Jan 3, 2012

അബ്ദൂള്ളക്കുട്ടി വീണ്ടും വിസ്മയക്കുട്ടി


അബ്ദൂള്ളക്കുട്ടി വീണ്ടും വിസ്മയക്കുട്ടി
കേരള രാഷ്ട്രീയത്തിൽ അത്ഭുതം വിടർത്തിക്കൊണ്ട് തിരമാല പോലെ കടന്നു വന്ന യൗവ്വനമായിരുന്നു എ പി അബ്ദുള്ളക്കുട്ടി യെന്ന നാറാത്തുകാരനായ എസ് എഫ് ഐ ക്കാരൻ. കേരള രാഷ്ട്രീയം അന്നു വരെ പരിചയിച്ചിട്ടുള്ള സമ്പ്രദായങ്ങളേയും നിരീക്ഷണങ്ങളേയും വകഞ്ഞ് മാറ്റിക്കൊണ്ട് കേരളാ രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിലേയ്ക്ക് ആഞ്ഞു നടന്നു കയറിയ അബ്ദുള്ളക്കുട്ടി ആളുകളിൽ അത്ഭുതത്തിന്റെ വേലിയേറ്റങ്ങൾ സ്യഷ്ടിച്ചു.
അങ്ങനെയാണു ഉപ്പ ഡ്രാഫ്റ്റ്സ്മാനാക്കാൻ ശ്രമിച്ച അബ്ദുള്ളക്കുട്ടി കേരളാ രാഷ്ട്രീയത്തിലെ അത്ഭുതക്കുട്ടിയാകുന്നത്. യുവതരംഗം തീർത്ത് പാർട്ടി രഥത്തിൽ ഓട്ടം തുടങ്ങിയ അത്ഭുതക്കുട്ടിക്ക് എവിടെയോ ഇടറി. പഴഞ്ചൻ രഥത്തിന്‌ താങ്ങാൻ കഴിയാത്ത ഊർജ്ജമായി അബ്ദുള്ളക്കുട്ടി മാറിയതു കൊണ്ടാണ്‌ ആ ഇടർച്ചയെന്നും, അല്ല ആരൊക്കെയോ അള്ളുവെച്ച് രഥം കുലുക്കി അബ്ദുള്ളക്കുട്ടിയെ താഴെയിട്ടതാണെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും, തന്നെ അത്ഭുതക്കുട്ടിയാക്കിയ രഥത്തിലല്ല കുറാച്ചു നാളായി അബ്ദുള്ളക്കുട്ടിയുടെ സഞ്ചാരം. 
എസ് എഫ് ഐയിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും പാർട്ടി വളർത്തിയെടുക്കുന്ന പലരും, പാർട്ടി നിലപാടുകളുടെ പാദരക്ഷ നിർദാക്ഷിണ്യം അഴിച്ചു വെച്ച് ലാൽ സലാം പറഞ്ഞ് പിരിഞ്ഞ് പോകുന്നതിനെ പാർട്ടി ഗൗരവമായിത്തന്നെ കാണുന്നുവെന്നാണ്‌ അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. കുറച്ചു നാളായി അബ്ദുക്കുട്ടിക്ക് വികസനത്തിന്റെ തോഴനാകാനാണ്‌ താല്പര്യം. വികസനത്തിന്റെ ഗ്രാഫ് കയറിക്കയ്യറി മോഡിയിൽ ചെന്നു മുട്ടിയപ്പോഴാണ്‌ പാർട്ടി തനി സ്വരൂപം പുറത്തെടുക്കുന്നത്. പാർട്ടി ഭാഷയിൽ പറഞ്ഞാൽ ചെവിയിൽ നുള്ളി വെളിയിൽ കളഞ്ഞു. എം വി രാഘവനോടു പുലർത്തിയയത്ര വീര്യമില്ലെങ്കിലും, അബ്ദുള്ളക്കുട്ടിയോട് അമർഷത്തിന്റേയും വൈരാഗ്യത്തിന്റേയും നുര പതഞ്ഞിരുന്ന സഖാക്കൾക്ക് വീര്യം കുറയുന്നുവെന്നതിന്റേയും പ്രായോഗികതയുടെ വെള്ളി വെളിച്ചമേല്ക്കുന്നുവെന്നതിന്റേയും വാർത്തകളാണ്‌ ഇന്ന് വിസ്മയം തീർത്ത്കൊണ്ടിരിക്കുന്നത്.

പാർട്ടിവാദികളിലും പൊതുജങ്ങളിലും വിസ്മയം വിടർത്തിക്കൊണ്ട് പാർട്ടി പണിതുയർത്തിയ വിസ്മയ പാർക്കിന്റെ അനു ബന്ധ സ്ഥാപനമായ വിസ്മയ ടൂർസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് അബ്ദുള്ളക്കുട്ടി വീണ്ടുമൊരു രാഷ്ട്രീയ വിസ്മയം സ്യഷ്ടിച്ചിരിക്കുന്നു. കഴിഞ്ഞ സർക്കാർ കാലത്ത് സ്വന്തം മണ്ഡലത്തിൽ നടക്കുന്ന പരിപാടികളിൽ പോലും അബ്ദുള്ളക്കുട്ടിക്ക് ഒരു പ്ളാസ്റ്റിക് ചെയറു പോലും നല്കില്ല എന്നു വാശി പിടിച്ചിരുന്ന പാർട്ടിക്കും പാർട്ടി സഖാക്കൾക്കും സംഭവിച്ചിരിക്കുന്ന ഈ ചുവടുമാറ്റം ഒരു മഹാവിസ്മയം തന്നെ. അബ്ദുള്ളക്കുട്ടിക്ക് സീറ്റ് നല്കാതിരിക്കാനും പ്രോട്ടോക്കോൾ ലംഘിക്കാതിരിക്കാനും രണ്ട് മന്ത്രിമാരെ വരെ ഒരേ വേദിയിൽ പാർട്ടി അണി നിരത്തിയിരുന്നു.

