Nov 12, 2011

ഇസ് ലാം വിരുദ്ധതയുടെ പുതിയ പതിപ്പുകൾ


ഇസ് ലാം വിരുദ്ധതയുടെ പുതിയ പതിപ്പുകൾ


എം എസ് ഷൈജു, കൊല്ലം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക ജാഗരണവും ആദർശ പ്രതിപത്തിയുള്ള മുസ്ലിം യുവതയും സജീവമായി വരുന്നുവെന്നത് മുസ്ലിം മീഡിയകൾ നല്കി വരുന്ന ഒരു ശുഭ വാർത്തയാണു. ആഗോളതലത്തിൽ ഇസ്ലാമിക സ്ഥാപനങ്ങളും, പ്രബോധന സംരഭങ്ങളും നിർലോഭം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം ശുഭ പ്രതീക്ഷകളിൽ പോലും ഗൌരവമായ ചില അശുഭ ചിന്തകൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നത് പലപ്പോഴും നാം അറിയാതെയൊ വായിക്കാതെയോ പോകുന്നു. ഇസ്ലാമിനെ വൈകാരികതയുടെ ആദർശമായും പ്രായോഗിക രാഹിത്യം മുഴച്ചു നില്ക്കുന്ന ഒരു ദർശനമായും വക്രീകരിപ്പിച്ച് അവതരിപ്പിക്കുന്നതിനുള്ള ബോധപൂരവമായ നീക്കങ്ങൾ ലോകത്തെമ്പാടും നടന്നു വരുന്നുവെന്നത് ഒരു വസ്തുതയാണു.ഒരോ കാലത്തും ഇസ്ലാം വിരുദ്ധ അച്ചുതണ്ടുകൾ അതിന്നായി അനവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിക്കുകയും,  ആദർശ നിഷ്ഠയും കർമശേഷിയുമുള്ള മുസ്ലിം യുവത്വം ഇതിനെ തിരിച്ചറിയുകയും കാലികവും പ്രായോഗികവുമായി പ്രതിരോധിച്ച് പോരുകയും ചെയ്തിട്ടുണ്ട്. ലോകത്തെ മാധ്യമ ഭീമന്മാർ ഇസ്ലാമിന്റെ എതിർ ചേരിയിൽ നിലയുറപ്പിച്ചു എന്നതാണു ഇരുപതാം നൂറ്റാണ്ടിൽ ലോകത്തുണ്ടായ ഇസ്ലാമിക വിരുദ്ധ തരംഗങ്ങളിലെ പ്രധാന കാഴ്ച. അവർ പടച്ചുവിട്ട ഇസ്ലാം വെറിയുടെ ഉച്ഛിഷ്ടങ്ങളാണു ലോകത്താകമാനമുള്ള പ്രാദേശിക മാധ്യമങ്ങൾ എറ്റു പിടിച്ചതും പ്രചരിപ്പിച്ചു കൊണ്ടിരുന്നതും. കായിക പോരാട്ടങ്ങളുടെ ഭൂമികയിൽ നിന്നും ധൈഷണിക പ്രതിരോധത്തിന്റെ പുതിയ തലങ്ങളിൽ നിലയുറപ്പിച്ച സമകാലീന കുരിശു പോരാളികൾ ആഗോളതലത്തിൽ ഇസ്ലാമിന്റെ പ്രതിച്ഛായക്കു നേരെയാണു പ്രാചരണയുദ്ധത്തിലെ മിസൈലുകൾ പായിച്ചത്. ഒരു ഭാഗത്ത് ആയുധ വേട്ടയും മറുഭാഗത്ത് മാധ്യമവേട്ടയുമാണു ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക ചരിത്രത്തിന്റെ രണ്ടു പാർശ്വങ്ങളിൽ നമുക്കു കാണാനാവുന്നത്.
                          
