Sep 12, 2013

അൻസാർ ഇപ്പോൾ എവിടെയായിരിക്കും?






വൈകുന്നേരം ഓഫീസിൽ ഇരിക്കുമ്പോഴാണ് ആ ഫോൺ കോൾ വരുന്നത്. അങ്ങേത്തലയ്ക്കൽ ഒരു സുഹ്യത്താണ്. ജോലി കഴിഞ്ഞ് അത്യാവശ്യമായി ഒന്ന് കാണണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.വിളിച്ചയാൾ അനാവശ്യമായി ഫോൺ കാളുകൾ ചെയ്യുന്ന ആളല്ലാത്തത് കൊണ്ടും  വിളിക്ക് പിന്നിലെ അത്യാവശ്യം ബോധ്യമായത് കൊണ്ടും ജോലി കഴിഞ്ഞ് നേരേ അദ്ദേഹം പറഞ്ഞിടത്തേയ്ക്ക് ഡ്രൈവ് ചെയ്തു.
അൻപത് ഡിഗ്രിയിൽ തിളയ്ക്കുന്ന അറേബ്യൻ ചൂടിന്റ്റെ തീക്ഷ്ണത വിട്ട് മാറാത്ത സായാഹ്നം. വേവിൽ പിഴിഞ്ഞെടുക്കുന്ന നീരാവി അന്തരീക്ഷത്തിൽ ഒരു നീരാ‍ളിയെപ്പോലെ പടർന്ന് നിൽക്കുന്നു. പുറത്തിറങ്ങുമ്പോൾ തന്നെ അസ്വസ്ഥമാക്കിക്കൊണ്ട് മുഖത്തേയ്ക്ക് അടിച്ചു കയറുന്ന ഹ്യുമിഡിറ്റി. പാർക്ക് ബെഞ്ചിൽ എന്നെയും കാത്ത് അദ്ദേഹമിരിക്കുന്നുണ്ടായിരുന്നു.. “സംഗതി നിസാരമെന്ന് തോന്നുമെങ്കിലും അല്പം ഗൌരവമുള്ളതാണ്“ അദ്ദേഹം പറഞ്ഞ് തുടങ്ങി. അയാളുടെ ഒരു പരിചയക്കാരനെക്കുറിച്ചാണ് സംസാരിക്കുന്നത്.
അൻസാർ. അതാണ് അയാളുടെ പേര്. (സ്വകാര്യതയ്ക്കായി പേര് മാറ്റിയിട്ടുണ്ട്) നേരത്തേയുള്ള ഒരു പരിചയക്കാരനാണ്. അറിയപ്പെടുന്ന ഒരു സ്വകാര്യ കമ്പനിയിൽ സെയിത്സ് എക്സിക്യൂട്ടിവായി ജോലി. വീട് മലപ്പുറം ജില്ലയിൽ. വിദ്യാ സമ്പന്നൻ. മറ്റ് അനാവശ്യങ്ങളിലൊന്നും ഇടപെടാറില്ല. ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തുന്നു; കുളി കഴിഞ്ഞ് നേരെ കിടക്കയിൽ വിശ്രമം. വല്ലപ്പോഴും മാത്രം ഏതെങ്കിലും സുഹ്യത്തുക്കളേ കാണാൻ പുറത്ത് പോകുന്ന പ്രക്യതം. മെസ്സിൽ നിന്നുമുള്ള ഭക്ഷണം. ആർക്കും ശല്യക്കാരനല്ല. മാന്യൻ. ഇദ്ദേഹമാണ് കേന്ദ്ര കഥാപാത്രം. ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു.അയാൾ അവസാന വെക്കേഷൻ കഴിഞ്ഞ് വന്നിട്ട് പതിനഞ്ച് മാസമായി. അടുത്ത വെക്കേഷൻ ഡ്യൂ ആയിട്ട് നാലു മാസത്തോളമായി.
കേൾവിക്കാരൻ എന്ന നിലയിലെ എന്റെ ശ്രദ്ധ നിസംഗതയ്ക്ക് വഴിമാറി. ഇതുവരെ കേട്ടതിലൊന്നും ഒരു പുതുമയോ പ്രശ്നമോ എനിക്ക് തോന്നിയില്ല. സാധാരണ ഗതിയിൽ വെക്കേഷനായിട്ടും നാട്ടിൽ പോകാത്തവർ നിരവധിയുണ്ട്. സാമ്പത്തിക പ്രയാസങ്ങളോ കടബാധ്യതയോ ഉള്ളവർ താമസിച്ച് പോകുന്നത് പതിവുള്ള കാര്യവുമാണ്.
“ഇയാൾക്ക് ഇത് രണ്ടുമില്ല. സ്വസ്ഥൻ. വീടുപണി പൂർത്തിയാക്കി. കടങ്ങളൊക്കെ തീർത്തു. എട്ട് മാസങ്ങൾക്ക് മുമ്പ് താമസവുമാക്കി. പുതിയ വീട്ടിലാണേങ്കിൽ ഇതു വരെ പോയിട്ടുമില്ല“
ഞാൻ ആകാംക്ഷയോടെ ഒന്നു നിവർന്നിരുന്നു. സ്വന്തം വീട് എന്നത് എല്ലാ പ്രവാസികളുടേയും ഒരു സ്വപ്നമാണ്. ആ വീട്ടിലേയ്ക്കുള്ള ആദ്യത്തെ യാത്ര ഏറെ ഹരം പകരുന്നതുമാണ്. പിന്നെയും എന്താണ് ഇയാൾ നാട്ടിൽ പോകാത്തത് എന്ന് അന്വേഷിച്ചപ്പോഴാണ് സംഗതിയുടേ ഗൌരവം ബോധ്യമാകുന്നത്. കേൾക്കുന്നവർക്ക് ഒരു പക്ഷേ നിസാരമായി തോന്നിയേക്കാം. 

ഏതാനും മാസങ്ങൾക്ക് മുമ്പ് രണ്ട് മൂന്ന് വിമാനപകടങ്ങൾ അടുത്തടുത്തായി നടന്നിരുന്നു. അതിനിടയിലാണ് എയർ ഇന്ത്യയുടെ ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണ് നിരവധിയാളുകൾക്ക് പരിക്കേറ്റത്. ഈ വാർത്തകൾ അയാളെ ഭയപ്പെടുത്തി. ഒറ്റയ്ക്ക് കിടക്കുമ്പോൾ ആലോചിച്ചതൊക്കെ വിമാന യാത്രയെക്കുറിച്ചാണ്. അനന്തമായിക്കിടക്കുന്ന ആകാശനീലിമയിൽ വെച്ച് വിമാനം തകരാൻ പോകുന്നുവെന്ന വാർത്ത കേൾക്കുന്ന യാത്രികരുടെ മനോവിഭ്രാന്തികളെപ്പറ്റി സങ്കല്പിച്ച് നോക്കി. ചിന്തകൾക്ക് തീ പിടിച്ചു പരിധികൾ ഭേദിച്ച് പാഞ്ഞു. വിമാനമെന്ന വാക്ക്  കേൾക്കുമ്പോൾ പോലും കാലിന്റെ പെരുവിരൽ മുതൽ ഒരു മരവിപ്പും തണുപ്പും പടരുന്നത് അയാളറിഞ്ഞു. രക്തം ഉറഞ്ഞ് കട്ട പിടിക്കുന്നതുപോലെയുള്ള ഒരു തരം മരവിപ്പ്. മനസിനെ നിയന്ത്രിച്ച് നിർത്താൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. താൻ കയറുന്ന വിമാനവും തകരാൻ സാധ്യതയുള്ളതാണെന്ന ചിന്ത ഉള്ളിൽ പിടി മുറുക്കിയിരിക്കുന്നു. വിമാനയാത്ര മാത്രമല്ല എയർ ടിക്കറ്റ് കാണുന്നത് പോലും കാലുകളെ വിറപ്പിക്കുന്നു. രക്ത സമ്മർദ്ദവും നെഞ്ചിടിപ്പും ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ നാലു മാസത്തിനിടയിൽ ആറോളം തവണ നാട്ടിലേയ്ക്ക് പോകാനായി അയാൾ ടിക്കറ്റെടുത്തിരുന്നു. യാത്രാ ദിവസമടുക്കുമ്പോൾ പേടിയും പരിഭ്രമവും വർദ്ധിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്തു കൊണ്ടിരിക്കുകയാണ്. മനസിന് ഒരു ധൈര്യമോ നിയന്ത്രണമോ നൽകാൻ കഴിയാതെ അയാൾ തകർന്ന് കൊണ്ടിരിക്കുകയാണ് .തനിക്ക് ഒരിക്കലും ഇനി നാട്ടിലെത്താൻ കഴിയില്ലെന്ന് അയാൾ ഉറപ്പിച്ചു. ഇത് ആരോടും പങ്ക് വെയ്ക്കാൻ കഴിയാതെ തീവ്രമായ അസ്വസ്ഥതകളോടേ ഇതു വരെ കഴിച്ച് കൂട്ടുകയായിരുന്നു. നാട്ടിൽ നിന്നുമുള്ള നിരന്തരമായ ഫോൺ വിളികൾ അയാളെ കൂടുതൽ തളർത്തി. “എന്നാണ് നാട്ടിൽ വരിക”യെന്ന പ്രിയപ്പെട്ടവളുടെ ഫോൺകോളുകൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് തന്റെ മാനസികാവസ്ഥ വിവരിച്ചപ്പോഴാണ് വീട്ടുകാർക്ക് കാര്യത്തിന്റെ ഗൌരവം ബോധ്യമാകുന്നത്. വീട്ടുകാർ നാട്ടിലെ സൈക്യട്രിസ്റ്റിനെ സമീപിച്ചു. നാട്ടിലെത്തിക്കാതെ ഒരു കൌൺസിലിംഗ് പോലും നടത്താൻ നിർവ്വാഹമില്ല എന്നാണ് സൈക്യാട്രിസ്റ്റിന്റെ മറുപടി. സൈക്യാട്രിസ്റ്റിന്റെ ഫോൺകോളുകൾ അറ്റന്റ് ചെയ്യാൻ പോലും അൻസാറിന് സാധിക്കുന്നില്ല. കൈകൾ വിയർത്ത്, വിറച്ച് ഫോൺ വഴുതി താഴെ വീഴുന്നു. രാത്രയിൽ ഒറ്റക്കിരുന്ന് അൻസാർ വിങ്ങിക്കരയുന്നത് അയാളുടെ കൂട്ടുകാർ പലതവണ കണ്ടിട്ടുണ്ട്. അവരും നിസഹായരാണ്. അയാളെക്കുറിച്ചാണ് സുഹ്യത്ത് എന്നോട് പറയുന്നത്.
