ഇറാന്റെയും അറേബ്യന്‍ മുനമ്പിന്റെയും മധ്യത്തിലുള്ള, പേര്‍ഷ്യന്‍ ഗള്‍ഫിന്റെയും ഒമാന്‍ ഗള്‍ഫിന്റെയും ഇടയിലുള്ളതും ലോകത്തെ ക്രൂഡോയിലിന്റെ അഞ്ചിലൊന്നു ഭാഗം കടന്നുപോകുന്നതുമായ അതിപ്രധാനമായ കടല്‍പാതയാണ് ഹോര്‍മുസ് കടലിടുക്ക്.
അമേരിക്കയുടെ ആഗോള ഊര്‍ജ വിതരണ വകുപ്പിന്റെ വിശദാംശങ്ങള്‍ പ്രകാരം ഓരോ മണിക്കൂറിലും പന്ത്രണ്ട് മില്യണ്‍ ബാരല്‍ ക്രൂഡോയില്‍ വീതം ഹോര്‍മുസ് കടലിടുക്കിലൂടെ പുറംലോകത്തേക്ക് എത്തുന്നു. എണ്ണയുടെ സ്വര്‍ഗീയ ഭൂമിയായ ഗള്‍ഫുമായി ലോകത്തെ ബന്ധിപ്പിക്കുന്ന ഒരേയൊരു ചരക്കു ഗതാഗത ജലപാതയാണ് ഹോര്‍മുസ്.
അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും അവരോടൊപ്പം മാര്‍ച്ച് ചെയ്യുന്ന മറ്റ് രാജ്യങ്ങളുടെയും ഒന്നാം നമ്പര്‍ ശത്രുവാകുമ്പോഴും ഇറാനെ ഭയപ്പെടേണ്ടതോ ഇറാനെതിരെയുള്ള ഏതെങ്കിലും ലഘുസൈനിക നീക്കങ്ങള്‍ പോലും അതീവ ജാഗ്രതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടതോ ആയ ഒരു ഗതികേടിന്റെ പ്രശ്‌നമായി ഇന്നും നിലനില്‍ക്കുന്നത് ഇറാനു ഹോര്‍മുസ് കടലിടുക്കിലുള്ള സമ്പൂര്‍ണാധിപത്യവും സ്വാധീനവും കൊണ്ടാണ്. പ്രകൃതി കനിഞ്ഞു നല്‍കുന്ന ഭൂമിശാസ്‌ത്രപരമായ ആനുകൂല്യം ഇവ്വിഷയത്തില്‍ ഇറാന് മാത്രമാണ്. മൂന്ന് കിലോമീറ്റര്‍ വീതിയുള്ള രണ്ട് ഇരട്ട സാങ്കല്‌പിക ജലപാതകളെ മൂന്ന് കിലോമീറ്റര്‍ വീതിയുള്ള മറ്റൊരു സാങ്കല്‌പിക ജല ഡിവൈഡര്‍കൊണ്ട് വേര്‍തിരിച്ചിട്ടുണ്ട്. മാത്രമല്ല, ഈ പാതകള്‍ ഇറാന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുമാണ്.
അമേരിക്കയും ഇസ്‌റാഈലും ഇറാനെതിരെ സ്വീകരിക്കുന്ന ഏതൊരു നടപടിയും ഹോര്‍മുസ് കടലിടുക്കിലേക്കാണ് നീണ്ടുപോകുന്നതെന്ന് അമേരിക്കയ്‌ക്ക് നല്ലവണ്ണം അറിയാം. അമേരിക്കയുടെ സാമ്പത്തിക ക്രമീകരണങ്ങള്‍ പോലും എണ്ണയില്‍ ഊന്നി നിന്നുകൊണ്ടുള്ളതാണെന്നിരിക്കെ അമേരിക്കയ്‌ക്ക് അതില്‍ ചെറുതല്ലാത്ത ആശങ്കയുണ്ടുതാനും. മാത്രമല്ല, ഇറാന്റെ ആയുധ സംഭരണശേഷിയെക്കുറിച്ച് അമേരിക്കയ്‌ക്കോ ഇസ്‌റാഈലിനോ വേണ്ട തിട്ടമില്ല എന്നൊരു പരിമിതിയുമുണ്ട്. ഇറാന്‍ പുലര്‍ത്തുന്ന നിലപാടുകളിലെ ചങ്കുറപ്പ് തന്നെയാണ് ഇവരെ ആശങ്കയിലാഴ്‌ത്തുന്നത്.
