Jun 17, 2013

പെറി മേസണ്‍ അഥവാ നിയമക്കുരുക്കിന്റെ ജാലവിദ്യക്കാരന്‍ഒരു ചലച്ചിത്രം വായിച്ചാസ്വദിക്കുക! അതിലെ വൈകാരികവും വിക്ഷുബ്ധവുമായ രംഗങ്ങള്‍ അക്ഷരങ്ങളുടെ അത്ഭുതകരമായ വിന്യാസത്താല്‍ ചിത്രീകരിക്കുക!ഒട്ടും എളുപ്പമല്ലാത്ത ഈയൊരു ശ്രമമാണ് ‘പെറിമേസണ്‍’ പരമ്പരകളിലൂടെ ഏള്‍  സ്റ്റാന്‍ലി ഗാര്‍ഡനറെന്ന അമേരിക്കന്‍ എഴുത്തുകാരന്‍ സാധ്യമാക്കിയത്. ലോകത്തെ ഏറ്റവും കൂടുതല്‍ വായനക്കാര്‍ ആരാധകരായുള്ള  ചുരുക്കം ചില പ്രതിഭാധനരായ എഴുത്തുകാരില്‍ ഒരാളാണ് ഗാര്‍ഡനര്‍. 120 ല്‍പരം നോവലുകള്‍ രചിച്ച് ചരിത്രം സൃഷ്ടിച്ച ഗാര്‍ഡനര്‍ ലോകത്ത് ഏറ്റവുമധികം കൃതികള്‍ രചിച്ച സാഹിത്യകാരന്മാരുടെ ശ്രേണിയിലാണ് എണ്ണപ്പെടുന്നത്.
പെറിമേസണ്‍ എന്ന അഭിഭാഷകന് കൈകാര്യം ചെയ്യേണ്ടിവന്ന വിവിധ കേസുകളാണ് ഓരോ നോവലുകളുടെയും ഇതിവൃത്തമായി ഗാര്‍ഡനര്‍ അവതരിപ്പിക്കുന്നത്. പെറിമേസണ്‍ പരമ്പരയിലെ ആദ്യത്തേതും കൂടുതല്‍ വായിക്കപ്പെടുന്നതുമായ കൃതിയാണ് ”the case study of the velvet claws’ പട്ടില്‍ പൊതിഞ്ഞ നഖങ്ങളെന്ന പേരില്‍ ഡി സി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍  വിവര്‍ത്തനം ചെയ്തിരിക്കുന്നത് പ്രശസ്ത വിവര്‍ത്തകനായ എം എസ് നായരാണ്.
നിസ്സഹായത മുറ്റി നില്ക്കുന്ന മിഴികളോടെ, തന്നെ മാത്രം ആശ്രയിച്ചെത്തുന്ന കക്ഷികളെ, അവര്‍ ചെന്നു ചാടിയ വലിയ കുഴപ്പങ്ങളില്‍ നിന്ന് അത്ഭുതകരമെന്ന് തോന്നിയിരുന്ന രീതികളില്‍ നിയമത്തിന്റെ വലയെറിഞ്ഞ്, തന്മയത്വത്തോടെ രക്ഷിച്ചെടുക്കുന്ന പെറിമേസണ്‍ സ്വയം വീണുപോയ ഒരു വലക്കുരുക്കിന്റെ കഥ കൂടിയാണിത്.
