Sep 9, 2013

ഒരു പൂച്ചപ്പുരാണം അഥവാ മലയാളിയുടെ തെക്ക് വടക്ക് ചിന്തകള്‍


കരിയിലകള്‍ മൂടിക്കിടക്കുന്ന വഴിയിലൂടെയാണ് ഞങ്ങള്‍ നടക്കുന്നത്. ദമാം നഗരത്തിലെ ഒരു ഹൗസിംഗ് കോമ്പൗണ്ടിനുള്ളിലെ ഒരു വില്ലയിലേക്കുള്ള വഴിയാണ്. വല്ലപ്പോഴും മാത്രം തുറക്കാറുള്ള വലിയ ഗേറ്റ് തള്ളിത്തുറന്ന് ഞങ്ങള്‍ അകത്തു കടന്നു. കോഴിക്കോട്ടുകാരന്‍ ഉബൈദും മലപ്പുറത്തുകാരന്‍ ഷബീറും തൃശൂരുകാരന്‍ നാസറുമാണ് കൂടെയുള്ളത്. ഒരു പഴയ വില്ലയാണത്. എങ്കിലും പഴമയുടെ വൈരൂപ്യങ്ങളൊന്നുമില്ലാത്ത ഒരു മനോഹരമായ വില്ല. രോഗിയായ വീട്ടുകാരനെ കാണലാണ് വരവിന്റെ ഉദ്ദേശ്യം.
മുറ്റത്ത് നിറയെ ഉണക്കാനിട്ടിരിക്കുന്ന തുണികള്‍ ചിതറിക്കിടക്കുന്നു. മുറ്റത്തിന്റെ ഒരു മൂലയില്‍ അധികം ഉയരമില്ലാത്ത ഒരു ഈന്തപ്പന. കഴിഞ്ഞ സീസണില്‍ കുലച്ച ഈത്തപ്പഴങ്ങള്‍ ഉണങ്ങി ചുക്കിച്ചുളിഞ്ഞ് താഴെ വീണ് കിടക്കുന്നുണ്ട് ഈന്തപ്പനയുടെ ചുവട്ടില്‍ രണ്ട് പൂച്ചകള്‍ ആലസ്യത്തോടെ കിടക്കുകയാണ്. ഞങ്ങളെ കണ്ടിട്ടായിരിക്കണം ‘ആരെടാ ഇവരൊക്കെ’ എന്ന മട്ടില്‍ അവറ്റകള്‍ മെല്ലെയെഴുന്നേറ്റു. അവിടെത്തന്നെ നിന്ന് ഒന്ന് മൂരിനിവര്‍ന്നു. രണ്ടാമത്തേത് ഈന്തപ്പനക്ക് ചുറ്റും മെല്ലെയൊന്ന് വലംവെച്ച് ഞങ്ങള്‍ മൂന്നുപേരെയും കണ്ണുകള്‍ കൊണ്ടൊന്നുഴിഞ്ഞ്  ടാബ്ലോ മോഡലില്‍ നില്‍ക്കുകയാണ്.
സൗദിയിലെ പൊലീസുകാരെപ്പോലെയാണ് അവിടുത്തെ പൂച്ചകളും. കസര്‍ത്തുകള്‍ കാണിക്കാന്‍ ബഹുമിടുക്കരാണ് രണ്ട് കൂട്ടരും. തുടക്കത്തിലെ കസര്‍ത്തുകള്‍ മാത്രമേയുള്ളൂ. പിന്നെ ശാന്തമാണ്. ഇപ്പോള്‍ പൂച്ചകളുടെ രണ്ടിന്റെയും നോട്ടം എന്നെയാണ്. സൂക്ഷ്മമായി നോക്കി വിലയിരുത്തുകയാണ്. ഞാന്‍ ഒരു കൊല്ലത്തുകാരനാണെന്ന് അവറ്റകള്‍ക്ക് മനസ്സിലായോ ആവോ? കൊല്ലത്തുകാര്‍ക്ക് ഗള്‍ഫില്‍ പൊതുവേ ഡിമാന്റ് കുറവാണ്. കുഴപ്പക്കാരാണ് എന്നാണ് സാമാന്യമായ ധാരണ. അധികം അടുക്കാന്‍ പോകണ്ട. കൊല്ലക്കാരനാ സൂക്ഷിച്ചോ എന്ന് ചിലരെക്കുറിച്ച് പറയുന്ന രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്.
മിണ്ടാതെ, ഐഡന്റിറ്റി വെളിപ്പെടുത്താതെ, മാന്യമായി രക്ഷപ്പെട്ട നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഈ ‘കൊല്ലം’ ഇത്ര മോശം സ്ഥലമാണോ? ഗള്‍ഫിലെത്തുന്നതുവരെ കൊല്ലമാണ് കേരളത്തിലെ ഏറ്റവും നല്ല സ്ഥലമെന്നും കൊല്ലക്കാരാണ് കേരളത്തിലെ  ഏറ്റവും വലിയ മാന്യന്മാരെന്നും കൊല്ലം ഭാഷയാണ് ശരിയായ മലയാളമെന്നും സത്യസന്ധമായിത്തന്നെ വിശ്വസിച്ചിരുന്നു. ഒരൊറ്റ ഗള്‍ഫ് യാത്രതന്നെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. സ്ഥലത്തെക്കുറിച്ച് ഇന്നും