Feb 3, 2012

ക്വട്ടേഷനില്‍ കുരുങ്ങി കേരളം


മലയാളം ന്യൂസ് സണ്‍‌ഡേ പ്ലസില്‍ പ്രിസിദ്ധീകരിച്ച ലേഖനം സമകാലിക സാഹചര്യത്തില്‍ ചില മാറ്റങ്ങളോടെ ഇവിടെ ബ്ലോഗില്‍ നല്‍കുന്നു.


ക്വട്ട്വേഷൻ എന്ന ഇംഗ്ളീഷ് പദം മലയാളത്തിന്റെ പദ സൻചികയിൽ അസ്ഥാനത്ത് സ്ഥാനം പിടിച്ച ഒരു കുപ്രസിദ്ധ വാക്കാണു.പത്ത് വർഷങ്ങൾക്കു മുമ്പ് കല്പിച്ചു കൊടുത്തിരുന്ന അർത്ഥമോ ആശയമോ അല്ല ഇന്ന് ആ വാക്ക് കേൾക്കുന്ന മാത്രയിൽ നമ്മിൽ അംഗുരിക്കുന്നത്. ചില പദങ്ങൾ അങ്ങനെയാണു. സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് അവ ദ്യോതിപ്പിക്കുന്ന ആശയങ്ങൾക്ക് പ്രകടമായ മാറ്റമുണ്ടാകും
എതിരാളിയായി കാണുന്ന വ്യക്തിയെയോ സംഘങ്ങളെയൊ കായികമായി ആക്രമിച്ചു “പാഠം പഠിപ്പിക്കുകയോ” വധിക്കുകയോ ചെയ്യുന്നതിനായുള്ള റെന്റൽ സംവിധാനത്തെയാൺ‌‍‍‍‍‍‍‍‍‍‍‌ ഇന്ന് ഈ വാക്ക് പ്രാഥമികമായി സൂചിപ്പിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ വ്യാപനവുമായി ബന്ധ്പ്പെട്ട് ഈയ്യടുത്ത് കേരള ഹൈക്കോടതി നടത്തിയ ഉത്ക്കണ്ഠ, ഒരു പക്ഷേ ഇതിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടതു കൊണ്ടു കൂടിയായിരിക്കും.എന്തായാലും ചെറുതല്ലാത്ത ആധിയോടെയാകണം പൊതുജനം ഈ വാർത്ത വായിച്ചത്.
ഉത്തരേന്ത്യൻ സിനിമകളിൽ നിന്ന്, പ്രത്യേകിച്ച് ബോളിവുഡിൽ നിന്നാണെന്നു തോന്നുന്നു, എതിരാളികളെ കായികമായി ശരിപ്പെടുത്താനും വേണ്ടിവന്നാൽ വധിക്കാനും വരെ സംഘങ്ങളെ എല്പ്പിച്ച് കൊടുക്കുന്ന പ്രവണതയുടെ സാധ്യതകൾ നമ്മുടെ നാട്ടിലെക്കു വേരോട്ടം നടത്തുന്നത്.പണ്ട് കാലങ്ങളിൽ ഇത് പലപ്പോഴും സിനിമകൾക്ക് വിഷയമാകാറുണ്ടെൻകിലും നാടിന്റെ സാമൂഹ്യ സ്ഥിതിക്ക് ഗണ്യമായ ഒരു ഭീഷണിയുയർത്തിയിരുന്നില്ല, അഥവാ അത്തരം സംഘങ്ങൾക്ക് നമ്മുടെ സാമൂഹ്യ പരിതസ്ഥിതിയിൽ സാധ്യതയുണ്ടായിരുന്നില്ല.തല്ലും കൊലയും ഒരു തൊഴിലായി സ്വീകരിച്ചു പോന്നിരുന്ന സാമൂഹ്യവിരുദ്ധരും വിരോധികളും എല്ലാ കാലത്തും സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്.അനാവശ്യമായ അതിഭാവുകത്വം നല്കി പിന്നെയെന്തിനാണു ഇത്തരം വിഷയങ്ങൾ സാമൂഹ്യ ചർച്ചക്ക് വിഷയീഭവിപ്പിക്കുന്നത് എന്ന് ചിന്തിക്കുന്നവരുടെ ഒരു പക്ഷവും ഇവിടെയുണ്ട്.ഇതിനെയൊക്കെ സഗൌരവം ചർച്ചയാക്കി ആളുകളിൽ ഭീതി ജനിപ്പിച്ച്, കാടടച്ച് വെടിവെച്ചു പോകലാണു ഇത്തരം ശ്രമങ്ങളെന്നാണു ഇവർ ആരോപിക്കുന്നത്.
നേരത്തേ സൂചിപ്പിച്ചതു പോലെ ഇതിന്റെ സാമൂഹ്യവിരുദ്ധതയല്ല ഈ കുറിപ്പിലൂടെ ചർച്ചയാക്കുന്നത്. അത് കാലങ്ങളായി ആളുകൾ തിരിച്ചറിയുന്നത് തന്നെയാണു.ഗുണ്ടകളെന്നോ റൌഡികളെന്നോ ഒക്കെ അറിയപ്പെട്ടിരുന്നവർ പണ്ടും സമ്പന്നന്മാരുടെ ചട്ടുകമായി അവരുടെ എതിരാളികളെ തല്ലാനോ കൊല്ലാനോ തുനിഞ്ഞിറങ്ങിയിരുന്നവരാണു.ഈ തല്ലലും കൊല്ലലും ഒരു പുതുമയുള്ള കാര്യമല്ലെൻകിലും ഇന്ന് ഈ സംഘങ്ങൾക്കും അവർ ചെയ്യുന്ന ജോലിക്കും കാലാനുസ്യതമായ മാറ്റങ്ങളും പുരോഗതിയും കൈവന്നിട്ടുണ്ട്. ഇതിനു ഒരു മാന്യതയും സരവ്വ സ്വീകര്യതയും ക്രമാനുഗതമായി കൈവരുന്നു എന്നതാണു ചർച്ചയുടെ മർമ്മം.
                               
