Aug 8, 2011

മത ദർശനങ്ങൾ പകർന്നു നല്കുന്ന സാമൂഹ്യ ബോധം

.
മത ദർശനങ്ങൾ പകർന്നു നല്കുന്ന സാമൂഹ്യ ബോധം

നുഷ്യരിൽ അതി ഭൂരിപക്ഷവും എതെൻകിലും മതങ്ങളുടെ വക്താക്കളാണു.തികച്ചും ശോഷിച്ച ഒരു പരമ ന്യൂനപക്ഷമായ ആളുകൾ മാത്രമാണു മത ദർശനങ്ങളെ നിരാകരിക്കുന്നത്. അതിൽത്തന്നെ ബൌദ്ധികമായോ വസ്തുനിഷ്ഠമായോ സംവദിക്കാൻ ശ്രമിക്കുന്നത് എണ്ണത്തിൽ തുലോം തുച്ഛമായ ചില ആളുകൾ മാത്രമാണു.അവരാകട്ടെ, ജനിച്ചു വളർന്ന മത സാഹചര്യങ്ങളിലെ വൈകല്യങ്ങൾ നിമിത്തമോ, വിമർശന വിധേയമാക്കുന്ന ചില വസ്തുതകളിലെ എകപക്ഷീയ വായന കൊണ്ടോ മതങ്ങളുടെ എതിർ ചേരിയിൽ അകപ്പെട്ടുപോകുന്നവരാണു. എന്തായാലും സൂചിപ്പിക്കുന്ന വിഷയം മത വിശ്വാസികളുടേയും അവിശ്വാസികളുടെയും ശ്രദ്ധക്കു കൂടിയാണു
ലോകത്ത് അറിയപ്പെടുന്ന എതാണ്ട് എല്ലാ മതങ്ങളും എറിയും കുറഞ്ഞും സാമൂഹ്യബോധം പകർന്നു നല്കുന്നവയാണു.ഒന്ന് ഒന്നിനോട് തുടർന്നു വരുന്നതു പോലെയാണു മിക്കവാറും മതങ്ങളുടേ ഘടന പോലും.വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും മർമ്മം പോലും മിക്കപ്പോഴും വിശ്വാസികളെ സാമൂഹ്യ ബാധ്യതകളുമായി ബന്ധിപ്പിക്കുന്നതാണു.പക്ഷേ, സൻകടവശാൽ, മതാവബോധമുള്ളവരായി പരിഗണിക്കപ്പെടുന്നവർ പോലും വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും ഉപരിതലങ്ങളിൽ മാത്രം ഭ്രമണം ചെയ്യുന്നവരാണു എന്നത് മതങ്ങൾ പകർന്നു നല്കുന്ന സാമൂഹ്യ ചിന്തക്ക് മങ്ങലേല്പ്പിക്കുകയാണു.
അപരിമേയ ദർശനങ്ങളായി പ്രപൻച സ്രഷ്ടാവിൽ നിന്നും മാനവ വിമോചനത്തിനായി ഉരുവം കൊള്ളുന്ന മത ദർശനങ്ങൾ പിന്നീട് സൂചക ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ച് പോകുകയാണു. ആരാധനകളുടെ പുറം ചട്ടകളിൽ ഭദ്രമാക്കിക്കൊണ്ട് കരുണയുടേയും സഹാനുഭൂതിയുടേയും, പരസ്പര സഹകരണത്തിന്റേയും തൂവൽ സ്പർശങ്ങളായി പകർന്നു നല്കുന്ന സാമൂഹിക ബോധം ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം മതങ്ങൾ മുന്നോട്ടു വെയ്ക്കുന്ന ആരാധനാരൂപങ്ങളുടെ മജ്ജ കൂടിയാണു.ദൈവത്തിന്റെ പരിപൂർണ ത്യപ്തി കാംക്ഷിച്ച് കൊണ്ടുള്ളതു കൂടിയായിരിക്കണം എന്നതാണു മുഴുവൻ ആരധനാകർമ്മങ്ങളുടേയും കാതൽ.
ജാതിയും,മതവും മാനവികബോധത്തിനു മേൽ പകുത്തുവെയ്ക്കുന്ന അതിർവരമ്പുകളുടെ ഗാഡതയും തീവ്രതയും അതിവേഗം ലയിച്ചുതീരുന്ന സാമൂഹികാന്തരീക്ഷമാണു ഗൾഫുനാടുകളിലേത്. പൊതു ബോധത്തിന്റെ കണ്ണികൾ സുദ്യഡമാകുന്നുവെന്നതുപോലെ തന്നെ പരസ്പരം അറിയാനും അടുക്കാനും കഴിയുന്നതും, മാനവികേകതാബോധത്തിനു മുമ്പിൽ വർഗവും വർണ്ണവും അസ്പ്യശ്യമല്ലാതാകുന്നതും ഈ വിപ്രവാസത്തിന്റെ നന്മകളിൽ ചിലതാണു.പ്രവാസത്തിൽ നിന്നും മുള പൊട്ടുന്ന കാരുണ്യത്തിന്റെ നാമ്പുകൾക്ക്ജാതിയും മതവുമില്ല എന്നതും എറെ ശുഭോദർക്കമാണു.