Oct 9, 2011

ജുഗുപ്സ എന്ന വാക്കും വി എസ്സ് എന്ന സഖാവും


ജുഗുപ്സ എന്ന വാക്കും വി എസ്സ് എന്ന സഖാവും
എം എസ് ഷൈജു, കൊല്ലം

ജുഗുപ്സ എന്ന വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് പ്രീഡിഗ്രി ക്ലാസ്സിലാണ്‌. ക്യത്യമായി ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്. ഈ വാക്കുപയോഗിച്ച സാറിനോട് ഇതിന്റെ അര്‍ത്ഥമെന്താണെന്ന് ചോദിച്ചപ്പോള്‍, ഒറ്റ വാക്കില്‍ അര്‍ത്ഥം പറയാന്‍ കഴിയാതിരുന്ന അധ്യാപകന്‍ ജുഗുപ്സ പ്രയോഗിക്കാന്‍ പറ്റിയ ഒരു സന്ദര്‍ഭം കിട്ടാതെ അല്പ നേരം കുഴങ്ങി. ഇന്നായിരുന്നു ഈ സംഭവമെങ്കില്‍ രണ്ടാമതൊന്ന് ആലൊചിക്കാതെ അധ്യാപകന്‌ ഉദാഹരിക്കാമായിരുന്ന ഒരു പേരും അതിനു പറ്റിയ സന്ദര്‍ഭങ്ങളുമാണ്‌ വി എസ്സ് എന്ന സഖാവും അദ്ദേഹം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന നയ നിലപാടുകളും.
വി എസ്സ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് സഖാവ് ലോകത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പോലും നാണക്കേടിന്റെ ഒരു ചരിത്രം സമ്മാനിക്കുകയാണ്‌. ശാസ്ത്രലോകം ഗത്യന്തരമില്ലാതെ തള്ളിക്കളഞ്ഞ അബദ്ധജഡിലമായ ഒരു പഴഞ്ചന്‍ സിദ്ധാന്തമാണ്‌ ഡാര്‍‌‌‌വിന്റെ പരിണാമ സിദ്ധാന്തം. മനുഷ്യന്റെ പരിണാമത്തെക്കാള്‍ ഇത് ഏറ്റവും യോജിക്കുന്നത് സഖാവ് വി എസ്സിനു സംഭവിക്കുന്ന പരിണാമത്തിനാണ്‌ എന്നാണ്‌ ആ സിദ്ധാന്തത്തിന്റേയും വി എസ്സിന്റേയും ഘടനാപരമായ സാമ്യതകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നത്. കേരള ചരിത്രത്തില്‍ ഒരു പുതിയ റെക്കോര്‍ഡ്  കൂടി കുറിക്കാന്‍ തയ്യാറെടുക്കുകയാണ്‌ വി എസ്സ്. സ്വപുത്രന്‍ നടത്തിയ വഴിവിട്ട ഇടപാടുകളുടേയും ഗുരുതരമായ  ക്രമക്കേടുകളുടേയും പേരില്‍ നിയമസഭാ സമിതിക്കു മുമ്പില്‍ അന്വേഷണത്തെ നേരിട്ടു കൊണ്ട് ഹാജരാകുന്ന ആദ്യത്തെ പ്രതിപക്ഷ നേതാവ് നേതാവ് എന്ന ശിരോലങ്കാരം വി എസ്സിനായി തയ്യാറായിക്കഴിഞ്ഞു.
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വകയായിരുന്ന ആസ്പിന്‍‌വാള്‍ കമ്പനിയിലെ ഒരു സാദാ തൊഴിലാളിയില്‍ നിന്നും ഇന്ന് വി എസ്സ് എത്തി നില്‍ക്കുന്ന നിലപാടുതറ വരെയുള്ള ദൂരം ഒട്ടേറെ പരണാമ ഘട്ടങ്ങള്‍ താണ്ടിക്കടന്നെത്തിയതാണ്‌. അതില്‍ പലതും ഡാര്‍‌വിന്റെ പരിണാമ വാദത്തിലേതു പോലെതന്നെ പരസ്പര പൂരിതമല്ലാത്തതും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതുമാണു താനും. മൂപ്പെത്താത്ത ഇളനീര്‍ പരിണമിച്ച് മുതലക്കുഞ്ഞുണ്ടായിയെന്ന ഡാര്‍‌വിന്‍ വാദം പോലെ ജുഗുപ്സാവഹമാണ്‌  വി എസ്സിന്റെ ജീവിതത്തിന്റെ ഒരോ ഘട്ടവും. അതിരു കവിഞ്ഞ ദുരഭിമാനമുള്ള