Apr 5, 2012

ദാരിദ്ര്യത്തിനു മുകളിൽ കെട്ടിയുയർത്തുന്ന ആയുധപ്പുരകൾ





ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തും,, വലിപ്പത്തിൽ ഏഴാം സ്ഥാനത്തും, ദാരിദ്ര്യത്തിലും പോഷകാഹാരക്കുറവിലും മൂന്നാം സ്ഥാനത്തും, ലോകത്തെ ആയുധമിറക്കുമതിയിൽ ഒന്നാം സ്ഥാനത്തും നില്ക്കുന്ന വൈജാത്യങ്ങളുടേയും വൈരുദ്ധ്യതകളുടേയും നാടാണ്‌ ഇന്ത്യ. ജനാധിപത്യത്തിന്റെ സുതാര്യ സംവിധാനങ്ങളിൽ ഏറെ സവിശേഷതകൾ നിറഞ്ഞ ഇന്ത്യ സ്വാതന്ത്ര്യാനന്തരം നേരിട്ടിട്ടുള്ള ഏറ്റവും വലിയ സമസ്യയാണ്‌ അതിന്റെ ദാരിദ്ര്യ നിർമാർജനം. ആധുനുക സാങ്കേതിക വിദ്യകളുടെ ആസൂത്രണ നിയന്ത്രണ വിപണന രംഗങ്ങളിൽ ഒരു വൻ ശക്തിയായി  കുതിക്കുമ്പോഴും ഇന്ത്യയുടെ അന്തർ ധമനികളില്പ്പോലും ദാരിദ്ര്യം അതിന്റെ നഖക്ഷതങ്ങൾ ആഴ്ത്തിക്കൊണ്ട് പിടിച്ചുലച്ച് കൊണ്ടിരിക്കുകയാണ്‌. ഇതിനിടയ്ക്ക് ഏറെ കൗതുകത്തോടെ ലോകം പോയ വാരത്തിൽ വായിച്ച ഒരു വാർത്തയാണ്‌ ലോകത്തെ ആയുധമിറക്കുമതിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെയിരിക്കുന്നു എന്ന വെളിപ്പെടുത്തലുകൾ. പട്ടിണിയും ദാരിദ്ര്യവുമെന്ന രണ്ട് ദുർഭൂതങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ വിടാതെ പിന്തുടരുമ്പോഴും ആയുധങ്ങൾക്ക് പിന്നാലെ ഇന്ത്യയെ നടത്തിക്കുന്ന ഗതികേടിന്‌ ചില ചരിത്ര പശ്ചാത്തലങ്ങൾ കൂടിയുണ്ട്.
അജ്ഞതയെ യോഗ്യതയായി പരിഗണിക്കുന്ന അത്യപൂർവ്വമായ സംഗതികൾ ലോകത്തുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു യജ്ഞമായിരുന്നു ബ്രിട്ടീഷ് ഇന്ത്യയെ വിഭജിക്കാനുള്ള ദുഷ്കരമായ ദൗത്യത്തിനു പറ്റിയ ആളെ കണ്ടെത്തുന്നതിനുള്ള യോഗ്യതയായി ബ്രിട്ടീഷുകാർ പരിഗണിച്ചത്. സങ്കീർണ്ണവും സംഘർഷ കലുഷിതവുമായ അന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയെ രണ്ടായി പിളർത്തി മാറ്റാനുള്ള ശ്രമകരമായ ദൗത്യം ഏല്പിക്കപ്പെടുന്നത് ഇന്ത്യയിലെ രാഷ്ട്രീയക്കാർക്ക് ആർക്കും പരിചിതനോ സൗഹാർദ്ദവാനോ ആയ ഒരാളും ആകാൻ പാടില്ലയെന്നാണൂ ഇന്ത്യൻ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭു തീരുമാനിച്ചത്. അത്തരമൊരു തീരുമാനത്തിലെത്താനുള്ള പ്രധാന കാരണം ഇന്ത്യയെ പരിചയമുള്ളതോ ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് സൗഹ്ഹാർദ്ദവാനോ ആയ ഒരാൾ മുന്നോട്ട് വെയ്ക്കുന്ന വിഭജന രേഖ ഇന്ത്യയിലെ രണ്ട് വിഭാഗം രാഷ്ട്രീയക്കാരും പക്ഷപാതിത്വം ആരോപിച്ച് അസ്വീകാര്യമാക്കും എന്നതിനാലാണ്‌. അങ്ങനെയാണ്‌ ഇന്ത്യയെക്കുറിച്ചോ ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചോ ഒരു ചുക്കും അറിയാത്ത സിറിൽ റാഡ്ക്ളിഫ്ഫെന്ന ബ്രിട്ടീഷുകാരൻ, താൻ കേട്ടു മാത്രം പരിചയമുള്ള ഇന്തയിലേയ്ക്ക് പറന്നു വരുന്നത് എന്നത് തമാശ നിറഞ്ഞതും എന്നാൽ അനന്തമായ ദുരന്തങ്ങൾ സമ്മാനിച്ചതുമായ ചരിത്രമാകുന്നത്.

