Nov 16, 2011

പ്രവാസം; യുവത്വം; അതിജീവനം


പ്രവാസം; യുവത്വം; അതിജീവനം
എം എസ് ഷൈജു, കൊല്ലം
പ്രവാസം ഒരു നെരിപ്പോടാണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്‌. അതീജീവനത്തിന്റെ തീക്ഷ്ണമായ കനലുകളെരിയുന്ന ഒരു മഹാ നെരിപ്പോടാണ്‌ പ്രവാസം. അനേക ലക്ഷം ചടുലമായ യൗവ്വനത്തിന്റെ ചിറകുകള്‍ നിര്‍‌വികാരതയോടെ കരിഞ്ഞുവീണ ഒരു അഭിശപ്ത നെരിപ്പോട്. അത് ജ്വലിപ്പിച്ച പ്രകാശത്തില്‍ വഴി കണ്ട് അതീജീവനത്തിന്റെ കനല്പഥങ്ങള്‍ താണ്ടിക്കടന്നവരുടെ വിജയ ഭേരികള്‍ കേള്‍ക്കാതെയുള്ള സ്വാര്‍ത്ഥമായ ഒരു വിലയിരുത്തലല്ല ഇത്. കേരളത്തിലെ യുവത്വത്തിന്റെ ഒരു മഹാപങ്ക് പ്രവാസത്തിന്റെ ചൂര് നുകര്‍ന്നവരാണ്‌. പ്രവാസത്തിന്റെ എരിയുന്ന കനലുകളില്‍ നിന്നും ചിലര്‍ വെളിച്ചം തേടുമ്പോള്‍ ചിലര്‍ ആ കനലുകളായ്ത്തന്നെ എരിഞ്ഞില്ലാതെയാകുന്നു. യുവത്വത്തില്‍ നുകരുന്ന ജീവിതാനുഭവങ്ങളാണ്‌ ഒരാളെ പരിപക്വമാക്കുന്നതെന്നും അയാളുടെ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നത് എന്നുമാണ്‌ പറയപ്പെടുന്നത്. പ്രവാസം അതിന്റെ ശക്തവും അനാദ്യശ്യവുമായ ഹസ്തങ്ങളാല്‍ കേരളീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. തൊള്ളായിരത്തി എഴുപതുകളിലാണ്‌ ഗള്‍ഫ് നാടുകളിലേയ്ക്ക് യുവത്വത്തിന്റെ വ്യാപകമായ ഭാഗ്യം തേടിയുള്ള യാത്രകള്‍ ആരംഭിക്കുന്നത്. പ്രതീക്ഷകള്‍ വറ്റാത്ത മനസും എന്തിനേയും എതിരിട്ട് തോല്പ്പിക്കാനുള്ള ചങ്കൂറ്റവുമുള്ളവരായിരുന്നു പ്രവാസത്തിന്റെ സ്വര്‍ഗീയ ഭൂമിക തേടി പറന്നുയര്‍ന്നത്. പുരോഗതിയിലേയ്ക്ക് കുതിച്ച് കൊണ്ടിരുന്ന മനുഷ്യ രാശിയുടെ മുഖ്യധാരയില്‍ നിന്നും ഒരു നൂറു കൊല്ലമെങ്കിലും പിന്നില്‍ നടന്നിരുന്ന കേരളീയരെ ലോക ജനത്യ്ക്ക് ഒപ്പമെത്തിക്കുന്നതില്‍ ഗള്‍ഫ് പ്രവാസം വഹിച്ച പങ്ക് അപാരമായിരുന്നുവെന്നത് നിസ്തര്‍ക്കം.  ഗള്‍ഫ് എന്ന ഉപഭോഗ കമ്പോളത്തില്‍ നിന്നും കൗതുകച്ചിറകുകളൊടെ പറന്നു വന്ന വിസ്മയം വിടര്‍ത്തുന്ന ഉല്പന്നങ്ങളായിരുന്നു മലയാളിയുടെ ആദ്യ ഗള്‍ഫ് കാഴ്ചകള്‍. എത്തിപ്പിടിയ്ക്കാന്‍ ലക്ഷ്യങ്ങളും വെട്ടിപ്പിടിയ്ക്കാനുള്ള ചങ്കുറപ്പുമായിരുന്നു ആദ്യ കാല പ്രവാസികള്‍ക്കുണ്ടായിരുന്നത്. വിധിയെ വിരഹ ദുഖം കൊണ്ട് മല്ലിട്ട് ഇവര്‍ നടന്ന് പതിഞ്ഞ കരിമ്പാറകള്‍ നിറഞ്ഞ പ്രവാസമെന്ന മണ്ണ്‌ നാളത്തെ യുവതയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന അതിപ്രധാനമായ ഒരു സാമൂഹ്യ ഘടകമാകുമെന്ന് അവര്‍ ഒരിക്കലും ചിന്തിച്ചിരിക്കില്ല.
ഇന്ന് കേരളീയ യുവത്വത്തിന്റെ പ്രതീക്ഷയുടെ അശ്വ ബിംബങ്ങളാണ്‌ ഗള്‍ഫും ഗള്‍ഫിലെ തൊഴില്‍ സാധ്യതകളും. അവിടങ്ങളില്‍ നിന്നും കിനിഞ്ഞിറങ്ങിയ അറബിപ്പണത്തിന് ഒരു നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കാനായി എന്നതിനപ്പുറം ഒരു സമൂഹത്തിലെ യുവത്വത്തിന്റെ നല്ലൊരു പങ്കും ചിതറിത്തെറിച്ചിരിക്കുന്ന ഒരു സാംസ്കാരിക മണ്ഡലം എന്ന നിലയില്‍ക്കൂടിയാണ്‌ ഗള്‍ഫ് ഇന്ന് വിലയിരുത്തപ്പെടുന്നത്. വികസനത്തിന്റേയും പ്രതീക്ഷകളുടേയും നിലയ്ക്കാത്ത ചിലമ്പൊലി ശബ്ദമായി പ്രവാസ ജീവിതം പ്രകീര്‍ത്തിക്കപ്പെടുമ്പോഴും സഗൗരവം ചര്‍ച്ചയാകാതെ പോകുന്ന ചില സാംസ്കാരിക വ്യതിയാനങ്ങള്‍ക്ക് പ്രവാസത്തിലെ യുവത വിധേയമാകുന്നുണ്ട്. ഒരിക്കല്‍ അതിജീവനത്തിന്റെ ചിറകുകള്‍ വിടര്‍ത്തി തണല്‍ ചൊരിഞ്ഞു തന്ന പ്രവാസം ഇനിയും എത്ര നാള്‍ തുടരേണ്ടതുണ്ടെന്ന ഗൗരവമായ ഒരന്വേഷണവും എങ്ങു നിന്നും ഉയര്‍ന്നു വരുന്നതായി കാണുന്നുല്ല.  പ്രവാസത്തിന്റെ ഒരു നൂറ്റാണ്ട്* പിന്നിടുന്ന ഇക്കാലത്ത് പിന്നിലേയ്ക്ക് തിരിഞ്ഞുള്ള ഒരു വിശാല വായന നല്ലതാണ്‌.