ഒരു സാദാ തൊഴിലാളിക്ക് മുതലാളിയോട് തോന്നാവുന്ന അതിരു കവിഞ്ഞ അമര്‍ഷത്തിന്റേയും തീവ്രമായ അസൂയയുടേയും നെറുകയില്‍ നിന്നാണ്‌ വി എസ്സ് എന്ന കമ്മ്യൂണുസ്റ്റ്കാരന്‍ ജനിക്കുന്നത്. അല്ലാതെ മാര്‍ക്സിന്റേയും ഏംഗല്‍സിന്റേയും കടിച്ചാല്‍ പൊട്ടാത്ത സൈദ്ധാന്തിക വായനയുടെ പിന്‍ ബലത്തിലോ കമ്മ്യൂണിസം എന്ന ബദല്‍ പ്രത്യയ ശാസ്ത്രം കൊണ്ട് ലോകത്തെ മനുഷ്യരെയൊന്നാകെ വിമോചനത്തിന്റെ തേരിലേറ്റി സ്വര്‍ഗീയ ഭൂമിക പണിതുകളയാം എന്ന വ്യാമോഹത്തിലോ അല്ല ഇവരെപ്പോലെയുള്ളവര്‍ കമ്മ്യൂണിസ്റ്റായത്. മറിച്ച് നടേ സൂചിപ്പിച്ചതുപ്പൊലെയുള്ള നിഷേധാത്മകതയും അമര്‍ഷവുമാണ്‌ പലരേയും കമ്മ്യൂണിസത്തിലേയ്ക്ക് ആകര്‍ഷിച്ചത്.  ജനിച്ചു വളര്‍ന്ന മത സാഹചര്യങ്ങളിലെ വൈകല്യങ്ങളും യുക്തുരാഹിത്യവുമാണ്‌ ഇവരില്‍ പലരേയും  ദൈവാസ്തിത്വത്തെത്തന്നെ നിഷേധിക്കുന്ന  തലങ്ങളിലേയ്ക്ക് വളര്‍ത്തിയത്.
ചരിത്രത്തിന്റെ പല പിന്നാമ്പുറ വായനകളിലും പൊതുജനങ്ങളെ ഇളക്കിവിടാന്‍ അസൂത്രിതമായി തന്ത്രങ്ങള്‍ പയറ്റിയ രാഷ്ട്രീയ ശക്തികളുടെ പലേ കൗടില്യങ്ങളും കാണാന്‍ സാധിക്കും. ഏതാണ്ട് അത്തരം ഒരു തന്ത്രമാണ്‌ അഴിമതി വിരുദ്ധതയുടെ കുപ്പായത്തില്‍ പതുങ്ങിയിരുന്ന് സഖാവ് വി എസ്സ് പയറ്റിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ശുദ്ധ പാര്‍ട്ടിവാദിയായിരുന്ന വി എസ്സ് സ്വവീക്ഷണങ്ങളും സ്വതാല്പര്യങ്ങളുമാണ്‌ പാര്‍ട്ടി വീക്ഷണത്തെക്കാള്‍ ശരിയും പ്രസക്തവുമെന്ന നിലപാടിലേയ്ക്ക് പരിണമിക്കുന്നത് സ്വാഭിപ്രായങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും പാര്‍ട്ടി വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്ന സ്വാര്‍ത്ഥമായ ചിന്തയില്‍ നിന്നുമാണ്‌. ജനകീയതയുടെ മേച്ചില്പുറങ്ങളിലാണ്‌ തനിക്ക് മേയാനുള്ള ഇളം പുല്ലുകള്‍ വേണ്ടുവോളമുള്ളത് എന്ന ബോധോദയത്തില്‍ നിന്നുമാണ്‌ വെട്ടിനിരത്തലിന്റെ പരുക്കന്‍ മുഖത്തിന്‌ പോപുലാരിറ്റിയുടെ ഫെയര്‍ ആന്റ് ലൗലി ഇട്ട് വെളുപ്പിക്കാമെന്ന പരിണാമ ചിന്തയിലേയ്ക്ക് വി എസ്സ് എത്തുന്നത്. ഇങ്ങനെ തുടങ്ങി കൂടുതല്‍ വിശദീകരണങ്ങളോ വിശകലനങ്ങളോ ആവശ്യമില്ലാതെ ഗ്രഹിക്കാന്‍ സാധിക്കുന്ന നിരവധി ജുഗുപ്സാവഹമായ ഉദാഹരണങ്ങളിലൂടെ വി എസ്സ് കൂടുതല്‍ പരിഹാസ്യനായിക്കൊണ്ടിരിക്കുകയാണ്‌.   