Feb 11, 2014

നടേശഗുരുവിന്റെ രണ്ടാം വെളിപാട്


ശ്രീനാരായണ ഗുരുവിന്റെ സ്ഥായീഭാവം ശാന്തതയായിരുന്നു. കലഹ വിരോധിയും അഹിംസാ വാദിയുമായിരുന്ന ഗുരുദേവന്‍ ഒരിക്കല്‍ കൂടി കേരളത്തില്‍ വന്നാല്‍ എന്തായിരിക്കും സംഭവിക്കുക? ഒരു കാര്യം വിരുദ്ധന്‍ ഉറപ്പിച്ച് പറയാം. ആദ്യമായി അദ്ദേഹം ചെയ്യുക കിട്ടുന്ന വണ്ടിയില്‍ കയറി വെള്ളാപ്പള്ളിക്ക് പോകലായിരിക്കും. അവിടെയെത്തിയാല്‍ അല്പ നേരത്തേക്ക് തന്റെ എല്ലാ സത് സ്വഭാവങ്ങളേയും മാറ്റിവെച്ച് കണ്ണില്‍ കാണുന്ന ഏതെങ്കിലും വേലിപത്തലോ കയ്യില്‍ കിട്ടുന്ന തെങ്ങിന്‍ മടലോ എടുത്ത് അവിടെയുള്ള നടേശ ഗുരുവിന്റെ പ്യഷ്ഠം നോക്കി നല്ല നാല് പൂശ് പൂശലായിരിക്കും പിന്നീട് ചെയ്യുക. അത്രമേല്‍ പേര് ദോഷമാണ്  നടേശ ഗുരുവാശാന്‍ നാരായണ ഗുരുവിന് ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. പറ്റുമെങ്കില്‍ കയ്യും കാലും കൂട്ടിക്കെട്ടി വായില്‍ ഒരു പ്ലാസ്റ്ററുമൊട്ടിച്ച് ഗുരുദേവന്‍ കൂടെയങ്ങ് കൊണ്ട് പോയാല്‍ അത്രയും നന്ന്. ഗുരുവിന്റെ ആശയം പിന്‍പറ്റി ജീവിക്കുന്ന നല്ല നാരായണീയര്‍ക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന വലിയൊരു സേവനമായിരിക്കുമത്. കയ്യും കാലും കെട്ടാന്‍ മറന്നാലും ആ തിരുവായില്‍ പ്ലാസ്റ്ററൊട്ടിക്കാന്‍ ഒരിക്കലും മറന്നേക്കരുത്. അല്ലെങ്കില്‍ കാര്യം ഗോവിന്ദ! ചെവി കഴുകാന്‍ ഗംഗാജലം തന്നെ വേണ്ടി വരും. ചെവിയായത് കൊണ്ട് എരുമച്ചാണകം തളിക്കാന്‍ പറ്റില്ലല്ലോ? അല്ലെങ്കില്‍ അതും ചെയ്യേണ്ടി വന്നേനെ. അത്രമാത്രം പവിത്രമാണ് ആ നാവ്. പ്ലാസ്റ്റര്‍ കിട്ടിയില്ലെങ്കില്‍ അറ്റ കൈ പ്രയോഗമായി അടിയന്തര ഘട്ടത്തില്‍ മാത്രം ഉപയോഗിക്കാന്‍  തത്കാലം ഒരു മാര്‍ഗ്ഗമുണ്ട്. നൂറ് ഗ്രാം പഞ്ഞി വാങ്ങി രണ്ട് ചെവിയിലും തിരുകിയേക്കുക.
നാരായണ ഗുരുവെന്ന നല്ല മനുഷ്യന്റെ പേരും പറഞ്ഞാണ് നടേശ ഗുരുവാശാന്‍ ഈ തല്ലു കൊള്ളിത്തരങ്ങളൊക്കെ ഇത്ര നാളും ചെയ്തു പോന്നിരുന്നത്. സാക്ഷാല്‍ ഗുരുവിന്റെ നേര്‍ വിരുദ്ധനാണ് നമ്മുടെ ഈ ഗുരുവാശാന്‍. കള്ള് ഉണ്ടാക്കരുതെന്നും വില്‍ക്കരുതെന്നുമാണ് നാരായണ ഗുരു പറഞ്ഞതെങ്കില്‍ കള്ള് ഉണ്ടാക്കുകയും ചെയ്യും അത് വില്‍ക്കുകയും ചെയ്യും എന്നതാണ് ഗുരുവാശാന്റെ നിലപാട്. മാത്രമല്ല മദ്യമേ വജയതേ എന്നതാണ് ഗുരുവാശാന് ലഭിച്ച പുതിയ വെളിപാടും ആപ്ത വാക്യവും. ജാതി ചോദിക്കരുത് പറയരുത് എന്നാണ് നാരായണ ഗുരു പഠിപ്പിച്ചത്. കണ്ട് മുട്ടുമ്പോള്‍ ആദ്യം ചോദിക്കേണ്ടത് ജാതിയാണെന്നും അത് ചോദിച്ചില്ലെങ്കില്‍ അങ്ങോട്ട് കയറി പറഞ്ഞേക്കണമെന്നുമാണ് ഗുരുവാശാന്റെ നിര്‍ദേശം. നാരായണ ഗുരു ശാന്തനും മാന്യഭാഷിയുമായിരുന്നെങ്കില്‍ അഭിനവ ഗുരു പരാക്രമിയും തെറിഭാഷിയുമാണ്. ഇത്രയൊക്കെയായിട്ടും ശ്രീനാരായണീയര്‍ എന്തിനാണാവോ ടിയാനെ ഇനിയും ചുമക്കുന്നത് എന്ന ചോദ്യത്തിന് മാത്രമാണ് ഇനിയും ഉത്തരം കിട്ടാനുള്ളത്.