ഉരവശീ ശാപം ഉപകാരമെന്ന പഴൻചൊല്ലിനെ അനവർത്ഥമാക്കുമാറ്, ഇത്തരം ഗൂഡനീക്കങ്ങൾ പൊതുവിൽ ആഗോള മുസ്ലിം സമൂഹത്തിനു ഒരു പരിധി വരെ ഗുണകരമായിത്തീർന്നിട്ടുണ്ട്. നിരവധി പ്രായോഗിക പ്രതിരോധത്തിന്റെ ക്രിയാത്മക ഇടപെടലുകൾ മുസ്ലിം ലോകത്തുനിന്നും ഉയർന്നു വന്നു. ചെറുതെൻകിലും, ആദർശനിഷ്ഠയും, കർമ കുശലതയും, കാര്യ ശേഷിയും, ആസൂത്രണ പാടവവും, അവതരണ രീതിശാസ്ത്രവുമറിയുന്ന ഒരു സംഘം പ്രബോധകൻമാർ ലോകത്ത് ഉണ്ടായിവന്നു. അലസഗമനരായ മുസ്ലിം പൊതുജനത്തിനു പോലും തങ്ങളുടെ നിലനില്പ്പിനെ ക്കുറിച്ച് ഒരു സ്വത്വബോധം രൂപപ്പെട്ടു വന്നുവന്നതാണു ഇതിൽ മുസ്ലിം പക്ഷത്തിനുണ്ടായ എറ്റവും വലിയ വിജയം. മുസ്ലിം വിരുദ്ധരെ സംബന്ധിച്ചേടത്തോളം എറെ അസഹ്യവും ഇതു തന്നെയായിരുന്നു. ഇസ്ലാം വിരുദ്ധതയുടെ പുതിയ പതിപ്പുകൾ തേടാൻ അവരെ പ്രേരിപ്പിച്ചതും ഇതൊക്കെയായിരിക്കും

ഇസ്ലാമിക വിരുദ്ധ ശക്തികൾ,20ആം നൂറ്റാണ്ടിലെ ആന്റി ഇസ്ലാം മൂവെമെന്റ് വ്യാപിപ്പിക്കാൻ ആശ്രയിച്ചത് പ്രചാരണയുദ്ധമെന്ന കൌശലതന്ത്രത്തെയായിരുന്നു. ആയിരം തവണ ആവർത്തിച്ച് ഉരുവിടുന്ന നുണകൾക്കും, അർദ്ധസത്യങ്ങൾക്കും ക്രമേണ ഒരു പൂർണസത്യത്തിന്റെ ധാരണ സ്യഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന സിദ്ധാന്തം പ്രായോഗികമായി പ്രാവർത്തികമാക്കിയത്, നാസി ജർമനിയിലെ പ്രാചരണവിഭാഗം മന്ത്രിയായിരുന്ന ജോസഫ് ഗീബൽസാണു. ഈ വക്രതയുടെ തന്ത്രം ആ നൂറ്റാണ്ടിൽ എറെ ഫലപ്രദമായി നടപ്പിലാക്കിയത് ഇസ്ലാം വിരുദ്ധതയുടെ കളിക്കളങ്ങളിലുമാണു. 
ലോകത്തെ ഇസ്ലാമിക ചലനങ്ങളുടെ സമീപനശാസ്ത്രങ്ങളിൽ സംഭവിക്കുന്ന ഗതിമാറ്റം ഒരു സൂക്ഷ്മപരിശോധനക്കു വിധേയമാക്കുമ്പോൾ ചില അസുഖകരമായ സാഹചര്യങ്ങൾ നമുക്കു കാണാതിരിക്കാൻ കഴിയില്ല. ഇസ്ലാമിക നവജാഗരണം അവകാശപ്പെടുന്ന, ലോകത്തെ നവോത്ഥാന സം രംഭങ്ങളൊക്കെ ഇന്ന് ഒടിത്തളർന്ന് കിതക്കുകയാണു. ഒരു പുതിയ പ്രതിസന്ധി നവോത്ഥാന ചലങ്ങൾക്കു മീതെ ഒരു കരിമ്പുകയായി ചുറ്റിയടിച്ചുകൊണ്ടിരിക്കുന്നു.ഇസ്ലാമിക നവോത്ഥാനത്തിന്റെ ചാലക ശക്തിയായിരുന്ന രാജ്യങ്ങളും അവക്കു പിന്നിൽ പ്രവർത്തിച്ച ധിഷണകളും ഇന്ന് ഊർജം നഷ്ടപ്പെട്ട് ഊർധ്വശ്വാസം വലിക്കുന്നതിന്റെ വക്കിലാണു. ഇസ്ലാമിക യുവത്വത്തിന്റെ ചലനാത്മകത നഷ്ടപ്പെട്ടു പോകുന്നുവെന്നതാണു ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇസ്ലാം നേരിടുന്ന എറ്റവും തീവ്രമായ അപകടങ്ങളിലൊന്ന്. ധൈഷണിക ക്രയശേഷി നഷ്ടപ്പെടുന്ന യുവത്വത്തിന്റെ മങ്ങിയ പ്രതിച്ഛായകളാണു നവോത്ഥാന ചലനങ്ങളുടെ പിന്മുറക്കാരിൽ പോലും കാണുന്നത്. ഇവർ നെയ്തു കൂട്ടുന്ന ക്യത്രിമ ആത്മീയതയുടെ പരുപരുത്ത കരിമ്പടം പലപ്പോഴും ഇസ്ലാമിന്റെ സാംസ്കാരികത്തിടമ്പുകളെ ആവരണം ചെയ്യുകയാണു. ഇത് കേവലം ഇന്ത്യയിലോ കേരളത്തിലോ മാത്രം കാണുന്ന ഒരു പ്രതിഭാസമല്ല. ആഗോളതലത്തിൽത്തന്നെ അനുഷ്ഠാന തീവ്രതയുടെ രൂപഭാവങ്ങളിൽ ഭാഷകൾക്കും സംസ്കാരങ്ങൾക്കും മീതെ ഇത് വ്യാപിച്ച്കൊണ്ടിരിക്കുന്നു. ധൈഷണിക ക്രയശേഷി തല്ലിക്കെടുത്തപ്പെട്ട, കേവലാത്മീയതയുടെ പേക്കോലങ്ങളായി മുസ്ലിം യുവത്വത്തെ തളച്ചിടുന്നതിനായി ഗൂഡപദ്ധതികൾ ലോകത്ത് ആവിഷ്കരിക്കപ്പെടുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ മുസ്ലിം ധിഷണയേയും, നവോത്ഥാനത്തിന്റെ ആദർശ പാഥേയങ്ങളേയും ആക്രമണത്തിന്റെ വെടിയൊച്ചകൾ കൊണ്ട് ശബ്ദമുഖരിതമാക്കിയിരുന്ന ലോകമാധ്യമങ്ങളും അവക്കു പിന്നിലെ ഇസ്ലാം വിരുദ്ധ ലോബിയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പൊതുവെ ശാന്തരാണു; അല്ലറ വെടിയൊച്ചകളും ചില്ലറ പൊട്ടിത്തെറികളും കേൾക്കുന്നുണ്ടെൻകിലും. മറ്റേതോ മേഖലയിലേക്കു അവർ ബോധപൂരവംചേക്കേറുന്നു എന്നതിന്റെ സൂചനകൾ കൂടിയാണു ഇതു നല്കുന്നത്.
                            
