Apr 28, 2014

പിണറായിയും സുധീരൻ സാറും പിന്നെ ദേവി സാന്നിധ്യവും


തിരുവിതാംകൂറിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൽ പണ്ടൊരിക്കൽ ദേവീ സാന്നിധ്യമില്ലാതെയായിയെന്നൊരു ചരിത്രമുണ്ട്.  ഇതത്ര വലിയ കാര്യമാണോയെന്ന് ചിന്തിക്കാൻ വരട്ടെ. അങ്ങനെയിങ്ങനെയുള്ള നിസാര ക്ഷേത്രമൊന്നുമല്ലിത്. ചരിത്രാതീതകാലം മുതൽ തന്നെ പേരും പെരുമയുമുള്ള ക്ഷേത്രമാണെന്നാണ്, ഏറ്റവും കുറഞ്ഞത് ക്ഷേത്രക്കമ്മിറ്റിക്കാരെങ്കിലും വിശ്വസിക്കുന്നത്. ആണും പെണ്ണുമടങ്ങുന്ന പതിനായിരക്കണക്കിന് ഭക്തർ വീടും കുടിയുമടച്ചും, കോഴി നാൽകാലിയാദികളെ പട്ടിണിക്കിട്ടും കുഞ്ഞു കുട്ടി പരാധീനങ്ങങ്ങളെ കൂടെക്കൂട്ടിയും അയൽക്കാരെന്ന അണുബോംബ് ഭീഷണിയെ അല്പം ആധിയോടെയെങ്കിലും ത്യണവൽഗണിച്ചും ദിവസങ്ങളോളം ഭജനമിരിക്കാൻ കൊല്ലാ കൊല്ലങ്ങളിൽ നേർച്ച നേർന്ന് പൊയ്ക്കൊണ്ടിരുന്ന സ്ഥലമാണിത്. ഇവിടെയാണ് ദേവീ സാന്നിധ്യമില്ലാതെയായിരിക്കുന്നത്. ദേവി കാണിച്ചത് ഒരു മാതിരി പന്നപ്പണിയായിപ്പോയെന്നാണ് ഭക്ത വിരുദ്ധർ പ്രചരിപ്പിച്ചത്. ഇത്രയും നാൾ വിശ്വസിച്ച് കൂടെക്കൂടിയവരോട് ഒരുവാക്ക്പോലും ഉരിയാടാതെ പൊയ്ക്കളഞ്ഞത് അത്ര ശരിയായില്ലെന്നും തങ്ങളുടെ ദേവൻ ഒരിക്കലും അത്തരക്കാരനല്ലെന്നും അതു കൊണ്ട് കുറച്ച് ഭക്തർക്ക് മാത്രം വേണമെങ്കിൽ തങ്ങളുടെ ക്ഷേത്രത്തിൽ അവസരം നൽകാമെന്നും സമീപത്തെ ദേവ ക്ഷേത്രത്തിൽ നിന്നും ചില ഓഫറുകളുമുണ്ടായത്രേ. ദേവീ ദേവ വടം വലിയിൽ ഭക്തകുചേലന്മാരൊക്കെ കൺഫ്യൂഷനിലായെന്നാണ് ജന സംസാരം.