എനിക്ക് സാരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമുണ്ടായിട്ടില്ല. പക്ഷേ കൊല്ലക്കാരുടെ മാന്യത മറ്റ് പ്രദേശങ്ങളിലെ പല മാന്യന്മാരുടെയും ‘മാന്യത’യെക്കാളും ഒട്ടും പിന്നിലല്ലെന്നും കൊല്ലത്തെ പല ‘ഫാ’ര്യമാരും ‘ഫ’ര്‍ത്താക്കന്മാരും ‘ഫ’യങ്കരമായി ‘ഫാ’ഷ പഠിക്കേണ്ടവരാണെന്നും എനിക്ക് ബോധ്യമായി.
ഭാഷയുടെ കാര്യത്തില്‍ കൊല്ലക്കാരേക്കാള്‍ രണ്ട് കൊല്ലംകൂടി അധികം പഠിക്കേണ്ടവരാണ് തിരുവനന്തപുരംകാര്‍. ‘എന്നരെടേ ഈ ഫാഷേലൊക്കെ ഇരിക്കണത്. കാര്യങ്ങള് പറേണതങ്ങ് മനസിലായാ മതിയല്ല്’ എന്നാണ് ഇതിനെക്കുറിച്ച് തിരുവനന്തപുരത്തുകാരനായ ഒരു സുഹൃത്തിന്റെ അഭിപ്രായം. ഒരു വിധത്തില്‍ പറഞ്ഞാല്‍ ശരിയാണ്. ഞങ്ങളാണ് മാതൃകാ മലയാളത്തിന്റെ സ്വന്തം ആള്‍ക്കാര്‍ എന്ന് പറയാനുള്ള ധൈര്യം ഒറ്റ ജില്ലക്കാരനും കാണില്ല. ചില പ്രദേശങ്ങളില്‍ മാന്യമായി പറയുന്ന പല പദങ്ങളും മറ്റു ചിലയിടങ്ങളില്‍ മുട്ടന്‍ തെറികളാണ്. മലപ്പുറത്തെ ചില ഉള്‍പ്രദേശങ്ങളിലെ നാലു ‘കാക്കമാരെ’ കൊല്ലത്തെങ്ങാനും കൊണ്ടുപോയി താമസിപ്പിച്ചാല്‍  രണ്ടാഴ്ച ചിരിച്ച് വശാകാനുള്ള മരുന്ന് കൂടെ കിട്ടുമെന്ന് ഉറപ്പ്. അവര്‍ വളരെ കാര്യമായി പറയുന്ന പല വാക്കുകളും ഞങ്ങളുടെ നാട്ടില്‍ സുന്ദരമായ തെറികളാണ്. തിരുവിതാംകൂറുകാരനായ ഒരു ഡോക്ടര്‍ കോഴിക്കോട്ടെ ഒരാശുപത്രിയില്‍ നിന്ന് ഇറങ്ങിയോടിയ ഒരു കഥ കേള്‍ക്കാറുണ്ട്. പരിശോധനയ്‌ക്കെത്തിയ രോഗി ഡോക്‌റോട് രോഗലക്ഷണം പറഞ്ഞത് ‘രണ്ടാഴ്ചയായി കുരയാണ് ഡോക്ടറെ. കുരക്ക് ഒരു കുറവുമില്ല’ എന്നാണ്. ഡോക്ടര്‍ക്ക് കുരയെന്നുവെച്ചാല്‍ നായ്ക്കുര മാത്രമേ അറിയൂ. ഈ ‘കുര’ ശരിക്കുള്ള ചുമയാണെന്നറിയാത്ത ഡോക്ടര്‍ ഭയന്നു. രോഗി, പേപ്പട്ടി കടിച്ച് പേയിളകി കുരച്ച് വന്നിരിക്കുകയാണെന്ന് ഭയപ്പെട്ട് അദ്ദേഹം ഇറങ്ങിയോടിക്കളഞ്ഞത്രേ.
തെക്കനും വടക്കനും തമ്മിലുള്ള ഈ പഴിചാരല്‍ ഭാഷയില്‍ മാത്രമല്ല; ശീലങ്ങളിലും സ്വഭാവങ്ങളിലുമെല്ലാം കാണാന്‍ കഴിയും.  ഭാഷയും ശീലങ്ങളുമെന്തൊക്കെയായാലും ഒരു കാര്യം ഉറപ്പ്. നാടിനെയും നാട്ടാരയും വെച്ചുള്ള ഈ വിഭജനം വെറുമൊരു വിഭജനം മാത്രമാണ്. എവിടത്തുകാരനായാലും ആള് നന്നാകണം. എന്നാലേ ഗുണമുള്ളൂ. ലോകാടിസ്ഥാനത്തില്‍ തന്നെയുള്ള ഒരു വിഭജനമാണ് തെക്കും വടക്കുമെന്നത്. വടക്കര്‍ യോഗ്യരും തെക്കര്‍ അത്ര യോഗ്യരല്ലാത്തവരുമെന്ന കാഴ്ചപ്പാട് നാസിസത്തിന്റെ ഒരു ‘ലൈക് വേര്‍ഷനാണ്’. ആര്യന്മാര്‍ വന്ദ്യരും ജൂതന്മാര്‍ നിന്ദ്യരുമെന്ന നാസി സങ്കല്‍പത്തിന്റെ മറ്റൊരു രൂപഭേദമാണ് ഈ പ്രാദേശിക വിഭജനവും.