നന്നായി പഠിച്ച് നല്ല കലാലയങ്ങളിൽ ഉന്നതപഠനത്തിനായി പോകുന്ന, മാന്യമായി ജീവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾ മുതൽ എം ബി എ യും എൽ എൽ ബി യൂം ഒക്കെ പഠിച്ചു നില്ക്കുന്ന അഭ്യസ്തവിദ്യർ വരെയുള്ളവരാണു മാന്യതയുടെ മുഖം മൂടിയണിഞ്ഞ് ഇത്തരം ക്വട്ടേഷൻ സംഘങ്ങളിൽ സജീവരാകുന്നത് എന്ന വാർത്തകൾ എന്തിന്റെയൊക്കെയോ അപകടമണികളാണു മുഴക്കിക്കൊണ്ടിരിക്കുന്നത്.ഒരു കാലത്ത് റൌഡികളെന്നോ ഗുണ്ടകളെന്നോ ഒക്കെ വിളിച്ച് സാമൂഹ്യഘടനയിൽ തരം തിരിച്ച് അകറ്റി നിർത്തപ്പെട്ടിരുന്നവരുടെ സംസ്കാരവും തൊഴിൽ പൈത്യകവും നിലനിർത്തുന്നവർ കൂടിയാണു ഇക്കൂട്ടർ എന്നതാണു ഈ വാർത്തകളിലെ ചകിതമായ തീവ്രത. ഒറ്റയ്ക്കാകുമ്പോൾ എറെ മാന്യന്മാരും സംസ്കാരസമ്പന്നന്മാരുമാകുന്ന ഇവർ സ്വന്തം തട്ടകങ്ങളിലും, “തൊഴിലിടങ്ങളിലുമാണു” ചില ചുരുക്കപ്പേരുകളിൽ (കു) പ്രസിദ്ധരാകുന്നത്.എറ്റെടുക്കുന്ന ക്വട്ടേഷനുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന അഭ്യസ്ത വിദ്യരായ താത്കാലിക റൌഡികളാണു ഈ സംഘങ്ങളിലൂടെ ഉണ്ടായി വരുന്നത്.
രണ്ടായിരത്തി അഞ്ഞൂറു രൂപമാത്രം മുടക്കിയാൽ പരമാവധി കൈ കാൽ ഒടിപ്പു വരെ മാത്രം എറ്റെടുക്കുന്ന മാന്യന്മാരായ കാമ്പസ് ക്വട്ടേഷൻ സംഘത്തിലെ കണ്ണിയെ ഈ കുറിപ്പ് എഴുതുന്ന ആളിനു നേരിട്ടറിയാം.സമൂഹത്തിൽ മാന്യതയുടേയും, വിനയത്തിന്റേയും, മേൽവസ്ത്രങ്ങളിൽ ജീവിക്കുന്ന ഇവരെ ആരും തിരിച്ചറിയാതെ പോകുന്നു. നിസാരമായ ആയിരങ്ങൾ മുടക്കിയാൽ ശത്രുവിനെ ഒന്നാന്തരമായി ഒരു പറ്റ് പറ്റിക്കാനും അതിലൂടെ പ്രതികാരത്തിന്റെ ഒരു സന്തോഷാനുഭൂതി നേടാനും കഴിയുമെൻകിൽ, പണം മുടക്കാൻ ആരാണു തയ്യാറാകാത്തത്? കലാലയങ്ങൾ കേന്ദ്രീകരിച്ചാണു ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ മുളപൊട്ടുന്നത് എന്നും, പിന്നീട് ആ സംഘങ്ങൾ വളർന്ന് മൂപ്പെത്തുകയുമാണെന്ന തിരിച്ചറിവിൽ നിന്നുമാകണം കോടതിക്ക് ഈ വൈകിയ വേളയിലെൻകിലും ഒരു ബോധോദയമുണ്ടാകുന്നത്.
                                 