പ്രവാസത്തിന്റെ വ്യത്യസ്ത തലങ്ങള്‍
ഒരു നൂറ്റാണ്ടിന്റെ പ്രവാസത്തിനു ശേഷം കേരളീയ യുവത്വത്തിന്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍  നമ്മുടെ സാമൂഹ്യ ഘടനയില്‍ ശക്തമായ പ്രതിഫലനങ്ങള്‍ സ്യഷ്ടിക്കുന്നുണ്ട്. പ്രവാസത്തില്‍ ജീവിക്കേണ്ടി വരുന്ന യുവത്വവും പ്രവാസം സ്പോണ്‍സര്‍ ചെയ്യുന്ന സുഖലോലുപതകളുടേയും സൗകര്യങ്ങളുടേയും പരോക്ഷ ഗുണഭോക്താക്കളായി നാട്ടില്‍ ജീവിക്കുന്ന യുവത്വവും ഇതില്‍ ഉള്‍പ്പെടും.
കേരളം അതിന്റെ ചരിത്രം ആരംഭിക്കുന്നത് തന്നെ പ്രവാസവുമായി ബന്ധപ്പെട്ടാണ്‌. ജീവസന്ധാരണത്തിനായി നാടു വിടുന്നവരെ പ്രവാസികളായി പരിഗണിക്കാമെങ്കില്‍ അത്തരം പ്രവാസികളുടെ പറുദീസയായിരുന്നു കേരളം. ബി.സി രണ്ടായിരത്തി അറുന്നൂറു മുതല്‍ തന്നെ കേരളത്തിലേയ്ക്ക് ഈജിപ്തില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമുള്ള അറബി വ്യാപാരികള്‍ നിശ്ചിതകാലം വന്നു താമസിച്ച് തിരിച്ച് പോകുമായിരുന്നു. 

