Aug 29, 2011

ഗ്യഹാതുരത്വത്തിന്റെ പെരുന്നാൾ

ഗ്യഹാതുരത്വത്തിന്റെ പെരുന്നാൾ
ബിൻസൈൻപെരുന്നാളുകൾ വിശ്വാസിക്ക് പ്രതീക്ഷയുടെയും ആനന്ദത്തിന്റെയും പൂന്തേനരുവിയാണു. മധുരിക്കുന്ന ഒർമകളുടെ വളപ്പൊട്ടുകൾ ചേർത്ത് കൂട്ടിയിരിക്കുന്ന മൻചാടിച്ചെപ്പാണു ഒരോ പെരുന്നാളും വിശ്വാസിക്ക് സമ്മാനിക്കുന്നത്.പത്തിരിയുടേയും പൊരിച്ച ഇറച്ചിയുടേയും ഗ്യഹാതുരത്വമുണർത്തുന്ന മണം കൊണ്ട് കൂടി ചാലിച്ചതാണു ഒരോ പെരുന്നാൾ സ്മരണകളും. കുട്ടിക്കാലത്തെ പെരുന്നാൾ സ്മരണകളുടെ ആനന്ദ നിരവ്യതി കൺ കോണിലെവിടെയോ നൊമ്പരത്തിന്റെ കണ്ണീർ പൊടിയിക്കുന്നു...ഒർമയുടെ അറകളിൽ അടർന്നു വീഴാറായ ബന്ധങ്ങൾ....നടന്നു തീർത്താലും തീരാത്ത ഗ്യഹാതുരത്വത്തിന്റെ സുഖമുള്ള നടവഴികളിൽ ആഞ്ഞുനടക്കാൻ കൊതിയാവുന്നു......പള്ളിയിൽ നിന്നു കേൾക്കുന്ന പ്രത്യേക ഈണത്തിലുള്ള തക്ബീർ ധ്വനികൾ ആനന്ദത്തിൽ നെയ്തെടുത്തതായിരുന്നു. പെരുന്നാൾ സമ്മാനമായി ബീഡിക്കെട്ടുകളും, പുകയിലപ്പൊതികളുമായണു ഞങ്ങൾ ചെറുമക്കൾ വല്യത്തയേയും വല്യുമ്മയേയും സന്ദർശിച്ചിരുന്നത്. ബന്ധങ്ങളുടെ ഇഴകൾ അടുപ്പിക്കുന്നതും കണ്ണികൾ കൂട്ടി യോജിപ്പിക്കുന്നതും പെരുന്നാളുകൾ ആയിരുന്നു. അമ്മായിമാർ തയ്യാറാക്കുന്ന പെരുന്നാൾ വിഭവങ്ങൾക്ക് ഒരു പ്രത്യേക മണമായിരുന്നു.....ഇന്നും വേർതിരിച്ച് ഒർത്തെടുക്കാൻ കഴിയുന്ന സുഖമുള്ള ഒരു ഉന്മാദത്തിന്റെ മണം. പുതിയ പുസ്തകത്തിന്റെ മണം ക്ലാസ്സ് റൂമുകളിലേക്കു കൊണ്ടുപോകുന്നതു പോലെ, ആ മണങ്ങൾ എന്നെ പലപ്പോഴും ആ പഴയ പെരുന്നാൾ ദിനങ്ങളിലേക്കു കൂട്ടിക്കൊണ്ട് പോകാറുണ്ട്. വല്ലാത്ത കൈപ്പുണ്യമായിരുന്നു ഞങ്ങളുടെ ഉമ്മച്ചിക്ക്. എന്റെ ഉമ്മയുടെ ഉമ്മയെയാണു ഞങ്ങൾ അങ്ങനെ വിളിച്ചിരുന്നത്. ഞങ്ങളെ ദൂരെ നിന്നും കാണുമ്പോഴേ അവർ പൊഴിച്ചിരുന്ന പുൻചിരിയുടെ നേർത്ത ശീലുകൾക്ക് അകലങ്ങളിലെ അമ്പിളിക്കാറിനെക്കാൾ സൌരഭ്യമുണ്ടായിരുന്നു. പ്രകാശം പരത്തിയിരുന്ന സ്നേഹത്തിന്റെ ആ താഴികക്കുടം ഇന്നില്ലല്ലോ..കൺകോണിൽ ഉറഞ്ഞുകൂടിയ നൊമ്പരത്തിന്റെ കണ്ണീർക്കണങ്ങൾ ഒരു വേദനയായ് എന്റെ കവിളിൽ പടരുന്നത് ഞാനറിഞ്ഞു. എന്നെയായിരുന്നു ചെറുമക്കളിൽ അവർ എറെ ഇഷ്ടപ്പെട്ടിരുന്നത്..ഒരോരുത്തരും അങ്ങനെ തന്നെയാവുമോ ആവോ ഒർത്തിരുന്നത്?
    