ഞാൻ അൻസാറുമായൊന്ന് സംസാരിക്കണം. അതാണ് സുഹ്യത്തിന്റെ ആവശ്യം.പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മാസ് കൌൺസിലിംഗുകൾ നടത്തി പരിചയമുണ്ട് എന്നത് മാത്രമാണ് എനിക്ക് കൌൺസിലിംഗുമായി ആകെയുള്ള ബന്ധം. ഇതാകട്ടെ സങ്കീർണ്ണവും, ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൈകാര്യം ചെയ്യേണ്ട വിഷയവുമാണ്. അത്തരമൊരാളെ അന്വേഷിക്കലായി പിന്നീടുള്ള ഞങ്ങളുടെ പണി. നൂറിലധികം പ്രവാസ സംഘടനകൾ ആ നഗരത്തിൽ മലയാളികളുടേതായുണ്ട്. അധികവും കടലാസ് സംഘടനകളാണ്. പദവിയും അംഗീകാരവും പ്രവാസികളുടെ ദൌർബല്യങ്ങളായി പറയാറുണ്ട്. ഒരു പക്ഷേ ജന്മനാടിൽ അപരിചിതനാകുന്നതിന്റെ സ്വാഭാവിക പ്രതികരണമാകാം. സ്വന്തം ചിലവിൽ പോസ്റ്ററും ബാനറുകളും അച്ചടിപ്പിച്ച് സ്വന്തം ചിത്രം പതിയ്ക്കുന്ന ചെറു നേതാക്കന്മാർ കേരളത്തിലുള്ളത് പോലെയാണ് സ്വന്തമായി സംഘടനകൾ ഉണ്ടാക്കുന്ന ചില പ്രവാസികൾ. വാർത്തകളിലും പ്രസ്താവനകളിലും അകാല ചരമമടയുന്ന ഇത്തരം സംഘടനകൾ ഒഴിവാക്കിയാൽ സാമൂഹ്യ സേവന, ജീവകാരുണ്യ മേഖലകളിൽ ഇടപെടുന്ന നിരവധി സംഘടനകൾ മലയാളികളുടേതായി എല്ലാ ഗൾഫ് നഗരങ്ങളിലുമുണ്ട്. അവരിൽ പലരും ലക്ഷക്കണക്കിന് രൂപയുടെ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നവരാണ്. നിരവധി തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടുകയും അനേകമാളുകൾക്ക് അത്താണിയാവുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇത്തരമൊരു പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് തരാനോ അതിന് കഴിയുന്നവരെ ക്കുറിച്ച് നിർദേശിക്കാനോ അവരും അജ്ഞരാണ്. അന്വേഷണം നിഷ്ഫലമാകുന്നുവെന്ന് കണ്ടപ്പോൾ അൻസാറിനെ ഒന്നു കാണാമെന്ന് ഞാൻ തീർച്ചയാക്കി. ഒരു വൈകുന്നേരം എന്റെ സുഹ്യത്തിന്റെ വീട്ടിൽ അൻസാർ വന്നു. ഞാൻ അയാളുടെ മുഖത്തേക്കൊന്ന് പാളിനോക്കി. വെളുത്ത് സുന്ദരനായ ഒരു ചെറുപ്പക്കാരൻ. വിമാന മാർഗമല്ലാതെ ബസ് മാർഗം നാട്ടിലെത്താൻ കഴിയില്ലേയെന്നാണ് അൻസാർ അന്വേഷിക്കുന്നത്. വിവിധ ഗൾഫ് നാടുകൾ ചുറ്റി ഇറാനിലൂടെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ വഴി ഇന്ത്യയിലെത്താനുള്ള വഴിയാണ് അൻസാർ അന്വേഷിക്കുന്നത്. വിവിധ രാജ്യങ്ങളിലെ വിസപ്രശ്നങ്ങളും നിയമക്കുരുക്കുകളുമൊക്കെയുള്ള ആ മാർഗം നിലവിൽ സാധ്യമല്ലെന്നോ മാസങ്ങൾ അതിനായി വേണ്ടി വരുമെന്നൊ ഞാൻ അൻസാറിനോട് പറഞ്ഞില്ല. തന്റെ പ്രശ്നം സ്വയം ഉൾക്കൊണ്ട്, ദൈന്യതയോടെ അതിന്റെ പരിഹാരമന്വേഷിക്കുന്ന അയാളോട് എനിക്ക് സ്നേഹവും അനുകമ്പയും തോന്നി.
നാളെ എനിക്കും ഇങ്ങനെയൊക്കെ തോന്നാൻ തുടങ്ങിയാൽ ഞാൻ എന്തു ചെയ്യും? ഞാൻ ആലോചിച്ചു. അങ്ങനെ തോന്നാൻ സാധ്യതില്ലെന്ന് പറയാനൊക്കില്ലല്ലോ. ഒരു നൂലിഴ പോലെയാണ് മനസ്. ഏതു നിമിഷവും കൈവിട്ട് വഴുതിപ്പോകാം. എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.