തീര്‍ത്തും സ്വയം പര്യാപ്തമായ കേരളീയ സാഹചര്യത്തില്‍ വന്ന അതീവ ഗുരുതരവും അതിശക്തവുമായ ജാതി വ്യവസ്ഥയുടേയും, ജന്മി മേല്‍ക്കോയ്മയുടേയും, ഭരണ വര്‍ഗത്തിന്റെ അക്ഷന്തവ്യമായ സ്വജനപക്ഷപാതത്തിന്റേയും അനന്തര ഫലങ്ങളായി പരാശ്രയത്വത്തിന്റെ നുകങ്ങളില്‍ ആയുഷ്കാലം ബന്ധിതരായി കഴിയേണ്ടി വന്ന ഒരു ദരിദ്ര വര്‍ഗ്ഗം പിറവി കൊള്ളുകയും, അടിച്ചമര്‍ത്തലിന്റേയും അരക്ഷിതത്വത്തിന്റേയും സഹചാരികളായി തലമുറകളോളം കഴിയേണ്ടി വരികയും ചെയ്തു. കാലങ്ങളായി തലമുറകളിലൂടെ തങ്ങള്‍ സഹിക്കുന്ന അപമാനത്തിന്റേയും അരക്ഷിതത്വത്തിന്റേയും മാറാലകള്‍ പേറുന്ന അധമത്വ ഭാണ്ഡങ്ങള്‍ സ്വന്തം ചുമലില്‍ നിന്നും വലിച്ചെറിയാന്‍ വെമ്പല്‍ കൊണ്ട ഒരു ജന സമൂഹത്തിന്റെ പ്രതിനിധികളായിരുന്നു ആദ്യകാല പ്രവാസികള്‍. ഭേദപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടിയും അധികാരി, ജന്മി വര്‍ഗ്ഗങ്ങളുടെ പീഢനമുക്തമായ ഒരു ജീവിതം സ്വപ്നംകണ്ടും കേരളത്തില്‍ നിന്നും അന്യ നാടുകളിലേയ്ക്ക് ചേക്കേറാന്‍ സാധിച്ചവരുടെ എണ്ണം കുറവായിരുന്നുവെങ്കിലും, അത് അതിജീവനത്തിന്റെ മേച്ചില്പ്പുറങ്ങളായി ഇവര്‍ക്കനുഭവപ്പെട്ടു. തമിഴ്നാടും, കര്‍ണ്ണാടകയും, മഹാരാഷ്ട്രയുമായിരുന്നു ഇത്തരത്തില്‍ ആദ്യകാല പ്രവാസികള്‍ തെരഞ്ഞെടുത്ത ഭൂമികകള്‍.
1970കളോടെ തുടങ്ങിയ ഗള്‍ഫ് പ്രവാസത്തിന്റെ സാധ്യതകളോടെയാണ്‌ പ്രവാസമെന്ന ചിന്തയ്ക്ക് മേല്‍ ജീവിത സൗകര്യങ്ങളുടെ മേന്മയും, ആഢംബരത്തിന്റെ പളപളപ്പും പച്ച പിടിക്കുന്നത്. അറേബ്യണ്‍ മണല്‍ക്കാടുകളിലെവിടെയോ തങ്ങല്‍ സ്വപ്നം കാണുന്ന ഒരു സ്വര്‍ഗ്ഗീയ ഭൂമിക തങ്ങളേയും കാത്തിരിക്കുന്നുവെന്ന പ്രതീക്ഷ നിശ്ചയദാര്‍ഢ്യവും സാഹസിക ചിന്തയുമുള്ള ചെറുപ്പക്കാരെ അവേശഭരിതരാക്കി. ജീവിതം അല്ലെങ്കില്‍ മരണം എന്ന അതിജീവനത്തിന്റെ പ്രഖ്യാപനം നടത്തിക്കൊണ്ടാണ്‌ ഇവര്‍ നാടു വിട്ടിരുന്നത്. കഠിനാധ്വാനികളും സമ്പാദ്യ ശീലക്കാരുമായ ഇവര്‍ വളരെ വേഗം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേയ്ക്ക് കൂടുമാറി.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും (ഐ.സി.എസ്.എസ് ആര്‍) കേരള സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (കെ.എസ്.ഐ), കേരളീയ സമൂഹത്തില്‍ പ്രവാസവും പ്രവാസികളും ചെലുത്തിയ സ്വാധീനത്തേയും വികസനോന്മുഖമായ മാറ്റത്തേയും പറ്റി ആധികാരികമായി പനം നടത്തിയിട്ടുണ്ട്. അവരുടെ പനങ്ങളില്‍ കേരളത്തില്‍ സംഭവിച്ച പ്രവാസത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ബ്രിട്ടീഷ് കോളനികളായ മലേഷ്യ, ബര്‍മ്മ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് കേരളീയര്‍ നടത്തിയ പ്രവാസമാണ്‌ ഇതില്‍ ഒന്നാം ഘട്ടം. കാര്‍ഷിക മേഖലയിലേയ്ക്കും തോട്ടം മേഖലയിലേയ്ക്കുമാരുന്നു മുഖ്യമായും ആളുകള്‍ ചേക്കേറിയിരുന്നത്. 1930ലെ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഇമിഗ്രേഷന്‍ നിയമങ്ങളുടെ സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടും ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങള്‍ നടപ്പിലാക്കിയ നിയമങ്ങളുടെ നൂലാമാലകള്‍ കൊണ്ടും ഇത്തരം യാത്രകള്‍ പിന്നീട് അധികം ഉണ്ടായില്ല. ഇവരില്‍ പലരും പ്രവാസ ഭൂമികയില്‍ തന്നെ ശിഷ്ട കാലം കഴിച്ച് കൂട്ടുകയും ചെയ്തു.
ആഫ്രിക്കന്‍ നാടുകളിളേയ്ക്ക് നടന്ന വ്യാപകമായ കുടിയേറ്റത്തെയാണ്‌ പ്രവാസത്തിന്റെ രണ്ടാം ഘട്ടമായി ഗണിക്കുന്നത്. താരതമ്യേന വിദ്യാഭ്യാസം നേടിയ ഇന്ത്യാക്കാര്‍ മെച്ചപ്പെട്ട തൊഴില്‍, വേതന വ്യവസ്ഥകള്‍ തേടി ഇവിടങ്ങളില്‍ താമസമാക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനും അധികം ആയുസുണ്ടായില്ല. തദ്ദേശിയരുടെ ശക്തമായ ചെറുത്തു നില്പ്പും, വര്‍ണ്ണ വ്യവസ്ഥതിയുടെ വര്‍ദ്ധിച്ച സ്വാധീനവും ഇവരില്‍ ഭൂരിഭാഗത്തേയും ജന്മ നാടുകളില്‍ത്തന്നെ മടക്കിയെത്തിക്കാന്‍ കാരണമായി.
വികസിത രാജ്യങ്ങളായ വടക്കേ അമേരിക്കയിലും പടിഞ്ഞാരന്‍ യൂറോപ്പിലെ രാജ്യങ്ങളിലും 1950കളോടെ വ്യവസായങ്ങള്‍ ത്വരിതഗമനത്തിലാകുകയും, വര്‍ദ്ധിച്ച തോതിലുള്ള മാനവ വിഭവ ശേഷി ആവശ്യമായിവരികയും, ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ അധ്വാന ശീലരായ തൊഴിലാളികള്‍ക്കായി അവസരങ്ങളുടെ വാതില്‍ തുറന്നിടുകയും ചെയ്തു. ഇതിനെയാണ്‌ പ്രവാസത്തിന്റെ മൂന്നാം ഘട്ടമായി പരിഗണിക്കുന്നത്. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ നിരവധിയാളുകള്‍ ഈ ഒഴുക്കില്‍ പ്രവാസികളാകുകയും, വര്‍ഷങ്ങളായുള്ള സാംസ്കാരിക സഹവാസ, സങ്കലനങ്ങള്‍ക്ക് വിധേയമായി നിരവധി ഇന്ത്യാക്കാര്‍ ഇവിടങ്ങളില്‍ സ്ഥിരവാസമാക്കുകയും ചെയ്തു.

