Feb 18, 2014

സർവ്വേ ഗുണ ഗ്രൂപായമാശ്രയന്തി


കേരളത്തിലെ കോൺഗ്രസുകാർക്ക് വേണ്ടി മാത്രമുണ്ടാക്കിയ ഒരു ചൊല്ലാണ് മുകളിൽ തലക്കെട്ടായി നൽകിയിരിക്കുന്നത്. (ദയവായി മറ്റുള്ളവർ ചൊല്ല് അനുവാദമില്ലാതെ വാമൊഴിയിലോ വരമൊഴിയിലോ പ്രയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. അവർക്ക് വേണമെങ്കിൽ സമാനമായ മറ്റ് ചൊല്ലുകൾ ഉണ്ടാക്കാവുന്നതാണ്) ഏതെങ്കിലും ഒരു ഗ്രൂപിനെ ആശ്രയിക്കുന്നവർക്ക് മാത്രമേ സർവ്വ ഗുണങ്ങളുമുണ്ടാകുകയുള്ളൂ എന്നാണ് ചൊല്ലിന്റെ പൊരുളെന്നാണ് കോൺഗ്രസിലെ ഭൂരിപക്ഷം ഭാഷാ ശാസ്ത്ര വിശാരദന്മാരും വ്യാഖ്യാനിച്ചിട്ടുള്ളത്. എന്തു വ്യത്തികേടുണ്ടായാലും ഒരു ഗ്രൂപ്പുണ്ടെങ്കിൽ സർവ്വ ഗുണങ്ങളും തികഞ്ഞവനായി എന്നാണ് ഇതിന്റെ ശരിയായ അർത്ഥമെന്ന് വാദിക്കുന്ന ചില ശിങ്കിടി മുങ്കമാരും ഈയിടെയായി കോൺഗ്രസിൽ കൂടി വരുന്നുണ്ട്. അർത്ഥവും വ്യാഖ്യാനവും എന്തൊക്കെയായാലും ഗ്രൂപും ഗ്രൂപ്പോരും സംസ്ഥാന കോൺഗ്രസിൽ പുത്തരിയല്ല. ഗ്രൂപ് എന്ന വാക്ക് അത്ര മേൽ അലിഞ്ഞ് ചേർന്ന രക്തമാണ് ഓരോ കോൺഗ്രസ്കാരന്റെയും സിരകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത്.  ഗ്രൂപ് കൊഴുക്കുമ്പോൾ മാത്രമാണ് കോൺഗ്രസും കോൺഗ്രസുകാരും കൊഴുക്കാറുള്ളത്. കസേരയടി, തമ്മിലടി, ക്വട്ടേഷൻ വിളയാട്ടം, യോഗം കലക്കൽ, തെറിപ്പൂരം, വ്യാജ പോസ്റ്റർ, അറ്റകൈക്ക് മുണ്ട് പറിച്ചോടൽ തുടങ്ങി വോട്ടർമാർക്ക് ലഭിക്കുന്ന അസ്വാദ്യ സുഖം സംരക്ഷിക്കണമെങ്കിലും കോൺഗ്രസിൽ ഗ്രൂപുണ്ടായാലേ പറ്റുകയുള്ളൂ. ഇതൊന്നുമറിയാത്ത ചില ശിക്കാരി ശംഭുമാരെയാണ് ഹൈക്കമാന്റ് ഇപ്പോൾ കെപിസിസിയുടെ കസേരകളിൽ ഉപവിഷ്ടരാക്കിയിരിക്കുന്നത് എന്നാണ് ഗ്രൂപ്പിൽ വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കൾ ഒളിവിലും വെളിവിലും പാതി പറഞ്ഞും ബാക്കി വിഴുങ്ങിയുമൊക്കെ പറഞ്ഞും  പ്രകടിപ്പിച്ചും കൊണ്ടിരിക്കുന്നത്. കെ പി സി സി കസേരകളെന്നാൽ അത്  വെറും കസേരകളാണോ? പരേതനായ കണ്ണോത്ത് കരുണാകരനും വിനീതനായ അറക്കപ്പറമ്പിൽ കുര്യൻ ആന്റണിയും ടോം ആൻഡ് ജെറി കളിച്ച് വിശുദ്ധമാക്കിയ കസേരകളിൽ ഗ്രൂപ് ബോധമില്ലാത്ത ഒരരസികൻ മൂടുറപ്പിച്ച് ഇരിക്കുകയെന്നാൽ. വിരുദ്ധന് പോലും ആലോചിക്കാൻ ഭയമാകുന്നു.

