Sep 13, 2011

അല്‍ ഹ‌ഗ്‌ല്‍: മനം മയക്കുന്ന അറേബ്യന്‍ വിസ്മയ തീരം

അല്‍ ഹ‌ഗ്‌ല്‍:
മനം മയക്കുന്ന അറേബ്യന്‍ വിസ്മയ തീരം
എം എസ് ഷൈജു, കൊല്ലം

റേബ്യന്‍ മണല്‍ക്കാടുകളിലെ വിജനമായ നിശബ്ദതകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പ്രക്യതി സൗന്ദര്യത്തിന്റെ അനേകായിരം ദ്യശ്യവിസ്മയങ്ങളിലൊന്നു മാത്രമാണ്‌ ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഹഗ്‌ല്‍ ബീച്ച്. നയനാന്ദത്തിന്റെ സ്വര്‍ഗീയനുഭൂതി ചുരത്തുന്ന പ്രക്യതിയുടെ ദൈവീക വരദാനം. വിരസതയുടേയും മടുപ്പിന്റേയും കനല്‍ക്കാറ്റുകള്‍ ആഞ്ഞു വീശുന്ന മരൂഭൂമിയുടെ ആന്തരിക സ്പന്ദനങ്ങള്‍ പലപ്പോഴും പുറം ലോകം അറിയാതെ പോകുന്നവയില്‍ ചിലതു മാത്രമാണ്‌. അറേബ്യന്‍ മണലാരണ്യത്തിന്റെ പുറം ചിത്രങ്ങള്‍ക്കുള്ളില്‍ അനര്‍ഘസൗന്ദര്യത്തിന്റെ ഗൂഢമന്ദസ്മിതം പൊഴിക്കുന്ന ഇത്തരം നിരവധി കാഴ്ചകളെക്കുറിച്ചുള്ള അറിവായിരുന്നു രണ്ടായിരം കിലോമീറ്റര്‍ ദൂരത്തെ അല്‍ ഹഗ്‌ല്‍ ബീച്ചിലേക്കൊരു യാത്ര പോകാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. മരുഭൂമിയുടെ ഉള്ളുണര്‍ത്തുന്ന കാഴ്ചകളുടെ അദ്ഭുത ലോകത്തേക്കാണ്‌ ആ യാത്ര ഞങ്ങളെ നയിച്ചത്.
വിരസമായ മണല്‍ക്കടുകള്‍ക്കുള്ളില്‍ വര്‍ണ്ണിച്ചു തീര്‍ക്കാന്‍ കഴിയാത്ത സൗന്ദര്യത്തിന്റെ നിറക്കൂട്ടുകളാല്‍ ചാലിച്ച പ്രക്യതിയുടെ പ്രസരിപ്പുകള്‍ അനവധിയാണ്‌. അറേബ്യന്‍ സാംസ്കാരികതയില്‍ നിന്നുമുള്ള ഒരു ദിശാവ്യതിയാനം ഭയപ്പെടുന്നതു കൊണ്ട് കൂടിയാകണം ടൂറിസത്തെ ഇവിടങ്ങളില്‍ വേണ്ടത്ര പ്രോസത്സാഹിപ്പിക്കാത്തത്. അല്ലായിരുന്നുവെങ്കില്‍ സഞ്ചാരികളുടെ പറുദീസയായി ഇവിടങ്ങള്‍ മാറുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
ഞങ്ങള്‍ തബൂക്കില്‍ നിന്നും രാവിലെ തന്നെ പുറപ്പെട്ടു. തബൂക്കില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ ദൂരെയാണ്‌ ഹഗ്‌ല്‍ ബീച്ച്.പട്ടാണാതിര്‍ത്തി വിട്ടു കഴിഞ്ഞപ്പോള്‍ തന്നെ മനമുണര്‍ത്തുന്ന പുറം കാഴ്ചകളുടെ ഉറവ വറ്റാത്ത ദ്യശ്യവിരുന്നും ആസ്വദിച്ച് ഞങ്ങളിരുന്നു.മനോഹരമായ പ്രക്യതിയുടെ ശില്പ ചാതുരി. പുറത്തിറങ്ങി നിന്ന് കുറേ ചിത്രങ്ങളെടുക്കണമെന്നു തോന്നി. ആകാശത്തേയ്ക്ക് തലയെടുത്തു നില്‍ക്കുന്ന വ്യതസ്ത ആക്യതിയിലും രൂപത്തിലുമുള്ള മലമടക്കുകള്‍ വിവിധ വര്‍ണരാജികളെ ലയിപ്പിച്ചു ചേര്‍ത്ത ഒരു കൂറ്റന്‍ ക്യാന്‍‌വാസിലെ ചിത്രങ്ങള്‍ പോലെ തോന്നിപ്പിച്ചു.കമ്പ്യൂട്ടറിന്റെ സ്ക്രീനില്‍ അഴകോടെ തെളിയുന്ന വാള്‍ പേപ്പറുകള്‍ പലതും ഇവിടെ നിന്നുമുള്ള ദൂരക്കാഴ്ച്ചകളാണെന്ന് കൂടെയുള്ള സുഹ്യത്ത് വിശദീകരിച്ചു. നാലു ഭാഗവും വിടര്‍ന്നു നില്‍ക്കുന്ന പടു കൂറ്റന്‍ താമരയിതളുകള്‍ പോലെ തോന്നിക്കുന്ന പര്‍വതങ്ങള്‍. അതിനിടയ്ക്കു കൂടി ഒരു തോണി തുഴയുന്നതു പോലെ ഞങ്ങളുടെ കോസ്റ്റര്‍ വാന്‍ മെല്ലെ സഞ്ചരിച്ചു.ആ മല മടക്കുകളില്‍ കയറി നിന്നു ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. "ഹേ സഞ്ചാരികളേ! നിങ്ങളെവിടെയാണ്‌? പ്രക്യതിയുടെ വിരല്‍ പാടുകള്‍ പതിഞ്ഞ്‌ കിടക്കുന്ന ഈ മനോഹാരിതകള്‍ നിങ്ങള്‍ കാണുന്നുല്ലേ"
വളവുകളും തിരിവുകളുമുള്ള സിംഗിള്‍ റോഡിലൂടെ വാന്‍ ചീറിപ്പായുന്നു. ഹഗ്‌ലിന്റെ തീരമണയാനുള്ള ആവേശം വാഹനത്തിനുള്ളതു പോലെ തോന്നി.
 