രണ്ടാം ഗുരു നടേശനാശാന്‍ വിശാല ഹിന്ദു ഐക്യത്തിനായുള്ള നെട്ടോട്ടത്തിലായിരുന്നു. നമ്പൂരിമാരുടെ ഇല്ലത്ത് വരെ കാല്‍ കഴുകാതെയും തലകുമ്പിടാതെയും കയറി ഇരിക്കണമെന്നതാണ് ആശാന്റെ വലിയൊരാശ. അതിനായി ഏതു കാല്‍ പിടിക്കാനും തയ്യാറാണ്. കഷ്ടകാലവശാല്‍ പിടിക്കുന്ന കാലൊക്കെ വലിയ്ക്കുന്ന ശീലമുള്ളത് കൊണ്ട് ആരും കാല് നീട്ടികൊടുക്കാറില്ലായിരുന്നു. ഒടുവില്‍ ഒരു കാല്‍ ഗുരുവിന് പിടിയ്ക്കാനായി നീട്ടിക്കിട്ടി. പക്ഷേ അതൊരു കരിങ്കാലാണെന്ന് ഗുരു അറിഞ്ഞപ്പോള്‍ ഏറെ വൈകിപ്പോയിരുന്നു.
സ്വപ്ന സാക്ഷാത്കാരത്തിന്റെ  ആദ്യപടിയായാണ് ഗുരു നടേശന്‍ എന്‍ എസ് എസ്സുമായി ചേര്‍ന്ന് നായരീഴവ വിശാലമുന്നണിക്ക് ശ്രമിച്ചത്. അള്‍സേഷ്യന്‍ നായക്ക് ചാവാലി നായയെ കാണുമ്പോഴുള്ള ഐക്യം മാത്രമാണ് നായര്‍ക്ക് ഈഴവനോടുള്ളത് എന്ന് ഗുരുവിന് മനസിലായത് ഇപ്പോഴാണ്. പണ്ടൊരിക്കല്‍ തോളില്‍ കയ്യിട്ട് നടന്നിട്ട് പാലത്തില്‍ നിന്ന് തള്ളി താഴെയിട്ടവരാണ് എന്‍ എസ് എസ് എങ്കിലും അതൊരു കയ്യബദ്ധമാണെന്നായിരുന്നു ഇത് വരെ ഗുരു വിശ്വസിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗുരുവിന് അതിന്റെ പേരില്‍ എന്‍ എസ് എസ്സിനോട് ഒരു കെറുവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണയും അതേ പാലത്തില്‍ നിന്ന് അതേ സ്ഥലത്ത് വെച്ച് അതേ കൈകള്‍ കൊണ്ട് വീഴ്ത്തപ്പെട്ടപ്പോള്‍ ഗുരുവിന് പെട്ടെന്ന് ഓര്‍മ വന്നത് ഒരു പഴഞ്ചൊല്ലാണ്. പാലം കടക്കുവോളം നാരായണാ, പാലം കടന്നാലോ കൂരായണ. ഇവിടെ പക്ഷേ പാലം കടക്കുന്നതിന് മുന്നേ എന്‍ എസ് എസ് കൂരായണ പറഞ്ഞിരിക്കുന്നു. നാരായണീയരോട് കൂരായണ പറഞ്ഞ ‘സുകുമാരന്‍ചേട്ടനെ’ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെയാണ് ഗുരു തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അതിന് മോദിയെ കൂട്ട്പിടിക്കേണ്ടി വന്നാല്‍ ലിദ്ദേഹം ലതിനും തയ്യാര്‍.