ഈയൊരു ഗ്രൂപ് ബോധത്തിന്റെ ഒത്ത നെറുകയിലാണ് ശ്രീമതി സോണിയാഗാന്ധി ഉലക്ക കൊണ്ടാഞ്ഞടിച്ചിരിക്കുന്നതും  വി എം സുധീരനെന്ന ഗ്രൂപ് രഹിതനെ കസേരയിട്ട് വാഴിച്ചിരിക്കുന്നതും. കേരളത്തിലെ പി സി സി പ്രസിഡന്റിന്റെ കസേരയെ ഉപമിക്കാൻ ലോകത്ത് ഒരേ ഒരു സംഗതി മാത്രമേ നിലവിലുള്ളൂ. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണരുടെ കസേര! എപ്പോൾ വേണമെങ്കിലും തെറിക്കാവുന്ന ഒരു കസേരയെന്നത് മാത്രമല്ല ഇതിനെ സാമ്യപ്പെടുത്തുന്നത്. ഇന്ത്യയും പാകിസ്ഥനുമെന്ന രണ്ട് വൻ ശക്തികളുടെ വടം വലിയ്ക്കിടയിലാണ് ഇതിന്റെ സ്ഥാനവും. ഏതാണ്ടിതു പോലെയുള്ള രണ്ട് ഗ്രുപുകളുടെ വടം വലികൾക്കിടയിലാണല്ലോ കെ പി സി സി പ്രസിഡന്റ് എന്ന മാന്യ ദേഹത്തിന്റെ കസാലയുംരണ്ട് ഗ്രൂപുകളുടെയും ഇടയിൽ ഒരു മക്മോഹൻ രേഖവരച്ച് അതിനു മുകളിലാണ് സോണിയാ മാഡം ഇത്തവണ കസേര സ്ഥാപിച്ചത്. ആട്ടത്തിലും കുലുക്കത്തിലും കസേരക്കോ അതിൽ ഇരിക്കുന്ന ആളിനോ എന്തെങ്കിലും പറ്റിയാൽ ഒന്നു താങ്ങി നിർത്താൻ ഒരു ധൈര്യത്തിനായി ഒരു ഉപ അംബാസ്ഡറെയും മാഡം കനിഞ്ഞരുളിയിട്ടുണ്ട്.

ഹ്യൂം സായ്വ് സ്ഥാപിച്ചതും നിലവിൽ സോണിയാ മദാമ്മ/ മാഡം നടത്തിക്കൊണ്ട് പോകുന്നതുമായ കോൺഗ്രസിനെ ശുദ്ധീകരിക്കാൻ തന്നെയാണ് മാഡത്തിന്റെ തീരുമാനം. അതിനായി ഡൽഹി സെക്കനാന്റ് മാർക്കറ്റിൽ നിന്ന് നല്ലൊരു ചൂലും വാങ്ങിനൽകിയാണ് സുധീരൻ സാറിനെ പ്രസിഡന്റ് കസേരയിൽ മാഡം ഇരുത്തിച്ചത്.  തന്റെ പ്രിയങ്കരിയായ അമ്മായിയമ്മ ഇന്ദിരാമ്മയും പ്രാണേശ്വരൻ രാജീവേട്ടനും ഉൾപ്പടെ വിശ്വസിച്ച്, ലാളിച്ച്  പോന്നിരുന്ന ഗ്രൂപ് തത്വങ്ങളെയാണ് ആയമ്മ നിർദാക്ഷിണ്യം അടിച്ച് വാരി കുപ്പത്തൊട്ടിയിൽ ഇട്ടിരിക്കുന്നത്.  കല്പന ധിക്കരിച്ച് ഗ്രൂപ് കളിയുമായി ഇറങ്ങുന്നവരുടെ ജൗളി പൊക്കി ചന്തിക്ക് നോക്കി പുളിങ്കമ്പ് കൊണ്ട് തന്നെ ഉഗ്രൻ പെട പെടയ്ക്കുമെന്ന് മാഡം താക്കീതും നൽകിയത്രേ.