ദൂരെ നീലപ്പട്ട് വിരിച്ചതു പോലെ ചെങ്കടലിന്റെ ദ്യശ്യം കാണാം. ഹഗ്‌ലിന്റെ ദൂരക്കാഴ്ച്ചയാണ്‌.തികച്ചും വ്യതസ്തമായ ഭൂപ്രക്യതി. വരികള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കാത്ത ത്രസിപ്പിക്കുന്ന സൗന്ദര്യമാണ്‌ ഹഗ്‌ലിന്റെ വിദൂര വീക്ഷണം. നീലപ്പരവതാനിക്കപ്പുറം ഇളം വെയിലിന്റെ സുവര്‍ണ്ണ രശ്മികളില്‍ തിളങ്ങുന്ന പര്‍‌വത ശിഖരങ്ങള്‍. വ്യത്യസ്ത രൂപങ്ങളില്‍ കൊത്തിവെച്ച ശില്പങ്ങളുടെ ചാതുര്യത്തോടെ ആകാശ നോട്ടം നടത്തുന്ന മല മടക്കുകള്‍ക്കിടയിലേക്ക് കടല്‍ ലോപിച്ച് ചേരുന്നത് ഹഗ്ഗ്‌ലിന്റെ മാത്രം കാവ്യ ഭംഗിയാണ്‌.
വളഞ്ഞു പുളഞ്ഞ് താഴേക്കു നീളുന്ന പാതയ്ക്കിരുവശവും മനോഹരങ്ങളായ ചെടികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു.പാതയുടെ ഒരു വശം പൂര്‍ണ്ണമയും മലകളാണ്‌. മറുഭാഗത്ത് വിവിധ ആക്യതിയിലും വര്‍ണ്ണങ്ങളിലുമുള്ള മനോഹരങ്ങളായ റിസോര്‍ട്ടുകളും ടൂറിസ്റ്റ് ബംഗ്ലാവുകളും നിര നിരയായി കാണുന്നു.കോവളം ബീച്ചിലേക്കുള്ള വഴിയാണ്‌ പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞത്.വിവിധ രാജ്യക്കാരായ സഞ്ചാരികള്‍ ഇവിടെ വരുന്നുണ്ട്.ടൂറിസം ഒരു വരുമാന മാര്‍ഗമല്ലാത്തതു കൊണ്ടാണത്രേ ഈ സ്ഥലങ്ങള്‍ക്കൊന്നും വലിയ പ്രചാരം നല്‍കാത്തത്. റിസോര്‍ട്ടുകളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ക്യത്രിമ വിനോദത്തിനായുള്ള നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും നോക്കിയാല്‍ കടലിലേക്ക് നീണ്ടു കിടക്കുന്ന നീളന്‍ പൂമുഖമുള്ള മനോഹരങ്ങളായ വീടുകളുടെ ഒരു ശ്യംഖല തന്നെ കാണാം. സമ്പന്നരായ സൗദികള്‍ പണികഴിപ്പിച്ചിട്ടിരിക്കുന്ന വിശ്രമ ബംഗ്ലാവുകളാണവ . ഇടയ്ക്ക് ഈ അനര്‍ഘ സൗന്ദര്യം നുകരാന്‍ സകുടുംബം താമസിക്കുന്നതിനാണ്‌ ഈ സ്വപ്ന സൗധങ്ങള്‍ പണി കഴിപ്പിച്ചിട്ടിരിക്കുന്നത്.കൂടെയുള്ള തബൂക്കുകാരന്‍ സുഹ്യത്ത് ഞങ്ങള്‍ക്ക് ഒന്നാന്തരമൊരു ഗൈഡായിരുന്നു. ഞങ്ങള്‍ ഇപ്പൊഴും വാഹനത്തില്‍ തന്നെയാണ്‌. തൊട്ട്മുന്നില്‍ സൗദി അതിര്‍ത്തി അവസാനിക്കുന്നു. ഇനി മുന്നോട്ട് പോകണമെങ്കില്‍ ജോര്‍ദാന്‍ വിസ വേണം. ചെക്ക് പോയന്റിനു തൊട്ടുമുമ്പിലായി ഞങ്ങള്‍ വാഹനം നിര്‍ത്തി. വളരെ തിരക്കു കുറഞ്ഞ അതിര്‍ത്തി ചെക്ക്പോസ്റ്റ്