മലയാളിയുടെ പ്രവാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വടക്കേ ഇന്ത്യയും, സിലോണും, ബിലാത്തിയും, റങ്കൂണും, മലേഷ്യയും പിന്നിട്ട് അത് ഗൾഫിലെത്തി നിൽക്കുകയാണ്. പണം ചുരത്തുന്ന കാമധേനുവാണ് പ്രവാസം. പ്രവാസമൊഴുക്കിയ പണത്തിലൂടെ കേരളം സാമ്പത്തികമായി ഏറെ മുന്നേറിയിട്ടുണ്ട്. പക്ഷേ പ്രവാസം സമ്മാനിക്കുന്ന സംഘർഷങ്ങളുടെ വിവിധത്വങ്ങൾ ജീവിതത്തിന്റെ സ്വാഭാവികമായ ആസ്വാദ്യതയ്ക്ക് കുറുകേ കിടക്കുന്നുണ്ട്. ബാച്ചിലേഴ്സായി ജീവിക്കുന്ന വിവാഹിതർ (മാര്യീഡുകൾ) എന്ന സാംസ്കാരിക വൈകല്യത്തെ ഉൾക്കൊള്ളുന്നവരാണ് പ്രവാസികൾ. സമ്പാദിക്കാനായി ജീവിതത്തിന്റെ വൈകാരികതകളെ മയക്കിക്കിടത്താനായി ശ്രമിക്കുമ്പോഴും സദാ ഉണർന്നിരിക്കുന്ന നഷ്ടബോധം പ്രവാസികളെ ചെറുതല്ലാത്ത മാനസിക സംഘർഷങ്ങളിലേയ്ക്കും ചിലരെയെങ്കിലും മാനസിക വ്യതിയാനങ്ങളിലേയ്ക്കും നയിക്കുന്നുണ്ടെന്നാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൌൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് (ഐ സി എസ് എസ് ആർ) ന്റെ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പ്രവാസത്തിന്റെ ശീതളിമയിലും ജന്മനാട് നൽകുന്ന സ്വാസ്ഥ്യവും സ്വാതന്ത്ര്യവും അനുഭവിക്കാൻ സാധിക്കാതെ പ്രവാസികളായി ജീവിക്കുന്ന യുവാക്കൾക്കിടയിൽ ഒരുതരം മാനസിക മരവിപ്പ് പടരുന്നുവെന്നാണ് ഇവർ നിരീക്ഷിക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങളെന്ന മഞ്ഞുമലയുടെ അദ്യശ്യ ഭാഗങ്ങളാണിവ. ഇതൊക്കെ പ്രവാസ സംഘടനകൾ അടിയന്തരമായി ശ്രദ്ധിക്കേണ്ടതും കൂടുതൽ ജാഗ്രത്തോടെ കൈകാര്യം ചെയ്യേണ്ടതുമായ വിഷയ്ങ്ങൾ കൂടിയാണ്.
അൻസാറുമാർ ഒട്ടപ്പെട്ട സംഭവങ്ങളല്ല. പ്രശ്നങ്ങൾ മാത്രമേ മാറുന്നുള്ളൂ. അൻസാറുമാർ ഇല്ലാതെയാകുന്നില്ല. ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ പുതുതായി ജോലിക്ക് വന്ന ‘സെൽ‌വനെ’ ഞാനിപ്പോൾ ഓർക്കുന്നു. മിടുക്കനായ ഒരു അക്കൌണ്ടന്റ്. തമിഴ്നാട്ടുകാരൻ. വന്നിട്ട് മൂന്നുമാസം തികഞ്ഞിട്ടില്ല. പെട്ടെന്ന് ഒരു ദിവസം ഒരു ആവശ്യവുമായി മുറിയിലേയ്ക്ക് വന്നു
“ സർ, എനിക്ക് നാളെ നാട്ടിൽ പോകണം” ഇതായിരുന്നു സെൽ‌വന്റെ ആവശ്യം. ആദ്യം ഞാനൊന്ന് അമ്പരന്നു. ഇന്നലെ വരെ ഞാൻ കണ്ട സെൽ‌വന്റെ മുഖമായിരുന്നില്ല ഇപ്പോൾ അയാൾക്ക്. കരുവാളിച്ച മുഖം. അനന്തതയിഉലേയ്ക്ക് നോക്കി നിർന്നിമേഷനായുള്ള ആവശ്യം. മൂന്നു മാസം പൂർത്തിയാകാതെ ലീവ് അനുവദിക്കാൻ കമ്പനി തയ്യാറാകില്ലയെന്ന് പലരുടേയും മുൻ അനുഭവങ്ങളിൽ നിന്ന് എനിക്ക് നന്നായി അറിയാം. സ്വകാര്യമായി സംസാരിച്ചപ്പോൾ സെൽ‌വൻ എന്നെ ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു. “നാട്ടിൽ പോയില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും സർ” വീണ്ടും സെല്വൻ പുലമ്പിക്കൊണ്ടിരുന്നു. പിറ്റേന്ന് തന്നെ സൽ‌വനുമായി ഞാൻ ദമ്മാമിലെ ഒരു പ്രമുഖ ആശുപത്രിയിലെ മനോരോഗ വിദഗ്ദ്ധനെ കണ്ടു. ഭാഷയറിയാത്ത ആ ഈജിപ്ഷ്യൻ ഡോക്ടർ ഏതാനും ഗുളികകൾ മാത്രം തന്ന് ഞങ്ങളെ മടക്കി വിട്ടു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരാൻ നിർദേശിച്ചു. പക്ഷേ ഒരാഴ്ച കാത്തുനിൽക്കാൻ ശെൽ‌വൻ മനസുണ്ടായില്ല. പിറ്റേന്ന് ഞാൻ അറിഞ്ഞ വാർത്ത, ബാച്ചിലർ ക്യാമ്പിന്റെ രണ്ടാം നിലയിൽ നിന്നും ചാടി നട്ടെല്ലും കൈകാലുകളുമൊടിഞ്ഞ ശെൽ‌വൻ ഒരാശുപത്രിയുടെ അത്യാഹിത വിഭാഗത്തിലുണ്ട് എന്നതായിരുന്നു. ഒരു കുപ്പി പൊട്ടിച്ച് അതിന്റെ ചില്ലും അയാൽ ഉള്ളിലാക്കിയത്രേ!  നാട്ടിലെ കാമുകിയുടെ വിവാഹം ഉറപ്പിച്ച വാർത്തയാണ് അയാളുടെ മനോനില തെറ്റിച്ചതെന്ന് പിന്നീടറിഞ്ഞു. നട്ടെല്ല് പൊട്ടിയ ആ ചെറുപ്പക്കാരനെ സ്ട്രക്ചറിൽ, ഒരു മേജർ സർജറിക്കായി നാട്ടിലേക്കയക്കുമ്പോൾ കൺ കോണുകളിൽ പൊടിഞ്ഞ നീർച്ചാലുകൾക്ക് കുറ്റബോധത്തിന്റേയും നഷ്ട ബോധത്തിന്റേയും ഗന്ധമുണ്ടെന്ന് എനിക്ക് തോന്നി. നന്നായൊന്ന് സംസാരിക്കാനും അയാളെ കേൾക്കാനും ഒരാളുണ്ടായിരുന്നെങ്കിൽ സെൽ‌വൻ ഒരു പക്ഷേ ഇങ്ങനെയൊന്നും ചെയ്യുകയില്ലായിരുന്നിരിക്കാം.
ശെല്വന്റെ ഓർമകൾ നൽകിയ കരുത്തിലാണ് ഞാൻ അൻസാറുമായി സംസാരിച്ചത്. നന്നേ ചെറുപ്പത്തിലേ ഗൾഫിലെത്തിയ ആളാണു അൻസാർ. തന്റെ യുവത്വവും ജീവിതവും ഗൾഫ് തിന്നു തീർക്കുകയാണേന്ന നഷ്ടബോധം അയാളുടെ ഉള്ളിൽ തളം കെട്ടി നിന്നിരുന്നു. എപ്പോഴും പൊട്ടാൻ പാകത്തിൽ നിന്ന നഷ്ടബോധത്തിന്റെ തന്ത്രികളിൽ വന്ന് വീണ ഒരു ആഘാതം മാത്രമായിരുന്നു ആ വിമാനവാർത്ത. കുറേ ദിവസങ്ങളിൽ അൻസാറിനെ ഞങ്ങൾ കൂടെ കൂട്ടി. കുറേയധികം സംസാരിച്ചു. നല്ല സൌഹ്യദങ്ങളില്ലാത്തതും സാമൂഹികബന്ധങ്ങളില്ലാത്തതുമാണ് അൻസാറിന്റെ പ്രശ്നങ്ങളെന്ന് അനുമാനിക്കുന്നു. സുഹ്യത്തും ഞാനും അൻസാറിനെ ബോധപൂർവ്വം പരിഗണിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അൻസാർ നല്ലൊരു ചങ്ങാതിയായി മാറി. പിന്നീട് ഒരിക്കൽ വിളിച്ചത് മറ്റന്നാൾ നാട്ടിലേയ്ക്ക് പോകുന്നുവെന്ന് വാർത്ത പങ്ക് വെച്ച് കൊണ്ടായിരുന്നു. നാട്ടിൽ നിന്ന് അയാളുടെ ഭാര്യയും മക്കളും വിളിച്ചു. അവരുടെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല. ഒരു ഉപദേശം മാത്രമേ ഞാൻ അൻസാറിന് നൽകിയുള്ളൂ. സാധ്യമെങ്കിൽ നാട്ടിൽ തന്നെ നിൽക്കുക. രക്ഷയില്ലെങ്കിൽ മാത്രമേ മടങ്ങിവരാവൂ. ഇന്ന് ഞാനും ഒരു മുൻപ്രവാസിയാണ്. പ്രവാസജീവിതം കുടുംബ സമേതമായിരുന്നെങ്കിലും വീണ്ടുമൊരു പ്രവാസം ഞാനും ഇഷ്ടപ്പെടുന്നില്ല; ഇഷ്ടപ്പെടാത്ത രാഗങ്ങളാണ് ജീവിതത്തിന്റെ സംഗീതം എന്ന് തിരിച്ചറിയുമ്പോഴും. എങ്കിലും ഞാൻ ഇപ്പോഴും അൻസാറിനെ ഓർക്കാറുണ്ട്. അൻസാർ ഇപ്പോൾ എവിടെയായിരിക്കും?