എന്നാല്‍ പ്രവാസത്തെക്കുറിച്ച് ഇന്നത്തെ ധാരണകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നിദാനമായത് 1970കളോടെ ഗള്‍ഫ് മേഖലയിലേയ്ക്ക് ഉണ്ടായ വന്‍ തോതിലുള്ള മാനവ ശേഷിയുടെ ഒഴുക്കോടെയാണ്‌. തുച്ഛ മായ വര്‍ഷങ്ങള്‍കൊണ്ട് ആഢംബരത്തിന്റെ പ്രഭാവലയത്തില്‍ മടങ്ങിവന്ന ഗള്‍ഫ് പ്രവാസികള്‍ ചെറുപ്പക്കാരില്‍ ആശ്ചര്യവും ആവേശവും നിറയ്ക്കുകയും യാത്രാ സം‌വിധാനങ്ങളിലുണ്ടായ വമ്പിച്ച പുരോഗതിയിലൂടെ പ്രവാസ സഞ്ചാരത്തില്‍ അനായാസത കൈവരിക്കുകയും ചെയ്തു. ത്യാഗ പൂര്‍ണവും അനിശ്ചിതത്വം നിറഞ്ഞതുമായ ദു ര്‍ഘട യാത്രകള്‍ക്ക് പകരം ശീതളമായ ഏതാനും മണിക്കൂറുകള്‍ കൊണ്ട് പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടാന്‍ കഴിയുന്ന ആധുനിക ഗതാഗത സം‌വിധാനങ്ങള്‍ പ്രവാസത്തിന്റെ ഗള്‍ഫൊഴുക്കിന്‌ ആക്കം കൂട്ടി. കടിനാധാനികള്‍ മാത്രമല്ല അലസരും സ്വപ്നജീവികളുമൊക്കെ പ്രവാസത്തിന്റെ ഈ നാലാം ഘട്ടത്തില്‍ തഴച്ച് വളര്‍ന്നു.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി കേരളമായിരുന്നു ഈ ഗള്‍ഫ് പ്രവാസത്തിന്റെ പ്രധാന ഭൗമസ്രോതസ്സ്. വ്യാപകമായ ഗള്‍ഫ് പ്രവാസം കേരളത്തിന്റെ കുടുംബ വ്യവസ്ഥകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. കാര്‍ഷിക, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മതരംഗങ്ങളില്‍പ്പോലും ഇത് ശക്തമായ സ്വാധീനം ചെലുത്തി. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ കേരളത്തിലെ യുവത്വത്തിന്റെ സിംഹ ഭൂരിപക്ഷവും, തിരിച്ചൊരു പറിച്ചുനടല്‍ സാധ്യമാകത്ത വിധം വിവിധ ഗള്‍ഫ് നാടുകളില്‍ വേരുകളാഴ്ത്തിക്കഴിഞ്ഞു.