ഇന്ന് വീണ്ടും ഇറാനും ഹോര്‍മുസും ആഗോള രാഷ്‌ട്രീയത്തിലെ പ്രധാന വിഷയമാകുകയാണ്. ഇറാന്റെ ആണവ പദ്ധതികള്‍ക്കെതിരെ അമേരിക്കയും ഇസ്‌റാഈലും മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയും അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കണ്‍ സര്‍വ സന്നാഹങ്ങളോടെ ഗള്‍ഫ് കടലില്‍ നങ്കൂരമിടുകയും ചെയ്‌തിരിക്കുകയാണ്. തങ്ങളല്ലാത്ത ഒരു ആണവശക്തിയും ലോകത്തിന് ആവശ്യമില്ല എന്ന പ്രഖ്യാപനത്തില്‍ തന്നെയാണ് അമേരിക്കയും ഇസ്‌റാഈലും. വരുന്ന മാര്‍ച്ച്-ഏപ്രിലോടെ ഇസ്‌റാഈല്‍ ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് സെക്രട്ടറി ലോയാണ്‍ പനേറ്റ ഇക്കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചത്. ഇതിന്റെ മറുപടിയെന്നോണം ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍ ഹോര്‍മൂസിലേയ്‌ക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇറാനെതിരെ സംഭവിക്കുന്ന ഏതൊരു സൈനിക നടപടിയുടെയും തൊട്ടടുത്ത അനന്തരഫലം ഹോര്‍മുസില്‍ പ്രകടമാകുമെന്ന് ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ദൈവം ഇറാന് നല്‍കിയ സ്വാഭാവിക പ്രതിരോധ സംവിധാനം ഇറാന്റെ മുഴുവന്‍ ശത്രുക്കളെയും വിഷമ വൃത്തത്തിലാക്കുകയാണ്.
അറബ് വസന്തമെന്ന പേരില്‍ അറബ് നാടുകളില്‍ നടന്നുവന്ന ജനകീയ വിപ്ലവങ്ങളെ അമേരിക്ക ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ ഇവ തങ്ങളുടെ താല്‌പര്യങ്ങളുടെ സഞ്ചാരഗതിയില്‍ നിന്നും വ്യക്തമായ ഒരു മാറ്റം പ്രകടിപ്പിച്ച് തുടങ്ങുന്നത് അമേരിക്കയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. തകര്‍ത്തെറിഞ്ഞ ഭരണകൂടങ്ങള്‍ക്ക് പകരം തങ്ങളുടെ താല്‌പര്യങ്ങളും നയങ്ങളും ലയിപ്പിച്ചുചേര്‍ത്ത ഭരണ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കപ്പെടുന്ന യു എസ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുന്നു. തീവ്രവാദികളെന്നും ജനാധിപത്യ വിരുദ്ധരെന്നുമൊക്കെ പുറംലോകത്തെ വിശ്വസിപ്പിച്ച് വെച്ചിരുന്ന ഇസ്‌ലാമിക ജാഗരണ പ്രസ്ഥാനങ്ങളും ഗ്രൂപ്പുകളും ജനാധിപത്യത്തിന്റെ നയതന്ത്രങ്ങളെ മെയ്‌വഴക്കത്തോടെ പുണരുന്നതും, ബഹുസ്വരതയുടെ പ്രായോഗികതകളെ അടിസ്ഥാനപരമായിത്തന്നെ സമീപക്കുന്നതും അമേരിക്കയുടെ വിദേശതാല്‌പര്യങ്ങള്‍ക്ക് ചെറുതല്ലാത്ത ഭീഷണിയുയര്‍ത്തുന്നുണ്ട്. അതുകൊണ്ടു തന്നെ അറബ് വസന്തം ഒരു ഗ്രീഷ്‌മത്തിന് വഴിമാറണമെന്നാണ് അമേരിക്ക ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
ഗള്‍ഫ് മേഖലയിലെ പുതുചലനങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാനും ഇറാനുമായി മറ്റ് ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ പുലര്‍ത്തുന്ന നിലപാടുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അറബ് വസന്തത്തിനു ഒരു തടയിടാനും ഏറ്റവും പറ്റിയ വിഷയമാണ് ഇറാന്‍ എന്നും യു എസ് മനസ്സിലാക്കുന്നുണ്ട്. വിഷയത്തിന് കൂടുതല്‍ ചൂട് പകര്‍ന്നുകൊണ്ട് അമേരിക്ക ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു. ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതികളുടെ പുരോഗതിയില്‍ അമേരിക്കയ്‌ക്ക് വ്യക്തമായ കണക്കു കൂട്ടലുകളുണ്ടെങ്കിലും അതിന്റെ നേതാക്കളുടെ നിലപാടുകളിലും രാഷ്‌ട്രീയ നീക്കങ്ങളിലും യു എസിന് ഉത്‌കണ്‌ഠയുണ്ടെന്നാണ് എന്‍ ബി സിയുടെ മാറ്റ് ല്യൂയറുമായുള്ള അഭിമുഖത്തില്‍ ഒബാമ പ്രതികരിച്ചത്. ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും ക്യാമ്പുകളില്‍ നിന്നും പിന്‍വലിച്ച പട്ടാളക്കാരെ പുനര്‍വിന്യസിക്കാന്‍ ഇറാന്റെ മേഖല തന്നെ തെരഞ്ഞെടുക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചതിനു പിന്നില്‍ മറ്റു ചില താല്‌പര്യങ്ങള്‍ കൂടിയുണ്ട്.
