Mar 23, 2014

ചില പാവങ്ങൾ അഥവാ ദാരിദ്ര്യവാസികൾ?


നമ്മുടെ ചില ജന പ്രതിനിധികളുടേയും അതായിത്തീരാനായി അത്യധ്വാനം നടത്തുന്ന ചിലരുടേയുമൊക്കെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ കേൾക്കുമ്പോൾ സങ്കടം തോന്നിപ്പോകുന്നു. ചിലരുടെയൊക്കെ അവസ്ഥകൾ ദുരന്തപൂർണ്ണമാണ്. ഇതൊക്കെ കാണുകയും അറിയുകയും ചെയ്യുമ്പോൾ പൊതുജനമെന്ന കഴുതകളുടെ കണ്ണുകൾ കദന ഭാരത്താൽ നിറഞ്ഞൊഴുകേണ്ടതാണ്. പക്ഷേ എന്തോ, പലരുടേയും കണ്ണുകൾക്ക് ഒരു അനക്കവുമില്ല. പക്ഷേ പത്രിക സമർപ്പണ വേളയിൽ ചില വരണാധികാരികൾ തങ്ങളുടെ മുന്നിലിരിക്കുന്ന നേതാക്കളുടെയഥാർത്ഥ സ്ഥിതിവായിച്ച് കണ്ണീരൊഴുക്കിപ്പോയെന്നാണ് കേൾവി.
അങ്ങനെ കണ്ണിരൊഴുക്കേണ്ടി വന്ന ഒരു ഹത ഭാഗ്യയാണ് കോഴിക്കോട് കളക്ടർ. കൊലകൊമ്പന്മാരായ സ്ഥാനാർത്ഥികൾ കൊമ്പ് കുലുക്കി അനുയായി വ്യന്ദത്തോടെ ചേംബറിലേക്ക് പത്രിക സമർപ്പിക്കാനായി കേറിവന്നപ്പോൾ  കളക്ടർ മേഡം ഒരിക്കലും ഓർത്തുകാണില്ല, ഇവരൊക്കെ ഇത്രമാത്രം ദരിദ്ര്യവാസികളാണെന്ന്. ചിലരൊക്കെ വരവും ചിലവും കിറുക്യത്യമായി തൂക്കമൊപ്പിച്ച് സമ്പാദ്യമോ കടമോ ഇല്ലാതെ ജീവിക്കുന്ന അതി വിദഗ്ദരാണ്. സത്യം പറഞ്ഞാൽ ഇവരൊക്കെ വെറും എം പി മാരാകാനുള്ളവരല്ല. ഇവരൊക്കെ ചെന്നിരിക്കേണ്ടത് ഇന്ത്യയുടെ പ്രധാന മന്ത്രിക്കസേരയിലാണ്. രാജ്യം നന്നാകുന്നത് ഇവരിലൂടെയൊക്കെ ആകില്ലെന്നാര് കണ്ടു?
പത്രിക സമർപ്പിച്ചവരിൽ ഒരാൾക്കുള്ളത് ആകെ എഴുന്നൂറ്റമ്പത് രൂപയുടെ സമ്പാദ്യം. അതിൽ അഞ്ഞൂറ് രൂപ കീശയിലും ബാക്കി ഇരുന്നൂറ്റമ്പത് ബാങ്കിലും. ബാങ്കിലെ ഇരുന്നൂറ്റമ്പത് എടുത്ത് ഒരു ചായ പോലും വാങ്ങിക്കുടിക്കാമെന്ന് വിചാരിക്കണ്ട. മിക്കവാറും എല്ലാ ബാങ്കുകളിലും ഇരുന്നൂറ്റമ്പത്  രൂപ മിനിമം നിക്ഷേപമാണ്. അപ്പോൾ ആകെയുള്ളത് അഞ്ഞൂറ് മാത്രം. രാവിലെ ഉപ്പുമാവും ഉച്ചക്ക് നന്നായി ഒരു ഊണും  രാത്രി രണ്ട്  തട്ട് ദോശയും വീതം തട്ടിയാലും രണ്ട്  ദിവസത്തെ ചിലവിന് പോലും കാശ് തികയില്ല. ഇലക്ഷൻ പ്രചരണത്തിനായി പാഞ്ഞ് നടക്കുന്നതിനിടയിൽ വല്ല ജോലിക്കും പോകാൻ പറ്റുമോ? അതുമില്ല. അപ്പോൽ രണ്ട് ദിവസം കഴിഞ്ഞാൽ സ്ഥാനാർത്ഥിയുടെ ഗതിയെന്താകും? പൊതുജനമെന്ന നമ്മെ സേവിക്കാനായി പെടാപ്പാട് പെടുന്ന ഇവരുടെ കാര്യം നമ്മൾ പരിഗണിച്ചില്ലെങ്കിൽ ദൈവ കോപമുണ്ടാകും. സൂക്ഷിച്ചോളൂ!