ഡല്‍ഹിയുടെ അത്യുഷ്ണത്തിൽ വിയർത്തുകുളിച്ച്, അജ്ഞത യോഗ്യതയായി പരിഗണിച്ച്കൊണ്ട് തന്നെ ഏല്പിച്ച, വിഭജനമെന്ന വേദനയുടെ മുറിപ്പാടിലൂയ്യെ തന്റെ പെൻസിലിന്റെ സൂചിമുന നിരക്കി നീക്കുമ്പോൾ, താൻ ഈ ചെയ്യുന്നത് ഭാവിയിലെ ഏറ്റവും വലിയ ആയുധക്കൂമ്പാരങ്ങളാകാൻ പോകുന്ന രണ്ട് രാഷ്ട്രങ്ങൾക്ക് അതിർത്തി നിശ്ചയിക്കുകയാണ്‌ എന്ന് റാഡ്ക്ളിഫ്ഫ് ഒരിക്കലും ഓർത്തുകാണില്ല.ഇന്ത്യയെന്നും പാകിസ്താനെന്നും രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ട് ആ അതിർത്തി വരകളിലെ അതി സങ്കീർണ്ണമായ ഭൗമശാസ്ത്ര ഘടകങ്ങളാണ്‌ കഴിഞ്ഞ അറുപത്തിയഞ്ച് കൊല്ലങ്ങളായി ഈ രണ്ട് രാഷ്ട്രങ്ങളും പുലർത്തി വരുന്ന വൈരനിരാതരങ്ങളുടെ മർമ്മം.
ജാതി മത വിഭാഗങ്ങളുടെ കേവല സാന്ദ്രതകളും, വ്യവസായ അനുബന്ധ ഘടാകങ്ങളുടെ ബലാബലാനുപാതങ്ങളും ക്യഷിയിടങ്ങളുടെ പകുത്തെടുക്കലുമൊക്കെ മാത്രം പരിഗണിച്ചാണ്‌ സിറിൽ റാഡ്ക്ളിഫ് അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടത്തെ രണ്ടായി പകുത്തെടുത്തത്.പിതാവിന്റെ സ്വത്തിൽ തർക്കമുന്നയിച്ച് രക്തം ചൊരിക്കുന്ന സഹോദരങ്ങൾക്ക് ഒരു മധ്യസ്ഥൻ സ്വത്ത് ഭാഗം ചെയ്യും വിധം ഇന്ത്യയെ ഭാഗിച്ച് നല്കിയാൽ പ്രശ്നങ്ങളവസാനിക്കുമെന്നും അവരുടെ തലമുറകളെങ്കിലും ഒരുമയോടെ കഴിഞ്ഞുകൊള്ളുമെന്ന അന്നത്തെ രാഷ്ട്രീയ വീക്ഷണത്തിലെ ശരികളെ മുഴുവനും ഇല്ലാതെയാക്കിയത് അതിർത്തി നിർണ്ണയത്തിലെ ഗുരുതരമായ പിഴവുകളായിരുന്നു.അതാകട്ടെ ലോകത്തെ എല്ലാ ആയുധ നിർമ്മാതാക്കൾക്കും വിപണനക്കാർക്കും ഇടനിലകാർകുമായി ഇന്ത്യയും പാകിസ്താനുമെന്ന ഒരു മോഹക്കമ്പോളം തീതു കൊടുക്കലുമായിരുന്നു.
