Jan 25, 2013

രാഷ്ട്ര സുരക്ഷയ്ക്ക്‌ ഭീഷണിയാകുന്ന സംഘ പരിവാരങ്ങൾ


ഇന്നത്തെ വര്‍ത്തമാനത്തില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം

വിരുദ്ധനയ സിദ്ധാന്തം എന്നൊരു തത്വം ലോകത്തുണ്ട്‌.ഏതു നയവും ലക്ഷ്യവുമാണോ ഒരു വ്യക്തിയോ പ്രസ്ഥാനമോ ഒരു സമൂഹത്തിൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നത്‌, അതിന്റെ നേർ വിരുദ്ധമായ ശൈലിയും നിലപാടും സ്വീകരിക്കുന്നവരായി അറിയപ്പെടുക. അത്തരം നിലപാടുകളെ ഒരു സുരക്ഷിത കവചമായി സ്വീകരിച്ചുകൊണ്ട്‌ ദീർഘമായ ഒരു കാലയളവ്‌ കൊണ്ട്‌ തങ്ങളുടെ ലക്ഷ്യ പൂരണത്തിന്റെ വൈതരണികളോരോന്നായി തന്ത്രപരമായി നേരിട്ട്‌ വിജയം കാണുക.! ഇത്തരത്തിലൊരു നയം സ്വീകരിച്ച്‌ ബുദ്ധിയും തന്ത്രവും ചേർത്ത്‌ പ്രവർത്തിക്കുന്നവരാണ്‌ ഇന്ത്യയിലെ സംഘപരിവാര പ്രസ്ഥാനം. വിപുലമായ ബാഹ്യ ഘടകങ്ങളോടെയുള്ളാ ഒറ്റ പ്രസ്ഥാനമെന്നതല്ല അവരുടെ ലക്ഷ്യം. ഛിന്നങ്ങളായ വിവിധ പ്രസ്ഥാനങ്ങളെ ഒരേധാരയിലും നിലപാടിലും നിലനിർത്തുകയെന്നതാണ്‌ അവരുടെ സംഘാടനത്റ്റ്നിന്റെ സാമൂഹ്യശാസ്ത്ര നിലപാട്‌. വിശാല ഹിന്ദുത്വമെന്ന വൈകാരികതയിൽ സമംചേർന്ന് നിൽക്കുന്ന പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നത്‌ സംഘപരിവാരമാണ്‌. ഇത്തരം ചെറു സംഘങ്ങളുൾപ്പടെയുള്ള രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ നയനിലപാടുകളും കർമ്മ പദ്ധതികളും ആവിഷ്കരിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നത്‌ സംഘിന്റെ ബൗദ്ധിക കേന്ദ്രങ്ങളാണ്‌. സംഘപരിവാറിന്റെ വിവിധ വിഭാഗങ്ങളിൽ കുഞ്ചിക സ്ഥനങ്ങൾ വഹിച്ച്‌ അവയ്ക്ക്‌  നേത്യത്വം നൽകുന്നതും ഇവർ തന്നെയാണ്‌.
സംഘ്‌ പരിവാറിന്റെ ചരിത്രം.
