Apr 21, 2014

അണ്ണാ സുരാജേ… ന ബ്രൂയാൽ സത്യമപ്രിയം


ആരും തെറ്റിദ്ധരിക്കണ്ട. മുകളിൽ പറഞ്ഞത് ഒരു പഴഞ്ചൊല്ല് മാത്രമാണ്. സത്യമാണെങ്കിലും അപ്രിയമായത്  പറയരുത് എന്നാണ് ഇതിന്റെ പൊരുളെന്നാണ് വിവരമുള്ള ശിരോമണികൾ പറയുന്നത്. പറയുന്നത് ശിരോമണികളായത് കൊണ്ട് തത്കാലം വിശ്വസിക്കുകയേ തരമുള്ളൂ. മലയാള സിനിമയിൽ നിന്നാണ് ചൊല്ല് ഭൂജാതമായതെന്നാണ് ചില സിനിമാക്കാർ വിശ്വസിക്കുന്നത്. എട്ടുകാതം പൊട്ടുന്ന സിനിമാ ഡയലോഗുകളിൽ നിന്നല്ല, സിനിമാ ലോകത്തിന്റെ സാക്ഷാൽ അണ്ടർ വേൾഡിൽ നിന്നാണത്രേ ചൊല്ല് പുറത്ത് വന്നത്. സിനിമയിലെ അണ്ടർ വേൾഡെന്നാൽ  സിനിമകളിൽ കാണിക്കുന്ന അണ്ടർ വേൾഡല്ല. ഒറിജിനൽ അണ്ടർ വേൾഡിനെ വെല്ലുന്ന ഡബിൾ സ്ട്രോങ്ങ് അണ്ടർ വേൾഡാണത്രേ സിനിമാലോകത്തുള്ളത്. ത്യശൂർ ഭാഷയിൽ പറഞ്ഞാൽ നല്ല ചിമിട്ട് അണ്ടർ വേൾഡ്. പേടിപ്പിച്ച് വിടൽ, കൈ വെട്ട് കാൽ വെട്ട്, ചവിട്ടിയൊടിക്കൽ അറ്റകൈക്ക് കൊലപാതകം തുടങ്ങിയ ക്വട്ടേഷൻ വർക്കുകളും അവിടെ സജീവമാണ്. കൊല്ലുന്നതും തല്ലുന്നതും ആളിനെയല്ല, സിനിമയിലെ കരിയറിനെയാണെന്ന് മാത്രം. തല്ല് കൊണ്ടവർക്ക് മാത്രമേ അതിന്റെ മുടിഞ്ഞ പവർ മനസിലാകുള്ളൂ. ആരൊക്കെ വാഴണം ആരൊക്കെ വീഴണം എന്ന് തീരുമാനിക്കുന്നതും ഈ വേൾഡാണത്രേ. ഈ സത്യങ്ങളൊക്കെ വിളിച്ച് പറയാൻ ധൈര്യം/ അവിവേകം കാണിച്ചവരൊക്കെ ഇന്ന് ഗതിപിടിക്കാതെ തെക്ക് വടക്ക് നടക്കുന്നുണ്ട്. ചിലരൊക്കെ മൂക്ക് കൊണ്ട്  ‘ക്ക, ക്ഷ, ത്ര, ജ്ഞവരച്ച് ഏത്തമിട്ട് ഒരു മടങ്ങി വരവിന് തയാറായി നിൽക്കുകയുമാണ്.  
അണ്ടർ വേൾഡിലും രാജാവും മന്ത്രിയുമൊക്കെയുണ്ട്. ദൈവാധീനത്താൽ ഇതു വരെ റാണിമാരൊന്നും ഉണ്ടായിട്ടില്ല. അല്ലെങ്കിൽ തേനീച്ചക്കൂട്ടിലെ റാണിക്ക് ചുറ്റും മുച്ചിക്കൂടുന്ന ഏഫ്യൻമാരായ ആൺ തുമ്പികളെപ്പോലെ സിനിമാ ഗുണ്ടകളെല്ലാം റാണിക്ക് ചുറ്റും കൂടിയേനെ. പണ്ട് റാണിയാകാൻ ചിലരൊക്കെ ശ്രമിച്ചിരുന്നെങ്കിലും ആൺകോയ്മയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ സാധിച്ചിട്ടില്ലത്രേ. മെയിൽ ഷാവിനിസ്റ്റ് പിഗ് (പുരുഷാധിപത്യ പന്നികൾ) എന്ന് വിളിച്ചു കൊണ്ട് പടിയിറങ്ങിയ ചില റാണിമാരെ പിന്നെ സിനിമാ ലോകം കണ്ടിട്ടേയില്ലെന്ന് ചില ഗോസിപ്പുകാർ പറയുന്നു.   