സരസമായും ഉദ്വേഗജനകമായുമാണ് ഗാര്‍ഡനര്‍ കഥയെഴുത്തിന്റെ ഈണങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഒരേസമയം നിരവധി ധര്‍മങ്ങളാണ് ഗാര്‍ഡനറുടെ നോവലുകളധികവും നിര്‍വഹിക്കുന്നത്. മാനേജ്‌മെന്റും തത്വശാസ്ത്രവും  ഭാവനയുടെ നിമ്‌നോന്നതികളും സ്വാഭാവികതയുടെയും പ്രായോഗികതയുടെയും അങ്ങേ അറ്റങ്ങള്‍ കാല്‍പനികതയുടെ ചക്രവാളവുമായി കൂട്ടിമുട്ടുന്ന വിസ്മയക്കാഴ്ചകളും നയതന്ത്രത്തിന്റെ പുതിയ പാഠഭേദങ്ങളുമൊക്കെയായി വായനക്കാരെ ആസ്വാദ്യതയുടെ പുതിയ ഓളങ്ങളിലൂടെ തുഴഞ്ഞുകൊണ്ട് പോവുകയാണ് ഈ നോവല്‍. നോവലിന്റെ അന്തസിനും ഘടനയ്ക്കും ആവിഷ്‌കാര സവിശേഷതകള്‍ക്കും പരിക്കു പറ്റാത്ത വിധം വിവര്‍ത്തന കലയുടെ ഔന്നത്യവും തന്മയത്വവും നിലനിര്‍ത്തിയ കൃതിയാണിത് എന്നതും  പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്.
ഒരേ സമയം ഒരു ഡിറ്റക്ടീവ് നോവലുപോലെയോ ഉപമകളും അലങ്കാരങ്ങളും കൊണ്ട് അമൂല്യമായ ഒരു സാഹിത്യകൃതിയായോ ഒരു പ്രശ്‌നപരിഹാര പഠനമായോ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാന്‍ കൊതിക്കുന്ന ഒരു ആസ്വാദ്യനോവലായോ ഒക്കെയാണ് പട്ടില്‍ പൊതിഞ്ഞ നഖങ്ങളും ഇതര പെറിമേസണ്‍ പരമ്പരകളും അനുവാചകരില്‍ അത്ഭുതം സൃഷ്ടിക്കുക. സരളവും ഒതുക്കമുള്ളതും എന്നാല്‍ അതിശക്തമായ, ഒഴുക്കുള്ളതുമായ, മൂലഭാഷയെ വിവര്‍ത്തനത്തില്‍ എവ്വിധം വിന്യസിക്കുമെന്നത് ഒരു വെല്ലുവിളി തന്നെയാണ്.
ഭാഷാശാസ്ത്രത്തിലെ നൈപുണ്യത്തെക്കാള്‍ ഒരു നോവലിന് അവശ്യം വേണ്ടത് ലാളിത്യവും ഒഴുക്കുമാണെന്ന നോവലിസ്റ്റിന്റെ വാദം വായനക്കാരന്സ്വീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
തന്റെ പ്രകടനങ്ങളുടെ അത്ഭുതരഹസ്യങ്ങള്‍ കുടഞ്ഞിട്ട് കാണികളില്‍ ആശ്ചര്യത്തിന്റെ ഉള്‍പുളകങ്ങള്‍ തീര്‍ക്കുന്ന മായാജാലക്കാരന്റെ കൗശലസൂത്രങ്ങള്‍ പോലെയാണ് പെറിമേസണെന്ന അഭിഭാഷകന്‍, തന്റെ കുഴഞ്ഞുമറിഞ്ഞ കേസുകളുടെ പര്യവസാനത്തെ രാകിമിനുക്കുന്നത് – ഒരു നോവല്‍ നിര്‍വഹിക്കുന്ന ദൗത്യത്തെക്കാള്‍, ഒരു സോഷ്യല്‍കേസ് സ്റ്റഡിയുടെ നിരീക്ഷണ ഭാവങ്ങള്‍ കൊണ്ട് കൂടി പെറിമേസണ്‍ പരമ്പരകള്‍ വേറിട്ട് നില്ക്കുകയാണ്.
ചിന്തകളും ആശയങ്ങളും ഭ്രാന്തമായി പരക്കം പായുന്നതോ, കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം പോലെ ആഞ്ഞുപതിക്കുന്ന വൈകാരിക മര്‍ദങ്ങള്‍ അകമ്പടി സേവിക്കുന്നതോ അല്ലാത്ത വരികള്‍ക്ക് ചാര്‍ത്തപ്പെടുന്ന സൗന്ദര്യവും താളവും ലയവുമൊക്കെയാണ് ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡനറെന്ന എഴുത്തുകാരനെ ഭാഷയുടെയും സംസ്‌കാരങ്ങളുടെയും സീമകള്‍ക്കപ്പുറത്തേക്ക് പ്രസരിപ്പിക്കുന്നത്.