മറ്റൊരു സ്ഥാനാർത്ഥി പഴയൊരു എം പി യാണ്. സ്ഥാവര ജംഗമ വസ്തുക്കൾ എത്രയുണ്ടെന്ന് ചോദിച്ചപ്പോൾ, സ്ഥാവര ജംഗമമോ അതെന്താണെന്നാണ് ശുദ്ധാത്മാവിന്റെ സംശയം. അങ്ങനെയൊന്ന് മൂപ്പർ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. പിന്നെയല്ലേ സ്വന്തമായി വല്ലതും ഉള്ള കാര്യം. പക്ഷേ കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി ആള് ക്ലീൻ ക്ലീനാണ്. കയ്യിലുള്ള രൂപയുടെ സകല കണക്കുകളും അദ്ദേഹം വരണാധികാരിയുടെ മേശ മേൽ വെച്ചു. കഴിഞ്ഞ അഞ്ച് വർഷം  മന്ത്രിയായും എം പിയായുമൊക്കെ  സേവനം ചെയ്തതിന്  ശമ്പളയിനത്തിൽ ലഭിച്ച തുകയിൽ നിന്ന് ചെലവ് കഴിച്ച് ബാക്കി ക്യത്യം അയ്യായിരം രൂപാ. കൂട്ടത്തിൽ ഒരു കണക്ക് കൂടി അദ്ദേഹം കാണിച്ചു. ഇക്കഴിഞ്ഞ കാലയളവിൽ മന്ത്രിപ്പണിയും പൊതു സേവനവും നടത്തി മുടിഞ്ഞ് കടം കയറിയതിന്റെ  മറ്റൊരു കണക്ക്. അഞ്ചര ലക്ഷം രൂപയുടെ കടബാധിതനാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി! വീട്ടുകാരും നാട്ടുകാരുമൊക്കെ ഇടപെട്ട് ഇവരെയൊക്കെ എങ്ങനെയ്എങ്കിലും പണികളിൽ നിന്ന് മോചിപ്പിക്കണം അല്ലെങ്കിൽ പാവങ്ങളുടെ കുടുംബങ്ങൾ കടം കയറി മുടിയും. തീർച്ചശ്വരോ രക്ഷതു.

