Nov 30, 2013

വൈരുധ്യാത്മക ദൈവീകവാദ വിപ്ലവം വരുന്നു


വിമോചനത്തിന്റെ പ്രത്യയ ശാസ്ത്രമാണ് കമ്മ്യൂണിസം എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സി പി എം. ആ പാര്‍ട്ടിയുടെ ആധാര ശിലയും കമ്മ്യൂണിസമാണ് എന്നാണ് വെപ്പ്. കമ്മ്യൂണിസം കൊണ്ട് എന്ത് വിമോചനമാണ് സി പി എം നടപ്പാക്കിയത് എന്ന ചോദ്യം അഭിപ്രായാനന്തരം സ്യഷ്ടിക്കുന്ന ഒന്നാണെങ്കിലും വിമോചനം സാധ്യമാക്കാനായി പാര്‍ട്ടി കാലങ്ങളായി അധ്വാനിക്കുന്നുണ്ട് എന്നത് വാസ്തവമാണ്.വൈരുധ്യാത്മക ഭൗതികവാദമാണ് കമ്മ്യൂണിസത്തിന്റെ വേദശാസ്ത്രമെങ്കിലും ആഗോള കമ്മ്യൂണിസ്റ്റ് അണികളില്‍ മഹാഭൂരിപക്ഷത്തിനും എന്താണ് ഈ സംഗതിയെന്ന് ഇപ്പോഴും പിടിയില്ല. സ്വന്തം നയങ്ങളും നിലപാടുകളും അണികളെയും അനുഭാവികളെയും ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിക്കുന്ന പ്രസ്ഥാനമാണ് സി പി എമ്മെങ്കിലും എന്തു കൊണ്ടാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ തന്നെ ഈ വൈരുദ്ധ്യമെന്നത് സാരമായ സംശയമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദമെന്നത് സാധാരണക്കാര്‍ക്ക് പെട്ടെന്ന് കടിച്ച് പൊട്ടിക്കാന്‍ പറ്റാത്ത ഉണക്കക്കുരുവാണെങ്കിലും ദൈവനിഷേധമെന്ന അതിന്റെ പരിപ്പ് വേവുന്നിടങ്ങളും വേവാത്തിടങ്ങളും നോക്കി പാകത്തിന് തീ കൂട്ടാന്‍ എന്നും സി പി എം ഉത്സുകരായിരുന്നു.ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അതിജീവനത്തിന് ചക്രശ്വാസം വലിക്കുകയാണ്. റഷ്യയും ക്യൂബയും വിയറ്റ്‌നാമും മുതല്‍ ഇങ്ങ് പശ്ചിമ ബംഗാള്‍ വരെയുള്ള കമ്മ്യൂണിസത്തിന്റെ മണിയറകളില്‍ നിന്ന് വീശിയടിക്കുന്ന കാറ്റിന് ചാവു ഗന്ധമാണെന്ന് ഏതൊക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മനസിലാക്കിയിട്ടില്ലെങ്കിലും സി പി എം മനസിലാക്കിയിട്ടുണ്ടെന്ന് വേണം ഊഹിക്കാന്‍. ഈയിടെയായി ആ പാര്‍ട്ടി നടത്തുന്ന സാമൂഹിക ഇടപെടലുകളും അനുവര്‍ത്തിക്കുന്ന നയവ്യതിചലനങ്ങളും വിരല്‍ ചൂണ്ടുന്നത് ഈയൊരു തിച്ചറിവിലേക്കാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് സി പി എമ്മും കേരളത്തിലെ ക്രൈസ്തവ മതാധ്യക്ഷരും തമ്മില്‍ നടത്തിയ വാക്‌പോര് മലയാളികള്‍ മറന്ന് കാണില്ല. 