പ്രവാസി യുവത്വവും സാംസ്കാരിക വ്യതിയാനങ്ങളും
മുന്‍‌കാലങ്ങളിലെ പ്രവാസത്തേയും പ്രവാസികളെയും ഇന്നുമായി ഒരു താരതമ്യം ചെയ്യുമ്പോള്‍, ഇന്നത്തെ പ്രവാസികള്‍ ഏറെ സ്വതന്ത്രരും യാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നവരുമാണെന്നു കാണാം. നിരവധി സാംസ്കാരിക, സാമൂഹിക സംഘടനകള്‍ പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമ സേവനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പലതും പ്രവാസികള്‍ക്ക്തന്നെ ബാധ്യതകളാകുകയും, സംഘര്‍ഷങ്ങള്‍ക്ക് വഴിത്താരകള്‍ തീര്‍ക്കുകയും ചെയ്യുന്നുണ്ട് എന്നൊരു കൂട്ടി വായന നന്നായിരിക്കും. സേവനങ്ങളും പ്രവര്‍ത്തനങ്ങളും താല്പര്യമുക്തമോ ലാഭേഛരഹിതമോ ആക്കാന്‍ ശ്രമിക്കുന്നില്ല എന്നൊരു ആരോപണത്തെ പരിഗണിച്ച്കൊണ്ട് തന്നെ ഇവരില്‍ പലരും സേവനത്തിന്റെ മാത്യകകളാകുന്നുവെന്നതും പരാമര്‍ശിക്കാതെ വയ്യ. സൗദി അറേബ്യയിലെ ദമ്മാം നഗരത്തില്‍ മാത്രം നൂറ്റിനാല്പത്തി‌യെട്ടോളം വ്യത്യസ്ത സംഘടനകള്‍ കടലാസു പുലികളായും, കര്‍മനിരതരായ സേവന സംഘങ്ങളായും പ്രവര്‍ത്തിക്കുന്നുവെന്നത് ആശ്ചര്യജനിതകമാണ്‌. രാഷ്ട്രീയ പ്രസ്ത്ഥാനങ്ങളുടെ പ്രവാസ പ്രായോജകരായ സംഘടനകളും സജീവമാണ്‌. വിനോദങ്ങളേയും കലകളേയും മാത്രം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളും, മതസംഘടനകളുമൊക്കെ മിക്കവാറും എല്ലാ ഗള്‍ഫ് നാടുകളിലും പ്രവര്‍ത്തിക്കുന്നുവെങ്കിലും, പ്രവാസി സമൂഹത്തില്‍ സംഭവിക്കുന്ന സൂക്ഷ്മമായ സാംസ്കാരിക വ്യതിയാനങ്ങളും, ധാര്‍മിക പ്രശ്നങ്ങളും വിലയിരുത്തുന്നതില്‍ ഇവയ്ക്ക് മിക്കതിനും ജാഗ്രതക്കുറവോ പരാജയങ്ങളോ സംഭവിക്കുന്നു.

പ്രവാസി യുവതയ്ക്കിടയില്‍ കുറ്റക്യത്യങ്ങളും സാംസ്കാരിക വൈക്യതങ്ങളും വര്‍ദ്ധിച്ചുവരുന്നുവെന്നത്‌ പ്രത്യേകിച്ച് പനങ്ങളുടെ പിന്‍ബലമില്ലാതെ തന്നെ മനസ്സിലാക്കാവുന്നതാണ്‌. ജയിലുകളില്‍ അടയ്ക്കപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം ഓരോ ഗള്‍ഫ് നാടുകളിലും കൂടി വരുന്നു എന്നാണ്‌ പത്ര വാര്‍ത്തകള്‍ നല്‍കുന്ന് വിവരം. തട്ടിപ്പും, കൊള്ളയും, കൊലയും, പെണ്‍‌വാണിഭങ്ങളൂമടക്കം നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മാഫിയാ സംഘങ്ങള്‍ പ്രവാസത്തിലെ കാണാമറയത്തിരുന്ന് അവരുടെ സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നു. കുടിപ്പകകളും മാത്സര്യങ്ങളും കൊലപാതകങ്ങളിലേയ്ക്ക് വരെ നീളുകയും നാട്ടിലെ കുടുംബങ്ങളിലേയ്ക്ക് കൂടി അത് വ്യാപിക്കുകയും ചെയ്യുന്നു. സൈബര്‍ തട്ടിപ്പുകളിലും അതിന്റെ ഇരകളിലും മലയാളി സാന്നിധ്യം വളരെകൂടുതലാണ്‌. പ്രവാസി സമൂഹത്തില്‍  സംഭവിക്കുന്ന ഈ അവസ്ഥാ വ്യതിയാനം പരിശോധിക്കുമ്പോള്‍ പ്രവാസത്തിന്റെ ഭാവിക്ക് മുകളില്‍ അരൂപിയായി തൂങ്ങുന്ന ഡമോക്ലീസിന്റെ കൂര്‍ത്തവാള്‍ കാണാന്‍ കഴിയുന്നുണ്ട്. ഒപ്പം എന്തൊക്കെയോ ഓര്‍മിപ്പിക്കുന്ന അപായ മണികളുടെ ശബ്ദമില്ലാത്ത ശബ്ദവും.