Sep 9, 2013

ഒരു പൂച്ചപ്പുരാണം അഥവാ മലയാളിയുടെ തെക്ക് വടക്ക് ചിന്തകള്‍


കരിയിലകള്‍ മൂടിക്കിടക്കുന്ന വഴിയിലൂടെയാണ് ഞങ്ങള്‍ നടക്കുന്നത്. ദമാം നഗരത്തിലെ ഒരു ഹൗസിംഗ് കോമ്പൗണ്ടിനുള്ളിലെ ഒരു വില്ലയിലേക്കുള്ള വഴിയാണ്. വല്ലപ്പോഴും മാത്രം തുറക്കാറുള്ള വലിയ ഗേറ്റ് തള്ളിത്തുറന്ന് ഞങ്ങള്‍ അകത്തു കടന്നു. കോഴിക്കോട്ടുകാരന്‍ ഉബൈദും മലപ്പുറത്തുകാരന്‍ ഷബീറും തൃശൂരുകാരന്‍ നാസറുമാണ് കൂടെയുള്ളത്. ഒരു പഴയ വില്ലയാണത്. എങ്കിലും പഴമയുടെ വൈരൂപ്യങ്ങളൊന്നുമില്ലാത്ത ഒരു മനോഹരമായ വില്ല. രോഗിയായ വീട്ടുകാരനെ കാണലാണ് വരവിന്റെ ഉദ്ദേശ്യം.
മുറ്റത്ത് നിറയെ ഉണക്കാനിട്ടിരിക്കുന്ന തുണികള്‍ ചിതറിക്കിടക്കുന്നു. മുറ്റത്തിന്റെ ഒരു മൂലയില്‍ അധികം ഉയരമില്ലാത്ത ഒരു ഈന്തപ്പന. കഴിഞ്ഞ സീസണില്‍ കുലച്ച ഈത്തപ്പഴങ്ങള്‍ ഉണങ്ങി ചുക്കിച്ചുളിഞ്ഞ് താഴെ വീണ് കിടക്കുന്നുണ്ട് ഈന്തപ്പനയുടെ ചുവട്ടില്‍ രണ്ട് പൂച്ചകള്‍ ആലസ്യത്തോടെ കിടക്കുകയാണ്. ഞങ്ങളെ കണ്ടിട്ടായിരിക്കണം ‘ആരെടാ ഇവരൊക്കെ’ എന്ന മട്ടില്‍ അവറ്റകള്‍ മെല്ലെയെഴുന്നേറ്റു. അവിടെത്തന്നെ നിന്ന് ഒന്ന് മൂരിനിവര്‍ന്നു. രണ്ടാമത്തേത് ഈന്തപ്പനക്ക് ചുറ്റും മെല്ലെയൊന്ന് വലംവെച്ച് ഞങ്ങള്‍ മൂന്നുപേരെയും കണ്ണുകള്‍ കൊണ്ടൊന്നുഴിഞ്ഞ്  ടാബ്ലോ മോഡലില്‍ നില്‍ക്കുകയാണ്.
സൗദിയിലെ പൊലീസുകാരെപ്പോലെയാണ് അവിടുത്തെ പൂച്ചകളും. കസര്‍ത്തുകള്‍ കാണിക്കാന്‍ ബഹുമിടുക്കരാണ് രണ്ട് കൂട്ടരും. തുടക്കത്തിലെ കസര്‍ത്തുകള്‍ മാത്രമേയുള്ളൂ. പിന്നെ ശാന്തമാണ്. ഇപ്പോള്‍ പൂച്ചകളുടെ രണ്ടിന്റെയും നോട്ടം എന്നെയാണ്. സൂക്ഷ്മമായി നോക്കി വിലയിരുത്തുകയാണ്. ഞാന്‍ ഒരു കൊല്ലത്തുകാരനാണെന്ന് അവറ്റകള്‍ക്ക് മനസ്സിലായോ ആവോ? കൊല്ലത്തുകാര്‍ക്ക് ഗള്‍ഫില്‍ പൊതുവേ ഡിമാന്റ് കുറവാണ്. കുഴപ്പക്കാരാണ് എന്നാണ് സാമാന്യമായ ധാരണ. അധികം അടുക്കാന്‍ പോകണ്ട. കൊല്ലക്കാരനാ സൂക്ഷിച്ചോ എന്ന് ചിലരെക്കുറിച്ച് പറയുന്ന രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്.
മിണ്ടാതെ, ഐഡന്റിറ്റി വെളിപ്പെടുത്താതെ, മാന്യമായി രക്ഷപ്പെട്ട നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഈ ‘കൊല്ലം’ ഇത്ര മോശം സ്ഥലമാണോ? ഗള്‍ഫിലെത്തുന്നതുവരെ കൊല്ലമാണ് കേരളത്തിലെ ഏറ്റവും നല്ല സ്ഥലമെന്നും കൊല്ലക്കാരാണ് കേരളത്തിലെ  ഏറ്റവും വലിയ മാന്യന്മാരെന്നും കൊല്ലം ഭാഷയാണ് ശരിയായ മലയാളമെന്നും സത്യസന്ധമായിത്തന്നെ വിശ്വസിച്ചിരുന്നു. ഒരൊറ്റ ഗള്‍ഫ് യാത്രതന്നെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. സ്ഥലത്തെക്കുറിച്ച് ഇന്നും എനിക്ക് സാരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമുണ്ടായിട്ടില്ല. പക്ഷേ കൊല്ലക്കാരുടെ മാന്യത മറ്റ് പ്രദേശങ്ങളിലെ പല മാന്യന്മാരുടെയും ‘മാന്യത’യെക്കാളും ഒട്ടും പിന്നിലല്ലെന്നും കൊല്ലത്തെ പല ‘ഫാ’ര്യമാരും ‘ഫ’ര്‍ത്താക്കന്മാരും ‘ഫ’യങ്കരമായി ‘ഫാ’ഷ പഠിക്കേണ്ടവരാണെന്നും എനിക്ക് ബോധ്യമായി.
ഭാഷയുടെ കാര്യത്തില്‍ കൊല്ലക്കാരേക്കാള്‍ രണ്ട് കൊല്ലംകൂടി അധികം പഠിക്കേണ്ടവരാണ് തിരുവനന്തപുരംകാര്‍. ‘എന്നരെടേ ഈ ഫാഷേലൊക്കെ ഇരിക്കണത്. കാര്യങ്ങള് പറേണതങ്ങ് മനസിലായാ മതിയല്ല്’ എന്നാണ് ഇതിനെക്കുറിച്ച് തിരുവനന്തപുരത്തുകാരനായ ഒരു സുഹൃത്തിന്റെ അഭിപ്രായം. ഒരു വിധത്തില്‍ പറഞ്ഞാല്‍ ശരിയാണ്. ഞങ്ങളാണ് മാതൃകാ മലയാളത്തിന്റെ സ്വന്തം ആള്‍ക്കാര്‍ എന്ന് പറയാനുള്ള ധൈര്യം ഒറ്റ ജില്ലക്കാരനും കാണില്ല. ചില പ്രദേശങ്ങളില്‍ മാന്യമായി പറയുന്ന പല പദങ്ങളും മറ്റു ചിലയിടങ്ങളില്‍ മുട്ടന്‍ തെറികളാണ്. മലപ്പുറത്തെ ചില ഉള്‍പ്രദേശങ്ങളിലെ നാലു ‘കാക്കമാരെ’ കൊല്ലത്തെങ്ങാനും കൊണ്ടുപോയി താമസിപ്പിച്ചാല്‍  രണ്ടാഴ്ച ചിരിച്ച് വശാകാനുള്ള മരുന്ന് കൂടെ കിട്ടുമെന്ന് ഉറപ്പ്. അവര്‍ വളരെ കാര്യമായി പറയുന്ന പല വാക്കുകളും ഞങ്ങളുടെ നാട്ടില്‍ സുന്ദരമായ തെറികളാണ്. തിരുവിതാംകൂറുകാരനായ ഒരു ഡോക്ടര്‍ കോഴിക്കോട്ടെ ഒരാശുപത്രിയില്‍ നിന്ന് ഇറങ്ങിയോടിയ ഒരു കഥ കേള്‍ക്കാറുണ്ട്. പരിശോധനയ്‌ക്കെത്തിയ രോഗി ഡോക്‌റോട് രോഗലക്ഷണം പറഞ്ഞത് ‘രണ്ടാഴ്ചയായി കുരയാണ് ഡോക്ടറെ. കുരക്ക് ഒരു കുറവുമില്ല’ എന്നാണ്. ഡോക്ടര്‍ക്ക് കുരയെന്നുവെച്ചാല്‍ നായ്ക്കുര മാത്രമേ അറിയൂ. ഈ ‘കുര’ ശരിക്കുള്ള ചുമയാണെന്നറിയാത്ത ഡോക്ടര്‍ ഭയന്നു. രോഗി, പേപ്പട്ടി കടിച്ച് പേയിളകി കുരച്ച് വന്നിരിക്കുകയാണെന്ന് ഭയപ്പെട്ട് അദ്ദേഹം ഇറങ്ങിയോടിക്കളഞ്ഞത്രേ.