വയലരികിലെ ചെറിയ തോട്ടിൽ (അരുവിയിൽ) ഇളം വെയിലേറ്റ് തിളങ്ങുന്ന പരൽ മൽസ്യങ്ങളെ തോർത്തു മുണ്ടിന്റെ അറ്റങ്ങൾ ചേർത്ത് പിടിച്ച് കൂട്ടുന്നതാണു ഒർമയിൽ തെളിയുന്ന പെരുന്നാളിന്റെ മറ്റൊരു ചിത്രം. പപ്പിച്ചാം കുഴിയിൽ മുങ്ങാൻ കുഴിയിട്ട് ശണ്ഠകൂടിയ ആ ബാല്യങ്ങൾ ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളിൽ അതിജീവനത്തിന്റെ നൌക തുഴഞ്ഞ് എവിടെയൊക്കെയോ എത്തിയിരിക്കുന്നു. ഒർമയുടെ വിളറിയ ശീലുകൾ ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവരെയൊക്കെ ഒന്നു കാണാൻ തോന്നുന്നു...പെരുന്നാളുകൾക്ക് മാത്രം കണ്ടുമുട്ടുന്ന ചില കൂട്ടുകാർ..ഒർമയിൽ അവർക്കെന്നും പെരുന്നാൾക്കോടിയുടെ ഗന്ധമായിരുന്നു. പെരുന്നാളുകൾക്ക് അറുത്ത് കൂട്ടുന്ന പോത്തുകളുടെ എണ്ണത്തിൽ ഞങ്ങൾ വീറോടെ തർക്കിച്ചിരുന്നു. പേപ്പറിന്റെ വെളുത്തപ്രതലത്തിൽ എന്റെ ഒർമ്മയുടെ വളപ്പൊട്ടുകൾ അക്ഷരങ്ങളായ് ഗദ്ഗദപ്പെടുമ്പോൾ ഇന്നലെ നാലു വയസു തികഞ്ഞ എന്റെ എക മകൾ എന്റെയടുത്ത് എന്നെയും നോക്കിയിരിക്കുന്നു. ഞാൻ ആലോചിച്ചു, എന്തായിരിക്കും ഇവളുടെ മനസ്സിലെ പെരുന്നാൾ? എന്നെൻകിലുമൊക്കെ പെരുന്നാളുകളെക്കുറിച്ച് ഒർക്കുമ്പോൾ എന്തായിരിക്കും ഇവൾക്ക് സൂക്ഷിക്കാനുണ്ടാവുക? അവളുടെ ഫ്ളാറ്റിനു മുന്നിൽ കുട്ടികൾ ഒടിക്കളിക്കുന്ന നീണ്ട ഇടനാഴിയോ,  അതോ ദമ്മാമിലെ തിരക്കേറിയ സിഗ്നലുകളിൽ വർണ്ണദീപങ്ങളാൽ അലൻകരിച്ച് നിർത്തിരിക്കുന്ന ലാമ്പ്പോസ്റ്റുകളോ? അതുമല്ലെൻകിൽ പെരുന്നാളിനു ഞങ്ങൾ നടത്തുന്ന ചില വരണ്ട യാത്രകളോ..ആവോ ആർക്കറിയാം? എനിക്കു കുറച്ച് കൂടി സൻകടം തോന്നി. ഒർമളുടെ മഴത്തുള്ളികളാകാൻ അവൾക്കായി ഞാനൊന്നും കരുതി വെക്കുന്നില്ലയോ എന്നൊരു തോന്നൽ.....

എവർക്കും പെരുന്നാൾ ആശംസകൾ...........

Aug 14, 2011

ഉടയതമ്പുരാനേ.., ഇതും സ്വാതന്ത്ര്യം തന്നെയോ?

ഉടയതമ്പുരാനേ.., ഇതും സ്വാതന്ത്ര്യം തന്നെയോ?


ന്ത്യയെന്ന മഹാരാജ്യം ബ്രിട്ടീഷ് അധീശത്വത്തിന്റെ പാരതന്ത്ര്യത്തിൽ നിന്നും മുക്തയായിട്ട് എതാണ്ട് അറുപത്തിമൂന്നാണ്ട് കഴിഞ്ഞു എന്നാണു വെപ്പ്.1947 ആഗസ്ത് 14 നു ഇന്ത്യക്കാരൻ അനുഭവിച്ച എന്തൊന്നാണു 15 നു ശേഷം ഇല്ലാതായതെന്ന ചോദ്യം തനി വൻകത്തവും രാജ്യ സ്നേഹരഹിതവുമാണെന്നും, അങ്ങനെയൊന്നും ചോദിച്ചുകൂടാൻ പാടില്ലാത്തതാണെന്നുമാണു രാജ്യ സ്നേഹികളുടെ കർശന നിർദേശം!
സ്വാതന്ത്യം എന്ന പദം തികച്ചും ആപേക്ഷികമാണു.പ്രതിപാദ്യ വിഷയത്തിന്റെ സന്ദാർഭാധിഷ്ഠിതമായി അതിന്റെ ആശയ തലങ്ങൾക്ക് പ്രകടമായ മാറ്റമുണ്ടാകും.ഒരു പിതാവിന്റെ സ്വാതന്ത്ര്യം എന്നും ഒരു മകന്റെ സ്വാതന്ത്ര്യമെന്നുമുള്ള പരാമർശങ്ങൾ ഉളവാക്കുന്നത് വ്യത്യസ്ത ആശയതലങ്ങളാണല്ലോ? ഇന്ത്യയുടേ സ്വാതന്ത്ര്യം എന്ന് പരാമർശിക്കുമ്പോൾ എന്താണു മനസ്സിലാക്കേണ്ടത് എന്നത് തികച്ചും അഭിപ്രായാന്തരങ്ങൾക്ക് സാധ്യതയുള്ള ഒരു വിഷയം തന്നെയാണു. സ്വാതന്ത്ര്യം എന്ന ആശയത്തിനു മനുഷ്യകുലത്തോളം പഴക്കമുണ്ട്. ഒന്നിൽ നിന്നും സ്വാതന്ത്ര്യം നേടുമ്പോഴായിരിക്കും മറ്റൊന്നിൽ ബന്ധനസ്ഥമായിരിക്കുന്നു എന്ന തിരിച്ചറിവ് ശക്തമാകുന്നത്.പലതരത്തിലുള്ള സ്വാതന്ത്ര്യങ്ങൾക്കു വേണ്ടിയുള്ള മുറവിളിയും സമരങ്ങളും സ്വതന്ത്ര ഇന്ത്യയിൽ തുടരുകയാണു.

