയ്ക്കാൻ വെമ്പൽ പൂണ്ടിറങ്ങിയ സാംസ്കാരിക നായകന്മാർക്ക് ഇതൊക്കെ കണ്ടും കേട്ടും കണ്ണ് മഞ്ഞളിക്കുന്നുണ്ടാവുമോ ആവോ? തിന്മയ്ക്കോ അനീതിക്കോ എതിരേ ശബ്ദമുയർത്താനുള്ള അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു എന്നതാണു ക്വട്ടേഷൻ സംഘങ്ങൾ ഉയർത്തുന്ന വെല്ലുവിളികളിൽ പ്രധാനം.നിങ്ങളുടെ കണ്മുന്നിൽ വെച്ച് ഒരാൾ ഒരു പെൺകുട്ടിയെ കയറിപ്പിടിക്കുന്നത് കണ്ടാൽ നിങ്ങൾക്ക് ആത്മരോഷമുണരാനോ നിങ്ങൾ പ്രതികരിക്കാനോ പാടില്ല! അവൾ നിങ്ങളുടെ മകളോ, പെങ്ങളോ ആണെൻകിൽ പോലും..നിങ്ങളെങ്ങാനും പ്രതികരിച്ചു പോയാൽ....അന്നു രാത്രി തന്നെ ഒരു സംഘം കൂലിപ്പട്ടാളം നിങ്ങളുടെ വീട്ടിൽ വന്നേയ്ക്കാം. നിങ്ങളുടെ കൈകാലുകൾ വെട്ടിയും കുത്തിയും നുറുക്കിയേക്കാം..ആരും പ്രതികരിക്കാൻ പാടില്ല..ഇങ്ങനെ പ്രതികരണശേഷി തല്ലിക്കെടുത്തപ്പെട്ട്, ഷണ്ഡീകരിച്ച ഒരു സമൂഹത്തെ ആവശ്യമുള്ളവർ ബോധപൂരവം സ്പോൺസർ ചെയ്യുന്നതാണു ഇത്തരം ക്വട്ടേഷൻ സംസ്കാരങ്ങൾ എന്നത് നാം സമചിത്തതയോടെ തിരിച്ചറിയാൻ വൈകുന്ന യാഥർത്ഥ്യങ്ങളാണു.കണ്മുമ്പിൽ അനീതി കണ്ടാലും ചോദ്യം ചെയ്യാൻ സാധിക്കാത്തത്ര സാമൂഹിക അസുരക്ഷിതത്വം നമ്മിൽ അടിച്ചേല്പ്പിച്ചതിന്റെ പൻൿ ആരൊക്കെയോ പറ്റിക്കൊണ്ടിരിക്കുന്നുണ്ട്.
പോക്കറ്റ് മണിയ്ക്കായി ട്യൂഷനും, പാർട്ടൈം ജോലികൾക്കും, ഔട്ട് ഡോർ കാറ്ററിംഗിനും ഒക്കെ പോയിരുന്ന കോളേജ് വിദ്യാർത്ഥികളുടെ കഥകൾ ഇന്നു പഴൻകഥകളോ ഔട്ട് ഒഫ് ഫാഷനോ അണു. പുതു പുത്തൻ കാറുകളിൽ ആഡംബര മൊബൈലുകളുമായി ജീവിതം അടിച്ചുപൊളിക്കാൻ ഇറങ്ങിയ യുവാക്കൾക്കു ഇന്ന് അര മണിക്കൂർ “അധ്വാനിച്ചാൽ” ആയിരങ്ങൾ കീശയിലൊതുങ്ങും.സ്വന്തം ഗ്യാംഗ് വിട്ടാൽ പൻച പാവങ്ങളാകുന്ന ഇവർ സൈബർ യുഗത്തിലെ ഹൈടെക്ക് റൌഡികളാണു. സംഘങ്ങളെ ക്ലയന്റുകളുമായി ബന്ധിപ്പിക്കുന്നതിനായി കാമ്പസുകളിൽ തന്നെ എജന്റുമാരുമുണ്ടത്രേ! ക്വട്ടേഷനുകൾ മാർക്കറ്റു ചെയ്യുന്നതിലൂടെ ഇവർ താരതമയേന സുരക്ഷിതമായി സമ്പാദിക്കുന്ന ഇടത്തട്ടുകാരാണു.
                                           
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും കേരളത്തിലെ യുവജന പ്രസ്ഥാനക്കാരും, സാംസ്കാരിക പ്രവർത്തകരും എതൊക്കെയോ മാളങ്ങളിൽ സുരക്ഷിതരായി ഒളിച്ചിരിക്കുകയാണു.ക്വട്ടേഷനെ പേടിച്ചിട്ടാണോ ആവോ? വാഹനം ഒവർടേക്കു ചെയ്തതിലെ അപാകതയെ ചോദ്യം ചെയ്തവനെ മണിക്കൂറുകൾക്കകം ക്വട്ടേഷൻ സംഘത്തെ വിട്ട് പാഠം പഠിപ്പിച്ച വാർത്ത നിസ്സംഗതയോടെ വായിച്ചു ചായ മൊത്തിക്കുടിക്കുന്ന മലയാളി, ഇതൊക്കെ തനിക്കും തന്റെ കുടുംബത്തിനും വന്നു ഭവിക്കുമ്പോഴാണു ആകുലതയുടെ സട കുടയുന്നത്...സ്വന്തം സ്വകാര്യതകളിലേക്കു ഒതുങ്ങിക്കൂടുന്ന ഒരു സമൂഹത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പരിണതിയാണോ ഇത്? ഇവരെ നിയന്ത്രിച്ചു നിർത്തേണ്ട ക്രമ സമാധാനത്തിന്റെ ധ്വജവാഹകരാണു ഇവരെ വെച്ചു പൊറുപ്പിക്കുന്നതെന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോഴും, ദോഷൈക ദ്യക്കുകളുടെ അതി ഭാവനയായോ, അമിതവർണ്ണനയായോ അവയെ വ്യാഖ്യാനിച്ചു. ഡി.വൈ.എസ്.പി മാരും സർക്കിൾ ഇൻസ്പെക്ടർമാരുമടക്കമുള്ള പല ഉദ്യോഗസ്ഥരും ഇത്തരം ക്വട്ടേഷൻ മാഫിയകളുടേ കൂടി പരിപാലകരാണു എന്ന തിരിച്ചറിവ് നമ്മെ പേടിപ്പെടുത്തേണ്ടതുണ്ട്.പ്രതികരിക്കേണ്ട യുവത്വം സൈബർ കഫേകളിലെ അരണ്ട വെളിച്ചത്തിലും, ലാപ്ടോപുകളുടെ സ്ക്രീനിനു മുമ്പിലിമായി ചാറ്റിംഗിന്റെ ആലസ്യ സ്വപ്നങ്ങളിലാണു.ഫേസ് ബുക്കും മറ്റു സോഷ്യൽ നെറ്റ്വർക്കുകളും സമൂഹത്തിലെ നല്ലൊരു ഭാഗം ചെറുപ്പക്കാരെ യുവത്വത്തിന്റെ ചടുലതകളിൽ നിന്നും, സ്വാഭാവിക നീതി ബോധത്തിന്റെയും പ്രതികരണത്തിന്റെയും വിപ്ളവ പാഥേയങ്ങളിൽ നിന്നും വഴിതിരിച്ച് വിടുന്നുണ്ട്.സാമൂഹ്യ ബോധത്തിന്റെ ചിന്താവിപ്ളവത്തിൽ നിന്നും ഒരു യുവതയെ ബോധപൂരവമായി വഴിതിരിച്ചുവിടാനുള്ള ഗൂഡവും ആസൂത്രിതവുമായ നീക്കങ്ങളാണോ ഐ.ടി എന്ന ശീതള നാമധേയത്തിൽ വ്യാപിക്കുന്ന തൊഴിൽ സംസ്കാരത്തിന്റെ മറവിൽ വിപണനം നടത്തപ്പെടുന്നത് എന്നു കൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു.ഒരു ഭാഗത്ത് ഇങ്ങനെ യുവാക്കൾ അവർ സ്വയം തീർക്കുന്ന പുറന്തോടുകൾക്കുള്ളിൽ ചുരുണ്ട് കൂടുന്നു; സാമൂഹ്യ ബാധ്യതകളുടെ വെയിലേല്ക്കാതെ, പ്രതികരണത്തിന്റേയും പ്രവർത്തനക്ഷമതയുടേയും കാറും കോളും അറിയാതെ സൈബർ ലോകത്തെ മാനേജ്മെന്റ് സ്ട്രാറ്റജികളിൽ ഞെരുഞ്ഞമരുന്നു...
                             
കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ക്വട്ടേഷൻ സംഘങ്ങളുടെ അക്രമങ്ങൾക്കും കൊലക്കത്തികൾക്കും ഇരയാകേണ്ടിവന്നവരുടെ കണക്കെടുത്താൽ വളരെ നിസാരമായ കാരണങ്ങളായിരുന്നു ഇവരിലധികവും കിരാതമായി അക്രമിക്കപ്പെടനുണ്ടായത് എന്ന് കാണാൻ സാധിക്കും.ഗൌരവത്തോടെ പൊതു സമൂഹം ആലോചിക്കുകയും, അവലോകനം ചെയ്യുകയും ചെയ്യേണ്ട ഒരു ട്രെൻഡാണു ഇതിന്റെ പിന്നിൽ വളർന്നു വരുന്നത്.പൌര ബോധത്തേയും സ്വാഭാവിക നീതിയേയും നോക്കുകുത്തിയാക്കുന്ന ഈ പണാധിപത്യ കൈയ്യേറ്റങ്ങൾക്കെതിരേ ഒരു സാമൂഹ്യ ശാക്തീകരണം അത്യന്തം അനിവാര്യമായിരിക്കുന്നു. മാധ്യമങ്ങളും, യുവജന, സാംസ്കാരിക, നവോത്ഥാന പ്രസ്ഥാനങ്ങളും, അധികാര കേന്ദ്രങ്ങളും, ക്രമസമാധാന പാലകരും യോജിച്ചുള്ള മുന്നേറ്റങ്ങൾക്കു മാത്രമേ ഇത്തരം അധോലോകസമാന സംഘങ്ങളുടെ അതിക്രമങ്ങൾക്ക് എതിരേ പ്രായോഗിക പ്രതിരോധത്തിന്റെ കരുത്തുറ്റ മതില്ക്കെട്ടുകൾ തീർക്കാൻ സാധിക്കൂ.പ്രതികരിക്കാനുള്ള അവകാശമാണു പൌരാവകാശത്തിന്റെ ഒന്നാം ചവിട്ടുപടി എന്നത് നാം തിരിച്ചറിയാതിരുന്നുകൂടാ. മനുഷ്യന്റെ സഹജവാസനയായ പ്രതികരണ ശേഷിയെ പ്രഹരിച്ച് തളർത്തിക്കിടത്താൻ ശ്രമിക്കുന്ന സംഘടിത ഗൂഡ ശക്തികൾക്കെതിരിൽ വിപ്ളവജ്വാലയാകുവാൻ യോജിച്ച മുന്നേറ്റങ്ങൾ മുന്നോട്ട് വരട്ടെ....   
                                                                                                                                    msshaiju@yahoo.co.in