നീണ്ട് ഉയരമുള്ള ഒരു കടല്‍ത്തിട്ടയിലാണ്‌ ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.താഴേക്ക് ഇറങ്ങിപ്പോകാനുള്ള മനോഹരങ്ങളായ പടവുകളുണ്ട്.നീലക്കടലിന്റെ വിദൂരതയില്‍ ഒരു പരവതാനി പോലെ കാണുന്നത് ഇസ്രായേലാണെന്ന് സുഹ്യത്ത് വിശദീകരിച്ചു.രാത്രിയില്‍ അവിടെ തെളിയുന്ന വെളിച്ചം കടലിനെ കൂടുതല്‍ മനോഹരിയാക്കുന്നുണ്ട്. മൂന്നു രാജ്യങ്ങള്‍ കാഴ്ചയുടെ വിദൂര വിരുന്നൊരുക്കി കാത്തിരിക്കുന്നുവെന്നതാണ്‌ ഹഗ്‌ലിന്റെ ഒരു സവിശേഷത.ജോര്‍ദാന്‍, ഇസ്റായേല്‍, ഈജിപ്ത് എന്നിവയാണവ. ഒരു രാജ്യത്തു നിന്നും മറ്റു മൂന്നു രാജ്യങ്ങള്‍ വീക്ഷിക്കുക! ഇതൊരു അനല്പമായ ആശ്ചര്യം തന്നെ. രാത്രിയില്‍ നിലാവു ചൊരിയുന്ന ചന്ദ്രക്കീറു പോലെ ഈജിപ്തും മനോഹരമായി കാണാം. വ്യത്തിയായി സം‌രക്ഷിച്ചിരിക്കുന്ന ഹഗ്‌ലിന്റെ തീരവും ഏറെ മനോഹരമാണ്‌. കുസ്യതിയുടെ താളത്തില്‍ കരയോട് കിന്നാരം പറഞ്ഞടുക്കുന്ന തിരകളുടെ ലവണ സൗന്ദര്യമാണ്‌ ബീച്ചുകളെ മനോഹരമാക്കുന്നത്. തിരയൊഴിഞ്ഞ അലസമായ അറേബ്യന്‍ ബീച്ചുകളില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്‌ ഹഗ്‌ല്‍. സാമാന്യം ശക്തമായ തിരകളാണ്‌ ഹഗ്‌ലിനെ വ്യതസ്തയാക്കുന്നത്. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കിന്നാര മൊഴികളുടെ മഞ്ചാടിച്ചെപ്പ് തുറന്നു വെയ്ക്കുന്ന കാമുകീ ഭാവമാണ്‌ ഹഗ്‌ലിന്റെ തീരങ്ങള്‍ക്കുള്ളത്. ഈന്തപ്പനകളുംനിരവധി വ്യത്യസ്തങ്ങളായ വ്യക്ഷങ്ങളും കൊണ്ട് നിബിഢമായ ഒരു മനോഹര തോട്ടമാണു ബീച്ചിലേക്ക് നമ്മെ സ്വാഗതം ചെയ്ത് നില്‍ക്കുന്നത്. ഹഗ്‌ലിന്റെ മനോഹര തീരത്തെ അണിയിച്ചൊരുക്കിയിരിക്കുകയാണ് ഈ തോട്ടം.ചലിക്കുന്ന വീടുമായി ഒരു സൗദി കുടുംബം അവിടെ തമ്പടിച്ചിരിക്കുന്നു.