തിരിച്ചു വരവിന്റെ പ്രവാസം
ഒരിക്കലും മടങ്ങാന്‍ കഴിയാത്ത വിധത്തിലിള്ള ഒരു ഏണിയും പാമ്പും കളിയായ പ്രവാസത്തില്‍ നിന്നും നാം പരമമായി നേടുന്നതെന്ത് എന്ന ചോദ്യം വളരെ പ്രസക്തമാണ്‌. എത്ര പ്രവാസികള്‍ക്ക് ഈ ചോദ്യത്തിന്റെ ഗൗരവം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും? ഒരിക്കലും ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കാത്ത ഒരുജന്മനാടാണ്‌ ഒരോ പ്രവാസിയേയും കാത്തിരിക്കുന്നത്.  കേരളത്തിന്റെ സവിശേഷമായ സ്വയം പര്യാപ്തത കേരളത്തിന്‌ എന്നേ നഷ്ടമായിരിക്കുന്നു. മലയാളികളെ ഭക്ഷിപ്പിച്ചിരുന്ന വിശലമായ വയലേലകള്‍ അപ്രത്യക്ഷമായിരിക്കുന്നു. പരശ്രയത്വത്തിന്റെ നുകം ചുമക്കാന്‍ വയ്യാത്തതു കൊണ്ട് പ്രവാസികളാകേണ്ടി വന്ന ഒരു തലമുറയുടെ പിന്മുരക്കാറ് ഈ പ്രവാസം കൊണ്ട് നേടിയത് ഒരിക്കലും ഒഴിവാക്കനാവത്ത പരാശ്രയത്വം. ഒരു സമൂഹത്തിന്റെ പുരോഗതിയെന്നത് വിലയിരുത്തപ്പെടേണ്ടത് ഒന്നോ രണ്ടോ തലമുറയുടെ സുഖലോലുപതയിലോ, യമണ്ടന്‍ കോണ്‍‌ക്രീറ്റ് സൗധങ്ങളുടെ നിരയൊത്ത വ്യാപനത്തിലെ ദ്യശ്യ ഭംഗിയിലോ, നെടുനീളന്‍ റോഡുകളില്‍ നിരന്നു പായുന്ന വാഹങ്ങളിലൊ അതുമല്ലെങ്കില്‍ ഇന്നലെകളിലെ സ്വപ്നങ്ങല്‍ ഇന്ന് കൈക്കുമ്പിളിലൊതുക്കൊന്നതിലോ ആണോ എന്നതാണു നാം ഉത്തം അന്വേഷിക്കേണ്ട ചോദ്യം.

ഒരു സമൂഹത്തിലെ ചടുലമായ ഉച്ഛ്വാസ നിശ്വാസങ്ങളാണ്‌ അതിലെ കൗമാരവും യൗവ്വനവും. പ്രതീക്ഷകള്‍ പൂത്തുനില്‍ക്കുന്ന ചടുലമായ യൗവ്വനത്തിന്റെ അഭാവമാണ്‌ പല നാഗരികതകളേയും സാമ്രാജ്യങ്ങളേയും തകര്‍ത്തതും പിന്നോട്ടടിച്ചതും. പ്രവാസത്തിന്റെ ശീതളിമയിലും ജന്മനാട് നല്‍കുന്ന സ്വാതന്ത്രം അനുഭവിക്കാന്‍ സാധിക്കതെ കഴിയേണ്ടി വരുന്ന യുവജനങ്ങളില്‍ ഒരുതരം മാനസിക മരവിപ്പ് പടരുന്നുവെന്നാണ്‌ സാമൂഹ്യ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.  സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ഒരു യുവസമൂഹം വളര്‍ന്നു വരുന്നുവെന്നത് പ്രവാസ സംഘടനകള്‍ അതീവ ഗൗരവത്തോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. ഏത് പ്രവാസത്തിനും ഒരു അവസാനമുണ്ട്. ആ തിരിച്ചറിവാണ്‌ നാം ഉണ്ടാക്കിയെടുക്കേണ്ടത്. അഥാണ്‌ ചരിത്രം നല്‍കുന്ന പാഠം. മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ എഴുതിയ വിഖ്യാതമായ ഗ്രന്ഥമാണ്‌ ചരിത്രം നല്‍കുന്ന പാഠം എന്ന ശീര്‍ഷകത്തിലുള്ളത്. ശുഷ്ക ചിന്തയുടെ മതില്‍ക്കെട്ടുകള്‍ പൊളിച്ച് വിശാലമായ ഒരു സാമൂഹിക വായനയ്ക്ക് അവസരമൊരുക്കുന്ന ആ ഗ്രന്ഥം, ലോകത്തെ നിരവധി ചരിത്ര വൈപരീത്യങ്ങളും, അനുഭവ പാറങ്ങളും ചര്‍ച്ചയാക്കുന്നുണ്ട്. ബ്യഹത്തായ ഒരു ആലോചനാലോകം തുറന്നിടുന്ന ആപുസ്തകം അവസാനിക്കുന്നത് സുപ്രസിദ്ധമായ ഒരു പരാമര്‍ശത്തോടെയാണ്‌. അത് ഇപ്രകാരമാണ്‌. " ചരിത്രത്തില്‍ നിന്നും ആരും ഒന്നും പഠിക്കുന്നില്ല; അതാണത്രേ ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം"