തങ്ങൾക്ക് അർഹമായ അവകാശങ്ങൾ നല്കാതെ സർക്കാർ തങ്ങളെ പീഡിപ്പിക്കുന്നു വെന്നും തങ്ങൾ അസ്വതന്ത്രരാണെന്നുമാണു സർക്കാർ മേഖലയിലെ ഭിഷഗ്വരന്മാർ വാദിക്കുന്നതും സമരം ചെയ്യുന്നതും..സ്ത്രീകൾക്ക് സ്വതന്ത്ര ഇന്ത്യയിൽ ഇന്നും സ്വാതന്ത്ര്യം ലഭിക്കുന്നില്ല എന്നും ഞങ്ങൾക്കു സ്വാതന്ത്രം വേണമെന്നുമാണു ഫെമിനിസ്റ്റുകൾ പരിതപിക്കുന്നത്.സ്വാതന്ത്ര്യം പൂർണ്ണമായിട്ടില്ലയെന്നും ഉടൻ പൂർണ്ണസ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്നുമാണു അന്നാഹസാരെയെ മുന്നിൽ നിർത്തി പൊതുജനപ്രതിനിധികൾ എന്നു വാദിക്കുന്നവർ മുഴക്കുന്ന ശബ്ദം.മദ്യവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യത്തിനു വേണ്ടി വർഷങ്ങളായി സമരം നടന്നുകൊണ്ടിരിക്കുന്നു.പ്രതിഭലം വാങ്ങി വ്യഭിചരിക്കാൻ വരുന്നവർക്ക് പ്രായം കുറഞ്ഞ്പോയതിന്റെ പേരിൽ ക്രിമിനൽ കുറ്റംചാർത്തി തങ്ങളെ ശിക്ഷിക്കുന്നത് തങ്ങളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള അതിക്രമമാണെന്നും, ഇത്തരം കാര്യങ്ങൾക്ക് സർട്ടിഫിക്കറ്റ് നോക്കി വയസ് ബോധ്യപ്പെടുക എന്നത് സാധ്യമായ കാര്യമല്ല എന്നുമാണു പീഡന പ്രതികളുടെ വാദം.
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ജയിച്ചാൽ താൻ പരസ്യമായി തുണിയുരിയും എന്ന് എതോ മോഡൽ പ്രഖ്യാപിച്ചത്രേ! എന്തായാലും അതുകൂടി സ്വതന്ത്ര ഇന്ത്യക്കു കാണേണ്ടി വന്നില്ല. ആരൊക്കെയോ ചേർന്ന് അവരുടെ സ്വാതന്ത്ര്യത്തിനു തടയിട്ടുപോൽ...
സിനിമാനടി കാവ്യമാധവൻ വിവാഹമോചനം നേടിയത് ഭർത്യവീട്ടിൽ സ്വാതന്ത്ര്യം ഇല്ലായിരുന്നു എന്നതിന്റെ പേരിലാണു.വീട്ടിലെ ജോലികൾ ചെയ്യിച്ചും, ഭർത്താവിന്റെ വസ്ത്രങ്ങൾ കഴുകിച്ചും, വീട്ടിലെ തന്നെ ടോയിലറ്റ് വ്യത്തിയാക്കിച്ചും അവരെ അസ്വതന്ത്രയാക്കിപോലും...ആ വാർത്ത വായിച്ച് പത്രം മെല്ലെ ഞാൻ മടക്കിയിട്ടു .എനിക്കും ഉണ്ട് ഒരു ഭാര്യ. മേൽ പറഞ്ഞ ജോലികളൊക്കെ ചെയ്യുന്നുണ്ട് താനും.ഇതെങ്ങാനും വായിച്ച് ഇനി കേസോ മറ്റോ കൊടുക്കാൻ തോന്നിയാലോ??
അഴിമതിക്കാരെയും സ്ത്രീപീഡനക്കാരെയും കൽതുറുൻകിൽ അടക്കാൻ വ്യഗ്രത പൂണ്ടിറങ്ങിയ നമ്മുടെ മുൻ മുഖ്യമന്ത്രി തന്നെ അൻചു വർഷക്കാലം സ്വാതന്ത്ര്യമില്ലായ്മയുടെ കടുത്ത അസ്വസ്ഥതകളനുഭവിച്ച ആളാണു.അദ്ദേഹം ഒർത്തുകാണും “ദൈവമേ (ശെ! എന്റെ കമ്മ്യൂണിസ്റ്റാചാര്യന്മാരേ...) ഇതെന്തു സ്വാതന്ത്ര്യം? ഇങ്ങനെയുമൊരു സ്വാതന്ത്ര്യമോ? ഇതു വേണ്ടായിരുന്നു...”