അമ്മായിയമ്മയ്ക്കും കെട്ടിയോനും പോലും ഇല്ലാതിരുന്ന കോൺഗ്രസ് സ്നേഹവും തിരിച്ചറിവുമാണ് മാഡത്തിനുണ്ടായിട്ടുള്ളത്. പക്ഷേ തിരിച്ചറിവ് ചിലർക്കെല്ലാം ചൊറിച്ചിലുണ്ടാക്കിയിട്ടുണ്ട്. അന്യ നാട്ടിൽ നിന്ന് ഇവിടെ വന്ന് രാജ്യ സേവനം നടത്തുന്ന മാന്യ മഹിളയുടെ തിരിച്ചറിവിൽ ചൊറിച്ചിലൂണ്ടായവർ ചില്ലറകാരല്ലെങ്കിലും സ്വന്തം ചന്തിയുടെ കാര്യമായതിനാൽ മിക്കവരും കേവലം മുറുമുറുപ്പിൽ കാര്യങ്ങൾ ഒതുക്കിയിരിക്കുകയായിരുന്നു. പക്ഷേ ചന്തി സ്വന്തമായാലും ചൊറിച്ചിലുണ്ടെങ്കിൽ ചൊറിഞ്ഞ് തന്നെ തന്നെ തീർക്കുന്ന കോൺഗ്രസിലെ ചുരുക്കം ചില നേതാക്കളിൽ ഒരാളായ കെ സുധാകരൻ ചൊറിയാൻ തന്നെ തീരുമാനിച്ചു. ഒരു കാര്യം  തീരുമാനിച്ചാൽ പിന്നെ പിന്നോട്ട് പോയ ചരിത്രം സുധാകരൻ സാറിന് പണ്ടേ ഇല്ല. പക്ഷേ സാറിന്റെ ചൊറിച്ചിൽ ഇന്ദിരാഭവൻ വരെ എത്തിയിരിക്കുന്നു. എത്തിയെന്ന് മാത്രമല്ല ഇന്ദിരാഭവനിലെ ചിലരുൾപ്പെടെ അവിടവിടെയായി പലർക്കും ചൊറി പകരുകയും ചൊറിയാനായി പല കൈകളും നീങ്ങുകയും ചെയ്യുന്നുണ്ട്. ചൊറിച്ചിലിന് ആയുർവേദത്തിൽ നല്ല മരുന്നുണ്ടെന്ന് കേൾക്കുന്നുണ്ട്. പക്ഷേ മരുന്ന് നൽകാനുള്ള കരളുറപ്പ് വി എം സുധീരനെന്ന ഗ്രൂപ്പില്ലാ പ്രസിഡന്റിന് ഉണ്ടോയെന്നതിൽ മാത്രമാണ് വിരുദ്ധന് സംശയമുള്ളത്.


എതിർവാക്ക്: തൂക്കിക്കൊല്ലാൻ പോകുന്ന പ്രതികളെ സന്ദർശിക്കാൻ മനസുറപ്പില്ലാത്ത സരളഹ്യദയനാണ് ചാണ്ടി സാർ. അവരെ കാണുന്നമാത്രയിൽ അദ്ദേഹം കരഞ്ഞ്പോകും. ഈയൊരു ശീലമുള്ളത് കൊണ്ട് മാത്രമാണ് ചാണ്ടിസാർ സുധീരൻസാറിന്റെ അധികാരക്കൈമാറ്റ ചടങ്ങിന് വരാൻ താമസിച്ചത്. അല്ലാതെ കുശുമ്പോ ശത്രുതയോ കൊണ്ടൊന്നുമല്ല. ഇത് സത്യം സത്യം സത്യം

1 comment:

  1. കെപിസിസി പ്രസിഡന്റിനെയും പാകിസ്ഥാനിലെ ഇന്‍ഡ്യന്‍ അംബാസഡറെയും താരതമ്യപ്പെടുത്തിയത് സൂപ്പര്‍

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....