14 comments:

 1. പ്രാവസത്തെ ഇത്ര വ്യക്തമായി എഴുതിയ ഒരു ബ്ലോഗ് പോസ്റ്റ് ഞാന്‍ വായിക്കുന്നത് ആദ്യമായാണ്......
  പരുമ്പൂരണ്ണമായി അത് എഴുതാന്‍ കഴിയില്ലെങ്കിലും ... താങ്കള്‍ വളരെ വ്യക്തമായി വിവരിച്ചു
  ആശംസകള്‍

  ReplyDelete
 2. " ചരിത്രത്തില്‍ നിന്നും ആരും ഒന്നും പഠിക്കുന്നില്ല; അതാണത്രേ ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം"..

  ഇത് പോലെയുള്ള മികച്ച ലേഖനങ്ങള്‍ പ്രവാസികളുടെതായി വളരെ അപൂര്‍വമായേ വായിച്ചിട്ടുള്ളൂ ...

  താങ്ക്സ്

  ReplyDelete
 3. ഒരു പ്രവാസിയെ മനസ്സിലാക്കാന്‍ മറ്റൊരു പ്രവസിക്കെ കഴിയൂ... ഒരു മെഴുകു തിരി പോലെ എരിഞ്ഞടങ്ങുന്ന പ്രവാസ ജീവിതത്തെ ... അതിന്റെ കാമ്പുള്ള യവ്വനത്തെ ഇങ്ങനെ നന്നായി എഴുതി അവതരിപ്പിച്ചതിനു ഷൈജുവിനു അഭിനന്ദനങ്ങള്‍..

  ചരിത്രം ഇത് വരെ രേഖപെടുതാത ഒരു സവിശേഷത 1970കളോടെ അറേബ്യണ്‍ മണല്‍ക്കാടുകളിലെക്ക് ചേക്കേറിയ ഈ പ്രവാസത്തിനില്ലേ.. പണ്ട് കാലത്ത് പ്രവാസിയായി പോയവാര്‍ അവരെതിപെട്ട നാട്ടില്‍ തന്നെ സ്ഥിര താമസമാകിയവരായിരുന്നു. ഇന്നിന്റെ പ്രവാസം പലതു കൊണ്ടും സങ്കീര്‍ണമാണ്‌.. അതി ജീവനത്തിന്റെ ഈ പരക്കം പാച്ചില്‍ സമൂഹത്തില്‍ ഉണ്ടായതിന്റെ രാസത്വോരകം ധാരാളം സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അസമത്വങ്ങളും കൂടിയാണ്.

  ഇവിടെ കാലു കുതിയവര്‍ പലരും സോയമേവ ഒഴിഞ്ഞു പോവുന്നത് കുറവാണ്... മുല്ലപൂ വിപ്ലവം പോലെ വല്ല നിതാകാതും ഇതിനു അപവാദമാകുമോ ആവോ...

  ReplyDelete
 4. @അശ്രഫ് ഉണ്ണീന്‍
  അറേബ്യന്‍ പ്രവാസം ശരിക്കും ഒരു പ്രവാസമാണോ എന്ന ഒരു ചര്‍ച്ചയും നടന്ന്‌ വരുന്നുണ്ട്. ജന്മദേശത്തുനിന്നും കുറ്റിയും പറിച്ച് വന്ന് ഒരിടത്ത് സ്ഥിരതാമസമാക്കുന്നവനാണുപോല്‍ പ്രവാസി. കൊല്ലാകൊല്ലം നാട്ടില്‍ പോയിവരുന്ന ഗള്‍ഫ്കാരൊന്നും പ്രവാസിയല്ലന്ന്....എന്തായാലും എന്തെങ്കിലും ഒരു വിപ്ലവാത്മകമായ മാറ്റം കൊണ്ട് മാത്രമേ ഇന്നത്തെ പ്രവാസത്തിന്‌ ഒരു ഗതിമാറ്റമുണ്ടാകൂ..അതിനായി നിയോഗിക്കപ്പെട്ടതാണോ ഈ നിതാഖാത് എന്നറിയണമെങ്കില്‍ ഈ വര്‍ത്തമാനമൊന്ന് ചരിത്രമാകേണ്ടിയിരിക്കുന്നു..

