Sep 19, 2011

മനുഷ്യത്വത്തിന്‌ മറയിടുന്ന നിയമത്തിന്റെ നൂലാമാലകള്‍


മനുഷ്യത്വത്തിന്‌ മറയിടുന്ന 
നിയമത്തിന്റെ നൂലാമാലകള്‍

എം എസ് ഷൈജു, കൊല്ലം


നുഷ്യത്വത്തേയും, മാനവികതയേയും സം‌രക്ഷിക്കുന്നതിനാണ്‌ മനുഷ്യര്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ നിയമത്തിന്റെ വലക്കണ്ണികളില്‍ പലപ്പോഴും കുരുങ്ങിപ്പിടയുന്നത് മനുഷ്യത്വവും മനുഷ്യ ജീവനുകളുമാണ്‌. ഇതിന്റെ ഏറ്റവും പുതിയ നൊമ്പരപ്പിക്കുന്ന ഉദാഹരണമാണ്‌ കഴിഞ്ഞയാഴ്ച അധികം ആരും  ശ്രദ്ധിക്കാതെ പോയ ഒരു മരണം. ആരോഗ്യ വകുപ്പിലെ അസിസ്റ്റ്ന്റ് ഡയറക്ടറായിരുന്ന ഡോ. വി കെ സുഭദ്ര കരള്‍ രോഗം ബാധിച്ച് കുറേനാളായി ചികില്‍സയിലായിരുന്നു. സ്വാധീനങ്ങള്‍ നിയമത്തെ മറികടക്കുന്നു എന്ന പ്രചരണത്തിലെ ഒരു വേറിട്ട സംഭവം കൂടിയായിരുന്നു അവരുടെ മരണവാര്‍ത്ത. സുതാര്യമായ സ്വാധീനങ്ങള്‍ക്കു പോലും നിയമത്തിന്റെ നൂലാമാലകളെ എലുപ്പത്തില്‍ വകഞ്ഞുമാറ്റാന്‍ കഴിയില്ലെന്നൊരു ഹ്രസ്വ സന്ദേശം കൂടി ഈ വാര്‍ത്ത വായനക്കാരുമായി പങ്കു വെയ്ക്കുന്നു.
പാരമ്പര്യമായി കരള്‍ രോഗമുള്ള ഒരു കുടുംബത്തിലെ അംഗമാണ്‌ സിനിമാ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ  ടി ജി രവിയുടെ ഭാര്യ ഡോ. സുഭദ്ര. അവര്‍ക്ക് കൂടി പങ്കാളിത്തമുള്ള ഒരു മെഡിക്കല്‍ ബോഡിയുടെ ക്യത്യവിലോപമോ അവരുടെ മനുഷ്യത്വം തീണ്ടാത്ത നിയമാവബോധമോ ആണ്‌ ഡോ. സുഭദ്രയുടെ ചികില്‍സ നിഷേധിച്ചതും മരണത്തിനിടയാക്കിയതും. മനുഷ്യത്വത്തെ സം‌രക്ഷിക്കുവാന്‍ സം‌വിധാനപ്പെടുത്തിയ നിയമങ്ങള്‍ മനുഷ്യ ജീവിതത്തിനു തെല്ലും വില കല്പിക്കാത്തവയാണോ എന്ന് സംശയമുളവാക്കുന്നത് കൂടിയായിപ്പോയി ഡോ. സുഭദ്രയുടെ മരണം.

 കരള്‍മാറ്റിവെച്ച് കൊണ്ടുള്ള് ഒരു അടിയന്തരമായ ശസ്ത്രക്രിയയിലൂടെ മാത്രമേ അവരുടെ ജീവന്‍ നില നിര്‍ത്താനാകൂ എന്നറിഞ്ഞിട്ടും ഡോക്ടര്‍മാരടങ്ങിയ എതിക്സ് പാനല്‍ നിയമക്കുരുക്കുകള്‍ ഉന്നയിച്ച് കൊണ്ട് അതിന്‌ അനുവാദം കൊടുത്തില്ല. മനുഷ്യ നിര്‍മ്മിത നിയമങ്ങളുടെ അപൂര്‍ണ്ണതകളും പരിമിതികളും ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ഈ നീതിനിഷേധത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളറിയുമ്പോള്‍ നമുക്ക് ആത്മരോഷം കൊള്ളാതിരിക്കാന്‍ നിര്‍‌വാഹമില്ല. നിലവിലുള്ള അവയവദാന നിയമമനുസരിച്ച് രക്തബന്ധുക്കളായിരിക്കണം അവയവദാനം നടത്തേണ്ടത്. അല്ലാത്തവ എതിക്സ് കമ്മിറ്റിക്ക് മുന്നില്‍ വരികയും സാമ്പത്തിക ചൂഷണമോ പ്രലോഭനങ്ങളോ ഇല്ലയെന്ന് അവര്‍ക്ക്ബോധ്യപ്പെട്ടും വേണം അനുവാദം നല്‍കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ കരള്‍ രോഗികളുടെ എണ്ണം കൂടുതലുള്ള കുടുംബത്തില്‍ നിന്നുമുള്ള ഡോ. സുഭദ്രക്ക് രക്തബന്ധുവായ ഒരു ദാതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പകരം കണ്ടെത്തിയ ഒരു ദാതാവിനെ എതിക്സ് ബോഡിയിലെ, മനുഷ്യജീവിതം കത്തിമുനയില്‍ നിര്‍ത്തി വിലപേശിക്കളിക്കുന്ന ഭിഷഗ്വര സംഘത്തിന് സ്വീകാര്യമായില്ല. നിസാര കാരണങ്ങള്‍ കൊണ്ട് ദാതാവിനെ നിരാകരിച്ച അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശം അല്പം ക്രൂരമായതായിപ്പോയി. ആരെങ്കിലും അപകടത്തില്‍ മരിച്ചിട്ട് അവരുടെ കരള്‍ കിട്ടുമോ എന്നന്വേഷിക്കാന്‍! അതായിരിക്കുമത്രേ സൗകര്യം.

