Sep 24, 2011

എന്താണു സാര്‍ ഈ സദാചാരം?


എന്താണു സാര്‍ ഈ സദാചാരം?
എം എസ് ഷൈജു, കൊല്ലം


നമ്മുടെ നാടിന്റെ സാമൂഹ്യ പരിതസ്ഥിതി അനു ദിനം വഷളാകുന്നുവെന്നാണ്‌ സാമൂഹ്യ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഈ വിലയിരുത്തലുകള്‍ക്കും ആശങ്കകള്‍ക്കും പൊതു സമൂഹംഎത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്നറിയാന്‍ ഏതെങ്കിലും വിദഗ്ദ്ധസര്‍‌വ്വേ നടത്തേണ്ടിയിരിക്കുന്നു.. അത്ര മാത്രം പ്രതികരണ രാഹിത്യവും നിസ്സംഗതയുമാണ്‌ പൊതുജനങ്ങളില്‍ നിന്നും യുവജന പ്രസ്ഥാനങ്ങളില്‍ നിന്നും കാണാന്‍ സാധിക്കുന്നത്.സഭ്യത, ധാര്‍മികത എന്നീ പദങ്ങള്‍ നല്‍കുന്ന ആശയ സംജ്ഞകളുടെ പരിവ്യത്തം നന്നേ ചുരുങ്ങിച്ചുരുങ്ങി സൂക്ഷ്മ ദര്‍ശനിയാല്‍ പരതേണ്ട അവസ്ഥയിലായിട്ടുണ്ട്. സമൂഹത്തേയും സംസ്കാരങ്ങളെയും സമചിത്തതയോടെ വീക്ഷിക്കുന്നവര്‍ക്കെങ്കിലും ചില അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടാകണം. ആരെങ്കിലും ഇതിനെക്കുറിച്ച് എഴുതുകയോ പറയുകയ്യോ ചെയ്താല്‍ ഉടന്‍ അത്തരക്കാരെ 'കപട സദാചാരക്കാര്‍'  എന്ന പേരും നല്‍കി പരിഹാസ്യരാക്കി മൂലക്കിരുത്താനുള്ള ഒരു ബോധപൂര്‍‌വമായ നീക്കവും നടന്നു വരുന്നുണ്ട്. എന്താണു ഈ സദാചാരം എന്നാണു ഇവര്‍ ചോദിക്കുന്ന ഒരു ചോദ്യം. സാംസ്കാരിതയുടെ മേലങ്കി ചാര്‍ത്തപ്പെട്ടിരിക്കുന്ന മാധ്യമങ്ങളും, സാംസ്കാരികതയുടെ മൊത്തം നായകത്വം ഏല്പിച്ചു കൊടുത്തിരിക്കുന്ന പൊതുസ്ഥാപനങ്ങളും ഈ വിഷയത്തില്‍  നടത്തുന്ന സേവനങ്ങളിലെ നൈതികത കൂടി ചര്‍ച്ചയാകുമ്പോഴാണ്‌ ഈ അസ്വസ്ഥകളും ഉള്‍ക്കിടിലങ്ങളും പൂര്‍ണ്ണമാകുന്നത്.
ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ജേര്‍ണലില്‍ വന്ന ഒരു എക്സിക്ലൂസീവ് സ്കൂപ് വായിച്ചവരില്‍ ചിലരെങ്കിലും അത് ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും. അത്ര വേഗം മറവി മൂടുന്ന ഒന്നല്ല അതില്‍ നല്‍കുന്ന വിവരങ്ങള്‍. ബാംഗ്ലൂരും ഡല്‍ഹിയുമടക്കമുള്ള ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ നക്ഷത്ര പദവികള്‍ അവകാശപ്പെട്ടു കൊണ്ട്, ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് പ്രചരിപ്പിക്കുന്ന കലാലയങ്ങളുടെ, വിശിഷ്യാ വനിതാ കലാലയങ്ങളുടെ, സമീപ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വലിയ പരസ്യ ബാനറുകളുടെ ചിത്ര സഹിതമുള്ളതായിരുന്നു ആ ലേഖനം. നഗരത്തിലെ അറിയപ്പെടുന്ന ആതുരാലയങ്ങളുടെ ആകര്‍ഷണീയ വിവരങ്ങളോടെയുള്ളതായിരുന്നു ആ പരസ്യങ്ങള്‍. സംസ്കാരത്തിന്റെ വിളനിലമാകേണ്ട കലാലയങ്ങള്‍ക്ക് മുമ്പില്‍ സംസ്കാരത്തിന്റേയും മാനവികതയുടേയുമൊക്കെ മറ്റൊരാണിക്കല്ലായ ആതുരാലയങ്ങളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതില്‍ ഇത്ര അസാംഗത്യമെന്ത് എന്ന് പ്രിയപ്പെട്ട വായനക്കര്‍ സന്ദേഹിക്കാന്‍ സാധ്യതയുണ്ട്.ജീവനേയും ജീവിതത്തേയും പരിപാലിച്ചോ സം‌രക്ഷിച്ചോ അല്ല ഇവ സുപ്രസിദ്ധങ്ങളോ കുപ്രസിദ്ധങ്ങളോ ആകുന്നത്; മറിച്ച് അതിനെ നശിപ്പിക്കുന്നതിന്റേയും സംഹരിക്കുന്നതിന്റേയും വൈദഗ്ദ്ധ്യത്തിലൂടെയാണ്‌! അഥവാ ആ നഗരങ്ങളിലെ കീര്‍ത്തികേട്ട "ഗര്‍ഭമലസല്‍ സ്പെഷ്യല്‍" ഹോസ്പിറ്റലുകളാണവ. ഈ കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളാണ്‌ ഈ മാന്യന്മാരായ ആരോഗ്യ സേവകരുടെ ടാര്‍ഗറ്റ്. വീട്ടില്‍നിന്നും പടികടന്നിറങ്ങുന്ന തന്റെ മകളെ യാതൊരാപത്തും വരുത്താതെ കാത്തുകൊള്ളേണമേ എന്നു പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കളാണ്‌ ഇവരുടെ ഒന്നാം ശത്രു.മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ മക്കള്‍ വഴി പിഴയ്ക്കതിരുന്നല്‍ ഇവരൊക്കെ ആരെയാണു സേവിക്കുക? അപ്പോള്‍ കസ്റ്റമേഴ്സിനെ ഉണ്ടാക്കുവാനും, കണ്ടെത്താനും മറ്റു പല വഴികളും തേടേണ്ടി വരുമായിരിക്കും.ഇതൊക്കെയായിരുന്നു ആ എക്സ്ക്ലൂസീവിലെ വിവരങ്ങളുടെ ആകെത്തുക.