Nov 16, 2011

പ്രവാസം; യുവത്വം; അതിജീവനം


പ്രവാസം; യുവത്വം; അതിജീവനം
എം എസ് ഷൈജു, കൊല്ലം




പ്രവാസം ഒരു നെരിപ്പോടാണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്‌. അതീജീവനത്തിന്റെ തീക്ഷ്ണമായ കനലുകളെരിയുന്ന ഒരു മഹാ നെരിപ്പോടാണ്‌ പ്രവാസം. അനേക ലക്ഷം ചടുലമായ യൗവ്വനത്തിന്റെ ചിറകുകള്‍ നിര്‍‌വികാരതയോടെ കരിഞ്ഞുവീണ ഒരു അഭിശപ്ത നെരിപ്പോട്. അത് ജ്വലിപ്പിച്ച പ്രകാശത്തില്‍ വഴി കണ്ട് അതീജീവനത്തിന്റെ കനല്പഥങ്ങള്‍ താണ്ടിക്കടന്നവരുടെ വിജയ ഭേരികള്‍ കേള്‍ക്കാതെയുള്ള സ്വാര്‍ത്ഥമായ ഒരു വിലയിരുത്തലല്ല ഇത്. കേരളത്തിലെ യുവത്വത്തിന്റെ ഒരു മഹാപങ്ക് പ്രവാസത്തിന്റെ ചൂര് നുകര്‍ന്നവരാണ്‌. പ്രവാസത്തിന്റെ എരിയുന്ന കനലുകളില്‍ നിന്നും ചിലര്‍ വെളിച്ചം തേടുമ്പോള്‍ ചിലര്‍ ആ കനലുകളായ്ത്തന്നെ എരിഞ്ഞില്ലാതെയാകുന്നു. യുവത്വത്തില്‍ നുകരുന്ന ജീവിതാനുഭവങ്ങളാണ്‌ ഒരാളെ പരിപക്വമാക്കുന്നതെന്നും അയാളുടെ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നത് എന്നുമാണ്‌ പറയപ്പെടുന്നത്. പ്രവാസം അതിന്റെ ശക്തവും അനാദ്യശ്യവുമായ ഹസ്തങ്ങളാല്‍ കേരളീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. തൊള്ളായിരത്തി എഴുപതുകളിലാണ്‌ ഗള്‍ഫ് നാടുകളിലേയ്ക്ക് യുവത്വത്തിന്റെ വ്യാപകമായ ഭാഗ്യം തേടിയുള്ള യാത്രകള്‍ ആരംഭിക്കുന്നത്. പ്രതീക്ഷകള്‍ വറ്റാത്ത മനസും എന്തിനേയും എതിരിട്ട് തോല്പ്പിക്കാനുള്ള ചങ്കൂറ്റവുമുള്ളവരായിരുന്നു പ്രവാസത്തിന്റെ സ്വര്‍ഗീയ ഭൂമിക തേടി പറന്നുയര്‍ന്നത്. പുരോഗതിയിലേയ്ക്ക് കുതിച്ച് കൊണ്ടിരുന്ന മനുഷ്യ രാശിയുടെ മുഖ്യധാരയില്‍ നിന്നും ഒരു നൂറു കൊല്ലമെങ്കിലും പിന്നില്‍ നടന്നിരുന്ന കേരളീയരെ ലോക ജനത്യ്ക്ക് ഒപ്പമെത്തിക്കുന്നതില്‍ ഗള്‍ഫ് പ്രവാസം വഹിച്ച പങ്ക് അപാരമായിരുന്നുവെന്നത് നിസ്തര്‍ക്കം.  ഗള്‍ഫ് എന്ന ഉപഭോഗ കമ്പോളത്തില്‍ നിന്നും കൗതുകച്ചിറകുകളൊടെ പറന്നു വന്ന വിസ്മയം വിടര്‍ത്തുന്ന ഉല്പന്നങ്ങളായിരുന്നു മലയാളിയുടെ ആദ്യ ഗള്‍ഫ് കാഴ്ചകള്‍. എത്തിപ്പിടിയ്ക്കാന്‍ ലക്ഷ്യങ്ങളും വെട്ടിപ്പിടിയ്ക്കാനുള്ള ചങ്കുറപ്പുമായിരുന്നു ആദ്യ കാല പ്രവാസികള്‍ക്കുണ്ടായിരുന്നത്. വിധിയെ വിരഹ ദുഖം കൊണ്ട് മല്ലിട്ട് ഇവര്‍ നടന്ന് പതിഞ്ഞ കരിമ്പാറകള്‍ നിറഞ്ഞ പ്രവാസമെന്ന മണ്ണ്‌ നാളത്തെ യുവതയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന അതിപ്രധാനമായ ഒരു സാമൂഹ്യ ഘടകമാകുമെന്ന് അവര്‍ ഒരിക്കലും ചിന്തിച്ചിരിക്കില്ല.
ഇന്ന് കേരളീയ യുവത്വത്തിന്റെ പ്രതീക്ഷയുടെ അശ്വ ബിംബങ്ങളാണ്‌ ഗള്‍ഫും ഗള്‍ഫിലെ തൊഴില്‍ സാധ്യതകളും. അവിടങ്ങളില്‍ നിന്നും കിനിഞ്ഞിറങ്ങിയ അറബിപ്പണത്തിന് ഒരു നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കാനായി എന്നതിനപ്പുറം ഒരു സമൂഹത്തിലെ യുവത്വത്തിന്റെ നല്ലൊരു പങ്കും ചിതറിത്തെറിച്ചിരിക്കുന്ന ഒരു സാംസ്കാരിക മണ്ഡലം എന്ന നിലയില്‍ക്കൂടിയാണ്‌ ഗള്‍ഫ് ഇന്ന് വിലയിരുത്തപ്പെടുന്നത്. വികസനത്തിന്റേയും പ്രതീക്ഷകളുടേയും നിലയ്ക്കാത്ത ചിലമ്പൊലി ശബ്ദമായി പ്രവാസ ജീവിതം പ്രകീര്‍ത്തിക്കപ്പെടുമ്പോഴും സഗൗരവം ചര്‍ച്ചയാകാതെ പോകുന്ന ചില സാംസ്കാരിക വ്യതിയാനങ്ങള്‍ക്ക് പ്രവാസത്തിലെ യുവത വിധേയമാകുന്നുണ്ട്. ഒരിക്കല്‍ അതിജീവനത്തിന്റെ ചിറകുകള്‍ വിടര്‍ത്തി തണല്‍ ചൊരിഞ്ഞു തന്ന പ്രവാസം ഇനിയും എത്ര നാള്‍ തുടരേണ്ടതുണ്ടെന്ന ഗൗരവമായ ഒരന്വേഷണവും എങ്ങു നിന്നും ഉയര്‍ന്നു വരുന്നതായി കാണുന്നുല്ല.  പ്രവാസത്തിന്റെ ഒരു നൂറ്റാണ്ട്* പിന്നിടുന്ന ഇക്കാലത്ത് പിന്നിലേയ്ക്ക് തിരിഞ്ഞുള്ള ഒരു വിശാല വായന നല്ലതാണ്‌.

പ്രവാസത്തിന്റെ വ്യത്യസ്ത തലങ്ങള്‍
ഒരു നൂറ്റാണ്ടിന്റെ പ്രവാസത്തിനു ശേഷം കേരളീയ യുവത്വത്തിന്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍  നമ്മുടെ സാമൂഹ്യ ഘടനയില്‍ ശക്തമായ പ്രതിഫലനങ്ങള്‍ സ്യഷ്ടിക്കുന്നുണ്ട്. പ്രവാസത്തില്‍ ജീവിക്കേണ്ടി വരുന്ന യുവത്വവും പ്രവാസം സ്പോണ്‍സര്‍ ചെയ്യുന്ന സുഖലോലുപതകളുടേയും സൗകര്യങ്ങളുടേയും പരോക്ഷ ഗുണഭോക്താക്കളായി നാട്ടില്‍ ജീവിക്കുന്ന യുവത്വവും ഇതില്‍ ഉള്‍പ്പെടും.
കേരളം അതിന്റെ ചരിത്രം ആരംഭിക്കുന്നത് തന്നെ പ്രവാസവുമായി ബന്ധപ്പെട്ടാണ്‌. ജീവസന്ധാരണത്തിനായി നാടു വിടുന്നവരെ പ്രവാസികളായി പരിഗണിക്കാമെങ്കില്‍ അത്തരം പ്രവാസികളുടെ പറുദീസയായിരുന്നു കേരളം. ബി.സി രണ്ടായിരത്തി അറുന്നൂറു മുതല്‍ തന്നെ കേരളത്തിലേയ്ക്ക് ഈജിപ്തില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമുള്ള അറബി വ്യാപാരികള്‍ നിശ്ചിതകാലം വന്നു താമസിച്ച് തിരിച്ച് പോകുമായിരുന്നു. 