വാചാലതകള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ ചിറകുകള്‍ വിരിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒബാമയ്‌ക്ക് ഇത് പ്രതിസന്ധിയുടെ കാലമാണ്. ഒബാമക്കെതിരെ അമേരിക്കയില്‍ ഉയരുന്ന ഭരണവിരുദ്ധവികാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മുതലാക്കാതിരിക്കണമെങ്കില്‍ ചില പൊടിക്കൈകളൊക്കെ പയറ്റണം. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി രംഗമൊരുക്കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ തന്റെ നഷ്‌പ്പെട്ട ഇമേജുയര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ നീക്കമാണ് ഒബാമ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്ത് എവിടെയെങ്കിലും സൈനികമായ ഒരു ഇടപെടല്‍ നടത്തിയല്ലാതെ അമേരിക്കയ്‌ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലായെന്ന യു എസ് വിമര്‍ശകരുടെ ആരോപണങ്ങളെ ശരിവെയ്‌ക്കുന്നതാണ് ഇപ്പോള്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍. ഇസ്‌റാഈലിനെ മുന്നില്‍ നിര്‍ത്തിയുള്ള അതിബുദ്ധിയുടെ ഒരു സമ്മര്‍ദതന്ത്രം കൂടിയാണിത്.
ഇറാന്‍ വിഷയത്തില്‍ ഇപ്പോള്‍ ഇസ്‌റാഈല്‍ പ്രകടിപ്പിക്കുന്ന അതിവ്യഗ്രതയ്‌ക്കും ഒരു കാരണമുണ്ട്. ആറായിരം മൈല്‍ പ്രഹരശേഷിയുള്ള ആണവമിസൈലിന്റെ നിര്‍മാണത്തിലാണ് ഇറാനെന്നാണ് ഇസ്‌റാഈല്‍ ഉപപ്രധാനമന്ത്രി മോഷേ യാലോണ്‍ ആരോപിക്കുന്നത്. ആരോപണം വാസ്‌തവമാണെങ്കില്‍ യൂറോപ്പും അമേരിക്കയുമടക്കം ഇറാന്റെ പ്രത്യക്ഷ ശത്രുക്കള്‍ക്കും ഭീതിയുടെ ഒരു ആന്തലുണ്ടാക്കാന്‍ പര്യാപ്‌തമാണിത്. കാരണം ഇവരൊക്കെ ഈ ആറായിരം മൈലിന്റെ പരിധിയില്‍ വരും. എന്നാല്‍ ഇറാന്റെ മിസൈലിന് കേവലം ആയിരത്തിയഞ്ഞൂറ് മൈലിന്റെ ദൂരപരിധിയേ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്നാണ് ആയുധ നിര്‍മാണ മേഖലയിലെ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്. എങ്കില്‍ പോലും ഇസ്‌റാഈല്‍ സുരക്ഷിതരല്ല. ഇതാണ് ഈ വിഷയത്തില്‍ ഇസ്‌റാഈല്‍ പ്രകടിപ്പിക്കുന്ന വെപ്രാളത്തിന്റെ കാരണം.