തീവ്ര സ്വാഭാവത്തിൽ പ്രവർത്തിക്കുന്നതും നേർക്കുനേർ വർഗ്ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുനതുമായ ആർ എസ്‌ എസ്‌ എന്ന തീവ്ര ഹൈന്ദവ സംഘടനയുടെ പ്രവർത്തകർ ചേർന്ന് 1960കളുടെ തുടക്കത്തിലാണ്‌ സംഘ്പരിവാർ എന്ന പ്രസ്ഥനത്തിന്‌ ജന്മം നൽകുന്നത്‌. അതിന്റെ തന്നെ ഉപഘടകമായി ആർ എസ്‌ എസിനെ നിലനിർത്തുകയും ചെയ്തു. ആർ എസ്സ്‌ എസ്സ്‌ മുന്നോട്ട്‌ വെയ്ക്കുന്ന നയ ലക്ഷ്യങ്ങൾ കൂടുതൽ വിശാലമായ ഒരു പശ്ചാത്തലത്തിൽ നിന്നും സാധ്യമാക്കുകയെന്നതായിരുന്നു സംഘ്‌ പരിവാറിന്റെ രൂപീക്യത്യലക്ഷ്യം. വ്യത്യസ്തങ്ങളായ സാമൂഹിക, സാംസ്കാരിക, വിദ്യഭ്യാസ സംഘടനകളടക്കം നാൽപതോളം സംഘടനകളുടെ ശ്രേണിയെയാണ്‌ ഇന്ന് സംഘ്‌ പരിവാർ എന്ന് അറിയപ്പെടുന്നത്‌. അതിലെ ഒരംഗമാണ്‌ മുസ്‌ലിം രാഷ്ട്രീയ മഞ്ച്‌. ഇന്ത്യയിലെ മുസ്‌ലിംകളാണ്‌ സംഘ്പരിവാറിന്റെ ഒന്നമത്തേയും എക്കാലത്തേയും ശത്രു.ആ ശതുക്കൾക്കിടയിൽ അവർക്കായി ഒരു സംഘടന രൂപീകരിക്കുകയെന്ന വിപ്ലവാത്മകമായ ഉദ്യമത്തിന്‌ ധൈര്യം പ്രകടിപ്പിച്ചവർ കൂടിയാണ്‌ സംഘ്‌ പരിവാർ
ശരിക്കു പറഞ്ഞാൽ ഇവർ ഹൈന്ദവ ധർമ്മത്തോട്‌ ചെയ്യുന്നത്‌ തികഞ്ഞ അധർമ്മമാണ്‌. വിശുദ്ധമായ ഹിന്ദു സംസ്കാരത്തിന്റെ മൂല്യങ്ങളുടേയും പാവനമായ വേദ സംസ്ക്യതിയുടേയും നിർമ്മലമായ അടയാളങ്ങളിലൊന്നായ കാഷായ വേഷത്തെ വിഷലിപ്തമാക്കിയതാണ്‌ ഇവർ ഹൈന്ദവതയോട്‌ ചെയ്യുന്ന ഒന്നമത്തെ ക്രൂരത. സംഘ്‌ പരിവാർ എന്ത്‌ കൊണ്ട്‌ ഇന്ത്യക്ക്‌ അപ്കടകാരിയാണ്‌ എന്നതിന്റെ നിരവധി കാരണങ്ങൾ തെളിവുകൾ സഹിതം സമർത്ഥിച്ച്കൊണ്ട്‌ സ്വതന്ത്ര പത്രപ്രവർത്തകനും എഞ്ഞിനീയറുമായ സുഭാഷ്‌ ഗതാഡെ രചിച്ച പുസ്തകാണ്‌ ' ഗോദ്സേസ്‌ ചിൽഡ്രൻ: ഹിന്ദുത്വ ടെറർ ഇൻ ഇന്ത്യ' ( ഗോദ്സെയുടെ സന്തതികൾ: ഇന്തയിലെ ഹിന്ദുത്വ ഭീകരവാദം). ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക വിരുദ്ധരും ആഗോള ഗൂഡ ശക്തിയുമായ മൊസാദ്‌ എന്ന ഇസ്രായേലി ചാര സംഘടനയുമായി ശക്തമായ ബന്ധം പങ്ക്‌ വെയ്ക്കുന്നവരാണ്‌ സംഘ്‌ പരിവാർ എന്നാണ്‌ സുഭാഷ്‌ ഗതാഡെ