ത്യശൂർ നഗരത്തിൽ ഈയിടെ ഒരു സ്വാതന്ത്ര്യ മാർച്ച് നടന്നിരുന്നു. സ്ത്രീ സ്വാതന്ത്ര്യവാദികൾ മുൻകയ്യെടുത്തു നടത്തിയ മാർച്ചിനു നേത്യത്വം കൊടുത്തത് വിവാദ നായിക തസ്നി ബാനുവായിരുന്നു.പീഡകരായ പുരുഷവർഗ്ഗത്തിനെതിരേ അസ്വതന്ത്രരും പീഡിതരുമായ സ്ത്രീ വർഗ്ഗത്തിന്റെ പ്രതീകാത്മകമായ സ്വാതന്ത്ര്യ സമരമാണത്രേ. സമരത്തിൽ സ്ത്രീകൾ കൈയ്യിലേന്തി നടന്നിരുന്നത് പുരുഷ ലിംഗത്തിന്റെ വലിയ മാത്യകകളായിരുന്നു. നായികയാവട്ടെ, നെൻചത്തു തറച്ച് കയറിയ പുരുഷലിംഗത്തിന്റെ വലിയ മാത്യകയും ചേർത്തുപിടിച്ചാണു നടന്നിരുന്നത്. ഹേ! കഷ്ടം... സംസ്കാരങ്ങളേ ലജ്ജിക്കുക. ഇതിനൊക്കെയാണൊ നാം സ്വാതന്ത്ര്യം വാങ്ങിയത്?
സ്ത്രീകളുടെ പീഡനങ്ങളിൽ ശാരീരികവും, മാനസികവും, അഭിമാനപരവുമായി വ്രണിതരായ പുരുഷന്മാരും അവരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചവരും കൂടിച്ചേർന്ന് കൂട്ടായ്മയുണ്ടാക്കിയ വിവരം ഈയ്യിടെ പത്രത്തിൽ വായിച്ചു. അവരും അസ്വതന്ത്രരാണത്രേ. ലോകത്ത് പൊതുവേ കുറ്റക്യത്യങ്ങൾ ആരോപിക്കപ്പെട്ടയാൾ അതു ചെയ്തു എന്നു ആരോപകർ തെളിയിക്കണം. എൻകിലേ അയാൾ ശിക്ഷിക്കപ്പെടൂ. എന്നാൽ ഒരാളിൽ അരോപിക്കുന്നത് സ്ത്രീ പീഡനമാണെൻകിൽ സ്വാഹ! അയാൾ പെട്ടു. ഇതു ചെയ്തില്ല എന്നു അരോപിതൻ തന്നെ സ്വയം തെളിയിക്കണം.നമ്മുടെ നാട്ടിലെ നിയമമല്ലേ? അയാൾക്ക് എന്നാണു തെളിയിക്കാനാവുക. അതുവരെ അയാളുടെ മാനാഭിമാനം തുലഞ്ഞ് പോയില്ലേ...എന്തായാലും ഇവർ ജില്ലാ കമ്മിറ്റികളും ശാഖാ കമ്മിറ്റികളുമുണ്ടാക്കി സംഘടന വിപുലീകരിക്കാൻ പോകുകയാണത്രേ! നടക്കട്ടേ, അവർക്കും വേണമല്ലോ സ്വാതന്ത്ര്യം..ഇനി അവരെങ്ങാനും മാർച്ചിനിറങ്ങിയാൽ പ്ലക്കാർഡിനു പകരം എന്തായിരിക്കും ഉയർത്തിപ്പിടിക്കുക എന്നതാണു സംശയം. നിസാരമാക്കി തള്ളിക്കളയാൻ വരട്ടെ. അവർ അതിനു തയ്യാറെടുക്കുന്നുണ്ടെന്നാണു കേൾ.വി. ഉടയ തമ്പുരാനേ എന്തൊക്കെ കാണേണ്ടിയും കേൾക്കേണ്ടിയും വരും ഈ സ്വാതന്ത്ര്യം കൊണ്ട്?