തീര്‍ത്തും സ്വയം പര്യാപ്തമായ കേരളീയ സാഹചര്യത്തില്‍ വന്ന അതീവ ഗുരുതരവും അതിശക്തവുമായ ജാതി വ്യവസ്ഥയുടേയും, ജന്മി മേല്‍ക്കോയ്മയുടേയും, ഭരണ വര്‍ഗത്തിന്റെ അക്ഷന്തവ്യമായ സ്വജനപക്ഷപാതത്തിന്റേയും അനന്തര ഫലങ്ങളായി പരാശ്രയത്വത്തിന്റെ നുകങ്ങളില്‍ ആയുഷ്കാലം ബന്ധിതരായി കഴിയേണ്ടി വന്ന ഒരു ദരിദ്ര വര്‍ഗ്ഗം പിറവി കൊള്ളുകയും, അടിച്ചമര്‍ത്തലിന്റേയും അരക്ഷിതത്വത്തിന്റേയും സഹചാരികളായി തലമുറകളോളം കഴിയേണ്ടി വരികയും ചെയ്തു. കാലങ്ങളായി തലമുറകളിലൂടെ തങ്ങള്‍ സഹിക്കുന്ന അപമാനത്തിന്റേയും അരക്ഷിതത്വത്തിന്റേയും മാറാലകള്‍ പേറുന്ന അധമത്വ ഭാണ്ഡങ്ങള്‍ സ്വന്തം ചുമലില്‍ നിന്നും വലിച്ചെറിയാന്‍ വെമ്പല്‍ കൊണ്ട ഒരു ജന സമൂഹത്തിന്റെ പ്രതിനിധികളായിരുന്നു ആദ്യകാല പ്രവാസികള്‍. ഭേദപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടിയും അധികാരി, ജന്മി വര്‍ഗ്ഗങ്ങളുടെ പീഢനമുക്തമായ ഒരു ജീവിതം സ്വപ്നംകണ്ടും കേരളത്തില്‍ നിന്നും അന്യ നാടുകളിലേയ്ക്ക് ചേക്കേറാന്‍ സാധിച്ചവരുടെ എണ്ണം കുറവായിരുന്നുവെങ്കിലും, അത് അതിജീവനത്തിന്റെ മേച്ചില്പ്പുറങ്ങളായി ഇവര്‍ക്കനുഭവപ്പെട്ടു. തമിഴ്നാടും, കര്‍ണ്ണാടകയും, മഹാരാഷ്ട്രയുമായിരുന്നു ഇത്തരത്തില്‍ ആദ്യകാല പ്രവാസികള്‍ തെരഞ്ഞെടുത്ത ഭൂമികകള്‍.
1970കളോടെ തുടങ്ങിയ ഗള്‍ഫ് പ്രവാസത്തിന്റെ സാധ്യതകളോടെയാണ്‌ പ്രവാസമെന്ന ചിന്തയ്ക്ക് മേല്‍ ജീവിത സൗകര്യങ്ങളുടെ മേന്മയും, ആഢംബരത്തിന്റെ പളപളപ്പും പച്ച പിടിക്കുന്നത്. അറേബ്യണ്‍ മണല്‍ക്കാടുകളിലെവിടെയോ തങ്ങല്‍ സ്വപ്നം കാണുന്ന ഒരു സ്വര്‍ഗ്ഗീയ ഭൂമിക തങ്ങളേയും കാത്തിരിക്കുന്നുവെന്ന പ്രതീക്ഷ നിശ്ചയദാര്‍ഢ്യവും സാഹസിക ചിന്തയുമുള്ള ചെറുപ്പക്കാരെ അവേശഭരിതരാക്കി. ജീവിതം അല്ലെങ്കില്‍ മരണം എന്ന അതിജീവനത്തിന്റെ പ്രഖ്യാപനം നടത്തിക്കൊണ്ടാണ്‌ ഇവര്‍ നാടു വിട്ടിരുന്നത്. കഠിനാധ്വാനികളും സമ്പാദ്യ ശീലക്കാരുമായ ഇവര്‍ വളരെ വേഗം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേയ്ക്ക് കൂടുമാറി.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും (ഐ.സി.എസ്.എസ് ആര്‍) കേരള സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (കെ.എസ്.ഐ), കേരളീയ സമൂഹത്തില്‍ പ്രവാസവും പ്രവാസികളും ചെലുത്തിയ സ്വാധീനത്തേയും വികസനോന്മുഖമായ മാറ്റത്തേയും പറ്റി ആധികാരികമായി പനം നടത്തിയിട്ടുണ്ട്. അവരുടെ പനങ്ങളില്‍ കേരളത്തില്‍ സംഭവിച്ച പ്രവാസത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ബ്രിട്ടീഷ് കോളനികളായ മലേഷ്യ, ബര്‍മ്മ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് കേരളീയര്‍ നടത്തിയ പ്രവാസമാണ്‌ ഇതില്‍ ഒന്നാം ഘട്ടം. കാര്‍ഷിക മേഖലയിലേയ്ക്കും തോട്ടം മേഖലയിലേയ്ക്കുമാരുന്നു മുഖ്യമായും ആളുകള്‍ ചേക്കേറിയിരുന്നത്. 1930ലെ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഇമിഗ്രേഷന്‍ നിയമങ്ങളുടെ സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടും ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങള്‍ നടപ്പിലാക്കിയ നിയമങ്ങളുടെ നൂലാമാലകള്‍ കൊണ്ടും ഇത്തരം യാത്രകള്‍ പിന്നീട് അധികം ഉണ്ടായില്ല. ഇവരില്‍ പലരും പ്രവാസ ഭൂമികയില്‍ തന്നെ ശിഷ്ട കാലം കഴിച്ച് കൂട്ടുകയും ചെയ്തു.
ആഫ്രിക്കന്‍ നാടുകളിളേയ്ക്ക് നടന്ന വ്യാപകമായ കുടിയേറ്റത്തെയാണ്‌ പ്രവാസത്തിന്റെ രണ്ടാം ഘട്ടമായി ഗണിക്കുന്നത്. താരതമ്യേന വിദ്യാഭ്യാസം നേടിയ ഇന്ത്യാക്കാര്‍ മെച്ചപ്പെട്ട തൊഴില്‍, വേതന വ്യവസ്ഥകള്‍ തേടി ഇവിടങ്ങളില്‍ താമസമാക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനും അധികം ആയുസുണ്ടായില്ല. തദ്ദേശിയരുടെ ശക്തമായ ചെറുത്തു നില്പ്പും, വര്‍ണ്ണ വ്യവസ്ഥതിയുടെ വര്‍ദ്ധിച്ച സ്വാധീനവും ഇവരില്‍ ഭൂരിഭാഗത്തേയും ജന്മ നാടുകളില്‍ത്തന്നെ മടക്കിയെത്തിക്കാന്‍ കാരണമായി.
വികസിത രാജ്യങ്ങളായ വടക്കേ അമേരിക്കയിലും പടിഞ്ഞാരന്‍ യൂറോപ്പിലെ രാജ്യങ്ങളിലും 1950കളോടെ വ്യവസായങ്ങള്‍ ത്വരിതഗമനത്തിലാകുകയും, വര്‍ദ്ധിച്ച തോതിലുള്ള മാനവ വിഭവ ശേഷി ആവശ്യമായിവരികയും, ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ അധ്വാന ശീലരായ തൊഴിലാളികള്‍ക്കായി അവസരങ്ങളുടെ വാതില്‍ തുറന്നിടുകയും ചെയ്തു. ഇതിനെയാണ്‌ പ്രവാസത്തിന്റെ മൂന്നാം ഘട്ടമായി പരിഗണിക്കുന്നത്. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ നിരവധിയാളുകള്‍ ഈ ഒഴുക്കില്‍ പ്രവാസികളാകുകയും, വര്‍ഷങ്ങളായുള്ള സാംസ്കാരിക സഹവാസ, സങ്കലനങ്ങള്‍ക്ക് വിധേയമായി നിരവധി ഇന്ത്യാക്കാര്‍ ഇവിടങ്ങളില്‍ സ്ഥിരവാസമാക്കുകയും ചെയ്തു.

