Nov 1, 2015

ചെറിയാൻ ഫിലിപ്പ് ഉടുപ്പൂരുന്നു.


പ്രായവും പക്വതയും വെച്ച് നോക്കുമ്പോൾ ഈ പ്രായത്തിൽ അറിയേണ്ടതിനെക്കാളും അല്പം കൂടുതൽ അറിഞ്ഞുപോയിട്ടുണ്ടെന്ന ഒരുകുഴപ്പം മാത്രമേ ചെറിയാൻ ഫിലിപ്പിന് ഉള്ളൂ. പക്ഷേ ഇക്കണ്ട കാലമൊക്കെയെടുത്ത്  അദ്ദേഹം നേടിയെടുത്ത അറിവൊക്കെ ഒരു തിരിച്ചറിവാകാൻ തുടങ്ങിയത് ഏതാണ്ട് ഈ അടുത്ത കാലം മുതൽ മാത്രമാണ്. ക്യത്യമായിപ്പറഞ്ഞാൽ കോൺഗ്രസ് പാർട്ടിയുടെ പൂട്ടും താക്കോലുമില്ലാത്ത വാതിൽ തള്ളിത്തുറന്ന് അദ്ദേഹം പുറത്ത ചാടിയതിനു ശേഷം. വാതിലിലൂടെ ചിലർ ബലമായി തൂക്കി വെളിയിലേക്കെറിഞ്ഞു എന്നൊരു അധിക വായനകൂടി ഇതിലുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ഒരു കാലത്ത് സംസ്ഥാന കോൺഗ്രസ്സിലെ ഒരു ജേഴ്സിപ്പശുവായിരുന്നു ചെറിയാച്ചനെന്നത് ആരൊക്കെ നിഷേധിക്കാൻ ശ്രമിച്ചാലും ഒരു പരമ വാസ്തവമാണ്. കുറച്ച് പുല്ലും അല്പം കഞ്ഞിവെള്ളവും മാത്രം കൊടുത്താൽ നാലു നേരവും പാത്രം നിറച്ച് കറക്കാൻ മാത്രം നല്ല പാലും ചാണകവും ധാരാളം നൽകിയിരുന്ന ഒന്നാന്തരം ജേഴ്സി. കറവക്കാരന്റെ കയ്യിലെ മെനകേട് കൊണ്ട് മാത്രം കയറ് പൊട്ടിച്ചുപോയ പാവം പശു. നാലു നേരം പോരാഞ്ഞിട്ട് പതിനാറു തവണ അകിടിൽ പിടിക്കുകയും പുല്ല് നൽകുന്നതിന് പകരം മുഖത്ത് നോക്കി പുല്ലേ എന്ന് വിളിക്കുകയും ചെയ്താൽ ഈ പശുവല്ല ഏതു പശുവും കയറ് പൊട്ടിക്കുകയുയ്ം കറവക്കാരന്റെ നെഞ്ചിനു നോക്കി തൊഴിക്കുകയും ചെയ്യും.

മധ്യ കേരളത്തിലെ സാമാന്യം പേരും പ്രശസ്തിയുമുള്ള പകലോമറ്റം നസ്രാണി കുടുംബത്തിലായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ ജനനം. തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹൈസ്കൂളിലും മാരിവാനിയോസിലും യൂണിവേഴ്സിറ്റി കോളജിലും ഗവണ്മെന്റ് ലോകോളജിലുമായാണ് പഠനം പൂർത്തിയാക്കിയത്. പഠനത്തിനിടയിലെപ്പോഴോ തലയിൽ കയറിയതാണ് കെ എസ് യു വും രാഷ്ട്രീയവും. തുടക്കം സാക്ഷാൽ ഉമ്മൻ‌ ചാണ്ടിക്കൊപ്പമായിരുന്നു. കെ എസ് യു സ്കൂൾ യൂണിറ്റിന്റെ കണ്വീനറായി തുടക്കം കുറിച്ച രാഷ്ട്രീയ ജീവിതത്തിൽ കർട്ടനു പിന്നിൽ നിൽക്കാനായിരുന്നു ആളിന് യോഗം. 1975മുതൽ 80 വരെ കെ എസ് യുവിന്റെ ജനറൽ സെക്രട്ടറി ആയും തുടർന്ന് കെ എസ്യു പ്രസിഡന്തും യൂത്ത്കോൺഗ്രസ് വൈസ്പ്രസിഡന്റായുമൊക്കെ നിറഞ്ഞ് നിന്നെങ്കിലും തെരഞ്ഞെടുപ്പുകളിലെ സീറ്റ് വീതം വെയ്ക്കലുകളിൽ ‘നായ്ക്കും വേണ്ടാ‍ത്തത് അപ്പന്’ എന്ന പോളിസിപ്രകാരമുള്ള സീറ്റുകളാണ് ആളിന് ലഭിച്ചത്. നിരന്തരം പരാജയപ്പെടുന്ന അളേന്ന ദുഷ് ഖ്യാാതി സമ്പാദിക്കാൻ മാത്രമേ ഈ സീറ്റുകൾ ഉപകരിച്ചുള്ളൂ. ഏ കെ ആന്റണിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ എന്നൊക്കെ അണിയറപ്പേരുകൾ ഉണ്ടായിരുന്നെങ്കിലും ആദർശ ധീരനായ ആന്റണി ചെറിയാൻ ഫിലിപ്പിനെ തഴഞ്ഞുകളഞ്ഞുവെന്ന ഒരു അടക്കം പറച്ചിൽ കോൺഗ്രസ് ക്യാമ്പുകളിൽ ശക്തമായിരുന്നു. തലയിൽ ആളുതാമസമുള്ള ചുരുക്കം ചില കോൺഗ്രസുകാരിൽപ്പെടുത്താവുന്ന ചെറിയാച്ചന് വിനയായതും ഈ ആളനക്കമാണ്.