ഇത്ര നാളും മോദിയെ തെറ്റിദ്ധരിച്ച്‌പോയതിലുള്ള കുണ്ഠിതത്തിലാണ് കഴിഞ്ഞ കുറേ നാളുകളായി ഗുരുവാശാന്‍. രാത്രി കിടന്നിട്ട് പലപ്പോഴും ആശാന് ഉറക്കം പോലും കിട്ടാറില്ല. ഇത്ര പുണ്യവാളനായ മോദിയെയാണല്ലോ ദൈവമേ ഞാന്‍ തെറ്റിദ്ധരിച്ചത് എന്ന ചിന്തയില്‍ നീറുകയായിരുന്നു നടേശഗുരു ഹ്യദയം. പശ്ചാത്താപ വിവശനായ നടേശഗുരു അടുത്ത കൊടുങ്ങല്ലൂര്‍ ഭരണിയ്ക്ക് തന്റെ വക നാലുവരിക്കവിത നേര്‍ച്ചയാക്കുകയും, തന്നെ തെറ്റിദ്ധരിപ്പിച്ചു മോദി വിരോധിയാക്കിയ മാധ്യമപ്പരിഷകള്‍ക്കെതിരില്‍ ഒരോ ദുര്‍മന്ത്രവാദം കഴിപ്പിക്കുകയും ചെയ്തു. കൂട്ടത്തില്‍ കുടുംബ ക്ഷേത്രത്തില്‍ മോദിക്കായി ഒരു ശത്രുസംഹാര പൂജയും. ഇത്രയും കഴിഞ്ഞപ്പോഴാണ് ആ തിരു ഹ്യദയം ഒന്ന് ശാന്തമായത്. അങ്ങനെയിരിക്കേ ഗുരുവിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി മോദി ഇങ്ങ് കൊച്ചിയിലെത്തുകയും ചെയ്തു. നടേശ ഗുരുവിന്റെ കുത്തിമറിയല്‍ കണ്ട് യഥാര്‍ത്ഥത്തില്‍ കണ്ണ് തള്ളിയത് എസ് എന്‍ ഡി പിക്കാര്‍ക്കല്ല. സാക്ഷാല്‍ ബി ജെ പിക്കാണ്. കുത്തരി വേണമെങ്കില്‍ ചോദിച്ചാല്‍ പോരായിരുന്നോ? ഉരലില്‍ തന്നെ തലയിടേണ്ടതുണ്ടായിരുന്നോ എന്നു മാത്രമാണ് ബി ജെ പി കാര്‍ക്ക് നടേശനാശാനോട് ചോദിക്കാനുള്ളത്

എതിര്‍ വാക്ക്: നടേശഗുരു പിന്തുണ നല്‍കിയവരാരും ഗുണം പിടിച്ചിട്ടില്ല എന്നത് മാത്രമാണ് ആകെയൊരാശ്വാസം.

1 comment:

  1. ആദ്യമായി അദ്ദേഹം ചെയ്യുക കിട്ടുന്ന വണ്ടിയില്‍ കയറി വെള്ളാപ്പള്ളിക്ക് പോകലായിരിക്കും. അവിടെയെത്തിയാല്‍ അല്പ നേരത്തേക്ക് തന്റെ എല്ലാ സത് സ്വഭാവങ്ങളേയും മാറ്റിവെച്ച് കണ്ണില്‍ കാണുന്ന ഏതെങ്കിലും വേലിപത്തലോ കയ്യില്‍ കിട്ടുന്ന തെങ്ങിന്‍ മടലോ എടുത്ത് അവിടെയുള്ള നടേശ ഗുരുവിന്റെ പ്യഷ്ഠം നോക്കി നല്ല നാല് പൂശ് പൂശലായിരിക്കും പിന്നീട് ചെയ്യുക.


    ഹഹഹ..അതങ്ങിഷ്ടപ്പെട്ടു. സത്യം

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....