വെളിപ്പെടുത്തുന്നത്‌.മൊസാദിന്റെ ഇന്ത്യൻ ഛായയാണത്രേ സംഘ്‌ പരിവാർ! ഇന്തയിലെ ആത്മീയ ഗുരുക്കന്മാരായും ആൾദൈവങ്ങളുമായൊക്കെ അറിയപ്പെടുന്ന പലർക്കും ശക്തമായ മൊസാദ്‌ ബന്ധങ്ങളുണ്ടെന്നും ആ ബന്ധം പരിപോഷിപ്പിക്കുകയും പരിലാളിക്കുകയും ചെയ്യുകയെന്നദൗത്യം കൂടി സംഘ്‌ പരിവാർ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്‌. എന്തായാലും സംഘപരിവാർ സംരക്ഷിക്കുന്ന ആത്മീയ ഗുരുക്കന്മാരും ആൾദൈവങ്ങളും നിഗൂഡവും അജ്ഞാതവുമായ വഴികളിലൂടെയാണ്‌ പേരും പെരുമയും നേടുന്നതും, ഒരു സർക്കാറിനെപ്പോലും വിലയ്ക്കുവാങ്ങാൻ പാകത്തിന്‌ ധനാധിപന്മാരാകുന്നതും. ഇതെല്ലാം ചേർത്തു വെച്ച്‌ നോക്കുമ്പോൾ സുഭാഷ്‌ ഗതാഡെയുടെ നിരീക്ഷണങ്ങളിൽ സംഘ്പരിവാർ അസ്വസ്ഥരാകുന്നതിന്റെ കാരണങ്ങൾ തിരിച്ചറിയാൻ ഏറെ ആയാസപ്പെടേണ്ടതില്ല.
പരിവാരവും രാഷ്ടീയ സ്വാധീനവും
ഇന്ത്യയുടെ അധികാര കേന്ദ്രങ്ങളിൽ സംഘപരിവാരം ചെലുത്തിയിരുന്ന രാഷ്ടീയ സമ്മർദ്ദം വളരെ വലുതായിരുന്നു. ഭരണകൂടങ്ങളേതായിരുന്നാലും തങ്ങളുടെ താൽപര്യങ്ങൾക്ക്‌ വഴങ്ങാത്തവരെ നിലയ്ക്ക്‌ നിർത്താനുള്ള പ്രഹര ശേഷി സംഘ്‌ ശക്തികൾ എക്കാലത്തും പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ പല രാഷ്ട്രീയ പാർട്ടികളിലും സംഘ്പരിവാറിന്റെ പരിവർത്തന സിദ്ധാന്തം സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഘ്‌ പരിവാറിന്റെ സ്വാധീന ശക്തിയുടെ മനോബലവും തപോബലവും ക്ഷയിച്ച്‌ വരികയാണ്‌. രാഷ്ട്രീയത്തിൽ അവർ പുലർത്തിയിരുന്ന ആധിപത്യത്തിന്റെ ദു:സ്വാധീനം ഊർന്നിറങ്ങിക്കൊണ്ടിരിക്കുന്നു. സംഘപരിവാരത്തിന്റെ എതിർ ചേരിയിൽ ശക്തമായി നിലയുറപ്പിക്കലാണ്‌ രാഷ്ട്രീയ സാധ്യതയുടെ പാകപ്പെടലുകൾക്ക്‌ കൂടുതൽ നല്ലതെന്ന് അവരുടെ രാഷ്ട്രീയ വിഭാഗമായ ബി ജെ പിയുടെ മുഖ്യ എതിരാളികളായ കോൺഗ്രസ്സ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കോൺഗസ്സ്‌ പുലർത്തുന്ന