                                                                                              
കുറിപ്പ്: സ്വാതന്ത്ര്യത്തിനു മാത്രം ഒരു സ്വാതന്ത്ര്യവുമില്ല........
അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുക

Aug 8, 2011

മത ദർശനങ്ങൾ പകർന്നു നല്കുന്ന സാമൂഹ്യ ബോധം

.
മത ദർശനങ്ങൾ പകർന്നു നല്കുന്ന സാമൂഹ്യ ബോധം

നുഷ്യരിൽ അതി ഭൂരിപക്ഷവും എതെൻകിലും മതങ്ങളുടെ വക്താക്കളാണു.തികച്ചും ശോഷിച്ച ഒരു പരമ ന്യൂനപക്ഷമായ ആളുകൾ മാത്രമാണു മത ദർശനങ്ങളെ നിരാകരിക്കുന്നത്. അതിൽത്തന്നെ ബൌദ്ധികമായോ വസ്തുനിഷ്ഠമായോ സംവദിക്കാൻ ശ്രമിക്കുന്നത് എണ്ണത്തിൽ തുലോം തുച്ഛമായ ചില ആളുകൾ മാത്രമാണു.അവരാകട്ടെ, ജനിച്ചു വളർന്ന മത സാഹചര്യങ്ങളിലെ വൈകല്യങ്ങൾ നിമിത്തമോ, വിമർശന വിധേയമാക്കുന്ന ചില വസ്തുതകളിലെ എകപക്ഷീയ വായന കൊണ്ടോ മതങ്ങളുടെ എതിർ ചേരിയിൽ അകപ്പെട്ടുപോകുന്നവരാണു. എന്തായാലും സൂചിപ്പിക്കുന്ന വിഷയം മത വിശ്വാസികളുടേയും അവിശ്വാസികളുടെയും ശ്രദ്ധക്കു കൂടിയാണു
ലോകത്ത് അറിയപ്പെടുന്ന എതാണ്ട് എല്ലാ മതങ്ങളും എറിയും കുറഞ്ഞും സാമൂഹ്യബോധം പകർന്നു നല്കുന്നവയാണു.ഒന്ന് ഒന്നിനോട് തുടർന്നു വരുന്നതു പോലെയാണു മിക്കവാറും മതങ്ങളുടേ ഘടന പോലും.വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും മർമ്മം പോലും മിക്കപ്പോഴും വിശ്വാസികളെ സാമൂഹ്യ ബാധ്യതകളുമായി ബന്ധിപ്പിക്കുന്നതാണു.പക്ഷേ, സൻകടവശാൽ, മതാവബോധമുള്ളവരായി പരിഗണിക്കപ്പെടുന്നവർ പോലും വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും ഉപരിതലങ്ങളിൽ മാത്രം ഭ്രമണം ചെയ്യുന്നവരാണു എന്നത് മതങ്ങൾ പകർന്നു നല്കുന്ന സാമൂഹ്യ ചിന്തക്ക് മങ്ങലേല്പ്പിക്കുകയാണു.
അപരിമേയ ദർശനങ്ങളായി പ്രപൻച സ്രഷ്ടാവിൽ നിന്നും മാനവ വിമോചനത്തിനായി ഉരുവം കൊള്ളുന്ന മത ദർശനങ്ങൾ പിന്നീട് സൂചക ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ച് പോകുകയാണു. ആരാധനകളുടെ പുറം ചട്ടകളിൽ ഭദ്രമാക്കിക്കൊണ്ട് കരുണയുടേയും സഹാനുഭൂതിയുടേയും, പരസ്പര സഹകരണത്തിന്റേയും തൂവൽ സ്പർശങ്ങളായി പകർന്നു നല്കുന്ന സാമൂഹിക ബോധം ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം മതങ്ങൾ മുന്നോട്ടു വെയ്ക്കുന്ന ആരാധനാരൂപങ്ങളുടെ മജ്ജ കൂടിയാണു.ദൈവത്തിന്റെ പരിപൂർണ ത്യപ്തി കാംക്ഷിച്ച് കൊണ്ടുള്ളതു കൂടിയായിരിക്കണം എന്നതാണു മുഴുവൻ ആരധനാകർമ്മങ്ങളുടേയും കാതൽ.
ജാതിയും,മതവും മാനവികബോധത്തിനു മേൽ പകുത്തുവെയ്ക്കുന്ന അതിർവരമ്പുകളുടെ ഗാഡതയും തീവ്രതയും അതിവേഗം ലയിച്ചുതീരുന്ന സാമൂഹികാന്തരീക്ഷമാണു ഗൾഫുനാടുകളിലേത്. പൊതു ബോധത്തിന്റെ കണ്ണികൾ സുദ്യഡമാകുന്നുവെന്നതുപോലെ തന്നെ പരസ്പരം അറിയാനും അടുക്കാനും കഴിയുന്നതും, മാനവികേകതാബോധത്തിനു മുമ്പിൽ വർഗവും വർണ്ണവും അസ്പ്യശ്യമല്ലാതാകുന്നതും ഈ വിപ്രവാസത്തിന്റെ നന്മകളിൽ ചിലതാണു.