Nov 21, 2015

പി കെ ദ ലേറ്റസ്റ്റ്




ബോളിവുഡിന്റെ ബോക്സോഫിസ് ചരിത്രം തിരുത്തിക്കുറിക്കാനായി ചൊവ്വാ ഗ്രഹത്തിൽ നിന്ന് രാം കുമാർ ഹിരണി ഏരിയൽ ഷിപ്പിൽ ഏറെ കഷ്ടപ്പെട്ട് കൊണ്ട് വന്ന അവതാരമാണ് പി കെ. വന്ന ഉദ്ദേശം ഭംഗിയായി നിർവഹിച്ച് പികെ മടങ്ങിപ്പോയി. പെട്ടിക്കണക്കിന് കാശ് സ്വന്തം കൊട്ടയ്ക്കുള്ളിലാക്കിയെന്ന് ചുരുക്കം. പക്ഷേ നമ്മുടെ ഈ പി കെ അതുക്കും മേലെയാണ്. കൊട്ടയ്ക്കുള്ളിൽ എന്തൊക്കെ വീഴുമെന്ന് അറിയാൻ കാത്തിരിക്കുക തന്നെ വേണം. കക്ഷി മറ്റാരുമല്ല; ചരിത്രത്തിൽ ആദ്യമായി കണ്ണൂർ കോർപറേഷൻ ഇടതുപക്ഷത്തിന്റെ ബാലൻസ് ഷീറ്റിൽ വരവ് വെപ്പിച്ച് കൊടുത്ത മൂത്ത കോൺഗ്രസുകാരനാണ് ആള്. കണ്ണൂരിന്റെ സ്വന്തം പി കെ രാഗേഷ്. വരവിന്റെ ഉദ്ദേശം അങ്ങോർക്ക് തന്നെ നല്ല നിശ്ചയം പോരെന്നാണ് അഭിനവ പി കെ ചരിതത്തിലെ പുതിയ അധ്യായങ്ങൾ വിളിച്ചോതുന്നത്. ശർക്കര വരട്ടിക്ക് വേണ്ടി ഉരലിൽ തലയിട്ട മണവാളന്റെ കഥയെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ പി കെ ചരിതം. ഇലക്ഷൻ എന്നാൽ ജനാധിപത്യത്തിലെ ഉത്സവമാണ്. എന്നാൽ സംസ്ഥാന കോൺഗ്രസിന്റെ കാര്യമെടുത്താൽ ഓരോ ഇലക്ഷനും കോണ്രസിലെ ഓരോ കലഹോത്സവങ്ങളാണ്. രാഷ്ട്രീയ മര്യാദയുടെ കൌപീനം പോലും ധരിക്കാതെയുള്ള ചവിട്ടു നാടകങ്ങൾ. എൻ‌ട്രി ലെവൽ നേതാക്കന്മാർ മുതൽ എക്സ്പെയറി ഡേറ്റ് അടുത്ത മൂത്ത നേതാക്കന്മാർ വരെയുള്ള ഖദർ പട്ടാളത്തിന്റെ ആത്മരതിയുടെ ദിനരാത്രങ്ങളാ‍ണ് പിന്നീട് വരുന്നത്.  അത് കാലങ്ങളായി അരക്കിട്ടുറപ്പിച്ച ഒരു പ്രിൻസിപ്പിളാണ്. കെ പി സി സി അല്ല എ ഐ സി സി യോ ഇനി സ്വന്തം തന്തപ്പടി ഹ്യൂം സായ്‌വ് അവതാരപ്പെട്ട് വന്നാൽ പോലുമോ ഈ പ്രിൻസിപ്പിളിനെ പൊളിച്ചെഴുതാൻ സാധിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല.