Mar 17, 2014

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകൾ


സുദിനമങ്ങനെ അടുത്ത്കൊണ്ടേയിരിക്കുന്നു. തങ്ങളെ ഭരിച്ച് നന്നാക്കാനായി ആരൊക്കെയോ ചേർന്ന് തെരഞ്ഞെടുത്ത് വിടുന്നവരെ ജയിപ്പിച്ച് വിടാനുള്ള ഇന്ത്യാക്കാന്റെ അവകാശ ദിനം  അഥവാ പഞ്ചവത്സര മാമാങ്കങ്ങളുടെ ആട്ടക്കലാശ സുദിനം. സ്വയമറിഞ്ഞ് കൊണ്ട് തന്നെ മണ്ടന്മാരാകാനുള്ള” ധീരമായ തീരുമാനമെടുക്കുന്നവരുടെ പേരാണ് വോട്ടർ എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടത്രേ! ഇങ്ങനെയൊക്കെ പറയുന്നതിന്റെ പേരിൽ വിരുദ്ധനെ ആരും ജനാധിപത്യ വിരോധിയായി എഴുതിത്തള്ളരുത്. മണ്ടനാകാനുള്ള തീരുമാനമെടുത്തവരിൽത്തന്നെയാണ് വിരുദ്ധനുമുള്ളത്. ചിലതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അറിയാതെ ചൊറിഞ്ഞ് പോകുന്നവരുടെ കൂട്ടത്തിൽ പെട്ടു പോയിയെന്നേയുള്ളൂ. പറ്റിയ മരുന്ന് കിട്ടുന്നത് വരെ ചൊറിയുകയേ ഇനി രക്ഷയുള്ളൂ.
വോട്ടർമാർ എന്നാൽ പല്ല് പരിശോധിക്കേണ്ടവർ എന്നും ഒരർത്ഥമുണ്ടെന്നാണ് ചിലരൊക്കെ പറഞ്ഞ് കേൾക്കുന്നത്. ദന്ത ഡോക്ടറുടെ അടുത്തും പിന്നെ അഞ്ചുകൊല്ലത്തിലൊരിക്കൽ വോട്ടർമാരുടെ അടുത്തും മാത്രം വായ മലർക്കെത്തുറന്ന് പല്ലുകൾ പ്രദർശിപ്പിക്കുന്നവരെയാണ് ജനാധിപത്യ ഭാഷയിൽ സ്ഥാനാർത്ഥികൾ എന്ന് വിളിക്കുന്നത്. കഴിഞ്ഞ തവണ തങ്ങൾ എണ്ണി വിട്ട പല്ലുകളൊക്കെ യഥാസ്ഥാനത്ത് തന്നെ ഇപ്പോഴുമുണ്ടോയെന്ന് പരിശോധിക്കാനാണ് സ്ഥാനാർത്ഥികൾ അണ്ണാക്ക് വരെ കാണിച്ച് ചിരിക്കുന്നത് എന്ന് വിശ്വസിച്ചാൽ ജനാധിപത്യ വിരോധമാകുമോ എന്നാണ് ചില വോട്ടർമാരൊക്കെ ചോദിക്കുന്നത്. ഈ 'വോട്ടർമാർഎന്നാൽ ഇലക്ഷന് മുന്നോടിയായി മാത്രം ജന്മമെടുക്കുകയും ഇലക്ഷനോടെ ചത്തൊടുങ്ങിപ്പോകുകയും ചെയ്യുന്ന വല്ല സവിശേഷ ജീവിവർഗ്ഗവുമാണോയെന്നാണ്  വിരുദ്ധന്റെ സംശയം. അഞ്ചുകൊല്ലത്തിലൊരിക്കൽ തങ്ങളുടെ മുന്നിൽ നടു ’ വളച്ച് ഓച്ഛാനിച്ച് നിൽക്കുന്ന സ്ഥാനാർത്ഥികളെങ്കിലും അങ്ങനെയാണ് കരുതുന്നത് എന്ന് ആരെങ്കിലും വിചാരിച്ച് പോയാൽ അവരെ കുറ്റം പറയുന്നതെങ്ങനെ?. തങ്ങളുടെ സകല കൊള്ളരുതായ്മകളും കണ്ടും കേട്ടും അനുഭവിച്ചും പല്ല് ഞെരിച്ചും ദീർഘനിശ്വാസം വിട്ടും തങ്ങൾക്കിടയിൽത്തന്നെ ജീവിക്കുന്ന പൊതുജനം തന്നെയാണ് വോട്ടർമാരെന്ന ബോധം സ്ഥാനാർത്ഥികൾക്ക് ഉണ്ടായിരുന്നെങ്കിൽ നട്ടെല്ല് വളച്ച് വോട്ടിരക്കുന്ന  ചില 'മാന്യന്മാർ'ക്കെങ്കിലും ജീവ ഭയം തോന്നേണ്ടതുണ്ടായിരുന്നു.
