Sep 12, 2013

അൻസാർ ഇപ്പോൾ എവിടെയായിരിക്കും?






വൈകുന്നേരം ഓഫീസിൽ ഇരിക്കുമ്പോഴാണ് ആ ഫോൺ കോൾ വരുന്നത്. അങ്ങേത്തലയ്ക്കൽ ഒരു സുഹ്യത്താണ്. ജോലി കഴിഞ്ഞ് അത്യാവശ്യമായി ഒന്ന് കാണണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.വിളിച്ചയാൾ അനാവശ്യമായി ഫോൺ കാളുകൾ ചെയ്യുന്ന ആളല്ലാത്തത് കൊണ്ടും  വിളിക്ക് പിന്നിലെ അത്യാവശ്യം ബോധ്യമായത് കൊണ്ടും ജോലി കഴിഞ്ഞ് നേരേ അദ്ദേഹം പറഞ്ഞിടത്തേയ്ക്ക് ഡ്രൈവ് ചെയ്തു.
അൻപത് ഡിഗ്രിയിൽ തിളയ്ക്കുന്ന അറേബ്യൻ ചൂടിന്റ്റെ തീക്ഷ്ണത വിട്ട് മാറാത്ത സായാഹ്നം. വേവിൽ പിഴിഞ്ഞെടുക്കുന്ന നീരാവി അന്തരീക്ഷത്തിൽ ഒരു നീരാ‍ളിയെപ്പോലെ പടർന്ന് നിൽക്കുന്നു. പുറത്തിറങ്ങുമ്പോൾ തന്നെ അസ്വസ്ഥമാക്കിക്കൊണ്ട് മുഖത്തേയ്ക്ക് അടിച്ചു കയറുന്ന ഹ്യുമിഡിറ്റി. പാർക്ക് ബെഞ്ചിൽ എന്നെയും കാത്ത് അദ്ദേഹമിരിക്കുന്നുണ്ടായിരുന്നു.. “സംഗതി നിസാരമെന്ന് തോന്നുമെങ്കിലും അല്പം ഗൌരവമുള്ളതാണ്“ അദ്ദേഹം പറഞ്ഞ് തുടങ്ങി. അയാളുടെ ഒരു പരിചയക്കാരനെക്കുറിച്ചാണ് സംസാരിക്കുന്നത്.
അൻസാർ. അതാണ് അയാളുടെ പേര്. (സ്വകാര്യതയ്ക്കായി പേര് മാറ്റിയിട്ടുണ്ട്) നേരത്തേയുള്ള ഒരു പരിചയക്കാരനാണ്. അറിയപ്പെടുന്ന ഒരു സ്വകാര്യ കമ്പനിയിൽ സെയിത്സ് എക്സിക്യൂട്ടിവായി ജോലി. വീട് മലപ്പുറം ജില്ലയിൽ. വിദ്യാ സമ്പന്നൻ. മറ്റ് അനാവശ്യങ്ങളിലൊന്നും ഇടപെടാറില്ല. ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തുന്നു; കുളി കഴിഞ്ഞ് നേരെ കിടക്കയിൽ വിശ്രമം. വല്ലപ്പോഴും മാത്രം ഏതെങ്കിലും സുഹ്യത്തുക്കളേ കാണാൻ പുറത്ത് പോകുന്ന പ്രക്യതം. മെസ്സിൽ നിന്നുമുള്ള ഭക്ഷണം. ആർക്കും ശല്യക്കാരനല്ല. മാന്യൻ. ഇദ്ദേഹമാണ് കേന്ദ്ര കഥാപാത്രം. ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു.അയാൾ അവസാന വെക്കേഷൻ കഴിഞ്ഞ് വന്നിട്ട് പതിനഞ്ച് മാസമായി. അടുത്ത വെക്കേഷൻ ഡ്യൂ ആയിട്ട് നാലു മാസത്തോളമായി.