പ്രവാസത്തിൽ നിന്നും മുള പൊട്ടുന്ന കാരുണ്യത്തിന്റെ നാമ്പുകൾക്ക്ജാതിയും മതവുമില്ല എന്നതും എറെ ശുഭോദർക്കമാണു.ഊഷരമായ പ്രവാസത്തിലും സഹകരണത്തിന്റേയും സഹാനുഭൂതിയുടേയും അനുകരണീയ മാത്യകകൾ നമുക്കു ദർശിക്കാൻ സാധിക്കും. അതിന്റെ മകുടോദാഹരണമാണു ഈയ്യിടെ റിയാദിലുണ്ടായ തീപിടുത്തത്തിലെ ഇരകൾക്കു നേരെ ചൊരിയപ്പെട്ട കാരുണ്യത്തിന്റെ മഴമേഘങ്ങൾ. സുദീർഘമായ പ്രാവാസത്തിന്റേയും പ്രയാസങ്ങളുടേയും നെരിപ്പോടിൽ നീറിക്കൊണ്ട് സമ്പാദിച്ച സ്വപ്നങ്ങളെയും പ്രതീക്ഷകളേയും അഗ്നിസ്ഫുലിംഗങ്ങൾ നിമിഷ നേരം കൊണ്ട് വെണ്ണീറാക്കിയപ്പോൾ, മനസും ശരീരവും തളർന്നവർക്കു നേരേയുണ്ടായ കാരുണ്യ കടാക്ഷങ്ങൾക്ക് ജാതിയുടേയും മതത്തിന്റേയും വേർതിരിവുകളുണ്ടായില്ല. എം.എ യൂസഫലിയും, രവിപിള്ളയും, സിദ്ധീഖ് അഹമ്മദുമൊക്കെ തുറന്നു വെച്ച കാരുണ്യത്തിന്റെ വാതായനങ്ങൾ ആഴത്തിൽ ചിന്തിക്കാൻ വക നല്കുന്നതു കൂടിയാണു.പ്രതിസന്ധികൾ നിഴൽ വീഴ്ത്തുന്ന ജീവിത പാതയിൽ ഒരു താങ്ങ് തേടുന്ന സഹജീവികൾക്കു സ്വാന്ത്വനത്തിന്റേയും കാരുണ്യത്തിന്റേയും ഒരു കൈത്താങ്ങാകാൻ ആളുകൾ ഇല്ലാത്തതാണു സകുടുംബാത്മഹത്യകളുടെ തോത് വളർത്തുന്നതെന്നാണു ഫാമിലി കൌൺസിലർമാരും, സോഷ്യോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.നന്മകളുടെ നനുത്ത കണികകളായെൻകിലും മുള പൊട്ടുന്ന ഇത്തരം സ്നേഹ മുകുളങ്ങൾക്ക് മനുഷ്യത്വത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകും. ഇത് കേവലം ഒരു റിയാദിലോ മറ്റെവിടെയെൻകിലുമായോ ഒതുങ്ങേണ്ടതല്ല.കരുണയുടേയും നന്മയുടേയും മാർഗധാരയിൽ യോജിക്കുന്നതിനായി കൂടുതൽ കരങ്ങൾ മുന്നോട്ട് വരേണ്ടതുണ്ട്. ജാതി മത ഭേദമെന്യേ മുഴുവൻ ഗൾഫ് പ്രവാസികളും ആദരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന കാരുണ്യത്തിന്റെ വിശുദ്ധമാസത്തിലൂടേയാണു നാം കടന്നുപോകുന്നത്. ഇസ്ലാമിലെ പൻചസ്തംഭങ്ങളിലൊന്നു കൂടിയാണീ മാസത്തിലെ വ്രതനിരവഹണം. കാരുണ്യത്തിന്റേയും സമഭാവനയുടേയും നനവുകൾ കിനിയുന്ന സകാത്ത് എന്ന ആരാധനക്ക് കൂടി സന്ദർഭത്തിൽ എറെ പ്രസക്തിയുണ്ട്. ഇസ്ലാമിലെ ആരാധനകൾ മുഴുവൻ ദൈവപ്രീതിയെന്ന പ്രാഥമിക ലക്ഷ്യത്തോടൊപ്പം ഒരോ സാമൂഹിക ലക്ഷ്യങ്ങളും വഹിക്കുന്നുണ്ട്.അതിൽ എറെ പ്രസക്തമായതാണു സകാത്ത്.മേൽ സൂചിപ്പിച്ചതു പോലെയുള്ള ദുരന്തങ്ങളോ അപകടങ്ങളോ കാണുമ്പോഴാണു ഇതിനെക്കുറിച്ച് കൂടുതൽ ബോധ്യമുണ്ടാകുന്നത്. അതി സമ്പന്നന്മാർ മാത്രം ആചരിക്കേണ്ട ആരാധനയായാണു പലരും ഇതിനെ കാണുന്നത്.പരമ ദരിദ്രന്മാരല്ലാത്ത മുഴുവനാളുകളും താന്താങ്ങളുടേ വരുമാനത്തിന്റെ രീതിശാസ്ത്രമനുസരിച്ച്നിർബന്ധമായും നിരവഹിക്കേണ്ട ബാധ്യത പൂർണമാക്കാത്തവരുടേ സമ്പത്തും അതിന്റെ എല്ലാ ഇടപാടുകളും അവരുടെ ജീവിതം തന്നെയും മലിനമാകുന്നുവെന്നാണു ഇസ്ലാമിന്റെ പക്ഷം. ജീവിതവും സമ്പാദ്യവും മാലിന്യമുക്തമാക്കാനുള്ള വ്യവസ്ഥിതിയാണു സകാത്ത് 