കോൺഗ്രസിന്റെ കഴിഞ്ഞ കാല ചരിത്രം പരിശോധിച്ചാൽ പി കെ രാഗേഷൊക്കെ വെറും അശുവാണ്. വന്ന വഴിയും ലാൻഡ് ചെയ്ത റൺ‌വേയുമൊക്കെ ഓകെ ആയിരുന്നെങ്കിലും തളികയിറക്കിയ എയർപോർട്ട് മാറിപ്പോയിയെന്ന് മാത്രമേ ഇതിനെപ്പറ്റി പറയാനുള്ളൂ. അഭിനവ പി കെയുടെ തളിക ലാൻഡ് ചെയ്തത് കണ്ണൂർ ശിങ്കം സുധാകരന്റെ സ്വന്തം എയർപോർട്ടിലായിരുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പൊതുസ്വഭാവത്തിൽ നിന്ന് അല്പം ഇടത്തോട്ട് മുഴച്ച് നിക്കുന്ന ക്യാപ്റ്റൻ സുധാകരൻ‌ജിയുടെ സ്വന്തം എയർപോർട്ടിൽ ഇറങ്ങിക്കളിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻ‌കരുതലുകളിൽ അഭിനവ പികെയ്ക്ക് പറ്റിയ പാളിച്ചയാണ് സംഗതി കുളമാക്കിയത്. കോൺഗ്രസിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ജയിച്ചു വന്ന വിമതന്മാരെ പൂമാലയിട്ട് സ്വീകരിച്ച ചരിത്രമാണുള്ളത്. അങ്ങ് തിരുവനന്തപുരത്ത് പത്തിരുപതാണ്ട് മുമ്പ് അത് ബോധ്യപ്പെടുത്തിക്കൊടുത്ത ആളാണ് ശ്രീമാൻ എം എ വാഹിദ്. വാഹിദ് മാത്രമല്ല എണ്ണിയാലൊടുങ്ങാത്ത ഒരു പിടി ഒന്നാന്തരം കോൺഗ്രസുകാർ ഈ വഴിയേ സഞ്ചരിച്ചിട്ടുള്ളവരാണ്. ജയിച്ചു കയറിയാൽ പിന്നെ ഡബിൾ പവറാണെന്നതാണ് പലരേയും ഈ റിസ്ക്കെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. എന്നാൽ ഇതൊക്കെ കോൺഗ്രസിന്റെ പഴയ കഥയാണെന്നും ഈയടുത്തകാലത്തായി കോൺഗ്രസ് ആദർശത്തിന്റെ അരിയുണ്ട രാഷ്ട്രീയ ധാർമികതയുടെ ചെറുതേനിൽ മുക്കി നാലുനേരം സേവിക്കുന്നുണ്ടെന്നും പി കെ രാഗേഷ് മനസിലാക്കിയില്ല. കോൺഗ്രസിന് വേണ്ടി അടിയും വെട്ടും കൊണ്ട് തഴക്കം വന്ന ശരീരമാണ് രാഗേഷിന്റേതെങ്കിലും പാർട്ടിക്ക് വന്ന് ഭവിച്ച സംശുദ്ധമായ ആദർശ ബോധമെന്ന മഹാമാരിയെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന്റെ മനസ് ഇനിയും പാകപ്പെടാഞ്ഞതാണ് കാര്യങ്ങൾ ഇത്രമേൽ വഴളാക്കിയത്. കണ്ണുരിലെ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുത്തതിൽ മുൻ‌നിരയിൽത്തന്നെയുണ്ടായിരുന്ന പി ഗോവിന്ദന്റെ മകനാണ് പി കെ രാഗേഷ്. ഒരാഴ്ച മുമ്പ് കെ പി സി സിയും ഡി സി സിയും ഐയും എ യും ഒക്കെ തോളോട് തോൾ ചേർന്നാണ് പി ഗോവിന്ദന്റെ ചരമ വാർഷികം ആചരിച്ചതും പുഷ്പമാല ചാർത്തിയതും. ആചരണത്തിന്റെ ചൂട് ആറുന്നതിന് മുമ്പ് തന്നെ ആ സ്മ്യതി മണ്ഡപം ഏതോ കശ്മലന്മാർ തൂഫാനാക്കിക്കളഞ്ഞിരിക്കുന്നു. അച്ചന്റെ തഴമ്പ് മകനിൽ തപ്പാൻ പറ്റില്ലയെന്ന് വെളിവാക്കാനാണോ ആവോ ഈ പാതകം ചെയ്തത്? അടിക്കടി ഉദ്ദേശലക്ഷ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഒരു വിചിത്രാവതാരമെന്നാണ് കോൺഗ്രസുകാരിയായ സുമ ബാലക്യഷ്ണൻ ഈ പികെയെക്കുറിച്ച് പ്രസ്താ‍വിച്ചിട്ടുള്ളത്. പ്രസവിച്ച് കിടക്കുന്ന രാഷ്ട്രീയക്കാരോടും.. ശ്ശൊ.. തെറ്റിപ്പോയി, പ്രസവിച്ച് കിടക്കുന്ന പെൺപട്ടിയോടും ഇച്ഛാഭംഗം നേരിട്ടു നിൽക്കുന്ന രാഷ്ട്രീയക്കാരോടും കളിക്കുമ്പോൾ ഒന്നു സൂക്ഷിക്കണമെന്നാണ് കാരണവന്മാർ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. ഇതൊന്നും അറിയാത്ത കോൺഗ്രസുകാരനാണോ പി കെ രാഗേഷ്? എങ്കിൽ കഷ്ടം എന്നു മാത്രമേ പറയുന്നുള്ളൂ. എന്തായാലും കൊട്ടയുടെ കാര്യം മറക്കണ്ട. തിരിച്ചു പോകുമ്പോൾ വല്ല ഒണക്കത്തേങ്ങയോ‍ നെല്ലോ ഒക്കെ വാങ്ങി നിറയ്ക്കാൻ നോക്കൂ. അടുത്ത ഇലക്ഷൻ വരെ ഇനിയും കഴിച്ചു കൂട്ടേണ്ടേ? 

No comments:

Post a Comment

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....