കേൾവിക്കാരൻ എന്ന നിലയിലെ എന്റെ ശ്രദ്ധ നിസംഗതയ്ക്ക് വഴിമാറി. ഇതുവരെ കേട്ടതിലൊന്നും ഒരു പുതുമയോ പ്രശ്നമോ എനിക്ക് തോന്നിയില്ല. സാധാരണ ഗതിയിൽ വെക്കേഷനായിട്ടും നാട്ടിൽ പോകാത്തവർ നിരവധിയുണ്ട്. സാമ്പത്തിക പ്രയാസങ്ങളോ കടബാധ്യതയോ ഉള്ളവർ താമസിച്ച് പോകുന്നത് പതിവുള്ള കാര്യവുമാണ്.
“ഇയാൾക്ക് ഇത് രണ്ടുമില്ല. സ്വസ്ഥൻ. വീടുപണി പൂർത്തിയാക്കി. കടങ്ങളൊക്കെ തീർത്തു. എട്ട് മാസങ്ങൾക്ക് മുമ്പ് താമസവുമാക്കി. പുതിയ വീട്ടിലാണേങ്കിൽ ഇതു വരെ പോയിട്ടുമില്ല“
ഞാൻ ആകാംക്ഷയോടെ ഒന്നു നിവർന്നിരുന്നു. സ്വന്തം വീട് എന്നത് എല്ലാ പ്രവാസികളുടേയും ഒരു സ്വപ്നമാണ്. ആ വീട്ടിലേയ്ക്കുള്ള ആദ്യത്തെ യാത്ര ഏറെ ഹരം പകരുന്നതുമാണ്. പിന്നെയും എന്താണ് ഇയാൾ നാട്ടിൽ പോകാത്തത് എന്ന് അന്വേഷിച്ചപ്പോഴാണ് സംഗതിയുടേ ഗൌരവം ബോധ്യമാകുന്നത്. കേൾക്കുന്നവർക്ക് ഒരു പക്ഷേ നിസാരമായി തോന്നിയേക്കാം. 

ഏതാനും മാസങ്ങൾക്ക് മുമ്പ് രണ്ട് മൂന്ന് വിമാനപകടങ്ങൾ അടുത്തടുത്തായി നടന്നിരുന്നു. അതിനിടയിലാണ് എയർ ഇന്ത്യയുടെ ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണ് നിരവധിയാളുകൾക്ക് പരിക്കേറ്റത്. ഈ വാർത്തകൾ അയാളെ ഭയപ്പെടുത്തി. ഒറ്റയ്ക്ക് കിടക്കുമ്പോൾ ആലോചിച്ചതൊക്കെ വിമാന യാത്രയെക്കുറിച്ചാണ്. അനന്തമായിക്കിടക്കുന്ന ആകാശനീലിമയിൽ വെച്ച് വിമാനം തകരാൻ പോകുന്നുവെന്ന വാർത്ത കേൾക്കുന്ന യാത്രികരുടെ മനോവിഭ്രാന്തികളെപ്പറ്റി സങ്കല്പിച്ച് നോക്കി. ചിന്തകൾക്ക് തീ പിടിച്ചു പരിധികൾ ഭേദിച്ച് പാഞ്ഞു. വിമാനമെന്ന വാക്ക്  കേൾക്കുമ്പോൾ പോലും കാലിന്റെ പെരുവിരൽ മുതൽ ഒരു മരവിപ്പും തണുപ്പും പടരുന്നത് അയാളറിഞ്ഞു. രക്തം ഉറഞ്ഞ് കട്ട പിടിക്കുന്നതുപോലെയുള്ള ഒരു തരം മരവിപ്പ്. മനസിനെ നിയന്ത്രിച്ച് നിർത്താൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. താൻ കയറുന്ന വിമാനവും തകരാൻ സാധ്യതയുള്ളതാണെന്ന ചിന്ത ഉള്ളിൽ പിടി മുറുക്കിയിരിക്കുന്നു. വിമാനയാത്ര മാത്രമല്ല എയർ ടിക്കറ്റ് കാണുന്നത് പോലും കാലുകളെ വിറപ്പിക്കുന്നു. രക്ത സമ്മർദ്ദവും നെഞ്ചിടിപ്പും ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ നാലു മാസത്തിനിടയിൽ ആറോളം തവണ നാട്ടിലേയ്ക്ക് പോകാനായി അയാൾ ടിക്കറ്റെടുത്തിരുന്നു. യാത്രാ ദിവസമടുക്കുമ്പോൾ പേടിയും പരിഭ്രമവും വർദ്ധിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്തു കൊണ്ടിരിക്കുകയാണ്. മനസിന് ഒരു ധൈര്യമോ നിയന്ത്രണമോ നൽകാൻ കഴിയാതെ അയാൾ തകർന്ന് കൊണ്ടിരിക്കുകയാണ് .തനിക്ക് ഒരിക്കലും ഇനി നാട്ടിലെത്താൻ കഴിയില്ലെന്ന് അയാൾ ഉറപ്പിച്ചു. ഇത് ആരോടും പങ്ക് വെയ്ക്കാൻ കഴിയാതെ തീവ്രമായ അസ്വസ്ഥതകളോടേ ഇതു വരെ കഴിച്ച് കൂട്ടുകയായിരുന്നു. നാട്ടിൽ നിന്നുമുള്ള നിരന്തരമായ ഫോൺ വിളികൾ അയാളെ കൂടുതൽ തളർത്തി. “എന്നാണ് നാട്ടിൽ വരിക”യെന്ന പ്രിയപ്പെട്ടവളുടെ ഫോൺകോളുകൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് തന്റെ മാനസികാവസ്ഥ വിവരിച്ചപ്പോഴാണ് വീട്ടുകാർക്ക് കാര്യത്തിന്റെ ഗൌരവം ബോധ്യമാകുന്നത്. വീട്ടുകാർ നാട്ടിലെ സൈക്യട്രിസ്റ്റിനെ സമീപിച്ചു. നാട്ടിലെത്തിക്കാതെ ഒരു കൌൺസിലിംഗ് പോലും നടത്താൻ നിർവ്വാഹമില്ല എന്നാണ് സൈക്യാട്രിസ്റ്റിന്റെ മറുപടി. സൈക്യാട്രിസ്റ്റിന്റെ ഫോൺകോളുകൾ അറ്റന്റ് ചെയ്യാൻ പോലും അൻസാറിന് സാധിക്കുന്നില്ല. കൈകൾ വിയർത്ത്, വിറച്ച് ഫോൺ വഴുതി താഴെ വീഴുന്നു. രാത്രയിൽ ഒറ്റക്കിരുന്ന് അൻസാർ വിങ്ങിക്കരയുന്നത് അയാളുടെ കൂട്ടുകാർ പലതവണ കണ്ടിട്ടുണ്ട്. അവരും നിസഹായരാണ്. അയാളെക്കുറിച്ചാണ് സുഹ്യത്ത് എന്നോട് പറയുന്നത്.
ഞാൻ അൻസാറുമായൊന്ന് സംസാരിക്കണം. അതാണ് സുഹ്യത്തിന്റെ ആവശ്യം.പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മാസ് കൌൺസിലിംഗുകൾ നടത്തി പരിചയമുണ്ട് എന്നത് മാത്രമാണ് എനിക്ക് കൌൺസിലിംഗുമായി ആകെയുള്ള ബന്ധം. ഇതാകട്ടെ സങ്കീർണ്ണവും, ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൈകാര്യം ചെയ്യേണ്ട വിഷയവുമാണ്. അത്തരമൊരാളെ അന്വേഷിക്കലായി പിന്നീടുള്ള ഞങ്ങളുടെ പണി. നൂറിലധികം പ്രവാസ സംഘടനകൾ ആ നഗരത്തിൽ മലയാളികളുടേതായുണ്ട്. അധികവും കടലാസ് സംഘടനകളാണ്. പദവിയും അംഗീകാരവും പ്രവാസികളുടെ ദൌർബല്യങ്ങളായി പറയാറുണ്ട്. ഒരു പക്ഷേ ജന്മനാടിൽ അപരിചിതനാകുന്നതിന്റെ സ്വാഭാവിക പ്രതികരണമാകാം. സ്വന്തം ചിലവിൽ പോസ്റ്ററും ബാനറുകളും അച്ചടിപ്പിച്ച് സ്വന്തം ചിത്രം പതിയ്ക്കുന്ന ചെറു നേതാക്കന്മാർ കേരളത്തിലുള്ളത് പോലെയാണ് സ്വന്തമായി സംഘടനകൾ ഉണ്ടാക്കുന്ന ചില പ്രവാസികൾ. വാർത്തകളിലും പ്രസ്താവനകളിലും അകാല ചരമമടയുന്ന ഇത്തരം സംഘടനകൾ ഒഴിവാക്കിയാൽ സാമൂഹ്യ സേവന, ജീവകാരുണ്യ മേഖലകളിൽ ഇടപെടുന്ന നിരവധി സംഘടനകൾ മലയാളികളുടേതായി എല്ലാ ഗൾഫ് നഗരങ്ങളിലുമുണ്ട്. അവരിൽ പലരും ലക്ഷക്കണക്കിന് രൂപയുടെ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നവരാണ്. നിരവധി തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടുകയും അനേകമാളുകൾക്ക് അത്താണിയാവുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇത്തരമൊരു പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് തരാനോ അതിന് കഴിയുന്നവരെ ക്കുറിച്ച് നിർദേശിക്കാനോ അവരും അജ്ഞരാണ്. അന്വേഷണം നിഷ്ഫലമാകുന്നുവെന്ന് കണ്ടപ്പോൾ അൻസാറിനെ ഒന്നു കാണാമെന്ന് ഞാൻ തീർച്ചയാക്കി. ഒരു വൈകുന്നേരം എന്റെ സുഹ്യത്തിന്റെ വീട്ടിൽ അൻസാർ വന്നു. ഞാൻ അയാളുടെ മുഖത്തേക്കൊന്ന് പാളിനോക്കി. വെളുത്ത് സുന്ദരനായ ഒരു ചെറുപ്പക്കാരൻ. വിമാന മാർഗമല്ലാതെ ബസ് മാർഗം നാട്ടിലെത്താൻ കഴിയില്ലേയെന്നാണ് അൻസാർ അന്വേഷിക്കുന്നത്. വിവിധ ഗൾഫ് നാടുകൾ ചുറ്റി ഇറാനിലൂടെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ വഴി ഇന്ത്യയിലെത്താനുള്ള വഴിയാണ് അൻസാർ അന്വേഷിക്കുന്നത്. വിവിധ രാജ്യങ്ങളിലെ വിസപ്രശ്നങ്ങളും നിയമക്കുരുക്കുകളുമൊക്കെയുള്ള ആ മാർഗം നിലവിൽ സാധ്യമല്ലെന്നോ മാസങ്ങൾ അതിനായി വേണ്ടി വരുമെന്നൊ ഞാൻ അൻസാറിനോട് പറഞ്ഞില്ല. തന്റെ പ്രശ്നം സ്വയം ഉൾക്കൊണ്ട്, ദൈന്യതയോടെ അതിന്റെ പരിഹാരമന്വേഷിക്കുന്ന അയാളോട് എനിക്ക് സ്നേഹവും അനുകമ്പയും തോന്നി.
നാളെ എനിക്കും ഇങ്ങനെയൊക്കെ തോന്നാൻ തുടങ്ങിയാൽ ഞാൻ എന്തു ചെയ്യും? ഞാൻ ആലോചിച്ചു. അങ്ങനെ തോന്നാൻ സാധ്യതില്ലെന്ന് പറയാനൊക്കില്ലല്ലോ. ഒരു നൂലിഴ പോലെയാണ് മനസ്. ഏതു നിമിഷവും കൈവിട്ട് വഴുതിപ്പോകാം. എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.