എന്തായാലും ഈ സ്കൂപ്പിന്റെ തുടര്‍ച്ചയോ തുടരന്വേഷണമോ എന്തെങ്കിലും നടന്നതായോ, ആ ബോര്‍ഡുകള്‍ അവിടെ നിന്നും എടുത്തു മാറ്റിയതായോ ഈ കുറിപ്പ് എഴുതുന്ന ആളിന്‌ അറിയില്ല. ഒരു കാര്യം ഉറപ്പാണ്‌. കേരളീയര്‍ അദ്ഭുതത്തോടെ വായിച്ചിരുന്ന ഇത്തരം വാര്‍ത്തകളുടെ ഏറ്റവും വലിയ ഉറവിടം ഇന്നു കേരളം തന്നെയായി മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിന്റെ പൊതുവായ ധാര്‍മിക ബോധത്തിന്‌ ഒട്ടും ചെറുതല്ലാത്ത പരിക്ക് പറ്റിയിട്ടുണ്ട്. മലയാളിയുടെ സാമൂഹിക മേഖലയില്‍ സംഭവിക്കുന്ന ഗുരുതരമായ മാറ്റങ്ങളും, ധാര്‍മിക സദാചാര മേഖലകളില്‍ പ്രത്യക്ഷമാകുന്ന ഒട്ടും ക്ഷന്തവ്യമല്ലാത്ത ചിത്രങ്ങളും വാര്‍ത്തകളും ഇതിന്‌ അടിവരയിടുന്നതാണ്‌. ആധിയില്ലാത്ത മനസ്സോടെ ഒരു രക്ഷ കര്‍ത്താവിന്‌ തന്റെ മകനെയോ മകളേയോ വീട്ടില്‍ നിന്നും പുറത്തേയ്ക്ക് വിടാന്‍ കഴിയാത്ത ഒരു അസുരക്ഷിതത്വം സംജാതമാകുകയാണ്‌. യുവസമൂഹത്തെ ലക്ഷ്യബോധമില്ലാത്തവരാക്കുന്നതില്‍ വലിയ പങ്ക് നമ്മുടെ മാധ്യമ സ്ഥാപങ്ങള്‍ക്കുണ്ടെന്ന ഒരു ആരോപണം ശക്തമാണ്‌. കലാലയങ്ങളിലെ ദിശാവ്യതിയാനങ്ങളും പുത്തന്‍ ട്രെന്റുകള്‍ എന്ന ഓമനപ്പേരില്‍ അസ്വസ്ഥത പടര്‍ത്തുന്ന ശീലക്കേടുകള്‍ പോലും ലക്കും ലഗാനുമില്ലതെ മാധ്യമങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണ്‌ എന്നെഴുതിയാല്‍ ദയവായി അതൊരു കേവലമായ മാധ്യമ വിരോധമായി എഴുതിത്തള്ളരുത്. ആളുകള്‍ എന്തു തിന്നണം, എന്ത്‌ കുടിക്കണം, എന്ത്‌ വായിക്കണം, എന്നു തുടങ്ങി നാം എന്തൊക്കെ എപ്പോഴൊക്കെ ഉപയോഗിക്കണമെന്നത് നമ്മുടെ മാധ്യമങ്ങളാണ്‌ ഇന്ന് നമുക്ക് തീരുമാനിച്ച് തരുന്നത്. ആരുടെയൊക്കെയോ വിപണന താല്പര്യങ്ങളും, സ്വന്തം കച്ചവട താല്പര്യങ്ങളും മാത്രമാണ്‌ ഇവര്‍ സം‌രക്ഷിക്കുന്നത്. മുഖ്യ ധാരാ മാധ്യമങ്ങള്‍ പുറത്തിറക്കുന്ന കാമ്പസ് സപ്ലിമെന്റുകളും, യൂത്ത് ചാനലുകളും യുവത്വത്തിന്‌  പുഴുക്കുത്തേല്പ്പിക്കുന്നവ മാത്രമായി തരം താണുപോകുന്നു. മഹത്വ പൂര്‍ണ്ണമായ ഒരു സംസ്കാരത്തെ നിഷേധിക്കുന്ന അഭിശപ്ത യൗവ്വനത്തെ ഇവര്‍ ബോധപൂര്‍‌വം സ്യഷ്ടിച്ചെടുക്കുകയാണ്‌.