ദേവീ സാന്നിധ്യം ഇല്ലാതെയായെന്ന് കാര്യപ്പെട്ടവർക്ക് എങ്ങനെ ബോധ്യമായെന്നാണ് ചിലരുടെ സംശയം. അതിനാണൊ ഇത്ര പ്രയാസം? ചിറ്റൂർ നമ്പൂതിരിപ്പാട് പണ്ട് പറഞ്ഞത് ഭർത്താവിന്റെ ബാങ്ക് ബാലൻസ് മനസിലാക്കാൻ ഭാര്യയുടെ ഭൂമധ്യ രേഖയുടെ ചുറ്റളവ് അളന്ന് നോക്കിയാൽ മതിയന്നത്രേ. അങ്ങനെയെങ്കിൽ ക്ഷേത്രങ്ങളിലേയും ദർഗ്ഗാ ശരീഫുകളുടേയും സിദ്ധനൗലിയാ ആദിയായവരുടെയും ഭണ്ഡാരം മാസാമാസം തുറന്ന് എണ്ണിയാൽ അവിടങ്ങളിലെ സിദ്ധ, ദേവീ സാന്നിധ്യത്തിന്റേയും ചൈതന്യത്തിന്റേയുംഏകദേശ കണക്ക് ലഭിക്കും.
ആയിടയ്ക്ക് തന്നെ മറ്റൊരു അത്ഭുതം കൂടി സംഭവിച്ചു. കൊടുങ്ങല്ലൂരിൽ ആദ്യത്തെ മുസ്ലിം ആരാധനാലയമുണ്ടായതിൽപ്പിന്നെ രണ്ടാമതായുണ്ടായതെന്ന് കമ്മറ്റിക്കാർ വിശ്വസിക്കുന്ന (വിശ്വാസം കമ്മിറ്റിക്കാരുടേത് മാത്രം) ഒരു പള്ളി പ്രസ്തുത ക്ഷേത്രത്തിനടുത്ത് തന്നെ തലയുയർത്തി നിൽക്കുന്നുണ്ട്. പള്ളി കൊണ്ട് മാത്രം പള്ള വീർക്കാത്തവർക്കായാണ് അവിടുത്തെ ദർഗ്ഗയെന്നും; അല്ല ദർഗ്ഗയുള്ളത് കൊണ്ടാണ് പള്ളി തന്നെയുള്ളതെന്നുമാണ് ഭിന്നങ്ങളായ ഭക്താഭിപ്രായങ്ങളിൽ ചിലത്. അഭിപ്രായങ്ങളൊക്കെ എന്തു തന്നെയായാലും നാട്ടുകാരായ മുസ്ലിംകളെയൊക്കെ കള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും സംരക്ഷിച്ച് പോകുന്നത് ദർഗ്ഗയിലെ ഉപ്പൂപ്പയാണെന്നും ഹിന്ദുക്കളെ സംരക്ഷിക്കാനായി തത്കാലം ദേവിയുള്ളത് കൊണ്ട് മാത്രമാണ് അദ്ദേഹം ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്തതെന്നും അല്ലെങ്കിൽ ആള് ശുദ്ധ മതേതരവാദിയാണെന്നുമാണ് ഉപ്പൂപ്പാ മാഹാത്മ്യത്തിലുള്ളതായി കേൾക്കുന്നത്. അരിയക്കുടി, ശെമ്മാങ്കുടി, കാരൈക്കുടി തുടങ്ങിയ ശാസ്ത്രീയ സംഗീതത്തിലെ അതികായന്മാരാണോ അതോ മൈക്കിൾ ജാക്സൺ, ജോൺസ്, അപ്പാച്ചി തുടങ്ങിയ വെസ്റ്റേൺ പുലികളുടെ ചവിട്ട് സംഗീതമാണോ മികച്ചത് എന്ന തർക്കം  പോലെയാണ് ഉപ്പുപ്പാ, ദേവീ മഹാത്മ്യങ്ങൾ. എല്ലാം ഒന്നിനൊന്ന് മികച്ചത്.  കഴിഞ്ഞ പരശതം കൊല്ലങ്ങളായി നല്ലസാന്നിധ്യത്തോടും ചൈതന്യത്തോടുംകഴിഞ്ഞു വന്ന ദർഗ്ഗയിലും ഏതാനും മാസങ്ങളായി ചൈതന്യം കുറവാണെന്നാണ് കമ്മിറ്റിക്കാരുടെ കണ്ടെത്തൽ. മാത്രമല്ല തീക്കട്ടയിൽ ഉറുമ്പരിച്ചത് പോലെ മറ്റൊരു വലിയ വിപത്തും പിണഞ്ഞു. ദർഗ്ഗസ്പെഷ്യൽ കാണിക്ക വഞ്ചിയുടെ പൂട്ടിന്റെ ഹ്യദയ ഭാഗത്ത് ബൈപാസ് സർജറി നടത്തി ഏതോ കശ്മലതസ്കരന്മാർ അതിനുള്ളിലെ സാന്നിധ്യവും ചൈതന്യവുംവടിച്ച് വാരിക്കൊണ്ട്പൊയ്ക്കളഞ്ഞു. ഉപ്പുപ്പയുടെ സാന്നിധ്യമവിടെയില്ലെന്ന് ഭക്തർ ഉറപ്പിച്ചു. ഉപ്പൂപ്പയും ദേവിയും ഒരേ സമയത്ത് അപ്രത്യക്ഷമായത് മതമൈത്രിയുടെ ലക്ഷണമായും ഉറപ്പിച്ചു. ഇനിയാണ് കാര്യത്തിന്റെ മർമ്മം. ലക്ഷണം നോക്കൽ ഒന്നിച്ചാകാമെന്ന് രണ്ട് കമ്മിറ്റിക്കാരും തീരുമാനമെടുത്തു. ഒടുവിൽ കണ്ടെത്തിയത്, രണ്ട് പേരും അലഞ്ഞ് തിരിഞ്ഞ് കന്യാകുമാരി ബീച്ചിലുണ്ടെന്നും വേഗം പോയാൽ കൂട്ടിക്കൊണ്ട് വരാമെന്നുമാണത്രേ.

