Mar 23, 2014

ചില പാവങ്ങൾ അഥവാ ദാരിദ്ര്യവാസികൾ?


നമ്മുടെ ചില ജന പ്രതിനിധികളുടേയും അതായിത്തീരാനായി അത്യധ്വാനം നടത്തുന്ന ചിലരുടേയുമൊക്കെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ കേൾക്കുമ്പോൾ സങ്കടം തോന്നിപ്പോകുന്നു. ചിലരുടെയൊക്കെ അവസ്ഥകൾ ദുരന്തപൂർണ്ണമാണ്. ഇതൊക്കെ കാണുകയും അറിയുകയും ചെയ്യുമ്പോൾ പൊതുജനമെന്ന കഴുതകളുടെ കണ്ണുകൾ കദന ഭാരത്താൽ നിറഞ്ഞൊഴുകേണ്ടതാണ്. പക്ഷേ എന്തോ, പലരുടേയും കണ്ണുകൾക്ക് ഒരു അനക്കവുമില്ല. പക്ഷേ പത്രിക സമർപ്പണ വേളയിൽ ചില വരണാധികാരികൾ തങ്ങളുടെ മുന്നിലിരിക്കുന്ന നേതാക്കളുടെയഥാർത്ഥ സ്ഥിതിവായിച്ച് കണ്ണീരൊഴുക്കിപ്പോയെന്നാണ് കേൾവി.
അങ്ങനെ കണ്ണിരൊഴുക്കേണ്ടി വന്ന ഒരു ഹത ഭാഗ്യയാണ് കോഴിക്കോട് കളക്ടർ. കൊലകൊമ്പന്മാരായ സ്ഥാനാർത്ഥികൾ കൊമ്പ് കുലുക്കി അനുയായി വ്യന്ദത്തോടെ ചേംബറിലേക്ക് പത്രിക സമർപ്പിക്കാനായി കേറിവന്നപ്പോൾ  കളക്ടർ മേഡം ഒരിക്കലും ഓർത്തുകാണില്ല, ഇവരൊക്കെ ഇത്രമാത്രം ദരിദ്ര്യവാസികളാണെന്ന്. ചിലരൊക്കെ വരവും ചിലവും കിറുക്യത്യമായി തൂക്കമൊപ്പിച്ച് സമ്പാദ്യമോ കടമോ ഇല്ലാതെ ജീവിക്കുന്ന അതി വിദഗ്ദരാണ്. സത്യം പറഞ്ഞാൽ ഇവരൊക്കെ വെറും എം പി മാരാകാനുള്ളവരല്ല. ഇവരൊക്കെ ചെന്നിരിക്കേണ്ടത് ഇന്ത്യയുടെ പ്രധാന മന്ത്രിക്കസേരയിലാണ്. രാജ്യം നന്നാകുന്നത് ഇവരിലൂടെയൊക്കെ ആകില്ലെന്നാര് കണ്ടു?
പത്രിക സമർപ്പിച്ചവരിൽ ഒരാൾക്കുള്ളത് ആകെ എഴുന്നൂറ്റമ്പത് രൂപയുടെ സമ്പാദ്യം. അതിൽ അഞ്ഞൂറ് രൂപ കീശയിലും ബാക്കി ഇരുന്നൂറ്റമ്പത് ബാങ്കിലും. ബാങ്കിലെ ഇരുന്നൂറ്റമ്പത് എടുത്ത് ഒരു ചായ പോലും വാങ്ങിക്കുടിക്കാമെന്ന് വിചാരിക്കണ്ട. മിക്കവാറും എല്ലാ ബാങ്കുകളിലും ഇരുന്നൂറ്റമ്പത്  രൂപ മിനിമം നിക്ഷേപമാണ്. അപ്പോൾ ആകെയുള്ളത് അഞ്ഞൂറ് മാത്രം. രാവിലെ ഉപ്പുമാവും ഉച്ചക്ക് നന്നായി ഒരു ഊണും  രാത്രി രണ്ട്  തട്ട് ദോശയും വീതം തട്ടിയാലും രണ്ട്  ദിവസത്തെ ചിലവിന് പോലും കാശ് തികയില്ല. ഇലക്ഷൻ പ്രചരണത്തിനായി പാഞ്ഞ് നടക്കുന്നതിനിടയിൽ വല്ല ജോലിക്കും പോകാൻ പറ്റുമോ? അതുമില്ല. അപ്പോൽ രണ്ട് ദിവസം കഴിഞ്ഞാൽ സ്ഥാനാർത്ഥിയുടെ ഗതിയെന്താകും? പൊതുജനമെന്ന നമ്മെ സേവിക്കാനായി പെടാപ്പാട് പെടുന്ന ഇവരുടെ കാര്യം നമ്മൾ പരിഗണിച്ചില്ലെങ്കിൽ ദൈവ കോപമുണ്ടാകും. സൂക്ഷിച്ചോളൂ!

മറ്റൊരു സ്ഥാനാർത്ഥി പഴയൊരു എം പി യാണ്. സ്ഥാവര ജംഗമ വസ്തുക്കൾ എത്രയുണ്ടെന്ന് ചോദിച്ചപ്പോൾ, സ്ഥാവര ജംഗമമോ അതെന്താണെന്നാണ് ശുദ്ധാത്മാവിന്റെ സംശയം. അങ്ങനെയൊന്ന് മൂപ്പർ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. പിന്നെയല്ലേ സ്വന്തമായി വല്ലതും ഉള്ള കാര്യം. പക്ഷേ കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി ആള് ക്ലീൻ ക്ലീനാണ്. കയ്യിലുള്ള രൂപയുടെ സകല കണക്കുകളും അദ്ദേഹം വരണാധികാരിയുടെ മേശ മേൽ വെച്ചു. കഴിഞ്ഞ അഞ്ച് വർഷം  മന്ത്രിയായും എം പിയായുമൊക്കെ  സേവനം ചെയ്തതിന്  ശമ്പളയിനത്തിൽ ലഭിച്ച തുകയിൽ നിന്ന് ചെലവ് കഴിച്ച് ബാക്കി ക്യത്യം അയ്യായിരം രൂപാ. കൂട്ടത്തിൽ ഒരു കണക്ക് കൂടി അദ്ദേഹം കാണിച്ചു. ഇക്കഴിഞ്ഞ കാലയളവിൽ മന്ത്രിപ്പണിയും പൊതു സേവനവും നടത്തി മുടിഞ്ഞ് കടം കയറിയതിന്റെ  മറ്റൊരു കണക്ക്. അഞ്ചര ലക്ഷം രൂപയുടെ കടബാധിതനാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി! വീട്ടുകാരും നാട്ടുകാരുമൊക്കെ ഇടപെട്ട് ഇവരെയൊക്കെ എങ്ങനെയ്എങ്കിലും പണികളിൽ നിന്ന് മോചിപ്പിക്കണം അല്ലെങ്കിൽ പാവങ്ങളുടെ കുടുംബങ്ങൾ കടം കയറി മുടിയും. തീർച്ചശ്വരോ രക്ഷതു.

2 comments:

  1. കള്ളപ്പെരുച്ചാഴികള്‍

    ReplyDelete
  2. അതൊക്കെയാണ്‌ മോന്സേ രാഷ്ട്രീയം :)

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....