ബ്രിട്ടന്റെ നിരന്ന സമതലങ്ങളേയും  പരന്ന ഭൂപ്രക്യതിയേയുമൊക്കെ മനസിൽ സങ്കല്പിച്ചാകണം റാഡ്ക്ളിഫ് അന്ന് വിഭജന രേഖ ഭൂപടത്തിൽ വരച്ചു ചേർത്തത്.താൻ കുത്തീക്കീറുന്ന ഭൂപ്രദേശങ്ങൾ ഒന്നു നന്നായി നേരില്ക്കാണണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥന പരിഗണിക്കാൻ അന്ന് സമയമുണ്ടായിരുന്നില്ല.അങ്ങനെയാണ്‌ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ അതിർത്തികളും, പർവത മലനിരകളും, മഞ്ഞ്പാളികൾ മൂടിക്കിടക്കുന്ന ഹിമക്കൊടൂമുടികളുമൊക്കെ വരഞ്ഞ് കീറിക്കൊണ്ട്, ചരുത്രത്തിലെ എന്നത്തേയും അവധാനതയില്ലാത്ത വിഭജന രേഖ എത്രയും പെട്ടെന്ന് വരയ്ക്കുകയെന്ന ശ്രമകരമായ വിഢിത്തരം അദ്ദേഹത്തിനു ചെയ്യേണ്ടിവന്നത്.ഇന്ന് ലോകത്തെ ആയുധമിറക്കുമതിയിൽ മുമ്പന്മാരായി ഇന്ത്യയും പാകിസ്താനും എത്തിനില്ക്കുന്നതിന്റേയും, ഇവിടങ്ങളിലെ ശതകോടിക്കണക്കിന്‌ മനുഷ്യർ ദാരിദ്ര്യത്തിന്റെ ദുരന്തപൂർണ്ണമായ കയങ്ങളിൽ നിന്ന് ഒരിക്കലും കരകയറാതെയും, രാഷ്ട്രപുരോഗതിയുടെ വികസന വഴികൾ ഇന്നും ദുർഘടമായും, സ്വാതന്ത്ര്യം ലഭിഹ്ച് അറുപത്തിയഞ്ച് കൊല്ലം കഴിഞ്ഞിട്ടും ദാരിദ്രത്തിൽ കുപ്രസിദ്ധമായ ചേരികൾ ഇന്നും ചേരികളായുമൊക്കെ നിലനില്ക്കുന്നതിന്റെ കാരണങ്ങളുടെ ചൂണ്ടുവിരൽ നീളുന്നത് ഈയൊരു ചരിത്രത്തിലേയ്ക്കാണ്‌.
ആയുധമിറക്കുമതിചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യമെന്ന ഖ്യതി ഇന്ന് ഇന്ത്യയ്ക്കാണ്‌. വിസ്ത്യതിയിലും അന്തർദേശീയ തലത്തിലെ ശാക്തിക ബലാബല മാത്സര്യത്തിലും മുമ്പിൽ നില്ക്കുന്ന ചൈനയെ കടത്തി വെട്ടിക്കൊണ്ടാണ്‌ ഈയൊരു സ്ഥാനത്ത് ഇന്ത്യയെത്തി നില്ക്കുന്നത്. പാകിസ്താനെതിരിൽ വിഭജന ശേഷം ഇന്ത്യ പുലത്തുന്ന സൈനിക ജാഗ്രതയുടെ ഭാഗമായിത്തന്നെയാണ്‌ ഈ പുതിയ ഖ്യാതിയുടെ ലബ്ധിയേയും കാണുന്നത്.