പൊതു സമൂഹത്തിന്‌ ഒട്ടും സ്വീകാര്യനോ സമ്മതനോ അല്ലാത്ത റഊഫിനെപ്പോലെയുള്ളവരുടെ ചങ്ങാത്തത്തിന്റെ തണലില്‍ ആണ്‌ വി എസ്സ് ഇന്ന് എത്തി നില്‍ക്കുന്നത് . രാഷ്ട്രീയക്കാരുടെ അഴിമതിയുടെ ബലിയാടുകളാകേണ്ടി വന്നവരും പല കാരണങ്ങള്‍ കൊണ്ടും രാഷ്ട്രീയ ഭൂമികയില്‍ നിന്ന് മാറി സഞ്ചരിച്ചവരുമായ ചില മുട്ടനാടുകള്‍ പിന്നില്‍ നിന്നു നല്‍കിയ ധൈര്യത്തിലാണ്‌ വി എസ്സ് ഇതു വരെയുള്ള കളികള്‍ക്കായുള്ള ഞാണുകള്‍ വലിച്ച് കെട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ അടിക്കടിക്ക് നിറം മാറുന്ന വി എസ്സിന്റെ നിലപാടുകളില്‍ അവര്‍ക്കും അവരുടെ ഉദ്ദേശ ശുദ്ധിയില്‍ വി എസ്സിനും സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.
തന്റെ നേര്‍ക്ക് ആരോപണങ്ങളുയരുമ്പോള്‍ വിവാദങ്ങളുടെ വില്ലു കുലച്ച്കൊണ്ട് വിദഗ്ദ്ധമായി മാദ്ധ്യമ ശ്രദ്ധ തിരിക്കുന്ന മെയ് വഴക്കമുള്ള ഒരു വില്ലാളിയുടെ റോളാണു ഇപ്പോള്‍ വി എസ്സ് ചെയ്തു കൊണ്ടിരിക്കുന്നത്. പിള്ള എന്ന വാക്ക് കേള്‍ക്കുമ്പോല്‍ തന്നെ ഉടുത്തമുണ്ടുപോലും മാറാതെ ക്രൗര്യത്തോടെ ചാടിയിറങ്ങുന്ന അച്യുതാനന്ദന്‍ സഖാവിനായ് കാലം കാത്തുവെച്ചിരിക്കുന്നത് എന്താണെന്നറിയാന്‍ അത്രടം വരെ കാത്തിരിക്കുകയേ തരമുള്ളൂ. എന്തായാലും അത്ര ശോഭനമല്ല പിത്യ പുത്ര ചരിതം. വാളകത്തെ അധ്യാപകന്റെ പിന്നാലെ ഓടി വയസ്സ് കാലത്ത് വേച്ചത് തന്നെയാണ്‌ മിച്ചമെന്നാണ്‌ തോന്നുന്നത്. കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞ് ഒരു വഴിയാകുമ്പോള്‍ ഉണ്ടായേക്കാവുന്ന ജാള്യത മറയ്ക്കാന്‍ പുതിയ എന്തെങ്കിലും കണ്ടെത്താതെ തരമില്ലാതായിരിക്കുന്നു. സിനിമാനടനും അമ്മയുടെ പ്രസിഡന്റുമായ ശ്രീമാന്‍ ഇന്നസെന്റ് എന്ന നിരപരാധി പറഞ്ഞതു പോലെ, ശ്ശി പ്രായമായാല്‍ രാമനാമം നിര്‍ബന്ധിപ്പിച്ചെങ്കിലും ചൊല്ലിപ്പിച്ച് ഒരു മൂലയ്ക്ക് ഭദ്രമായി ഇരുത്തേണ്ട പ്രായത്തില്‍ പിന്നില്‍ നിന്നും ആവേശം അടിച്ചു കയറ്റാന്‍ നാലഞ്ച് അണികളുണ്ടെങ്കില്‍ ഏത് വയസ്സന്മാരുടേയും ഗതി ഇതിക്കെത്തന്നെയാണു എന്നാണ്‌ ബഹുമാന്യനായ വി ആര്‍ ക്യഷ്ണയ്യര്‍ പോലും തെളിയിച്ച് തരുന്നത്. പഴയ പ്രതാപവും സല്പേരും നാളേയ്ക്ക് കൂടി നില നില്‍ക്കണമെങ്കില്‍ ഒരു പ്രായമാകുമ്പോള്‍ പൊതു സേവനം എന്ന കണ്ഡകോടാലി മെല്ലെ താഴത്ത് വെയ്ക്കണം. അല്ലെങ്കില്‍ കണ്ണില്‍ കാണുന്നവയൊക്കെ കൊത്തിമൂര്‍ച്ച പരീക്ഷിക്കും എന്നു മാത്രമല്ല ഉരഞ്ഞ് തീര്‍ന്ന വായ്ത്തലയുമായി അങ്ങിങ്ങ് മണ്ടി നടന്ന് ഒരു സാമൂഹ്യ ബാധ്യതയാകും എന്നതില്‍ സംശയമില്ല.
ഒറ്റ വായനയ്ക്ക്:
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് മാറ്റുമ്പോള്‍ അവശിഷ്ടങ്ങള്‍ ലേലത്തിനു നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു പോലും. എങ്കില്‍ മുല്ലപ്പെരിയാറിന്റെ അത്ര പഴക്കമില്ലെങ്കിലും ലേലം ചെയ്തു കൊടുക്കാറായ ചില സാമൂഹ്യ അവശിഷ്ടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ദയവായി അവരുടെ കാര്യം കൂടി മറക്കാതിരിക്കുക.