തെക്കനും വടക്കനും തമ്മിലുള്ള ഈ പഴിചാരല്‍ ഭാഷയില്‍ മാത്രമല്ല; ശീലങ്ങളിലും സ്വഭാവങ്ങളിലുമെല്ലാം കാണാന്‍ കഴിയും.  ഭാഷയും ശീലങ്ങളുമെന്തൊക്കെയായാലും ഒരു കാര്യം ഉറപ്പ്. നാടിനെയും നാട്ടാരയും വെച്ചുള്ള ഈ വിഭജനം വെറുമൊരു വിഭജനം മാത്രമാണ്. എവിടത്തുകാരനായാലും ആള് നന്നാകണം. എന്നാലേ ഗുണമുള്ളൂ. ലോകാടിസ്ഥാനത്തില്‍ തന്നെയുള്ള ഒരു വിഭജനമാണ് തെക്കും വടക്കുമെന്നത്. വടക്കര്‍ യോഗ്യരും തെക്കര്‍ അത്ര യോഗ്യരല്ലാത്തവരുമെന്ന കാഴ്ചപ്പാട് നാസിസത്തിന്റെ ഒരു ‘ലൈക് വേര്‍ഷനാണ്’. ആര്യന്മാര്‍ വന്ദ്യരും ജൂതന്മാര്‍ നിന്ദ്യരുമെന്ന നാസി സങ്കല്‍പത്തിന്റെ മറ്റൊരു രൂപഭേദമാണ് ഈ പ്രാദേശിക വിഭജനവും.

കേരളത്തിലെ ഈ തെക്ക് വടക്ക് വിഭജനം ശക്തമായത് ഗള്‍ഫ് പ്രവാസത്തിന്റെ നാളുകളിലാണ്. ഗള്‍ഫ് മേഖലയുടെ ആദ്യകാല ഗുണഭോക്താക്കള്‍ മലബാറുകാരായിരുന്നു. മലബാറിന്റെ പൊതുവായ ഭാഷയിലും സംസ്‌കാരത്തിലും തുടര്‍ന്നുവന്ന അവരുടെ പ്രവാസ ജീവിതത്തിനിടയിലേക്ക്  കടന്നുവന്ന സാംസ്‌കാരികാപരിചിതരായിരുന്നു തിരുവിതാംകൂര്‍കാര്‍. രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതകളാണ് തിരുവിതാംകൂര്‍കാര്‍ക്ക് മലബാറുകാരെപ്പറ്റിയും മലബാറുകാര്‍ക്ക് തിരിച്ചുമുള്ള അസ്‌കിതകള്‍ക്ക് കാരണമായി ഭവിച്ചത്. മലബാറുകാര്‍ തെക്കരെ കണ്ടിരുന്ന അതേ കാഴ്ചപ്പാടില്‍ തന്നെയാണ് തെക്കര്‍ തിരിച്ചും കണ്ടിരുന്നത്.
അവരുടേതായ സ്വകാര്യ ഇടങ്ങളില്‍ അവര്‍ മലബാറുകാരെ പരിഹസിച്ചു. ഉച്ചാരണ വൈകല്യങ്ങളിലും പദഭേദങ്ങളിലും മലബാറുകാരെ തക്കംകിട്ടുന്നിടങ്ങളില്‍ കൊച്ചാക്കാനും ഇവര്‍ മറന്നില്ല. ചതിയും വഞ്ചനയും തെക്കരുടെ മേല്‍ ചാര്‍ത്തിയാണ് മലബാറുകാര്‍ ഇതിനു പകരം വീട്ടിയത്. വിദ്യാഭ്യാസം കൊണ്ട് മേല്‍ക്കൈ നേടിയിരുന്ന തിരുവിതാംകൂറുകാര്‍ക്ക് മലബാറുകാരുടെ നിഷ്‌കളങ്കതയോ നിഷ്‌കാപട്യമോ ഇല്ലായിരുന്നുവെന്നത് വാസ്തവമായിരുന്നു. നിഷ്‌കളങ്കതകള്‍ ചൂഷണം ചെയ്യപ്പെട്ട നിരവധി സംഭവങ്ങള്‍ പലരും പറയാറുണ്ട്.
ഇന്ന് ഇതൊക്കെ പഴങ്കഥകള്‍. പരിഷ്‌കാരത്തിന്റെയും ടെക്‌നോളജിയുടെയും ഈ കാലത്ത് തെക്കനും വടക്കനും  തുല്യര്‍. സാംസ്‌കാരികവും മതപരവുമായ സംഘടനകള്‍ തെക്കനെയും വടക്കനെയും യോജിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മലബാറുകാരനെന്നും തിരുവിതാംകൂറുകാരനെന്നും ഭേദമില്ലാതെ മലയാളിയെന്ന വിളിപ്പേരില്‍ അവന്‍ അറിയപ്പെട്ടു. ഭാഷാശുദ്ധിയും ഉച്ചാരണ ഭേദങ്ങളും പരസ്പരം  കൈമാറി. ചതിയും വഞ്ചനയും പങ്കുവെച്ചു. നിഷ്‌കളങ്കതയെയും  നിഷ്‌കാപട്യത്തെയും പടിക്കു പുറത്തു വെക്കാനുള്ളതായിരുന്നുവെന്ന് വടക്കനും  തെക്കനും മനസ്സിലക്കി. സ്ത്രീപീഡനത്തിന്റെയും  തട്ടിപ്പിന്റെയും കാലത്ത് അവര്‍ പരസ്പരം മത്സരിച്ചു. വടക്കന്‍ വടക്കനെയും തെക്കന്‍ തെക്കനെയും പറ്റിക്കാനും തട്ടിക്കാനും                                                                      ശീലിച്ചു.
ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ജനിക്കുന്ന ജീനുകള്‍ തെക്കരെപ്പോലെ വടക്കര്‍ക്കും ലഭിച്ചു. പക്ഷേ ഇവരും കഴുത്തറപ്പന്‍ ഡോക്ടര്‍മാരും പാലംവീഴ്ത്തി എന്‍ജിനീയര്‍മാരുമായി. ‘പഴയ വടക്കന്‍ ഇങ്ങനെയൊന്നുമല്ലായിരുന്നു കേട്ടോ’ എന്ന് പല പഴയ തെക്കന്മാരും പറയാന്‍ തുടങ്ങി. ചുരുക്കത്തില്‍ വടക്കനും തെക്കനും വെറും ‘വെടക്കന്‍ മലയാളി’കള്‍ മാത്രമായി. ഈ വസ്തുതകളൊന്നും അറിയാത്തത് കൊണ്ടായിരിക്കണം ഈ പൂച്ച കൊല്ലക്കാരനായ എന്നെയിങ്ങനെ ‘ഒരു മാതിരി നോട്ടം’  നോക്കി നില്‍ക്കുന്നത്. അല്ലെങ്കിലും അതെന്ത് പിഴച്ചു അതിങ്ങ് ഗള്‍ഫിലല്ലേ? ഇതൊക്കെ എങ്ങനെ അറിയാന്‍? പാവം. ഞാനെന്തായാലും പൂച്ചയെ തിരിച്ചുമൊന്ന് സൂക്ഷിച്ചു നോക്കി. ‘ഏയ്, ഞാന്‍ നീയുദ്ദേശിക്കുന്ന ആ ടൈപ്പല്ല’ എന്നാണ് എന്റെ നോട്ടംകൊണ്ട് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

Sep 6, 2013

വിലാപങ്ങളില്‍ വിറങ്ങലിച്ച്‌ സിറിയ


പ്രൗഢമായ രാഷ്‌ട്രീയ ചരിത്രവും ദീപ്‌തമായ സാംസ്‌കാരിക പാരമ്പര്യവുമുള്ള രാജ്യമാണ്‌ സിറിയ. നിരവധി ചക്രവര്‍ത്തിമാരും, അവരുടെ പ്രതിപുരുഷന്മാരും സിറിയയുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്‌. റോമക്കാരും ഗ്രീക്കുകാരും ക്രൈസ്‌തവരും മുസ്‌ലിംകളുമൊക്കെ കൈയ്യാളിയിട്ടുള്ള സിറിയയുടെ ചരിത്രം മുമ്പുണ്ടായിട്ടില്ലാത്ത വിധം കലുഷിതമാണ്‌ ഇപ്പോള്‍.