  ReplyDelete
 5. പ്രവാസ ജീവിതം അനുഭവിച്ചറിഞ്ഞവർക്കെ പ്രവാസത്തെ ശരിയായ കോണിലൂടെ അവതരിപ്പിക്കാൻ കഴിയൂ.. അക്കരെ നിന്നാൽ ഇക്കരെ പച്ച എന്നത് വിശ്വാസമാണ്‌ അതികം ആളുകളെ പ്രവാസ വലയിൽ കുടുക്കുന്നത്. പ്രവാസത്തെ കുറിച്ച് ചിന്തനീയമായ ലേഖനം കാഴ്ചവെച്ച ഷൈജുവിന്‌ നന്ദി.

  ReplyDelete
 6. ഞാൻ ആലോചിക്കാറുള്ളത്റ്..ഇത്തരം വേവലാതികൾ ഇന്ത്യക്കാരായ പ്രവാസികൾക്ക് മാത്രേമേ ഉള്ളൂ എന്നതാണ്...മറ്റ് അറബ് രാജ്യങ്ങളിലും യൂറോപ്പിലുമൊക്കെ പ്രവാസത്തെക്കുറിച്ച് അവരുടെ രാജ്യങ്ങളിൽ എന്താണ് ചർച്ച.......?

  ReplyDelete
 7. ഷബീര്‍ ഭായ്, 3രാജ്യങ്ങള്‍ ഒഴിച്ച് ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ പ്രവാസികളായി ഉണ്ട് എന്നാണ്‌ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍....സൗദിയില്‍ മാത്രം ഇരുപത് ലക്ഷം ഇന്ത്യാക്കാര്‍....അമേരിക്കയില്‍ പതിന്നാലു ലക്ഷം....അങ്ങനെ നീളുന്നു.....അപ്പോ നമ്മളെയുള്ളൂ ഇത്ര ചര്‍ച്ചചെയാനായി

  ReplyDelete
 8. പ്രവാസത്തെ അനുഭവിച്ചറിഞ്ഞു എഴുതിയ കുറിപ്പ് ഒട്ടേറെ യാഥാര്‍ത്ഥ്യങ്ങളെ സ്പര്‍ശിക്കുന്നു. പ്രവാസത്തെ പറ്റി എഴുതിയാല്‍ തീരില്ല. ഒരു നിയമത്തിനും പാടെ തുടച്ചു മാറ്റാന്‍ പറ്റാത്ത വിധം മലയാളികള്‍ ഈ മണ്ണില്‍ വേരുറച്ചു പോയിരിക്കുന്നു. പുതിയ നിയമങ്ങളെയും അതിജീവിച്ചു ഈ സാന്നിധ്യം തുടരും എന്നു തന്നെയാണ് തോന്നുന്നത്. വളരെ നല്ല ലേഖനം.

  (ഓഫ്‌
  എന്‍റെ പോസ്റ്റില്‍ തന്ന കമന്റില്‍ എനിക്ക് പിടി തന്നില്ലെങ്കിലും ഈ ലേഖകന്റെ മുഖം ഇപ്പോള്‍ എനിക്ക് വ്യക്തമായി കേട്ടോ :). ദമാമില്‍ സുഖമല്ലേ )

  ReplyDelete
 9. അക്ബറിക്കാ..ഇവിടെ സുഖമായിരിക്കുന്നു..അല്‍ഹംദുലില്ലാഹ്....മനാഫ് മാഷ് വഴി വിവരങ്ങള്‍ അറിയുന്നുണ്ട്..

  ReplyDelete
 10. ഗൗരവകരമായ വായന അർഹിക്കുന്ന ഒരു ലേഖനം....

  നന്നായി അവതരിപ്പിച്ചു...

  നന്ദി

  ReplyDelete
 11. അതിജീവനത്തിന്റെ കഥ ..അതിജീവിപ്പിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു ആശംസകള്‍

  ReplyDelete
 12. http://www.prabodhanam.net/Issues/2.4.2011/safiroz.html

  ReplyDelete
 13. മരുഭൂമിയുടെ നൊമ്പരങ്ങളെ ഉള്ളിലൊതുക്കി പിറന്ന നാടിന്റെ ഹരിതഭൂമികയുടെ വിഹായസ്സിലേക്ക് ഇമവെട്ടാതെ നോക്കി നിൽക്കുമ്പോൾ .......
  സുന്ദരമായ നാളെയുടെ ദിനരാത്രങ്ങളെ മനസ്സില്‍ താലോലിച്ച് പ്രവാസജീവിതം നയിക്കുമ്പോൾ .....
  തീർച്ചയായും സ്വന്തം നാടിനെ കുറിച്ചും പഠിച്ച വിദ്യാലയങ്ങളെ കുറിച്ചുമെല്ലാം ഗ്രഹാതുരത്വം നിറഞ്ഞ ഓർമകൾ വരും.

  ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....