കേരളത്തിലെ ഈ തെക്ക് വടക്ക് വിഭജനം ശക്തമായത് ഗള്‍ഫ് പ്രവാസത്തിന്റെ നാളുകളിലാണ്. ഗള്‍ഫ് മേഖലയുടെ ആദ്യകാല ഗുണഭോക്താക്കള്‍ മലബാറുകാരായിരുന്നു. മലബാറിന്റെ പൊതുവായ ഭാഷയിലും സംസ്‌കാരത്തിലും തുടര്‍ന്നുവന്ന അവരുടെ പ്രവാസ ജീവിതത്തിനിടയിലേക്ക്  കടന്നുവന്ന സാംസ്‌കാരികാപരിചിതരായിരുന്നു തിരുവിതാംകൂര്‍കാര്‍. രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതകളാണ് തിരുവിതാംകൂര്‍കാര്‍ക്ക് മലബാറുകാരെപ്പറ്റിയും മലബാറുകാര്‍ക്ക് തിരിച്ചുമുള്ള അസ്‌കിതകള്‍ക്ക് കാരണമായി ഭവിച്ചത്. മലബാറുകാര്‍ തെക്കരെ കണ്ടിരുന്ന അതേ കാഴ്ചപ്പാടില്‍ തന്നെയാണ് തെക്കര്‍ തിരിച്ചും കണ്ടിരുന്നത്.
അവരുടേതായ സ്വകാര്യ ഇടങ്ങളില്‍ അവര്‍ മലബാറുകാരെ പരിഹസിച്ചു. ഉച്ചാരണ വൈകല്യങ്ങളിലും പദഭേദങ്ങളിലും മലബാറുകാരെ തക്കംകിട്ടുന്നിടങ്ങളില്‍ കൊച്ചാക്കാനും ഇവര്‍ മറന്നില്ല. ചതിയും വഞ്ചനയും തെക്കരുടെ മേല്‍ ചാര്‍ത്തിയാണ് മലബാറുകാര്‍ ഇതിനു പകരം വീട്ടിയത്. വിദ്യാഭ്യാസം കൊണ്ട് മേല്‍ക്കൈ നേടിയിരുന്ന തിരുവിതാംകൂറുകാര്‍ക്ക് മലബാറുകാരുടെ നിഷ്‌കളങ്കതയോ നിഷ്‌കാപട്യമോ ഇല്ലായിരുന്നുവെന്നത് വാസ്തവമായിരുന്നു. നിഷ്‌കളങ്കതകള്‍ ചൂഷണം ചെയ്യപ്പെട്ട നിരവധി സംഭവങ്ങള്‍ പലരും പറയാറുണ്ട്.
ഇന്ന് ഇതൊക്കെ പഴങ്കഥകള്‍. പരിഷ്‌കാരത്തിന്റെയും ടെക്‌നോളജിയുടെയും ഈ കാലത്ത് തെക്കനും വടക്കനും  തുല്യര്‍. സാംസ്‌കാരികവും മതപരവുമായ സംഘടനകള്‍ തെക്കനെയും വടക്കനെയും യോജിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മലബാറുകാരനെന്നും തിരുവിതാംകൂറുകാരനെന്നും ഭേദമില്ലാതെ മലയാളിയെന്ന വിളിപ്പേരില്‍ അവന്‍ അറിയപ്പെട്ടു. ഭാഷാശുദ്ധിയും ഉച്ചാരണ ഭേദങ്ങളും പരസ്പരം  കൈമാറി. ചതിയും വഞ്ചനയും പങ്കുവെച്ചു. നിഷ്‌കളങ്കതയെയും  നിഷ്‌കാപട്യത്തെയും പടിക്കു പുറത്തു വെക്കാനുള്ളതായിരുന്നുവെന്ന് വടക്കനും  തെക്കനും മനസ്സിലക്കി. സ്ത്രീപീഡനത്തിന്റെയും  തട്ടിപ്പിന്റെയും കാലത്ത് അവര്‍ പരസ്പരം മത്സരിച്ചു. വടക്കന്‍ വടക്കനെയും തെക്കന്‍ തെക്കനെയും പറ്റിക്കാനും തട്ടിക്കാനും                                                                      ശീലിച്ചു.
ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ജനിക്കുന്ന ജീനുകള്‍ തെക്കരെപ്പോലെ വടക്കര്‍ക്കും ലഭിച്ചു. പക്ഷേ ഇവരും കഴുത്തറപ്പന്‍ ഡോക്ടര്‍മാരും പാലംവീഴ്ത്തി എന്‍ജിനീയര്‍മാരുമായി. ‘പഴയ വടക്കന്‍ ഇങ്ങനെയൊന്നുമല്ലായിരുന്നു കേട്ടോ’ എന്ന് പല പഴയ തെക്കന്മാരും പറയാന്‍ തുടങ്ങി. ചുരുക്കത്തില്‍ വടക്കനും തെക്കനും വെറും ‘വെടക്കന്‍ മലയാളി’കള്‍ മാത്രമായി. ഈ വസ്തുതകളൊന്നും അറിയാത്തത് കൊണ്ടായിരിക്കണം ഈ പൂച്ച കൊല്ലക്കാരനായ എന്നെയിങ്ങനെ ‘ഒരു മാതിരി നോട്ടം’  നോക്കി നില്‍ക്കുന്നത്. അല്ലെങ്കിലും അതെന്ത് പിഴച്ചു അതിങ്ങ് ഗള്‍ഫിലല്ലേ? ഇതൊക്കെ എങ്ങനെ അറിയാന്‍? പാവം. ഞാനെന്തായാലും പൂച്ചയെ തിരിച്ചുമൊന്ന് സൂക്ഷിച്ചു നോക്കി. ‘ഏയ്, ഞാന്‍ നീയുദ്ദേശിക്കുന്ന ആ ടൈപ്പല്ല’ എന്നാണ് എന്റെ നോട്ടംകൊണ്ട് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