മലയാളിയുടെ പ്രവാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വടക്കേ ഇന്ത്യയും, സിലോണും, ബിലാത്തിയും, റങ്കൂണും, മലേഷ്യയും പിന്നിട്ട് അത് ഗൾഫിലെത്തി നിൽക്കുകയാണ്. പണം ചുരത്തുന്ന കാമധേനുവാണ് പ്രവാസം. പ്രവാസമൊഴുക്കിയ പണത്തിലൂടെ കേരളം സാമ്പത്തികമായി ഏറെ മുന്നേറിയിട്ടുണ്ട്. പക്ഷേ പ്രവാസം സമ്മാനിക്കുന്ന സംഘർഷങ്ങളുടെ വിവിധത്വങ്ങൾ ജീവിതത്തിന്റെ സ്വാഭാവികമായ ആസ്വാദ്യതയ്ക്ക് കുറുകേ കിടക്കുന്നുണ്ട്. ബാച്ചിലേഴ്സായി ജീവിക്കുന്ന വിവാഹിതർ (മാര്യീഡുകൾ) എന്ന സാംസ്കാരിക വൈകല്യത്തെ ഉൾക്കൊള്ളുന്നവരാണ് പ്രവാസികൾ. സമ്പാദിക്കാനായി ജീവിതത്തിന്റെ വൈകാരികതകളെ മയക്കിക്കിടത്താനായി ശ്രമിക്കുമ്പോഴും സദാ ഉണർന്നിരിക്കുന്ന നഷ്ടബോധം പ്രവാസികളെ ചെറുതല്ലാത്ത മാനസിക സംഘർഷങ്ങളിലേയ്ക്കും ചിലരെയെങ്കിലും മാനസിക വ്യതിയാനങ്ങളിലേയ്ക്കും നയിക്കുന്നുണ്ടെന്നാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൌൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് (ഐ സി എസ് എസ് ആർ) ന്റെ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പ്രവാസത്തിന്റെ ശീതളിമയിലും ജന്മനാട് നൽകുന്ന സ്വാസ്ഥ്യവും സ്വാതന്ത്ര്യവും അനുഭവിക്കാൻ സാധിക്കാതെ പ്രവാസികളായി ജീവിക്കുന്ന യുവാക്കൾക്കിടയിൽ ഒരുതരം മാനസിക മരവിപ്പ് പടരുന്നുവെന്നാണ് ഇവർ നിരീക്ഷിക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങളെന്ന മഞ്ഞുമലയുടെ അദ്യശ്യ ഭാഗങ്ങളാണിവ. ഇതൊക്കെ പ്രവാസ സംഘടനകൾ അടിയന്തരമായി ശ്രദ്ധിക്കേണ്ടതും കൂടുതൽ ജാഗ്രത്തോടെ കൈകാര്യം ചെയ്യേണ്ടതുമായ വിഷയ്ങ്ങൾ കൂടിയാണ്.
അൻസാറുമാർ ഒട്ടപ്പെട്ട സംഭവങ്ങളല്ല. പ്രശ്നങ്ങൾ മാത്രമേ മാറുന്നുള്ളൂ. അൻസാറുമാർ ഇല്ലാതെയാകുന്നില്ല. ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ പുതുതായി ജോലിക്ക് വന്ന ‘സെൽ‌വനെ’ ഞാനിപ്പോൾ ഓർക്കുന്നു. മിടുക്കനായ ഒരു അക്കൌണ്ടന്റ്. തമിഴ്നാട്ടുകാരൻ. വന്നിട്ട് മൂന്നുമാസം തികഞ്ഞിട്ടില്ല. പെട്ടെന്ന് ഒരു ദിവസം ഒരു ആവശ്യവുമായി മുറിയിലേയ്ക്ക് വന്നു