കുട്ടി രാഷ്ട്രീയക്കാർ കളമൊഴിഞ്ഞ കാമ്പസുകൾ ഇന്ന് എറെ പേടിപ്പെടുത്തുകയാണു. ആർപ്പും ആരവവുമായി കലാലയങ്ങളിൽ നിന്നു രാഷ്ട്രീയത്തെ പുറത്താക്കി പടിയടയ്ക്കാൻ വെമ്പൽ പൂണ്ടിറങ്ങിയ സാംസ്കാരിക നായകന്മാർക്ക് ഇതൊക്കെ കണ്ടും കേട്ടും കണ്ണ് മഞ്ഞളിക്കുന്നുണ്ടാവുമോ ആവോ? തിന്മയ്ക്കോ അനീതിക്കോ എതിരേ ശബ്ദമുയർത്താനുള്ള അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു എന്നതാണു ക്വട്ടേഷൻ സംഘങ്ങൾ ഉയർത്തുന്ന വെല്ലുവിളികളിൽ പ്രധാനം.നിങ്ങളുടെ കണ്മുന്നിൽ വെച്ച് ഒരാൾ ഒരു പെൺകുട്ടിയെ കയറിപ്പിടിക്കുന്നത് കണ്ടാൽ നിങ്ങൾക്ക് ആത്മരോഷമുണരാനോ നിങ്ങൾ പ്രതികരിക്കാനോ പാടില്ല! അവൾ നിങ്ങളുടെ മകളോ, പെങ്ങളോ ആണെൻകിൽ പോലും..നിങ്ങളെങ്ങാനും പ്രതികരിച്ചു പോയാൽ....അന്നു രാത്രി തന്നെ ഒരു സംഘം കൂലിപ്പട്ടാളം നിങ്ങളുടെ വീട്ടിൽ വന്നേയ്ക്കാം. നിങ്ങളുടെ കൈകാലുകൾ വെട്ടിയും കുത്തിയും നുറുക്കിയേക്കാം..ആരും പ്രതികരിക്കാൻ പാടില്ല..ഇങ്ങനെ പ്രതികരണശേഷി തല്ലിക്കെടുത്തപ്പെട്ട്, ഷണ്ഡീകരിച്ച ഒരു സമൂഹത്തെ ആവശ്യമുള്ളവർ ബോധപൂരവം സ്പോൺസർ ചെയ്യുന്നതാണു ഇത്തരം ക്വട്ടേഷൻ സംസ്കാരങ്ങൾ എന്നത് നാം സമചിത്തതയോടെ തിരിച്ചറിയാൻ വൈകുന്ന യാഥർത്ഥ്യങ്ങളാണു.കണ്മുമ്പിൽ അനീതി കണ്ടാലും ചോദ്യം ചെയ്യാൻ സാധിക്കാത്തത്ര സാമൂഹിക അസുരക്ഷിതത്വം നമ്മിൽ അടിച്ചേല്പ്പിച്ചതിന്റെ പൻൿ ആരൊക്കെയോ പറ്റിക്കൊണ്ടിരിക്കുന്നുണ്ട്.
പോക്കറ്റ് മണിയ്ക്കായി ട്യൂഷനും, പാർട്ടൈം ജോലികൾക്കും, ഔട്ട് ഡോർ കാറ്ററിംഗിനും ഒക്കെ പോയിരുന്ന കോളേജ് വിദ്യാർത്ഥികളുടെ കഥകൾ ഇന്നു പഴൻകഥകളോ ഔട്ട് ഒഫ് ഫാഷനോ അണു. പുതു പുത്തൻ കാറുകളിൽ ആഡംബര മൊബൈലുകളുമായി ജീവിതം അടിച്ചുപൊളിക്കാൻ ഇറങ്ങിയ യുവാക്കൾക്കു ഇന്ന് അര മണിക്കൂർ “അധ്വാനിച്ചാൽ” ആയിരങ്ങൾ കീശയിലൊതുങ്ങും.സ്വന്തം ഗ്യാംഗ് വിട്ടാൽ പൻച പാവങ്ങളാകുന്ന ഇവർ സൈബർ യുഗത്തിലെ ഹൈടെക്ക് റൌഡികളാണു. സംഘങ്ങളെ ക്ലയന്റുകളുമായി ബന്ധിപ്പിക്കുന്നതിനായി കാമ്പസുകളിൽ തന്നെ എജന്റുമാരുമുണ്ടത്രേ! ക്വട്ടേഷനുകൾ മാർക്കറ്റു ചെയ്യുന്നതിലൂടെ ഇവർ താരതമയേന സുരക്ഷിതമായി സമ്പാദിക്കുന്ന ഇടത്തട്ടുകാരാണു.
                                           