റിയാലിറ്റി ഷോകളെന്ന  പേരില്‍ എട്ടും പൊട്ടും തിരിയാത്ത പിഞ്ചു ബാലികമാരെപ്പോലും കാമചേഷ്ടകള്‍ അനുകരിപ്പിച്ച് സഭ്യേതര ന്യത്തം ചവിട്ടിക്കുന്ന ദ്യശ്യ മാധ്യമ മുതലാളിത്തത്തിന്റെ കഴുകന്‍ കണ്ണുകളാണ്‌ കേരളീയ മന:സാക്ഷിയെ ആഞ്ഞു കൊത്തുന്ന കാമവെറിയുടേയും ബാലികാ പീഢനത്തിന്റേയും അഞ്ചാം പത്തികള്‍ എന്നത് നാം തിരിച്ചറിയാന്‍ വൈകുന്ന യാഥാര്‍ത്ഥ്യമാണ്‌. 
തങ്ങളുടെ കച്ചവടം കൊഴുപ്പിക്കാന്‍ ഇവര്‍ വിറ്റു തുലയ്ക്കുന്നത് നൂറ്റാണ്ടുകളായി ഒരു ജനത നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്ന സഭ്യതയും സംസ്കാരവുമാണ്‌ എന്ന് നാം മനപൂര്‍‌വം മറക്കുകയാണോ? റിയാലിറ്റി ഷോകള്‍ക്ക് അടിപ്പെട്ട് തങ്ങളുടെ മക്കളുടെ അശ്ലീലതകളില്‍ മുങ്ങിയ ന്യത്ത പേക്കൂത്തുകള്‍ കണ്ട് ആനന്ദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന രക്ഷകര്‍ത്തക്കളെങ്കിലും ഇതു തിരിച്ചറിഞ്ഞെങ്കില്‍! ഇത്തരം പരിപാടികള്‍ വ്യാപകമായതിനു ശേഷമാണ്‌ ബാലികാപീഢനങ്ങള്‍ വര്‍ദ്ധിച്ചത് എന്ന് സാമൂഹ്യ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വഷളത്തരം കാണിച്ചിട്ട് ശേഷം അതിനെ റിപ്പോര്‍ട്ട് ചെയ്യുന്ന എന്തു നല്ല മാധ്യമ സേവനം. ഇരകള്‍ക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാരനൊപ്പം കുതിക്കുകയുമെന്ന ദ്വിമുഖ തന്ത്രം നന്നായി പയറ്റുന്നവരാണ്‌, ജനാധിപത്യത്തിന്റെ നാലാം തൂണുകളെന്ന് അവകാശപ്പെടുന്ന ഈ സാമൂഹ്യ സേവകര്‍ .
                                                                                              (തുടരും)

