Apr 17, 2014

പി സി എന്നത് കേവലം രണ്ടക്ഷരങ്ങൾ മാത്രമല്ല


കേരള രാഷ്ട്രീയം ഇതു വരെ കണ്ടിട്ടുള്ള വ്യക്തിത്വങ്ങളുടെ കൂട്ടത്തിൽ മുൻസാമ്യതകളില്ലാത്തതും മുൻ മാത്യകകളില്ലാത്തതുമായ നേതാവാര് എന്നു ചോദിച്ചാൽ നിലവിൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ. സാക്ഷാൽ പി സി ജോർജ്! കേരള രാഷ്ട്രീയത്തിലെ ഒരു ഗജവീരനാ‍ണ് പി സി അച്ചായൻ. തടിമിടുക്കിലല്ല, ഏതു തടിയും പിടിക്കാനുള്ള മനക്കരുത്തിലാണ് അച്ചായൻ ഗജരാജനാകുന്നത്. പിടിക്കുന്ന തടി തേവരുടേതാണോ തമ്പുരാന്റേതാണോ എന്നൊന്നും പുള്ളിക്കാരൻ നോക്കാറില്ല. പിടിക്കാൻ ഒക്കുന്ന തടികളാണെങ്കിൽ ഒന്നു പിടിക്കാതെ വിടില്ല. പിടിക്കാൻ പറ്റിയില്ലെങ്കിൽ കാലു മടക്കി ഒന്നു തൊഴിക്കുകയെങ്കിലും വേണം. അല്ലാതെ അച്ചായന് മനസമാധാനം കിട്ടാറില്ല. ആനയ്ക്ക് തന്റെ വലിപ്പമറിയില്ല എന്നൊരു പഴ മൊഴിയുണ്ട്. സ്വന്തം വലിപ്പം അറിയാൻ കഴിയാത്തത് കൊണ്ടാണ് ആന പാപ്പാന്റെ കല്പനാ നിർദേശങ്ങൾക്ക് വഴങ്ങി മാന്യ ശിരോമണിയായി ജീവിച്ച് പോകുന്നത് എന്നാണ് ഈ ചൊല്ലിന്റെ ആശയം. ഏതാണ്ടിങ്ങനെയൊക്കെത്തന്നെയാണ് അച്ചായന്റെ കാര്യവും ഇരിക്കുന്ന സ്ഥാനത്തിന്റെ മുഴുപ്പും മഹത്വവും അച്ചായന് വേണ്ട പോലെ മനസിലായിട്ടില്ല. അതു കൊണ്ടാണ് ഏതു അഴുക്കും ചുമക്കാനും ഏതു ചെളിയിൽ തലകുത്തി മറിയാനും യാതൊരു മനക്ലേശവും അച്ചായൻ വെച്ചു പുലർത്താത്തത്. ക്രിസ്തീയ സഭകളിൽ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനും ചെറുക്കനും പ്രീ മാരിറ്റൽ കോച്ചിംഗ് എന്നൊരു ഏർപ്പാടുണ്ട്. എടുത്ത് തലയിൽ വെക്കാൻ പോകുന്ന കുരിശിന്റെ വലിപ്പവും അത് ചുമന്നാൽ ഉണ്ടാകുന്ന ക്ഷീണവും പറഞ്ഞ് മനസിലാക്കിക്കുന്നതോടൊപ്പം അത് ആയാസമില്ലാതെ ചുമക്കാനുള്ളാ ചില തന്ത്രങ്ങളും പൊടിക്കൈകളും കൂടി അവിടെ നിന്ന് പഠിപ്പിച്ചതിന് ശേഷമേ നവ ദമ്പതികളായുള്ള അരങ്ങേറ്റത്തിന് അവരെ പറഞ്ഞയക്കുകയുള്ളൂ. പക്ഷേ യു ഡി എഫിന് പറ്റിയ വലിയ പറ്റ് എന്താണെന്ന് വെച്ചാൽ ഒരു മിന്നു കെട്ടിന് മുമ്പ് ജോർജച്ചായന് ഒരു പ്രീ മാരിറ്റൽ കോച്ചിംഗ് കൊടുക്കാൻ കഴിഞ്ഞില്ലയെന്നതാണ്. അച്ചായന്റെ, തലയാട്ടി കൊമ്പ് കുലുക്കിയുള്ള വരവിന്റെ ഗരിമ കാണുമ്പോൾ തന്നെ ഒരു മാതിരി മൂത്തു നരച്ച കോൺഗ്രസ് നേതാക്കളൊക്കെ വഴി മാറിയും വല്ല മാവിന്റെയോ മരത്തിന്റേയൊ നിഴലിൽ പതുങ്ങിയും ഒഴിഞ്ഞങ്ങ് പോകും. ചെളി വെള്ളം വീണ് അലക്കി ത്തേച്ച ഖദർ ചീത്തയാക്കാൻ അവർക്ക് അശേഷവും താത്പര്യം ഇല്ല. പിന്നയല്ലേ കോച്ചിംഗ്!
ജോർജച്ചായനുമായി സംബന്ധം കൂടാൻ യു ഡി എഫ് ആലോചിച്ചപ്പോൾ തന്നെ ചില വിവരമുള്ള കാരണവന്മാർ ഉപദേശിച്ചതാണ്. ഈ ആലോചന നമുക്ക് വേണ്ട വേണ്ട എന്ന്. കാൽ കാശിന് വകയില്ലാതെ ദരിദ്ര്യവാസം പിടിച്ച് കിടന്ന യുഡി എഫ് സൌന്ദര്യവും സ്വഭാവ മഹിമയും കുല മഹിമയും നോക്കാതെ പണം (ഇവിടെ ചാക്കിട്ട് പിടുത്തം) മാത്രം നോക്കിക്കെട്ടിയതാണ് ജോർജച്ചായനെ.  മറ്റ് ചിലരൊക്കെ പറയുന്നത് ഇപ്രകാരമാണ് “ ഭാര്യയുടെ ഒന്നാം കെട്ടിലുണ്ടായ മുടിയനായ പുത്രനെ പോറ്റേണ്ട ഗതി കെട്ട ഭർത്താവാണത്രേ യു ഡി എഫ് ” ഈ പ്രയോഗമനുസരിച്ച് ഭാര്യയുടെ സ്ഥാനം അലങ്കരിക്കുന്നത് മാണി സാർ തന്നെയാണ്. സാറിന്റെ കൂടെ എടുക്കാച്ചരക്കായി കൂടെ വന്ന ആദ്യ ജാതനാണ് അച്ചായൻ. ഭർത്യവീട്ടിലെ സ്വന്തം ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ ഈ മോൻ ജനിക്കേണ്ടിയില്ലായിരുന്നുവെന്ന് തോന്നിപ്പോകാറുണ്ടെങ്കിലും നാടിനെയും നാട്ടുകാരെയും  ഓർത്ത് മാത്രമാണ് മോനെ തള്ളിപ്പറയാത്തത്.