വോട്ടർമാരുടെ ദൈന്യതകൾക്ക് തത്കാലം വിടനൽകാം. വോട്ടർമാരെക്കാ കഷ്ടമാണ് ചെറുതും വലുതുമൊക്കെയായ രാഷ്ട്രീയപ്പാർട്ടികളുടെ കാര്യം. തങ്ങളുടെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ പോലും അധികാരമില്ലാത്ത ഗതികേടിലായിരുന്നു മിക്കവാറും രാഷ്ട്രീയപ്പാർട്ടികളുടെ നേത്യത്വങ്ങളും. ആരൊക്കെയാണ് തങ്ങളുടെ സ്ഥാനാർത്ഥികളെന്നോ ആരൊക്കെയാണ് അവരെ തീരുമാനിക്കുന്നത് എന്നോ തിട്ടമില്ലാതെ ഉഴലുകയായിരുന്നു അവർ. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഇറക്കിവിടുന്ന ഇറക്കുമതികളെ തങ്ങളുടെ സ്ഥാനാർത്ഥികളായി അംഗീകരിക്കേണ്ടി വരുന്ന നേത്യത്വങ്ങളുടെ ഗതികേടിനെക്കുറിച്ചാലോചിക്കുമ്പോൾ സാദാ വോട്ടർമാരുടെ കാര്യം എത്ര നിസാരം.

 കോൺഗ്രസിന്റെ കാര്യം തന്നെയെടുക്കാം. സ്ഥാനാർത്ഥി നിർണ്ണയമെന്ന ബാലികേറാമല ഒരു വിധം ഇഴഞ്ഞും നിരങ്ങിയും കയറി ആത്മവിശ്വാസത്തോടെയിരിക്കുകയായിരുന്നു സുധീരൻ സാർ. സുധീരൻസാർ തന്നെ ഒരു ഹൈക്കമാന്റ് പ്രോഡക്ടായത് കൊണ്ട് കെ പി സി സിക്ക് ഇത്തവണ സ്വന്തം സ്ഥാനാർത്ഥികളെ നിർണ്ണയിക്കാനുള്ള മിനിമം സ്വയം നിർണ്ണയാവകാശമെങ്കിലും കിട്ടുമെന്ന് സുധീരൻ സാർ പ്രതീക്ഷിച്ച് പോയതിൽ ആർക്ക് കുറ്റം പറയാനാകുംഇലക്ഷനോടടുക്കുമ്പോൾ സാധാരണ കോൺഗ്രസിലുണ്ടാകാറുള്ള ചക്കളത്തിപ്പോര് എന്ന 'പാരമ്പര്യ കലാരൂപംഇത്തവണ ഉണ്ടാകില്ലയെന്ന് തന്നെ സാർ ഉള്ളാലെ ഉറപ്പിച്ചിരിക്കുകയായിരുന്നു. പക്ഷേ സുധീരൻ സാറിനെ അധീരനാക്കും വിധമുള്ള ചില ഏർപ്പാടുകളാണ് പിന്നീട് നടന്നത്. കെ പി സി സി ഓഫീസിന്റെ തട്ടും പൊളിച്ചാണ് ചിലർ സ്ഥാനാർത്ഥികളായി ലാൻഡ് ചെയ്തത്. വീ ആർ ഫ്രം ഡൽഹി എന്ന് അവരുടെ നെറ്റിയിൽ ഒട്ടിച്ച് വെച്ചിരുന്നത് കൊണ്ടാണ് ആഗതരുടെ ആഗമനോദ്ദേശം സുധീരൻ സാറിന് പിടികിട്ടിയത്. ചിലരൊക്കെ സാറിന്റെ നെഞ്ചിനെ ലക്ഷ്യമാക്കിയാണ് ലാൻഡ് ചെയ്തതെങ്കിലും തക്ക സമയത്ത് സാർ ഒഴിഞ്ഞ് മാറിയത് കൊണ്ടാണ് ഏറെ അപായങ്ങളില്ലാതെ രക്ഷപ്പെട്ടത് എന്നും ചില