Jul 14, 2013

നന്തനാരുടെ കഥാവഴികള്‍ ; കാല്‍പനികതയില്‍ കടഞ്ഞെടുത്ത ആത്മാന്വേഷണങ്ങള്‍


പല്ലിവിഷം ഉള്ളില്‍ചെന്നാല്‍ ആള് മരിക്കുമോ?
പിന്നെ മരിക്കില്ലേ?
ലോകത്തെ ഏറ്റവും കൊടിയ വിഷങ്ങളിലൊന്നല്ലേ പല്ലിവിഷം. ശരീരം നീലിച്ച്, കൈകാലുകള്‍ കുഴഞ്ഞ്, ഹൃദയം തകര്‍ന്ന് മരിക്കുക തന്നെ ചെയ്യും.
വിശപ്പ് ആത്മാഭിമാനത്തിന്റെ നിയന്ത്രണ രേഖ ലംഘിച്ചപ്പോള്‍, ഒളിച്ചുകുടിച്ച കഞ്ഞിവെള്ളത്തില്‍ പല്ലി ചത്തു കിടന്നിരുന്നുവെന്നറിഞ്ഞത് മുതല്‍ മരണഭയത്താല്‍ പരക്കം പായുന്ന ഒരു പ്രൈമറിക്കാരന്റെ ദാരിദ്ര്യത്തിന്റെയും ദൈന്യതയുടെയും ജീവിത മോഹത്തിന്റെയും കഥയാണ് നന്തനാരുടെ ‘വിലക്കപ്പെട്ട കഞ്ഞി’. കഴിഞ്ഞ അരനൂറ്റാണ്ട് മുമ്പത്തെ നായര്‍ കുടുംബങ്ങളുടെ നേര്‍ചിത്രങ്ങളാണ് മിക്കവാറുമുള്ള നന്തനാരുടെ കഥകളുടെ നാഡിമിടിപ്പുകളിലൂടെ തെളിഞ്ഞു കാണുന്നത്.
എന്നോ അവന്റെയുള്ളില്‍ ഊറപ്പെട്ട ഒരറിവായിരുന്നു ‘പല്ലിവിഷത്തിന്റെ ഭീകരത’. തല്‍ക്ഷണം മരിച്ചുവീഴാന്‍ മാത്രം തീവ്രതയുള്ള കൊഴുത്ത വിഷം നാവിനടിയിലെവിടെയോ ഒളിപ്പിച്ച് ചൊറിപിടിച്ച ദേഹവുമായി ഇഴഞ്ഞുവരുന്ന പല്ലികളെ അവന് ഭയമായിരുന്നു. അലക്കുകാരനായ പങ്കുണ്ണി വെളുത്തേടനാണ്. പങ്കുണ്ണിയും കുടുംബവും സുഭിക്ഷതയിലാണ് കഴിയുന്നത്.
വെളുത്തേടന്റെ ഭക്ഷണം നായരുടെ ദുരഭിമാനത്തിന്റെ ആണിക്കല്ലിനെ അടുപ്പുകല്ലാക്കിയുണ്ടാക്കിയതാണ്. പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും തന്നെപ്പോലെ ഒരു ‘തറവാടി’ താഴ്ന്ന ജാതിക്കാരന്റെ ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന ‘ദുരഭിമാനത്തിന്റെ വേദപാഠങ്ങള്‍’ അവന്‍ ഉരുവിട്ടു പഠിച്ചിരുന്നു. കഴിഞ്ഞ മൂന്നുദിവസവും അര്‍ശസുണ്ടാക്കുന്ന കൊടപ്പഴം മാത്രമേ കഴിച്ചിട്ടുണ്ടായിരുന്നുള്ളുവെങ്കിലും പങ്കുണ്ണിയുടെ ഭക്ഷണത്തിന്റെ രുചിയും മണവും അവന്റെ അഭിമാനബോധത്തെ ഒട്ടും തീണ്ടിയില്ല. പക്ഷേ വെളുത്തേടന്റെയും തിയ്യന്റെയും കുലത്തോട് ഒരു മതിപ്പ് പുതുതായി അവന് തോന്നിത്തുടങ്ങിയിരുന്നു. ഒരു വെളുത്തേടനായോ തിയ്യനായോ ജനിച്ചാല്‍ മതിയായിരുന്നുവെന്ന് അവനു തന്നെ തോന്നിയത് അവന്റെ കുറ്റമാണോ? അവര്‍ക്ക് ഏതു വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാം. ഭാഗ്യവാന്മാര്‍.