നവ നയങ്ങളിലും നിലപാടുകളിലും ഈയൊരു ചുവട്മാറ്റം വായിച്ചെടുക്കാൻ കഴിയും. മ്യദു ഹിന്ദുത്വത്തെ രഹസ്യമായി പിതുണക്കുന്നവർ കോൺഗ്രസ്സിൽ നിന്നും സമ്പൂർണ്ണമായി ഇല്ലാതായിരിക്കുന്നെവേന്നല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്‌. മ്യദു ഹിന്ദുത്വമെന്ന 'വെളിപ്പെടുത്താത്ത അജണ്ട' യിൽ നിന്ന് ദൂരം പാലിക്കാൻ കോൺഗ്രസ്സിന്‌ സാധിക്കുന്നുണ്ടെന്ന് തന്നെയാണ്‌ പുതിയാ സംഭവവികാസങ്ങളും അവർ കൈക്കൊള്ളുന്ന നിലപാടുകളും വ്യക്തമാക്കുന്നത്‌.
ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്നും അതിനെ ഹൈന്ദവതയുമായി കൂട്ടിക്കലർത്തി ബോധപൂർവ്വ്വം വളർത്തുന്നതും പ്രചരിപ്പിക്കുന്നതും സംഘപരിവാരവും ആർ എസ്സ്‌ എസ്സുമാണെന്ന് മറയില്ലാതെ പ്രഖ്യാപിക്കാൻ കോൺഗ്രസ്സിന്‌ സാധിച്ചുവെന്നത്‌ മതേതരത്വത്തിന്റെബ്‌ പക്ഷത്ത്‌ നിന്നുള്ള നിരീക്ഷണങ്ങളിൽ ഏറ്റവും സുപ്രധാനമായതാണ്‌. ആർ എസ്സ്‌ എസ്സും ബി ജെ പിയും അവരുടെ പരിശീലന കേന്ദ്രങ്ങൾ ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രങ്ങളാക്കുകയാണെന്നും ഇവിടങ്ങളിൽ നിന്ന് പുറത്ത്‌ വരുന്ന ഭീകരവാദികളാണ്‌ ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്ദര മന്ത്രിയുമായ സുശീൽ കുമാർ ഷിൻഡെ മറയില്ലാതെ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഫോടനങ്ങൾ നടത്തുകയും അത്‌ ഇന്ത്യയിലെ ന്യൂനപക്ഷങ്ങലുടെ മേൽ ആസൂത്രിതമായി കെട്ടി വെയ്ക്കുകയുമാണ്‌ ബി ജെ പിയും ആർ എസ്സ്‌ എസ്സും ചെയ്തു കൊണ്ടിരിക്കുന്നത്‌ എന്നും ഷിൻഡെ അമർഷത്തോടെ പറഞ്ഞു. ഇതെന്തായാലും ഒരു രാഷ്ട്രീയ ഗിമ്മിക്കാകാൻ തരമില്ല. ഇത്ര വലുതും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുമായ ഗുരുതരമായ ഈയൊരു വിഷയം ഒരു രാഷ്ട്രീയ പകിട കളിയുടെ ഭാഗമല്ല എന്നു തന്നെ വിശ്വസിക്കാനാണ്‌ ഇന്നത്തെ സാഹചര്യം നമ്മെ ആവശ്യപ്പെടുത്തുന്നത്‌.