അമേരിക്കയെ കൂടുതല്‍ പ്രകോപിപ്പിച്ച് മുമ്പില്‍ നിര്‍ത്താനുള്ള തന്ത്രങ്ങളൊക്കെ ഇസ്‌റാഈല്‍ കിണഞ്ഞ് പയറ്റുന്നുണ്ട്. സ്വതന്ത്ര ലോകത്തിന് മുഴുവന്‍ പേടിസ്വപ്‌നമാണ് ഇറാനെന്നാണ് യാലോണ്‍ പ്രഖ്യാപിച്ചത്. ഞങ്ങള്‍ ഇറാന് ചെറിയ സാത്താന്‍ മാത്രമാണെന്നും വലിയ സാത്താന്‍ അമേരിക്കയാണെന്നും ഓര്‍മിപ്പിക്കാനും യാലോണ്‍ മറന്നില്ല. ഹോര്‍മുസില്‍ സംഭവിക്കുന്ന ചെറിയ നിയന്ത്രണങ്ങള്‍ പോലും ആഗോള ഊര്‍ജരംഗത്ത് വന്‍പ്രത്യാഘാതങ്ങളുണ്ടാക്കും. എണ്ണയുടെ വന്‍കിട ഗുണഭോക്താക്കളായ അമേരിക്കയെപ്പോലും നിലംപരിശാക്കാന്‍ തക്കവണ്ണം ഉഗ്രശേഷിയുള്ളതാണ് ഇറാന്റെ ഹോര്‍മുസ് ആയുധമെന്ന് അമേരിക്കയ്‌ക്ക് നന്നായി അറിയാം. ഒരു ആഗോള സൈനിക സഹായമില്ലാതെ ഹോര്‍മുസില്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്കയ്‌ക്ക് അറിയാം. അതുകൊണ്ട് തന്നെ ഇത്തരം സൈനിക നീക്കങ്ങള്‍ക്കോ യുദ്ധ പ്രഖ്യാപനങ്ങള്‍ക്കോ ഇന്നത്തെ സാഹചര്യത്തില്‍ ഒരു ശൈശവ ദശയില്‍ കൂടിയ ആയുസ്സുണ്ടാകില്ല. മേഖലയില്‍ ഒരു ആകാംക്ഷയുടെ സാഹചര്യം സൃഷ്‌ടിക്കാനും, തങ്ങളുടെ വിപണന താല്‌പര്യങ്ങള്‍ക്ക് ആക്കംകൂട്ടാനും കൂട്ടത്തില്‍ ഇറാനെ ഒന്നു ഭയപ്പെടുത്താനും സാധിക്കുമെങ്കില്‍ അത്ര തന്നെയേ അമേരിക്ക പ്രതീക്ഷിക്കുന്നുമുണ്ടാകുന്നുള്ളൂ.
msshaiju@yahoo.co.in
അന്താ രാഷ്ട്ര വിഷയങ്ങള്‍ ഗൌരവ പൂര്‍വ്വം കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ പൊതുവേ കുറവാണ് ..ഇത് നല്ല ശ്രമം ..തുടരുക :)
ReplyDeleteനല്ല പോസ്റ്റ്.
ReplyDelete'ഒരു ആഗോള സൈനിക സഹായമില്ലാതെ ഹോര്‍മുസില്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്കയ്‌ക്ക് അറിയാം.'
ഈ എഴുതിയതു മാത്രം എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലായില്ല. വിശദമാക്കുമല്ലോ?
നല്ല നിരീക്ഷണങ്ങള്‍ .തുടരുക
ReplyDeleteഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ ഒന്നും ഒലത്താന്‍ പോണില്ല. അമേരിക്കയുടെ മിസൈലുകളും ഷെല്ലുകളും പെരുമഴ കണക്കെ തങ്ങളുടെ ജനതയുടെ തലയില്‍ വര്‍ഷിക്കും ഒടക്കി നിന്നാല്‍ എന്ന് അവര്‍ മനസ്സിലാക്കണം. അമേരിക്ക പയറ്റുന്നത് ഭീഷണിയുടെയും ഗുണ്ടായിസത്തിന്റെയും വഴിയാണ്. അത് മനസ്സിലാക്കി നയതന്ത്രത്തിലെ "തന്ത്രങ്ങള്‍" പരമാവധി പയറ്റുകയാണ് അവര്‍ ചെയ്യേണ്ടത്. തങ്ങളുടെ പ്രകൃതി വിഭവങ്ങളുടെയും ജനതയുടെയും സുരക്ഷ മുന്‍നിര്‍ത്തി അവര്‍ തന്ത്രപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം മറ്റൊരു ഇറാഖ് ആകാനേ അവരെകൊണ്ട് പറ്റൂ.
ReplyDelete'ഒരു ആഗോള സൈനിക സഹായമില്ലാതെ ഹോര്‍മുസില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് അമേരിക്കയ്‌ക്ക് അറിയാം.'എന്ന് തിരുത്തി വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ReplyDeleteതിരുത്ത് ചൂണ്ടിക്കാണിച്ചു തന്ന സാബുജിക്ക് നന്ദി...
നല്ല ലേഖനം...
ReplyDelete