Nov 22, 2012

മിസ്റ്റർ പരേതൻ, ഒരു മെംബർഷിപ്‌ എടുക്കാമോ?



സൗഹ്യദങ്ങൾക്കും അയൽപ്പക്ക ബന്ധങ്ങൾക്കുമിടയിൽപ്പോലും ജാതി ബോധത്തിന്റേയും പാർട്ടി ചിന്തയുടേയുമൊക്കെ വകഞ്ഞു മാറ്റലുകളും, വേർതിരിച്ചെടുക്കലുകളുമൊക്കെ നടക്കുന്ന ഇക്കാലത്ത്‌ ഒരു വേറിട്ട്‌ കാഴ്ചയുടെ സരസവും ഒതുക്കവുമുള്ള ചിത്രമാണ്‌ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട കാഴ്ചകളിൽ വ്യത്യസ്തമായതും അൽപം കൗതുകകരവുമായി തോന്നിയത്‌. തികച്ചും സാധാരണക്കാരനായ ഒരാളിന്റെ പെട്ടെന്നുള്ള മരണവാർത്തയറിഞ്ഞ്‌ ഒന്ന് കാണാനായി അവിടം വരെ പോയതായിരുന്നു ഞാൻ. അന്നാട്ടിലെ തികച്ചും സാധാരണക്കാരനാണ്‌ മരിച്ചിരിക്കുന്നത്‌. എടുത്തു പറയത്തക്ക സാമൂഹ്യ ബന്ധങ്ങളോ, ഓർത്തിരിക്കേണ്ട വിധമുള്ള പൊതു സേവയോ, പ്രത്യേകം പരാമർശിക്കേണ്ട വൈശിഷ്ട്യങ്ങൾക്കുടമയോ ഒന്നുമല്ല. ആ ചെറിയ അങ്ങാടിയിലെ ഒരു ചെറിയ സാദാ വ്യാപാരി. വലിയ ബന്ധങ്ങളൊന്നുമില്ലാത്ത, വിവാഹിതരായ രണ്ട്‌ പെണ്മക്കൾ മാത്രമുള്ള ഒരു പിതാവ്‌ അത്രമാത്രം.
റോഡിന്റെ സാമാന്യം വീതിയുള്ള ഓരത്ത്‌ കാർ പാർക്ക്‌ ചെയ്ത്‌ ഞാൻ പുറത്തിറങ്ങുമ്പോൾ പെട്ടെന്ന് ദ്യഷ്ടി പതിഞ്ഞത്‌ ഒരു പോസ്റ്ററിന്മേലാണ്‌. പരേതന്റെ സചിത്ര പോസ്റ്റർ. ഒരു വലിയ 'ആദരാഞ്ജലികളും'. ആരാണ്‌ പ്രസാധകർ എന്ന് രണ്ടാമതൊന്ന് നോക്കേണ്ടതില്ലാത്ത വിധം താഴെ സാമാന്യം മുഴുപ്പുള്ള വെണ്ടക്ക അക്ഷരത്തിൽ ഒരു വിപ്ലവ പാർട്ടിയുടെ പേരും അച്ചടിച്ചിട്ടുണ്ട്‌. സത്യം പറഞ്ഞാൽ ആദ്യമൊന്ന് അദ്ഭുതപ്പെട്ടു. അദ്ദേഹം ആ പാർട്ടിയുടെ പ്രവർത്തകനായിരുന്നോ? അതോ അനുഭാവിയോ? അറിവിന്റേയും ഓർമയുടേയും പഴയ താളുകളൊക്കെ ഒന്നു ക്ടഞ്ഞ്‌ നോക്കി. ങ്‌ഹൂം.. താളുകളിലെവിടെയും അങ്ങനെ കോറിയിട്ടിട്ടില്ല. പണ്ട്‌ കാളവണ്ടി ചിഹ്നത്തിൽ മത്സരിച്ച ഒരു സ്ഥാനാർത്ഥിയുടെ കഥ കേട്ടിട്ടുണ്ട്‌. കാളവണ്ടിയിൽ യാത്ര ചെയ്തിരുന്ന് ആൾക്കാരെയൊക്കെ കക്ഷി തന്റെ പാർട്ടിയിൽ പെടുത്തിക്കളഞ്ഞു. ഇനി ആകണ്ടെത്തൽ പോലെങ്കിലും എന്തെങ്കിലും ബന്ധം പാർട്ടിയോട്‌? ശ്ശെ! അങ്ങനെയൊന്ന് ബന്ധിപ്പിക്കാൻ പോലും ഇല്ല. ചില പാർട്ടികൾ ഈയ്യിടെയായി മറ്റൊരു ഏർപ്പാട്‌ തുടങ്ങിയിട്ടുണ്ട്‌. തങ്ങ്നഗ്ലൂടെ സാന്നിധ്യം വെളിപ്പെടുത്താനും ആരോഗ്യ സ്ഥിതിയ്ക്ക്‌ മറ്റ്‌ തകരാറൊന്നും പറ്റിയിട്ടില്ല എന്നൊക്കെ ആളുകളെ ബോധ്യപ്പെടുത്താനുമായി ചില പൊടിക്കൈകളായി ഇടയ്ക്കിടെ ചില പോസ്റ്ററുകൾ പതിയ്ക്കാറുണ്ട്‌. ഇനി അങ്ങനെയങ്ങാനും പതിച്ചതാകുമോ? (പാർട്ടി അണികളുടെ ഉറക്കച്ചടവ്‌  മാറ്റാനുള്ള സൂത്രപ്പണികളാണ്‌ ഇങ്ങനെ നിശ്ചിത ഇടവേളകളിൽ പശ പതിപ്പിയ്ക്കാനായി അച്ചടിക്കപ്പെടുന്ന പോസ്റ്ററുകൾക്ക്‌ പിന്നിലുള്ളത്‌ എന്നത്‌ വിവരമില്ലാത്ത്‌ അരാഷ്ട്രീയ വാദികൾ പറയുന്നതാകാനേ തരമുള്ളൂ. നമുക്കറിയുന്നതല്ലേ ഇവരെ. പാവങ്ങൾ, രാഷ്ട്ര പുനർ നിർമ്മാണത്തിൽ കയ്‌ മെയ്‌ മറന്ന് അധ്വാനിക്കുന്നവർ)