7 comments:

 1. സൂപ്പർ....വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു പോയി.....നല്ല ലേഖനം....

  ReplyDelete
 2. താങ്കളുടെ ആദ്യ കമന്റ് ഞാന്‍ വളരെ പ്രാധാന്യത്തോടെ കാണുന്നു thank u ഷബീര്‍ ഭായ്.....

  ReplyDelete
 3. കാലം കാത്തുവെച്ചിരിക്കുന്നത് എന്താണെന്നറിയാന്‍ അത്രടം വരെ കാത്തിരിക്കുകയേ തരമുള്ളൂ.! :)

  ReplyDelete
 4. വായിക്കാന്‍ രസമുള്ള നല്ല ഒരു പോസ്റ്റ്

  ReplyDelete
 5. എന്തായാലും നല്ല രസതിലുള്ള അവതരണം എനിക്ക് പെരുത്ത് ഇഷ്ടപ്പെട്ടു..

  ReplyDelete
 6. @സത്യാന്വേഷി, ഷാജു സാബ്
  പ്രോത്സാഹനങ്ങള്‍ക്ക് നന്ദി....

  ReplyDelete
 7. അതിരു കവിഞ്ഞ ദുരഭിമാനമുള്ള ഒരു സാദാ തൊഴിലാളിക്ക് മുതലാളിയോട് തോന്നാവുന്ന അതിരു കവിഞ്ഞ അമര്‍ഷത്തിന്റേയും തീവ്രമായ അസൂയയുടേയും നെറുകയില്‍ നിന്നാണ്‌ വി എസ്സ് എന്ന കമ്മ്യൂണുസ്റ്റ്കാരന്‍ ജനിക്കുന്നത്. അല്ലാതെ ....ഷൈജു..നൂറുവട്ടം സത്യം ..ഇതാണ് സത്യം ...വളരെ നന്നായിട്ടുണ്ട്‌....

  ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....