എന്നാല്‍ പ്രവാസത്തെക്കുറിച്ച് ഇന്നത്തെ ധാരണകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നിദാനമായത് 1970കളോടെ ഗള്‍ഫ് മേഖലയിലേയ്ക്ക് ഉണ്ടായ വന്‍ തോതിലുള്ള മാനവ ശേഷിയുടെ ഒഴുക്കോടെയാണ്‌. തുച്ഛ മായ വര്‍ഷങ്ങള്‍കൊണ്ട് ആഢംബരത്തിന്റെ പ്രഭാവലയത്തില്‍ മടങ്ങിവന്ന ഗള്‍ഫ് പ്രവാസികള്‍ ചെറുപ്പക്കാരില്‍ ആശ്ചര്യവും ആവേശവും നിറയ്ക്കുകയും യാത്രാ സം‌വിധാനങ്ങളിലുണ്ടായ വമ്പിച്ച പുരോഗതിയിലൂടെ പ്രവാസ സഞ്ചാരത്തില്‍ അനായാസത കൈവരിക്കുകയും ചെയ്തു. ത്യാഗ പൂര്‍ണവും അനിശ്ചിതത്വം നിറഞ്ഞതുമായ ദു ര്‍ഘട യാത്രകള്‍ക്ക് പകരം ശീതളമായ ഏതാനും മണിക്കൂറുകള്‍ കൊണ്ട് പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടാന്‍ കഴിയുന്ന ആധുനിക ഗതാഗത സം‌വിധാനങ്ങള്‍ പ്രവാസത്തിന്റെ ഗള്‍ഫൊഴുക്കിന്‌ ആക്കം കൂട്ടി. കടിനാധാനികള്‍ മാത്രമല്ല അലസരും സ്വപ്നജീവികളുമൊക്കെ പ്രവാസത്തിന്റെ ഈ നാലാം ഘട്ടത്തില്‍ തഴച്ച് വളര്‍ന്നു.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി കേരളമായിരുന്നു ഈ ഗള്‍ഫ് പ്രവാസത്തിന്റെ പ്രധാന ഭൗമസ്രോതസ്സ്. വ്യാപകമായ ഗള്‍ഫ് പ്രവാസം കേരളത്തിന്റെ കുടുംബ വ്യവസ്ഥകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. കാര്‍ഷിക, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മതരംഗങ്ങളില്‍പ്പോലും ഇത് ശക്തമായ സ്വാധീനം ചെലുത്തി. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ കേരളത്തിലെ യുവത്വത്തിന്റെ സിംഹ ഭൂരിപക്ഷവും, തിരിച്ചൊരു പറിച്ചുനടല്‍ സാധ്യമാകത്ത വിധം വിവിധ ഗള്‍ഫ് നാടുകളില്‍ വേരുകളാഴ്ത്തിക്കഴിഞ്ഞു.

പ്രവാസി യുവത്വവും സാംസ്കാരിക വ്യതിയാനങ്ങളും
മുന്‍‌കാലങ്ങളിലെ പ്രവാസത്തേയും പ്രവാസികളെയും ഇന്നുമായി ഒരു താരതമ്യം ചെയ്യുമ്പോള്‍, ഇന്നത്തെ പ്രവാസികള്‍ ഏറെ സ്വതന്ത്രരും യാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നവരുമാണെന്നു കാണാം. നിരവധി സാംസ്കാരിക, സാമൂഹിക സംഘടനകള്‍ പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമ സേവനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പലതും പ്രവാസികള്‍ക്ക്തന്നെ ബാധ്യതകളാകുകയും, സംഘര്‍ഷങ്ങള്‍ക്ക് വഴിത്താരകള്‍ തീര്‍ക്കുകയും ചെയ്യുന്നുണ്ട് എന്നൊരു കൂട്ടി വായന നന്നായിരിക്കും. സേവനങ്ങളും പ്രവര്‍ത്തനങ്ങളും താല്പര്യമുക്തമോ ലാഭേഛരഹിതമോ ആക്കാന്‍ ശ്രമിക്കുന്നില്ല എന്നൊരു ആരോപണത്തെ പരിഗണിച്ച്കൊണ്ട് തന്നെ ഇവരില്‍ പലരും സേവനത്തിന്റെ മാത്യകകളാകുന്നുവെന്നതും പരാമര്‍ശിക്കാതെ വയ്യ. സൗദി അറേബ്യയിലെ ദമ്മാം നഗരത്തില്‍ മാത്രം നൂറ്റിനാല്പത്തി‌യെട്ടോളം വ്യത്യസ്ത സംഘടനകള്‍ കടലാസു പുലികളായും, കര്‍മനിരതരായ സേവന സംഘങ്ങളായും പ്രവര്‍ത്തിക്കുന്നുവെന്നത് ആശ്ചര്യജനിതകമാണ്‌. രാഷ്ട്രീയ പ്രസ്ത്ഥാനങ്ങളുടെ പ്രവാസ പ്രായോജകരായ സംഘടനകളും സജീവമാണ്‌. വിനോദങ്ങളേയും കലകളേയും മാത്രം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളും, മതസംഘടനകളുമൊക്കെ മിക്കവാറും എല്ലാ ഗള്‍ഫ് നാടുകളിലും പ്രവര്‍ത്തിക്കുന്നുവെങ്കിലും, പ്രവാസി സമൂഹത്തില്‍ സംഭവിക്കുന്ന സൂക്ഷ്മമായ സാംസ്കാരിക വ്യതിയാനങ്ങളും, ധാര്‍മിക പ്രശ്നങ്ങളും വിലയിരുത്തുന്നതില്‍ ഇവയ്ക്ക് മിക്കതിനും ജാഗ്രതക്കുറവോ പരാജയങ്ങളോ സംഭവിക്കുന്നു.

പ്രവാസി യുവതയ്ക്കിടയില്‍ കുറ്റക്യത്യങ്ങളും സാംസ്കാരിക വൈക്യതങ്ങളും വര്‍ദ്ധിച്ചുവരുന്നുവെന്നത്‌ പ്രത്യേകിച്ച് പനങ്ങളുടെ പിന്‍ബലമില്ലാതെ തന്നെ മനസ്സിലാക്കാവുന്നതാണ്‌. ജയിലുകളില്‍ അടയ്ക്കപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം ഓരോ ഗള്‍ഫ് നാടുകളിലും കൂടി വരുന്നു എന്നാണ്‌ പത്ര വാര്‍ത്തകള്‍ നല്‍കുന്ന് വിവരം. തട്ടിപ്പും, കൊള്ളയും, കൊലയും, പെണ്‍‌വാണിഭങ്ങളൂമടക്കം നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മാഫിയാ സംഘങ്ങള്‍ പ്രവാസത്തിലെ കാണാമറയത്തിരുന്ന് അവരുടെ സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നു. കുടിപ്പകകളും മാത്സര്യങ്ങളും കൊലപാതകങ്ങളിലേയ്ക്ക് വരെ നീളുകയും നാട്ടിലെ കുടുംബങ്ങളിലേയ്ക്ക് കൂടി അത് വ്യാപിക്കുകയും ചെയ്യുന്നു. സൈബര്‍ തട്ടിപ്പുകളിലും അതിന്റെ ഇരകളിലും മലയാളി സാന്നിധ്യം വളരെകൂടുതലാണ്‌. പ്രവാസി സമൂഹത്തില്‍  സംഭവിക്കുന്ന ഈ അവസ്ഥാ വ്യതിയാനം പരിശോധിക്കുമ്പോള്‍ പ്രവാസത്തിന്റെ ഭാവിക്ക് മുകളില്‍ അരൂപിയായി തൂങ്ങുന്ന ഡമോക്ലീസിന്റെ കൂര്‍ത്തവാള്‍ കാണാന്‍ കഴിയുന്നുണ്ട്. ഒപ്പം എന്തൊക്കെയോ ഓര്‍മിപ്പിക്കുന്ന അപായ മണികളുടെ ശബ്ദമില്ലാത്ത ശബ്ദവും.