അല്ലെങ്കിലും നിരുപദ്രവകാരിയായ ഒരാൾക്ക്‌ മരണ ശേഷമെങ്കിലും മെംബർഷിപ്‌ കൊടുത്തുവേന്നതിൽ പ്രത്യേകിച്ച്‌ നഷ്ടമൊന്നുമില്ലല്ലോ? ഞാൻ ചുവടുകൾ മെല്ലെ മുന്നോട്ട്‌ വെച്ചു. തൊട്ടടുത്ത കടയുടെ തടി നിരവുകളിൽ മുഴുവൻ അതാ മറ്റൊരു പോസ്റ്റർ! സംഗതി അതും ആദരാഞ്ജലികൾ തന്നെ. പക്ഷേ ആലുവയും മത്തിക്കറിയുമെന്നതു പോലെ ഒരു കോമ്പിനേഷൻ കുറവ്‌. ഇതിലുമുള്ള ചിത്രം നേരത്തേ കണ്ട അതേ ആളുടേത്‌ തന്നെ. രണ്ട്‌ വ്യത്യാസങ്ങൾ മാത്രം. ഒന്ന്. അത്‌ ഒരു ബഹു വർണ്ണ പോസ്റ്ററാണ്‌. രണ്ട്‌, ഇതിന്റെ പ്രസാധകർ മറ്റൊരു പാർട്ടിയാണ്‌.പ്രദേശത്ത്‌ തമ്മിൽ തല്ലും അടികലശലുകളും പതിവായി നടത്തുന്ന ഈ രണ്ട്‌ പാർട്ടിക്കാർക്കും യോജിക്കാൻ പറ്റിയ മേഖല ഒരു മരണാ വാർത്തയാണ്‌ എന്നതിനേക്കാൾ പരാമർശിക്കേണ്ടത്‌, നല്ലവരായ പരേതർക്ക്‌ മെംബർഷിപ്‌ ഉത്സാഹത്തോടെ കൊടുക്കുന്ന ഏർപ്പാട്‌ നാട്ടുമ്പ്രദേശങ്ങളിലെങ്കിലും വ്യാപകമായി ആരംഭിച്ചിരിക്കുന്നു എന്നതാണ്‌.
അച്ചടി വിദ്യയുടെ ആവിർഭാവം മനുഷ്യകുലത്തിന്‌ ഒരു കുതിച്ച്‌ ചാട്ടം തന്നെയായിരുന്നു. അക്ഷരങ്ങളുടേയും അറിവിന്റേയും ലോകത്ത്‌ വലിയ ബഹിർസ്ഫുരണങ്ങളാണ്‌ അത്‌ ഉയർത്തി വിട്ടത്‌. ഇന്ന് അച്ചടി വിരൽത്തുമ്പിലാണ്‌. ആശയങ്ങൾ നൊടിയിട കൊണ്ട്‌ മഷി പുരണ്ട്‌ മുമ്പിൽ തയാർ. ശരിക്കു പറഞ്ഞാൽ കുതിച്ചു ചാട്ടമെന്നൊക്കെ പറയുന്നതിന്റെ ആശയ പ്രതലത്തിന്റെ നാനാർത്ഥങ്ങൾ ഇപ്പോഴാണ്‌ ആളുകൾ ശരിയാം വണ്ണം മനസ്സിലാക്കിത്തുടങ്ങുന്നത്‌. നാടോട്‌ നാടു മുഴുവൻ ഇന്ന് പോസ്റ്റർ പ്രളയത്തിലാണ്‌. അങ്ങാടികളായ അങ്ങാടികൾ മുഴുവൻ നിരന്ന് പതിയുന്ന പോസ്റ്ററുകളും അത്‌ പതിക്കുന്നവരുടെ പേരുകളും വായിച്ച്‌ ആളുകൾ അന്തം വിടുകയാണ്‌. ഇന്നത്തെ കാലത്ത്‌ പേപ്പർ സംഘടനയെന്നത്‌ ഒരു മാതിരി മാനമുള്ള ഒരു മിനിമം സംഗതിയാണ്‌. ഒരു കഷണാം പേപ്പറിലെങ്കിലും ഔദ്യോഗികമായി അവരുടെ പേരുണ്ടല്ലോ? പേപ്പറിൽ പോലും ഇല്ലാത്ത സംഘടനകളാണ്‌ ഈ പ്രാദേശിക പോസ്റ്റർ വിപ്ലവത്തിന്റെ മുഖ്യ പ്രായോജകർ. ആരൊടെങ്കിലും എന്തെങ്കിലും വിരോധമോ അമർഷമോ തോന്നിയാൽ മതി അന്നു രാത്രി തന്നെ ഒരു സംഘടന പിറക്കുകയായി. രാത്രിയ്ക്ക്‌ രാത്രി ആയിരക്കണക്കിന്‌ പോസ്റ്ററുകൾ. പിറ്റേന്നോടെ സംഘടന ചരമം പ്രാപിച്ചു. ഏതാണ്ട്‌ ഈ കോലത്തിലാണ്‌ ഇന്നത്തെ പോസ്റ്റർ വിപ്ലവം. ഏത്‌ അണ്ടനും അടകോടനും എന്തും അച്ചടിപ്പിക്കാം എവിടെയും പതിപ്പിക്കാം! ജനാധിപത്യത്തിലെ പ്രധിഷേധാവകാശങ്ങളെക്കുറിച്ച്‌ ഒരു ചുക്കും അറിയാത്തവനാണോ ഇവൻ എന്ന് ദയവായി വിചാരിക്കരുത്‌. മാന്യമായി പെയിന്റടിച്ച്‌ വ്യത്തിയാക്കി "ഇവിടെ പരസ്യം പതിയ്ക്കരുത്‌" എന്ന് വിനയത്തോടെ എഴുതി വെച്ചിരിക്കുന്നവന്റെ ഒത്ത നെഞ്ചത്ത്‌ തന്നെ പശ പതിപ്പിക്കുന്നതിനെക്കുറിച്ച്‌, അറിയാതെ പറഞ്ഞ്‌ പോയതാണ്‌.