ഊഷരമായ പ്രവാസത്തിലും സഹകരണത്തിന്റേയും സഹാനുഭൂതിയുടേയും അനുകരണീയ മാത്യകകൾ നമുക്കു ദർശിക്കാൻ സാധിക്കും. അതിന്റെ മകുടോദാഹരണമാണു ഈയ്യിടെ റിയാദിലുണ്ടായ തീപിടുത്തത്തിലെ ഇരകൾക്കു നേരെ ചൊരിയപ്പെട്ട കാരുണ്യത്തിന്റെ മഴമേഘങ്ങൾ. സുദീർഘമായ പ്രാവാസത്തിന്റേയും പ്രയാസങ്ങളുടേയും നെരിപ്പോടിൽ നീറിക്കൊണ്ട് സമ്പാദിച്ച സ്വപ്നങ്ങളെയും പ്രതീക്ഷകളേയും അഗ്നിസ്ഫുലിംഗങ്ങൾ നിമിഷ നേരം കൊണ്ട് വെണ്ണീറാക്കിയപ്പോൾ, മനസും ശരീരവും തളർന്നവർക്കു നേരേയുണ്ടായ കാരുണ്യ കടാക്ഷങ്ങൾക്ക് ജാതിയുടേയും മതത്തിന്റേയും വേർതിരിവുകളുണ്ടായില്ല. എം.എ യൂസഫലിയും, രവിപിള്ളയും, സിദ്ധീഖ് അഹമ്മദുമൊക്കെ തുറന്നു വെച്ച കാരുണ്യത്തിന്റെ വാതായനങ്ങൾ ആഴത്തിൽ ചിന്തിക്കാൻ വക നല്കുന്നതു കൂടിയാണു.പ്രതിസന്ധികൾ നിഴൽ വീഴ്ത്തുന്ന ജീവിത പാതയിൽ ഒരു താങ്ങ് തേടുന്ന സഹജീവികൾക്കു സ്വാന്ത്വനത്തിന്റേയും കാരുണ്യത്തിന്റേയും ഒരു കൈത്താങ്ങാകാൻ ആളുകൾ ഇല്ലാത്തതാണു സകുടുംബാത്മഹത്യകളുടെ തോത് വളർത്തുന്നതെന്നാണു ഫാമിലി കൌൺസിലർമാരും, സോഷ്യോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.നന്മകളുടെ നനുത്ത കണികകളായെൻകിലും മുള പൊട്ടുന്ന ഇത്തരം സ്നേഹ മുകുളങ്ങൾക്ക് മനുഷ്യത്വത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകും. ഇത് കേവലം ഒരു റിയാദിലോ മറ്റെവിടെയെൻകിലുമായോ ഒതുങ്ങേണ്ടതല്ല.കരുണയുടേയും നന്മയുടേയും മാർഗധാരയിൽ യോജിക്കുന്നതിനായി കൂടുതൽ കരങ്ങൾ മുന്നോട്ട് വരേണ്ടതുണ്ട്. ജാതി മത ഭേദമെന്യേ മുഴുവൻ ഗൾഫ് പ്രവാസികളും ആദരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന കാരുണ്യത്തിന്റെ വിശുദ്ധമാസത്തിലൂടേയാണു നാം കടന്നുപോകുന്നത്. ഇസ്ലാമിലെ പൻചസ്തംഭങ്ങളിലൊന്നു കൂടിയാണീ മാസത്തിലെ വ്രതനിരവഹണം. കാരുണ്യത്തിന്റേയും സമഭാവനയുടേയും നനവുകൾ കിനിയുന്ന സകാത്ത് എന്ന ആരാധനക്ക് കൂടി സന്ദർഭത്തിൽ എറെ പ്രസക്തിയുണ്ട്. ഇസ്ലാമിലെ ആരാധനകൾ മുഴുവൻ ദൈവപ്രീതിയെന്ന പ്രാഥമിക ലക്ഷ്യത്തോടൊപ്പം ഒരോ സാമൂഹിക ലക്ഷ്യങ്ങളും വഹിക്കുന്നുണ്ട്.അതിൽ എറെ പ്രസക്തമായതാണു സകാത്ത്.മേൽ സൂചിപ്പിച്ചതു പോലെയുള്ള ദുരന്തങ്ങളോ അപകടങ്ങളോ കാണുമ്പോഴാണു ഇതിനെക്കുറിച്ച് കൂടുതൽ ബോധ്യമുണ്ടാകുന്നത്. അതി സമ്പന്നന്മാർ മാത്രം ആചരിക്കേണ്ട ആരാധനയായാണു പലരും ഇതിനെ കാണുന്നത്.പരമ ദരിദ്രന്മാരല്ലാത്ത മുഴുവനാളുകളും താന്താങ്ങളുടേ വരുമാനത്തിന്റെ രീതിശാസ്ത്രമനുസരിച്ച്നിർബന്ധമായും നിരവഹിക്കേണ്ട ബാധ്യത പൂർണമാക്കാത്തവരുടേ സമ്പത്തും അതിന്റെ എല്ലാ ഇടപാടുകളും അവരുടെ ജീവിതം തന്നെയും മലിനമാകുന്നുവെന്നാണു ഇസ്ലാമിന്റെ പക്ഷം. ജീവിതവും സമ്പാദ്യവും മാലിന്യമുക്തമാക്കാനുള്ള വ്യവസ്ഥിതിയാണു സകാത്ത് 