ഇത്തവണ അച്ചായൻ മേയാനിറങ്ങിയത് തെരഞ്ഞെടുപ്പ് സമയത്തായിരുന്നു. അച്ചായന് ചിലരെക്കുറിച്ചൊക്കെ ചില മുൻ‌ധാരണകളുണ്ട്. അത് കോൺഗ്രസുകാരായാലും കമ്മ്യൂണിസ്റ്റ്കാരായാലും ശരി അച്ചായൻ പറയാനുള്ളത് നേരെ ചൊവ്വേയങ്ങ് പറഞ്ഞിരിക്കും. ഇതൊരു രോഗമാണോയെന്ന് അച്ചായൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇതിന് പറ്റിയതായ ഒരു ചൊല്ല് മലയാളത്തിലുള്ളത് ഇപ്രകാരമാണ്. ‘കാക്കയ്ക്ക് എല്ലാ ഇറച്ചിയും തിന്നാം. കാക്കയിറച്ചി നായ്ക്ക് പോലും വേണ്ട’
ഇത്തവണ ഗജമർദ്ധനം ഏൽക്കേണ്ടി വന്ന പ്രമുഖരിൽ ചിലർ ഇവരാണ്. ഒന്ന് തിരുവനന്തപുരത്തിന്റെ ആഗോള പൌരൻ സർവ ശ്രീ ശശി തരൂർ. പ്രിയ പത്നി സുനന്ദ പുഷ്കർ അന്തരിച്ചപ്പോൾ തരൂർ സാറിന് തോന്നിയ മനോ വിഷമത്തേക്കാൾ വലിയ പ്രയാസമാണ് ജോർജച്ചായന്റെ ഗജപ്രഹരമേറ്റപ്പോൾ  തോന്നിയത്. പക്ഷേ സാറിന് അല്പം മാന്യത കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട് തിരിച്ചൊന്നും പറഞ്ഞില്ല. അല്ലേൽ കാ‍ണാമായിരുന്നു പൂരം. സാറിന്റെ പേരിന്റെ കൂടെയുള്ള തരൂർ എടുത്തുമാറ്റിയാൽ ബാക്കിയെന്തു കിട്ടുമോ അതായേനെ സാറ്.
അടുത്തതായ് ജോർജാന കുത്തിയത് നമ്മുടെ സ്വന്തം എം ഐ ഷാനവാസിനെയാണ്. ഷാനവാസ് ആള് മിടുക്കനാണെങ്കിലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ വിജയമെന്തെന്ന് കണ്ടിട്ടില്ലായിരുന്നു. ഒന്ന് വിജയിച്ച് കിട്ടാനായി ഒഴുക്കിയ കാശിന് കണക്കില്ല. പക്ഷേ ദോഷം പറയരുതല്ലോ നാട്ടുകാരുടെ കയ്യിൽ നിന്ന് എച്ചിപ്പിരിവ് നടത്തിയോ പുതുപ്പണക്കാരെ വിരട്ടി മേടിച്ചോ കയ്യിട്ട് വാരിയോ ഒന്നുമല്ല സാറ്‌ പണമുണ്ടാക്കിയത്. കാരണവന്മാർ തലമുറകളായി എല്ലുമുറിയെ പണിയെടുത്ത് സമ്പാദിച്ചതിൽ നിന്നാണ് അങ്ങോർ ചിലവാക്കിയതെല്ലാം. പക്ഷേ ഗജരൂപിയായ അച്ചായൻ അതൊന്നും മാനിച്ചില്ല. നിത്യരോഗിയെന്നാണ് അങ്ങോരെ ആക്ഷേപിച്ച് കളഞ്ഞത്. ഷാനവാസിന്റെ രോഗം കഴുത്തിന് കീഴെയാണ് പക്ഷേ അച്ചായന് അസുഖം കഴുത്തിന് മുകളിലാണെന്നാണ് യൂത്ത് കോൺഗ്രസ്കാർ തറപ്പിച്ച് പറയുന്നത്. രണ്ട് ദിവസം മുമ്പ് ഇടുക്കിയിൽ വെച്ച് അച്ചായനെ തടഞ്ഞ് നിർത്തി പരിശോധിച്ചതിന് ശേഷമാണത്രേ യൂത്തുകാർ ഇക്കാര്യം സ്ഥിരീകരിച്ചത്.
ആന്റോ ആന്റണി, വി എം സുധീരൻ, എൻ കെ പ്രേമ ചന്ദ്രൻ തുടങ്ങി ജോർജാനയുടെ കൊമ്പിന്റെ മൂർച്ച പതിഞ്ഞിട്ടുള്ള മഹാന്മാർ അങ്ങനെ നീളുന്നു. ഇതൊക്കെ കാണുമ്പോൾ ഒരു കാര്യം മാത്രമേ വിരുദ്ധൻ അച്ചായനോട് ചോദിക്കുന്നുള്ളൂ. അല്ല ശരിക്കും അച്ചായൻ യു ഡി എഫിലാണൊ എൽ ഡി എഫിലാണോ ഇപ്പോഴുള്ളത്. പ്രേമ ചന്ദ്രൻ സാറും ആർ എസ് പിയും വിട്ടുവന്ന ഒഴിവ് ഇപ്പോഴുൽ എൽ ഡി എഫിൽ നികന്നിട്ടില്ല. ആ കണക്കിന് നോക്കിയാൽ, പ്രേമ ചന്ദ്രൻ അച്ചായന് കട്ടയ്ക്ക് നിൽക്കാൻ പറ്റിയ ഉരുപ്പടിയല്ലെങ്കിലും ഒന്ന് വിട്ട് വീഴ്ച ചെയ്യാമെങ്കിൽ അടുത്ത തവണ എൽ ഡി എഫ് വഴി ഒരു മന്ത്രി സ്ഥാനം ഉറപ്പാണ്. അച്ചായോ ചൊല്ല് അറിയാമല്ലോ? “ കാറ്റുള്ളപ്പോൾ തന്നെ തൂറ്റണം”. എന്താ? മാണി സാറിനെ എന്തു ചെയ്യുമെന്നോ? പോയി പണി നോക്കാൻ പറ