ഇത്രയൊക്കെ ആമുഖം പറയാൻ വേണ്ടി ഇവിടെ എന്തു സംഭവിച്ചുവെന്നല്ലേ? വലിയൊരു ദുരന്തമാണ് പോയവാരം സംഭവിച്ചത്. മാനം മര്യാദയ്ക്ക് അഭിനയിച്ച്  ( മാനം മര്യാദയെന്ന പദം വെഞ്ഞാറമൂടുകാർക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ  പറഞ്ഞേക്കണം . ഇപ്പോൾ തന്നെ പിൻവലിക്കുന്നതായിരിക്കുംനാല് കാശ് ഉണ്ടാക്കി കുടുംബം പോറ്റിക്കൊണ്ടിരുന്ന സുരാജ് വെഞ്ഞാറമൂടിന് ലോട്ടറിയടിച്ചു! വെറും ലോട്ടറിയല്ല ദേശിയ അവാർഡെന്ന ബംബർ ലോട്ടറിയും സംസ്ഥാന അവാർഡെന്ന കാരുണ്യാ ലോട്ടറിയും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആദ്യത്തേത് ഒറിജിനൽ ബംബറും രണ്ടാമത്തേത്  കാരുണ്യത്താലുള്ള ഔദാര്യുവുമാണെന്നാണ് ചില ജൂറി വിരുദ്ധരുടെ രഹസ്യ ഭാഷണം. ദേശീയ അവാർഡ് വാർത്തകൾ പുറത്ത് വരുന്നത് വരെ സുരാജിന്റെ പേര് ജൂറിയുടെ ലിസ്റ്റിലേ ഉണ്ടായിരുന്നില്ലത്രേവാണിയം കുളം ചന്തയിലെ പഴയ പശുക്കച്ചവടക്കാരാണ് ജൂറിയിലുള്ളതെന്നത് വിരുദ്ധന്റെ ആക്ഷേപമല്ല; ചില കാര്യപ്പെട്ട് സിനിമാക്കാരുടെആക്ഷേപമാണ്. എന്തായാലും ലോട്ടറി വാർത്തയറിഞ്ഞപ്പോൾ ആദ്യം സുരാജിന് ഓർമ വന്നത് കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ ഗതിയാണ്. അടിച്ചുവെന്ന് പറയപ്പെടുന്ന ലോട്ടറിയുടെ നിജസ്ഥിതി ബോധ്യപ്പെട്ടിട്ടേ ടിയാൻ മാ എന്ന് ഉരിയാടിയുള്ളൂ. കലാഭവൻ മണിയുടെ ശക്തമായ ഉപദേശമാണ് അതിനു പിന്നിൽ എന്നും ചില കേൾവികളുണ്ട്. ആരെങ്കിലും പറയുന്ന വാർത്തകളും വിശ്വസിച്ച് വലിയ കലത്തിൽ വെള്ളമിട്ടിരുന്നാൽ അവസാനം കണ്ണീരോടെ കലം കമിഴ്ത്തി വെക്കേണ്ടി വരുമെന്ന് മണിച്ചേട്ടന് ഉത്തമ ബോധ്യമുണ്ട്. അവാർഡുകൾ ഇത്ര പൊല്ലാപ്പ് പിടിപ്പിക്കുന്നതാണോയെന്നാണ് ചിലരുടെ സംശയം. എങ്കിൽ അത്തരക്കാരുടെ സംശയദൂരീകരണത്തിനായി വിരുദ്ധൻ ഒരു സ്വകാര്യം പറയാം. അവാർഡുകൾ ആർക്കാണ് ലഭിക്കുന്നത് എന്ന് നോക്കിയാണ്  പൊല്ലാപ്പാണോ പുലിവാലാണോ എന്നൊക്കെ നിശ്ചയിക്കുന്നത്.