12.7ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ്‌ 2007-2011 കാലയളവിനുള്ളിൽ ഇന്ത്യ വാങ്ങിക്കൂട്ടിയത്. ആഭ്യന്തര സുരക്ഷയേക്കാൾ അതിർത്തി സുരക്ഷയ്ക്കാണ്‌ ഈ ആയുധങ്ങളുടെ സിംഹ ഭൂരിപക്ഷവും ഉപയോഗപ്പെടുത്തുന്നതും കരുതി വെയ്ക്കുന്നതും. ഇന്ത്യയുടെ സ്വന്തം ആയുധ നിർമ്മാണ ശാലകളിൽ പണിതൊരുക്കുന്ന ശതകോടിക്കണക്കിന്‌ ആയുധങ്ങൾക്ക്ക് പുറമേയുള്ളവയുടെ കണക്കുകളാണിത്. ലോകത്തെ മൊത്തം ആയുധ ശേഖരത്തിന്റെ പത്ത് ശതമാനം ഇന്ത്യയുടേയും ആറുശതമാനത്തിലധികം പാകിസ്താന്റേയും കൈകളിലാണ്‌ എന്നാണ്‌ ആന്തർദേശീയ തലത്തിലെ ആയുധ ഇറക്കുമതിയേയും ശേഖരത്തേയും കുറിച്ച് നിരീക്ഷിക്കുന്ന സിപ്രിയുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്. 

ഇന്ത്യൻ സേനയുടെ സുപ്രധാനങ്ങളായ ആയുധങ്ങളുടെ ഇറക്കുമതിയിൽ 2002- 2006 കാലയളവിനേക്കാൾ മുപ്പത്തിയെട്ട് ശതമാനം വർദ്ധനവാണ്‌ ഇപ്പോഴുണ്ടായിട്ടുള്ളത്. ലോകത്തെ ആയുധമിറക്കുമതിയിലെ സമ്പുഷ്ട ഭൂമികയെന്നത് ഏഷ്യാ ഭൂഖണ്ഡമാണ്‌. അതാകട്ടെ സുപ്രധാനമായും ഇന്ത്യയും പാകിസ്ഥാനെന്നുമെന്ന രണ്ട് രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചാണ്‌ താനും.ഇന്ത്യയുടെ ആസൂത്രണക്കമ്മീഷന്റെ കണക്കുകൾ പ്രകാരം 2009-2010 വർഷത്തിൽ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 360 ശതകോടിയാണ്‌. ഏതാണ്ട് മൊത്തം ഇന്ത്യൻ ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം വരും ഇത്. ഇരുപത്തിരണ്ടര രൂപ ദിവസ വരുമാനമുള്ളവരെയൊക്കെ സാധാരണക്കാരുടെയോ സമ്പന്നന്മാരുടേയോ പട്ടികയിൽ പെടുത്തി സുരക്ഷിതരാക്കിയതിനു ശേഷമുള്ള കണക്കുകളാണിത്. അതായത് ശരിയായ ദരിദ്രരുടെ പട്ടിക ആസൂത്രണക്കമ്മീഷന്റെ കണക്കിനേക്കാൾ ഭീതിതമായ അളവിൽ മുകളിലായിരിക്കും.ആയുധമിടപാടിൽ ഇന്ത്യ മുമ്പിലാകുമ്പോൾ ഇന്ത്യയുടെ ദാരിദ്ര്യാവസ്ഥ 7.4 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ്‌ ആസൂത്രണക്കമ്മീഷൻ അവകാശപ്പെടുന്നത്. അതാകട്ടെ നേരത്തെയുണ്ടായിരുന്ന മുപ്പത്തിരണ്ട് രൂപയിൽ നിന്നും ഇരുപത്തിരണ്ടര രൂപയായി കുറച്ചു കൊണ്ടാണ്‌. നാണയപ്പെരുപ്പവും വിലക്കയറ്റവും ക്രമാതീതമായി വർദ്ധിക്കുന്ന ഇക്കാലത്ത് ദരിദ്രരെ കുറക്കാനായി ആസൂത്രണക്കമ്മീഷൻ സ്വീകരിച്ച മാർഗം ന്യശംസകമായിപ്പോയി. കണക്കുകൾ കമ്മീഷന്‌ മാത്രം സ്വന്തം. 