പ്രമുഖ സ്വഹാബിയും സൈനിക തന്ത്രജ്ഞനുമായിരുന്ന ഖാലിദ്‌ബ്‌നു വലീദ്(റ) നേതൃത്വം നല്‌കിയ `റാശിദൂന്‍ സേനയുടെ' ആഗമനത്തോടെയാണ്‌ സിറിയ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാകുന്നത്‌. ഫലസ്‌തീനും ജോര്‍ദാനമുള്‍പ്പെടുന്നതാണ്‌ പ്രാചീന സിറിയ.
ഓട്ടോമന്‍ തുര്‍ക്കികളുടെ പതനത്തിനുശേഷം ഫ്രഞ്ച്‌ അധീനതയിലായ സിറിയയുടെ ആധുനിക രാഷ്‌ട്രീയ ചരിത്രം തുടങ്ങുന്നത്‌ 1946 ലെ സ്വാതന്ത്ര്യ ലബ്‌ധിയോടെയാണ്‌. സ്വതന്ത്ര സിറിയയുടെ ആദ്യ പത്ത്‌ വര്‍ഷക്കാലം നിരന്തരമായ രാഷ്‌ട്രീയ അസ്ഥിരതകളുടേതായിരുന്നു. ഇക്കാലയളവില്‍ ഇരുപത്‌ മന്ത്രിസഭകളും നാലു ഭരണഘടനകളും രാജ്യത്തെ പരീക്ഷണ വിധേയമാക്കി. ഇക്കാലഘട്ടത്തിലാണ്‌ സിറിയന്‍ രാഷ്‌ട്രത്തിനു മേല്‍ യു എസിന്റെ കണ്ണുകള്‍ പതിയുന്നത്‌. രാഷ്‌ട്രീയ അസ്ഥിരതകള്‍ മുതലെടുത്ത്‌ ഫലസ്‌ത്വീന്‍ പ്രശ്‌നത്തിലും തങ്ങളുടെ എണ്ണ രാഷ്‌ട്രീയത്തിലും സിറിയയെ ഒരു ഉപകരണമാക്കുകയും പട്ടാള അട്ടിമറിക്ക്‌ കളമൊരുക്കുകയുമാണ്‌ യു എസ്‌ ചെയ്‌തത്‌. അറബ്‌ രാഷ്‌ട്രീയത്തിലെ സുപ്രധാനമായ സ്ഥാനം സിറിയക്ക്‌ ലഭിക്കുന്നത്‌ 1970 മുതല്‍ 2000 വരെ ഹാഫിദുല്‍ അസദ്‌ ഭരണം കൈയാളിയ കാലത്താണ്‌
മൂന്ന്‌ ദശകങ്ങള്‍ നീണ്ട സുദീര്‍ഘമായ കാലയളവ്‌കൊണ്ട്‌ ഹാഫിദുല്‍ അസദ്‌ ഭരണ സംവിധാനത്തെ തന്റെ കൈപ്പിടിയില്‍ ഒതുക്കി. ഇറാന്‍ ബന്ധമുള്ള അലവി വിഭാഗം ശിയാക്കളില്‍ ഉള്‍പ്പെടുന്നവരാണ്‌ അസദ്‌ കുടുംബം. ന്യൂനപക്ഷമായ അലവികളെ സിറിയന്‍ ഭരണത്തിലും സൈനിക നിരയിലും പ്രതിഷ്‌ഠിച്ചത്‌ ഫ്രഞ്ചുകാരാണ്‌. ഭൂരിപക്ഷം വരുന്ന സുന്നികളെ അടിച്ചമര്‍ത്താനുള്ള ആയുധവും മാധ്യമവുമായി ഫ്രഞ്ചുകാര്‍ അവരെ യഥേഷ്‌ടം ഉപയോഗപ്പെടുത്തി. അന്നു മുതല്‍ അവര്‍ നുകരാന്‍ തുടങ്ങിയ അധികാരത്തിന്റെ മധു നിലനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്നെയാണ്‌ സമകാലിക സിറിയന്‍ രാഷ്‌ട്രീയത്തിലെ കാലുഷ്യങ്ങളുടെ മര്‍മബിന്ദു.
ഹാഫിദുല്‍ അസദിന്റെ മരണശേഷമാണ്‌ ബശ്ശാറുല്‍ അസദ്‌ സിറിയന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്‌. പ്രസിഡന്റ്‌ എന്ന പദം ജനാധിപത്യത്തിന്റെ പദാവലിയില്‍ പെട്ടതാണെങ്കിലും രാജ ഭരണത്തിന്റെ പിന്തുടര്‍ച്ചപോലെയാണ്‌ ബശ്ശാര്‍ അതു പ്രയോഗിച്ചത്‌. അലവികളുടെ സമ്പൂര്‍ണ പിന്തുണ ബശ്ശാര്‍ നേടിയെടുത്തിരുന്നു. ഭൂരിപക്ഷം വരുന്ന സുന്നികളെ ഓരത്തുതള്ളി ബശ്ശാര്‍ ഭരണം ഭദ്രമാക്കി. എതിര്‍ ശബ്‌ദങ്ങളെ അദ്ദേഹം അമര്‍ച്ച ചെയ്‌തു. ഇക്കാലയളവിലാണ്‌ അറേബ്യന്‍ യുവത ജനാധിപത്യത്തിനുവേണ്ടി തെരുവിലിറങ്ങുന്നതും അറബ്‌ മേഖലയൊന്നാകെ വിപ്ലവ തരംഗം പടരുന്നതും. അറബ്‌ വസന്തമെന്ന പേരില്‍ പടര്‍ന്നുപിടിച്ച ഭരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സിറിയന്‍ പതിപ്പ്‌ അതിന്റെ പൂര്‍വ മാതൃകകളില്‍ നിന്നും വേറിട്ടതായിരുന്നു. മാറിയ കാലാവസ്ഥയ്‌ക്കനുസരിച്ച്‌ ചലിക്കാനുള്ള മെയ്‌വഴക്കമില്ലാത്തതാണ്‌ ബശ്ശാറിന്റെ നില വഷളാക്കിയത്‌.
ആദ്യഘട്ടത്തില്‍, സുതാര്യമായ ഭരണപുനക്രമീകരണത്തോടെ പരിഹരിക്കാമായിരുന്ന പ്രശ്‌നങ്ങള്‍ ബശ്ശാറിന്റെ കടുംപിടുത്തത്തിലൂടെ കൂടുതല്‍ വഷളായി. തോക്കുകളും ബോംബുകളും കൊണ്ടാണ്‌ ബശ്ശാര്‍ പ്രക്ഷോഭങ്ങള്‍ക്ക്‌ മറുപടി നല്‌കാന്‍ ശ്രമിച്ചത്‌. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ തുടങ്ങുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. പ്രക്ഷോഭകരുടെ ജനപിന്തുണ കൂടുകയും തുനീഷ്യ, ഈജിപ്‌ത്‌, ലിബിയ എന്നിവിടങ്ങളില്‍ നടന്ന വിപ്ലവങ്ങളില്‍ നിന്ന്‌ ആവേശം നേടിയ പ്രക്ഷോഭകര്‍ `ബശ്ശാര്‍ അധികാരമൊഴിയുക' എന്ന വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിലേക്ക്‌ എത്തുകയും ചെയ്‌തു.