“ സർ, എനിക്ക് നാളെ നാട്ടിൽ പോകണം” ഇതായിരുന്നു സെൽ‌വന്റെ ആവശ്യം. ആദ്യം ഞാനൊന്ന് അമ്പരന്നു. ഇന്നലെ വരെ ഞാൻ കണ്ട സെൽ‌വന്റെ മുഖമായിരുന്നില്ല ഇപ്പോൾ അയാൾക്ക്. കരുവാളിച്ച മുഖം. അനന്തതയിഉലേയ്ക്ക് നോക്കി നിർന്നിമേഷനായുള്ള ആവശ്യം. മൂന്നു മാസം പൂർത്തിയാകാതെ ലീവ് അനുവദിക്കാൻ കമ്പനി തയ്യാറാകില്ലയെന്ന് പലരുടേയും മുൻ അനുഭവങ്ങളിൽ നിന്ന് എനിക്ക് നന്നായി അറിയാം. സ്വകാര്യമായി സംസാരിച്ചപ്പോൾ സെൽ‌വൻ എന്നെ ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു. “നാട്ടിൽ പോയില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും സർ” വീണ്ടും സെല്വൻ പുലമ്പിക്കൊണ്ടിരുന്നു. പിറ്റേന്ന് തന്നെ സൽ‌വനുമായി ഞാൻ ദമ്മാമിലെ ഒരു പ്രമുഖ ആശുപത്രിയിലെ മനോരോഗ വിദഗ്ദ്ധനെ കണ്ടു. ഭാഷയറിയാത്ത ആ ഈജിപ്ഷ്യൻ ഡോക്ടർ ഏതാനും ഗുളികകൾ മാത്രം തന്ന് ഞങ്ങളെ മടക്കി വിട്ടു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരാൻ നിർദേശിച്ചു. പക്ഷേ ഒരാഴ്ച കാത്തുനിൽക്കാൻ ശെൽ‌വൻ മനസുണ്ടായില്ല. പിറ്റേന്ന് ഞാൻ അറിഞ്ഞ വാർത്ത, ബാച്ചിലർ ക്യാമ്പിന്റെ രണ്ടാം നിലയിൽ നിന്നും ചാടി നട്ടെല്ലും കൈകാലുകളുമൊടിഞ്ഞ ശെൽ‌വൻ ഒരാശുപത്രിയുടെ അത്യാഹിത വിഭാഗത്തിലുണ്ട് എന്നതായിരുന്നു. ഒരു കുപ്പി പൊട്ടിച്ച് അതിന്റെ ചില്ലും അയാൽ ഉള്ളിലാക്കിയത്രേ!  നാട്ടിലെ കാമുകിയുടെ വിവാഹം ഉറപ്പിച്ച വാർത്തയാണ് അയാളുടെ മനോനില തെറ്റിച്ചതെന്ന് പിന്നീടറിഞ്ഞു. നട്ടെല്ല് പൊട്ടിയ ആ ചെറുപ്പക്കാരനെ സ്ട്രക്ചറിൽ, ഒരു മേജർ സർജറിക്കായി നാട്ടിലേക്കയക്കുമ്പോൾ കൺ കോണുകളിൽ പൊടിഞ്ഞ നീർച്ചാലുകൾക്ക് കുറ്റബോധത്തിന്റേയും നഷ്ട ബോധത്തിന്റേയും ഗന്ധമുണ്ടെന്ന് എനിക്ക് തോന്നി. നന്നായൊന്ന് സംസാരിക്കാനും അയാളെ കേൾക്കാനും ഒരാളുണ്ടായിരുന്നെങ്കിൽ സെൽ‌വൻ ഒരു പക്ഷേ ഇങ്ങനെയൊന്നും ചെയ്യുകയില്ലായിരുന്നിരിക്കാം.