വ്യക്തമായ കണക്കു കൂട്ടലുകളില്ലാതെയും തികഞ്ഞ രാഷ്ട്രീയ കാർക്കശ്യങ്ങളിലൂടെയും അടിത്തറ പണിത് നേടിയെടുത്തതാണ്‌ പാകിസ്താൻ എന്ന രാഷ്ട്രം. ചരിത്രത്തിന്റെ വിധിവൈപരീത്യമെന്നതുപോലെ ദീർഘ വീക്ഷണമില്ലാതെയും അതേ രാഷ്ട്രീയ കാർക്കശ്യതയിലും തന്നെയാണ്‌ അതിന്റെ രാഷ്ട്രീയ കാലാവസ്ഥ ഇന്നും കടന്ന് പോകുന്നത്. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യാൻ ഒരു ഭരണ സംവിധാനത്തിന്‌ ഏറ്റവും കുറച്ച് ലഭിക്കേണ്ട സമയ പരിധിയുടെ സമചിത്തത പോലും ഇന്നു വരെയുള്ള പാകിസ്താൻ സർക്കാറുകൾക്ക് ലഭിച്ചിട്ടില്ല. അടിസ്ഥാന വികസനങ്ങൾക്ക് ഇന്നും പാക് മണ്ൺ കളമൊരുങ്ങിയിട്ടില്ലയെന്ന് തന്നെയാണ്‌ അവിടെ നിന്നുള്ള വിവരങ്ങൾ വിളിച്ച് പറയുന്നത്. മലീമസമായ അഴുക്കു ചാലുകളും ദുർഗന്ധം വമിക്കുന്ന ചവറുകൂനകൾക്കുമിടയിൽ തലമുറകളായി കഴിച്ചു കൂട്ടുന്ന ജനസഞ്ചയങ്ങൾ ഇന്നും പഞ്ചാബിലും കറാച്ചിയിലുമുള്ള വ്യത്തികെട്ട ചേരികളിൽ ഉരങ്ങിയുണർന്ന് ജീവിച്ച് കൊണ്ടിരിക്കുന്നു.

2005ലെ ലോക ബാങ്ക് കണക്ക് പ്രകാരം ലോകത്തെ മൂന്നിലൊന്ന് ദരിദ്രർ ജീവിക്കുന്നത് ഇന്ത്യയിലാണ്‌. ആഗോള ദാരിദ്ര്യ രേഖയായ 1.25ഡോളാറിന്റെ ദിവസ വരുമാന മാനദണ്ഡം പരിഗണിച്ചാൽ ഇന്ത്യൻ ജനസംഖ്യയുടെ 41.6 ശതമാനമാളുകളും ജ്ജിവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ സാധിക്കാത്ത വിധം  പരമ ദരിദ്രരാണ്‌. സാങ്കേതികമായി ഈ ഒന്നേകാൽ ഡോളർ ലഭിക്കുന്നവരിൽത്തന്നെ പകുതിയിലധികം പേർ പ്രായോഗിക തലത്തിലെ ദരിദ്രന്മാരാണ്‌. ആകണക്കുകൾ തന്നെ ആധാരമാക്കി പരിശോധിച്ചാൽ ഇന്ത്യയിലെ ഇരുപത്തിയാറ്‌ സംസ്ഥാനങ്ങളും ദരിദ്ര സംസ്ഥാനങ്ങളും അതിൽത്തന്നെ ഒൻപത് എണ്ണം ഭീതികരമായ ദാരിദ്ര്യം പേറുന്നവയാണ്‌. അഴിമതിയും ജനസംഖ്യാ വർദ്ധനവുമൊക്കെ ഈ ദാരിദ്ര്യാവസ്ഥയ്ക്ക് കാരണമായി പറയുന്നുണ്ടെങ്കിലും രാഷ്ട്ര സമ്പത്തിന്റെ സിംഹ ഭൂരിപക്ഷവും പ്രതിരോധത്തിനായി നിർബന്ധമായും മാറ്റി വെയ്ക്കേണ്ട രാഷ്ട്രിയവും ചരിത്ര പരവുമായി കാരണങ്ങളാൽ ന്യായമായും പൗരന്മാർക്ക് ലഭിക്കേണ്ട രാജ്യ സമ്പത്ത് അവർക്ക് ലഭിക്കാതെ പോകുന്നുവെന്ന യാഥാർത്ഥ്യം ഈ ദാരിദ്ര്യ നിർമാർജനത്തിന്റെ പ്രത്യക്ഷ ശത്രുവാകുകയാണ്‌.
ഐക്യ രാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരം 612 മില്ല്യൺ ജനങ്ങൾ പരമ ദരിദ്രരായി ഇന്ത്യയിൽ കഴിയുന്നുണ്ട്. സ്വന്തമായി ഒരു കുടിൽ എന്നത് പോലും താരതമ്യേന താങ്ങാൻ കഴിയാത്ത സ്വപ്നം മാത്രമാക്കി അവശേഷിക്കുന്ന ശതലക്ഷക്കണക്കിന്‌ ഇന്ത്യൻ പൗരന്മാർ ചാക്കു മറകൾക്കുള്ളിലും തകരപ്പാട്ടകളുടെ മേല്ക്കുരകൾക്ക് കീഴിലുമായി കുടുംബ ജീവിതം തള്ളി നീക്കുന്നുണ്ട്. 
ഇത് വായിക്കുന്ന സന്ദർഭത്തിലും ഈ ദരിദ്ര കോടികളുടെ രാജ്യങ്ങൾക്ക് വീതിച്ചു നല്കാനായി റഷ്യയിലെയും അമേരിക്കയിലേയും ആയുധ ശാലകളിൽ എഞ്ചിനീയർമാരും മാനേജ്മെന്റ് വിദഗ്ദരും എ സി കളുടെ നേരിയ മുരൾച്ചയും കേട്ട് തക്യതിയായി പണിയെടുത്റ്റു കൊണ്ടിരിക്കുകയാവും. ഇന്ത്യയിലേയും പാകിസ്താനിലേയും നാറുന്ന തെരുവുകളിലും സാംക്രമിക രോഗങ്ങളോട് മല്ലിടുന്ന ചേരികളിലും കോടിക്കണക്കിന്‌ ബാല്യ കൗമാരങ്ങൾ പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാനാകാതെ സഹതാപ പൂർണ്ണമായ ദാരിദ്യത്തിന്റെ നുകം ചുമന്ന് വേച്ച് തളർന്ന് മരിക്കുമ്പോൾ അവർക്ക് അർഹതപ്പെട്ട് സമ്പത്ത് ഏതൊക്കെയോ ആയുധ ശാലകളിലേയ്ക്ക് ഡോളാറുകളായി മാറിക്കൊണ്ടിരിക്കുന്നുണ്ടാകും.
അതി കഠിനമായ ശാരീരികവും മാനസികവുമായ പീഢകളേറ്റുവാങ്ങി ബ്രിട്ടീഷ് ഇന്ത്യയെന്ന വിഭവ ശേഷികളുടെ സുവർണ്ണ ഭൂമികയുടെ 175000 ചതുരശ്ര കിലോമീറ്റർ പ്രദേശം വൈസ്രോയി മന്ദിരത്തിനടുത്തുള്ള തന്റെ ബംഗ്ളാവിന്റെ ഏകാന്തതകളിലിരുന്ന് രണ്ടായി വരഞ്ഞ് കീറിയതിനുള്ള ലക്ഷക്കണക്കിന്‌ പൗണ്ട് പ്രതിഫലത്തിൽ നിന്നും ഒരു ചില്ലിക്കാശു പോലും വാങ്ങാതെ സിറിള്‍ റാഡ്ക്ലിഫെന്ന ഇംഗ്ലീഷുകാരന്‍ പുച്ഛത്തോടെ തിരിച്ച് പോയത്, ഒരു പക്ഷേ ഇന്ത്യയിലേയും പാകിസ്താനിലേയും വരണ്ട ചേരുകളിലിരുന്ന് പരിതപിക്കുന്ന തലമുറകളുടെ ശാപം തനിക്കും തന്റെ പിൻഗാമികൾക്കും മേൽ പതിക്കാതിരിക്കാനാകാം.
                                                                                                                     msshaiju@yahoo.co.in



3 comments:

  1. check my blog "kannoram.blogspot.com "and " cheathas4you-safalyam.blogspot.com "

    ReplyDelete
  2. ചിന്തനീയ മായ നിരീക്ഷണം
    ഇന്നത്തെ ചന്ദ്രികയില്‍ കണ്ടത്തില്‍ അതിയായ സന്തോഷം
    അഭിനന്ദനങ്ങള്‍

    ReplyDelete
  3. ഡിഫൻസ് ബജറ്റ് അതുപോലുള്ളവയിൽ രാജ്യ സുരക്ഷ പറഞ്ഞു എന്ത് നെറികേടും ചെയ്യാമെന്ന് ഭരണകൂടം എന്നോ മനസ്സിലാക്കിയ കാര്യമാണ്. നല്ല ലേഖനം

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....