ഒരു കാര്യം കൂടി പറയാതെ വയ്യ. തോന്നുന്നവന്‌ തോന്നുന്നത്‌ പോലെ തോന്നുന്നതിന്റെ മുകളിൽ പശതേയ്ക്കാവുന്ന ഈ പോസ്റ്റർ "കുതിച്ചു ചാട്ടത്തിന്‌" ഒരു നിയന്ത്രണം വേണ്ടതില്ലേ? പഞ്ചായത്ത്‌ ആഫീസിന്റെ മതിലിൽ തുടങ്ങി, പത്ത്‌ മിനുട്ട്‌ അനങ്ങാതെ നിൽക്കുന്നവന്റെ പിന്നാം പുറം വരെ പശതേയ്ക്കാനുള്ള വേദിയാക്കിമാറ്റുന്ന ഈ ഏർപ്പാടിന്‌ ഒരു നിയന്ത്രണം ഉണ്ടായേപറ്റൂ. ശബ്ദ മലിനീകരണത്തിന്‌ ഏർപ്പെടുത്തുയതു പോലെയെങ്കിലും ഒരു നിയന്ത്രണം ഈ വിഷയത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. പോസ്റ്റർ പതിക്കുന്നവരോ അതിന്റെ പ്രസാധകരോ എന്തു പോസ്റ്റർ, എവിടെയൊക്കെ എത്ര പതിക്കുന്നു എന്ന വിവരണത്തോടൊപ്പം അതിനുള്ള അനുവാദം കൂടി ബന്ധപ്പെട്ടവരിൽ നിന്നും വാങ്ങുന്ന ഒരു നിയന്ത്രണം അനിവാര്യമായും ഉണ്ടാകേണ്ടതുണ്ട്‌.അല്ലെങ്കിൽ നമ്മുടെ വരും തലമുറ ഈ പോസ്റ്റർ നോട്ടീസ്‌ വിപ്ലവത്തിൽ ശരിക്കും 'കുതിച്ചു ചാടേണ്ടി' വരും.( ഹെർമൻ ഗുണ്ടർട്ട്‌ സാറേ മാപ്പ്‌ ...... വിനാശ കാലേ വിപരീത ബുദ്ധി)

1 comment:

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....