നിറകണ്ണുകളുമായി തിരിഞ്ഞു നടക്കുന്നതിനിടയിലാണ് കിണറു വക്കത്തിരിക്കുന്ന പാത്രത്തിലെ തുണി മുക്കാനുള്ള കഞ്ഞിവെള്ളം അവന്‍ കാണുന്നത്. വെളുത്തേടന്റെ മുമ്പില്‍ പാറപോലെ ഉറച്ചുനിന്ന നായര്‍ബോധം കൊഴുത്ത കഞ്ഞിവെള്ളത്തിനു മുന്നില്‍ പരാജയപ്പെട്ടു. ആരും കാണാതെ കോരിക്കുടിച്ച കഞ്ഞിവെള്ളത്തില്‍ പല്ലി ചത്തു കിടന്നിരുന്നത് അവന്‍ പിന്നീടാണ് കാണുന്നത്.
പെട്ടെന്ന് അവന്റെ വര്‍ഗബോധം വീണ്ടും സടകുടഞ്ഞു. വെളുത്തേടനായ പങ്കുണ്ണിയുടെ വീട്ടില്‍ കിടന്ന് ചക്രശ്വാസം വെട്ടി പിടഞ്ഞുമരിച്ചാലുണ്ടാകുന്ന മാനഹാനിയോര്‍ത്തു അവന്‍ വീട്ടിലേക്കു പാഞ്ഞു. പോകുന്ന വഴിയിലെവിടെയും വീണ് മരിക്കാതിരിക്കാന്‍ പ്രാര്‍ഥിച്ചുകൊണ്ടാണ് അവന്‍ ഓടുന്നത്. അമ്പതും അറുപതും പറ നെല്ലിന്റെ കഞ്ഞിവെച്ച് പകര്‍ച്ച കഴിച്ച ആഢ്യരായ അമ്മാവന്മാരുടെ തലമുറയിലെ ഇങ്ങേത്തലക്കലെ ഒരു മരുമകന്‍ ദാരിദ്ര്യംകൊണ്ട് വെളുത്തേടന്റെ വീട്ടിലെ കഞ്ഞി കുടിച്ച് മരിക്കേണ്ടി വന്നുവെന്ന വാര്‍ത്ത ആരും അറിയാതിരിക്കാനും തറവാടിന്റെ അഭിമാനം മച്ചോളം ഉയര്‍ത്തിപ്പിടിക്കാനുമായി അവന്‍ ആരോടും ആ ‘കഞ്ഞിക്കഥ’ പറഞ്ഞില്ല. അമ്മയെ കെട്ടിപ്പിടിച്ച് മരിക്കാനായി, രാത്രിയില്‍ അമ്മയോടൊപ്പം കിടന്ന അവന്‍ പിറ്റേന്നും മരിച്ചില്ല. ഒരാഴ്ച കഴിഞ്ഞും ഒരാണ്ട് കഴിഞ്ഞിട്ടും മരിച്ചില്ല.  വിലക്കപ്പെട്ട കഞ്ഞിയെന്ന കഥയിലൂടെ നന്തനാര്‍ പറയാന്‍ ശ്രമിക്കുന്നത് ചില ആത്മവിചാരങ്ങളും ആത്മാനുഭവങ്ങളുമാണ്.