11 comments:

  1. തങ്ങളുടെ കച്ചവടം കൊഴുപ്പിക്കാന്‍ ഇവര്‍ വിറ്റു തുലയ്ക്കുന്നത് നൂറ്റാണ്ടുകളായി ഒരു ജനത നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്ന സഭ്യതയും സംസ്കാരവുമാണ്‌ എന്ന് നാം മനപൂര്‍‌വം മറക്കുകയാണോ?...........

    .....മഹാശ്ചര്യം, നമുക്കും കിട്ടണം...... പണം, പ്രശസ്തി, .........

    ReplyDelete
  2. ഏറണാകുളത്തു നിന്നും കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെടുന്ന ചില ഡീലക്സ് ബസുകളില്‍ ഉള്ള രഹസ്യ മുറികള്‍ ഒന്ന് റെയിഡ് ചെയ്‌താല്‍ കേരളത്തിലെ ചില മാതാപിതാക്കള്‍ക്ക് തൂങ്ങി ചാകേണ്ടി വരും...നന്മയുടെ പക്ഷത് നിന്ന് സംസാരിക്കുന്ന ഒരു ബ്ലോഗു പോസ്റ്റ് വായിച്ചിട്ട് കുറച്ചുകാലമായി....ഇപ്പോള്‍ കലിപ്പ് കുറച്ചു കുറഞ്ഞു....പൈങ്കിളി ബ്ലോഗര്‍മാര്‍ ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍ എന്തിനു വേണ്ടിയൊക്കെ ബ്ലോഗെഴുതണമെന്ന് കുറച്ചൊക്കെ മനസിലായേനേ....ഷൈജു ബായ്‌..ആശംസകള്‍..ഒപ്പം എന്‍റെ ഫോളോവര്‍ഷിപ്പും...