ഉദാഹരണമായി നമ്മുടെ സലിം കുമാറിന്റെ കാര്യമെടുക്കാം. അത്യാവശ്യം തക്കിട തരികിട വേഷങ്ങളുമായി കഞ്ഞി കുടിച്ച് പോകാനുള്ള വകുപ്പുകളുണ്ടാക്കി വരികയായിരുന്നു ടിയാൻ. ചില മിമിക്രിപ്പിള്ളാർക്കല്ലാതെ ആശാനോട് ആർക്കും വലിയ അസൂയയുമില്ല. അങ്ങനെയിരിക്കെയാണ് മുജ്ജന്മ ശത്രുവായ ഒരു സംവിധായകൻ ഒരു പടമെടുക്കുന്നതും ആശാനെപ്പിടിച്ച് നായകനാക്കുന്നതും. കഷ്ടകാലവശാൽ അതിന് ഒരവാർഡങ്ങ് തരപ്പെട്ടു. ഠിം. ദേ കിടക്കുന്നു ആശാന്റെ ഭാവി താഴെ. ആരോ ബോധപൂർവ്വം തന്നെ നശിപ്പിക്കാൻ കൂടോത്രം ചെയ്തു തന്ന അവാർഡാണ് അതെന്നാണ് ഇപ്പോൾ ആശാൻ വിശ്വസിക്കുന്നത്. അവാർഡ് കിട്ടിയ മൂച്ചിന് വലിയ തത്വജ്ഞാനിയെപ്പോലെ ചില ഡയലോഗ്സ് കാച്ചിയതാണ് ആശാന് വിനയായതെന്നാണ് പറഞ്ഞ് കേൾക്കുന്നത്. ഡയലോഗുകളിൽ ചിലത് നമ്മുടെ അണ്ടർവേൾഡിന്റെ നെഞ്ചത്ത് തന്നെ കൊണ്ടു. അതോടെ അവാർഡിന് ഒരു പേരും വീണു. ‘ കുരങ്ങന്റെ കയ്യിലെ പൂമാല’. പിന്നെ ആശാന് മാനമായി നല്ല വേഷങ്ങൾ കിട്ടിയിട്ടില്ല. അടിപ്പാരകൾ കൊണ്ട് അങ്ങേരെ ഉഴുതു മറിച്ച് കളഞ്ഞു.
അണ്ടർ വേൾഡിന്റെ പവർ അറിയണമെങ്കിൽ നമ്മുടെ കല്പനച്ചേച്ചിയോട് ചോദിച്ചാൽ മതി. സ്വന്തം കണവനോട് പോലും തോറ്റുകൊടുത്തിട്ടില്ലാത്ത ചേച്ചി ഈയടുത്ത് വല്ലതെ പേടിച്ച് പോയ ചില സംഭവങ്ങളുണ്ടായി. ഉണ്ടോണ്ടിരിക്കുമ്പോൾ ഉരുണ്ടോണ്ട് കയറുക എന്നൊരു പ്രയോഗമുണ്ട്. അതാണ് ചേച്ചിക്കും പറ്റിയത്. അങ്ങനെ മാന്യമായിട്ട് ഉണ്ടോണ്ടിരുന്നപ്പോൾ ചേച്ചിക്ക് ആം ആദ്മിയെന്ന ഉരുണ്ട് കയറ്റമുണ്ടായി. സാമൂഹ്യ സേവനത്തിലെ സഹജീവിയായ ജോസ് മാവേലിക്കുമുണ്ട് ഉരുണ്ട് കയറ്റം. ഉരുണ്ട് കയറ്റത്തിന്റെ അസ്കിത കലശലായപ്പോൽ ചേച്ചി ഒരു പൊതുയോഗത്തിൽ ആം ആത്മി തൊപ്പിയൊക്കെ വെച്ച് ഗമയിൽ ഒരു പ്രസംഗം അങ്ങ് കാച്ചി. പക്ഷേ ആം ആദ്മിയൊക്കെ ശരി, മണ്ഡലത്തിൽ മത്സരിക്കുന്നത് അണ്ടർ വേൾഡിന്റെ പ്രിയപ്പെട്ട ഇന്നച്ചനാണ്. വേൾഡിന്റെ വിധം മാറി. മുഖം ചുവന്നു. മീശ വിറച്ചു. കണ്ണുകൾകൾ ഉരുണ്ടു. രംഗം പന്തിയല്ലെന്ന് മനസിലായ ചേച്ചി നിന്ന നില്പിൽ ഉരുണ്ടു. ചേച്ചിയുടെ ഉരുളൽ കണ്ടപ്പോഴാണ് സി പി എമ്മുകാർക്ക് ഒരു കാര്യം ബോധ്യമായത്. ശരിക്കും ഇന്നച്ചനെയായിരുന്നില്ല രാഷ്ട്രീയത്തിലെടുക്കേണ്ടിയിരുന്നത് ചേച്ചിയെയായിരുന്നു. എന്തു കൊണ്ടും രാഷ്ട്രീയക്കാരിയാകാനുള്ള സ്വഭാവ ഗുണമുള്ളത് ചേച്ചിക്കാണ്. ഉരുളലിന്റെ ഇമ്പാക്ട് ഇനിയും തീർന്നിട്ടില്ല.
ഇതൊക്കെ വെച്ച് നോക്കുമ്പോൾ സുരാജ് വെഞ്ഞാറമൂട് ഇനി നന്നായി ശ്രദ്ധിക്കണം. ഞാണിന്മേൽ നടക്കുന്നത് പോലെയായിരിക്കണം ഇനി സംസാരിക്കേണ്ടത്. അണ്ടർ വേൾഡിന് മാനക്കേടുണ്ടാക്കുന്നതോ പ്രയാസമുണ്ടാക്കുന്നതോ ആയ വാക്കുകളൊന്നും ഉരിയാടരുത്. അവാർഡിന് വലിയ വില കല്പിക്കരുത്. കഷ്ടപ്പെട്ട് അഭിനയിച്ചുണ്ടാക്കിയ അവാർഡാണെങ്കിലും അങ്ങനെയൊന്നും എവിടെയും പറഞ്ഞേക്കരുത്. അഥവാ എന്തെങ്കിലും അറിയാതെ വായിൽ നിന്ന് വീണ് പോയാൽ കല്പനച്ചേച്ചിയെ വിളിക്കാൻ മറക്കണ്ട. ചില ഉരുളു വിദ്യകൾ ഇനിയും ചേച്ചിയുടെ പക്കൽ ബാക്കിയുണ്ടെന്ന് കേൾക്കുന്നു.

എതിർ വാക്ക്: ഇനി മലയാള സിനിമയിൽ അവാർഡിനായുള്ള തിക്കും തിരക്കും കുറയാൻ സാധ്യത ഉണ്ട്. സലിം കുമാറിനും സുരാജിനുമൊക്കെ കിട്ടുന്ന അവാർഡ് വാങ്ങാൻ പലർക്കും താത്പര്യമില്ലത്രേ. അതു കൊണ്ട് നടീ നടന്മാരുടെ താത്പര്യവും കൂടി നോക്കിയേ ജൂറി ഇനി മുതൽ അവാർഡ് പ്രഖ്യാപിക്കാൻ പാടുള്ളൂ.



No comments:

Post a Comment

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....