വിരുദ്ധൻ ഇത്രയും പുരാണ കഥനം നടത്തിയതിന്റെ കാരണമെന്തന്നല്ലേ? ഒരു സിദ്ധനും ദേവിയും ഇവിടെ അലഞ്ഞ് തിരിയാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് മൂന്നാഴ്ചയായി; ശരിക്ക് പറഞ്ഞാൽ രണ്ടാം ഘട്ട പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ. രണ്ട് പേരുടേയും ഭണ്ഡാരങ്ങളിലെ ചൈതന്യത്തെക്കുറിച്ചാണ് ഇരുവർക്കും ആധിയും ആശങ്കയും. കഴിഞ്ഞ് കാലങ്ങളിൽ കൂടെയുണ്ടായിരുന്ന ഭക്തജനങ്ങൾ കൂടെയുണ്ടോയെന്നതാണ് ഇരുവരുടേയും ആശങ്ക. പിണറായി ദേശത്തെ ശക്തി സ്വരൂപമായ ഒരു ഔലിയക്കും കെ പി സി സി ഓഫീസിനെ പ്രതിഷ്ഠാസ്ഥാനമായി സ്വീകരിച്ച മാതാ സുധീര ദേവിക്കുമാണ് വയട്ടിൽ ഉരുണ്ടു കയറ്റം തുടങ്ങിയിട്ടുള്ളത്. കേരളത്തിൽ പതിനഞ്ച് സീറ്റിലും തന്റെ ഭക്ത ശിങ്കിടികൾ തന്നെ തൂത്തുവാരുമെന്ന്  ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും തന്റെ ഭണ്ഡാരത്തിൽ തന്നെ ഒരു തൂത്തുവാരൽ നടന്നിട്ടുണ്ടോയെന്നാണ്  സുധീരദേവിയുടെ ആശങ്ക. ചില കമ്മിറ്റിക്കാരുടെ മുഖലക്ഷണം ദേവിക്ക് തീരെ പിടിക്കുന്നില്ല. കമ്മിറ്റിക്കാരിലെ ചില ലലനാ മണികൾ അല്പം പിശക് സ്വഭാവത്തിലുമാണ്. കമ്മിറ്റിക്കാരില്ലെങ്കിൽ പിന്നെന്തു പ്രതിഷ്ഠ. ഇതാലോചിക്കുന്നത് കൊണ്ട് മാത്രമാണ് കടും ക്രിയകൾക്കൊന്നും തത്കാലം മുതിരാത്തത്. റിസൾട്ടൊന്നറിയാനായി കാത്തിരിക്കുകയാണ് ഭക്ത ജനവും എന്നിട്ട് വേണം ദേവിയുടെ ശക്തിയൊന്നറിയാൻ.
ഔലിയയുടെ കാര്യവും വ്യത്യസ്തമല്ല. ഇരുപതിൽ പതിനെട്ട് സീറ്റ് തന്റെ ഭക്തന്മാർ അടിച്ചെടുത്തിരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. അപ്പൊ ചെറിയോരു സംശയം. പതിനഞ്ചും പതിനെട്ടും ചേർന്നാൽ എത്രയാ? വിരുദ്ധന്റെ കണക്കിൽ മുപ്പത്തി മൂന്നാണ്. അങ്ങനെയെങ്കിൽ ബാക്കി വരുന്ന പതിമൂന്ന് പേരെ എവിടെക്കൊണ്ട് ഇരുത്തും. കേരളത്തിൽ നിന്ന് വരുന്ന ഭക്തശിരോമണീകൾക്കായി ആകെ ഇരുപത് കസാലയേ അങ്ങ് ഡൽഹിയിൽ തയ്യാറാക്കിയിട്ടുള്ളൂ. ബാക്കി വരുന്നവരെ ത്യശങ്കുവിൽ ഇരുത്തുമായിരിക്കും. അല്ലെങ്കിൽ ഇവരെ കണക്ക് പഠിപ്പിച്ചത് പാട്ട് സാറായിരിക്കും. പക്ഷേ ഭാഷ പഠിപ്പിച്ചത് പിസി വാധ്യാരാകാതിരുന്നാൽ മതിയായിരുന്നു. എന്തായാലും വോട്ടെണ്ണിക്കഴിയുമ്പോഴും ഇവരൊക്കെ ഇവിടങ്ങളിൽ തന്നെ കാണുമല്ലോ. അപ്പോൾ ചോദിക്കാം, കണക്കിന്റെ ഗുട്ടൻസെന്തായിരുന്നുവെന്ന്. കാര്യങ്ങളൊക്കെ ഇങ്ങനെയെങ്കിൽ റിസൾട്ട് വരുമ്പോൾ ഔലിയയെയും ദേവിയേയും തിരക്കി കന്യാകുമാരിയിൽ പോകേണ്ടിവരുമോ ആവോ?


3 comments:

  1. പൊളിറ്റിക്സ് എന്നാല്‍ പൊളി ട്രിക്സ് എന്നാണല്ലോ :)

    ReplyDelete
  2. പൊളിട്രിക്സ്..

    ReplyDelete
  3. രാഷ്‌ട്രീയം = കക്ഷിരാഷ്ട്രീയം ..... അതിപ്പോ ഇങ്ങനെയായി

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....