സംസാരങ്ങളുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ഒരു യുവനേതാവിനെ പാർലമെന്റിലേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസ് പാർട്ടി ഒന്നടങ്കം തീരുമാനിച്ച വാർത്ത ടെലിവിഷനിലൂടെ പുറത്ത് വന്നപ്പോൾ ഡൽഹിയിലെ സോണിയാജിയുടെ വീടിനടുത്തുള്ള ഒരു മസാജ് സെന്ററിൽ കൗപീനം ധരിച്ച് സുഖ ചികിത്സ നടത്തുകയായിരുന്ന  ഒരു സീനിയർ കേരള നേതാവ് മനസിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. പാവം പയ്യൻ”. ഒടുവിൽ സ്ഥാനാർത്ഥി ലിസ്റ്റ് വന്നപ്പോൾ നമ്പർ ടെൺ ജൻപഥിൽ നിന്ന് വിട്ട മിസൈലിൽ പയ്യനെ തുരത്തി വിട്ടു. കൗപീനമിട്ട് നിന്ന സീനിയർ നേതാവ് സ്ഥാനാർത്ഥി, പിന്നെ മന്ത്രി! എപ്പടി?
ഇതൊക്കെയാണെങ്കിലും ഹൈക്കമാൻഡിന്റെ വിഷമങ്ങൾ ഹൈക്കമാന്റിനേ അറിയൂ. അന്തം കമ്മികളായ ചില കോൺഗ്രസുകാർ കരുതുന്നത് പോലെ എല്ലാം നിശ്ചയിക്കാൻ ഹൈക്കമാന്റിനു പോലും സാധിക്കില്ല. പാർട്ടിയെ താങ്ങി നിർത്തുന്ന ദേശീയരുടേയും വിദേശീയരുടേയും താത്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാതെ നിർവാഹമില്ല.
ഇത്തവണ സീറ്റ് പ്രതീക്ഷിച്ച് മാസങ്ങൾക്ക് മുമ്പേ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ മഹിളാമണിക്ക്  നിറഞ്ഞ പ്രതീക്ഷയായിരുന്നു. മഹിളാ കോൺഗ്രസ് നേതാവ് , ന്യൂനപക്ഷ സമുദായാംഗംഡൽഹി ബന്ധംതീപ്പൊരി പ്രാസംഗിക പോരെങ്കിൽ രാഹുൽജിയുടെ ഉറച്ച സപ്പോർട്ട്. ഇങ്ങനെയൊക്കെയുള്ള തനിക്കൊരു സീറ്റ് കിട്ടിയില്ലെങ്കിൽ പിന്നെയാർക്കാ കിട്ടുക ഇതൊക്കെയായിരുന്നു ലലനാമണിയുടെ ചിന്തകൾ ലിസ്റ്റ് വന്നപ്പോൽ ലലനാമണിയുടെ പ്രതീക്ഷകളൊക്കെ അമിട്ട് ചീറ്റുന്നത് പോലെ ചീറ്റിപ്പോയി. രാഹുൽജിയും കൈവിട്ടുകളഞ്ഞു. ഈ രക്തത്തിൽ തനിക്ക് പങ്കില്ല എന്നു മാത്രമാണ് രാഹുൽജി പറഞ്ഞതെന്നാണ്  വിശ്വസനീയ വിവരം. പാവം രാഹുൽജി. ചില സീറ്റുകൾ നിർണ്ണയിക്കുന്നതിൽ രാഹുൽജിക്ക് മാത്രമല്ല അമ്മച്ചിക്ക് പോലും പറയത്തക്ക റോളുകളൊന്നുമില്ലെന്നതാണ് അന്തപുര രഹസ്യം. 