    ReplyDelete
  3. ഈയടുത്തു ഏകദേശം ഒരു ആഴ്ച്ച മുമ്പ് ഇവിടെ താമസിക്കുന്ന ഒരു ഫാമിലി നമ്മുടെ വീട്ടില്‍ വന്നപ്പോള്‍ വളരെ പ്രയാസത്തോടെ
    ഒരു കാര്യം പറഞ്ഞു . കേട്ടപ്പോള്‍ ഞെട്ടിപ്പോയി . അവരുടെ കൂടെ ജോലി ചേയ്യുന്ന ഒരു നഴ്സ് , പന്ത്രണ്ടു വയസ്സുള്ള പെണ്‍`കുട്ടിയുടെ അമ്മ
    പറയുകയാണ് : മോള്‍ ഫോണ്‍ വിളിക്കുമ്പോള്‍ അച്ചനെ പേടിയാണ് എന്ന് എപ്പോഴും പറയുന്നു വത്രെ.ഒന്ന് കൂടി പറഞ്ഞപ്പോള്‍
    കാര്യം പിടികിട്ടി .ഉടനെ തന്നെ ആ നഴ്സ് ജോലി രാജിവെച്ചു നാട്ടില്‍ പോയി .
    ധാര്‍മ്മികതയുടെ അര്‍ത്ഥം മാറുന്നില്ല , സഭ്യതയുടെ അര്‍ത്ഥം മാറുന്നില്ല, മരിച്ചു ഉള്ബുദ്ധനായ മനുഷ്യന്‍ മൃഗത്തെക്കള്‍ അധപതിക്കുന്നു.കഷ്ടം !!!

    ReplyDelete
  4. വളരെ നല്ല ലേഖനം.നമ്മുടെ ചുറ്റുപാടുകള്‍ ഭയാനകമായ രീതിയില്‍ മാറിക്കൊണ്ടിരിക്കുന്നു.നാമത് കാണാതെ കണ്ണടച്ചിരുന്നാല്‍ ...ഹൊ ദൈവമേ...എനിക്കു ചിന്തിക്കുവാനാകുന്നില്ല...

    ReplyDelete
  5. നമ്മുടെ പ്രതികരണ രാഹിത്യം പോലും നമുക്കായി ആരൊക്കെയോ സ്പോണ്സര്‍ ചെയ്യുന്നതാണ് എന്നത് പോലും നാം മനസിലാക്കാതെ പോകുകയാണ് അല്ലേ അന്‍സാര്‍ ഭായ്‌...........

    ReplyDelete
  6. വിഷയം നല്ല രീതിയില്‍ അവതരിപ്പിച്ചു. ഇത്തരം വിഷയങ്ങളില്‍ സംസാരിക്കുന്നവരെ പോലും സദാചാര വാദികള്‍ എന്ന ലേബല്‍ അടിക്കുന്നു. "ഇവനാരെടെയ് " എന്ന വേറൊരു അര്‍ത്ഥവുമായിരിക്കും അത് കൊണ്ട് ഉദ്ദേശിക്കുന്നതും. സ്വന്തം ചങ്ങില്‍ തറക്കുമ്പോഴേ അവര്‍ക്കൊക്കെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാകുകയുള്ളൂ.. ആശംസകള്‍..

    ReplyDelete
  7. ജെഫു, ശരിക്കും അതാണ് സംഭവിക്കുന്നത്......

    ReplyDelete
  8. സദാചാരം ഇന്ന് അങ്ങാടിയില്‍ വിലക്ക് വാങ്ങാവുന്ന വില്പന ചെരക്കാണ്, ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി സ്വന്തം മക്കളെ ജോലിക്ക് പറഞ്ഞയക്കേണ്ടി വരുന്ന പാവപ്പെട്ടവന്റെ പേരില്‍ ബാല പീഢനത്തിന് കേസ്സടുക്കുന്ന പോലീസ് എന്തുകൊണ്ട് റിയാലിറ്റി ഷോകളിലും മറ്റും മക്കളെ വില്‍പ്പന ചെരക്കാക്കുന്ന അവരുടെ മാംസം വിറ്റു കാശാക്കുന്ന മാതാപിതാക്കളുടെ പേരില്‍ ചാനല്‍ മുതലാളിമാരുടെ പേരില്‍ ബാലികാ പീഢനത്തിന്റേ പേരില്‍ കേസ്സെടുക്കുന്നില്ല ...