മുന്നിലിരിക്കുന്ന ഫയലുകള്‍ക്കുള്ളില്‍ പിടയ്ക്കുന്ന മനുഷ്യ ജീവനുകളെക്കാണാന്‍ കഴിയാത്ത ഭിഷഗ്വര സംഘം ഈയ്യൊരു ക്രൂര നിലപാടു സ്വീകരിച്ചത് മറ്റൊരു ഡോക്ടറോടാണെന്നത് അത്യന്തം അപമാനകരമായിപ്പോയി. മുന്നില്‍ കാണുന്ന ആരോഗ്യവാന്മാരാരെങ്കിലും മരിച്ചാലേ ഒരു രോഗി രക്ഷപ്പെടൂ എന്ന നിലപാട് ജുഗുപ്സാവഹം തന്നെയാണ്‌. അന്തിപ്പട്ടിണിക്കാര്‍നില്‍ നിന്ന് കഴുത്തറുപ്പന്‍ കൈക്കൂലി വാങ്ങുന്ന സാമൂഹ്യദ്രോഹികളായ ഏതെങ്കിലും ഡോക്ടര്‍മാരെ എങ്ങാനും അരസ്റ്റ് ചെയ്തുപോയാല്‍ ഘഘോര സമരവുമായി തെരുവിലും ടെലിവിഷനിലും നിറഞ്ഞാടുന്ന ഡോക്ടര്‍ സംഘടന ഇതൊന്നുമറിയാതിരിക്കാന്‍ ശിശിര നിദ്രയിലാണോ ആവോ?

ഈയ്യൊരു സംഭവത്തിന്‌ ചെറിയൊരു ആന്റി ക്ലൈമാക്സ് കൂടിയുണ്ട്. 2002ലെ പ്രമാദമായ അവയവ വിപണന വിവാദം അന്വേഷിച്ചത് ഡോ. സുഭദ്രയായിരുന്നു. ജലദോഷപ്പനിക്ക് പാരസെറ്റാമോള്‍ ചോദിച്ച് വരുന്നവനെ രണ്ടാഴ്ചയെങ്കിലും ഇന്റന്‍സീവ് കെയറിലാക്കുന്ന പുതിയ മെഡിക്കല്‍ വ്യവസായത്തിലെ ഏതൊക്കെയോ വി.ഐ.പി കള്‍ക്ക് കടുത്ത അസ്വസ്ഥകളുണ്ടാക്കുന്ന റിപ്പോര്‍ട്ടണത്രേ ഇവര്‍ ആരോഗ്യ വകുപ്പിന്‌ കൈമാറിയത്.പല സ്വകാര്യ ആശുപത്രികളിലും അപ്പന്റൈറ്റിസിന്‌ ശസ്ത്രക്രിയ നടത്തപ്പെട്ടവരില്‍ പലരുടേയും കിഡ്നികള്‍ മോഷണം പോകുന്നു എന്ന വാര്‍ത്തയുടെ സൂചനയും ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ആതുര സേവന രംഗത്തെ നിസ്വാര്‍ഥസേവനത്തിന്റെ പ്രതിരൂപമായ ഡോ. സുഭദ്രക്ക് സംഭവിച്ച ഈ ദുര്‍ഗതി ഒരു അവിശുദ്ധ ഗൂഢാലോചനയുടെ അനന്തര ഫലമാണെന്നാണ്‌ ഇതിനെക്കുറിച്ച് പലരും സൂചിപ്പിക്കുന്നത്. അധികാരി വര്‍ഗ്ഗങ്ങളും പൊതുജനവും കണ്ണ്‌ തുറക്കേണ്ടുന്ന ഒരു സന്ദര്‍ഭം കൂടിയാണിത്. ബന്ധപ്പെട്ടവര്‍ ഈ വിഷയത്തില്‍ കാണിച്ച അനാസ്ഥ ഗൗരവമായി അന്വേഷിക്കുകയും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം വാര്‍ത്തകള്‍ സ്യഷ്ടിക്കുന്ന ആത്മരോഷവും, നിരാശയുമാണ്‌ പൊതുജനങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന അക്രമവാസനകളുടെ മൂല കാരണങ്ങളിലൊന്ന് എന്നാണ്‌ മനശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്. ഡോ. സുഭദ്ര എഴുതിക്കൊടുത്ത സത്യവാംഗ്മൂലത്തിന്‌ ഒരു കീറക്കടലാസിന്റെ വില പോലും കൊടുത്തില്ലത്രേ. മരണത്തിന്റെ വിറങ്ങലിച്ച നിശബ്ദതയ്ക്കു മുന്നില്‍ ജീവിതത്തെ അടങ്ങാത്ത പ്രതീക്ഷയില്‍ നോക്കിയിരിക്കുന്നവരെ കാണാതെ പോകുന്നവയാകരുത് നിയമങ്ങള്‍. അനീതിക്കും, അധര്‍മത്തിനും കുടപിടികുന്ന നിയമ പരിപാലകരുടെ കാപട്യവും താല്പര്യങ്ങളും വെളിവാക്കപ്പെടുക തന്നെ  വേണം. ഇത് ഒരു ഡോ. സുഭദ്രയുടെ മാത്രം അനുഭവമല്ല. അധികാരം കളിക്കോപ്പുകളാക്കുന്ന അല്പന്മാരുടെ അധീശത്വ ഭാവങ്ങളെയും നിരുത്തരവാദ നയങ്ങളെയും കുടഞ്ഞെറിയേണ്ടതുണ്ട്. പ്രതികരണ ശേഷി നശിച്ചിട്ടില്ലാത്തവരാണ്‌ തങ്ങള്‍ ഇരകളായി കാണുന്നവര്‍ എന്ന തിരിച്ചറിവിനു മാത്രമേ ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കൂ..
                                                                                               