പ്രശ്‌നങ്ങളുടെ അഴിയാക്കുരുക്കുകള്‍ കൊണ്ട് ജീവിതം ദുസ്സഹമായിത്തീരുന്നവരുടെ രക്ഷകനാണ് പെറിമേസണ്‍. കുരുക്കിന്റെ ഒരറ്റം സ്വതന്ത്രവും സത്യസന്ധവുമായിത്തന്നെ ഏല്പിക്കണമെന്നതും തന്റെ ഫീസ്, സൗജന്യങ്ങളില്ലാതെ തന്നു തീര്‍ക്കണമെന്നതുമാണ് പെറിമേസന്റെ ആവശ്യങ്ങള്‍. കുരുക്കിന്റെ ഒരറ്റം മാത്രം കയ്യില്‍ സൂക്ഷിച്ച്, കോടതിമുറികളില്‍ വെച്ച് കൂട്ടലും കിഴിക്കലും നടത്തി, ഒറ്റവലികൊണ്ട് ആ കുരുക്കുകളുടെ നിരവധി കണ്ണികളെ അനായാസം, ഒരു ചെറുപുഞ്ചിരിയോടെ അഴിച്ചെടുക്കുന്ന മേസണ്‍ സ്വയം ചെന്ന് വീണ ഒരു അഴിയാക്കുരുക്കിന്റെ കഥയാണ് ‘പട്ടില്‍ പൊതിഞ്ഞ നഖങ്ങള്‍’ പറയുന്നത്.
അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന വി ഐ പിയോടൊപ്പം രഹസ്യ സല്‍ക്കാരത്തിന് പോയ വിവാഹിതയായ ‘ഇവ’യെന്ന സ്ത്രീയാണ് ഇത്തവണ മേസന്റെ കക്ഷി. വിരുന്നിനിടെ സംഭവിച്ച ‘ചില പ്രത്യേക സംഭവങ്ങള്‍’ പുറത്തറിയാതിരിക്കാനായാണ് ‘ഇവ’ മേസണെ സമീപിക്കുന്നത്. എന്നാല്‍ ഒരു വന്‍ മാധ്യമ മാഫിയയെയാണ് മേസണ് എതിരിടേണ്ടി വന്നത്. ലോകത്തെമ്പാടുമുള്ള അനേകം അഭിഭാഷകര്‍ തങ്ങളുടെ പ്രകടനങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാനും വാദമുനകളെ രാകിക്കൂര്‍പ്പിച്ച് എങ്ങനെയൊക്കെ അവതരിപ്പിക്കണമെന്ന് പഠിക്കാനുമൊക്കെയായി ഇന്നും ഈ നോവല്‍ പരമ്പരയെ ഒരു റഫറന്‍സ് ഗ്രന്ഥം പോലെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത നല്കുന്ന ആശ്ചര്യം തന്നെയാണ് പെറിമേസണും ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡനറിനും ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരവും.
പുസ്തകം
പട്ടില്‍ പൊതിഞ്ഞ നഖങ്ങള്‍
സാഹിത്യം/ഫിക്ഷന്‍
മൂലകൃതി
“the case study of the velvet claws’
ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡ്‌നര്‍
വിവര്‍ത്തനം
എം എസ് നായര്‍
പേജ്: 246  വില: 150രൂപ
പ്രസാധനം
ലിറ്റ്മസ്, ഡി സി ബുക്‌സ്. കോട്ടയം2 comments:

  1. ആസ്വാദനം വായിച്ചു, ഇനി പുസ്തകം കൂടി വായിക്കണം... :)

    ReplyDelete
  2. പെറിമേസണ്‍ കഥകള്‍ ഇഷ്ടമാണ്

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....