8 comments:

  1. തെക്കനേയും മൂർഖനേയും ഒരുമിച്ചുകണ്ടാൽ ആദ്യം തെക്കനെ കൊല്ലണം എന്നതാണ് അലിഘിത പ്രമാണം... അങിനെ എന്തൊക്കെ അലിഘിത പ്രമാണങൾ... എല്ലാം വായിൽ വന്നത് കോതക്ക് പാട്ട് എന്ന കണക്കാ....

    അതെന്തിങ്കുലുമാവട്ടേ നിങളീ തെക്കുദേശക്കാർ ഇനിയെങ്കിലും ഫ കളഞ്ഞ് ഭ ഉച്ചരിക്കാൻ പഠിക്കണം...

    ReplyDelete
  2. വടക്ക് നിന്ന് പാടി വന്ന വാനമ്പാടി... എന്നാ പാട്ട്, വടക്ക് നോക്കി യന്ത്രത്തെ തെക്ക് നോക്കി യന്ത്രമെന്ന് പറയുന്നത് കേട്ടിട്ടില്ല. എനിവേ, വടക്കോട്ട് എത്തിയപ്പോ താങ്കൾക്ക് വടക്കും തെക്കും തിരിയാതായൊ? ;)

    ReplyDelete
    Replies
    1. ബെഞ്ചാലീ, ശരിക്കും ഇപ്പോഴാണ്‌ വടക്കും തെക്കും തിരിഞ്ഞതെന്ന് പറയാം.. ;)

      Delete
  3. ഞാന്‍ സമദൂരക്കാരനാണേയ്...........!

    ReplyDelete
    Replies
    1. അജിത് സാര്‍
      ഇപ്പോള്‍ സമദൂരത്തിന്റെ കാലമല്ല. എവിടെയെങ്കിലും പിടിച്ച് നിന്നില്ലെങ്കില്‍ സ്വാഹ!

      Delete
  4. എന്തു പറയാനാണു മാഷേ. ഓരോരുത്തരും ജനിച്ചു വളര്‍ന്ന നാട്ടിലെ ശൈലി തുടരുന്നതില്‍ എന്തു കുറ്റം പറയാനാണ്?

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....