പാർട്ടിയുടെയും പാർട്ടി അണികളുടേയും കാര്യം പോകട്ടെ, ഈ അബ്ദുള്ളക്കുട്ടിക്കിതെന്തു പറ്റി? ഇത് കേവലം വികസന ത്വരയുടെ ആവേശമൊന്നുമല്ലയെന്നത് സ്പഷ്ടം. വിളി കേട്ടയുടനെ അബ്ദുള്ളക്കുട്ടി പങ്കെടുത്തു എന്നു മാത്രമല്ല വിസ്മയയെ വാനോളം പുകഴ്ത്തുകയും ചെയ്തിരിക്കുന്നു. “നിങ്ങളെന്നെ കോൺഗ്രസ്സാക്കി” എന്ന ആത്മ കഥയിൽ നിന്നും വിസ്മയ ടൂർസ് വരെയുള്ള ദൂരം അത്ര പന്തിയായല്ല വിലയിരുത്തപ്പെടുന്നത്. കമ്മ്യൂണിസം വിട്ടെങ്കിലും ഒരു ശുദ്ധ കോൺഗ്രസ്സുകാരനായി കോൺഗ്രസ്സുകാർ തന്നെ അബ്ദുള്ളക്കുട്ടിയെ കണ്ടിട്ടില്ലയെന്നു തന്നെ പറയാം. പഴയ കുപ്പായം കീറിക്കളയുകയും പുതിയത് പാകമാകാതെയുമുള്ള അവസ്ഥ.കണ്ണൂരിലെ സിംഹം സുധാകരൻ മാഷ് കൈയ് മെയ് മറന്നു സഹായിക്കാനുള്ളതു മാത്രമായിരുന്നു രക്ഷ. നിന്റെ കാലം കഴിഞ്ഞ് എന്നെ ആരു നോക്കുമെന്ന വല്യമ്മയുടെ  സംശയമാണ്‌ ഇപ്പോൾ അബ്ദുള്ളക്കുട്ടിക്ക് ഉണ്ടായിട്ടുള്ളതെന്ന് തോന്നുന്നു. അബ്ദുള്ളക്കുട്ടി എഴുതിയ പുതിയ പുസ്തകവും കമ്മ്യൂണിസ്റ്റ് മയമുള്ളതാണത്രേ! പാർട്ടിയേയും നേതാക്കളേയും പുകഴ്ത്താനുമുള്ള ഒരു തത്രപ്പാടും അതിലുണ്ട്. എന്തായാലും ഒരാവേശാത്തിന്‌ പാർട്ടി വിടുന്നവരൊക്കെ അടങ്ങിയിരുന്ന് ചിന്തിക്കേണ്ടീയിരിക്കുന്നു. മറുകണ്ടം ചാടാലും മലക്കം മറിയലും മത സംഘടനകളിൽ നിന്നു പോലും പതിവാകുന്ന ഇക്കാലത്ത് അബ്ദുള്ളക്കുട്ടി ഒരു സന്ദേശം കൂടിയാവുകയാണ്‌. തോപ്പിൽ ഭാസിയുടെ “നിങ്ങളേന്നെ കമ്മ്യൂണിസ്റ്റാക്കി” ഒന്നു കൂടി വായിച്ച് നിങ്ങൾ “വീണ്ടുമെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന് രണ്ടാം വാള്യം എഴുതേണ്ടി വരുമോ അബ്ദുള്ളക്കുട്ടിക്ക്? കാത്തിരുന്ന് കാണാം. എന്തായാലും ഒരു കാര്യം ഉറപ്പ്; അബ്ദുള്ളക്കുട്ടി വെറുമൊരു അത്ഭുതക്കുട്ടിയല്ല ഒന്നാന്തരം ഒരു വിസ്മയക്കുട്ടി തന്നെയാണ്‌.
                                                                                                                            msshaiju@yahoo.co.in


4 comments:

 1. അബ്ദുള്ളക്കുട്ടി വെറുമൊരു അത്ഭുതക്കുട്ടിയല്ല ഒന്നാന്തരം ഒരു വിസ്മയക്കുട്ടി തന്നെയാണ്‌. :):)

  ReplyDelete
 2. അത്ഭുതക്കുട്ടി അങ്ങനെ വിസ്മയക്കുട്ടി.. ഹഹ

  ReplyDelete
 3. അവസാനം അല്കുല്‍ത്ത് കുട്ടിയാവാതിരുന്നാല്‍ മതിയായിരുന്നു.

  ReplyDelete
 4. അത്ഭുതക്കുട്ടി അങ്ങനെ വിസ്മയക്കുട്ടി...അവസാനം അല്കുല്‍ത്ത് കുട്ടിയാവാതിരുന്നാല്‍ മതിയായിരുന്നു.:) :) :)

  ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....