 സംസ്ഥാന കോൺഗ്രസിലെ ആൻറ്റണി യുഗത്തിലെ പിന്നാമ്പുറ ശക്തിയായിരുന്ന ചെറിയാച്ചനെ അന്തോണിച്ചൻ കറിവേപ്പില ചവച്ച് തുപ്പുന്നത്പോലെ തുപ്പിക്കളഞ്ഞതിലുള്ള മനക്ലേശം കൊണ്ട് മാത്രമാണ് ഇടതുപക്ഷത്തേക്ക് ചേക്കേറിയത്. കോൺഗ്രസ് എന്ന നാടകശാലയുടെ കർട്ടൻ വലിപ്പുകാരൻ എന്ന വിശേഷണം കൊണ്ടു തന്നെയാണ് സി പി എമ്മിന് ചെറിയാൻ ഫിലിപ്പിനോട് മമത തോന്നുന്നതും തോർത്തുമുണ്ട് കൊണ്ട് കൊണ്ട് തോട്ടുമീൻ പിടിക്കുന്ന ലാഘവത്വത്തിൽ ആളിനെ അടിച്ചെടുത്ത് കൂടെയിരുത്തിയതും. കൈരളി ടിവിയുടെ ഉപദേശകറോളിലും കെടിഡിസിയുടെ ചെയർമാൻ റോളിലുമൊക്കെയായി ചെറിയാൻ ഫിലിപ്പിന്റെ ജന്മം ഒതുങ്ങിപ്പോയ്യേക്കുമെന്ന് ദോഷൈകദ്യക്കുകൾ പരഞ്ഞുതുടങ്ങിയ സമയത്താണ് പുതിയ വെടിയുമായി പുള്ളിക്കാരൻ അരങ്നേറുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരൻജ്ഞെടുപ്പുകളിൽ തങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന ചില കോൺഗ്രസ് യൂത്തന്മാരുടെ പ്രതിഷേധ രീതിയാണ് ആളെ ഇളക്കിക്കളഞ്ഞത്. സീറ്റു കിട്ടാത്ത യൂത്തൻ എന്ന് കേൾക്കുമ്പോൾ ചെറിയാച്ചന് ഒരു ഭൂതകാലക്കുളിര് അനുഭവപ്പെടും. ഇത്തവണ യൂത്തന്മാർ തങ്ങളുടെ ഉടുപ്പൂരിയാണ് പ്രതിഷേധം അറിയിച്ചത്. ഈ ഉടുപ്പൂരലിന്റെ പിന്നിലെ പ്രതീകാത്മകത പെട്ടെന്ന് ക്ലിക്കായത് ചെറിയാച്ചനാണ്. സർഗാത്മകമായി അതങ്ങ ഫേസ് ബുക്കിൽ കാച്ചി. കോൺഗ്രസിന്റെ വനിതാ സംവരണ സീറ്റുകൾക്കായി ഇത്തരം പ്രതിഷേധം സ്വകാര്യമായി നടത്തിയ ചില വനിതാ നേതാക്കളെ തനിക്കറിയാമെന്നും ഒരു അമിട്ട് പൊട്ടിച്ചു. ദോഷം പറയരുതല്ലോ നാടും നാട്ടാരും ഇളകിയിട്ടും ഈ പ്രസ്താവനക്കെതിരിൽ കോൺഗ്രസിലെ തലമുതിർന്ന അപ്പന്മാർ ആരും പ്രതികരിച്ഖില്ല. ചിലരുടെയൊക്കെ ഉള്ളിൽ അടപ്രഥമൻ വേവിച്ചെടുക്കാനുള്ള തീയാണെരിഞ്ഞത് അന്ന് തോന്നുന്നു. സംഗതി എന്തായാലും ഏറ്റുവെന്ന് തോന്നുന്നു. കൂടുതൽ പിണക്കാതെ ചെറിയാൻ ഫിലിപ്പിനെ പരിഗണിച്ചേക്കണമെന്നൊരു സൻദേശം ഇതിലൂടെ സി പി എമ്മിന് ലഭിച്ചിട്ടുണ്ടെങ്കിൽ നല്ലത്. അല്ലത് അല്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മേൽമുണ്ട് മാത്രമല്ല, ചിലരുടെയൊക്കെ അടിമുണ്ടും അഴിഞ്ഞു വീഴാൻ സാധ്യതയുണ്ട്. കലികാലം കലികാലം ഈശ്വരോ രക്ഷതു. 

No comments:

Post a Comment

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....