ജനറേറ്ററും, ലൈറ്റിംഗ് സിസ്റ്റവും, എയര്‍ കൂളറും, ടി.വി ആന്റിനയുമൊക്കെയായി ഒരു ഡൈനകാരിയറും കൂടെയുണ്ട്. ക്യാമ്പ് ചെയ്യുന്നിടത്ത് സുഖമായി തങ്ങാനുള്ള മുഴുവന്‍ സം‌വിധാനവും ആ ട്രക്കിലുണ്ട്. ഇത് അറബികളുടെ ഒരു പൊതു സ്വഭാവമാണ്‌. സകുടുംബ സഞ്ചാരങ്ങളില്‍ അവശ്യം വേണ്ട് മുഴുവന്‍ സൗകര്യങ്ങളും അവര്‍ കരുതിയിരിക്കും.
ചെങ്കടലിലെ സൂര്യാസ്തമയം ഒരു വിസ്മയക്കാഴ്ചയാണ്‌. അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങളില്‍ കടല്‍ കുങ്കുമപ്പൊട്ട് വിതറിയതു പോലെ ചുവക്കും. ചെങ്കടലില്‍ ധാരാളമായി കാണപ്പെടുന്ന വ്യതസ്തങ്ങളായ പവിഴപ്പുറ്റുകളാണ്‌ കടലിനെ ഇത്രയധികം ചുവപ്പിക്കുന്നത്. അതു കൊണ്ടാണത്രേ ചെങ്കടല്‍ എന്ന പേരു വന്നത് തന്നെ.
കടലിനെ ചുംബിച്ച് നില്‍ക്കുന്ന മനോഹരമായ മലയില്‍ നീന്തിക്കയറണമെന്ന് തോന്നി.പക്ഷേ ശക്തമായ വലകള്‍ കൊണ്ട് ബീച്ച് സുരക്ഷിതമാകിയിട്ടുണ്ട്. ഒരു പരിധിക്കപ്പുറത്തേക്ക് നീന്താന്‍ കഴിയില്ല. സുരക്ഷിതത്വത്തിന്‌ വലിയ പ്രാധാന്യമാണ്‌ സൗദി സര്‍ക്കാര്‍ കൊടുക്കുന്നത്.ബീച്ചിന്റെ മറു ഭാഗത്തായി മനോഹരമായ ഒരു ഹാര്‍ബര്‍ കാണാം. ചെറിയ കപ്പലുകളും ബോട്ടുകളും വരികയും പോകുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് മടങ്ങേണ്ട സമയമായി.ഓര്‍മക്കളുടെ നിറക്കൂട്ടില്‍ ഓര്‍ക്കാന്‍ സുഖവും മണവുമുള്ള നിറങ്ങളും ചാലിച്ച് ഞങ്ങള്‍ ഹഗ്‌ലിനോടു വിട പറഞ്ഞു.പിന്നില്‍ അക്ഷരങ്ങളുടെ വളവുകളിലും തിരിവുകളിലും ഒതുങ്ങാത്ത സ്നിഗ്ദ്ധസൗന്ദര്യവുമായി ഹഗ്‌ല്‍ സഞ്ചാരികളെ മാടിവിളിക്കുന്നു.
msshaiju@yahoo.co.in

3 comments:

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....