ഇസ്ലാമിനെ മതമായംഗീകരിക്കുന്നവർ തങ്ങളുടെ സമ്പത്തിനെ ശുദ്ധീകരിക്കാൻ സ്വയം തീരുമാനിച്ചാൽ കാരുണ്യത്തിന്റെ മഴമേഘങ്ങളാകാൻ പ്രവാസ ലോകത്തിനു സാധിക്കും. എറെ പ്രയാസത്തോടെ ആയിരങ്ങൾ സ്വരുക്കൂട്ടുന്നവർ മുതൽ മില്യൺ കണക്കിനു ടേണോവറിന്റെ ക്കു സൂക്ഷിക്കുന്നവർ വരെയുള്ള വിശ്വാസികൾക്കു തങ്ങളെ ശുദ്ധീകരിക്കാനുള്ള ഒരു വേളയായി വിശുദ്ധമാസത്തെ കാണാൻ സാധിക്കുമെൻകിൽ ദൈവികമതം പരിചയപ്പെടുത്തുന്ന സകാത്ത് എന്ന സുപ്രധാന രാധനയുടെ സാമൂഹിക മുഖം ആളുകൾ തിരിച്ചറിയും. ദൈവികദർശനത്തിന്റെ കാലിക പ്രസക്തിക്ക് നാം ചാർത്തുന്ന ഒരു കൈയ്യൊപ്പ് കൂടിയായിരിക്കുമത്. ലാഭത്തിന്റെ കോളത്തിൽ റിയാലുകളേയും ദിർഹമുകളേയും മില്യണുകളാക്കുന്ന നിരവധി മലയാളികളായ മുസ്ലിം വ്യവസായികൾ ഈപ്രവാസ ഭൂമികയിലുണ്ട്. ഇസ്ലാം നിഷ്കർഷിക്കുന്ന ശതമാനക്കണക്കുകൾ ക്യത്യമായി പാലിച്ചുകൊണ്ട് വാർഷികാദായത്തിൽ നിന്നും നിർബന്ധദാനം നല്കുന്ന എത്രപേരുണ്ടാകും ഇതിൽ. ഇങ്ങനെ നല്കാൻ വ്യവസായപ്രമുഖർ മുന്നോട്ടുവന്നാൽ അതൊരു പുതിയ മാത്യക കൂടിയായിരിക്കും.ഒപ്പം നിരവധിയാളുകൾക്ക് ഒരു പ്രചോദനവും.സകാത്ത് പരസ്യപ്പെടുത്തണമെന്നതിലെ പ്രായോഗിക യുക്തിയും ഇതു തന്നെയാണു.സഹാനുഭൂതിയും സഹായ മനസ്ഥിതിയും കേവലം ഒരപകടത്തിലോ ദുരന്തത്തിലോ മാത്രം ഉണരേണ്ടതോ, ഉണർത്തേണ്ടതോ അല്ല.ദൈവിക ബോധത്തിൽ ചാലിച്ചെടുത്ത സാമൂഹ്യബോധത്തിന്റെ പ്രായോഗിക രൂപങ്ങളായി അത് ജീവിതം മുഴുവൻ ചൂഴ്ന്നു നില്ക്കേണ്ടതുണ്ട്.അത്തരം ശ്രമങ്ങൾ വിശ്വാസികളിൽ നിന്നും മുന്നോട്ടു വന്നെൻകിൽ.......


                                                                                                 എം എസ്. ഷൈജു, കൊല്ലം 

Aug 3, 2011

നനയട്ടെ കണ്ണീർത്തടങ്ങൾ.........

രലോകത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഒർക്കുകയും ഒർമിപ്പിക്കുകയും ചെയ്യുന്നവരാണല്ലോ നാം. ഡോ. ആയിദ് അൽ ഖർനി, “ലാ തഹ്സൻ” എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിൽ മരണത്തെക്കുറിച്ച് നടത്തുന്ന ഒരു പരാമർശമുണ്ട്. “മരണത്തെക്കുറിച്ചു സഗൌരവം ചിന്തിക്കുന്നവർ പോലും കരുതുന്നത് വിദൂരതയിലെവിടെയോ നമ്മെ കാത്തിരിക്കുന്ന ഒന്നാണു നമ്മുടെ മരണമെന്നാണു.” ജീവിതം എതു നിമിഷവും പൊട്ടിവീഴാവുന്ന ഒരു നൂൽ പാലമാണു. അടുത്ത ബന്ധുക്കളുടെയും സുഹ്യത്തുക്കളുടെയുമൊക്കെ മരണം കാണുമ്പോൾ പോലും നാം കരുതുന്നത്, നമുക്ക് ഇനിയും സമയമുണ്ട് എന്നാണു.....മരണം വിശ്വാസിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളായല്ല അനുഭവപ്പെടേണ്ടത്....അതൊരു സ്വസ്ഥജീവിതത്തിന്റെ മധുരമൂരുന്ന വാതായനമാകണം....പ്രതീക്ഷകൾ പൂത്തുലയുന്ന സ്വർഗീയ ജീവിതം......പരലോകത്തെക്കുറിച്ച് ചിന്തിച്ച് കണ്ണുനീർ കണങ്ങൾ ഒഴുക്കുന്ന വിശ്വാസി നരകത്തിൽ പ്രവേശിക്കണമെൻകിൽ, കറന്നെടുത്ത പാൽ അകിടിലേക്കു തിരിച്ചു പ്രവേശിക്കണം എന്നാണു നബി കരീം(സ) അറിയിച്ചിരിക്കുന്നത്......നനയട്ടെ നമ്മുടെ കണ്ണീർത്തടങ്ങൾ......നാഥാ..ഈ റമദാൻ ഞങ്ങൾക്ക് സ്വർഗ പ്രവേശനത്തിനു നിദാനമാകുന്ന പാപ മോചനത്തിന്റെ അനുഗ്രഹീത വേളയാക്കി മാറ്റിടേണമേ.......