ബശ്ശാര്‍ അധികാരമൊഴിയുകയെന്നത്‌ അലവികള്‍ക്ക്‌ അചിന്ത്യമാണ്‌. ബശ്ശാറാനന്തരമുള്ള സിറിയയില്‍ തങ്ങളെയും കാത്തിരിക്കുന്ന `വിധി'യെക്കുറിച്ച്‌ പൂര്‍ണ ബോധ്യമുള്ളവരാണവര്‍. വിപ്ലവത്തിന്‌ മുന്നില്‍ നില്‌ക്കുന്നവരും, അതിന്‌ സമ്പൂര്‍ണ പിന്തുണ നല്‌കുന്ന രാഷ്‌ട്രങ്ങളും സുന്നി താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ്‌. മറുവശത്ത്‌ ഇറാന്‌ സിറിയന്‍ പ്രശ്‌നത്തില്‍ പ്രത്യേക താല്‌പര്യമുണ്ട്‌. ഇതാണ്‌ രണ്ടും കല്‌പിച്ച്‌ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ബശ്ശാറിന്‌ എല്ലാ പിന്തുണയും നല്‌കാന്‍ ശീഅകളെ പ്രേരിപ്പിച്ചത്‌. ബശ്ശാറിനെക്കാളും ഇറാന്റെയും സിറിയയിലെ ശിയാക്കളുടെയും ആവശ്യമായി മാറിക്കഴിഞ്ഞു, ഇപ്പോള്‍ ബശ്ശാര്‍ ഭരണം നിലനിര്‍ത്തുകയെന്നത്‌.
സിറിയയില്‍ അസദിനെയും അലവികളെയും നിലനിര്‍ത്താന്‍ ഇറാന്‍ ശ്രമിക്കുന്നത്‌ മേഖലയിലെ തങ്ങളുടെ സവിശേഷ രാഷ്‌ട്രീയ താല്‌പര്യത്തിന്റെ ഭാഗമായാണ്‌. ഇഥ്‌നാ അശ്‌രികളായ ഇറാന്‍ ശിയാക്കളില്‍ നിന്ന്‌ ആശയഗതിയില്‍ ബഹുദൂരം തെറ്റിപ്പിരിഞ്ഞവരാണ്‌ സിറിയന്‍ അലവികള്‍. മതപരമായ കോണിലൂടെ നോക്കിയാല്‍ ഇറാന്‍ ശിയാക്കള്‍ സുന്നി വിഭാഗങ്ങളോടുള്ള അകല്‍ച്ചയോളം തന്നെയുള്ള അകല്‍ച്ച അലവികളോടും പുലര്‍ത്തുന്നവരാണ്‌. ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളെപ്പോലും നിഷേധിക്കുകയും മതപരമായ മൂല്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന അലവികള്‍ ഒരു തരം `നിഷേധി' കളാണ്‌. തങ്ങളുടെ രാഷ്‌ട്രീയ താല്‌പര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ്‌ ഇറാന്‍ ഇവരെ പിന്തുണയ്‌ക്കുന്നത്‌. ഈ പിന്താങ്ങലിന്റെ വിടവുകളിലൂടെ ഉള്ളില്‍ കയറുവാനാണ്‌ യു എസിന്റെയും ശ്രമം, ഒപ്പം മേഖലയില്‍ നിലനില്‌ക്കുന്ന ധ്രുവീകരണങ്ങളും സംഘര്‍ഷങ്ങളും തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കുകയും.
2011 മുതലാണ്‌ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക്‌ തുടക്കമാകുന്നത്‌. പ്രക്ഷോഭ കാലയളവില്‍ ഇതുവരെയായി ഒരു ലക്ഷമാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്‌ വിവിധ കണക്കുകള്‍ വെളിപ്പെടുത്തുന്നത്‌. അയ്യായിരം ആളുകളെ വീതം ഓരോ മാസവും കൊലപ്പെടുത്തിയിരിക്കുന്നുവെന്നര്‍ഥം!
ജനാധിപത്യത്തിന്റെ അന്തര്‍ധമനികളെപ്പോലും നിശ്ചേഷ്‌ടമാക്കുകയും വിറങ്ങലിപ്പിക്കുകയും ചെയ്യുന്ന ഈ കൊന്നുതള്ളലിന്റെ കണക്കുകളെ പിടിച്ചുനിര്‍ത്താനോ പരിഹരിക്കാനോ യു എന്നോ ആഗോള `പൊലീസാ'യ അമേരിക്കയോ ശ്രമിച്ചില്ലയെന്നത്‌ ദുരുപദിഷ്‌ടമാണ്‌. എന്തുകൊണ്ടാണ്‌ ഇതിനെ ചോദ്യം ചെയ്യാന്‍ അന്താരാഷ്‌ട്ര സംവിധാനങ്ങള്‍ക്കും അറബ്‌ രാഷ്‌ട്രങ്ങള്‍ക്കും സാധിക്കാതെ പോകുന്നതെന്ന ചോദ്യം ശേഷിക്കുന്നുണ്ട്‌. സിറിയന്‍ തെരുവുകള്‍ ചോരച്ചാലുകളായി മാറിക്കൊണ്ടിരിക്കുന്നു. ബശ്ശാറുല്‍ അസദും സൈന്യവും കൊലവിളി മുഴക്കിക്കൊണ്ട്‌ സിറിയയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ മനുഷ്യമേധം നടത്തിക്കൊണ്ടിരിക്കുകയാണ്‌. അരിഞ്ഞ്‌ വീഴ്‌ത്തപ്പെടുന്ന കബന്ധങ്ങള്‍ ബുള്‍ഡോസറുകള്‍കൊണ്ട്‌ ചതച്ച്‌ വാരുന്നചിത്രങ്ങള്‍ ലോകമനസ്സാക്ഷിയെ വിറങ്ങലിപ്പിച്ചുകൊണ്ടിരിക്കുന്നു.
കൊല ചെയ്യപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സിവിലിയന്മാരാണ്‌. 47 ശതമാനം സിവിലിയന്മാരും 12 ശതമാനം പോരാളികളും 27 ശതമാനം സൈനികരും 7 ശതമാനം സ്‌ത്രീകളും 7 ശതമാനം കുട്ടികളുമാണ്‌ കൊല്ലപ്പെട്ടതെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു.
സിറിയന്‍ പ്രശ്‌നം ഇത്രമേല്‍ വഷളാകാന്‍ കാത്തിരുന്നത്‌ പോലെയാണ്‌ യു എസിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍. സിറിയന്‍ പ്രശ്‌നത്തെ അറബ്‌ രാഷ്‌ട്രീയത്തിന്റെ മര്‍മമാക്കി മാറ്റാന്‍ അര്‍ഥഗര്‍ഭമായ ഈ കാത്തിരിപ്പിലൂടെ അമേരിക്കക്ക്‌ സാധിച്ചിട്ടുണ്ട്‌. യു എന്‍, അമേരിക്കന്‍ താല്‌പര്യങ്ങളുടെ അതിര്‍ത്തി രേഖകള്‍ക്കപ്പുറം പറക്കാന്‍ കഴിയാത്ത ചിറകുവെട്ടിയ പക്ഷിമാത്രമാണെന്ന്‌ സ്വയം തെളിയിച്ചു കഴിഞ്ഞു. ഒരു ഭാഗത്ത്‌ സുഊദി കേന്ദ്രീകൃത നിലപാടും മറുവശത്ത്‌ ഇറാന്‍ കേന്ദ്രീകൃത നിലപാടുമായി സിറിയന്‍ പ്രശ്‌നം മാറിയിട്ടുണ്ട്‌. പല രാഷ്‌ട്രങ്ങളും നിലപാട്‌ വ്യക്തമാക്കാന്‍ മടിച്ചുനില്‌ക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലാണ്‌ അമേരിക്ക സിറിയയില്‍ സൈനിക ഇടപെടലിലൂടെ മാനവികതയുടെ സംരക്ഷണത്തിനു(!) തുനിഞ്ഞിറങ്ങുന്നത്‌. അമേരിക്ക ഉന്നംവെയ്‌ക്കുന്നത്‌ സിറിയയുടെ ആഭ്യന്തര കലാപത്തിലെ പ്രശ്‌നപരിഹാരമോ സംയമനമോ അല്ലയെന്നത്‌ പകല്‍ പോലെ വ്യക്തമാണ്‌. മറിച്ച്‌, തന്ത്രപരമായി അവസരം ഉപയോഗിക്കുകയാണവര്‍. ഇറാനെതിരായ രാഷ്‌ട്രീയ, സൈനിക നീക്കത്തിന്‌ മുസ്‌ലിം കക്ഷിത്വത്തെ ആയുധമാക്കുകയും അറബ്‌ രാഷ്‌ട്രീയം മറയാക്കി ഇസ്‌റാഈലിന്‌ തണലൊരുക്കുകയുമാണ്‌ അമേരിക്കയുടെ സൃഗാല തന്ത്രം

ഇതിനോട്‌ ഇറാന്‍ എപ്രകാരം പ്രതികരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും വരും നാളുകളില്‍ രൂപപ്പെടുന്ന അറബ്‌ രാഷ്‌ട്രീയത്തിന്റെ ഗതി. പ്രലോഭനത്തിന്റെയും പ്രകോപനത്തിന്റെയും സര്‍വ മാര്‍ഗങ്ങളുമുപയോഗിച്ച്‌ സിറിയയെയും ഇറാനെയും കുത്തിനോവിക്കാന്‍ അമേരിക്കയും മടിക്കില്ല.