ഇസ്ലാമിനെ മതമായംഗീകരിക്കുന്നവർ തങ്ങളുടെ സമ്പത്തിനെ ശുദ്ധീകരിക്കാൻ സ്വയം തീരുമാനിച്ചാൽ കാരുണ്യത്തിന്റെ മഴമേഘങ്ങളാകാൻ പ്രവാസ ലോകത്തിനു സാധിക്കും. എറെ പ്രയാസത്തോടെ ആയിരങ്ങൾ സ്വരുക്കൂട്ടുന്നവർ മുതൽ മില്യൺ കണക്കിനു ടേണോവറിന്റെ ക്കു സൂക്ഷിക്കുന്നവർ വരെയുള്ള വിശ്വാസികൾക്കു തങ്ങളെ ശുദ്ധീകരിക്കാനുള്ള ഒരു വേളയായി വിശുദ്ധമാസത്തെ കാണാൻ സാധിക്കുമെൻകിൽ ദൈവികമതം പരിചയപ്പെടുത്തുന്ന സകാത്ത് എന്ന സുപ്രധാന രാധനയുടെ സാമൂഹിക മുഖം ആളുകൾ തിരിച്ചറിയും. ദൈവികദർശനത്തിന്റെ കാലിക പ്രസക്തിക്ക് നാം ചാർത്തുന്ന ഒരു കൈയ്യൊപ്പ് കൂടിയായിരിക്കുമത്. ലാഭത്തിന്റെ കോളത്തിൽ റിയാലുകളേയും ദിർഹമുകളേയും മില്യണുകളാക്കുന്ന നിരവധി മലയാളികളായ മുസ്ലിം വ്യവസായികൾ ഈപ്രവാസ ഭൂമികയിലുണ്ട്. ഇസ്ലാം നിഷ്കർഷിക്കുന്ന ശതമാനക്കണക്കുകൾ ക്യത്യമായി പാലിച്ചുകൊണ്ട് വാർഷികാദായത്തിൽ നിന്നും നിർബന്ധദാനം നല്കുന്ന എത്രപേരുണ്ടാകും ഇതിൽ. ഇങ്ങനെ നല്കാൻ വ്യവസായപ്രമുഖർ മുന്നോട്ടുവന്നാൽ അതൊരു പുതിയ മാത്യക കൂടിയായിരിക്കും.ഒപ്പം നിരവധിയാളുകൾക്ക് ഒരു പ്രചോദനവും.സകാത്ത് പരസ്യപ്പെടുത്തണമെന്നതിലെ പ്രായോഗിക യുക്തിയും ഇതു തന്നെയാണു.സഹാനുഭൂതിയും സഹായ മനസ്ഥിതിയും കേവലം ഒരപകടത്തിലോ ദുരന്തത്തിലോ മാത്രം ഉണരേണ്ടതോ, ഉണർത്തേണ്ടതോ അല്ല.ദൈവിക ബോധത്തിൽ ചാലിച്ചെടുത്ത സാമൂഹ്യബോധത്തിന്റെ പ്രായോഗിക രൂപങ്ങളായി അത് ജീവിതം മുഴുവൻ ചൂഴ്ന്നു നില്ക്കേണ്ടതുണ്ട്.അത്തരം ശ്രമങ്ങൾ വിശ്വാസികളിൽ നിന്നും മുന്നോട്ടു വന്നെൻകിൽ.......


                                                                                                 എം എസ്. ഷൈജു, കൊല്ലം 

1 comment:

  1. ഉഷാറായിട്ടുണ്ട് .... തുടർന്നും പ്രതീക്ഷിക്കുന്നു

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....