തിരിച്ചു വരവിന്റെ പ്രവാസം
ഒരിക്കലും മടങ്ങാന്‍ കഴിയാത്ത വിധത്തിലിള്ള ഒരു ഏണിയും പാമ്പും കളിയായ പ്രവാസത്തില്‍ നിന്നും നാം പരമമായി നേടുന്നതെന്ത് എന്ന ചോദ്യം വളരെ പ്രസക്തമാണ്‌. എത്ര പ്രവാസികള്‍ക്ക് ഈ ചോദ്യത്തിന്റെ ഗൗരവം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും? ഒരിക്കലും ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കാത്ത ഒരുജന്മനാടാണ്‌ ഒരോ പ്രവാസിയേയും കാത്തിരിക്കുന്നത്.  കേരളത്തിന്റെ സവിശേഷമായ സ്വയം പര്യാപ്തത കേരളത്തിന്‌ എന്നേ നഷ്ടമായിരിക്കുന്നു. മലയാളികളെ ഭക്ഷിപ്പിച്ചിരുന്ന വിശലമായ വയലേലകള്‍ അപ്രത്യക്ഷമായിരിക്കുന്നു. പരശ്രയത്വത്തിന്റെ നുകം ചുമക്കാന്‍ വയ്യാത്തതു കൊണ്ട് പ്രവാസികളാകേണ്ടി വന്ന ഒരു തലമുറയുടെ പിന്മുരക്കാറ് ഈ പ്രവാസം കൊണ്ട് നേടിയത് ഒരിക്കലും ഒഴിവാക്കനാവത്ത പരാശ്രയത്വം. ഒരു സമൂഹത്തിന്റെ പുരോഗതിയെന്നത് വിലയിരുത്തപ്പെടേണ്ടത് ഒന്നോ രണ്ടോ തലമുറയുടെ സുഖലോലുപതയിലോ, യമണ്ടന്‍ കോണ്‍‌ക്രീറ്റ് സൗധങ്ങളുടെ നിരയൊത്ത വ്യാപനത്തിലെ ദ്യശ്യ ഭംഗിയിലോ, നെടുനീളന്‍ റോഡുകളില്‍ നിരന്നു പായുന്ന വാഹങ്ങളിലൊ അതുമല്ലെങ്കില്‍ ഇന്നലെകളിലെ സ്വപ്നങ്ങല്‍ ഇന്ന് കൈക്കുമ്പിളിലൊതുക്കൊന്നതിലോ ആണോ എന്നതാണു നാം ഉത്തം അന്വേഷിക്കേണ്ട ചോദ്യം.

ഒരു സമൂഹത്തിലെ ചടുലമായ ഉച്ഛ്വാസ നിശ്വാസങ്ങളാണ്‌ അതിലെ കൗമാരവും യൗവ്വനവും. പ്രതീക്ഷകള്‍ പൂത്തുനില്‍ക്കുന്ന ചടുലമായ യൗവ്വനത്തിന്റെ അഭാവമാണ്‌ പല നാഗരികതകളേയും സാമ്രാജ്യങ്ങളേയും തകര്‍ത്തതും പിന്നോട്ടടിച്ചതും. പ്രവാസത്തിന്റെ ശീതളിമയിലും ജന്മനാട് നല്‍കുന്ന സ്വാതന്ത്രം അനുഭവിക്കാന്‍ സാധിക്കതെ കഴിയേണ്ടി വരുന്ന യുവജനങ്ങളില്‍ ഒരുതരം മാനസിക മരവിപ്പ് പടരുന്നുവെന്നാണ്‌ സാമൂഹ്യ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.  സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ഒരു യുവസമൂഹം വളര്‍ന്നു വരുന്നുവെന്നത് പ്രവാസ സംഘടനകള്‍ അതീവ ഗൗരവത്തോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. ഏത് പ്രവാസത്തിനും ഒരു അവസാനമുണ്ട്. ആ തിരിച്ചറിവാണ്‌ നാം ഉണ്ടാക്കിയെടുക്കേണ്ടത്. അഥാണ്‌ ചരിത്രം നല്‍കുന്ന പാഠം. മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ എഴുതിയ വിഖ്യാതമായ ഗ്രന്ഥമാണ്‌ ചരിത്രം നല്‍കുന്ന പാഠം എന്ന ശീര്‍ഷകത്തിലുള്ളത്. ശുഷ്ക ചിന്തയുടെ മതില്‍ക്കെട്ടുകള്‍ പൊളിച്ച് വിശാലമായ ഒരു സാമൂഹിക വായനയ്ക്ക് അവസരമൊരുക്കുന്ന ആ ഗ്രന്ഥം, ലോകത്തെ നിരവധി ചരിത്ര വൈപരീത്യങ്ങളും, അനുഭവ പാറങ്ങളും ചര്‍ച്ചയാക്കുന്നുണ്ട്. ബ്യഹത്തായ ഒരു ആലോചനാലോകം തുറന്നിടുന്ന ആപുസ്തകം അവസാനിക്കുന്നത് സുപ്രസിദ്ധമായ ഒരു പരാമര്‍ശത്തോടെയാണ്‌. അത് ഇപ്രകാരമാണ്‌. " ചരിത്രത്തില്‍ നിന്നും ആരും ഒന്നും പഠിക്കുന്നില്ല; അതാണത്രേ ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം"