'നിക്യഷ്ട ജീവി'യെന്ന പദം നിഘണ്ടുകളില്‍ നിന്നിറങ്ങി സാധാരണക്കാരന്റെ വാമൊഴിയിലും വരമൊഴിയിലും സ്ഥാനം പിടിച്ചത് ആ വിവാദത്തോടെയായിരുന്നു. വയനാട് ബിഷപ്പിനെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അങ്ങനെ വിളിക്കാനുണ്ടായ കാരണം, സി പി എമ്മിന്റെ ഒരംഗം സ്വകാര്യമായി മതാചാരം അനുഷ്ഠിച്ചുവെന്ന ബിഷപ്പിന്റെ വെളിപ്പെടുത്തലായിരുന്നു.പാര്‍ട്ടിയുടെ വൈരുദ്ധ്യാത്മകത്തിന്റെ മര്‍മ്മത്താണ് ബിഷപ്പ് പ്രഹരിച്ചത്. സി പി എമ്മിന്റെ യുവ തുര്‍ക്കിയായിരുന്ന അബ്ദുല്ലക്കുട്ടി, രഹസ്യമായി ഉംറ തീര്‍ഥാടനത്തിന് പോയെന്ന കാരണത്താലാണ് പാര്‍ട്ടി പുറത്തേക്കെടുത്തെറിഞ്ഞത്. മുസ്‌ലിം ലീഗിനോട് തൊട്ടുകൂടായ്മ പുലര്‍ത്തിയിരുന്ന പാര്‍ട്ടി, ലീഗില്‍ നിന്നും വിഘടിച്ച് പോയ നാഷണല്‍ ലീഗ് സ്വന്തം പേരില്‍ നിന്ന് മുസ്‌ലിം എന്ന പദം എടുത്ത് നീക്കിയിട്ട് പകരം ഇന്ത്യന്‍ ചേര്‍ത്തിട്ടും, പൂര്‍വ ബന്ധം അവിഹിതമായിരുന്നുവെന്ന കാരണത്താലാണ് പടിക്ക് പുറത്ത് തന്നെ ഇരുത്തിയത്. ഇതൊക്കെ സി പി എമ്മിന് ഇപ്പോള്‍ പഴയ കഥകളാണ്. ഓര്‍ക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത പഴങ്കഥകള്‍.കളമറിഞ്ഞ് കളിക്കാനല്ല കളത്തിന് മുമ്പെ കളിക്കാനാണ് സി പി എം എക്കാലത്തും താത്പര്യം കാണിച്ചിട്ടുള്ളത്. പലപ്പോഴും കളത്തിന് വെളിയിലായിപ്പോകുന്നതിന്റേയും കളി, പാതിയില്‍ നിര്‍ത്തേണ്ടി വരുന്നതിന്റെയും കാരണങ്ങളും മറ്റൊന്നല്ല. എങ്കിലും പുതിയൊരു കളിയുടെ കളമൊരുക്കിലാണ് പാര്‍ട്ടി ഇപ്പോഴുള്ളത്. ഇത് അതിജീവനത്തിനായുള്ള കളിയാണ്. അതുകൊണ്ട് തന്നെ കളിയില്‍ അല്‍പം കാര്യംകൂടിയുണ്ട്. മതപ്രസ്ഥാനങ്ങള്‍ക്ക് നേരെ കണ്ണ് ചിമ്മിക്കൊണ്ടുള്ള ഒരു മതനിരാസ സമീപനമായിരുന്നു ഇതുവരെ സി പി എം പുലര്‍ത്തിവന്നിരുന്നത്.ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളുമായി കൊമ്പ് കോര്‍ക്കുകയും ഇടയുകയും ചെയ്തിട്ടുള്ള പാര്‍ട്ടി അപ്പോഴൊക്കെ വിട്ടുവീഴ്ചയില്ലാതെ ഉയര്‍ത്തിപ്പിടിച്ചിരുന്ന മതവിരുദ്ധതയെന്ന മേലങ്കി അഴിച്ച് മാറ്റാനും അല്‍പം മതകീയമായി മാറാനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളാണ് അവരുടെ രാഷ്ട്രീയ പരിണാമത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊടുക്കുന്നത്. മത പ്രസ്ഥാനങ്ങള്‍ക്ക് കൂടി ചായയും പരിപ്പ് വടയും നല്‍കാനുള്ള പുതിയ നീക്കം കൗതുകം നിറഞ്ഞതാണ്.