Aug 2, 2011

നന്മയുടെ പ്രബോധനം

നന്മയുടെ പ്രബോധനം

ജീവിതമാണ‌‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ യഥാർത്ഥ പ്രബോധനം...സ്വന്തം ജീവിതം കൊണ്ട് ഒരാൾക്ക് മറ്റൊരാളെ ആകർഷിക്കാൻ സാധിക്കുമെൻകിൽ അതെത്രേ മഹത്തായ പ്രബോധനം.....അതു തന്നെയാണല്ലോ കേരളത്തിൽ മത പ്രബോധകരായെത്തിയ അറബികൾ നിരവഹിച്ചതും.ഭാഷയിലും സംസ്കാരത്തിലുംതികച്ചും വ്യത്യസ്തരായ ചില ആളുകൾ സാധിച്ചെടുത്ത പ്രബോധനതിന്റെ ആഴത്തിലുള്ള വായന ഇന്നത്തെ പ്രബോധകർക്കും പ്രഭാഷകർക്കും ആത്മവിചിന്തനത്തിന്റെ തിരിവെളിച്ചമാകേണ്ടതുണ്ട്...അവേശം കൊള്ളിക്കുന്ന ഘോര ഭാഷണങ്ങളിലൂടെയോ, സാഹിത്യത്തിന്റെ ഉയർന്ന തലങ്ങളിൽ വിരാജിക്കുന്ന ലേഖന പരമ്പരകളിലൂടെയോ അല്ല അവരാരും ഈ ആദർശ വിപ്ലവത്തിന്റെ സാംസ്കാരിക കൈമാറ്റവും ഇസ്ലാമിന്റെ സ്വാഭാവിക പ്രബോധനവും നിരവഹിച്ചിരുന്നത്.തെളിമയാർന്ന ജീവിതത്തിലൂടെ, നനവും നന്മയുമൂറുന്ന ഇടപെടലുകളിലൂടെ അന്നു വരെ അവർ കണ്ടു പരിചയിച്ചിട്ടില്ലാത്ത സ്വഭാവ ശീലങ്ങളുടെ വിശുദ്ദിയിലൂടെ ഇതിനൊക്കെ തങ്ങളെ പാകരാക്കുന്ന അപരിമേയമായ ആദർശത്തിന്റെ ജീവസുറ്റ് പ്രസാധനം അവർ സാധ്യമാക്കി...ഇതൊക്കെ നിരന്തരമായി കണ്ടും അനുഭവിച്ചും ആളുകൾക്ക് ഇവരോട് അടുപ്പമുണ്ടായി.തങ്ങൾക്കും ഇങ്ങനെയൊക്കെ ജീവിക്കണമെന്ന് അദമയമായ മോഹമുണ്ടായി... ഇതായിരുന്നു ഭാഷയറിയാത്ത ആദ്യകാല പ്രബോധകർ പകർന്നു നല്കിയ പ്രബോധനത്തിന്റെരീതിശാസ്ത്രം.       
എന്നാൽ ഇന്നോ?..മനുഷ്യനെ സംസ്കരിക്കുകയും നാവിനെയും ഇച്ഛകളെയും നിയന്ത്രിക്കേണ്ട വിശുദ്ധ മാസത്തിൽ പോലും ഭർത്സനങ്ങളും, ആക്ഷേപങ്ങളും കൊണ്ട് തങ്ങൾ എതിർ സ്ഥാനത്തു നിർത്തുന്നവരെ കൊത്തിക്കീറലാണു ശരിയായ പ്രബോധനമെന്ന് ശാഠ്യം പിടിക്കുന്ന നേതാക്കളും അനുയായികളും.....അവർക്കു മുമ്പിൽ ജീവിതമാണു പ്രബോധനമെന്നെങ്ങാനും അറിയാതെ പറഞ്ഞു പോയാൽ ആദർശ വ്യതിയാനത്തിന്റേയും,ഹദീസ് നിഷേധത്തിന്റേയും കൂർപ്പിച്ച മുനകളുള്ള ഉഗ്ര ശേഷിയുള്ള ആയുധങ്ങൾ തുരു തുരാ പ്രയോഗിച്ച് ആനന്ദം കണ്ടെത്തുന്നവർ.....അവരും പ്രബോധകർ തന്നെയാണോ???......