ശെല്വന്റെ ഓർമകൾ നൽകിയ കരുത്തിലാണ് ഞാൻ അൻസാറുമായി സംസാരിച്ചത്. നന്നേ ചെറുപ്പത്തിലേ ഗൾഫിലെത്തിയ ആളാണു അൻസാർ. തന്റെ യുവത്വവും ജീവിതവും ഗൾഫ് തിന്നു തീർക്കുകയാണേന്ന നഷ്ടബോധം അയാളുടെ ഉള്ളിൽ തളം കെട്ടി നിന്നിരുന്നു. എപ്പോഴും പൊട്ടാൻ പാകത്തിൽ നിന്ന നഷ്ടബോധത്തിന്റെ തന്ത്രികളിൽ വന്ന് വീണ ഒരു ആഘാതം മാത്രമായിരുന്നു ആ വിമാനവാർത്ത. കുറേ ദിവസങ്ങളിൽ അൻസാറിനെ ഞങ്ങൾ കൂടെ കൂട്ടി. കുറേയധികം സംസാരിച്ചു. നല്ല സൌഹ്യദങ്ങളില്ലാത്തതും സാമൂഹികബന്ധങ്ങളില്ലാത്തതുമാണ് അൻസാറിന്റെ പ്രശ്നങ്ങളെന്ന് അനുമാനിക്കുന്നു. സുഹ്യത്തും ഞാനും അൻസാറിനെ ബോധപൂർവ്വം പരിഗണിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അൻസാർ നല്ലൊരു ചങ്ങാതിയായി മാറി. പിന്നീട് ഒരിക്കൽ വിളിച്ചത് മറ്റന്നാൾ നാട്ടിലേയ്ക്ക് പോകുന്നുവെന്ന് വാർത്ത പങ്ക് വെച്ച് കൊണ്ടായിരുന്നു. നാട്ടിൽ നിന്ന് അയാളുടെ ഭാര്യയും മക്കളും വിളിച്ചു. അവരുടെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല. ഒരു ഉപദേശം മാത്രമേ ഞാൻ അൻസാറിന് നൽകിയുള്ളൂ. സാധ്യമെങ്കിൽ നാട്ടിൽ തന്നെ നിൽക്കുക. രക്ഷയില്ലെങ്കിൽ മാത്രമേ മടങ്ങിവരാവൂ. ഇന്ന് ഞാനും ഒരു മുൻപ്രവാസിയാണ്. പ്രവാസജീവിതം കുടുംബ സമേതമായിരുന്നെങ്കിലും വീണ്ടുമൊരു പ്രവാസം ഞാനും ഇഷ്ടപ്പെടുന്നില്ല; ഇഷ്ടപ്പെടാത്ത രാഗങ്ങളാണ് ജീവിതത്തിന്റെ സംഗീതം എന്ന് തിരിച്ചറിയുമ്പോഴും. എങ്കിലും ഞാൻ ഇപ്പോഴും അൻസാറിനെ ഓർക്കാറുണ്ട്. അൻസാർ ഇപ്പോൾ എവിടെയായിരിക്കും?


3 comments:

  1. അന്‍സാര്‍ നാട്ടില്‍ സുഖമായി ജീവിക്കുന്നുണ്ടാകും.
    നല്ല പോസ്റ്റ്

    ReplyDelete
  2. മനസ്സിന്റെ വിചിത്ര സഞ്ചാരങ്ങള്‍

    നാളെ എനിക്കും ഇങ്ങനെയൊക്കെ തോന്നാൻ തുടങ്ങിയാൽ ഞാൻ എന്തു ചെയ്യും? ഞാൻ ആലോചിച്ചു. അങ്ങനെ തോന്നാൻ സാധ്യതില്ലെന്ന് പറയാനൊക്കില്ലല്ലോ. ഒരു നൂലിഴ പോലെയാണ് മനസ്. ഏതു നിമിഷവും കൈവിട്ട് വഴുതിപ്പോകാം.

    ശരിയാണല്ലോ!

    ReplyDelete
  3. കഥകളും മറ്റും വായിക്കുമ്പോൾ ഞാൻ സ്വയം അതിലെ ഒരു കഥാപാത്രമായി അത് എൻറെ കഥയാക്കി വായിക്കാറുണ്ട് ..പക്ഷെ ഇത് വായിച്ചപ്പോൾ മംഗലാപുരം വിമാന അപകടം കഴിഞ്ഞ സമയത്ത് ഞാൻ നാട്ടിൽ പോകുമ്പോൾ ഉണ്ടായ മാനസിക അസ്വസ്ഥത ഓർത്തുപോയി ..ഇതിലെ അൻസാറിനെ ഞാനായി സങ്കൽപ്പികേണ്ടി വന്നില്ല ..അത് ഞാൻ തന്നെയായിരുന്നു.ഇത്പോലുള്ള എത്രയെത്ര മാനസിക അസ്വസ്ഥകൾ അനുഭവിക്കുന്നു ഈ പ്രവാസികൾ ..എന്നായിരിക്കും പ്രവാസം എന്ന ഈ ജയിൽ ജീവിതത്തിന് ഒരു മോജനം ..
    റൗഫ് റഹ്മത്തുള്ള ,

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....