Sep 13, 2011

അല്‍ ഹ‌ഗ്‌ല്‍: മനം മയക്കുന്ന അറേബ്യന്‍ വിസ്മയ തീരം

അല്‍ ഹ‌ഗ്‌ല്‍:
മനം മയക്കുന്ന അറേബ്യന്‍ വിസ്മയ തീരം
എം എസ് ഷൈജു, കൊല്ലം

റേബ്യന്‍ മണല്‍ക്കാടുകളിലെ വിജനമായ നിശബ്ദതകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പ്രക്യതി സൗന്ദര്യത്തിന്റെ അനേകായിരം ദ്യശ്യവിസ്മയങ്ങളിലൊന്നു മാത്രമാണ്‌ ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഹഗ്‌ല്‍ ബീച്ച്. നയനാന്ദത്തിന്റെ സ്വര്‍ഗീയനുഭൂതി ചുരത്തുന്ന പ്രക്യതിയുടെ ദൈവീക വരദാനം. വിരസതയുടേയും മടുപ്പിന്റേയും കനല്‍ക്കാറ്റുകള്‍ ആഞ്ഞു വീശുന്ന മരൂഭൂമിയുടെ ആന്തരിക സ്പന്ദനങ്ങള്‍ പലപ്പോഴും പുറം ലോകം അറിയാതെ പോകുന്നവയില്‍ ചിലതു മാത്രമാണ്‌. അറേബ്യന്‍ മണലാരണ്യത്തിന്റെ പുറം ചിത്രങ്ങള്‍ക്കുള്ളില്‍ അനര്‍ഘസൗന്ദര്യത്തിന്റെ ഗൂഢമന്ദസ്മിതം പൊഴിക്കുന്ന ഇത്തരം നിരവധി കാഴ്ചകളെക്കുറിച്ചുള്ള അറിവായിരുന്നു രണ്ടായിരം കിലോമീറ്റര്‍ ദൂരത്തെ അല്‍ ഹഗ്‌ല്‍ ബീച്ചിലേക്കൊരു യാത്ര പോകാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. മരുഭൂമിയുടെ ഉള്ളുണര്‍ത്തുന്ന കാഴ്ചകളുടെ അദ്ഭുത ലോകത്തേക്കാണ്‌ ആ യാത്ര ഞങ്ങളെ നയിച്ചത്.
വിരസമായ മണല്‍ക്കടുകള്‍ക്കുള്ളില്‍ വര്‍ണ്ണിച്ചു തീര്‍ക്കാന്‍ കഴിയാത്ത സൗന്ദര്യത്തിന്റെ നിറക്കൂട്ടുകളാല്‍ ചാലിച്ച പ്രക്യതിയുടെ പ്രസരിപ്പുകള്‍ അനവധിയാണ്‌. അറേബ്യന്‍ സാംസ്കാരികതയില്‍ നിന്നുമുള്ള ഒരു ദിശാവ്യതിയാനം ഭയപ്പെടുന്നതു കൊണ്ട് കൂടിയാകണം ടൂറിസത്തെ ഇവിടങ്ങളില്‍ വേണ്ടത്ര പ്രോസത്സാഹിപ്പിക്കാത്തത്. അല്ലായിരുന്നുവെങ്കില്‍ സഞ്ചാരികളുടെ പറുദീസയായി ഇവിടങ്ങള്‍ മാറുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
ഞങ്ങള്‍ തബൂക്കില്‍ നിന്നും രാവിലെ തന്നെ പുറപ്പെട്ടു. തബൂക്കില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ ദൂരെയാണ്‌ ഹഗ്‌ല്‍ ബീച്ച്.പട്ടാണാതിര്‍ത്തി വിട്ടു കഴിഞ്ഞപ്പോള്‍ തന്നെ മനമുണര്‍ത്തുന്ന പുറം കാഴ്ചകളുടെ ഉറവ വറ്റാത്ത ദ്യശ്യവിരുന്നും ആസ്വദിച്ച് ഞങ്ങളിരുന്നു.മനോഹരമായ പ്രക്യതിയുടെ ശില്പ ചാതുരി. പുറത്തിറങ്ങി നിന്ന് കുറേ ചിത്രങ്ങളെടുക്കണമെന്നു തോന്നി. ആകാശത്തേയ്ക്ക് തലയെടുത്തു നില്‍ക്കുന്ന വ്യതസ്ത ആക്യതിയിലും രൂപത്തിലുമുള്ള മലമടക്കുകള്‍ വിവിധ വര്‍ണരാജികളെ ലയിപ്പിച്ചു ചേര്‍ത്ത ഒരു കൂറ്റന്‍ ക്യാന്‍‌വാസിലെ ചിത്രങ്ങള്‍ പോലെ തോന്നിപ്പിച്ചു.കമ്പ്യൂട്ടറിന്റെ സ്ക്രീനില്‍ അഴകോടെ തെളിയുന്ന വാള്‍ പേപ്പറുകള്‍ പലതും ഇവിടെ നിന്നുമുള്ള ദൂരക്കാഴ്ച്ചകളാണെന്ന് കൂടെയുള്ള സുഹ്യത്ത് വിശദീകരിച്ചു. നാലു ഭാഗവും വിടര്‍ന്നു നില്‍ക്കുന്ന പടു കൂറ്റന്‍ താമരയിതളുകള്‍ പോലെ തോന്നിക്കുന്ന പര്‍വതങ്ങള്‍. അതിനിടയ്ക്കു കൂടി ഒരു തോണി തുഴയുന്നതു പോലെ ഞങ്ങളുടെ കോസ്റ്റര്‍ വാന്‍ മെല്ലെ സഞ്ചരിച്ചു.ആ മല മടക്കുകളില്‍ കയറി നിന്നു ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. "ഹേ സഞ്ചാരികളേ! നിങ്ങളെവിടെയാണ്‌? പ്രക്യതിയുടെ വിരല്‍ പാടുകള്‍ പതിഞ്ഞ്‌ കിടക്കുന്ന ഈ മനോഹാരിതകള്‍ നിങ്ങള്‍ കാണുന്നുല്ലേ"
വളവുകളും തിരിവുകളുമുള്ള സിംഗിള്‍ റോഡിലൂടെ വാന്‍ ചീറിപ്പായുന്നു. ഹഗ്‌ലിന്റെ തീരമണയാനുള്ള ആവേശം വാഹനത്തിനുള്ളതു പോലെ തോന്നി.
 
ദൂരെ നീലപ്പട്ട് വിരിച്ചതു പോലെ ചെങ്കടലിന്റെ ദ്യശ്യം കാണാം. ഹഗ്‌ലിന്റെ ദൂരക്കാഴ്ച്ചയാണ്‌.തികച്ചും വ്യതസ്തമായ ഭൂപ്രക്യതി. വരികള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കാത്ത ത്രസിപ്പിക്കുന്ന സൗന്ദര്യമാണ്‌ ഹഗ്‌ലിന്റെ വിദൂര വീക്ഷണം. നീലപ്പരവതാനിക്കപ്പുറം ഇളം വെയിലിന്റെ സുവര്‍ണ്ണ രശ്മികളില്‍ തിളങ്ങുന്ന പര്‍‌വത ശിഖരങ്ങള്‍. വ്യത്യസ്ത രൂപങ്ങളില്‍ കൊത്തിവെച്ച ശില്പങ്ങളുടെ ചാതുര്യത്തോടെ ആകാശ നോട്ടം നടത്തുന്ന മല മടക്കുകള്‍ക്കിടയിലേക്ക് കടല്‍ ലോപിച്ച് ചേരുന്നത് ഹഗ്ഗ്‌ലിന്റെ മാത്രം കാവ്യ ഭംഗിയാണ്‌.
വളഞ്ഞു പുളഞ്ഞ് താഴേക്കു നീളുന്ന പാതയ്ക്കിരുവശവും മനോഹരങ്ങളായ ചെടികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു.പാതയുടെ ഒരു വശം പൂര്‍ണ്ണമയും മലകളാണ്‌. മറുഭാഗത്ത് വിവിധ ആക്യതിയിലും വര്‍ണ്ണങ്ങളിലുമുള്ള മനോഹരങ്ങളായ റിസോര്‍ട്ടുകളും ടൂറിസ്റ്റ് ബംഗ്ലാവുകളും നിര നിരയായി കാണുന്നു.കോവളം ബീച്ചിലേക്കുള്ള വഴിയാണ്‌ പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞത്.വിവിധ രാജ്യക്കാരായ സഞ്ചാരികള്‍ ഇവിടെ വരുന്നുണ്ട്.ടൂറിസം ഒരു വരുമാന മാര്‍ഗമല്ലാത്തതു കൊണ്ടാണത്രേ ഈ സ്ഥലങ്ങള്‍ക്കൊന്നും വലിയ പ്രചാരം നല്‍കാത്തത്. റിസോര്‍ട്ടുകളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ക്യത്രിമ വിനോദത്തിനായുള്ള നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും നോക്കിയാല്‍ കടലിലേക്ക് നീണ്ടു കിടക്കുന്ന നീളന്‍ പൂമുഖമുള്ള മനോഹരങ്ങളായ വീടുകളുടെ ഒരു ശ്യംഖല തന്നെ കാണാം. സമ്പന്നരായ സൗദികള്‍ പണികഴിപ്പിച്ചിട്ടിരിക്കുന്ന വിശ്രമ ബംഗ്ലാവുകളാണവ . ഇടയ്ക്ക് ഈ അനര്‍ഘ സൗന്ദര്യം നുകരാന്‍ സകുടുംബം താമസിക്കുന്നതിനാണ്‌ ഈ സ്വപ്ന സൗധങ്ങള്‍ പണി കഴിപ്പിച്ചിട്ടിരിക്കുന്നത്.കൂടെയുള്ള തബൂക്കുകാരന്‍ സുഹ്യത്ത് ഞങ്ങള്‍ക്ക് ഒന്നാന്തരമൊരു ഗൈഡായിരുന്നു. ഞങ്ങള്‍ ഇപ്പൊഴും വാഹനത്തില്‍ തന്നെയാണ്‌. തൊട്ട്മുന്നില്‍ സൗദി അതിര്‍ത്തി അവസാനിക്കുന്നു. ഇനി മുന്നോട്ട് പോകണമെങ്കില്‍ ജോര്‍ദാന്‍ വിസ വേണം. ചെക്ക് പോയന്റിനു തൊട്ടുമുമ്പിലായി ഞങ്ങള്‍ വാഹനം നിര്‍ത്തി. വളരെ തിരക്കു കുറഞ്ഞ അതിര്‍ത്തി ചെക്ക്പോസ്റ്റ്