2010ല്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ സി പി എം സംഘടിപ്പിച്ച 'മാര്‍ക്‌സാണ് ശരി'യെന്ന പ്രദര്‍ശനത്തിലൂടെ തങ്ങളുടെ ഗതി മാറ്റത്തിന്റെ ജാലകം അവര്‍ തുറന്ന് വെച്ചു. ലോകത്തെ മികച്ച സോഷ്യലിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത് കാണാനെത്തിയ പാര്‍ട്ടി അണികളും മറ്റുള്ളവരും നന്നായിത്തന്നെ ഞെട്ടി. ചെഗുവേരയെക്കാളും മുമ്പില്‍ യേശു ക്രിസ്തു! ക്രിസ്തുവിനെ സഖാവായിക്കണ്ട അണികളൊക്കെ ഞെട്ടിയെങ്കിലും നേത്യത്വത്തിന് യാതൊരു കുലുക്കവുമില്ലായിരുന്നു. 'മാറുന്ന ലോകത്ത് മാറ്റമില്ലാത്തവര്‍ക്ക് നിലനില്‍പില്ല' എന്ന സിദ്ധാന്തം പാര്‍ട്ടി ഔദ്യോഗികമായിത്തന്നെ അംഗീകരിച്ചിരിക്കുന്നു! പറയുന്നതിനെക്കാള്‍ പ്രാധാന്യം ചെയ്യുന്നതിനാണ് എന്നാണ് സി പി എം വിശ്വസിക്കുന്നത്. എല്ലാവരും ആദ്യം പറയുന്നു പിന്നെ ചെയ്യുന്നു; ഞങ്ങള്‍ ആദ്യം ചെയ്യുന്നു; പിന്നെപ്പറയുന്നു. ഇതാണ് സി പി എമ്മിനെ ഇതര പാര്‍ട്ടികളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്. അത് കൊണ്ട്തന്നെ പാര്‍ട്ടി കൈക്കൊള്ളുന്ന പല നിലപാടുകളും പെട്ടെന്നുള്ളതായി തോന്നുമെങ്കിലും നന്നായി ആലോചിച്ച ശേഷമായിരിക്കും അവ നടപ്പിലാക്കിയിട്ടുള്ളത്. പക്ഷേ മത വിശ്വാസമില്ലാത്തത് കൊണ്ടായിരിക്കണം, ദൗര്‍ഭാഗ്യങ്ങള്‍ ഏറെയുള്ള ഒരു പാര്‍ട്ടിയാണ് സി പി എം. നിലപാടുകള്‍ പലതും തിരിഞ്ഞ് കുത്തുന്നത് പതിവാണ്.പാര്‍ട്ടിയുടെ പല നയങ്ങളും നിലപാടുകളും പരിഷ്‌കരിക്കേണ്ടതുണ്ടെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആഗോള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെല്ലാം നിലനില്‍പിനായുള്ള പോരാട്ടത്തിലാണ് / പരിഷ്‌കരണത്തിലാണ്. മതകീയ ധാരകളോടുള്ള നയങ്ങളാണ് ആദ്യം പരിഷ്‌കരിക്കേണ്ടതെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞ് കഴിഞ്ഞു. രാജ്യത്തെ മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മതത്തെ അധികാരത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. തീവ്ര വലതുപക്ഷമായ ബി ജെ പി മുതല്‍ താഴെ തട്ടിലുള്ള ചെറു പാര്‍ട്ടികള്‍ വരെ ഇതില്‍ നിന്നൊഴിവല്ല. മത സംഘടനകള്‍ രാഷ്ട്രീയം പറയുന്നതും നിലപാട് വ്യക്തമാക്കുന്നതും സി പി എം എക്കാലത്തും ശക്തമായി എതിര്‍ത്ത് പോന്നിരുന്നു. അണികള്‍ മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനെപ്പോലും ഒരുകാലത്ത് ശക്തമായി എതിര്‍ത്തിരുന്ന പാര്‍ട്ടിക്ക് പിന്നീട് നിലപാട് മയപ്പെടുത്തേണ്ടി വന്നുവെങ്കിലും എക്കാലത്തും മതം രാഷ്ട്രിയത്തിന് മുന്നില്‍ തന്നെ നില്‍ക്കുന്നതില്‍ സി പി എമ്മിനുണ്ടായിരുന്ന അസഹിഷ്ണുത ചെറുതൊന്നുമല്ലായിരുന്നു. മതമാണോ രാഷ്ട്രീയമാണോ വലുതെന്ന തെരഞ്ഞെടുപ്പില്‍ മതം തന്നെ വലുതെന്ന നിലപാടായിരിക്കും പാര്‍ട്ടിയുടെ ബഹുഭൂരിപക്ഷം അണികളും സ്വീകരിക്കുകയെന്ന് പാര്‍ട്ടിക്ക് നല്ല നിശ്ചയമുണ്ട്. അതു കൊണ്ട് തന്നെയാണ് മത പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയം പറയുമ്പോള്‍ പാര്‍ട്ടിക്ക് ഹാലിളകുന്നത്. സ്വന്തം അണികളെ വിശ്വാസത്തിലെടുത്ത് മത സംഘടനകളുടെ ആഹ്വാനങ്ങളെ അവഗണിക്കാന്‍ സി പി എമ്മിന് കരളുറപ്പില്ലാതെ പോകുന്നതിന്റെ കാരണമിതാണ്.ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമന്വേഷിക്കാന്‍ പാര്‍ട്ടി ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. മുഖ്യധാരയില്‍ നിന്ന് മാറിനടന്നിരുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളെയും കൂടെ കൂട്ടിയാണ് മുസ്‌ലിം സമുദായത്തിന്റെ സ്വാധീനം നേടാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്. സമുദായം തിരസ്‌കരിച്ചവരെക്കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് ബോധ്യമായപ്പോള്‍, മുസ്‌ലിം ലീഗിനോട് അമര്‍ഷം പുലര്‍ത്തുന്നവരെയെല്ലാം ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാനായിരുന്നു പിന്നീടുള്ള യജ്ഞം. ഒരു പ്രതിസന്ധിയില്‍ ഇവരൊന്നും കൂടെ നില്‍ക്കില്ലയെന്ന് വൈകിയാണ് പാര്‍ട്ടിക്ക് മനസിലായത്.എന്നും വിപ്ലവത്തെ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്ക്, നിലപാടുകളിലുള്ള ഒരു വിപ്ലവത്തിന് സമയമായെന്ന് ബോധോദയം ഉണ്ടായിരിക്കുന്നു. സി പി എമ്മിന് കാര്യമായ സ്വാധീനമില്ലാത്ത രണ്ട് സമുദായങ്ങളാണ് മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ . ആരാധനാലയങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ഈ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന മാര്‍ഗം അല്‍പം കടന്ന കൈയ്യാണെങ്കിലും അതിനു പിന്നിലെ ചങ്കുറപ്പ് അംഗീകരിക്കാതെ തരമില്ല. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കുകയെന്ന പ്രയോഗമാണ് സി പി എം സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് സ്വാധീനമുള്ള മുസ്‌ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ കേരളമെമ്പാടും നിര്‍മിക്കുകയും സി പി എം പ്രാദേശിക ഘടകങ്ങള്‍ വഴി പാര്‍ട്ടി ആസ്ഥാനത്തിരുന്ന് അതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന വലിയ വിപ്ലവ സ്വപ്‌നത്തിന്റെ പുളകത്തിലാണ് ഇപ്പോള്‍ സി പി എം ഉള്ളത്. പാര്‍ട്ടിയുടെ തട്ടകമായ കണ്ണൂരില്‍ തന്നെ ഇതിനുള്ള പരീക്ഷണങ്ങള്‍ തുടങ്ങാനാണ് തീരുമാനം.