സുന്നി ശിയാ സംജ്ഞകള്‍ ഇസ്‌ലാമിക ചരിത്രത്തിലെ ആദര്‍ശ, വീക്ഷണ വൈജാത്യത്തിന്റെ സൃഷ്‌ടിയായിരുന്നുവെങ്കിലും അത്‌ സമര്‍ഥമായി ഉപയോഗിക്കപ്പെട്ടത്‌ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കായിരുന്നു. അസ്‌പൃശ്യതകളുടെ ഭിന്ന ധ്രുവങ്ങളില്‍ ഈ വീക്ഷണ വൈജാത്യത്തിന്റെ ഇരുപുറങ്ങളെ വലിച്ചുകെട്ടുന്നതില്‍ ആദ്യം വിജയിച്ചത്‌ ജൂതവിഭാഗങ്ങളായിരുന്നുവെങ്കില്‍ ഇന്ന്‌ അത്‌ സമര്‍ഥമായി ഏറ്റെടുത്തിരിക്കുന്നത്‌ അമേരിക്കയാണ്‌. രാഷ്‌ട്രീയവും മതപരവുമായി മുസ്‌ലിംകളെ വിഭജിക്കാനുള്ള സമകാലിക സാധ്യതകളില്‍ സുപ്രധാനമായ സ്ഥാനം സുന്നി-ശിആ തര്‍ക്കങ്ങള്‍ക്കാണെന്ന്‌ ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇത്‌ മനസ്സിലാക്കാനുള്ള നിരവധി സന്ദര്‍ഭങ്ങള്‍ സ്വയം പാഴാക്കിയതാണ്‌ മുസ്‌ലിം ലോകത്തിന്റെ ദൗര്‍ഭാഗ്യം.
തങ്ങളെ വേര്‍തിരിക്കുന്ന അദൃശ്യശക്തികള്‍ക്കെതിരെ പ്രതികരിക്കാനാകാതെ നിസ്സഹായരാകുകയാണ്‌ മുസ്‌ലിം രാഷ്‌ട്രങ്ങള്‍. തങ്ങളെ ദുര്‍ബലരാക്കുന്ന ഈ ദുഷ്‌ട അച്ചുതണ്ടിനെ എതിരിടാന്‍ മുസ്‌ലിംകള്‍ക്ക്‌ സാധ്യമാകാത്തിടത്തോളം കാലം സുന്നി-ശിയാ വേര്‍തിരിവിന്റെ രാഷ്‌ട്രീയ സാധ്യതകളെ ഇസ്‌ലാം വിരോധികള്‍ ഉപയോഗിച്ചു കൊണ്ടേയിരിക്കും.
ഇന്നല്ലെങ്കില്‍ നാളെ ബശ്ശാര്‍ ഭരണകൂടം വീഴുകതന്നെ ചെയ്യുമെന്ന ഘട്ടത്തിലാണ്‌ യൂ എസിന്റെ രംഗപ്രവേശം. തങ്ങളുടെ സാന്നിധ്യമില്ലാത്ത വിപ്ലവം തങ്ങളുടെ സാമ്രാജ്യത്വ താല്‌പര്യങ്ങള്‍ക്ക്‌ ക്ഷീണം ചെയ്യുമെന്ന്‌, ഈജിപ്‌തും തുനീഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കക്ക്‌ ബോധ്യമാക്കിക്കൊടുത്തിട്ടുണ്ട്‌. ബശ്ശാറിന്റെ എതിര്‍ പക്ഷത്ത്‌ നിലയുറപ്പിച്ച വിവിധ ഇസ്‌ലാമിക ഗ്രൂപ്പുകളെ, സിറിയന്‍ ഇടപെടലിലൂടെ ബശ്ശാര്‍ പക്ഷപാതികളാക്കി മാറ്റാമെന്നും അമേരിക്ക കണക്കുകൂട്ടുന്നു. `മറുപക്ഷത്ത്‌ അമേരിക്കയെങ്കില്‍ ബശ്ശാറിനെ പിന്തുണയ്‌ക്കുന്നു'വെന്ന നിലപാടിലേക്ക്‌ മുസ്‌ലിം ഗ്രൂപ്പുകളെ മാറ്റുകവഴി മുസ്‌ലിം ലോകത്ത്‌, വിശിഷ്യാ അറബ്‌ ലോകത്ത്‌ ധ്രുവീകരണം സാധ്യമാക്കാന്‍ അമേരിക്കക്ക്‌ എളുപ്പത്തില്‍ കഴിഞ്ഞേക്കും. അതിന്റെ ലാഞ്‌ജനകള്‍ വെളിവാകുകയും ചെയ്‌തിട്ടുണ്ട്‌. അങ്ങനെയെങ്കില്‍ സിറിയയെ കാത്തിരിക്കുന്നത്‌ കൂടുതല്‍ ഭീകരമായ ദിനരാത്രങ്ങളായിരിക്കും. മാത്രമല്ല, ഈജിപ്‌തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ പുന:സ്ഥാപന പ്രക്ഷോഭത്തില്‍ ഇടപെടല്‍ നടത്താന്‍ തങ്ങള്‍ക്കിതൊരു നല്ല അവസരമാണെന്നും അവര്‍ക്കറിയാം. ചുരുക്കത്തില്‍ ഒരു വെടിക്ക്‌ ഒരുപാട്‌ പക്ഷികളെ സിറിയയില്‍ നിന്ന്‌ പിടിച്ച അര നൂറ്റാണ്ട്‌ മുമ്പത്തെ ചരിത്രം ഒന്നുകൂടി ആവര്‍ത്തിക്കാന്‍ പുതിയ സംഭവങ്ങളെ വേദിയാക്കാമെന്ന്‌ യു എസ്‌ മനസ്സിലാക്കുന്നു.
ഇതിനിടയിലാണ്‌ ബശ്ശാറുല്‍ അസദ്‌ പ്രക്ഷോഭകാരികള്‍ക്കെതിരെ രാസായുധം പ്രയോഗിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്‌. രാസായുധം പ്രയോഗിച്ചത്‌ വിമതരാണെന്ന വാദഗതികളും അമേരിക്കന്‍ സാന്നിധ്യം സ്ഥാപിക്കാനുള്ള ഗൂഢാലോചനാവെടിയാണെന്ന വാദഗതികളും ചിലയിടങ്ങളില്‍ നിന്ന്‌ ഉയര്‍ന്നുവരുന്നുണ്ട്‌. എന്തൊക്കെയായാലും ഒരു ജനത നിരാകരിക്കുന്ന ഭരണാധികാരികളും ഭരണസംവിധാനങ്ങളും മാറുകതന്നെ വേണം. സ്വന്തം ജനതയെ അക്രമണത്തിലൂടെ ചതച്ചരയ്‌ക്കുകയും തീമഴയായ്‌ അവര്‍ക്ക്‌മീതെ പെയ്‌തിറങ്ങുകയും അവരെ കശാപ്പ്‌ നടത്തുകയും ചെയ്യുന്നവര്‍ എന്തിന്റെ പേരിലായിരുന്നാലും തുടരാന്‍ പാടില്ല. തങ്ങളുടെ മതകീയ വീക്ഷണങ്ങളുടെ വിടവിനിടയില്‍ പറ്റിപ്പിടിച്ച്‌ വളരുന്ന ഇത്തിള്‍ ഭീമന്മാരെയും അവരുടെ താല്‌പര്യങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം കാലം ഇവരൊക്കെ തീര്‍ക്കുന്ന വലയങ്ങള്‍ക്കുള്ളില്‍ ഭ്രമണം ചെയ്യാനായിരിക്കും മുസ്‌ലിം ജനതയുടെ വിധി.