നീണ്ട് ഉയരമുള്ള ഒരു കടല്‍ത്തിട്ടയിലാണ്‌ ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.താഴേക്ക് ഇറങ്ങിപ്പോകാനുള്ള മനോഹരങ്ങളായ പടവുകളുണ്ട്.നീലക്കടലിന്റെ വിദൂരതയില്‍ ഒരു പരവതാനി പോലെ കാണുന്നത് ഇസ്രായേലാണെന്ന് സുഹ്യത്ത് വിശദീകരിച്ചു.രാത്രിയില്‍ അവിടെ തെളിയുന്ന വെളിച്ചം കടലിനെ കൂടുതല്‍ മനോഹരിയാക്കുന്നുണ്ട്. മൂന്നു രാജ്യങ്ങള്‍ കാഴ്ചയുടെ വിദൂര വിരുന്നൊരുക്കി കാത്തിരിക്കുന്നുവെന്നതാണ്‌ ഹഗ്‌ലിന്റെ ഒരു സവിശേഷത.ജോര്‍ദാന്‍, ഇസ്റായേല്‍, ഈജിപ്ത് എന്നിവയാണവ. ഒരു രാജ്യത്തു നിന്നും മറ്റു മൂന്നു രാജ്യങ്ങള്‍ വീക്ഷിക്കുക! ഇതൊരു അനല്പമായ ആശ്ചര്യം തന്നെ. രാത്രിയില്‍ നിലാവു ചൊരിയുന്ന ചന്ദ്രക്കീറു പോലെ ഈജിപ്തും മനോഹരമായി കാണാം. വ്യത്തിയായി സം‌രക്ഷിച്ചിരിക്കുന്ന ഹഗ്‌ലിന്റെ തീരവും ഏറെ മനോഹരമാണ്‌. കുസ്യതിയുടെ താളത്തില്‍ കരയോട് കിന്നാരം പറഞ്ഞടുക്കുന്ന തിരകളുടെ ലവണ സൗന്ദര്യമാണ്‌ ബീച്ചുകളെ മനോഹരമാക്കുന്നത്. തിരയൊഴിഞ്ഞ അലസമായ അറേബ്യന്‍ ബീച്ചുകളില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്‌ ഹഗ്‌ല്‍. സാമാന്യം ശക്തമായ തിരകളാണ്‌ ഹഗ്‌ലിനെ വ്യതസ്തയാക്കുന്നത്. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കിന്നാര മൊഴികളുടെ മഞ്ചാടിച്ചെപ്പ് തുറന്നു വെയ്ക്കുന്ന കാമുകീ ഭാവമാണ്‌ ഹഗ്‌ലിന്റെ തീരങ്ങള്‍ക്കുള്ളത്. ഈന്തപ്പനകളുംനിരവധി വ്യത്യസ്തങ്ങളായ വ്യക്ഷങ്ങളും കൊണ്ട് നിബിഢമായ ഒരു മനോഹര തോട്ടമാണു ബീച്ചിലേക്ക് നമ്മെ സ്വാഗതം ചെയ്ത് നില്‍ക്കുന്നത്. ഹഗ്‌ലിന്റെ മനോഹര തീരത്തെ അണിയിച്ചൊരുക്കിയിരിക്കുകയാണ് ഈ തോട്ടം.ചലിക്കുന്ന വീടുമായി ഒരു സൗദി കുടുംബം അവിടെ തമ്പടിച്ചിരിക്കുന്നു.ജനറേറ്ററും, ലൈറ്റിംഗ് സിസ്റ്റവും, എയര്‍ കൂളറും, ടി.വി ആന്റിനയുമൊക്കെയായി ഒരു ഡൈനകാരിയറും കൂടെയുണ്ട്. ക്യാമ്പ് ചെയ്യുന്നിടത്ത് സുഖമായി തങ്ങാനുള്ള മുഴുവന്‍ സം‌വിധാനവും ആ ട്രക്കിലുണ്ട്. ഇത് അറബികളുടെ ഒരു പൊതു സ്വഭാവമാണ്‌. സകുടുംബ സഞ്ചാരങ്ങളില്‍ അവശ്യം വേണ്ട് മുഴുവന്‍ സൗകര്യങ്ങളും അവര്‍ കരുതിയിരിക്കും.
ചെങ്കടലിലെ സൂര്യാസ്തമയം ഒരു വിസ്മയക്കാഴ്ചയാണ്‌. അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങളില്‍ കടല്‍ കുങ്കുമപ്പൊട്ട് വിതറിയതു പോലെ ചുവക്കും. ചെങ്കടലില്‍ ധാരാളമായി കാണപ്പെടുന്ന വ്യതസ്തങ്ങളായ പവിഴപ്പുറ്റുകളാണ്‌ കടലിനെ ഇത്രയധികം ചുവപ്പിക്കുന്നത്. അതു കൊണ്ടാണത്രേ ചെങ്കടല്‍ എന്ന പേരു വന്നത് തന്നെ.
കടലിനെ ചുംബിച്ച് നില്‍ക്കുന്ന മനോഹരമായ മലയില്‍ നീന്തിക്കയറണമെന്ന് തോന്നി.പക്ഷേ ശക്തമായ വലകള്‍ കൊണ്ട് ബീച്ച് സുരക്ഷിതമാകിയിട്ടുണ്ട്. ഒരു പരിധിക്കപ്പുറത്തേക്ക് നീന്താന്‍ കഴിയില്ല. സുരക്ഷിതത്വത്തിന്‌ വലിയ പ്രാധാന്യമാണ്‌ സൗദി സര്‍ക്കാര്‍ കൊടുക്കുന്നത്.ബീച്ചിന്റെ മറു ഭാഗത്തായി മനോഹരമായ ഒരു ഹാര്‍ബര്‍ കാണാം. ചെറിയ കപ്പലുകളും ബോട്ടുകളും വരികയും പോകുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് മടങ്ങേണ്ട സമയമായി.ഓര്‍മക്കളുടെ നിറക്കൂട്ടില്‍ ഓര്‍ക്കാന്‍ സുഖവും മണവുമുള്ള നിറങ്ങളും ചാലിച്ച് ഞങ്ങള്‍ ഹഗ്‌ലിനോടു വിട പറഞ്ഞു.പിന്നില്‍ അക്ഷരങ്ങളുടെ വളവുകളിലും തിരിവുകളിലും ഒതുങ്ങാത്ത സ്നിഗ്ദ്ധസൗന്ദര്യവുമായി ഹഗ്‌ല്‍ സഞ്ചാരികളെ മാടിവിളിക്കുന്നു.
msshaiju@yahoo.co.in