വേണ്ടാ വചനം; ചീഫ് വിപ്പ് എന്ന പദവി  ജീവിതത്തിൽ ഇനിയാരും ഏറ്റെടുക്കുമെന്ന്  തോന്നുന്നില്ല. നാറ്റം കാരണം ആ ഭാഗത്തേക്ക് അടുക്കാൻ പറ്റിയിട്ട് വേണ്ടേ ഏറ്റെടുക്കാ

2 comments:

  1. ## കേരള രാഷ്ട്രീയം ഇതു വരെ കണ്ടിട്ടുള്ള വ്യക്തിത്വങ്ങളുടെ കൂട്ടത്തിൽ മുൻസാമ്യതകളില്ലാത്തതും മുൻ മാത്യകകളില്ലാത്തതുമായ നേതാവാര് എന്നു ചോദിച്ചാൽ നിലവിൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ. സാക്ഷാൽ പി സി ജോർജ്!##

    ഇനി അങ്ങിനെ ഒന്ന് ഇല്ല്യാണ്ടിരിക്കാനും മഴക്കു വേണ്ടി പ്രാർഥിക്കുന്ന അത്രയും ഉയരത്തിൽ കൈകളുയർത്തി തേടുന്നു

    ReplyDelete
  2. നഗ്നസത്യങ്ങളെ മറയില്ലാതെ വിളിച്ചുപറയുന്ന അച്ചായന്‍ സിന്ദാബാദ്

    (പിസി ഫാന്‍സ് അസ്സോസിയേഷന്‍)

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....