    ReplyDelete
  9. "സദാചാരം ഇന്ന് അങ്ങാടിയില്‍ വിലക്ക് വാങ്ങാവുന്ന വില്പന ചെരക്കാണ്, ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി സ്വന്തം മക്കളെ ജോലിക്ക് പറഞ്ഞയക്കേണ്ടി വരുന്ന പാവപ്പെട്ടവന്റെ പേരില്‍ ബാല പീഢനത്തിന് കേസ്സടുക്കുന്ന പോലീസ് എന്തുകൊണ്ട് റിയാലിറ്റി ഷോകളിലും മറ്റും മക്കളെ വില്‍പ്പന ചെരക്കാക്കുന്ന അവരുടെ മാംസം വിറ്റു കാശാക്കുന്ന മാതാപിതാക്കളുടെ പേരില്‍ ചാനല്‍ മുതലാളിമാരുടെ പേരില്‍ ബാലികാ പീഢനത്തിന്റേ പേരില്‍ കേസ്സെടുക്കുന്നില്ല" ..

    ഷുക്കൂര്‍ ഭായ്‌,
    നിയമങ്ങള്‍ ചിലന്തിവല പോലെയാണ്.....പാവം പ്രാണികള്‍ അതില്‍ കുരുങ്ങും....വമ്പന്‍മാര്‍ വല പൊട്ടിച്ചു കളയും......

    ReplyDelete
  10. good post
    ഒരു മാസം മുന്‍പ് മനോരമ പത്രത്തില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ എന്ത് സംഭവിക്കുന്നു എന്ന ചര്‍ച്ചയില്‍ ദിവസങ്ങളോളം നീണ്ടുനിന്ന ഫീച്ചര്‍ ഉണ്ടായിരുന്നു.കുട്ടികളില്‍ ഉണ്ടാകുന്ന ലൈങ്കിക കുറ്റകൃത്യം ഉയര്‍ന്നുവരുന്നത്തില്‍ കണ്ണീര്‍ പൊഴിച്ച മനോരമ ആഴ്ചകള്‍ക്ക് ശേഷം കാമ്പസ്‌ പേജില്‍ slutt walk, boob quake തുടങ്ങിയ അസാന്മാര്‍ഗിക സമരങ്ങള്‍ക്ക്‌ ന്യായീകരണം നല്‍കി പ്രോത്സാഹനം നല്‍കുന്നതും കണ്ടു...ആ സമരങ്ങളിലെക്ക് നയിച്ച ചിലരുടെ സദാചാര വാകുകളെ പരിഹസിക്കാനും മനോരമ മറന്നില്ല ....മാധ്യമങ്ങളുടെ കപട സദാചാരം അവഗണിക്കാവുന്നതല്ല....ഇത്തരം കേന്ദ്രങ്ങളും വ്യക്തികളും ഇതരരുടെ സദാചാരപ്രസംഗങ്ങള്‍ തങ്ങളുടേത് പോലെയെന്ന് കരുതിയാവാം വിമര്‍ശികുന്നത് ....

    ReplyDelete
  11. @MR Mails
    ഇത്തരം സംസ്കാരങ്ങളുടെ പ്രൊമോട്ടര്‍മാരാകാന്‍ ആരില്‍ നിന്നൊക്കെയോ അച്ചാരം വാങ്ങിയതുപോലെയാണു നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങളുടെ നിലപാടുകള്‍...........എന്താണിതിനൊരു പരിഹാരം.....ചെറുതെങ്കിലും ഒരു ജനപക്ഷ ബദല്‍ ?????

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....