                                                                                                 msshaiju@yahoo.co.in

5 comments:

 1. ഡോ. സുഭദ്രയുടെ മരണ വാര്‍ത്ത എവിടെയോ വായിച്ചിരുന്നു എന്ന് തോന്നുന്നു
  താങ്കളുടെ പോസ്റ്റ്വായിച്ചപോഴാണ് കൂടുതല്‍ മനസ്സിലായത്.
  ഇവിടെ പണതിന്റെയും അധികാരതിന്റെയും കുത്തകകളുടെ മറവില്‍ മനുഷ്യന്‍ എന്ന വാചകത്തെ തല്ലി ചതകുന്ന ഒരുതരം പ്രവണതകളാണ് നാം ഇന്നും ഇന്നലെയുമായി കണ്ടു കൊണ്ടിരിക്കുന്നതു , ഇനിയങ്ങോട് കാണാന്‍ പോകുന്നതും,
  ഇതിനെ സഹായിക്കാന്‍ മാത്രം ഉണ്ടാകിയതാണ് നമ്മുടെ നിയമങ്ങള്‍, അല്ലാതെ ഇവയെ ശിക്ഷിക്കാനല്ല എന്ന് നാം ഒരു വേള തികച്ചും മനസില്‍ തോന്നിപോകും
  പക്ഷെ താങ്കള്‍ പറഞ്ഞപോലെ നാം പ്രതികരിക്കണം, കഴിവില്‍ പരം ,.........

  ReplyDelete
 2. വേലി തന്നെ വിളവു തിന്നുകയാണല്ലോ. അനുഭവങ്ങള്‍ പാഠങ്ങള്‍ ആകട്ടെ. നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കട്ടെ....

  ReplyDelete
 3. പ്രിയ ഷാജു,
  ഇതൊക്കെ വായിച്ച് നിസംഗതയോടെ തള്ളുമ്പോള്‍ നാളെ ഇതൊക്കെ തനിക്കും ഭവിക്കാവുന്നതാണ്‌ എന്നു പോലും ആരും ചിന്തിക്കാത്തത്ര പ്രതികരണ ശേഷി നശിച്ചവരായിരിക്കുന്നു നമ്മള്‍...

  ReplyDelete
 4. പണക്കിലുക്കം അധിക്കരത്ത്തിന്റെ സ്വരമായി മാറുന്നു. തടസ്സങ്ങള്‍ വെട്ടിമാറ്റുക എന്ന നയം എവിടെയും സ്വീകരിക്കപ്പെടുമ്പോള്‍ നിയമങ്ങള്‍ നോക്കികുത്തികള്‍ ആകുന്നു. നല്ല പോസ്റ്റ്‌..

  ReplyDelete
 5. ജെഫു,
  പ്രധിരോധങ്ങളെ എങ്ങനെയും തടയിടുക എന്നത് മാത്രമാണ്‌ ഇവരുടെ താല്പര്യം...ഇവരുടെ കൈകളിലാണോ നമ്മുടെ ഭാവിയും????

  ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....