ലാളിത്യത്തിന്റെയും യാഥാര്‍ഥ്യബോധത്തിന്റെയും തള്ളിച്ചകളാണ് നന്തനാരുടെ കഥകളുടെ ഒഴുക്കും ഭംഗിയും രൂപപ്പെടുത്തുന്നത്. അതിരുവിട്ട ചമത്കാരങ്ങളുടെ താങ്ങാന്‍ കഴിയാത്ത ഭാരങ്ങളാണ് സര്‍ഗസൃഷ്ടികളെ മിക്കപ്പോഴും തളര്‍ത്തിക്കളയുന്നത്. അവയിലേറിയ പങ്കും ബോധപൂര്‍വം കുത്തിത്തിരുകുന്നതാണ്. ഒരു കഥയോ നോവലോ എഴുതുന്നതിന് ഇത്തരം സീമാരഹിത ചമത്കാരങ്ങളും അതിസാഹിത്യവും അത്യന്താപേക്ഷിതമാണെന്ന ‘ചില’ തോന്നലുകളിന്മേല്‍ ഉഗ്രപ്രഹരം നടത്തിക്കൊണ്ടാണ് നന്തനാര്‍ എന്ന ലാളിത്യത്തിന്റെ കഥാകാരന്‍ കഥാഖ്യാനത്തിന്റെ തനതുശൈലി വെട്ടിത്തുറക്കുന്നത്.
മലയാളത്തിലെ കഥകളുടെ കുലപതികളായി ചിലര്‍ അരങ്ങുവാണിടങ്ങളിലും വാഴുന്നിടങ്ങളിലും യോജ്യമായ ഒരു കസേര നന്തനാര്‍ക്ക് ലഭിച്ചിരുന്നോയെന്ന് ന്യായമായും സംശയിച്ചുപോകുന്നു. 1926 ല്‍ മലപ്പുറത്ത് ജനിച്ച നന്തനാരുടെ ശരിയായ പേര് ഗോപാലന്‍ എന്നാണ്. പട്ടാളത്തിലും എന്‍ സി സി യിലും സേവനമനുഷ്ഠിച്ച നന്തനാര്‍ കഥാകാരന്റെ കുപ്പായമണിഞ്ഞ് ചൊറി പിടിച്ചിരിക്കുന്ന ചില ആധുനിക കഥാകൃത്തുക്കളില്‍ നിന്ന് വേറിട്ട് നടന്ന കഥാകാരനാണ്. തന്റെ ഒരു കഥയില്‍ സാഹിത്യവിമര്‍ശനങ്ങളുടെ മൂല്യബോധമില്ലായ്മയെ ഇങ്ങനെയാണ് നന്തനാര്‍ പരിഹസിക്കുന്നത്.
‘ഒരുപക്ഷെ നിങ്ങള്‍ ചോദിച്ചേക്കാം ഇതെന്തു കഥ?’
അവരോട് നന്തനാര്‍ പറയുന്നത് ഇപ്രകാരമാണ്. ഞാന്‍ ഒരു മികച്ച കഥ പറഞ്ഞതാണെന്ന് നിങ്ങള്‍ കൂട്ടേണ്ടതില്ല. ‘ഞാന്‍ വെറും കാര്യങ്ങള്‍ പറയുകയായിരുന്നു.’
കഥയും കാര്യവും രണ്ടായിക്കാണുന്ന അതിശ്രേഷ്ഠര്‍ക്ക് അരുചി തോന്നുമെങ്കിലും കഥയെ ജീവിതത്തോട്    ചേര്‍ത്താസ്വദിക്കുന്നവര്‍ക്ക് നന്തനാര്‍ തീര്‍ത്ത കഥക്കൂട്ടിലെ ചോറും കൂട്ടാനും അവിയലും തോരനും കാളനും ആസ്വാദ്യതയുടെ മൃഷ്ടാന്നങ്ങളായിരുന്നുവെന്നത് നേര്. കാര്യമില്ലാത്ത കഥകളായിരുന്നില്ല നന്തനാര്‍  തൂലികയിലൂടെ പിറവി കൊണ്ടവയൊന്നും.