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും കേരളത്തിലെ യുവജന പ്രസ്ഥാനക്കാരും, സാംസ്കാരിക പ്രവർത്തകരും എതൊക്കെയോ മാളങ്ങളിൽ സുരക്ഷിതരായി ഒളിച്ചിരിക്കുകയാണു.ക്വട്ടേഷനെ പേടിച്ചിട്ടാണോ ആവോ? വാഹനം ഒവർടേക്കു ചെയ്തതിലെ അപാകതയെ ചോദ്യം ചെയ്തവനെ മണിക്കൂറുകൾക്കകം ക്വട്ടേഷൻ സംഘത്തെ വിട്ട് പാഠം പഠിപ്പിച്ച വാർത്ത നിസ്സംഗതയോടെ വായിച്ചു ചായ മൊത്തിക്കുടിക്കുന്ന മലയാളി, ഇതൊക്കെ തനിക്കും തന്റെ കുടുംബത്തിനും വന്നു ഭവിക്കുമ്പോഴാണു ആകുലതയുടെ സട കുടയുന്നത്...സ്വന്തം സ്വകാര്യതകളിലേക്കു ഒതുങ്ങിക്കൂടുന്ന ഒരു സമൂഹത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പരിണതിയാണോ ഇത്? ഇവരെ നിയന്ത്രിച്ചു നിർത്തേണ്ട ക്രമ സമാധാനത്തിന്റെ ധ്വജവാഹകരാണു ഇവരെ വെച്ചു പൊറുപ്പിക്കുന്നതെന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോഴും, ദോഷൈക ദ്യക്കുകളുടെ അതി ഭാവനയായോ, അമിതവർണ്ണനയായോ അവയെ വ്യാഖ്യാനിച്ചു. ഡി.വൈ.എസ്.പി മാരും സർക്കിൾ ഇൻസ്പെക്ടർമാരുമടക്കമുള്ള പല ഉദ്യോഗസ്ഥരും ഇത്തരം ക്വട്ടേഷൻ മാഫിയകളുടേ കൂടി പരിപാലകരാണു എന്ന തിരിച്ചറിവ് നമ്മെ പേടിപ്പെടുത്തേണ്ടതുണ്ട്.പ്രതികരിക്കേണ്ട യുവത്വം സൈബർ കഫേകളിലെ അരണ്ട വെളിച്ചത്തിലും, ലാപ്ടോപുകളുടെ സ്ക്രീനിനു മുമ്പിലിമായി ചാറ്റിംഗിന്റെ ആലസ്യ സ്വപ്നങ്ങളിലാണു.ഫേസ് ബുക്കും മറ്റു സോഷ്യൽ നെറ്റ്വർക്കുകളും സമൂഹത്തിലെ നല്ലൊരു ഭാഗം ചെറുപ്പക്കാരെ യുവത്വത്തിന്റെ ചടുലതകളിൽ നിന്നും, സ്വാഭാവിക നീതി ബോധത്തിന്റെയും പ്രതികരണത്തിന്റെയും വിപ്ളവ പാഥേയങ്ങളിൽ നിന്നും വഴിതിരിച്ച് വിടുന്നുണ്ട്.സാമൂഹ്യ ബോധത്തിന്റെ ചിന്താവിപ്ളവത്തിൽ നിന്നും ഒരു യുവതയെ ബോധപൂരവമായി വഴിതിരിച്ചുവിടാനുള്ള ഗൂഡവും ആസൂത്രിതവുമായ നീക്കങ്ങളാണോ ഐ.ടി എന്ന ശീതള നാമധേയത്തിൽ വ്യാപിക്കുന്ന തൊഴിൽ സംസ്കാരത്തിന്റെ മറവിൽ വിപണനം നടത്തപ്പെടുന്നത് എന്നു കൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു.ഒരു ഭാഗത്ത് ഇങ്ങനെ യുവാക്കൾ അവർ സ്വയം തീർക്കുന്ന പുറന്തോടുകൾക്കുള്ളിൽ ചുരുണ്ട് കൂടുന്നു; സാമൂഹ്യ ബാധ്യതകളുടെ വെയിലേല്ക്കാതെ, പ്രതികരണത്തിന്റേയും പ്രവർത്തനക്ഷമതയുടേയും കാറും കോളും അറിയാതെ സൈബർ ലോകത്തെ മാനേജ്മെന്റ് സ്ട്രാറ്റജികളിൽ ഞെരുഞ്ഞമരുന്നു...
                             
കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ക്വട്ടേഷൻ സംഘങ്ങളുടെ അക്രമങ്ങൾക്കും കൊലക്കത്തികൾക്കും ഇരയാകേണ്ടിവന്നവരുടെ കണക്കെടുത്താൽ വളരെ നിസാരമായ കാരണങ്ങളായിരുന്നു ഇവരിലധികവും കിരാതമായി അക്രമിക്കപ്പെടനുണ്ടായത് എന്ന് കാണാൻ സാധിക്കും.ഗൌരവത്തോടെ പൊതു സമൂഹം ആലോചിക്കുകയും, അവലോകനം ചെയ്യുകയും ചെയ്യേണ്ട ഒരു ട്രെൻഡാണു ഇതിന്റെ പിന്നിൽ വളർന്നു വരുന്നത്.പൌര ബോധത്തേയും സ്വാഭാവിക നീതിയേയും നോക്കുകുത്തിയാക്കുന്ന ഈ പണാധിപത്യ കൈയ്യേറ്റങ്ങൾക്കെതിരേ ഒരു സാമൂഹ്യ ശാക്തീകരണം അത്യന്തം അനിവാര്യമായിരിക്കുന്നു. മാധ്യമങ്ങളും, യുവജന, സാംസ്കാരിക, നവോത്ഥാന പ്രസ്ഥാനങ്ങളും, അധികാര കേന്ദ്രങ്ങളും, ക്രമസമാധാന പാലകരും യോജിച്ചുള്ള മുന്നേറ്റങ്ങൾക്കു മാത്രമേ ഇത്തരം അധോലോകസമാന സംഘങ്ങളുടെ അതിക്രമങ്ങൾക്ക് എതിരേ പ്രായോഗിക പ്രതിരോധത്തിന്റെ കരുത്തുറ്റ മതില്ക്കെട്ടുകൾ തീർക്കാൻ സാധിക്കൂ.പ്രതികരിക്കാനുള്ള അവകാശമാണു പൌരാവകാശത്തിന്റെ ഒന്നാം ചവിട്ടുപടി എന്നത് നാം തിരിച്ചറിയാതിരുന്നുകൂടാ. മനുഷ്യന്റെ സഹജവാസനയായ പ്രതികരണ ശേഷിയെ പ്രഹരിച്ച് തളർത്തിക്കിടത്താൻ ശ്രമിക്കുന്ന സംഘടിത ഗൂഡ ശക്തികൾക്കെതിരിൽ വിപ്ളവജ്വാലയാകുവാൻ യോജിച്ച മുന്നേറ്റങ്ങൾ മുന്നോട്ട് വരട്ടെ....   
                                                                                                                                    msshaiju@yahoo.co.in







1 comment:

  1. ക്യാന്‍സര്‍ എന്ന മഹാ ഭീകര രോഗം ഒരു പാട് മനുഷ്യരെ കാര്‍ന്നു തിന്നുന്നു .ഈ ക്വോട്ടേഷന്‍ സംസ്കാരം ഭീകര മായ മറ്റൊരു
    മഹാ ഭീകര കാന്‍സര്‍ തന്നെ .ഇതിനു എതിരെ പ്രതികരിക്കേണ്ടത് മുസ്ലിം എന്ന നിലക്ക് നിര്‍ബന്ധമാണ്‌ , തൗഹീദിന്റെ താല്‍പ്പര്യമാണ് ,
    ബോധവല്‍ക്കരണം അഭംഗുരം തുടരണം .എല്ലാ മനുഷ്യര്‍ക്കും സ്വസ്ഥമായി അന്തിയുറങ്ങാന്‍ സാഹചര്യം ഉണ്ടാവണം .പ്രിയ എം.എസ് നു
    അഭിനന്ദനങ്ങള്‍ !!!

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....