എവിടെയെങ്കിലും ഒരു പൊട്ടാസ്‌ പൊട്ടിയാൽ പോലും നൊടിയിടയിൽ, ജീവിച്ചിരിക്കുന്നതോ മരിച്ചതോ ഇനിയും ജനിച്ചിട്ട്‌ പോലുമില്ലാത്തതോ ആയ, അറബി നാമങ്ങൾ ഉള്ള സംഘടനകൾക്ക്‌ മുകളിലേയ്ക്ക്‌ അതിന്റെ ഉത്തരവാദിത്വം ചാർത്തി  നൽകുന്ന പഴയ പതിവുകളിൽ നിന്ന് വസ്തുതകളും യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളുന്ന ഒരു ബോധതലത്തിലേയ്ക്ക്‌ ഇന്ത്യയുടെ ഭരണവർഗ്ഗവും ഏറ്റവും പ്രമുഖമായ ഒരു രാഷ്ട്രീയപ്പാർട്ടിയും മാറുന്നുവെന്നത്‌ ഒട്ടും ചെറുതല്ലാത്ത ഒരു സംഗതിയാണ്‌. മുമ്പ്‌ നടന്ന ഓരോ സ്ഫോടനങ്ങളുടേയും പങ്ക്‌ ഒരോ ഇസ്‌ലാമിക ഗ്രൂപ്പുകൾക്കായി കന്നും പൂട്ടി ചാർത്തി നൽകുകയായിരുന്നു പതിവ്‌. സർക്കാരും പോലീസും പ്രഖ്യാപിക്കുന്ന പേരുകളുടെ മാർക്കറ്റിംഗ്‌ സാധ്യതകൾ കണ്ട്‌ പിന്നീട്‌ ആപേരുകളിൽ സംഘടനകൾ രൂപം കൊള്ളുകയായിരുന്നു എന്ന വാർത്തകളും അക്കാലത്ത്‌ സജീവമായിരുന്നു. എന്തായാലും അധികാരം കൈയ്യാളുന്നവർക്ക്‌ ഇത്തരമൊരു തിരിച്ചറിവ്‌ നൽകുന്നതിലും ഈയ്യൊരു നിലപാടിലേയ്ക്ക്‌ എത്തിക്കുന്നതിലും ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾക്കും മുസ്‌ലിം നേത്യത്വത്തിനും സാധിച്ചിരിക്കുന്നുവേന്നത്‌ അംഗീകരിക്കേണ്ടതും പ്രശംസിക്കേണ്ടതും തന്നെയാണ്‌. സംഝോതാ സ്ഫോടനവും മക്കാ മസ്ജിദ്‌ സ്ഫോടനവും മലേഗാവ്‌ സ്ഫോടനവുമടക്കം രാജ്യത്തെ നടുക്കിയ മുഴുവൻ സ്ഫോടനങ്ങളും സ്പോൺസർ ചെയ്തിരുന്നത്‌ സംഘപരിവാറിന്റെ സംഘടനകളായിരുന്നുവെന്നത്‌ പകൽ വെളിച്ചം പോലെ തെളിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ സവിശേഷവും വ്യതിരിക്തവുമായ മതസൗഹാർദ്ദവും പാർസ്പര്യവും ബോധപൂർവ്വ്വം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയായിരുന്നു സംഘ്പരിവാർ എന്നാണു തെളിയുന്നത്‌. എന്തായാലും ഷിൻഡെയുടെ തുറന്നടിച്ചുള്ള പ്രഖ്യാപനം പരിവാര ശക്തിയുടെ തലക്കേറ്റ ഉഗ്ര പ്രഹരവും കാപട്യത്തിന്റെ മുഖം മൂടിയിൽ വീണ വലിയൊരു ദ്വാരവുമാണ്‌.