അതിരു കടന്ന ആത്മീയതയുടേയും, അയഥാർത്ഥമായ മതാഭിനിവേശത്തിന്റേയും മറവിൽ ഇസ്ലാം എന്നത് ഒരു സക്രിയമായ പ്രത്യശാസ്ത്രം എന്നതിൽ നിന്നും ഒരു അനുഷ്ഠാന കലയുടെ മാത്രം മതമായി ചുരുട്ടിക്കെട്ടപ്പെടുകയാണോ? ഇസ്ലാം വിരുദ്ധതയുടെ ഗൂഡ ഫണങ്ങൾ വിടർത്തപ്പെട്ടിരിക്കുന്നത് ചടുലവും വിപ്ലവാത്മകവുമായ യുവത്വത്തിന്റെ നേർക്കാണു. ഇസ്ലാമിന്റെ ജീവസ്സുറ്റ സാംസ്കാരിക തലത്തെ ആചാരങ്ങളിൽ മാത്രം ബന്ധിപ്പിക്കുന്നത് അജയ്യവും അപരിമേയവുമായ ആ ആദർശത്തോടു ചെയ്യുന്ന ഒരു നിശബ്ദയുദ്ധമാണെന്ന് ആരൊക്കെയൊ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. ഇസ്ലാമിന്റെ സാംസ്കാരികത്തനിമയെ നിരാകരിച്ചുകൊണ്ട് അനുഷ്ഠാനങ്ങളുടെയും കർമ്മങ്ങളുടേയും മാത്രം മുരടിച്ച പാതയിൽ അതിനെ നയിക്കാൻ ശ്രമിക്കുന്നവർക്കു, അവർ അറിഞ്ഞോ അറിയാതെയോ ഇത്തരം ഇസ്ലാമിക വിരുദ്ധരുടേയും മാധ്യമങ്ങളുടേയും നിശബ്ദപിന്തുണ ലഭിക്കുന്നുണ്ടോയെന്നതും നാം ജാഗ്രതാപൂരവം വിലയിരുത്തേണ്ട വിഷയമാണു. ലോകത്ത് ഇത്തരം ചിന്താവ്യതിയാനങ്ങൾ അതിവേഗം വ്യാപിക്കുന്നു എന്നത് ഇതിന്റെ പിന്നിലെ ഗൂഡ താല്പര്യങ്ങളെ വെളിവാക്കുന്നുണ്ട്. അങ്ങെനെയെൻകിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇസ്ലാം നേരിടുന്ന എടവും വലിയ വെല്ലുവിളി ഇതു തന്നെയാകും, തീർച്ച.
                                                                        msshaiju@yahoo.co.in

No comments:

Post a Comment

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....