സാദാ കോൺഗ്രസുകാർ വെറും സാധുക്കളാണ്. അവർ കരുതുന്നത് ഹൈക്കമാന്റ് എന്നാൽ അതൊരു നൂറ്റിപ്പത്ത് കെ വി ഹൈ വോൾട്ട് പോലെയെന്തോ ആണെന്നാണ്. യഥാർത്ഥ്ത്തിൽ കെ കരുണാകരൻജി പണ്ട് പറഞ്ഞത് പോലെ " ഹൈക്കമാന്റോഎന്തു ഹൈക്കമാന്റ്അതൊരു ലോക്കമാന്റല്ലേ" എന്നത് തന്നെയായാണ് ശരിയായ സത്യം. ബിജെപിയെ എതിർക്കുന്നുവെന്നൊക്കെ പറയുമ്പോൾ അതിനു വേണ്ട മിനിമം ആമ്പിയറെങ്കിലും കാണിക്കേണ്ടതില്ലെ? എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ! ഇത്ര മാത്രമേ കോൺഗ്രസിനെക്കുറിച്ച് തത്കാലം പറയുന്നുള്ളൂ


ഇത്തവണ അതീജീവനത്തിനായി പോരാടേണ്ടവരാണ് സി പി എം കാർ. ബംഗാളിലെ വാർത്തകൾ കേൾക്കുമ്പോൾ സഖാക്കൾ ടി വി തന്നെ ഓഫ് ചെയ്തു കളയുകയാണ്. അവിടെ നിന്ന് ലോക്സഭയിലേക്ക് ഉപ്പ് നോക്കാൻ പോലും വല്ലതും കിട്ടുമെന്ന് പ്രതീക്ഷയില്ല. ത്രിപുരയെ ഇപ്പോൾ സി പി എം കാർ വിളിക്കുന്നത് ത്രിശങ്കുവെന്നാണ്. എങ്ങനെ വേണമെങ്കിലും മറിയാമെന്നവണ്ണമാണ് ത്രിപുരയുടെ അവസ്ഥ. ആകെ അല്പം പ്രതീക്ഷയുള്ളത് കേരളത്തിലാണ്. സോളാറും, കൽക്കരിയുമൊപ്ക്കെ ആളിക്കത്തിച്ച് കളിക്ക് മുന്നേ തന്നെ  ഗോളടിച്ച് നിൽക്കുകയായിരുന്നു അവർ. സി പി എമ്മിന് ഇത്തവണ ദേശീയ രാഷ്ട്രീയ പാർട്ടിയെന്ന പദവി വേണമെങ്കിൽ കേരളം മാത്രമാണ് ആകെയൊരു പ്രതീക്ഷ. അത് കൊണ്ട് തന്നെ പരമാവധി പാർട്ടിക്കാരെ ഒഴിവാക്കി മത്സരിക്കുകയാകും ഡീസന്റെന്ന് പാർട്ടി തീരുമാനിച്ചു. വെറുതേ സീറ്റുകൾ പാഴാക്കിക്കളയണ്ടല്ലോ.  ആ തീരുമാനത്തിൽ കുറ്റം പറയാനൊന്നുമില്ല. കൂടെക്കിടന്നവനല്ലേ രാപ്പനി അറിയൂ. പാർട്ടിക്കാരെ വിട്ട് അൽപം കഴിവും ശേഷിയുമുള്ളവരെ കണ്ടെത്താൻ പാർട്ടി തീരുമാനിച്ചതിൽ പ്രത്യേകിച്ച് ആർക്കുംപരാതിയുമില്ല. മുമ്പേ ഗമിക്കുന്ന ഗോവു തന്റെ പിമ്പേ ഗമിക്കുന്നു ബഹു ഗോക്കളെല്ലാം എന്നാണല്ലോ പ്രമാണം. ഗോക്കളല്ല സഖാക്കളായാലും അങ്ങനെയൊക്കെത്തന്നെയാണ്. നയിക്കുന്നത് പിണറായി സഖാവാണെങ്കിൽ പിന്നെയൊന്നും നോക്കാനില്ല.  