കപടമായ ആദർശം
ഒരു ആപിൻബലം തങ്ങളുടെ പ്രവർത്തനങ്ങൾക്ക്‌ നൽകാൻ സംഘ്പരിവാർ എക്കാലത്തും ശ്രമിച്ച്‌ പോന്നിട്ടുണ്ട്‌. വിശാല ഹിന്ദുത്വമെന്നതും ഹൈന്ദവതയുടെ പുന:പ്രസാധനമെന്നതുമാണ്‌ അവർ മുന്നോട്ട്‌ വെയ്ക്കുന്ന ആദർശ ലക്ഷ്യങ്ങൾ. എന്നാൽ ആർ എസ്സ്‌ എസ്സിന്റേയും ഇതര സംഘ്‌ ഘടകങ്ങളുടേയും പ്രവർത്തങ്ങളുടെ മറയഴിയുമ്പോൾ ആദർശവാദമെന്നത്‌ കപടമാണെന്ന് സുതരാം ബോധ്യമാകും.ഭാരതാംബയുടെ യശ്ശസുയർത്തലാണ്‌ തങ്ങളുടെ ലക്ഷ്യമെന്നാണ്‌ ഇവർ തന്നെ പ്രഖ്യാപിക്കുന്നത്‌. ഭാരതമെന്ന പ്രതീകത്തെ സ്വർഗ്ഗത്തേക്കാൾ മഹത്തരമെന്ന് ഉദ്ഘോഷിക്കുന്നവർ എന്താണ്‌ ഭാരതമെന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. വേദ സംസ്ക്യതി‍ൂകളുടെ കാലത്ത്‌ നിലവിലുണ്ടായിരുന്ന ഭാരതീയ സംസ്കാരത്തിന്റെ ഭൗമശാസ്ത്ര അതിർവ്വരമ്പുകളൊക്കെ ഭാരതത്തിൽ ഉൾപ്പെടുമെങ്കിൽ ഇന്നത്തെ പാകിസ്താനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമൊക്കെ ഇതേ ഭാരതാംബയുടെ കണ്ണികളാണേന്ന് കണക്കാക്കേണ്ടി വരും. അതല്ല വേദാഹ്വാനങ്ങളും ഹൈന്ദവ ധർമ്മവുമാണ്‌ ആദർശമെങ്കിൽ ഇവർക്ക്‌ ഒന്നാമതായി അതേ ആദർശത്തിൽ നിന്ന് പുറത്ത്‌ പോകേണ്ടിവരും. അത്ര മാത്രം അജഗജാന്തരമാണ്‌ ഹിന്ദു സംസ്കാരവും അർ എസ്സ്‌ എസ്സും തമ്മിൽ. ഒരു തരം ഇരട്ടത്താപ്പായിരുന്നു സംഘ്പരിവാർ ഇതുവരെ പയറ്റിയിരുന്ന ആദർശമെന്നത്‌ ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്‌. അത്‌ കൊണ്ട്‌ തന്നെയാണ്‌ യഥാർത്ഥമായ ഹൈന്ദവ സംസ്ക്യതിയെ സ്നേഹിക്കുന്നവർ സംഘപരിവാറിനെ എതിർപക്ഷത്ത്‌  കാണുന്നത്‌.
തങ്ങളുടെ ഇംഗ്‌ വഴങ്ങാത്തവർ ആരായിരുന്നാലും അവരെ ഇല്ലായ്മ ചെയ്യുകയെന്നതാണ്‌ ഇവരുടെ ശരിയായ ആദർശബാലപാഠം. ഗാന്ധിജി മുതൽ ഹേമന്ദ്‌ കർക്കരെ വരെ നീളുന്ന ശ്രേണിയിൽ നിന്ന് ബോധ്യമാകുന്നത്‌ ഇതാണ്‌.