ശാലിനവും സൗന്ദര്യം  തുളുമ്പുന്നതുമായ നന്തനാര്‍ കഥകളുടെ അമ്പത്തൊന്ന് കറിക്കൂട്ടുകളാണ് ‘നന്തനാര്‍ കഥകള്‍’ എന്ന പേരില്‍ ഡി സി ബുക്‌സ്  പ്രസിദ്ധീകരിച്ച പുസ്തകം. കഥയുടെ പുറത്തുനിന്ന് ഒരു കാഴ്ചക്കാരനായും കഥയുടെ ഓരംചേര്‍ന്ന് ഒരു കേള്‍വിക്കാരനായും കഥയുടെ ഉളളില്‍ക്കടന്ന് ഒരു കഥാപാത്രമായുമൊക്കെ തന്റെ കഥകളുമായി ഇഴചേരുന്ന നന്തനാരുടെ അതീവഹൃദ്യങ്ങളായ അമ്പത്തൊന്ന് കഥാ മാമ്പഴങ്ങളാണ് ഈ കൃതി.
വായനയുടെ കാലഭേദങ്ങള്‍ക്കിടയിലെ ഒരു വസന്തമായിരിക്കും ഈ പുസ്തകമെന്നതില്‍ സംശയമില്ല. നന്തനാരുടെ കഥകളില്‍ താളലയങ്ങളുടെ ഒരു മര്‍മരശബ്ദം നമുക്ക് വേറിട്ട് ആസ്വദിക്കാന്‍ സാധിക്കും. ഹൃദയസംഗീതത്തിന്റെ സരിഗമ പാടുന്ന കഥകളിലൂടെ ജീവിതവും മരണവും ദു:ഖവും ദാരിദ്ര്യവും കെടുതികളും പ്രതീക്ഷയും തിന്മയുടെ ക്രൂരഭാവങ്ങളും  ദുരാചാരങ്ങളും കാല്‍പനികതയുമൊക്കെ തൊട്ടും തലോടിയും അവതരിപ്പിക്കുന്നുണ്ട്.
തീരാത്ത വേദന അശ്രുകണങ്ങളായി കണ്ണുകളില്‍ ഊറിക്കൂടുമ്പോഴും അവയെ പ്രതീക്ഷയുടെ ചാലുകളിലൂടെ ഒഴുക്കിവിട്ടുകൊണ്ട് മനുഷ്യരുടെ നൈതികതയ്ക്കും നന്മയ്ക്കും വേണ്ടി ശബ്ദമുണ്ടാക്കുന്ന നന്തനാര്‍ കഥകളുടെ ഈ സമാഹാരം മലയാളത്തിന്റെ സാഹിത്യ ശിഖരങ്ങളില്‍ ചാരിതാര്‍ഥ്യത്തിന്റെ പുതുപുഷ്പങ്ങള്‍ വിടര്‍ത്തുകയാണ്.
പുസ്തകം: നന്തനാര്‍ കഥകള്‍
കഥകള്‍
നന്തനാര്‍
പേജ് 454  വില 275
ഡി സി ബുക്‌സ്. കോട്ടയം
-ബിന്‍സൈന്‍

2 comments:

  1. നന്തനാരെ അനുസ്മരിച്ചത് ഭംഗിയായി .അദ്ദേഹത്തിന്‍റെ നോവലുകളും കഥകളും മികച്ചതായിരുന്നു എന്നത് കൊണ്ട് തന്നെയാണ് അദ്ദേഹത്തെ പുതുതലമുറ ഓര്‍ത്തെടുക്കുന്നത് ,സംശയമില്ല തന്നെ

    ReplyDelete
  2. ഞാന്‍ വായിച്ചിട്ടുണ്ട്
    കുറിപ്പിന് നന്ദി

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....