പക്ഷേ സ്ഥാനാർത്ഥിപ്പട്ടിക പുറത്ത് വന്നപ്പോൾ മുതൽ സഖാക്കളൊക്കെ കരയണോ ചിരിക്കണോയെന്നറിയാതെ വാ പൊളിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണയത്തെ ചരിത്രപരമായ വങ്കത്തമെന്നൊക്കെ ആളുകൾ വിശേഷിപ്പിക്കുണ്ടെങ്കിലും പാവം ഇന്നച്ചനിട്ട് സി പി എം പണിത പണി അല്പം കടുത്തതായിപ്പോയി. “എന്റപ്പൻ കമ്യൂണിസ്റ്റായിരുന്നു.. ഒന്നാന്തരം കമ്യൂണിസ്റ്റ്” ഇതാണ് ഇന്നസെന്റ് ചേട്ടനുള്ളതായി ചേട്ടൻ തന്നെ വിശ്വസിക്കുന്ന പാർട്ടി ബന്ധം. ഇന്നസെന്റ് ചേട്ടനെ സ്ഥാനാർത്ഥിയാക്കിയ പാർട്ടി മുകേഷിനേയും സായ് കുമാറിനേയും കൂടി പ്രചാരണത്തിൽ ലഭ്യമാക്കിക്കൊടുക്കണമായിരുന്നു. എങ്കിലേ ചേട്ടന് ഒരു എനർജി കിട്ടുകയുമുള്ളൂ. മുണ്ട് പറിച്ചോടാനുള്ള ചേട്ടന്റെ കഴിവിലാണ്  പിണറായി സഖാവ് വീണ് പോയതെന്നാണ് പലരും പറഞ്ഞ് കേൾക്കുന്നത്.
 ഇന്നസെന്റിന്റെ അപ്പനെങ്കിലും കമ്യൂണിസ്റ്റായിരുന്നു. എന്നാൽ അപ്പനും അപ്പന്റെയപ്പനും മുതൽ കൊച്ചുമക്കൾ വരെ കോൺഗ്രസായ ചിലരെയും പാർട്ടി സ്ഥാനാർത്ഥികളാക്കി. സി പി എമ്മിനെ സ്ഥിരമായി കുറ്റം പറഞ്ഞിരുന്നവർ വരെ പാർട്ടിയുടെ ഹ്യദയ വിശാലത കണ്ട് രണ്ട് തുള്ളി കണ്ണീർ പൊഴിച്ച് അവരോട് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു. ‘ഒരൊറ്റ ഇലക്ഷൻ മതി പാർട്ടികളുടെ ഭാവി മാറ്റാൻ’ എന്ന് പാർട്ടി തിരിച്ചറിഞ്ഞു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും എറണാകുളത്തെയും തിരുവനന്തപുരത്തേയും മലപ്പുറത്തേയും പത്തനം തിട്ടയിലേയും ഇടുക്കിയിലേയുമൊക്കെ സഖാക്കൾ ഇഞ്ചി കടിച്ച കുരങ്ങന്മാരെപ്പോലെയാണ് ഈയ്യിടെയായി ഇരിക്കുന്നത്. തുപ്പാനും തിന്നാനും പറ്റാത്ത അവസ്ഥ. പാർട്ടിക്കും സഖാക്കൾക്കും പറ്റിയ പറ്റോർക്കുമ്പോൾഒന്ന് മാത്രമേ പറയാനുള്ളൂ. സി പി എമ്മും ഒരു പാർട്ടിയാണ്; പിണറായി ഒരു നേതാവും.