രജീന്ദർ സച്ചാർ: രക്ഷപ്പെട്ട ഇര
ജസ്റ്റിസ്‌ രജീന്ദർ സച്ചാറിനെ വധിക്കാനായി ആർ എസ്സ്‌ എസ്സ്‌ പദ്ധതിയിട്ടിരുന്നുവേന്നും തലനാരിഴ വ്യത്യാസത്തിലാണ്‌ പദ്ധതി പാളിപ്പോയതെന്നുമുള്ള വെളിപ്പെടുത്തലുകൾ രാജ്യത്തെയൊന്നാകെ സംഭ്രമിപ്പിച്ചിരിക്കുകയാണ്‌.ഡൽഹി ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന രജീന്ദർ സച്ചറിനെ 2005ലാണ്‌ ഒരു പഠന സമിതിയുടെ അധ്യക്ഷനാക്കി സർക്കാർ നിശ്ചയിച്ചത്‌.രാജ്യത്തെ മുസ്‌ലിംകളുൾപ്പടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക്‌ ജനാധിപത്യപരവും പൗരാവകാശപവവുമായ അവകാശങ്ങളും അവസരങ്ങളും എത്രത്തോളം ലഭിക്കുന്നുണ്ടെന്നത്‌ പരിശോധിക്കാനാണ്‌ ജ: സച്ചാർ ചുമതലപ്പെടുത്തപ്പെട്ടിരുന്നത്‌. എന്നാൽ ഇവർക്ക്‌ സർക്കാർ തലങ്ങളിലും മട്ടും അർഹമായ ആനുപാതിക പ്രാതിനിത്യവും അവസരങ്ങളും ലഭിക്കുന്നില്ലയെന്നും ഇവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥകൾ പരമ ദയനീയമാണെന്നും ഇവരെ ഉയർത്തിയെടുക്കുന്നതിനാവശ്യമായ പദ്ധതികൾ സർക്കാർ അടിയന്തരമായി നടപ്പിലാക്കണമെന്നുമാണ്‌ ജ. സച്ചാർ റിപ്പോർട്ട്‌ സമർപ്പിച്ചത്‌. ഇതാണ്‌ ജ. സച്ചാറെ തങ്ങളുടെ ഭീകരവാദത്തിന്റെ അടുത്തയിരയാക്കാൻ പദ്ധതിയൊരുക്കിച്ചതെന്ന് ആർ എസ്സ്‌ എസ്സ്‌ പ്രമുഖനും അന്വേഷണ ഭാഗമായി എൻ ഐ എയ്‌ യൂ കസ്റ്റഡിയിൽ കഴിയുന്നയാളുമായ രാജേന്ദ്ര ചൗധരി നടത്തിയ വെളിപ്പെടുത്തലുകൾ രാജ്യത്തെയൊന്നടങ്കം ഞെട്ടിപ്പിക്കുന്നതാണ്‌. സുനിൽ ജോഷി, രാംജി കൽസാംഗ്‌ര, സന്ദീപ്‌ ഡാൺകെ എന്നീ പ്രവർത്തകരെയായിരുന്നത്രേ മതിയായ പരിശിലീനവും നൽകി സംഘപരിവാർ ഏർപ്പാട്‌ ചെയ്തിരുന്നത്രേ. ജ. സച്ചാർ തന്റെ റിപ്പോർട്ട്‌ സർക്കാറിന്‌ സമർപ്പിക്കുന്നതിനു മുൻപ്‌ ക്യത്യം നടത്താനായിരുന്നത്രേ പ്ലാൻ.പക്ഷേ സർക്കാർ നടപ്പിലാക്കിയ അതീവ സുരക്ഷാ സാഹചര്യങ്ങളാണ്‌ പദ്ധതി പാളിപ്പിച്ചത്‌.ഡൽഹി സർവ്വ്വകലാശാലയിൽർ പ്രോഫസ്സറും ബി ജെപി സർക്കാർ ഭീകരവാദബന്ധമാരോപിച്ച്‌ അന്യായമായി തടലാക്കപ്പെട്ട്‌, കോടതിയുടെ ഇടപെടൽ കൊണ്ട്‌ മോചിതനുമായ പ്രോഫ്‌. ഗീലാനിയെ വധിക്കാൻ ശ്രമിച്ചതും സംഘപരിവാറാണെന്ന് പോലീസിന്‌ തെളിവ്‌ ലഭിച്ചു കഴിഞ്ഞു.ഇന്തയിൽ തീവ്രവാദവും വിധ്വംശക പ്രവർത്തനങ്ങളും നടത്തൽ ലക്ഷ്യമാക്കുന്ന ചില പാക്‌ ഗ്രൂപ്പുകളുമായി സംഘ്പരിവാരത്തിന്‌ ബന്ധമുണ്ടെന്ന ആരോപണങ്ങളും ഈയ്യിടെയായി കേൾക്കുന്നുണ്ട്‌. ഇന്ത്യയിലെ  മൊത്തം വിധ്വംശക പ്രവർത്തനങ്ങളുടെ മുഴുവൻ പ്രഭവ കേന്ദ്രവും സംഘ്പരിവാറാണെന്ന് ഓരോ ദിവസവും കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ആർഷ ഭാരതത്തിന്റെ പ്രൗഢവും പൗരാണികവുമായ വേദങ്ങളുടേയും സംസ്കാരങ്ങക്കുടേയും മറപിടിച്ചും,  ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ധുക്കളുടെ സംരക്ഷകരായും ചമഞ്ഞ്‌ സംഘ്പരിവാർ ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്‌ പത്തര മാറ്റ്‌ ഭീകരവാദം തന്നെയാണ്‌. . തുടർ വാർത്തകളക്കായി കാതോർക്കാം നമുക്ക്‌.
                                                                                                                         msshaiju@yahoo.co.in


4 comments:

  1. നന്നായി പറഞ്ഞു

    ReplyDelete
  2. very good work habeebi

    ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ധുക്കളുടെ സംരക്ഷകരായും ചമഞ്ഞ്‌ സംഘ്പരിവാർ ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്‌ പത്തര മാറ്റ്‌ ഭീകരവാദം തന്നെയാണ്‌.

    ReplyDelete
  3. എല്ലാവര്ക്കും അറിയുന്ന ഈ സത്യം പക്ഷെ എത്ര മാധ്യമങ്ങള്‍ പറയാന്‍ മടിക്കുന്നു എന്നതും കാണാതെ വയ്യ

    ReplyDelete
  4. ജൂത സയണിസ്റ്റുകളോട് വളരെ സാമ്യതയുണ്ട് സംഘപരിവാറിന്. ലേഖനം നന്നായിട്ടുണ്ട്.

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....