പാര്‍ട്ടി നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ രൂപീകരിച്ച് നിര്‍മ്മിക്കുന്ന ആരാധനാലയങ്ങള്‍ ഒരു പുതിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. കേരളത്തിലെ മുസ്‌ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ മുഴുവനും അതാതു സമുദായങ്ങളിലെ വിവിധ കക്ഷിത്വങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. വിരളമായവ മാത്രമാണ് ഇതിന്നപവാദം. ആരാധനകളിലും അനുഷ്ഠാനങ്ങളിലും വ്യതിരിക്തതകള്‍ പുലര്‍ത്തുന്ന ഇവയില്‍ ആരോടൊക്കെ എവിടെയൊക്കെ നില്‍ക്കണമെന്നത് അവരെ കുഴപ്പിക്കുന്ന പ്രശ്‌നമായിരിക്കും. പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള വികാരിയും മെത്രാനും ഇമാമും ഖതീബും ആത്മീയതയ്‌ക്കൊപ്പം കമ്മ്യൂണിസവും പ്രസംഗിക്കും. ഇതിന്നെതിരെ പ്രതിഷേധിക്കാമെന്ന പൂതിയൊന്നും ആര്‍ക്കും വേണ്ട. പത്തര മാറ്റ് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മുന്നില്‍ നിര്‍ത്തിയായിരിക്കും ഇതൊക്കെ ചെയ്യുക. അങ്ങനെയെങ്കില്‍ ഇന്നലെ വരെ സി പി എം ഉയര്‍ത്തിയിരുന്ന പരിവേദനം ഇനി നാട്ടിലെ മുസ്‌ലിം ക്രിസ്ത്യന്‍ സംഘടനകളായിരിക്കും ഏറ്റെടുക്കുക. മതം രാഷ്ട്രിയത്തില്‍ ഇടപെടാന്‍ പാടില്ലെന്നതായിരുന്നു ഇതു വരെ പാര്‍ട്ടിയുടെ ആവശ്യം. ഗത്യന്തരമില്ലാതെ സി പി എം രാഷ്ട്രീയത്തെ മതത്തില്‍ ഇറക്കാന്‍ തന്നെ തീരുമാനിക്കുമ്പോള്‍ ഈ സംഘടനകള്‍ എങ്ങനെ ഇതിനെ പ്രതിരോധിക്കുമെന്നതും കൗതുകമുണര്‍ത്തുന്ന കാര്യമാണ്.

ഒടുവില്‍ ന്യൂനപക്ഷങ്ങളുടെ മുഖ്യധാരയിലേയ്‌ക്കെത്താതെ രക്ഷയില്ലെന്ന് സി പി എം തിരിച്ചറിഞ്ഞു എന്നു വേണം മനസിലാക്കാന്‍. ഖുത്തബുദ്ദീന്‍ അന്‍സാരിയെന്ന ഗുജറാത്ത് വംശഹത്യയുടെ ഇരയെ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി കേരളത്തില്‍ കൊണ്ട് വരാന്‍ സി പി എം കാണിച്ച കരളുറപ്പ് അംഗീകരിക്കേണ്ടത് തന്നെയാണ്. ലക്ഷ്യം വോട്ടും അധികാരവുമായതിനാല്‍ പാര്‍ട്ടിയുടെ വിപ്ലവം ഇവിടെയൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല. പള്ളികള്‍ക്ക് പുറമെ പാര്‍ട്ടിവക അറബിക് കോളജുകളും മദ്രസകളും ഹജ്ജ് - ഉംറ സര്‍വീസുകളും ഉളുഹിയത്തും സക്കാത്ത് സെല്ലുകളും സജീവമായേക്കും. സെമിനാരിയും കരിസ്മാറ്റിക് ധ്യാനങ്ങളും മാമോദീസ മുക്കലും കുമ്പസാരക്കൂടുമൊക്കെ പാര്‍ട്ടി വകയായി ഉണ്ടായേക്കും. നമസ്‌കാരവും നോമ്പുമൊക്കെയുള്ള സഖാക്കള്‍ ഖുര്‍ആന്‍ ഓതിയും സത്യക്രിസ്ത്യാനികളായ സഖാക്കള്‍ ബൈബിള്‍ വായിച്ചുമായിരിക്കും പാര്‍ട്ടി യോഗങ്ങള്‍ ആരംഭിക്കുക. സി പി എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങളും ഏരിയാ സമ്മേളനങ്ങളും മദ്രസകളിലും സന്‍ഡേ സ്‌കൂളുകളിലും നടന്നേക്കും. കവലകള്‍ തോറും കമ്മ്യൂണിസ്റ്റ് പള്ളികള്‍ വ്യാപകമാകുന്ന കാലമാണ് വരാനിരിക്കുന്നത് എന്ന് സാരം. ചൈനയും ക്യൂബയുമൊക്കെ പോയിതുലയട്ടെ. ഇതാണ് സഖാവെ വിപ്ലവം! വെറും വിപ്ലവമല്ല, വൈരുധ്യാത്മക ദൈവീകവാദ വിപ്ലവം.